UPDATES

ട്രെന്‍ഡിങ്ങ്

ദലിതരെ ക്ഷേത്രവളപ്പില്‍ നിന്ന് ശ്രീകോവിലിനകത്തേക്ക് കയറ്റുകയാണ്: പുതിയ സംവരണ തീരുമാനത്തെക്കുറിച്ച് എംബി രാജേഷ് എംപി

ആറ്റില്‍ നിന്ന് മുങ്ങിയെടുത്ത ഒരു കല്ല് പ്രതിഷ്ഠിച്ചു കൊണ്ട് ശ്രീനാരായണഗുരു യാഥാസ്ഥികത്വത്തെ വിറകൊള്ളിച്ചപ്പോള്‍ പ്രതിഷ്ഠ നടത്താനുളള അവകാശമാണോ അവര്‍ണന്റെ ആത്യന്തിക പ്രശ്‌നം എന്ന് ഇന്ന് സംവരണ തീരുമാനത്തെ എതിര്‍ക്കുന്നവര്‍ അന്നുണ്ടായിരുന്നെങ്കില്‍ ചോദിച്ചുകൂടായ്കയില്ല

സംവരണം വീണ്ടും സംവാദവിഷയമായിരിക്കുകയാണല്ലോ. ദേവസ്വം ബോര്‍ഡുകളിലെ നിയമനത്തില്‍ പിന്നാക്ക-പട്ടികജാതി-പട്ടികവര്‍ഗ്ഗ സംവരണം വര്‍ദ്ധിപ്പിച്ചതോടൊപ്പം മുന്നാക്കക്കാരിലെ പാവപ്പെട്ടവരായ പത്ത് ശതമാനത്തിനു കൂടി എല്‍.ഡി.എഫ് സര്‍ക്കാര്‍ സംവരണം ഏര്‍പ്പെടുത്തിയതിനെ ചൊല്ലിയാണ് ഇപ്പോഴത്തെ ചര്‍ച്ചകള്‍. ഇടതുപക്ഷത്തോട് ആഭിമുഖ്യം പുലര്‍ത്തുന്നവര്‍ തന്നെ സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിക്കുന്നുണ്ട്. വിമര്‍ശനങ്ങളില്‍ പ്രധാനമായും ഉന്നയിക്കപ്പെടുന്നത് മൂന്ന് കാര്യങ്ങളാണ്.

1. സംവരണം സാമൂഹിക പ്രാതിനിധ്യം ഉറപ്പിക്കാനും പിന്നാക്കാവസ്ഥ പരിഹരിക്കാനുമുള്ള നടപടിയാണ്. ദാരിദ്ര്യവും സാമ്പത്തിക പിന്നാക്കാവസ്ഥയും പരിഹരിക്കാനല്ല. അതിനാല്‍ മുന്നാക്കത്തിലെ പാവപ്പെട്ടവര്‍ക്കുള്ള സംവരണത്തെ അനുകൂലിക്കാനാവില്ല.
2.മുന്നാക്കത്തിലെ പാവപ്പെട്ടവര്‍ക്കുള്ള സംവരണം രാജ്യത്ത് പല സംസ്ഥാനങ്ങളിലും സംവരണം ആവശ്യപ്പെട്ട് സമരം ചെയ്യുന്ന പട്ടേല്‍, ജാട്ട്, ഗുജ്ജര്‍ തുടങ്ങിയവരുടെ സമരങ്ങള്‍ക്കും യുക്തിരഹിതമായ ആവശ്യങ്ങള്‍ക്കും ബലവും സാധൂകരണവുമാകുന്നു.
3. ഇടതുപക്ഷ സര്‍ക്കാരിന്റെ നിലപാട് സംഘപരിവാറിന്റെ സംവരണ വിരുദ്ധ നിലപാടില്‍ നിന്ന് വ്യത്യസ്തമല്ല. ഇത് ഇടതുപക്ഷ വിരുദ്ധര്‍ രാഷ്ട്രീയ വിരോധത്തിന്റെ അടിസ്ഥാനത്തില്‍ ഉന്നയിക്കുന്ന അധിക്ഷേപമാണെന്ന നിലയില്‍ അവഗണിക്കാവുന്നതാണെങ്കിലും അങ്ങിനെ ചെയ്യുന്നില്ല.

ഒന്നാമത്തെ വിമര്‍ശനമെടുക്കാം. സംവരണം സാമ്പത്തിക അവശതകള്‍ക്കുള്ള പരിഹാരമാണെന്ന യാതൊരു തെറ്റിദ്ധാരണയും ഇടതുപക്ഷം വച്ചു പുലര്‍ത്തുന്നില്ല. സാമൂഹിക പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ പോലും സംവരണം കൊണ്ടു മാത്രമാവില്ലെന്നിരിക്കേ സാമ്പത്തിക അവശതകള്‍ക്ക് സംവരണം പരിഹാരമല്ലെന്ന് പ്രത്യേകം പറയേണ്ടല്ലോ. ഇക്കാര്യങ്ങളെല്ലാം സി.പി.ഐ (എം) നേരത്തേ ചര്‍ച്ച ചെയ്തതും അതിന്റെ അടിസ്ഥാനത്തില്‍ സംവരണ നയം ആവിഷ്‌ക്കരിച്ചതുമാണ്. സ.ഇ.എം.എസ് തന്നെ ഇക്കാര്യം വിശദീകരിച്ചത് ഓര്‍ക്കുന്നു. നേരത്തേ അംഗീകരിച്ചതും പ്രഖ്യാപിതവുമായ ആ നിലപാടിന് അനുസൃതമാണ് എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ ഇപ്പോഴത്തെ തീരുമാനം. പട്ടെന്നുണ്ടായതോ പുതിയതോ അല്ലെന്നര്‍ത്ഥം. നിരവധി തവണ വ്യക്തമാക്കപ്പെട്ട നിലപാട് ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കട്ടെ. പിന്നാക്കക്കാരിലെ പാവപ്പട്ടവരായവര്‍ക്ക് സംവരണാനുകൂല്യം ലഭിക്കുന്നുവെന്നുറപ്പാക്കണം. അതിനുപകരം അവരിലെ വെണ്ണപ്പാളി (ക്രീമിലെയര്‍) ആനുകൂല്യങ്ങള്‍ കയ്യടക്കുന്നില്ലെന്നുറപ്പാക്കണം. പിന്നാക്കക്കാരിലെ പാവപ്പെട്ടവര്‍ക്ക് ലഭിച്ചു കഴിഞ്ഞ ശേഷമുള്ളത് അക്കൂട്ടത്തിലെ മുന്നാക്കക്കാര്‍ക്ക് ലഭിക്കട്ടെ. അതോടൊപ്പം മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കു കൂടി ഒരു നിശ്ചിതശതമാനം സംവരണം നല്‍കണം. എന്തുകൊണ്ട് ? പൊതുവിഭാഗത്തിലെ അവസരങ്ങളുടെ സിംഹഭാഗവും ആ വിഭാഗത്തിലെ സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്നവര്‍ കയ്യടക്കുന്ന സ്ഥിതി ഒഴിവാക്കാന്‍ ഇതു സഹായിക്കും. പിന്നാക്ക-പട്ടികജാതി-പട്ടികവര്‍ഗ്ഗ സംവരണത്തില്‍ കുറവു വരുത്താതെ തന്നെ മുന്നാക്കത്തിലെ പാവപ്പെട്ടവര്‍ക്കു കൂടി ചെറിയ സംവരണം ഏര്‍പ്പെടുത്തുമ്പോള്‍ പൊതുവിഭാഗത്തിലെ അവസരങ്ങള്‍ മുഴുവന്‍ മുന്നാക്കക്കാരിലെ വെണ്ണപ്പാളി സ്വന്തമാക്കുന്നതു തടയാന്‍ സഹായിക്കില്ലേ? സാമൂഹിക പിന്നാക്കാവസ്ഥ എന്ന മാനദണ്ഡം വിട്ടുവീഴ്ച കൂടാതെ ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ തന്നെ എല്ലാ വിഭാഗത്തിലെയും അവശതയനുഭവിക്കുന്ന പാവപ്പെട്ടവരെക്കൂടി പരിഗണിക്കുന്ന വര്‍ഗ്ഗപരമായ ഒരു സമീപനമാണ് ഇതിനടിസ്ഥാനം.

ഈ നിലപാടിന്റെ അടിസ്ഥാനത്തില്‍ ആദ്യം സ്വീകരിച്ച നടപടിയുമല്ല ദേവസ്വം ബോര്‍ഡ് നിയമന തീരുമാനത്തിലുണ്ടായത്. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് വിദ്യാഭ്യാസമന്ത്രിയായിരുന്ന എം.എ ബേബി അവതരിപ്പിച്ച സ്വാശ്രയ നിയമം ഓര്‍ക്കുക. ആ നിയമത്തിലാണ് ഇന്ത്യയിലാദ്യമായി മുന്നാക്ക വിഭാഗത്തിലെ പാവപ്പെട്ടവര്‍ക്കും അംഗപരിമിതര്‍ക്കും മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കും കൂടി പിന്നാക്ക-പട്ടികജാതി-പട്ടികവര്‍ഗ്ഗത്തോടൊപ്പം സംവരണം ഏര്‍പ്പെടുത്തിയത്. ഇനാംദാര്‍ കേസിലെ വിധിയനുസരിച്ച് സ്വാശ്രയ കോളേജുകളില്‍ സംവരണം അനുവദനീയമല്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി നിയമം റദ്ദാക്കുകയായിരുന്നു. സംവരണ വിഭാഗങ്ങളുടെ പങ്ക് കുറക്കാതെ തന്നെ (ദേവസ്വം ബോര്‍ഡിലാണെങ്കില്‍ അത് വര്‍ദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്) മുന്നാക്ക വിഭാഗങ്ങളിലെ പാവപ്പെട്ടവര്‍ക്കു കൂടി സംവരണം ഏര്‍പ്പെടുത്തുന്നതിന് മറ്റൊരു യൂക്തി കൂടിയുണ്ട്. സാമൂഹിക-പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള നടപടികളിലൊന്ന് എന്ന നിലയില്‍ സംവരണത്തിന്റെ യുക്തിയും സാധുതയും മുന്നാക്കത്തിലെ പാവപ്പെട്ടവരെ മുന്‍നിര്‍ത്തി സംഘടിതമായി വെല്ലുവിളിക്കപ്പെടുകയും സംവരണവിരുദ്ധ അഭിപ്രായ രൂപീകരണം നടത്തുകയും ചെയ്യുമ്പോള്‍ സംവരണം എന്ന ആശയത്തെ സംരക്ഷിക്കാനുതകുന്ന ഒരു പ്രായോഗിക സമീപനം കൂടിയാണിത്. സംവരണ വിരുദ്ധരുടെ ആക്രമണങ്ങളുടെ മുനയൊടിക്കാന്‍ ഈ സമീപനം സഹായകരമാവുകയും ചെയ്യും.

രണ്ടാമത്തെ വാദം സംവരണം ആവശ്യപ്പെടുന്ന, രാജ്യത്തെ മുന്നാക്കവിഭാഗക്കാരുടെ പ്രക്ഷോഭങ്ങള്‍ക്ക് ശക്തി പകരുമെന്ന വാദത്തില്‍ അടിസ്ഥാനപരമായ പിശകുണ്ട്. പട്ടേല്‍, ജാട്ട്, ഗുജ്ജര്‍,മറാത്ത വിഭാഗക്കാരൊന്നും മുന്നാക്ക സമുദായത്തിലെ പാവപ്പെട്ടവര്‍ക്ക് സംവരണം വേണമെന്നല്ല തങ്ങളുടെ സമുദായങ്ങളെക്കൂടി പിന്നാക്ക സമുദായപ്പട്ടികയിലുള്‍പ്പെടുത്തി ആ വിഭാഗത്തിനുള്ള സംവരണത്തിന്റെ പങ്ക് തങ്ങള്‍ക്കു കൂടി ലഭിക്കാന്‍ അവസരമൊരുക്കണമെന്നാണാവശ്യപ്പെടുന്നത്. അങ്ങിനെ വരുമ്പോള്‍ നിലവില്‍ പിന്നാക്ക സംവരണം കിട്ടിക്കൊണ്ടിരിക്കുന്നവരുടെ അവസരം പരിമിതപ്പെടുകയും പുതുതായി പട്ടികയിലുള്‍പ്പെടുന്ന താരതമ്യേന മുന്നില്‍ നില്‍ക്കുന്ന വിഭാഗങ്ങള്‍ പിന്നാക്ക സംവരണത്തിന്റെ ഭൂരിഭാഗവും കരസ്ഥമാക്കുകയും ചെയ്യും. ഇവിടെ ചെയ്യുന്നത് സംവരണ വിഭാഗങ്ങളുടെ സംവരണാനുകൂല്യം സംരക്ഷിക്കുക മാത്രമല്ല വര്‍ദ്ധിപ്പിക്കുക കൂടി ചെയ്തു കൊണ്ട് പൊതുവിഭാഗത്തിന്റെ അവസരങ്ങള്‍ മുഴുവന്‍ അക്കൂട്ടത്തിലെ സമ്പന്നര്‍ സ്വന്തമാക്കാതിരിക്കാന്‍ അതിലെ പാവപ്പെട്ടവര്‍ക്കു കൂടി പ്രാതിനിധ്യം ഉറപ്പാക്കുകയാണ്.

മൂന്നാമതായി, സംഘപരിവാറിന്റെ സംവരണ വിരുദ്ധതയും ഇടതുപക്ഷ നിലപാടും ഒന്നാണെന്നത് രാഷ്ട്രീയ വിരോധത്തില്‍ നിന്നു മാത്രം ഉത്ഭവിക്കുന്ന അധിക്ഷേപമാണ്. സംഘപരിവാര്‍ സംവരണം എന്ന ആശയത്തെ തന്നെ തള്ളുകയാണ്. ഇടതുപക്ഷം സംഘപരിവാറിന്റേതടക്കമുള്ള ആക്രമണങ്ങളില്‍ നിന്ന് സംവരണം എന്ന ആശയത്തെ സംരക്ഷിക്കുകയും ശക്തിപ്പെടുത്തുകയും കുറച്ചുകൂടി വിപുലപ്പെടുത്തുകയുമാണ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ പൂജാരികളായി അബ്രാഹ്മണരെയും ദളിതരെയും നിയമിക്കാനുള്ള ചരിത്രപരമായ തീരുമാനവും ഇന്ത്യയിലാദ്യത്തേതായിരുന്നല്ലോ. ദളിത് വിമോചനത്തിന്റെ ആത്യന്തിക പ്രശ്നം പൂജാരിയാവലാണോ എന്ന ചോദ്യം ഉന്നയിച്ച് ആ തീരുമാനത്തേയും പരിഹസിക്കുന്ന ദോഷൈകദൃക്കുകള്‍ അത് സംഘപരിവാറിന്റെ സവര്‍ണ്ണ ഹിന്ദുത്വത്തെയാണ് പൊളല്‍ച്ചതെന്ന് മനസ്സിലാക്കിയില്ല പോലും. സംഘപരിവാറിനത് കൃത്യമായി മനസ്സിലായതുകൊണ്ടാണ് കേരളം ഭരിക്കുന്നത് തെമ്മാടികളാണെന്ന ആക്രോശമുയര്‍ത്തുന്നതും ദളിത് പൂജാരിക്കെതിരെ സവര്‍ണ മേലാളന്‍മാര്‍ പ്രത്യക്ഷ സമരമാരംഭിച്ചതും. ഇരുപതാം നൂറ്റാണ്ടില്‍ കമ്മ്യൂണിസ്റ്റുകാരടക്കമുള്ള പുരോഗമനശക്തികളുടെ നേതൃത്വത്തില്‍ ദളിത് പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് ക്ഷേത്രവളപ്പില്‍ കയറാനുള്ള അവകാശത്തിനായാണ് കേരളത്തില്‍ പോരാട്ടം നടന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ക്ഷേത്രവളപ്പില്‍ നിന്ന് ശ്രീകോവിലിനകത്തേക്കു കൂടി അവരെ പ്രവേശിപ്പിക്കുകയാണ്.

സംവരണം; പിണറായി മോഹന്‍ ഭാഗവതിന്റെ കാര്യക്കാരനാകുമ്പോള്‍

ഇതുവരെ അകറ്റിനിര്‍ത്തപ്പെട്ടിടത്ത് പ്രവേശിക്കുന്നതില്‍ നവോത്ഥാനത്തിന്റെ സയുക്തിക വളര്‍ച്ചയും തുടര്‍ച്ചയും കാണാന്‍ കഴിയാത്തവരാണ് ഇതാണോ ദളിത് വിമോചനം എന്ന മട്ടില്‍ പിറുപിറുക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം ആറ്റില്‍ നിന്ന് മുങ്ങിയെടുത്ത ഒരു കല്ല് പ്രതിഷ്ഠിച്ചു കൊണ്ട് ശ്രീനാരായണഗുരു യാഥാസ്ഥികത്വത്തെ വിറകൊള്ളിച്ചപ്പോള്‍ പ്രതിഷ്ഠ നടത്താനുളള അവകാശമാണോ അവര്‍ണന്റെ ആത്യന്തിക പ്രശ്നം എന്ന് ഇക്കൂട്ടര്‍ അന്നുണ്ടായിരുന്നെങ്കില്‍ ചോദിച്ചുകൂടായ്കയില്ല. ഇത്തരത്തിലുള്ള ഓരോ നടപടികള്‍ക്കും അതത് കാലത്തിനനുയോജ്യമായ പ്രതീകാത്മക പ്രാധാന്യമുണ്ട്. സംവരണനയം ഒരൊറ്റപ്പെട്ട നടപടിയല്ല എന്നും സാമൂഹിക നീതിയെക്കുറിച്ചുള്ള ഈ സര്‍ക്കാരിന്റെ സമഗ്ര സമീപനത്തിന്റെ ഭാഗമാണെന്നും വ്യക്തമാക്കാനാണ് ഇതു കൂടി കൂട്ടിച്ചേര്‍ത്തത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍