UPDATES

ട്രെന്‍ഡിങ്ങ്

ദളിതനായ ഡിവൈഎഫ്ഐക്കാരന്‍ കൊല്ലപ്പെട്ടാലും പ്രശ്നമില്ലാത്തവര്‍ എന്തു ശരിയാക്കുമെന്നാണ്?

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം എത്രത്തോളം അക്രമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്

രേഖ രാജ്

രേഖ രാജ്

വിനായകിന്റെ മരണത്തെക്കുറിച്ച് പറയുമ്പോള്‍, ജാതിയെക്കുറിച്ചുള്ള മുന്‍വിധികളാണ് ഇതില്‍ വളരെ പ്രധാനപ്പെട്ടതായുള്ളത്. മുടിവളര്‍ത്തലിലുള്ള പ്രശ്‌നമായി മാത്രം കാണേണ്ടതില്ല. മുടി വളര്‍ത്തുന്നത് പ്രശ്‌നം തന്നെയാണ്. പക്ഷെ ജാതീയമായ മുന്‍വിധികളാണ് ഇങ്ങനെയൊക്കെ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. കോളനികളില്‍ താമസിക്കുന്നവര്‍, ദരിദ്രര്‍, തൊലികറുത്തവര്‍, ജാതിയില്‍ താഴ്ന്നവര്‍ ഇവരെല്ലാം പൊട്ടന്‍ഷ്യല്‍ ക്രിമിനലുകളാണെന്ന ധാരണയുണ്ട്. എല്‍.ജി.ബി.ടികളോടായാലും, അവരെയെല്ലാം പൊട്ടന്‍ഷ്യല്‍ ക്രിമിനലുകളായി ചിത്രീകരിക്കുകയാണ്. അതില്‍ സിനിമയ്ക്ക് പങ്കുണ്ട്, നമ്മുടെ മുന്‍വിധികള്‍ക്ക് പങ്കുണ്ട്; ഇങ്ങനെയുള്ള മനുഷ്യരെ സ്വാഭാവികമായി സംശയിക്കുകയാണ്. നാട്ടില്‍ ഒരു കുറ്റകൃത്യം നടന്നാല്‍ അടുത്തുള്ള കോളനികളിലേക്കോടുന്ന യുക്തി തന്നെയാണ് ഇവിടെയും പ്രവര്‍ത്തിക്കുന്നത്.

മറ്റൊന്ന്, ഇത്രയുമധികം ഉപദ്രവം, സമീപകാലത്തെങ്ങും കേള്‍ക്കാത്ത തരത്തിലുള്ള ഉപദ്രവമാണ് വിനായക് നേരിട്ടത്. ഇത് മൂന്നാംമുറ പ്രയോഗം പോലെയായിപ്പോയി. അത്രയധികം ഉപദ്രവിക്കാന്‍ എന്ത് പ്രകോപനമാണ് വിനായകില്‍ നിന്നുണ്ടായതെന്ന ചോദ്യമുണ്ട്. വിശ്വസനീയമായ ഒരു കാര്യം പോലും ഇതിന് പറയാനില്ല. ഇത് മുന്‍കൂട്ടി കണ്ട് ചെയ്യുന്നതാണെന്നല്ല പറയുന്നത്. പക്ഷെ ഇത്തരം ശരീരത്തോടുള്ള നമ്മുടെ അവജ്ഞയില്‍ നിന്നും വെറുപ്പില്‍ നിന്നുമാണ് ആക്രമണം ഉണ്ടാവുന്നത്. അതിന്റെ ഉറവിടം ജാതിയാണ്. ഒന്ന്, ഈ ശരീരത്തോടുള്ള അവജ്ഞയും ദേഷ്യവും. രണ്ട്, ഈ ശരീരത്തിന്റെ മേല്‍ അധികാരം പ്രയോഗിക്കാമെന്നുള്ള ഇവരുടെ അബോധം. ഇതെല്ലാം കൂടിച്ചേര്‍ന്ന് സങ്കീര്‍ണമായ ഒരു പ്രവൃത്തിയാണ് പോലീസുകാര്‍ ചെയ്തത്.

അന്വേഷണവിധേയമായി സസ്പന്‍ഡ് ചെയ്യുക എന്നത് പൊതുവെ പോലീസുകാര്‍ക്ക് സന്തോഷമുള്ള കാര്യമാണ്. യഥാര്‍ഥത്തില്‍ കൊലക്കുറ്റത്തിന് കേസെടുക്കുകയാണ് ചെയ്യേണ്ടത്. പട്ടികജാതി, പട്ടികവര്‍ഗ പീഡന നിരോധന നിയമ പ്രകാരം കേസെടുക്കണം. അതില്‍ കുറഞ്ഞ ഒരു പരിഹാരം ഇതിലില്ല. വിനായകിന്റെ കുടുംബക്കാര്‍ക്ക് നഷ്ടപരിഹാരവും ലഭ്യമാക്കണം. വിനായക് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനാണെന്നാണ് അറിയുന്നത്. ഡി.വൈ.എഫ്.ഐക്കാരന്‍ മരിച്ചാല്‍ പോലും കേരളത്തിലെ ഇടതുപക്ഷത്തിന് പ്രശ്‌നമല്ല. നിങ്ങള്‍ പാര്‍ട്ടി അംഗമാണെന്നതോ, പാര്‍ട്ടി അനുഭാവി ആണെന്നതോ അല്ല പ്രശ്‌നം. ഏത് സാമൂഹിക ഇടത്തില്‍ നില്‍ക്കുന്നു എന്നത് തന്നെയാണ് പ്രശ്‌നം. അതുകൊണ്ടാണല്ലോ പാര്‍ട്ടിക്കത് പ്രശ്‌നമാവാത്തത്. പാര്‍ട്ടിക്ക് പിണക്കണ്ടാത്ത ഒരുപാട് പേരുണ്ട്. അവരെ പിണക്കാതിരിക്കുന്നതാണ് നല്ലത്.

സര്‍ക്കാരിന്റെ പെര്‍ഫോമന്‍സും ജനങ്ങള്‍ അളക്കേണ്ട സമയം കഴിഞ്ഞു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം എത്രത്തോളം അക്രമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. വൈപ്പിന്‍ സമരക്കാര്‍ക്കെതിരെ നടത്തിയ ആക്രമണമാണെങ്കിലും മനുഷ്യാവകാശ പ്രവര്‍ത്തകരെയടക്കം പോട്ടയും മറ്റ് ചാര്‍ജ് ചെയ്ത് ജയിലിലടയ്ക്കുന്ന സംഭവമാണെങ്കിലും, അത്തരത്തിലുള്ള ഏത് സംഭവം എടുത്തു നോക്കിയാലും ഇത് കാണാനാവും. അങ്ങനെയൊരു സര്‍ക്കാരിനെ ഇവിടെ ആവശ്യമുണ്ടോ എന്നതാണ് പ്രധാന ചോദ്യം. അതിന് ഇടതുപക്ഷ സര്‍ക്കാര്‍ ഉത്തരം പറഞ്ഞേ മതിയാവൂ. എല്ലാം ശരിയാക്കാം എന്ന് പറഞ്ഞ് അധികാരത്തിലേറിയിട്ട് യഥാര്‍ത്ഥത്തില്‍ ഇവര്‍ മനുഷ്യരോട് എന്താണ് ചെയ്യുന്നത്?

(തയാറാക്കിയത്: കെ.ആര്‍ ധന്യ)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

രേഖ രാജ്

രേഖ രാജ്

എഴുത്തുകാരി, ദളിത്‌ ഫെമിനിസ്റ്റ്

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍