UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യുഡിഎഫ് നയങ്ങള്‍ നടപ്പാക്കാനാണെങ്കില്‍ എന്തിനാണ് ഒരു ഇടതുസര്‍ക്കാര്‍?

Avatar

സുകുമാരന്‍ സി.വി 

പക്ഷികളുടെ പാട്ടും ചിറകടി ശബ്ദവും കേള്‍ക്കാത്ത ഒരു ലോകത്ത് മനുഷ്യര്‍ക്ക് ജീവിക്കാന്‍ സാധ്യമാകുമോ? വയലുകള്‍ നികത്തിയും പശ്ചിമഘട്ടത്തെ ഇടിച്ചു നിരത്തി നമ്മുടെ കാടുകളെയും മേടുകളെയും നദികളെയും വെള്ളച്ചാട്ടങ്ങളെയുമൊക്കെ നശിപ്പിക്കുകയും ചെയ്തുകൊണ്ട് വികസനം എന്ന സര്‍വ്വനാശം ആഘോഷിക്കുന്ന മലയാളി, ഒരു പാരിസ്ഥിതിക ദുരന്തമാണ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നതെന്ന് തിരിച്ചറിയാത്തതെന്തുകൊണ്ടാണ്? നമ്മുടെ ഗ്രാമങ്ങളില്‍ ധാരാളമായി കണ്ടിരുന്ന ആറ്റക്കിളി, തിത്തിരിപ്പക്ഷി, കുളക്കോഴി തുടങ്ങിയ പക്ഷികളൊക്കെ എവിടെപ്പോയി? രാത്രികാലങ്ങളില്‍ പോലും കേട്ടിരുന്ന തിത്തിരിപ്പക്ഷിയുടെ പാട്ട് എന്റെ ഗ്രാമത്തില്‍ ഇപ്പോള്‍ പകലു പോലും കേള്‍ക്കാറില്ല. തെങ്ങോലത്തുമ്പില്‍ കാറ്റിലാടിക്കളിക്കുന്ന ഒരു ആറ്റക്കിളിക്കൂടു പോലും കാണാനില്ല. കുളക്കോഴിയുടെ ശബ്ദവും കേള്‍ക്കാറില്ല. ഈ പക്ഷികള്‍ക്കൊക്കെ അതിജീവിക്കണമെങ്കില്‍ നെല്‍വയലും നെല്‍കൃഷിയും തോടും കുളവും ഒക്കെ അടങ്ങുന്ന ഒരു പരിസ്ഥിതി വേണം. എന്റെ ഗ്രാമത്തിലുള്ള വയലുകളെല്ലാം നികത്തപ്പെട്ടു. പിന്നെങ്ങനെ തിത്തിരിപ്പക്ഷി പാടും? എങ്ങനെ ആറ്റക്കിളി കൂടുകൂട്ടും? എങ്ങനെ കുളക്കോഴി അതിജീവിക്കും? മിക്കവാറും ഗ്രാമങ്ങളുടെയെല്ലാം അവസ്ഥ ഇതു തന്നെയാണ്.

ഓണം മലയാളിയുടെ കൊയ്ത്തുത്സവമായിരുന്നു. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്പര്യത്തിന്റെയും ജൈവ ബന്ധത്തിന്റെയും ആഘോഷമായിരുന്നു. മനുഷ്യര്‍ തമ്മിലുള്ള ഒരുമയുടെയും ഐക്യത്തിന്റെയും ആഘോഷം. പൂക്കളമിടാന്‍ പൂ പറിക്കുമായിരുന്ന മലയാളി ഇന്നു പൂ വാങ്ങിക്കുന്നു. ഇന്ന് ഓണത്തുമ്പികള്‍ക്കു പുറകെ ഓണക്കാലത്ത് ഒരു കുട്ടിയും ഓടുന്നില്ല. ഓണക്കാലത്ത് ഓണത്തുമ്പികളെ കാണാറുമില്ല. കുട്ടികള്‍ക്ക് പ്രകൃതിയിലേക്കിറങ്ങാന്‍ താത്പര്യമില്ല, അനുവാദവും. ഓണത്തുമ്പിയും ഓണക്കളികളുമെല്ലാം, മനുഷ്യനും പ്രകൃതിയും തമ്മിലും മനുഷ്യനും മനുഷ്യനും തമ്മിലുമുള്ള പാരസ്പര്യത്തിന്റെയും ഒരുമയുടെയുമൊക്കെ പ്രതിഫലനങ്ങളായിരുന്നു. വികസനത്തിന്റെ പേരില്‍ ഇന്ന് അരങ്ങു വാഴുന്ന കമ്പോള സംസ്‌കാരം ഈ പാരസ്പര്യത്തിന്റെയും ഐക്യത്തിന്റെയുമൊക്കെ വേരറുത്തിരിക്കുന്നു. മഹാബലി ഇന്ന് കമ്പോളത്തിന്റെ ബ്രാന്റ് അംബാസിഡര്‍ ആക്കപ്പെട്ടിരിക്കുന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായിട്ട് ഓണം ജനങ്ങളല്ല ആഘോഷിക്കുന്നത്, കമ്പോളമാണ്. അതു കൊണ്ടു തന്നെ ഓണത്തിന്റെ കാതലായ നെല്‍കൃഷിയും കൊയ്ത്തും ഓണത്തുമ്പിയും ഓണക്കളികളും പൂപ്പറിക്കലും ഒക്കെ അപ്രത്യക്ഷമായതില്‍ ആര്‍ക്കും വേവലാതിയും കാണുന്നില്ല.

 

കേരളം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൃത്യനിര്‍വഹണത്തില്‍ കാണിക്കുന്ന അനാസ്ഥയാണെന്നും, സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ വീട്ടിലെത്തിച്ചു കൊടുക്കുന്നതോടെ ‘എല്ലാം ശരിയായി’ എന്നുമുള്ള മട്ടില്‍ പ്രചരണം നടത്തുന്ന പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഭരണം എന്തുകൊണ്ടാണ് കേരളത്തിന്റെ പാരിസ്ഥിതിക സമതുലിതാവസ്ഥ തകിടം മറിക്കുന്ന ക്വാറി മുതലാളിമാരോടുള്ള ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ ഉദാര സമീപനം തുടര്‍ന്നു വരുന്നത്? ജനകീയാസൂത്രണത്തിന്റെ പേരില്‍ നടക്കുന്ന മിക്ക പ്രവര്‍ത്തികളും കോണ്‍ട്രാക്ടര്‍ – രാഷ്ട്രീയ കൂട്ടുകെട്ടിന്റെ കീശ വീര്‍പ്പിക്കാനുള്ളതു മാത്രമാണെന്ന സത്യം എന്തു കൊണ്ട് പുറത്തു പറയുന്നില്ല? നമ്മുടെ എല്ലാ പഞ്ചായത്തോഫീസ് കോമ്പൗണ്ടുകളിലും വലിയൊരു കോണ്‍ക്രീറ്റ് ചിരട്ട കമഴ്ത്തി വെച്ചതു പോലുള്ള ഒരു ജനകീയാസൂത്രണ നിര്‍മ്മിതി കാണാം. മഴവെള്ള സംഭരണിയാണ് സംഗതി. പക്ഷേ ഒരിടത്തും അതില്‍ ഒരു തുള്ളി മഴവെള്ളം പോലും സംരക്ഷിക്കപ്പെടുന്നുമില്ല, ഒരു തുള്ളി വെള്ളം പോലും അതില്‍ നിന്നു കിട്ടുന്നുമില്ല. അതു കൊണ്ടുള്ള ഏക നേട്ടം ആ പദ്ധതി നിര്‍വ്വഹണത്തിന്റെ ഭാഗമായ ഉദ്യോഗസ്ഥര്‍ക്കും കോണ്‍ട്രാക്ടര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും മാത്രം. ഇപ്പോഴും ഫണ്ടു വിനിയോഗിക്കുന്നതിനായി മാത്രമുള്ള നിരവധി ജനകീയാസൂത്രണ പദ്ധതികളുണ്ട് ഓരോ പഞ്ചായത്തിനും.

 

മുതലാളിത്ത വ്യവസ്ഥിതി അതിന്റെ ചൂഷണാധിഷ്ഠിത സാമ്പത്തിക വ്യവഹാരം നിര്‍ബാധം തുടരുന്നതിനായി ജനങ്ങളുടെ ക്ഷേമത്തില്‍ മുതലാളിത്തത്തിന് അതിയായ തല്‍പര്യമാണുള്ളതെന്ന പുകമറ സൃഷ്ടിക്കുന്നതിനായി ആവിഷ്‌കരിച്ച സാമൂഹ്യക്ഷേമ പെന്‍ഷന്‍ പദ്ധതി അവരേക്കാള്‍ ഭംഗിയായി നടപ്പാക്കാന്‍ വ്യഗ്രത കാട്ടുന്ന പിണറായി സര്‍ക്കാറിന്, നയപരമായി കോര്‍പ്പറേറ്റ് ഇക്കോണമിയെ പരിപോഷിപ്പിക്കുന്ന നിലവിലുള്ള നിയോ ലിബറല്‍ നയങ്ങള്‍ക്കെതിരെ ശക്തമായ എന്തു നിലപാടുകളാണുള്ളത്?

 

 

കേരളത്തിന് ഇന്നാവശ്യം ഒരു ശക്തമായ പ്രാദേശിക ഉത്പാദന, വിതരണ സമ്പദ്ഘടനയാണ്. അതാതു പ്രദേശങ്ങളിലുള്ള ജനങ്ങളുടെ കൂട്ടായ്മയിലുള്ള പ്രാദേശിക ഉത്പാദന ഉപഭോഗ സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിലൂടെ മാത്രമേ മുതലാളിത്തത്തിന്റെ ഏറ്റവും വലിയ ചൂഷണോപാധിയായ നിയോ ലിബറല്‍ കമ്പോളത്തിന്റെ വലയില്‍ നിന്ന് ജനങ്ങളെയും പ്രകൃതിയെയും രക്ഷിക്കാനാകൂ. അതിനു വേണ്ടത് ജീവന്റെ നിലനില്പിനു തന്നെ ഭീഷണിയുയര്‍ത്തുന്ന തരത്തില്‍ പ്രകൃതിയെ നശിപ്പിച്ചു കൊണ്ടുള്ള വിഴിഞ്ഞം പദ്ധതിയോ കൊച്ചി മെട്രോയോ അതിരപ്പള്ളി ജലവൈദ്യുത പദ്ധതിയോ അല്ല, മറിച്ച് ഇത്തരം പദ്ധതികളിലൂടെ സംരക്ഷിക്കപ്പെടുന്ന മുതലാളിത്ത സാമ്പത്തിക താല്‍പര്യങ്ങള്‍ക്കെതിരെയുള്ള രാഷ്ട്രീയ അവബോധമാണ്. അത്തരമൊരു അവബോധത്തിന്റെ സൂചനയല്ല പിണറായി സര്‍ക്കാറിന്റെ നൂറു ദിവസങ്ങള്‍ തരുന്നത്.

 

അത്തരം രാഷ്ട്രീയ അവബോധമുള്ള ഒരു സര്‍ക്കാര്‍, ആയിരം രൂപ ജനങ്ങളുടെ വീട്ടിലെത്തിച്ചു കൊടുത്തുവെന്ന്‍ പറഞ്ഞ് വഴി നീളെ ഫ്ലക്‌സ് ബോര്‍ഡുകള്‍ വെച്ച് കൊട്ടിഘോഷിക്കുകയല്ല ചെയ്യുക. ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി അവര്‍ക്ക് തിരിച്ചുനല്‍കണമെന്നു നിര്‍ദേശിക്കുന്ന ഒരു നിയമമുണ്ട് നമുക്ക്; 40 വര്‍ഷത്തെ പഴക്കമുള്ളാരു നിയമം; കേരളത്തിലെ ഇടതും വലതുമായ ഒരു സര്‍ക്കാറും നടപ്പിലാക്കിയിട്ടില്ലാത്ത ഒരു നിയമം -The Kerala Scheduled Tribes (Restriction on Transfer of Lands and Restoration of Alienated Lands) Act, 1975- അതു പൊടിതട്ടിയെടുത്ത് നടപ്പാക്കണം. അങ്ങനെയാണ് ആദിവാസികളെ രക്ഷിക്കേണ്ടത്, അവരുടെ അന്യാധീനപ്പെട്ട ഭൂമി അവരെ പറ്റിച്ച കുടിയേറ്റക്കാരില്‍ നിന്നും തിരിച്ചു പിടിച്ച് അവര്‍ക്കു നല്‍കിക്കൊണ്ട്; അല്ലാതെ അവരുടെ കുട്ടികള്‍ പട്ടിണി കിടന്നു ചാകുമ്പോള്‍ അവര്‍ക്ക് അരിയും പഞ്ചസാരയും സൗജന്യമായി നല്‍കിയിട്ടല്ല. പെന്‍ഷന്‍ വീട്ടിലെത്തിച്ചു കൊടുക്കുന്നതിനെക്കാള്‍ പ്രധാനപ്പെട്ട കാര്യങ്ങളാണ് ഫലഭൂയിഷ്ടമായ ഏക്കറുകണക്കിനുള്ള സ്വന്തം സ്ഥലങ്ങളില്‍ നിന്നു കുടിയൊഴിപ്പിക്കപ്പെട്ട് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട കേരളത്തിലെ ആദിവാസികള്‍ക്ക് അവരുടെ ഭൂമി തിരിച്ചു കൊടുക്കാനുള്ള നിയമം നടപ്പാക്കി അവരെ സഹായിക്കുകയെന്നത്.

 

ആദിവാസികളുടെ ദുരവസ്ഥയെക്കുറിച്ച് 1963-ല്‍ ‘കേരളത്തിലെ ആഫ്രിക്ക’ എന്ന പുസ്തകമെഴുതിയ കെ. പാനൂര്‍ അദ്ദേഹത്തിന്റെ മറ്റൊരു പുസ്തകമായ ‘എന്റെ ഹൃദയത്തിലെ ആദിവാസി’യില്‍ എഴുതിയിരിക്കുന്നതു കാണുക: ‘അവരുടെ കാടുകള്‍ ഉണ്ടായിരുന്ന കാലത്ത് കാട്ടുകനികളും കിഴങ്ങുകളും ഇടയ്ക്കു തേനും കാട്ടിറച്ചിയും ഭക്ഷിക്കാനുണ്ടായിരുന്നപ്പോള്‍ അവരെല്ലാം അരോഗദൃഢഗാത്രരായി ജീവിച്ചു. നാം സൃഷ്ടിച്ച നിയമങ്ങളൊന്നും നൂറ്റാണ്ടുകളായി ഈ കാട് അനുഭവിച്ചു ജീവിക്കുകയായിരുന്നവര്‍ക്ക് പ്രത്യേകമായ ഒരവകാശവും അനുദിച്ചു കൊടുത്തില്ല. കഷ്ടിച്ചു രണ്ടു കൊല്ലം കൈവശം വച്ച അവകാശം സ്ഥാപിച്ചവര്‍ക്കു പട്ടയം നല്‍കാന്‍ വകുപ്പു സൃഷ്ടിച്ചവരാണ് നാം. അവരുടെ കാടുകള്‍ ഡോളറുണ്ടാക്കുന്ന റബ്ബര്‍ത്തോട്ടങ്ങളായി മാറിയപ്പോള്‍, ചുറ്റിലും വേലിക്കെട്ടുകളുയര്‍ന്നപ്പോള്‍, ഈ പാവങ്ങള്‍ എങ്ങോട്ടേയ്‌ക്കെന്നില്ലാതെ തുരത്തപ്പെടുകയായിരുന്നു. പകരമായി ഒന്നും ലഭിക്കാതെ അവര്‍ക്ക് നഷ്ടപ്പെട്ടത് ജീവിതം തന്നെയായിരുന്നു.’

 

ആദിവാസികളെ പുനരധിവസിപ്പിക്കുന്ന കാര്യത്തിലും ദളിതരുടെ പ്രശ്‌നങ്ങളെ ക്രിയാത്മകമായി പരിഹരിക്കുന്ന കാര്യത്തിലും പ്രകൃതിയെ നശിപ്പിക്കുന്ന വികസന പ്രവര്‍ത്തനങ്ങളില്‍ നിന്നു വ്യത്യസ്തമായി സുസ്ഥിര വികസന നയങ്ങള്‍ ആവിഷ്‌കരിക്കുന്നതിലും, എയ്ഡഡ് സ്‌കൂള്‍ നിയമനങ്ങള്‍ പി എസ് സി വഴി മാത്രം ആക്കുന്നതിലും (അഴിമുഖം സെപ്തംബര്‍ 4ന് പ്രസിദ്ധീകരിച്ച സതി അങ്കമാലിയുടെ ലേഖനം കൂടി കാണുക – എല്ലാം ശരിയാകുന്നുണ്ടായിരിക്കാം; ദളിതര്‍ക്കും ആദിവാസികള്‍ക്കും അല്ലെന്നു മാത്രം), കമ്പോളസംസ്‌കാരത്തിനു തടയിടുന്നതിലും ഒന്നും ഇടതുപക്ഷത്തിനും താല്‍പ്പര്യമില്ലെങ്കില്‍ പിണറായി വിജയന്‍ സര്‍ക്കാരും ഉമ്മന്‍ ചാണ്ടി സര്‍ക്കാരും തമ്മില്‍ ഗുണപരമായ ഒരു വ്യത്യാസവും ഉണ്ടാകാനിടയില്ല. ഇനി അഞ്ചു വര്‍ഷം കഴിയുമ്പോള്‍ യു ഡി എഫ് ഭരിക്കും. അപ്പോഴും നയപരമായി ഒന്നും മറില്ല. ഇവിടെ, ഭരിക്കുന്നവര്‍ ഓരോ അഞ്ചു വര്‍ഷത്തിലും മാറിക്കൊണ്ടിരിക്കുന്നു. പക്ഷേ ഭരണത്തെ നയിക്കുന്ന സാമ്പത്തിക നയങ്ങളോ താല്‍പ്പര്യങ്ങളോ മാറുന്നില്ല. നിയോലിബറല്‍ നയങ്ങളെ എതിര്‍ക്കുന്നതിനോ ജനപക്ഷത്തുനിന്നു കൊണ്ടു ചെറുക്കുന്നതിനോ ഉള്ള ഇച്ഛാശക്തി ടാറ്റക്കു വേണ്ടി സിംഗൂരില്‍ പാവപ്പെട്ട കര്‍ഷകരുടെ ഭൂമി പിടിച്ചെടുത്തു നല്‍കുകയും ചെറുത്തു നിന്ന പാവങ്ങളെ വെടിവെച്ചു കൊല്ലുകയും ചെയ്ത ഒരു പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഭരണത്തില്‍ നിന്നു പ്രതീക്ഷിക്കാമോ?

 

പശ്ചിഘട്ടത്തെയും നമുക്കു ചുറ്റുമുള്ള ജൈവവൈവിധ്യത്തെയും നശിപ്പിക്കുന്ന വികസന നയങ്ങളില്‍ കര്‍ശനമായ മാറ്റം കൊണ്ടുവന്നില്ലെങ്കില്‍ ഇനി വരുന്ന തലമുറയ്‌ക്കെന്നല്ല ഈ തലമുറക്കു തന്നെ ഇവിടെ വാസം സാദ്ധ്യമല്ലാത്ത ഒരു പാരിസ്ഥിതക അവസ്ഥയാണ് സംജാതമായിക്കൊണ്ടിരിക്കുന്നത്. മഴക്കാലത്തു പോലും വരള്‍ച്ചയുടെ വക്കിലെത്തിയിരിക്കുകയാണ് നാമിന്ന്!

 

(ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയില്‍ നിന്നു പഠനം പൂര്‍ത്തിയാക്കിയ സുകുമാരന്‍ സി വിയുടെ  സാമൂഹിക,രാഷ്ട്രീയപാരിസ്ഥിതിക വിഷയങ്ങളിലുള്ള ലേഖനങ്ങള്‍ ദി ഹിന്ദുദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്മെയിന്‍ സ്ട്രീം തുടങ്ങിയവയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍