UPDATES

ട്രെന്‍ഡിങ്ങ്

‘തല്ലിച്ചതച്ചതല്ലേ അവര്‍, ഞങ്ങടെ മോന്റെ ജീവനാ പോയത്’: വിനായകന്റെ ബന്ധുക്കള്‍/ വീഡിയോ

‘ഞങ്ങടെ മോന്റെ ജീവനാ പോയത്. ഇനിയൊരാള്‍ക്കും ഈ ഗതി വരരുത്. തല്ലിച്ചതച്ചതല്ലേ അവര്‍.ഇപ്പൊ സത്യം തെളിഞ്ഞില്ലേ. അവനെ ദ്രോഹിച്ചോര്‍ക്ക് തക്ക ശിക്ഷ കൊടുക്കണം. ഇല്ലെങ്കി ഞങ്ങള് പെണ്ണുങ്ങള് തന്നെയിറങ്ങും, അതിന് ഞങ്ങള് പോരാടുകയും ചെയ്യും. ഒരും തെറ്റും ചെയ്യാത്തോന്യാണ് അവന്‍.. ഇത് ഞങ്ങക്ക് സഹിക്കാനും പറ്റില്ല മറക്കാനും പറ്റില്ല. ജനമൈത്രീന്ന് പറഞ്ഞട്ട് എന്തൂട്ടാണ് കാട്ടിക്കൂണത് അവര് ? ആ ബോര്‍ഡ് ആദ്യം തല്ലിപ്പൊളിക്കണം’

Read More- എന്തു തെറ്റ് ചെയ്തിട്ടാണ് എന്റെ മകനെ നിങ്ങള്‍ ഇടിച്ചു കൊന്നത്? നീതി തേടി വിനായകിന്റെ കുടുംബം സമരത്തിന്

നിറഞ്ഞ കണ്ണുകളില്‍ നീറുന്ന പ്രതിഷേധമായിരുന്നു വിനായകന്റെ വലിയമ്മ പ്രമീളയുടെ ഒരോ വാക്കിലും. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷം ഏങ്ങണ്ടിയൂരിലെ ഈ ദളിത് കുടുംബത്തിന്റെ പ്രതികരണങ്ങളില്‍ പോലീസ് ക്രൂരതക്കെതിരെയുള്ള പ്രതിഷേധം ആളിക്കത്തുകയാണ്. വിനായകന്റെ നെഞ്ചിലും, നടുവിലും കാലിലുമെല്ലാം കൊടിയ മര്‍ദ്ദനമേറ്റതിന്റെ അടയാളങ്ങള്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. ഈ സാഹചര്യത്തില്‍ വിനായകനെ ഭേദ്യം ചെയ്ത പോലീസുകാരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം.

‘ഇപ്പോ റിപ്പോര്‍ട്ട് പുറത്തുവന്നു. സത്യാവസ്ഥ തെളിഞ്ഞു. ഈ നേരം വരെ ആ പേലീസുകാരെ അറസ്റ്റു ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. അവര്‍ തല്ലിയിട്ടില്ലെന്നാണ് പാവറട്ടി എസ്. ഐ ആദ്യം പറഞ്ഞത്. ഈ റിപ്പോര്‍ട്ട് കാണിച്ചുകൊടുത്താല്‍ അവര്‍ക്കിനി എന്ത് മറുപടിയാണ് പറയാള്ളത്?മൂത്രത്തിന് പകരം അവന്റെ ചോരയാണ് അന്ന് പോയേര്‍ന്നത്. അതിലവന്‍ ആകെ തളര്‍ന്നിരുന്നു. വീട്ടുകാരെ വിഷമിപ്പിക്കണ്ടാന്നു വച്ച് അവനത് പറഞ്ഞില്ല.പാവറട്ടി പോലീസ് അവനെ ഉപദേശിച്ചതാണത്രേ. ഉപദേശം തന്നെ ഇങ്ങനെയാണെങ്കില്‍ അവരു ചോദ്യം ചെയ്യണത് എങ്ങനെയാവും. അതൊന്ന് പഠിക്കാന്‍ ഞങ്ങള്‍ക്ക് ആഗ്രഹണ്ട്’ വിനായകന്റെ ചെറിയച്ഛന്‍ ആനന്ദന് രോഷം അടക്കിനിര്‍ത്താനാവുന്നില്ല.

ഈ വീട്ടില്‍ മാത്രമല്ല പങ്കന്‍തോട് കോളനിയിലെ ഓരോ വീട്ടിലും പോലീസ് ക്രൂരതക്കെതിരെ പ്രതിഷേധം പുകയുകയാണ്. പോലീസ് അന്വേഷണം ശരിയായ ദിശയിലല്ലെന്ന അഭിപ്രായവും നാട്ടുകാര്‍ക്കുണ്ട്.

വിഷ്ണുദത്ത്

വിഷ്ണുദത്ത്

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍