ചാലിങ്ങലിലെ ദേവദാസിന്റെ വീടിനെ കുറിച്ചു കൂടി കേരളം അറിയണം
പെരിയയിലെ രണ്ട് അമ്മമാരുടെ കരച്ചിലിനു മുന്നില്‍ കേരളം തലകുനിച്ച് നില്‍ക്കുകയാണ്. ആ രണ്ടു വീടുകളിലും കൂടി നില്‍ക്കുന്നവരൊക്കെ താമസിയാതെ പിരിഞ്ഞുപോകും. പക്ഷേ, ആ അമ്മമാരുടെ കണ്ണുനീര്‍ എത്രകാലം കഴിഞ്ഞാലും തോരില്ല, ആ രണ്ട് അച്ഛന്മാരുടെയും ശിരസിലെ ഭാരം കുറയില്ല… മക്കള്‍ നഷ്ടപ്പെട്ടതിന്റെ ദുഃഖം ഒരച്ഛനുമ്മയ്ക്കും മരണം വരെ വിട്ടുമാറില്ലെന്നതിന് വലിയൊരുദ്ദാഹരണമായി പെരിയയില്‍ നിന്നും വെറും എട്ടു കിലോമീറ്റര്‍ ദൂരത്തിനപ്പുറത്ത് രണ്ടു മനുഷ്യരുണ്ട്; ലക്ഷ്മിയും കുഞ്ഞിരാമനും. ദേവദാസ് എന്ന ഇരുപ്പത്തിയഞ്ചുകാരന്റെ അച്ഛനും അമ്മയും. പെറ്റമകന്‍ വെട്ടിക്കീറിക്കൊല്ലപ്പെട്ടതില്‍ പിന്നെ എഴുന്നേറ്റിട്ടില്ല ആ അമ്മ. തന്റെ മുന്നില്‍ വരുന്നവരെല്ലാം കൊലയാളികളാണെന്ന ഭീതിയില്‍ മുറിക്കു പുറത്തിറങ്ങാതെ കിടക്കുകയാണ്. സ്വന്തം മക്കളെപ്പോലും പേടിയോടെ കാണുന്നു. മുന്നില്‍ ആരു വന്നാലും ഇനിയും ഉപദ്രവിക്കല്ലേയെന്ന് അപേക്ഷിക്കുന്നു. ഇതെല്ലാം കണ്ട് തളര്‍ന്നു നില്‍ക്കാനല്ലാതെ മറ്റൊന്നിനുമാകാതെ കുഞ്ഞിരാമനും. ഇനിയൊരു മകനും ഇതുപോലൊരു ഗതി വരല്ലെയെന്നു മാത്രമാണ്, തന്റെ സങ്കടങ്ങള്‍ക്കപ്പുറത്തും കുഞ്ഞിരാമന്‍ പ്രാര്‍ത്ഥിച്ചിരുന്നത്. പക്ഷേ…
കൃപേഷിന്റെയും ശരത്തിന്റെയും വീടുകളില്‍ തടിച്ചുകൂടിയിട്ടുള്ള രാഷ്ട്രീയപ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും സംസാരത്തിനിടയില്‍ പല തവണ കടന്നുവന്ന പേരായിരുന്നു ദേവദാസ്. 2001 ജനുവരി 27നായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ദേവദാസ് ദാരുണമായി കൊല്ലപ്പെട്ടത്. പതിനെട്ടു വര്‍ഷങ്ങള്‍ക്കു മുമ്പ്, ശരത്തും കൃപേഷും കൊല്ലപ്പെടുന്ന അതേ സാഹചര്യത്തിലായിരുന്നു ദേവദാസും ആക്രമിക്കള്‍ക്ക് ഇരായത്. കല്ല്യോട്ടു നിന്നും എട്ടു കിലോമീറ്ററോളം മാത്രം ദൂരമാണ് ദേവദാസിന്റെ നാടായ ചാലിങ്ങലിലേക്കുള്ളത്. കൊല്ലപ്പെടുമ്പോള്‍ ദേവദാസിന് ഇരുപത്തിയഞ്ച് വയസ്സായിരുന്നു. കൃപേഷിനെയും ശരത്തിനെയും പോലെ, ദേവദാസും കുടുംബത്തിന്റെ ആകെയുള്ള പ്രതീക്ഷയായിരുന്നു. പരിചയമുള്ളവരും നാട്ടുകാരുമായ സിപിഎം പ്രവര്‍ത്തരാണ് തന്റെ മകനെ വെട്ടിക്കൊന്നതെന്ന് ദേവദാസിന്റെ അച്ഛന്‍ പറയുന്നു.
ചെങ്കല്ല് ചുമട്ടു തൊഴിലാളിയായിരുന്ന ദേവദാസ്, രാത്രി ജോലി കഴിഞ്ഞ് പതിവുപോലെ സുഹൃത്തുക്കള്‍ക്കൊപ്പം തിരിച്ചെത്തുമ്പോഴായിരുന്നു സിപിഎം പ്രവര്‍ത്തകരുടെ ആക്രമണം. ചാലിങ്ങല്‍ അങ്ങാടിയില്‍ വച്ച് ബസ്സില്‍ നിന്നും പിടിച്ചിറക്കി നാട്ടുകാര്‍ക്കു മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവരും അറസ്റ്റു ചെയ്യപ്പെട്ടവരുമെല്ലാം സിപിഎം പ്രവര്‍ത്തകരാണെങ്കിലും, ദേവദാസിനെ കൊലപ്പെടുത്താന്‍ മാത്രം വലിയ പ്രശ്‌നങ്ങള്‍ ആരുമായും ഉണ്ടായിരുന്നതായി നാട്ടുകാര്‍ക്കോ അച്ഛന്‍ കുഞ്ഞിരാമനോ അറിവില്ല. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ദേവദാസിന്, ചില സിപിഎം പ്രവര്‍ത്തകരുമായി പുറത്തുവച്ച് തര്‍ക്കങ്ങളും പ്രശ്‌നങ്ങളുമുണ്ടായിരുന്നു എന്നതൊഴിച്ചാല്‍ മറ്റൊന്നും പ്രകോപനപരമായി തന്റെ മകന്റെ ഭാഗത്തുനിന്നുമുണ്ടായിട്ടില്ലെന്ന് കുഞ്ഞിരാമന്‍ ഓര്‍ക്കുന്നു. ‘ഇവരുടെ നയം തന്നെ അതാണ്. ഇല്ലായ്മ ചെയ്യുക എന്നത്. ഞങ്ങള്‍ക്ക് ഭാഗ്യമില്ല എന്നേ ഇപ്പോള്‍ കരുതുന്നുള്ളൂ. പ്രതികാരം ചെയ്യും എന്നൊക്കെ വേണമെങ്കില്‍ പറയാം. പക്ഷേ അതൊക്കെ കൂടുതല്‍ പ്രശ്‌നങ്ങളല്ലേ ഉണ്ടാക്കുകയുള്ളൂ. പിന്നെ ഞങ്ങളുടെ പാര്‍ട്ടിയിലെ പിള്ളേര്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ സാധിക്കുമോ? അവരുടെ രാഷ്ട്രീയ നേതൃത്വം അവരെ കൊലപാതകത്തിന് ധൈര്യം കൊടുത്തു വിടുമായിരിക്കും. ഞങ്ങളുടെ രാഷ്ട്രീയ നേതൃത്വം അതിന് അനുവദിക്കില്ല. ഇനിയെങ്കിലും ഇങ്ങനെയൊരു അവസ്ഥ ആര്‍ക്കും വരാതിരുന്നാല്‍ മതി‘; കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൂടിയായ കുഞ്ഞിരാമന്‍ പറയുന്നതിങ്ങനെ.
എട്ടു പ്രതികളുണ്ടായിരുന്ന ദേവദാസ് വധക്കേസില്‍ നാലു പേരാണ് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടത്. ശിക്ഷാ കാലാവധി ഏറെക്കുറെ കഴിയാറായിരിക്കുന്നു. എല്ലാവരും ആവശ്യത്തിന് പരോള്‍ നേടി പുറത്തിറങ്ങി നടക്കുന്നതിലും കുഞ്ഞിരാമന് പ്രതിഷേധമുണ്ട്. ദേവദാസിന്റെ കൊലപാതകം ആസൂത്രണം ചെയ്ത സംഘത്തിലെ പ്രധാനി പ്രദേശത്തു തന്നെയുള്ളയാളാണെന്നും, ഇയാള്‍ പ്രതിപ്പട്ടികയില്‍പ്പോലും ഉള്‍പ്പെട്ടിരുന്നില്ലെന്നും കുഞ്ഞിരാമന്‍ പറയുന്നു. ‘അയാള്‍ക്ക് പിന്നെ പെട്ടന്നുതന്നെ സഹകരണ ബാങ്കില്‍ ജോലിയായി. ഭാര്യയ്ക്കും എന്തോ ജോലി കിട്ടി. ലക്ഷങ്ങള്‍ മുതല്‍ മുടക്കി വീടും വച്ചു. അകത്തു കിടക്കുന്നവരെല്ലാം പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നുള്ള, എന്റെ മകന്റെ അതേ പ്രായമുള്ള ചെറിയ പിള്ളേരാണ്. കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്യുന്നവര്‍ സുഖമായി പുറത്തിറങ്ങി നടക്കുന്നു. ഉപദേശം കേട്ട് അതു ചെയ്യുന്നവരുടെ ജീവിതമാണ് നശിച്ചുപോകുന്നത്.’
മകന്‍ കൊല്ലപ്പെട്ടതിനു ശേഷം വീണു പോയ അമ്മ ലക്ഷ്മി പിന്നീട് എഴുന്നേറ്റതേയില്ല. പതിനെട്ടു വര്‍ഷമായി മുറിക്കു പുറത്തിറങ്ങാതെ കഴിയുന്ന ലക്ഷ്മി വീടിനകത്തേക്ക് കുഞ്ഞിരാമനല്ലാതെ മറ്റാരും കയറാന്‍ അനുവദിക്കാറുമില്ല. ദേവദാസിന്റെ മരണത്തോടു കൂടി മാനസികനില തകരാറിലായ ലക്ഷ്മി, പുറത്തു നിന്നും വരുന്ന എല്ലാവരെയും കൊലപാതകികളെന്ന് സംശയിക്കുകയാണ്. ‘അവനെക്കൂടാതെ രണ്ടു പെണ്‍മക്കളാണ് ഞങ്ങള്‍ക്ക്. രണ്ടാളുടേയും കല്യാണമൊക്കെ കഴിഞ്ഞു. പക്ഷേ, ആരും വീട്ടിലേക്ക് വരാറില്ല. മക്കളെപ്പോലും അവള്‍ അകത്തു കയറ്റില്ല. കണ്ടാല്‍ വാതിലടച്ചുകളയും. നമ്മുടെ മക്കളല്ലേ അവര്‍ എന്നു ഞാന്‍ ചോദിച്ചാല്‍, വേഷം മാറിവന്ന കൊലയാളികളാണെന്ന് പറയും. അവളുടെ മനസ്സില്‍ ഞങ്ങളുടെ മക്കളെല്ലാം മരിച്ചു പോയെന്നാണ്. പിന്നേയും ഉപദ്രവിക്കാനെത്തുന്ന കൊലയാളി സംഘമായാണ് അവള്‍ എല്ലാവരേയും കാണുന്നത്. അതുകൊണ്ട് മക്കള്‍ വന്നാലും ഉമ്മറത്ത് കുറച്ചുനേരം ഇരുന്നിട്ട് തിരിച്ചു പോകും.’ ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഉണ്ടായിട്ടും, ഭാര്യയെ ആശ്വസിപ്പിച്ച് ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ ശ്രമിക്കുകയാണ് കുഞ്ഞിരാമന്‍. ചെയ്തുകൊണ്ടിരുന്ന കാര്‍ഷികവൃത്തി കാല്‍മുട്ടുവേദനയും മറ്റും കാരണം തുടരാന്‍ സാധിക്കാതെയിരുന്ന കുഞ്ഞിരാമന് സാമ്പത്തിക സഹായം നല്‍കിയിരുന്നത് പ്രദേശത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്.
ശരത്തിന്റേയും കൃപേഷിന്റേയും ദേവദാസിന്റെയും കൊലപാതകങ്ങള്‍ തമ്മില്‍ കാര്യമായി വ്യത്യാസങ്ങളില്ലെന്നും കുഞ്ഞിരാമന്‍ പറയുന്നുണ്ട്. പ്രായത്തിലും ജീവിതസാഹചര്യങ്ങളിലും ഒരേ തട്ടിലായ മൂവരേയും വേറിട്ടു കാണേണ്ടതില്ലെന്ന് ഈ അച്ഛന്‍ പറയുന്നു. ഭാര്യയ്ക്ക് കൂട്ടായി വീട്ടിലിരിക്കുമ്പോഴും, കുഞ്ഞിരാമന്‍ ടെലിവിഷന്‍ തുറന്നു വച്ചിട്ടുണ്ട്. ഓരോ അഞ്ചു മിനുട്ടിലും എഴുന്നേറ്റു പോയി പെരിയ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ശ്രദ്ധിക്കുന്നുണ്ട്. തന്റെ മകന്റെ കൊലപാതക സംഘത്തില്‍പ്പെട്ടവര്‍ രക്ഷപ്പെട്ടതുപോലെ ഇത്തവണ ആരും സുഖമായി നിയമത്തിന്റെ കണ്ണുവെട്ടിച്ച് പുറത്തുചാടരുതെന്നേ കുഞ്ഞിരാമന് പറയാനുള്ളൂ.
കല്ല്യോട്ടുള്ള കൃപേഷിന്റെ ഓലമേഞ്ഞ കുടിലും, കൃപേഷിനെയും ശരത്‌ലാലിനെയും അടക്കിയ കുന്നിന്‍ചെരിവും ആരുടേയും മനസ്സില്‍ നിന്ന് ഇനിയും ഇറങ്ങിപ്പോയിട്ടില്ല. പത്തൊന്‍പതും ഇരുപത്തിനാലും വയസ്സുള്ള ചെറുപ്പക്കാരെ വെട്ടിനുറുക്കി കൊലപ്പെടുത്തിയ റോഡുവക്കില്‍ ചോരക്കറ ഇനിയും മാഞ്ഞിട്ടുമില്ല. താരതമ്യേന ശാന്തമായിരുന്ന പുല്ലൂര്‍ പെരിയയിലെ കുന്നിന്‍ പുറത്ത് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇങ്ങനെയൊരു രാഷ്ട്രീയക്കൊലപാതകമുണ്ടാകുമെന്ന് ആരും കരുതിയിരുന്നില്ല. ചെറിയ സംഘര്‍ഷങ്ങളും കയ്യേറ്റങ്ങളും ഇടയില്‍ ഉണ്ടായിട്ടുള്ളതൊഴിച്ചാല്‍, കൊലപാതകത്തിലേക്ക് നയിക്കാവുന്നത്ര ഗുരുതരമായ ക്രമസമാധാനപ്രശ്‌നങ്ങള്‍ പ്രദേശത്ത് നിലനിന്നിരുന്നതായി ആര്‍ക്കും തോന്നിയിരുന്നുമില്ല. മറ്റൊരു ദേവദാസ് ഇനി ഉണ്ടാകില്ലെന്നു കരുതിയവരുടെ മുഖത്താണ് രണ്ട് ചെറുപ്പക്കാരുടെ ചോര വന്നു വീണിരിക്കുന്നത്. ലക്ഷ്മിയേയും കുഞ്ഞിരാമനെയും പോലെ, ഇനിയൊരു വീട്ടിലും ജീവിതം തകര്‍ന്നുപോയ അച്ഛനമ്മാര്‍ ഉണ്ടാകില്ലേയെന്നു ആഗ്രഹിച്ചവരുടെ കാതുകളിലേക്കാണ് ശരത്തിന്റെയും കൃപേഷിന്റെയും മാതാപിതാക്കളുടെ കരച്ചില്‍ തുളച്ചു കയറുന്നത്…