UPDATES

കൈക്കുഞ്ഞുമായി തൊവരിമലയില്‍ നിന്നോടേണ്ടി വന്ന അമ്മമാരോട് സര്‍ക്കാരിന് എന്താണ് പറയാനുള്ളത്? അവരിനി എങ്ങോട്ടു പോകും?

കുടുംബങ്ങള്‍ താമസിച്ചിരുന്നയിടങ്ങളില്‍ ചെന്ന പോലീസ് ആദിവാസി സ്ത്രീകളെ അടക്കം മര്‍ദ്ദിക്കുകയും ഭയന്ന് പലരും പലവഴിക്ക് ചിതറിയോടുകയുമായിരുന്നു എന്ന് സമരക്കാര്‍ പറയുന്നു

“ഒരിറ്റ് വെള്ളം കിട്ടാനില്ലേരുന്നു. കുട്ടിനേം എടുത്തുകൊണ്ട് ഓടി. കുറേ ഓടി വയലിലെത്തി ഇരുന്ന്”, കൈക്കുഞ്ഞുമായി തൊവരിമലയിലെത്തിയ മുലയൂട്ടുന്ന ഒരമ്മയുടെ വാക്കുകളാണിത്. സ്വന്തമായി ഭൂമി കിടപ്പാടമോ ഇല്ലാതിരുന്ന ഈ അമ്മ കുഞ്ഞിനേയും എടുത്തുകൊണ്ട് സ്വന്തമായി ഭൂമി എന്ന സ്വപ്‌നത്തിലേക്കാണ് നടന്നു കയറിയത്. എന്നാല്‍ രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ അവിടെ നിന്ന് അവരെയടക്കം ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളെത്തി. രാവിലെ പോലീസെത്തുമ്പോള്‍ കുഞ്ഞ് ഉറക്കമുണര്‍ന്നിരുന്നില്ല. പോലീസിന് പിടി നല്‍കാതിരിക്കാന്‍ കുഞ്ഞിനെയും വാരിയെടുത്ത് ഈ അമ്മ ഓടി. പലവഴിയേ ഓടി, പലയിടത്തും ഒളിച്ചിരുന്നു. ഒടുക്കം തൊവരിമലയുടെ താഴ്‌വാരത്ത് അമ്പുകുത്തിയിലെ വയലില്‍ എത്തിയ കൂട്ടത്തിനൊപ്പം അവരും എത്തിച്ചേര്‍ന്നു. വെള്ളവും ഭക്ഷണവുമില്ലാതെ വൈകിട്ട് മൂന്ന് മണി വരെ അവിടെയിരുന്നു. വയറ് കാഞ്ഞ്, തൊണ്ടവരണ്ട്, കുഞ്ഞിനുള്ള മുലപ്പാല്‍ പോലും വറ്റിപ്പോയെന്ന് ഈ അമ്മ പറയുന്നു. ഇപ്പോള്‍ അവര്‍ വയനാട് കളക്ട്രേറ്റ് പടിക്കലുണ്ട്. നിയമങ്ങള്‍ പറയുന്ന സര്‍ക്കാര്‍ ഈ അമ്മയെ എങ്കിലും കേള്‍ക്കണമെന്ന് ഭൂസമരസമിതി പറയുന്നു. കുഞ്ഞിനെയുമെടുത്ത് തൊവരിമലയിലെ ഭൂമിയില്‍ എത്തിയ അവരുടെ നിസ്സഹായാവസ്ഥ സര്‍ക്കാര്‍ അറിയണമെന്നും സമരസമിതിപ്രവര്‍ത്തകര്‍ ആവര്‍ത്തിക്കുന്നു.

തൊവരിമലയിലെ 104 ഹെക്ടര്‍ ഭൂമി ഭൂരഹിതരുടെ പ്രതീക്ഷയായിരുന്നു. 1970ല്‍ അച്യുതമേനോന്‍ സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തി ഹാരിസണ്‍ മലയാളത്തില്‍ നിന്ന് പിടിച്ചെടുത്ത ഭൂമി ഭൂരഹിതര്‍ക്കായി സര്‍ക്കാര്‍ നല്‍കുമെന്നായിരുന്നു ഇവരുടെ പ്രതീക്ഷ. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് സിപിഎം കൊടികുത്തി റിലേ സമരം നടത്തിയത് ഈ ഭൂമിയിലാണ്. 22 ദിവസത്തെ സമരം അവസാനിച്ചത് ഭൂമി വിതരണം ചെയ്യാനുള്ള നടപടികള്‍ ഉണ്ടാവുമെന്ന ഉറപ്പിന്‍മേലാണ്. പിന്നീട് പിണറായി സര്‍ക്കാര്‍ അധികാരത്തിലേറെയപ്പോള്‍ ഈ ഭൂമി വിതരണം ചെയ്യുമെന്നായിരുന്നു ഇവരുടെ കണക്കുകൂട്ടല്‍. എന്നാല്‍ അതുണ്ടായില്ല. ഒരിക്കല്‍ സര്‍ക്കാര്‍ പിടിച്ചെടുത്ത ഭൂമി വീണ്ടും ഹാരിസണ് തന്നെ പതിച്ച് നല്‍കാനുള്ള ഗൂഢനീക്കങ്ങള്‍ നടക്കുന്നുണ്ടെന്ന വിവരം പരന്നതോടെ ഇനി കാത്തിരിക്കേണ്ട എന്ന തീരുമാനത്തില്‍ ഭൂസമരസമിതി എത്തുകയായിരുന്നു. വിവിധയിടങ്ങളിലായി ഭൂരഹിതരായവരുടെ കണ്‍വന്‍ഷനുകള്‍ നടത്തിക്കൊണ്ട് മാസങ്ങളുടെ തയ്യാറെടുപ്പിനിടൊവിലാണ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ കൊട്ടിക്കലാശ ദിവസമായിരുന്ന ഏപ്രില്‍ 21ന് ആയിരത്തോളമാളുകള്‍ സംഘടിച്ച് തൊവരിമലയിലെ വനഭൂമിയിലേക്ക് പ്രവേശിച്ചത്. കുടില്‍ കെട്ടി സമരവും ആരംഭിച്ചു. അധികൃതര്‍ പോലുമറിയാതെയായിരുന്നു ഭൂമിയിലേക്കുള്ള പ്രവേശനം. വിവരമറിഞ്ഞെത്തിയ അധികൃതര്‍ സമരക്കാരുമായി സംസാരിച്ച് അവരെ അനുനയിപ്പിച്ച് മടക്കി അയക്കാന്‍ ശ്രമിച്ചിരുന്നു എങ്കിലും നടന്നില്ല. വീട് വയ്ക്കാനിടമൊഴിച്ചാല്‍ ബാക്കി ഭൂമി കൃഷി ചെയ്യാമെന്നായിരുന്നു ഭൂസമരസമിതി കണക്കുകൂട്ടിയിരുന്നത്. എന്നാല്‍ ഇന്നലെ രാവിലെ എട്ട് മണിയോടെ തൊവരിമലയില്‍ എത്തിയ പോലീസും വനംവകുപ്പും ചേര്‍ന്ന് മുഴുവന്‍ കുടുംബങ്ങളേയും അവിടെ നിന്ന് ഒഴിപ്പിച്ചു. നേതാക്കളെ ചര്‍ച്ചയ്‌ക്കെന്ന പേരില്‍ തെറ്റിദ്ധരിപ്പിച്ചാണ് കൂട്ടിക്കൊണ്ട് പോയതെന്ന് സമരസമിതി പ്രവര്‍ത്തകര്‍ പറയുന്നു. സമരത്തിന് നേതൃത്വം നല്‍കിയ കുഞ്ഞിക്കണാരന്‍ ഉള്‍പ്പെടെയുള്ള അഞ്ച് നേതാക്കളെ പോലീസും വനംവകുപ്പും കൂട്ടിക്കൊണ്ട് പോവുകയും ഇവര്‍ക്കെതിരെ കേസ് ചാര്‍ജ് ചെയ്യുകയും ചെയ്തു. വന സംരക്ഷണ നിയമപ്രകാരമാണ് കേസ്.

കുടുംബങ്ങള്‍ താമസിച്ചിരുന്നയിടങ്ങളില്‍ ചെന്ന പോലീസ് ആദിവാസി സ്ത്രീകളെ അടക്കം മര്‍ദ്ദിക്കുകയും ഭയന്ന് പലരും പലവഴിക്ക് ചിതറിയോടുകയുമായിരുന്നു എന്ന് സമരക്കാര്‍ പറയുന്നു. പിടികൂടിയവരെ പോലീസ് ബലമായി വലിച്ചിഴച്ച് തങ്ങളുടെ വാഹനങ്ങളില്‍ കയറ്റുകയും ബന്ധുവീടുകളിലെത്തിക്കുകയും ബത്തേരി ടൗണില്‍ ഇറക്കി വിടുകയും ചെയ്തു. കളക്ട്രേറ്റിന് മുന്നില്‍ സമരത്തിന് നേതൃത്വം നല്‍കുന്ന ബിനു ജോണ്‍ പറയുന്നു: “ഭൂരഹിതരും കര്‍ഷകരുമായ ജനതയാണ് കളക്ട്രേറ്റിന് മുന്നില്‍ സമരമിരിക്കുന്നത്. കളക്ട്രേറ്റിലാണ് ഞങ്ങള്‍ എത്തി നില്‍ക്കുന്നതെന്നേ പറയാന്‍ പറ്റൂ. വാടക വീടുകളിലും ബന്ധുവീടുകളിലും താമസിച്ചിരുന്നവരാണ് തൊവരിമലയില്‍ പ്രതീക്ഷയോടെ എത്തിയത്. കളക്‌ട്രേറ്റ് അല്ലാതെ പോവാന്‍ വേറെ ഇടമില്ല. വാടക വീട് ഒഴിഞ്ഞുകൊടുത്തും ബന്ധുക്കളോട് യാത്രപറഞ്ഞും ഇറങ്ങിയവര്‍ ഇനി എങ്ങോട്ടാണ് പോവേണ്ടത്? തൊവരിമലയിലാണ് ആകെ പ്രതീക്ഷയുണ്ടായിരുന്നത്. ഇനി അവിടെ താമസിച്ചോളാം എന്ന് ബന്ധുക്കളോടും മറ്റും പറഞ്ഞിറങ്ങിയവരെ ഇപ്പോള്‍ സര്‍ക്കാര്‍ അവിടെ നിന്നും ഇറക്കി വിട്ടു. ഇനി സര്‍ക്കാരാണ് ഇവരുടെ ഭൂമി, പാര്‍പ്പിട പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടത്. സര്‍ക്കാര്‍ ഇപ്പോഴും വിദേശ കുത്തക കമ്പനിയെ സംരക്ഷിക്കുകയാണ്. ഒരിക്കല്‍ സര്‍ക്കാരാണ് വെസ്റ്റഡ് ഫോറസ്റ്റ് ആക്ട് ഉണ്ടാക്കിയത്. അമ്പത് ശതമാനം ആദിവാസികള്‍ക്കും മുപ്പത് ശതമാനം ദളിത് കര്‍ഷകര്‍ക്കും നല്‍കാവുന്ന വെസ്റ്റഡ് ഫോറസ്റ്റ് നിയമമുണ്ടാക്കിയത് തെറ്റാണെന്ന് സര്‍ക്കാര് പറയട്ടെ. അപ്പോ ഞങ്ങള്‍ മറുപടി പറയാം.

സര്‍ക്കാരിന് മുതലാളിമാരെ സംരക്ഷിക്കണം. ആദിവാസികളെ വോട്ടിന് മാത്രം മതി. തൊവരിമല എന്ന സ്ഥലത്ത് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഭരിക്കുന്ന സമയത്ത് കൊടികുത്തി 22 ദിവസം റിലേ സമരം നടത്തിയവരാണ് സിപിഎമ്മുകാര്‍. അവരുടെ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ആദിവാസികളേയും പുറത്തേക്ക് തള്ളുന്നു. കൊട്ടിക്കലാശ ദിവസമാണ് ഭൂമിയില്‍ കുടില്‍കെട്ടി താമസിക്കാന്‍ തുടങ്ങുന്നത്. അന്ന് തന്നെ പോലീസ്, ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഞങ്ങളോട് സംസാരിച്ചിരുന്നു. എന്താണ് നിങ്ങളുടെ ഡിമാന്‍ഡ് എന്നാണ് അവര്‍ ചോദിച്ചത്. നിയമനിര്‍മ്മാണം നടത്തി ഭൂമി പിടിച്ചെടുക്കണം, ഭൂമി ഭൂരഹിതര്‍ക്ക് വതരണം ചെയ്യണം ഇതാണ് ഞങ്ങളുടെ ആവശ്യമെന്ന് പറഞ്ഞു. സര്‍ക്കാരുമായി ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് ഞങ്ങള്‍ വ്യക്തമായി തന്നെ പറഞ്ഞു. മുത്തങ്ങ ആവര്‍ത്തിക്കാന്‍ താത്പര്യമില്ല. സമാധാനപരമായ സമരമാണ് ഞങ്ങളുടെ ലക്ഷ്യം. അട്ട കടിച്ച് ഞങ്ങളുടെ ചോര പൊടിയുന്നതല്ലാതെ സമരത്തിന്റെ പേരില്‍ ഇവിടെ ചോരപൊടിയില്ല എന്ന് ഞങ്ങള്‍ അവര്‍ക്ക് ഉറപ്പ് കൊടുത്തു. എന്നിട്ടെന്താ എട്ട് മണിയായപ്പോള്‍ പിഞ്ചുകുഞ്ഞുങ്ങള്‍ എഴുന്നേല്‍ക്കുന്നതിന് മുന്നേ അവര്‍ നടപടി തുടങ്ങി. നേതൃത്വം നല്‍കിയിരുന്നവരെ ചര്‍ച്ചയ്‌ക്കെന്ന് പറഞ്ഞ് വിളിച്ചുകൊണ്ടുപോയി. മറ്റുള്ളവരോട് പോവാന്‍ ആവശ്യപ്പെട്ടു. മാധ്യമങ്ങളെ പോലും അകത്തേക്ക് കയറ്റിയില്ല. വനഭൂമി മുഴുവന്‍ ബ്ലോക്ക് ചെയ്തുകൊണ്ട് , വലയം തീര്‍ത്ത് പോവില്ല എന്ന് പറഞ്ഞരെ അവര്‍ തുരത്തിയോടിച്ചു. ചിലരെ പിടിച്ചുവലിച്ചു വാഹനത്തില്‍ കയറ്റി. ചെറിയ കുഞ്ഞുങ്ങളടക്കം ഓടി വയലില്‍ വന്നിരുന്നു. പാല് കുടിക്കുന്ന കുഞ്ഞുങ്ങളടക്കം കൂട്ടത്തിലുണ്ടായിരുന്നു. എന്റെ ഫോണ്‍ നഷ്ടപ്പെട്ടിരുന്നില്ല. പലവഴിക്ക് ഓടിയവര്‍ എന്നെ കോണ്ടാക്ട് ചെയ്തു. എല്ലാവരോടും ഒരു സ്ഥലത്തേക്കെത്താന്‍ പറഞ്ഞു. രണ്ടരമണിയോടെ സ്ഥലം കണ്ടുപിടിച്ച് ഞങ്ങള്‍ എത്തി. കുഞ്ഞുങ്ങള്‍ക്കടക്കം വെള്ളം പോലും കിട്ടാതെ ആകെ കഷ്ടത്തിലിരിക്കുകയായിരുന്നു എല്ലാവരും. അവിടെ നിന്ന് തീരുമാനിച്ചാണ് പ്രകടനമായി വന്ന് കളക്ട്രേറ്റിന് മുന്നില്‍ ഇരുന്നത്.”

Also Read: ‘കുഞ്ഞിക്കണാരനെ പോലീസ് കൊണ്ടുപോയി, കുട്ടികളെ വരെ ഉപദ്രവിക്കുന്നു, കുറേപ്പേര്‍ കാട്ടിലൊളിച്ചു’; തൊവരിമലയില്‍ കുടില്‍കെട്ടിയവരെ ഒഴിപ്പിക്കുന്ന വിവരങ്ങളാണിത്

130 പേരാണ് തുടക്കത്തില്‍ കളക്ട്രേറ്റിലെ സമരത്തില്‍ പങ്കുചേര്‍ന്നത്. പിന്നീട് കേട്ടറിഞ്ഞ് തൊവരിമലയില്‍ നിന്ന് രക്ഷപെട്ട് ഓടിയവരും പോലീസ് വാഹനത്തില്‍ കൊണ്ടുപോയവരും സ്ഥലത്തേക്കെത്തിക്കൊണ്ടിരിക്കുകയാണ്. പ്രഭാതകൃത്യങ്ങള്‍ പോലും നിര്‍വ്വഹിക്കാന്‍ സാധിക്കാതെ പോലീസിന്റെ ആക്രമണത്തില്‍ ചിതറിയോടിയ കുടുംബങ്ങള്‍ കളക്ട്രേറ്റിലെത്തുമ്പോഴും ഭക്ഷണം കഴിച്ചിരുന്നില്ല. ഇവര്‍ക്ക് ഭക്ഷണം നല്‍കാന്‍ സഹായമാവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയിലും മറ്റും കുറിപ്പുകള്‍ പ്രത്യക്ഷപ്പെട്ടു. തുടര്‍ന്ന് ചിലരെത്തി ബ്രഡ്ഡും കുടിവെള്ളവും വാങ്ങി നല്‍കി. മറ്റ് ചില സംഘടനകളും ഭക്ഷണം എത്തിക്കാമെന്ന് സമരക്കാര്‍ക്ക് ഉറപ്പ് നല്‍കി. എന്നാല്‍ എത്രകാലം അങ്ങനെ കഴിയേണ്ടി വരുമെന്നറിയാതെ ആശങ്കയിലാണ് കുട്ടികളും പ്രായമായവരുമുള്‍പ്പെടുന്ന സമരക്കാര്‍.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍