UPDATES

ട്രെന്‍ഡിങ്ങ്

അപ്പോള്‍, എന്തായി സുനിത ദേവദാസിന്റെ പരാതിയിന്മേലുള്ള അന്വേഷണം?

വ്യക്തി വൈരാഗ്യം മുന്‍നിര്‍ത്തി ഒരു സ്ത്രീയോട് യാതൊരു ധാര്‍മികതയുമില്ലാതെ ഒരു ഓണ്‍ലൈന്‍ പത്രം ഇങ്ങനെ കാണിക്കുമ്പോള്‍ നാളെ ഈ അനുഭവം ആര്‍ക്കു വേണമെങ്കിലും ഉണ്ടാവാം.

‘ഓടും കുതിര ചാടും കുതിര,
വെള്ളം കണ്ടാല്‍ നില്കും കുതിര’

ഭൂരിഭാഗം കേസുകളും തെളിയിച്ചതിന്റെ ചരിത്രമുള്ള, വളരെ കാര്യക്ഷമതയുള്ള കേരള പൊലീസ്, കുറ്റകൃത്യങ്ങളുടെ മുന്‍പില്‍ പതറുന്ന കാഴ്ചയാണ് അടുത്തിടെയായി കണ്ടുകൊണ്ടിരിക്കുന്നത്. കൃത്യം നടന്നത് വിദേശത്താണെങ്കില്‍ പിന്നെ പറയുകയും വേണ്ട. അതിനു ഏറ്റവും വലിയ ഉദാഹരണമാണ് എന്റെ സുഹൃത്തും സംവിധായകയും മാധ്യമ പ്രവര്‍ത്തകയുമായ സുനിത ദേവദാസിനുണ്ടായ ദുരനുഭവം.

ഇന്നേക്ക് അഞ്ചു ദിവസം മുന്‍പാണ് മംഗളം ഒരുക്കിയ ഹണി ട്രാപ്പിനു പിന്നില്‍ പ്രവര്‍ത്തിച്ച സ്ത്രീ എന്നു പറഞ്ഞു സുനിതയുടെ ഫോട്ടോ ഒരു ഓണ്‍ലൈന്‍ പത്രം പുറത്തു വിട്ടത്. പ്രസ്തുത ഓണ്‍ലൈന്‍ ഉടമയ്ക്കു സുനിതയെ അറിയാം, സുനിത അല്ല ഹണി ട്രാപ്പില്‍ ഉള്‍പ്പെട്ട സ്ത്രീ എന്നും അറിയാം, പക്ഷെ വ്യക്തി വൈരാഗ്യം തീര്‍ക്കാനും വായനക്കാരെ കൂട്ടാനും വേണ്ടി സുനിതയെ കരുവാക്കുകയായിരുന്നു. ഇതിനെതിരേ സുനിത പ്രതികരിക്കുകയും പരാതിപ്പെടുകയും ചെയ്തിട്ടും ക്ഷമ ചോദിയ്ക്കാന്‍ പോലും അദ്ദേഹം തയ്യാറായില്ല. പകരം സുനിതയെയും സുനിതയെ പിന്തുണച്ച സുഹൃത്തും മാധ്യമ പ്രവര്‍ത്തകനുമായ വി എസ് ശ്യാംലാല്‍ എന്ന വ്യക്തിയെയും അപമാനിക്കും വിധം വീണ്ടും ഫേസ്ബുക് പോസ്റ്റുകള്‍ ഇടുകയും വാര്‍ത്തകള്‍ എഴുത്തുകയും ആണ് ചെയ്തത്. ഇപ്പോള്‍ സുനിത മോര്‍ഫ് ചെയ്തെടുത്ത ചിത്രം എന്ന രീതിയില്‍ വാദിയെ പ്രതിയാക്കുന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രസിദ്ധപ്പെടുത്തിക്കൊണ്ടിരിക്കുന്നു, അവരുടെ ചിത്രങ്ങള്‍ അനുമതിയില്ലാതെ പബ്ലീഷ് ചെയ്യുന്നു.

ഒടുവില്‍ സുനിത കേസ് ഫയല്‍ ചെയ്തു. എന്നാല്‍ അഞ്ചു ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ ഒരു നടപടിയും ഉണ്ടായില്ല. കേരളാ പോലീസിനും മുഖ്യമന്ത്രിക്കും അടക്കം പരാതികള്‍ കൊടുത്തു. അറിയപ്പെടുന്ന രണ്ടു മാധ്യമ പ്രവര്‍ത്തകരുടെ അവസ്ഥയാണിത്. ഇവരുടെ കാര്യം ഇങ്ങനെ എങ്കില്‍ സാധാരണ സ്ത്രീകളുടെ കാര്യത്തില്‍ എന്ത് സുരക്ഷയും അന്വേഷണവും ആണ് ഉള്ളത്? വി.എസ് ശ്യാംലാല്‍ ഈ വിഷയത്തില്‍ എഴുതിയത്: ഒരു ഓണ്‍ലൈന്‍ ഊളക്കഥ

വ്യക്തി വൈരാഗ്യം മുന്‍നിര്‍ത്തി ഒരു സ്ത്രീയോട് യാതൊരു ധാര്‍മികതയുമില്ലാതെ ഒരു ഓണ്‍ലൈന്‍ പത്രം ഇങ്ങനെ കാണിക്കുമ്പോള്‍ നാളെ ഈ അനുഭവം ആര്‍ക്കു വേണമെങ്കിലും ഉണ്ടാവാം. ഇത്രയും അപകീര്‍ത്തിപ്പെടുത്തുന്ന അനുഭവം നേരിട്ട ഒരു സ്ത്രീ, തനിക്കു നീതിവേണമെന്നാവശ്യപ്പെട്ട് മന്ത്രിമാരുടെയും പോലീസിന്റെയും സഹായം തേടി കൈ നീട്ടി നില്‍ക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഒരു നടപടിയും ഉണ്ടായിട്ടില്ല.

സാങ്കേതിക വിദ്യ ഇത്രയും പുരോഗമിച്ച ഇക്കാലത്ത് ഒരു ഫോണില്‍ നിന്നും ഡിലീറ്റ് ചെയ്ത മെസ്സേജ് വരെ ട്രാക്ക് ചെയ്തെടുക്കാന്‍ മിനിറ്റുകള്‍ മതി. എന്നിട്ടും സൈബര്‍ ക്രൈം തടയാന്‍ നമ്മുടെ നിയമ പാലകര്‍ക്കു കഴിയുന്നില്ല . ഒരു കേസിലെങ്കിലും മാതൃകാപരമായ അന്വേഷണവും ശിക്ഷയും ഉണ്ടായിരുന്നെങ്കില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കില്ലായിരുന്നു. ഇതേ കേസ് ഏതെങ്കിലും വിദേശ രാജ്യങ്ങളില്‍ ആയിരുന്നു നടന്നതെങ്കില്‍ 24 മണിക്കൂറിനകം നിയമ നടപടി ഉണ്ടാകുമായിരുന്നു. 4 ജി കാലത്ത് സാങ്കേതിക വിദ്യയുടെ കുറവല്ല , ഇച്ഛാശക്തിയുടെ പോരായ്മയാണുള്ളത്.

അനേകം ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ കൂണ്‍ പോലെ മുളച്ചു പൊന്തുകയാണ്. ആര്‍ക്കും തുടങ്ങുകയും നടത്തുകയും ചെയ്യാവുന്ന ഒന്നായി ഓണ്‍ലൈന്‍ പത്രങ്ങള്‍ മാറിയിരിക്കുന്നു. നിയന്ത്രണങ്ങളൊന്നും ഇല്ലെന്നപോലെ വായില്‍ തോന്നിയതു കോതയ്ക്ക് പാട്ട് എന്ന പോലെ വാര്‍ത്തകള്‍ കൊടുക്കുന്നു. പത്ര പ്രവര്‍ത്തനത്തിന്റെ അടിസ്ഥാന പാഠങ്ങളോ നിയമങ്ങളോ എത്തിക്‌സോ ഒന്നും അറിയില്ല.

ഒരു യുവതിയുടെ ഫോട്ടോ അവരുടെ സമ്മതം ഇല്ലാതെ ഉപയോഗിക്കുകയും അതിനെതിരേ അവര്‍ പ്രതികരിച്ചപ്പോള്‍ അവരെ അപമാനിക്കുന്ന രീതിയില്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഉടമ ഫെയസ് ബുക്ക് പോസ്റ്റുകളും വീണ്ടും വ്യാജ വാര്‍ത്തകളുമായി വന്നത് ഗൗരവമായി കാണണം . ഈ ഓണ്‍ലൈന്‍ മാധ്യമത്തിനെതിരെ ശക്തമായ നടപടികള്‍ എടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.

ഓണ്‍ലൈന്‍ പത്രങ്ങള്‍ ഒഴിച്ച് മറ്റേതു ദൃശ്യ, ശ്രവ്യ മാധ്യമങ്ങള്‍ തുടങ്ങണമെങ്കിലും കേന്ദ്ര വാര്‍ത്ത പ്രക്ഷേപണ വകുപ്പിന്റെ കീഴില്‍ കര്‍ശന ഉപാധികളോടും നിയന്ത്രണങ്ങളോടും കൂടിയാണ് ബ്രോഡ്കാസ്റ്റിംഗ് ലൈസന്‍സ് നല്‍കുന്നത്. അശ്ലീലവും സ്ത്രീ വിരുദ്ധവുമായ രംഗങ്ങള്‍ പ്രക്ഷേപണം ചെയ്താല്‍ നിയമ നടപടിയായി ലൈസന്‍സ് കട്ട് ചെയ്യുക ഉള്‍പ്പടെയുള്ള നടപടികള്‍ നേരിടേണ്ടി വരും. ഒരു ദിവസത്തേക്ക് സംപ്രേക്ഷണം മരവിക്കല്‍ ശിക്ഷയ്ക്കു വിധിക്കപ്പെട്ട ഒരു ചാനല്‍ മലയാളത്തില്‍ ഉള്ളത് മിക്കവര്‍ക്കും അറിയാവുന്ന കാര്യമാണല്ലോ. അതുപോലെ ഉള്ള നിയമങ്ങള്‍ ഓണ്‍ലൈന്‍ പത്രങ്ങള്‍ തുടങ്ങാനും മാര്‍ഗ നിര്‍ദേശങ്ങള്‍ വേണം. സുനിതയുടെ അനുഭവം നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ടത് ഈ വിഷയത്തില്‍ ഗൈഡ് ലൈന്‍ നിര്‍മിക്കുന്നതിനെ കുറിച്ചാകണം. മലയാളത്തിലുള്ള സൈറ്റ് വിദേശത്താണ് തുടങ്ങുന്നത് എങ്കില്‍ നിര്‍ബന്ധമായും ഒരു പോയിന്റ് ഓഫ് കോണ്‍ടാക്ട് കേരളത്തിലും ഉണ്ടാവണം.

സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റ് ആയ ഫേസ്ബുക്കില്‍ പോലും നമുക്ക് അനാവശ്യമോ അല്ലെങ്കില്‍ അശ്ലീലമോ കണ്ടാല്‍ അത് റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയും. അവര്‍ ഉടനെ നടപടി എടുക്കുന്നുമുണ്ട്. എന്നാല്‍ ചില ഓണ്‍ലൈന്‍ മഞ്ഞ പത്രങ്ങള്‍ പടച്ചു വിടുന്ന അനാവശ്യങ്ങളെയും, വ്യക്തിഹത്യകളെയും പറ്റി പരാതിപ്പെട്ടാല്‍ നിയമ നടപടികള്‍ സ്വീകരിക്കാന്‍ നമ്മുടെ പൊലീസിന് കഴിയുന്നില്ല. വാസ്തവ വിരുദ്ധമായ വാര്‍ത്തകള്‍ പടച്ചുവിട്ടശേഷം ഖേദം പോലും പറയാതെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ അടുത്ത വാര്‍ത്തയിലേക്കു പോകുമ്പോള്‍ മാധ്യമങ്ങളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം കൂടിയാണ് നഷ്ടപ്പെടുന്നത്. ജനാധിപത്യത്തെ താങ്ങി നിര്‍ത്തുന്ന ഈ നാലാം തൂണിന്റെ വിശ്വാസ്യത നശിക്കരുത്. നശിപ്പിക്കാന്‍ അനുവദിക്കരുത്.

(ലേഖനത്തില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രം സുനിതയുടെ അനുമതിയോടു കൂടി പ്രസിദ്ധപ്പെടുത്തുന്നത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

സ്മിത മോഹന്‍

സ്മിത മോഹന്‍

ചെന്നൈയില്‍ എച്ച് ആര്‍ പ്രൊഫെഷണലായി ജോലി ചെയ്യുന്നു

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍