UPDATES

ഹര്‍ത്താല്‍; സഹകരിക്കുക, പ്രകോപിപ്പിക്കരുതെന്ന് ദളിത് സംഘടനകള്‍, വ്യാപക അക്രമങ്ങള്‍ക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്

ബസുകള്‍ നിരത്തിലിറങ്ങിയാല്‍ കത്തിക്കുമെന്ന് എം. ഗീതാനന്ദന്‍

തിങ്കളാഴ്ചത്തെ ഹര്‍ത്താലില്‍ ബസ് നിരത്തിലിറങ്ങിയാല്‍ അടിച്ചുതകര്‍ക്കുമെന്നും കത്തിക്കുമെന്നും ദളിത് നേതാക്കള്‍. സംസ്ഥാന ചരിത്രത്തിലാദ്യമായി നാളെ ആഹ്വാനം ചെയ്തിട്ടുള്ള ദളിത് ഹര്‍ത്താലില്‍ ദളിതരെ വെല്ലുവിളിച്ച് സര്‍വീസ് നടത്തിയാല്‍ കത്തിക്കുമെന്ന് ആദിവാസി ഗോത്രമഹാസഭ കോര്‍ഡിനേറ്റര്‍ ഗീതാനന്ദന്‍ പറഞ്ഞു. എന്നാല്‍ ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന ഉറച്ച നിലപാടിലാണ് സ്വകാര്യ ബസുടമകളും വ്യാപാരി വ്യവസായി സംഘടനകളും. ഇതോടെ ഹര്‍ത്താല്‍ സംഘര്‍ഷഭരിതമാവാനുള്ള സാധ്യതയാണുള്ളത്. ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ വ്യാപക അക്രമങ്ങള്‍ക്ക് സാധ്യതയുള്ളതായി ഇന്റലിജന്റ്‌സ് വിഭാഗം റിപ്പോര്‍ട്ടും നല്‍കിയിരുന്നു.

പട്ടികജാതിവര്‍ഗ പീഡന നിരോധന നിയമത്തില്‍ ഭേദഗതി വരുത്തിയ സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച് ഏപ്രില്‍ രണ്ടിന് ദളിത് സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന ഭാരത് ബന്ദിനിടെ നടന്ന സംഘര്‍ഷങ്ങളിലും കൊലപാതകങ്ങളിലും പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. ബന്ദിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളില്‍ വിവിധ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലായി 12 പേര്‍ കൊല്ലപ്പെട്ടിരുന്നു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം തുടങ്ങിയ അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് സ്വകാര്യ ബസുടമകള്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു. ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ യോഗത്തിലും ഹര്‍ത്താലില്‍ പങ്കെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും ഹര്‍ത്താലില്‍ സഹകരിക്കില്ലെന്ന നിലപാടിലാണ്. കടകള്‍ എല്ലാം തുറന്ന് പ്രവര്‍ത്തിക്കുമെന്ന് സമിതി ഭാരവാഹികള്‍ അറിയിച്ചു. കെഎസ്ആ ര്‍ടിസിയും സര്‍വീസ് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. സാധാരണ നിലയില്‍ സര്‍വീസ് നടത്താന്‍ എല്ലാ ജീവനക്കാരും ജോലിക്കെത്തണമെന്ന് കെഎസ്ആര്‍ടിസി എംഡി നിര്‍ദ്ദേശം നല്‍കി. ക്രമസമാധാന പ്രശ്‌നമുണ്ടായാല്‍ പോലീസ് സംരക്ഷണം തേടാനും നിര്‍ദ്ദേശമുണ്ട്.

ഹര്‍ത്താല്‍ നടത്തുന്ന ദളിത് സംഘടനകളെ വെല്ലുവിളിച്ച് ബസുകള്‍ സര്‍വീസ് നടത്തിയാല്‍ ആക്രമിക്കുമെന്ന് ബിഎസ്പി സ്റ്റുഡന്റ്‌സ് മൂവ്‌മെന്റ് പ്രവര്‍ത്തകരും മുന്നറിയിപ്പ് നല്‍കി. ശനിയാഴ്ച ഹര്‍ത്താല്‍ അനുകൂല പ്രകടനം നടത്തുകയും പോസ്റ്റര്‍ പതിക്കുകയും ചെയ്ത ബിഎസ്പി സ്റ്റുഡന്റ്‌സ് മൂവ്‌മെന്റ് പ്രവര്‍ത്തകരെ എറണാകുളത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പൊതുഗതാഗതം തടസ്സപ്പെടുത്തിയതിന് കേസെടുത്ത് പ്രവര്‍ത്തകരെ പിന്നീട് വിട്ടയച്ചു. ബസ് കത്തിക്കുന്നതുള്‍പ്പെടെയുള്ള സാഹചര്യങ്ങളിലേക്ക് കാര്യങ്ങള്‍ എത്തിക്കരുതെന്ന് ഗീതാനന്ദന്‍ പറയുന്നു.’ രാഷ്ട്രീയപാര്‍ട്ടികളുടെ ഹര്‍ത്താലിനെതിരെ ബസ് മുതലാളികള്‍ ഇത്തരത്തിലുള്ള വെല്ലുവിളികള്‍ നടത്താറില്ല. ഹര്‍ത്താലിനെ പരാജയപ്പെടുത്തുമെന്ന ബസ് ഉടമകളുടെ പ്രസ്താവന ജനങ്ങള്‍ തള്ളിക്കളയും. ദളിത് സംഘടനകളുടെ ശക്തിയെ വെല്ലുവിളിക്കുന്നത് ആര്‍ക്കും ഗുണകരമാവില്ല.’

ഉള്ളില്‍ ജാതിബോധം പേറുന്ന മലയാളി നാളത്തെ ദളിത്-ആദിവാസി ഹര്‍ത്താല്‍ വിജയിപ്പിക്കുമോ?

30 ആദിവാസി, ദളിത്,ബഹുജന സംഘടനകളാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. ദളിത് ബന്ദിനോടനുബന്ധിച്ച് നടന്ന കൊലപാതകങ്ങളില്‍ ഹൈക്കോടതി സിറ്റിംഗ്് ജഡ്ജിയെക്കൊണ്ട് അന്വേഷിച്ച് കുറ്റവാളികള്‍ക്കെതിരെ കൊലപാതകക്കുറ്റത്തിന് കേസെടുക്കുക, കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അമ്പത് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുക, പട്ടികവര്‍ഗ നിയമം പൂര്‍വസ്ഥിതിയിലാക്കുവാന്‍ സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഹര്‍ത്താല്‍.

ഇതിനിടെ ഹര്‍ത്താലില്‍ വ്യപക അതിക്രമങ്ങള്‍ക്ക് സാധ്യതയുള്ളതായി സംസ്ഥാന ഇന്റലിന്റ്‌സ് വിഭാഗം റിപ്പോര്‍ട്ട് നല്‍കി. മതതീവ്രവാദികള്‍ ഹര്‍ത്താലിനെ ഹൈജാക്ക് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. കനത്ത സുരക്ഷയൊരുക്കണമെന്നും, ഹര്‍ത്താല്‍ നേരിടാന്‍ കൂടുതല്‍ പോലീസിനെ വിന്യസിക്കണമെന്നും ഡിജിപിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍