UPDATES

ട്രെന്‍ഡിങ്ങ്

നിസ്സഹായരായ ഞങ്ങള്‍ക്ക് എത്രകാലം പിടിച്ചു നില്‍ക്കാനാവും? ബിഷപ്പ് ഫ്രാങ്കോ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നതിനെതിരേ കന്യാസ്ത്രീകളുടെ പരാതി

കോട്ടയം ജില്ല പൊലീസ് മേധാവിക്കാണ് കുറവിലങ്ങാട് മഠത്തില്‍ പരാതിക്കാരിക്കൊപ്പം നില്‍ക്കുന്ന അഞ്ചു കന്യാസ്ത്രീകള്‍ പരാതി നല്‍കിയത്

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ കന്യാസ്ത്രീ പീഡന കേസിന്റെ കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകുന്നതിനെതിരേ കുറവിലങ്ങാട് സെന്റ്. ഫ്രാന്‍സിസ് മിഷന്‍ ഹോമിലെ കന്യാസ്ത്രീകള്‍കോട്ടയം ജില്ല പൊലീസ് മേധാവിക്ക് പരാതി നല്‍കി. സി. അനുപമ, സി. ജോസഫിന്‍, സി. ആല്‍ഫി, സി. അന്‍സിറ്റ, സി. നീന റോസ് എന്നിവരാണ് പരാതി നല്‍കിയത്. കേസിലെ അന്വേഷണം പൂര്‍ത്തിയാവുകയും കുറ്റപത്രം തയ്യാറാവുകയും ചെയ്ത സാഹചര്യത്തില്‍ അത് കോടതിയില്‍ സമര്‍പ്പിക്കാന്‍ വൈകുന്നതിലെ ഉത്കണ്ഠ ചൂണ്ടിക്കാട്ടിയാണ് കന്യാസ്ത്രീകള്‍ പരാതി നല്‍കിയിരിക്കുന്നത്.

കഴിവതും വേഗത്തില്‍ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കണമെന്നും കേസിലെ സാക്ഷികള്‍ കൂടിയായ തങ്ങള്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കുറ്റപത്രം സമര്‍പ്പിക്കുന്നത് നീണ്ടു പോകുന്നത് തങ്ങളെ ഭയപ്പെടുത്തുകയാണെന്നും ഇത്തരമൊരു സാഹചര്യത്തില്‍ മഠത്തില്‍ കഴിയുക എന്നത് ഏറെ ദുഷ്‌കരമായിരിക്കുകയാണെന്നും കന്യാസ്ത്രീകള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

കന്യാസ്ത്രീകള്‍ പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ ഇങ്ങനെയാണ്; കുറവിലങ്ങാട് പൊലീസ് സ്റ്റേഷന്‍ ക്രൈം നമ്പര്‍ 746/18 എന്ന കേസില്‍ പരാതിക്കാരി ഞങ്ങളോടൊപ്പമാണ് ഈ കോണ്‍വെന്റില്‍ താമസിച്ചു വരുന്നത്. അതിപ്രബലനായ ബിഷപ്പ് ഫ്രാങ്കോയാണ് ഈ കേസിലെ പ്രതി. രാജ്യം മുഴുവന്‍ ഉറ്റ് നോക്കിയ ഈ കേസില്‍ സുപ്രധാന സാക്ഷികളായ ഞങ്ങളെല്ലാവരും തന്നെ അതീവ ഭയത്തിലും ആകാംക്ഷയിലുമാണ് ഇപ്പോള്‍ കഴിഞ്ഞുവരുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ഈ കേസിലെ അന്വേഷണം പൂര്‍ത്തിയാവുകയയും, കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാന്‍ പര്യാപ്തമാവുകയും ചെയ്തുവെന്നാണ് ഞങ്ങള്‍ മനസിലാക്കുന്നത്. എന്നാല്‍ എന്തോ കാരണങ്ങളാല്‍ അത് നീണ്ടു പോകുന്നു.

സാക്ഷികളായ ഞങ്ങള്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദം ഇതിനോടകം അങ്ങയുടേയും ഗവണ്‍മെന്റിന്റെയും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടല്ലോ. ഞങ്ങളെ അഞ്ചുപേരെയും രാജ്യത്തിന്റെ പല ഭാഗങ്ങളിലേയ്ക്കും സ്ഥലം മാറ്റുവാന്‍ രണ്ടു മാസങ്ങള്‍ക്കു മുമ്പ് ഒരു നീക്കം നടന്നിരുന്നു. പരാതിക്കാരിയെ ഈ കോണ്‍വെന്റില്‍ ഒറ്റപ്പെടുത്തുകയും, സാക്ഷികളായ ഞങ്ങളെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വച്ച് ഇല്ലാതാക്കുവാനുമുള്ള ശ്രമമാണ് ഉദ്ദേശിച്ചത്.

ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് മേല്‍ക്കേസില്‍ കഴിവതും വേഗം കുറ്റപത്രം സമര്‍പ്പിക്കുകും ഞങ്ങള്‍ ഉള്‍പ്പെടെയുള്ള സാക്ഷികള്‍ക്ക് സുരക്ഷിതത്വം ഉറപ്പ് വരുത്തുകയും ചെയ്യണം എന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. ഏത് കാരണത്താലായാലും കുറ്റപത്രം സമര്‍പ്പിക്കുന്നത് നീണ്ടു പോകുന്നത് ഞങ്ങളില്‍ വളരെയധികം ദുഃഖവും ഭയവും ജനിപ്പിക്കുന്നുവെന്നും ഓര്‍മ്മിപ്പിക്കട്ടെ. എത്രകാലം ഇപ്രകാരം പിടിച്ചു നില്‍ക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ക്ക് അറിയില്ല. നിസ്സഹായരായ ഞങ്ങളുടെ ഈ അവസ്ഥ അങ്ങേയ്ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയും എന്നു കരുതിക്കൊണ്ടും അനുകൂലമായ ഒരു തീരുമാനം ഉടനടി ഉണ്ടാവും എന്നും പ്രതീക്ഷിക്കുന്നു.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍