UPDATES

ട്രെന്‍ഡിങ്ങ്

ശബരിമലയിലെ പ്രതിഷേധത്തിന് ചുക്കാന്‍ പിടിച്ച സംഘടനയ്ക്ക് അന്നദാനം നടത്താന്‍ അനുമതി; വിവാദം പുകയുന്നു

പല സംഘടനകളും വ്യക്തികളും അന്നദാനത്തിനായി പണം നല്‍കാറുണ്ടെന്നും അയ്യപ്പ സേവാ സമാജവും ഇത്തരത്തില്‍ തുക നല്‍കുക മാത്രമാണ് ചെയ്തതെന്നും ദേവസ്വം ബോര്‍ഡ്

പമ്പയിലും നിലയ്ക്കലും അന്നദാനം നടത്താന്‍ അയ്യപ്പസേവാ സമാജത്തിന് അനുമതി. ദേവസ്വം ബോര്‍ഡിന്റെ അനുമതിയോടെ നാളെ മുതല്‍ അന്നദാനം തുടങ്ങാനിരിക്കയാണ് അഖില ഭാരത അയ്യപ്പ സേവാ സമാജം. എന്നാല്‍ ദേവസ്വം ബോര്‍ഡ് തന്നയാണ് അന്നദാനം നടത്തുന്നതെന്നും അതിനുള്ള തുക മാത്രമാണ് അയ്യപ്പ സേവാ സമാജത്തില്‍ നിന്ന് സ്വീകരിച്ചതെന്നുമാണ് ബോര്‍ഡിന്റെ വിശദീകരണം. ബോര്‍ഡിന്റെ ഈ വാദം അയ്യപ്പസേവാ സമാജം തള്ളിക്കളയുന്നു. ഇതോടെ ശബരിമലയില്‍ പ്രതിഷേധത്തിന് മുന്നില്‍ നിന്ന അയ്യപ്പ സേവാ സമാജത്തിന് അന്നദാനം നടത്താനുള്ള അനുമതി നല്‍കിയതില്‍ വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്.

നിലവില്‍ എരുമേലിയില്‍ സ്വാമി അയ്യപ്പദാസിന്റെ നേതൃത്വത്തിലുള്ള അയ്യപ്പ സേവാ സമാജം അന്നദാനം നടത്തുന്നുണ്ട്. നാളെ മുതല്‍ പമ്പയിലും നിലയ്ക്കലിലും ഇത് തുടങ്ങും. ദേവസ്വംബോര്‍ഡിന്റെ അനുമതിയോടെ തന്നെയാണ് തങ്ങള്‍ അന്നദാനം ആരംഭിക്കുന്നതെന്ന് സ്വാമി അയ്യപ്പദാസ് പറയുന്നു. എന്നാല്‍ പല സംഘടനകളും വ്യക്തികളും അന്നദാനത്തിനായി പണം നല്‍കാറുണ്ടെന്നും അയ്യപ്പ സേവാ സമാജവും ഇത്തരത്തില്‍ തുക നല്‍കുക മാത്രമാണ് ചെയ്തതെന്നും ദേവസ്വം ബോര്‍ഡ് പിആര്‍ഒ സുനില്‍ പറയുന്നു. അയ്യപ്പ സേവാസമാജത്തിന് അനുമതി നല്‍കിയെന്ന് അറിഞ്ഞാല്‍ മുഖ്യമന്ത്രി ആ അനുമതി റദ്ദാക്കാനിടിയുള്ളതിനാല്‍ ബോര്‍ഡ് ഇക്കാര്യത്തില്‍ വ്യക്തമായ ഉത്തരം നല്‍കാതിരിക്കുകയാണെന്ന് സ്വാമി അയ്യപ്പദാസ് ഇതിനോട് പ്രതികരിച്ചു.

സ്വാമി അയ്യപ്പദാസ് പറഞ്ഞത് ‘സന്നിധാനത്ത് അന്നദാനം നടത്താനുള്ള അനുമതി അയ്യപ്പ സേവാ സമാജത്തിനില്ല. അവിടെ ചുക്കുവെള്ളവും സ്ട്രച്ചര് സര്‍വീസും മാത്രമാണ് ഇപ്പോഴും സമാജത്തിന്റെ കീഴില്‍ നല്‍കുന്നത്. അതിനാണ് ബോര്‍ഡ് അനുമതി നല്‍കിയിട്ടുള്ളതും. എന്നാല്‍ പമ്പയിലും നിലയ്ക്കലിലും അന്നദാനം നടത്താനായി അയ്യപ്പസേവാ സമാജം നല്‍കിയ അപേക്ഷക്ക് ദേവസ്വം ബോര്‍ഡ് അനുമതി നല്‍കി. ഫണ്ട് മാത്രമാണ് അയ്യപ്പസേവാ സമാജം എന്ന് പറയുന്നത് ശരിയല്ല. ദേവസ്വത്തിന്റെ അനുമതിയോടെ ഞങ്ങള്‍ തന്നെയാണ് അന്നദാനം നടത്തുക. പക്ഷെ ഇക്കാര്യത്തില്‍ ഒരു വിവാദത്തിന് പോവാന്‍ സമാജമില്ല. കാരണം അതിന്റെ ഭവിഷ്യത്ത് എന്തായിരിക്കുമെന്ന് ബോര്‍ഡിനും സമാജത്തിനും അറിയാം. മുമ്പ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലയളവില്‍ ഞങ്ങള്‍ക്ക് അന്നദാനത്തിന് അനുമതി നല്‍കിയതിന്റെ പിറ്റേ ദിവസം തന്നെ അന്ന് മന്ത്രിയായിരുന്ന ജി സുധാകരന്‍ ആ അനുമതി റദ്ദാക്കി. ഇതുപോലെ ഇപ്പോഴും സംഭവിക്കാനിടയുണ്ട്. സമാജത്തിന് അന്നദാനത്തിന് അനുമതി നല്‍കിയെന്നറിഞ്ഞാല്‍ മുഖ്യമന്ത്രി ഇത് വെട്ടാനുള്ള സാധ്യതയുണ്ട്. അതുമനസ്സിലാക്കിയാവണം ദേവസ്വം ബോര്‍ഡ് ഇക്കാര്യത്തില്‍ വ്യക്തമായ ഉത്തരം നല്‍കാത്തത്. നേരത്തെ പലരും അന്നദാനം നടത്തിയിരുന്നു. പക്ഷെ ഇപ്പോഴത്തെ സാഹചര്യത്തില്‍ പമ്പയില്‍ അന്നദാനം നടത്താന്‍ വളരെ ബുദ്ധിമുട്ടാണ്. അതുകൊണ്ടാണ് ഞങ്ങള്‍ അത് ഏറ്റെടുത്തതും. സന്നിധാനത്ത് അന്നദാനത്തിന് അനുമതിയില്ലാത്തതിനും കാര്യമുണ്ട്. ദേവസ്വംബോര്‍ഡിന് സ്വന്തം നിലയ്ക്ക് ഒരു ലക്ഷം പേര്‍ക്ക് അന്നദാനം നടത്താന്‍ കഴിയും എന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരിക്കെ കോടതിയെ അറിയിച്ചിരുന്നു. അത് ശരിവച്ചുകൊണ്ട് ഹൈക്കോടതിയും നിര്‍ദ്ദേശം പുറപ്പെടുവിച്ചു. പക്ഷെ അതിന് ശേഷം ഫിസിക്കല്‍ വെരിഫിക്കേഷന്‍ നടത്തി ദേവസ്വംബോര്‍ഡിന്റെ വാദം തെറ്റാണെന്ന് ഞാന്‍ പറയുകയുണ്ടായി. പരിശോധന നടത്തിയപ്പോള്‍ സന്നിധാനത്ത് ഒരേസമയം 1250 പേര്‍ക്ക് മാത്രം ഭക്ഷണം നല്‍കാനുള്ള സൗകര്യമേ ദേവസ്വംബോര്‍ഡിനുള്ളൂ. അങ്ങനെ നോക്കിയാല്‍ ഒരു ലക്ഷം പേര്‍ക്ക് ഭക്ഷണം നല്‍കാനുള്ള സംവിധാനം അവിടെയില്ല. പക്ഷെ ഞാന്‍ അത് റിപ്പോര്‍ട്ട് ചെയ്തത് മുതല്‍ വൈരനിര്യാതന ബുദ്ധിയോടെയാണ് പിന്നീട് ബോര്‍ഡ് പെരുമാറിയിട്ടുള്ളത്. എന്ത് കാരണങ്ങള്‍ കൊണ്ടാണെങ്കിലും ഞങ്ങള്‍ തൃപ്തരാണ്. കാരണം ഭക്തജനങ്ങള്‍ക്ക് കിട്ടുന്ന സൗകര്യങ്ങള്‍ ഇല്ലാതാവരുതെന്ന് മാത്രമേ ഞങ്ങള്‍ക്കുള്ളൂ. അതിനാല്‍ അന്നദാനം നല്‍കാന്‍ അവസരം കിട്ടിയതില്‍ സന്തോഷം മാത്രമേയുള്ളൂ’

എന്നാല്‍ ദേവസ്വം ബോര്‍ഡ് ഇതിനായി ആര്‍ക്കും കരാര്‍ നല്‍കിയിട്ടില്ലെന്നും ഇപ്പോഴും ദേവസ്വംബോര്‍ഡ് തന്നെയാണ് എല്ലായിടത്തും അന്നദാനം നടത്തുന്നതെന്നും സുനില്‍ പറയുന്നു. ‘കാലാകാലങ്ങളായി വിവിധ സംഘടനകളുടെ സഹായത്തോടെയും ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തിലും ചുമതലയിലും തന്നെയാണ് അന്നദാനം നടക്കുന്നത്. വിവിധ സംഘനകളും വ്യക്തികളും അന്നദാനത്തിനായി ഡൊണേഷന്‍ നല്‍കാറുണ്ട്. ചില സംഘടനകള്‍ ബള്‍ക്ക് ആയി സഹായം നല്‍കും. പമ്പയിലും നിലയ്ക്കലിലും അന്നദാനം നടത്താന്‍ അനുമതി നല്‍കണമെന്ന് അയ്യപ്പ സേവാ സമാജം അപേക്ഷിച്ചിരുന്നു. എന്നാല്‍ ദേവസ്വം ബോര്‍ഡിന്റെ ഓഡിറ്റോറിയവും, സ്ഥലവും, പാചക ഉപകരണങ്ങളും, പാചകക്കാരെയും, വിളമ്പുകാരെയും എല്ലാം തന്നെയാണ് അവിടെയെല്ലാം ഉപയോഗിക്കുന്നത്. ചില റിപ്പോര്‍ട്ടുകളില്‍ വരുന്നത് പോലെ ദേവസ്വം ബോര്‍ഡ് അന്നദാനത്തിന് ആര്‍ക്കും കരാര്‍ നല്‍കിയിട്ടില്ല. അയ്യപ്പ സേവാസമാജവും ഇതിനായി ഡൊണേഷന്‍ തരും. ബോര്‍ഡിന്റെ നേതൃത്വത്തില്‍ തന്നെ അന്നദാനം നടത്തുകയും ചെയ്യും.’

ആര്‍എസ്എസിന്റെ ഉപശാഖയാണ് അയ്യപ്പ സേവാ സമാജം. ശബരിമല വിഷയത്തില്‍ ആദ്യം കോടതിവിധിയോട് അനുകൂല നിലപാട് സ്വീകരിച്ചിരുന്ന ബിജെപി-ആര്‍എസ്എസ് നേതാക്കളെ മറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിച്ചത് സമാജം പ്രവര്‍ത്തകരാണെന്ന് സ്വാമി അയ്യപ്പദാസ് തന്നെ മുമ്പ് അഴിമുഖത്തോട് പറഞ്ഞിട്ടുണ്ട്. അയ്യപ്പ സേവാ സമാജത്തിന്റെ ദേശീയ കോണ്‍ഫറന്‍സ് നടക്കുന്നതിനിടയില്‍ മോഹന്‍ ഭാഗവതിനെ ഉള്‍പ്പെടെ നേരില്‍ കണ്ട് കേരളത്തിലെ സാഹചര്യത്തില്‍ മറ്റൊരു നിലപാട് സ്വീകരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തിയത് സ്വാമി അയ്യപ്പദാസ് ഉള്‍പ്പെടുന്ന സംഘമാണ്. തുടര്‍ന്നാണ് അയ്യപ്പ കര്‍മ്മ സമിതി എന്ന കൂട്ടായ്മ രൂപീകരിക്കുകയും ഹൈന്ദവസംഘടനകളെല്ലാം ഒന്നിച്ച് നിന്ന് ആചാരലംഘനത്തിനെതിരെ പോരാടണമെന്ന ആഹ്വാനം നടത്തുന്നതും. ചുരുക്കത്തില്‍ ശബരിമലയിലെ പ്രതിഷേധങ്ങളുടെ ചുക്കാന്‍ പിടിച്ചവരാണ് അയ്യപ്പ സേവാ സമാജം. അതേ സംഘടനക്ക് തന്നെ അന്നദാനത്തിന് അനുമതി നല്‍കുന്നതിലെ വൈരുധ്യങ്ങളെയാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്.

നാമജപ പ്രതിഷേധം ഏറ്റില്ല: പത്തനംതിട്ടയില്‍ ബിജെപിക്ക് ആകെ കിട്ടിയത് 19 വോട്ടുകള്‍

ശബരിമല വികസനത്തിന് 500 ഏക്കര്‍ വനഭൂമി വിട്ടുനല്‍കണമെന്ന ആവശ്യം കേന്ദ്രം തള്ളി

പി.എസ് ശ്രീധരന്‍ പിള്ള ഇനി എന്തു ചെയ്യും? പൂരിപ്പിച്ചിട്ടും തീരാതെ ശബരിമല എന്ന ‘സമസ്യ’

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍