UPDATES

ട്രെന്‍ഡിങ്ങ്

കാനവും എകെ ബാലനും വിളിച്ചു, എല്‍ ഡി എഫുമായി ചര്‍ച്ച മൂന്നിന് – സി കെ ജാനു

മുന്നണി സമവാക്യത്തിന്റെ ഭാഗമായി മാറാതെ പോയതാണ് ഇപ്പോഴും ഞങ്ങളുടെ ജനതയുടെ പോരായ്മ. അതിന്റെ ദുരന്തങ്ങള്‍ അനുഭവിക്കുന്നുമുണ്ട്; എല്‍ഡിഎഫുമായി ചര്‍ച്ച മൂന്നിന്

‘നമ്മളെ തിന്നാന്‍ വരുന്ന ചെകുത്താനായാലും, അവന്‍ കാരണം നമ്മുടെ ജനത രക്ഷപെടുമെങ്കില്‍, അവന്‍ തിന്നുന്നത് രണ്ടാമത് ചിന്തിച്ചാല്‍ മതി. ആദ്യം അവന്റെ സഹായം വാങ്ങാം. എന്നാണ് നമ്മള്‍ ചിന്തിക്കേണ്ടത്.’ എല്‍ഡിഎഫ് മുന്നണിയുടെ ഭാഗമാവാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനെക്കുറിച്ച് ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി (ജെആര്‍പി) നേതാവ് സി കെ ജാനുവിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. എല്‍ഡിഎഫുമായി മൂന്നാം തീയതി ചര്‍ച്ച നടത്തുമെന്നും ജാനു വ്യക്തമാക്കി. ചര്‍ച്ചകള്‍ നല്ല രീതിയില്‍ മുന്നോട്ട് പോയാല്‍ എല്‍ഡിഎഫ് മുന്നണിയുടെ ഭാഗമാവാന്‍ തയ്യാറെടുക്കുകയാണ് ജെആര്‍പി. ഇന്ന് കോഴിക്കോട് ചേര്‍ന്ന സംസ്ഥാന നേതൃയോഗവും ഈ തീരുമാനം ശരിവച്ചു. മുന്നണിയോടൊപ്പം നില്‍ക്കാനുള്ള തങ്ങളുടെ നിലപാട് വ്യക്തമാക്കുകയാണ് സി കെ ജാനു.

‘മുന്നണി സമവാക്യത്തിന്റെ ഭാഗമായി മാറാതെ പോയതാണ് ഇപ്പോഴും ഞങ്ങളുടെ ജനതയുടെ പോരായ്മ. അതിന്റെ ദുരന്തങ്ങള്‍ അനുഭവിക്കുന്നുമുണ്ട്. മറ്റ് സമുദായ സംഘടനകളെ എടുത്ത് നോക്കിയാല്‍, അവരെല്ലാം ഏതെങ്കിലും ഒരു മുന്നണിയുടെ ഭാഗമായി നില്‍ക്കുന്നവരോ നിന്നിട്ടുള്ളവരോ ആണ്. അവരെല്ലാം തങ്ങളുടെ പ്രശ്‌നങ്ങള്‍ മുന്നണി സഖ്യ സമവാക്യത്തിലൂടെ പരിഹരിക്കുകയും ചെയ്തിട്ടുണ്ട്. അതിന്റേതായ മാറ്റം അവരുടെ സമുദായത്തിന് ഉണ്ടായിട്ടുമുണ്ട്. അങ്ങനെയൊരു മാറ്റത്തിലേക്ക് പോയില്ല എന്ന് മാത്രമല്ല നാശത്തിലേക്ക് പോവുന്നു എന്നതാണ് ഞങ്ങളുടെ അവസ്ഥ. എല്ലാവരും ചൂഷണം ചെയ്ത് അവശേഷിക്കുന്ന ചണ്ടിയായി ശരീരമുള്ള ആളുകളാണ് ഞങ്ങള്‍. മരിച്ചാല്‍ ഇപ്പോള്‍ ആറടി മണ്ണ് പോലുമില്ല. അപ്പോള്‍, നിലനില്‍പ്പ്, വികസനം- ഇതാണ് ഉദ്ദേശിക്കുന്നതെങ്കില്‍ നമ്മുടെ ജനങ്ങളുടെ ഉയര്‍ച്ചയാണ് ആഗ്രഹിക്കുന്നതെങ്കില്‍ ഒരു നിലപാട് എടുത്തേ പറ്റൂ.

നാല്‍പ്പത് വര്‍ഷമായി സമരരംഗത്ത് നില്‍ക്കുന്നയാളാണ് ഞാന്‍. ഓരോ സമരമുണ്ടാവുമ്പോഴും സര്‍ക്കാരുമായി ചര്‍ച്ച ചെയ്യും. എഗ്രിമെന്റ് ഉണ്ടാക്കും. സമരത്തിന്റെ തീവ്രതയടങ്ങുമ്പോഴേക്കും ആ എഗ്രിമെന്റിലുള്ളതെല്ലാം അട്ടിമറിക്കപ്പെടുകയും ചെയ്യും. ഇതാണ് കാലാകാലങ്ങളായി ഇവിടെ നടക്കുന്നത്. 162 ദിവസത്തെ നില്‍പ്പുസമരം സെക്രട്ടറിയേറ്റിന്റെ മുന്നില്‍ ഫുട്പാത്തിലായിരുന്നു. കാറ്റും മഴയും കൊണ്ട്, നിന്ന് നിന്ന് കാല് നീര് വച്ച് പൊട്ടി, പനി പിടിച്ച്, ആശുപത്രിയില്‍ ചികിത്സിച്ച് അങ്ങനെയെല്ലാമാണ് ഞങ്ങള്‍ ആ സമരം കൊണ്ടുപോയത്. സമരത്തിന്റെ തീവ്രതയില്‍ സര്‍ക്കാര്‍ ചര്‍ച്ചക്ക് വിളിച്ചു. ഒരു ഫോര്‍മുലയുണ്ടാക്കി, എഗ്രിമെന്റ് ഉണ്ടാക്കി. എന്നാല്‍ അത് മുഴുവന്‍ അട്ടിമറിച്ചു. അതേസമയം ഒരു മുന്നണി സംവിധാനത്തിന്റെ ഭാഗമായിരുന്നു ഞങ്ങളെങ്കില്‍, ഒന്നോ രണ്ടോ എംഎല്‍എമാര്‍ ഞങ്ങളില്‍ നിന്നുണ്ടായിരുന്നെങ്കില്‍ 162 ദിവസം ഞങ്ങള്‍ പുറത്ത് നിന്ന് നില്‍പ്പ് ആ എംഎല്‍എ നിയമസഭയില്‍ ഒരു ദിവസം നിന്നാല്‍ മതിയായിരുന്നു. അതായത് മുന്നണി കൂട്ടായ്മയില്‍ നില്‍ക്കുന്നയാളുകള്‍ക്ക് മാത്രമാണ് ഉയര്‍ച്ച എന്ന് വ്യക്തമല്ലേ. രണ്ട് സ്‌പേസുകളുടേയും അന്തരം മനസ്സിലാക്കിക്കൊണ്ട് തന്നെയാണ് ഞങ്ങളുടെ നിലപാട്. അത്തരത്തില്‍ പൊളിറ്റിക്കല്‍ ആയ ഒരു ചര്‍ച്ച, ഇടപെടല്‍ സാധ്യത ആരായുന്നതിന്റെ ഭാഗമായാണ് മുന്നണികളിലേക്കുള്ള ചര്‍ച്ചകളും നടക്കുന്നത്.

ഇതും ഒരു ശക്തമായ സമരം തന്നെയാണ്. വെറുതെ രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമാവാനോ, മത്സരിക്കാനോ, എംഎല്‍എയോ എംപിയോ ആവാനോ, കുടുംബത്തിന് സാമ്പത്തികം നേടാനോ ഒന്നുമല്ല. മറിച്ച് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനങ്ങളുടെ ഉയര്‍ച്ചക്കായുള്ള മറ്റൊരു സമരം തന്നെയാണിത്. ഞങ്ങളെ തിന്ന് തീര്‍ത്തവരായാലും അവര്‍ക്കൊപ്പവും ഒരു ഉയര്‍ച്ചക്കായി ഒന്നിക്കാനാവുമോ എന്ന് നോക്കുകയല്ലാതെ വേറെ വഴിയില്ല ഇവിടെ. ശരിയാണ് രാഷ്ട്രീയപരമായി പലതരത്തിലുള്ള വിയോജിപ്പുകളുള്ളവരോടാണ് ചര്‍ച്ച നടത്തുന്നത്. ഞങ്ങളെ ഉപയോഗിക്കാത്ത രാഷ്ട്രീയപാര്‍ട്ടികള്‍ ഇല്ല. ഇവിടുത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഞങ്ങളെ ഉപയോഗിച്ചവരാണ്. പക്ഷെ നമ്മളെ ഉപയോഗിക്കാത്ത ഒരു ബദല്‍ ഇവിടെയുണ്ടോ എന്ന് ചോദിച്ചാല്‍ അതും ഇല്ല. ഇപ്പോഴത്തെ മുന്നണി സംവിധാനത്തോട് യോജിക്കാതെ പോവണമെങ്കില്‍ ഇവിടെ ഒരു ബദല്‍ സംവിധാനമുണ്ടാവണം. അങ്ങനെയെങ്കില്‍ നമ്മള്‍ അവരോടൊപ്പമേ നില്‍ക്കൂ. പക്ഷെ ബദല്‍ എവിടെ? ഈ മുന്നണി സംവിധാനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളുമല്ലാതെ ഇവിടെ ബദല്‍ ഇല്ലല്ലോ? അപ്പോള്‍ ജനങ്ങളുടെ ഉയര്‍ച്ചയാണ് നമ്മുടെ ലക്ഷ്യമെങ്കില്‍ മുന്നണി സംവിധാനത്തില്‍ അംഗമായേ പറ്റൂ. അതോ കാലാകാലങ്ങളില്‍ നേതാവ് എന്ന നിലയില്‍ പേര് കേട്ട് ജീവിച്ച് മരിച്ചാല്‍ മതിയെങ്കില്‍ ഇങ്ങനെയും തുടരാം.

എന്‍ഡിഎ വിട്ടതിന് ശേഷം രാഷ്ട്രീയപാര്‍ട്ടിയോടോ സംഘടനയോടോ ഞങ്ങള്‍ ലയിക്കില്ല എന്നും കൂട്ടുകൂടില്ല എന്നും ഞങ്ങള്‍ വ്യക്തമാക്കിയിരുന്നു.എന്നാല്‍ ഏതെങ്കിലും മുന്നണിയുടെ ഘടകകക്ഷിയാവാന്‍ ക്ഷണിച്ചാല്‍ ചര്‍ച്ച ചെയ്യാന്‍ ഒരുക്കമാണെന്നും പറഞ്ഞിരുന്നു. അത് യുഡിഎഫോ എല്‍ഡിഎഫോ എന്‍ഡിഎ പോലുമോ ആയാലും ഞങ്ങള്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് അറിയിച്ചിരുന്നു. ഇപ്പോഴും അതേ സമീപനം തന്നെയാണ് തുടരുന്നത്. അതില്‍ ഒരു മാറ്റവും വന്നിട്ടില്ല.ഘടകകക്ഷി എന്ന നിലയിലുള്ള പരിഗണന കിട്ടിയില്ലെങ്കില്‍ ഞങ്ങള്‍ ഒറ്റയ്ക്ക് തന്നെ നില്‍ക്കുകയും ചെയ്യും. ഇപ്പോള്‍ ഇന്റേണല്‍ ടോക്ക് ആയി ചര്‍ച്ചയുടെ കാര്യം അറിയിച്ചിരിക്കുന്നത് എല്‍ഡിഎഫ് ആണ്. കാനം രാജേന്ദ്രന്‍ വിളിച്ചിരുന്നു. എന്താണ് നിലപാട് എന്ന് ചോദിച്ചു. സിപിഐയിലോ സിപിഎമ്മിലോ ലയിക്കില്ല, പക്ഷെ മുന്നണിയുടെ ഭാഗമാവാന്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് ഞാന്‍ അറിയിച്ചു. അങ്ങനെയെങ്കില്‍ എല്‍ഡിഎഫുമായി സംസാരിക്കേണ്ടി വരും എന്ന് അദ്ദേഹം പറഞ്ഞു. പിന്നീട് മന്ത്രി എ കെ ബാലനും വിളിച്ചു. അപ്പോഴും ഞാന്‍ ഞങ്ങളുടെ നിലപാട് വ്യക്തമാക്കി. അപ്പോള്‍ എല്‍ഡിഎഫില്‍ വേണ്ടപ്പെട്ടയാളുകളുമായി സംസാരിച്ച് പറയാം എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് ചര്‍ച്ചക്ക് കളമൊരുങ്ങിയത്. മൂന്നാം തീയതിയാണ് ചര്‍ച്ച. എന്നാല്‍ എവിടെ വച്ചെന്നോ ആരെല്ലാം പങ്കെടുക്കുമെന്നോ അറിയിച്ചിട്ടില്ല. പട്ടികജാതിക്കാരും പട്ടികവര്‍ഗക്കാരും ഒന്നിച്ച് ചേര്‍ന്ന് ഉണ്ടാക്കിയ ഞങ്ങളുടെ രാഷ്ട്രീയ പാര്‍ട്ടി അങ്ങനെ തന്നെ നില്‍ക്കും. ഘടകകക്ഷിയായാലും ഞങ്ങളുടെ രാഷ്ട്രീയവും നിലപാടും എപ്പോഴും അങ്ങനെ തന്നെ തുടരുകയും ചെയ്യും. ‘

ശബരിമലയില്‍ ആദിവാസികള്‍ ആചരിക്കുന്ന തേനഭിഷേകം നിര്‍ത്തിയതെന്തിന്? സ്ത്രീപ്രവേശനത്തെ അനുകൂലിച്ച് സി കെ ജാനു

ജാനുവിന്റെ വേദിയില്‍ അടുത്തേന്റെ അടുത്ത ജന്മത്തിലെങ്കിലും ആദിവാസിയാവണമെന്ന് സുരേഷ് ഗോപി പറയാതിരുന്നതെന്തേ?

വെള്ളാപ്പള്ളിയുടെ ഹിന്ദു ഐക്യത്തില്‍ ആദിവാസികളില്ല-സി കെ ജാനു

ശരി അങ്ങുന്നേ, ജാനു ഫാസിസ്റ്റാണ്

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍