UPDATES

ട്രെന്‍ഡിങ്ങ്

ഗൗരി നേഘ: കൊല്ലം ട്രിനിറ്റി സ്കൂളിന്റെ എന്‍.ഒ.സി റദ്ദാക്കാന്‍ ശുപാര്‍ശ; എതിര്‍പ്പുമായി കോണ്‍ഗ്രസ്

ഗൗരി നേഘയുടെ മരണവുമായി ബന്ധപ്പെട്ടുള്ള കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നതു സംബന്ധിച്ചും ആരോപണം ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്.

പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ഗൗരി നേഘയുടെ മരണവുമായി ബന്ധപ്പെട്ട് നടപടികള്‍ എടുക്കാന്‍ വൈകിയെന്നും എടുത്ത നടപടികള്‍ തൃപ്തികരമല്ലെന്നും എടുത്തുപറഞ്ഞ് കൊല്ലം ട്രിനിറ്റി ലൈസിയം സ്‌ക്കൂളിന്റെ എന്‍.ഒ.സി റദ്ദാക്കാന്‍ കൊല്ലം വിദ്യാഭ്യാസ ഉപഡയറക്ടറുടെ നിര്‍ദ്ദേശം. സ്‌ക്കൂളില്‍ പുതിയ പ്രിന്‍സിപ്പാള്‍ ഫാദര്‍ സില്‍വി ആന്റണി ചുമതലയേറ്റതിന് പിന്നാലെയാണ് നിര്‍ദ്ദേശം എത്തിയത്. എന്നാല്‍ ഡി.ഡി.ഇയുടെ നിര്‍ദേശത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് കൊല്ലം ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. പി. ജര്‍മിയാസിസ് രംഗത്തുവന്നിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂളിലെ പത്താംതരം വിദ്യാര്‍ത്ഥി ഗൗരിനേഘ സ്‌ക്കൂള്‍ കെട്ടിടത്തിനു മുകളില്‍നിന്നും ചാടി ആത്മഹത്യ ചെയ്യുന്നത്. ഉച്ചഭക്ഷണം കഴിക്കാനിരുന്ന ഗൌരിയെ അധ്യാപികമാര്‍ വന്നു വിളിച്ചുകൊണ്ട് പോവുകയായിരുന്നു. തുടര്‍ന്ന് കാണുന്നത് ഗൌരി സ്കൂള്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടിയ നിലയിലാണ്. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രണ്ടു ദിവസത്തിനുള്ളില്‍ ഗൌരി മരണത്തിനു കീഴടങ്ങുകയായിരുന്നു.

പ്രശ്‌നത്തില്‍ ആരോപണവിധേയരായ സിന്ധു പോള്‍, നാന്‍സ് ക്രസന്‍സ് എന്നീ അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്യുകയും, എന്നാല്‍ പിന്നീട് ആഘോഷപരിപാടികള്‍ വഴി തിരിച്ചെടുക്കുകയും ചെയ്ത പ്രവര്‍ത്തിയെത്തുടര്‍ന്ന് പ്രശ്‌നം വീണ്ടും പൊതുജനചര്‍ച്ചയ്ക്ക് വഴിയൊരുക്കുകയായിരുന്നു. കൊല്ലം ഡി.ഡി.ഒ പലതവണ സ്കൂളിനോട് വിശദീകരണം തേടിയിരുന്നെങ്കിലും തൃപ്തികരമായ വിശദീകരണം നല്‍കാന്‍ സ്‌ക്കൂള്‍ മാനേജ്‌മെന്റ് ഇതുവരെയും തുനിഞ്ഞിട്ടില്ല. സര്‍ക്കാര്‍ ഈ വിഷയത്തില്‍ കടുത്ത തീരുമാനങ്ങള്‍ എടുക്കുമെന്ന അറിയിപ്പ് കിട്ടിയ ശേഷമാണ് മുന്‍ പ്രിന്‍സിപ്പാള്‍ ഷെവലിയാര്‍ ജോണിനെ മാറ്റാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചത്. ടീച്ചര്‍മാരെ അധ്യാപകവൃത്തിയില്‍നിന്ന് പുറത്താക്കുക, കേസ് സിബിഐ അന്വേഷിക്കുക തുടങ്ങിയ കാര്യങ്ങള്‍ ഉന്നയിച്ച് ആക്ഷന്‍ കൗണ്‍സില്‍ ഇപ്പോഴും സമരം നടത്തിവരുന്നുണ്ട്. ഇന്ന് എസ്എഫ്ഐ ഒഴികെയുള്ള വിദ്യാര്‍ത്ഥിസംഘടനകള്‍ സംയുക്തമായി കൊല്ലം കലക്ട്രേറ്റ് മാര്‍ച്ചും ധര്‍ണ്ണയും നടത്തുന്നുമുണ്ട്.

ഗൗരി നേഘയുടെ മരണം; കേക്ക് മുറിച്ച് അധ്യാപകരെ സ്വീകരിച്ച പ്രിന്‍സിപ്പാള്‍ രാജിവച്ചു; എല്ലാം നാടകമെന്ന് കുടുംബം

ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കുകയും, സമൂഹത്തില്‍ ജാതിമത ചിന്തകള്‍ക്കതീതമായി ഉത്തമപൗരന്മാരെ സൃഷ്ടിക്കുകയും ചെയ്യുക എന്നുമുള്ള ഉദ്ദേശത്തോടെയാണ് സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്നതെന്നും എന്നാല്‍ സമൂഹത്തോട് യാതൊരുവിധ പ്രതിബദ്ധതയും ഇല്ലാത്ത  ഒരു കൂട്ടം ജീവനക്കാര്‍ നയിക്കുന്ന ക്ലാസുകളില്‍ ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കുന്നില്ല എന്നും ഇത് സമൂഹത്തിന് വിപത്താണെന്നും വിലയിരുത്താവുന്നതാണെന്ന് കൊല്ലം വിദ്യഭ്യാസ ഉപ ഡയറക്ടര്‍ ബാലാവകാശ കമ്മീഷനും വിദ്യഭ്യാസ ഡയറക്ടര്‍ക്കും നല്‍കിയ ശുപാര്‍ശക്കത്തില്‍ ചൂണ്ടികാണിക്കുന്നു. പലതവണയായി സ്‌ക്കൂളിനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നെന്നും എന്നാല്‍ തൃപ്തികരമല്ലാത്ത വിശദീകരണമാണ് സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്നും ഉപ ഡയറക്ടര്‍ കെ.എസ് ശ്രീകല ശുപാര്‍ശക്കത്തില്‍ പറയുന്നു.

എന്നാല്‍ കൊല്ലം ഡി.സി.സി വൈസ് പ്രസിഡന്റ് പി. ജര്‍മിയാസ് ഡി.ഡി.ഇ യുടെ നടപടിയെ എതിര്‍ത്തുകൊണ്ടും, സ്‌കൂള്‍ മാനേജ്‌മെന്റിനെ അനുകൂലിച്ചുകൊണ്ടും രംഗത്തെത്തിയിട്ടുണ്ട്. നാലായിരം വിദ്യാര്‍ത്ഥികളുടെ കാര്യം അനിശ്ചിതത്തിലാക്കുന്ന നടപടിയാണ് ഡി.ഡി.ഇ കൈക്കൊണ്ടിരിക്കുന്നതെന്നും, ആഭ്യന്തരവകുപ്പിന് കേസ് അന്വേഷിക്കാന്‍ സാധിക്കാത്തതിന് സ്‌കൂളിന്റെ എന്‍.ഓ.സി റദ്ദാക്കുകയല്ല വേണ്ടതെന്നും ജര്‍മിയാസ് പറയുന്നു.

“നാലായിരം വിദ്യാര്‍ത്ഥികള്‍ ഐ.സി.എസ്.ഇ സിലബസനുസരിച്ച് പഠിക്കുന്ന കൊല്ലം ട്രിനിറ്റി സ്‌ക്കൂളിന്റെ എന്‍.ഒ.സി റദ്ദ് ചെയ്യണമെന്ന് ശുപാര്‍ശ നല്‍കിയ കൊല്ലം ഡി.ഡി.ഇയുടെ നടപടി വിദ്യാര്‍ത്ഥികളുടെ  ഭാവി വഴിയാധാരമാക്കുന്നതാണ്”, ജര്‍മിയാസ് പറഞ്ഞു.

ഗൗരി നേഘയുടെ മരണത്തില്‍ ആരോപണവിധേയരായ അധ്യാപകരെ തിരിച്ചെടുക്കാന്‍ ഭരണതലത്തിലെ സമ്മര്‍ദ്ദത്തിന് വഴങ്ങി വാക്കാല്‍ പ്രിന്‍സിപ്പാളിന് അനുമതി നല്‍കിയതിനെതുടര്‍ന്ന് വിഷയം വഷളായപ്പോള്‍ സ്‌കൂളിന്റെ തന്നെ അംഗീകാരം റദ്ദ് ചെയ്യാന്‍ ശുപാര്‍ശ നല്‍കിയത് വിരോധാഭാസമാണെന്നും ജര്‍മിയാസ് പറഞ്ഞു. 1966-ല്‍ സ്ഥാപിതമായി 122 അധ്യാപകരും 22 അനധ്യാപകരും സാമൂഹിക പ്രതിബദ്ധതയോടെ ഗുണമേന്‍മയുള്ള വിദ്യാഭ്യാസം നല്‍കുന്നതുകൊണ്ടാണ് ഗൗരി നേഘയുടെ മരണശേഷവും ഒരു വിദ്യാര്‍ത്ഥിപോലും റ്റി.സി വാങ്ങി പോകാതിരുന്നതെന്ന യാഥാര്‍ത്ഥ്യം മറച്ചുവച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയ ഡി.ഡി.ഇ സ്‌ക്കൂളിനെ തകര്‍ക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് കുടപിടിക്കുകയാണ്. ഗൗരി നേഘയുടെ മരണത്തില്‍ ആഭ്യന്തരവകുപ്പിന് ഉണ്ടായ വീഴ്ച മറച്ചുവയ്ക്കാന്‍ അംഗീകാരം റദ്ദാക്കുകയല്ല വേണ്ടത്. കേസ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കുകയാണ് വേണ്ടതെന്നും ജര്‍മിയാസ് പറഞ്ഞു.

ഗൗരി നേഘ; കേക്ക് മുറിച്ചും ലഡു കൊടുത്തും ആഘോഷിക്കപ്പെടുന്ന അനീതി

എന്നാല്‍ സര്‍ക്കാര്‍ വേണ്ട തരത്തിലെല്ലാം ഇടപെടുന്നുണ്ടെന്നും, എങ്കിലും സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെയും ടീച്ചര്‍മാര്‍ക്കെതിരെയും നടപടികള്‍ എടുക്കുന്നതുവരെയും പ്രതിഷേധപരിപാടികളുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് തീരുമാനമെന്നും ഗൗരിയുടെ ബന്ധുവായ പ്രകാശന്‍ പറയുന്നു.

“പ്രിന്‍സിപ്പാളിനെ മാറ്റി, എന്‍.ഒ.സി റദ്ദാക്കാന്‍ ശുപാര്‍ശ ചെയ്തു. എങ്കിലും ഇതൊന്നും തന്നെ ഞങ്ങള്‍ക്ക് ആശ്വാസകരമായ വാര്‍ത്തയല്ല. ടീച്ചര്‍മാര്‍ക്കെതിരെയും സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെയും ഞങ്ങളുടെ സമരപരിപാടികള്‍ തുടരാന്‍ തന്നെയാണ് തീരുമാനം. സി.ബി.ഐ അന്വേഷണം എന്നതില്‍നിന്ന് പിന്മാറുന്നില്ല. അതുതന്നെയാണ് ഞങ്ങള്‍ വീണ്ടും ആവശ്യപ്പെടുന്നത്”, പ്രകാശന്‍ പറയുന്നു.

വിവാദങ്ങള്‍ സൃഷ്ടിക്കുന്ന ട്രിനിറ്റി ലൈസിയം സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കണമെന്ന ഡി.ഡി.ഇയുടെ ശുപാര്‍ശ ഗൗരവമായാണ് കാണുന്നതെന്നും, മാനേജ്‌മെന്റ് ഇന്നേവരെ തൃപ്തികരമായ വിശദീകരണങ്ങളല്ല തന്നിട്ടുള്ളതെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

ഇതിനൊപ്പം, ഗൗരി നേഘയുടെ മരണവുമായി ബന്ധപ്പെട്ടുള്ള കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നതു സംബന്ധിച്ചും ആരോപണം ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്.

“പ്രതികരിച്ചു, അതിന് എന്റെ കുഞ്ഞിന്റെ ശവശരീരം എന്റെ കയ്യില്‍ തന്നു”; ഗൗരി നേഘയുടെ കുടുംബം സംസാരിക്കുന്നു

ഗൗരി കെട്ടിടത്തില്‍ നിന്ന് ചാടിയ അന്നാണ് അധ്യാപിക മറ്റൊരു കുട്ടിയുടെ കരണത്തടിച്ചത്; ആ അമ്മയ്ക്കും ചിലത് പറയാനുണ്ട്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍