UPDATES

സേവ് മൂന്നാര്‍ ക്യാമ്പയിന്‍

ശ്രീറാം വെങ്കിട്ടരാമന്‍/അഭിമുഖം: എന്നെ സ്ഥലം മാറ്റാന്‍ കഴിഞ്ഞേക്കും, പക്ഷേ പ്രവര്‍ത്തനശൈലി മാറ്റാന്‍ പറ്റില്ല

EXCLUSIVE: മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും പൂര്‍ണ പിന്തുണയുണ്ട്. എന്നെ ഇതുവരെ ആരും ഒരുകാര്യത്തിലും തടസപ്പെടുത്തിയിട്ടില്ല. ആരും ഭീഷണിപ്പെടുത്തിയിട്ടുമില്ല.

മൂന്നാര്‍ കയ്യേറ്റങ്ങളും അനധികൃത നിര്‍മാണപ്രവര്‍ത്തനങ്ങളും വീണ്ടും സജീവ ചര്‍ച്ചയായതിനു പിന്നില്‍ ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ എന്ന യുവ ഐഎഎസ് ഉദ്യോഗസ്ഥന്റെ നീതിപൂര്‍വകമായ ഇടപെടലുകളായിരുന്നു. ശ്രീറാമിന്റെ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നവര്‍ക്കൊപ്പം തന്നെ വിയോജിപ്പും എതിര്‍പ്പും ഉള്ളവരും രംഗത്തു വന്നു. ഈയൊരു സാഹചര്യത്തില്‍ തന്റെ നിലപാടുകളും നടപടികളും അഴിമുഖവുമായി പങ്കുവയ്ക്കുകയാണ് ശ്രീറാം വെങ്കിട്ടരാമന്‍. 

രാകേഷ്: മൂന്നാര്‍-ദേവികുളം റോഡില്‍ നടക്കുന്ന ഡിറ്റിപിസിയുടെ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ നിര്‍മാണം വ്യാപകമായ പരാതികള്‍ റവന്യു വകുപ്പനെതിരേ ഉയര്‍ത്തുന്നുണ്ട്. സര്‍ക്കാര്‍ തന്നെ മൂന്നാറില്‍ കയ്യേറ്റം നടത്തുന്നു എന്നാണാക്ഷേപം. സബ് കളക്ടര്‍ ഈ കാര്യത്തില്‍ കണ്ണടയ്ക്കുന്നു എന്ന വിമര്‍ശനം താങ്കള്‍ക്കു നേരെ വ്യക്തിപരമായി ഉയരുന്നുമുണ്ട്?

ശ്രീറാം: ഡിറ്റിപിസി ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ നിര്‍മാണവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ തെറ്റിദ്ധാരണയുടെ പുറത്തുണ്ടാകുന്നതാണ്. മൂന്നാര്‍-ദേവികുളം റോഡില്‍ ഗവ. കോളേജിനു സമീപത്തുള്ള 14 ഏക്കര്‍ സ്ഥലത്ത് നടക്കുന്ന ഡിറ്റിപിസിയുടെ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ നിര്‍മാണം ഒരിക്കലും സര്‍ക്കാര്‍ കയ്യേറ്റം അല്ല. കാബിനറ്റ് തീരുമാനമുള്ള നിര്‍മാണമാണ് ഇവിടെ നടക്കുന്നത്. ജില്ല കളക്ടര്‍ തന്നെയാണ് ഡിറ്റിപിസിയുടെ ചെയര്‍മാന്‍. സര്‍ക്കാര്‍ ഫണ്ട് 5 കോടി നഷ്ടപ്പെടാതിരിക്കാന്‍ വേണ്ടിയാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. ഭൂമി കൈമാറി കിട്ടിയിട്ടില്ലെന്നതു വാസ്തവമാണ്. ഇതിന്റെ പേരിലാണ് ഇപ്പോള്‍ വിവാദം ഉണ്ടായിരിക്കുന്നത്. പക്ഷേ ഭൂമി കൈമാറി കിട്ടുക എന്നത് ഇന്നോ നാളെയോ സംഭവിക്കാവുന്ന കാര്യമാണ്. ഫണ്ട് നഷ്ടമാകരുതെന്നു കരുതി മാത്രമാണു നിര്‍മാണം ആദ്യം തുടങ്ങിയത്. വലിയ കോണ്‍ക്രീറ്റ് നിര്‍മാണങ്ങളൊന്നും അവിടെ നടക്കുന്നില്ല. പരിസ്ഥിതിക്കു ദോഷകരമാകാത്ത നിര്‍മാണമാണു നടത്തുന്നത്. ആയിരം സ്‌ക്വയര്‍ ഫീറ്റില്‍ താഴെയാണ് ആ നിര്‍മാണങ്ങള്‍ ഉളളതും. ഇതേ ഭൂമിയില്‍ ഒരു സ്വകാര്യ വ്യക്തിയുടെ കൈയേറ്റം ഉണ്ടായിരുന്നു; അത് ഒഴിപ്പിച്ചു. ഡിറ്റിപിസി ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ നിര്‍മാണവുമായി ബന്ധപ്പെട്ട വിവാദം തെറ്റിദ്ധാരണകളുടെ പുറത്തുണ്ടായതാണെന്ന് ഒരിക്കല്‍ കൂടി പറയുന്നു.

രാ: മൂന്നാറില്‍ വ്യാപകമായി ഉള്ളത് വ്യാജപട്ടയം ആണെന്നാണ് മറ്റൊരാക്ഷേപം. ഇതു കണ്ടെത്താന്‍ സര്‍ക്കാര്‍ സംവിധാനത്തിനു കഴിയുന്നില്ലെന്നാണോ?

ശ്രീറാം: പൂര്‍ണമായി ഒരു പട്ടയം വ്യാജമായി ഉണ്ടാക്കിയെടുക്കുന്നതാണ് വ്യാജപട്ടയം. അതു വളരെ വിരളമാണ്. മൂന്നാറിലെ പ്രശ്‌നം വ്യാജപട്ടയമല്ല. മറ്റൊരാളുടെ പേരിലുള്ള പട്ടയം സ്വന്തം പേരിലാക്കുക, ഇല്ലാത്ത ഒരാളുടെ പേരില്‍ പട്ടയം രജിസ്റ്റര്‍ ചെയ്‌തെടുക്കുക, വില്‍ക്കാനോ വാങ്ങാനോ പാടില്ലാത്ത ഭൂമിയുടെ പട്ടയം ഉണ്ടാക്കിയെടുക്കുക എന്നിവയൊക്കെയാണു മൂന്നാറില്‍ നടക്കുന്നത്. കാലങ്ങളായി ഇതൊക്കെ നടന്നുവരുന്നു. അവ കണ്ടെത്തുന്നതിനും നിയമപരമായ നടപടികള്‍ സ്വീകരിക്കുകയുമാണ് സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

രാ: മൂന്നാറില്‍ നിയമം നഗ്നമായി ലംഘിക്കപ്പെടുകയാണ്. കെട്ടിടനിര്‍മാണ ചട്ടം പോലും പരസ്യമായി ലംഘിക്കപ്പെടുന്നു. നാലും അഞ്ചും നിലകളുള്ള കെട്ടിടങ്ങളാണ് ഉയരുന്നത്. കയ്യേറ്റങ്ങളും അനധികൃത നിര്‍മാണങ്ങളുമൊന്നും ഉദ്യോഗസ്ഥര്‍ കാണാതെയും അറിയാതെയും നടക്കുന്നുവെന്നാണോ? റവന്യു ഉദ്യോഗസ്ഥരുടെ ‘പറുദീസ’യായി മാറിയിരിക്കുകയല്ലേ മൂന്നാര്‍?

ശ്രീറാം: ഇവിടെ വരുന്ന ഉദ്യോഗസ്ഥരാരും തന്നെ പ്രത്യേകം ഉദ്ദേശങ്ങളുമായി വരുന്നവരല്ല. ഇതൊരു പണിഷ്‌മെന്റ് പോസ്റ്റിംഗിനുള്ള സ്ഥലമാണ്. ഒന്നുകില്‍ കറപ്ഷന്‍ കാണിച്ചതിന്, അല്ലെങ്കില്‍ മറ്റെന്തങ്കിലും കാരണം. പല ഉദ്യോഗസ്ഥരും വിഷമത്തോടെയായിരിക്കും ഇവിടേക്കു വരുന്നത്. വീട്ടില്‍ പോലും പോകാന്‍ പറ്റാത്ത അവസ്ഥയായിരിക്കുമല്ലോ. ഇവിടുത്തെ ഉദ്യോഗസ്ഥര്‍ക്ക് അവരുടെ ജോലിയില്‍ മോട്ടിവേഷന്‍ കിട്ടുന്നതും കുറവാണ്. ഇടുക്കി സ്വദേശികളായവര്‍ ഇവിടെ സര്‍വീസില്‍ കുറവാണ്. ഭൂരിഭാഗം ഉദ്യോഗസ്ഥരും പുറത്തു നിന്നുള്ളവരാണ്. അവരാകട്ടെ ഇങ്ങോട്ടു വരുന്നത് ദുരിതമായിട്ടാണ് കാണുന്നത്. എങ്ങനെയെങ്കിലും ട്രാന്‍സ്ഫര്‍ വാങ്ങിപ്പോകും. അല്ലെങ്കില്‍ ഉള്ളകാലം എങ്ങനെയെങ്കിലും തട്ടീമുട്ടീം പോകാന്‍ ശ്രമിക്കും.

പക്ഷേ ഇവിടെയുളള ഉദ്യോഗസ്ഥര്‍ക്കു ചില വീഴ്ചകള്‍ വന്നുപോകാറുണ്ട്. എന്നെയുള്‍പ്പെടെയാണു പറയുന്നത്. സര്‍ക്കാര്‍ ഭൂമിയില്‍ വലിയ കെട്ടിടങ്ങള്‍ നമുക്കിവിടെ കാണാം. പട്ടയം ഉള്ള ഭൂമിയായിരിക്കാം അത്. പക്ഷേ എന്‍ഒസി കിട്ടാതെയായിരിക്കാം അവിടെ വാണിജ്യാവശ്യത്തിനുള്ള കെട്ടിടങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. ഇതെല്ലാം നിയമവിരുദ്ധമാണ്. ഉദ്യോഗസ്ഥര്‍ ഇതിനു കൂട്ടുനില്‍ക്കുന്നു എന്നതിനേക്കാള്‍ അവര്‍ കാണിക്കുന്ന അജ്ഞതയാണ് പലരേയും സഹായിക്കുന്നത്.

രാ: അജ്ഞതയോ? ഈ കെട്ടിടങ്ങള്‍ ഇങ്ങനെ കെട്ടിപ്പൊക്കുന്നതും ഭൂമി കൈയേറുന്നതും അറിയാതെ പോകുന്നത് വെറും അജ്ഞത കൊണ്ടു മാത്രമാണോ?

ശ്രീറാം: അറിയാതെ നടക്കുന്നു എന്നല്ല ഞാന്‍ പറഞ്ഞത്. അത് മറ്റുള്ളവര്‍ക്കു ഗുണകരമായി ചെയ്യുന്നു എന്നാണ് പറഞ്ഞത്. വിവിധ തരത്തിലുള്ള ഉദ്യോഗസ്ഥരാണ് ഇവിടെയുള്ളത്, ഒന്ന്, കയ്യേറ്റങ്ങള്‍ക്കു കൂട്ടുനില്‍ക്കുന്നവര്‍, രണ്ട്, കയ്യേറ്റങ്ങള്‍ കണ്ടിട്ടും കണ്ണടച്ചിരിക്കുന്നവര്‍, മൂന്ന്, ചില പേപ്പറുകളൊക്കെ അങ്ങോട്ടുമിങ്ങോട്ടും അയച്ചതായി കാണിച്ച് തങ്ങളുടെ ഉത്തരവാദിത്വങ്ങളെല്ലാം കഴിഞ്ഞെന്നു കരുതിയിരിക്കുന്നവര്‍. നാല്, കാര്യങ്ങള്‍ മനസിലാക്കി ഇറങ്ങി പുറപ്പെടുന്നവര്‍. ഈ നാലു ഗ്രേഡിലുള്ള ഉദ്യോഗസ്ഥരും ഇവിടെയുണ്ട്. അതില്‍ ഏറ്റവും ഒടുവില്‍ പറഞ്ഞ രണ്ടു ഗ്രേഡുകാരാണ് കൂടുതലും.

ഞാനിതിലൊക്കെ എന്തിനാ തലയിടുന്നതെന്നു ചിന്തിക്കുന്നവരുണ്ട്. ഇവിടെയുള്ള റിസോര്‍ട്ടുകളുടെയും ക്വാറികളുടെയും പിന്നില്‍ വലിയ ആളുകളായിരിക്കും. വര്‍ഷം 50 കോടിയുടെ ടേണ്‍ ഓവര്‍ ഉള്ള ഒരു ക്വാറി അനധികൃതമാണെന്നു കണ്ടെത്തി ഒരു വില്ലേജ് ഓഫീസര്‍ എന്തു ധൈര്യത്തില്‍ അങ്ങോട്ടുപോകും? ഒരു ബഹുനില റിസോര്‍ട്ട് നിര്‍മാണം കണ്ടാല്‍- അതിനു പുറകില്‍ എന്തായാലും വന്‍കിടക്കാരായിരിക്കും- ഒരു ഓഫീസര്‍ എന്ത് ധൈര്യത്തില്‍ അയാള്‍ക്കെതിരേ ആക്ഷന്‍ എടുക്കും? ക്വാറിക്കാര്‍ക്കും റിസോര്‍ട്ടുകാര്‍ക്കുമെല്ലാം സ്വാധീനം കാണും, ബന്ധങ്ങള്‍ കാണും. ഒരു ഉദ്യോഗസ്ഥന് ചിന്തിക്കാന്‍ കഴിയുന്നതിലും മേലെ, അയാളുടെ മുകളിലുള്ളവര്‍ പോലും എങ്ങനെയുള്ളവരാണെന്നു മനസിലാക്കാന്‍ കഴിയില്ല. ദേവികുളത്തു വരുന്ന ഉദ്യോഗസ്ഥരുടെ മനോഭാവം കാലക്രമേണ ആ തരത്തില്‍ മാറിപ്പോവുകയാണ്.

കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട് 2010-ല്‍ വന്ന കോടതി വിധിയുണ്ട്. 2016 വരെ അതാരും നടപ്പാക്കിയില്ല. പറയാന്‍ പലര്‍ക്കും കാരണങ്ങള്‍ കാണും. അപ്രായോഗികമായ വിധിയെന്നും സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട് നിര്‍ദേശങ്ങളൊന്നും നല്‍കിയില്ല എന്നൊക്കെ പറയാം. പക്ഷേ അതൊക്കെ പരിശോധിക്കേണ്ടത് സര്‍ക്കാരാണ്. അപ്രായോഗിക വിധിയാണെങ്കില്‍ അതിനെതിരേ അപ്പീലിനു പോകാം. അതല്ലാതെ വിധി നടപ്പാക്കാതിരിക്കലല്ല വേണ്ടത്. നിയമം നടപ്പിലാക്കാതിരിക്കാന്‍ നമുക്ക് അവകാശമില്ലല്ലോ. നിയമം തെറ്റാണെങ്കില്‍ അതു ചൂണ്ടിക്കാട്ടി തിരുത്താന്‍ നടപടികള്‍ സ്വീകരിക്കണം. അതല്ലാതെ, ഇതുകൊണ്ട് ആര്‍ക്കും പ്രയോജനമില്ല, അതിനാല്‍ നടപ്പാക്കുന്നില്ല എന്നു പറയുന്നതില്‍ കാര്യമില്ല. ജനങ്ങള്‍ വോട്ട് ചെയ്തു ജയിപ്പിച്ചിരിക്കുന്ന ജനപ്രതിനിധികളും നിയമസഭയും മന്ത്രിസഭയുമൊക്കെയാണ് ഇക്കാര്യത്തില്‍ ഗൗരവതരമായി ഇടപെടേണ്ടത്. ഉദ്യോഗസ്ഥര്‍ക്ക് പരിമിതികളുണ്ട്.

രാ: ഇടപെടലുകളില്ലാതെ കാര്യങ്ങള്‍ നടത്താന്‍ താങ്കള്‍ക്കു കഴിയുന്നുണ്ടോ? ഇതിലും വലിയ ദൗത്യങ്ങള്‍ മൂന്നാറില്‍ നടപ്പാകുമെന്നു കരുതിയിരുന്നു ജനം?

ശ്രീറാം: ഇതുവരെ അങ്ങനെയൊരനുഭവവും ഉണ്ടായിട്ടില്ല. എതിര്‍പ്പുകള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ അതിനെ അതിജീവിച്ചു മുന്നോട്ടുപോകാന്‍ കഴിയുന്നുണ്ടല്ലോ. ഇതുവരെ ആരും എന്റെ പ്രവര്‍ത്തനങ്ങളുടെ വേഗത കുറച്ചിട്ടില്ല. വ്യക്തിപരമായി, ചെയ്ത കാര്യങ്ങളില്‍ വീഴ്ച വന്നെന്നു തോന്നുകയോ, ചെയ്തതു മതിയെന്നോ ഇതുവരെ തോന്നിയിട്ടില്ല. മീഡിയയുടെ ശ്രദ്ധ കിട്ടുന്നതിനു മുമ്പെ എങ്ങനെയാണോ ചെയ്തിരുന്നത് അതേ വേഗതയില്‍ തന്നെ ഇപ്പോഴും ചെയ്തുപോരികയാണ്. അതില്‍ നിന്നു പുറകോട്ടു പോരേണ്ട അവസ്ഥ വന്നിട്ടില്ല. അങ്ങനെയാര്‍ക്കെങ്കിലും എന്നെ പുറകോട്ടു കൊണ്ടുപോകാമെന്നു കരുതുന്നില്ല. കൂടിപ്പോയാല്‍ അവര്‍ എന്നെ ട്രാന്‍സ്ഫര്‍ ചെയ്യുമായിരിക്കും. എന്റെ പ്രവര്‍ത്തനങ്ങളുടെ ശൈലി ആര്‍ക്കും മാറ്റാന്‍ കഴിയില്ല. എന്നെ ഇതുവരെ ആരും വിളിച്ചിട്ട് ഇന്ന കേസില്‍ ഇടപെടരുതെന്നോ, ഇന്ന കേസില്‍ തീരുമാനം എടുക്കരുതെന്നോ പറഞ്ഞിട്ടില്ല. അങ്ങനെ എന്തെങ്കിലും സംഭവിച്ചാലാണല്ലോ നമ്മളെയൊന്നും ചെയ്യാന്‍ സമ്മതിക്കുന്നില്ല എന്നു പറയാന്‍ കഴിയൂ. എന്നെ ജോലി ചെയ്യാന്‍ അനുവദിക്കാതിരിക്കണമെങ്കില്‍ ചെയ്യാവുന്ന ഒരു കാര്യമേയുള്ളു, എന്നെ ട്രാന്‍സ്ഫര്‍ ചെയ്യുക. അതു തടയാന്‍ എനിക്ക് കഴിയില്ല, വിഷമവും ഉണ്ടാകില്ല. ചെയ്യാന്‍ കഴിയുന്നിടത്തോളം ചെയ്തു എന്നു കരുതും.

രാ: സോഷ്യല്‍ മീഡിയയില്‍ അടക്കം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് ഹീറോ പരിവേഷം കിട്ടിയിരിക്കുകയാണ്.

ശ്രീറാം: ഞാന്‍ നിയമം നടപ്പാക്കുക മാത്രമാണ് ചെയ്യുന്നത്. അതു ചെയ്യാന്‍ ഓരോരുത്തര്‍ക്കും അവരുടേതായ ശൈലിയുണ്ട്. ആര്‍ക്കും നമ്മുടെ പ്രവര്‍ത്തനരീതികള്‍ മാറ്റാന്‍ കഴിയില്ല. അത്രയൊന്നും എക്‌സ്ട്രീം ലെവലില്‍ ഞാനും കാര്യങ്ങളൊന്നും ചെയ്തിട്ടില്ല. ആരെയും പ്രത്യേകം ടാര്‍ഗറ്റ് ചെയ്തു പ്രവര്‍ത്തിച്ചിട്ടുമില്ല. എന്റെ കണ്ണില്‍ പെടുന്ന തെറ്റുകള്‍ തിരുത്താനാണു ശ്രമിക്കുന്നത്.

രാ: പട്ടയവിഷയത്തില്‍ എസ് രാജേന്ദ്രന്‍ എംഎല്‍എയ്ക്ക് നിയമം അനുകൂലമോ പ്രതികൂലമോ?

ശ്രീറാം: ഞാന്‍ ആ കാര്യത്തില്‍ പ്രതികരിക്കുന്നത് തെറ്റാണ്. എനിക്കിതു പഠിക്കേണ്ടതായ ആവശ്യം ഇതുവരെ വന്നിട്ടില്ല. സര്‍വ്വെ നമ്പറുമായി ബന്ധപ്പെട്ട സാങ്കേതിക പിഴവ് അദ്ദേഹത്തിന്റെ കാര്യത്തില്‍ സംഭവിച്ചിട്ടുള്ളത് സത്യമാണ്. ഇത്തരം പിഴവുകള്‍ പലയിടത്തുമായി സംഭവിച്ചിട്ടുണ്ട്. ചിലതിലൊക്കെ സര്‍വ്വെ നമ്പര്‍ മാറിപ്പോകുന്നതാണ്. ചിലതിലൊക്കെ മന:പൂര്‍വം മാറ്റിയിട്ടിട്ടുളതുണ്ട്. പക്ഷേ ഇതേക്കുറിച്ചെല്ലാം വിശദമായി പഠിക്കാതെ പറയുന്നത് ശരിയല്ല. എംഎല്‍എയുടെ പട്ടയം പരിശോധിക്കുമെന്ന് ജില്ല കളക്ടര്‍ തന്നെ ഉറപ്പു പറഞ്ഞിട്ടുമുണ്ട്.

രാ: മാധ്യമങ്ങള്‍ മൂന്നാര്‍ കയ്യേറ്റം എസ് രാജേന്ദ്രന്‍ എംഎല്‍എയിലേക്കു മാത്രം ഒതുക്കുന്നതായി തോന്നുണ്ടോ?

ശ്രീറാം: മാധ്യമങ്ങളെ കുറ്റപ്പെടുത്തുന്നില്ല. മീഡിയ എങ്ങനെയാണ് ഈ കാര്യങ്ങള്‍ നോക്കി കാണുന്നതെന്നു എനിക്ക് അറിയില്ല. മാധ്യമങ്ങള്‍ പരസ്പരം മത്സരിക്കുന്നത് അവരവര്‍ക്കു വ്യൂവര്‍ഷിപ്പ് കൂട്ടാന്‍ വേണ്ടിയാണ്. ഒരുപാട് കാര്യങ്ങള്‍ ഈ നാട്ടില്‍ നടക്കുന്നുണ്ട്, അതെല്ലാം റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ക്കു കഴിയില്ല. എന്താണോ ആളുകള്‍ക്ക് അറിയാന്‍ കൂടുതല്‍ താത്പര്യം അതാണു മീഡിയ എടുക്കുന്നത്. ഒരു ജനപ്രതിനിധി തെറ്റുചെയ്യുകയാണെങ്കില്‍ അത് ഒരു സാധാരണക്കാരന്‍ ചെയ്യുന്ന തെറ്റിനേക്കാള്‍ വലിയ തെറ്റു തന്നെയായിരിക്കുമല്ലോ. അതുകൊണ്ട് തന്നെ മീഡിയയുടെ കണ്ണില്‍ ആ ജനപ്രതിനിധിയുടെ ന്യൂസ് വാല്യു വളരെ കൂടുതലായിരിക്കും. അതുകൊണ്ടായിരിക്കാം, മാധ്യമങ്ങളെല്ലാം മൂന്നാറില്‍ ഒരാളില്‍ കേന്ദ്രീകരിക്കുന്നതും. പക്ഷേ അതുമാത്രമല്ല മൂന്നാറിലെ പ്രശ്‌നം. മാധ്യമങ്ങള്‍ അതും മനസിലാക്കണം. അതെല്ലാം കവര്‍ ചെയ്യണം എന്നു പറയാന്‍ പറ്റില്ല, കാരണം അവരുടെ ഉത്തരവാദിത്വം എന്തൊക്കെയാണെന്നു പുറത്തുനിന്നുള്ളവര്‍ക്ക് അടിച്ചേല്‍പ്പിക്കാന്‍ പറ്റില്ല. പക്ഷേ ഇപ്പോള്‍ മൂന്നാറിലെയും പരിസരപ്രദേശങ്ങളിലെയും കയ്യേറ്റങ്ങള്‍ മാധ്യമവാര്‍ത്തകളാവുന്നുണ്ട്.

രാ: താങ്കള്‍ക്കെതിരെ ഉയരുന്ന വലിയ വിമര്‍ശനവുമുണ്ട്. ദേവികുളം ആര്‍ഡിഒ ഓഫിസ് വക ഭൂമി തന്നെ സ്വകാര്യവ്യക്തി കയ്യേറിയിരിക്കുന്നു. കണ്ടെത്തിയിട്ടും ഇതുവരെ അത് ഒഴിപ്പിച്ചെടുത്തിട്ടുമില്ല?

ശ്രീറാം: കയ്യേറ്റം ഉണ്ടായിട്ടുണ്ട്. ഞാനത് സമ്മതിക്കുന്നു. പക്ഷേ അതിനെതിരേ ആരും കണ്ണടച്ചിട്ടില്ല. ആര്‍ഡിഒ ഓഫിസിന്റെ സ്ഥലം തന്നെയാണ് സ്വകാര്യവ്യക്തി കയ്യേറിയിട്ടുള്ളത്. അതുകുറച്ചുകാലമായി തുടരുന്നതുമാണ്. ഞാന്‍ വന്നയുടനെ അദ്ദേഹത്തിന്റെ പട്ടയങ്ങള്‍ പരിശോധിച്ചു. എത്രത്തോളം ഭൂമി അയാള്‍ അന്യായമായി സ്വന്തമാക്കിയിട്ടുണ്ടെന്നു കണ്ടുപിടിച്ചു. ഒഴിപ്പിക്കല്‍ നോട്ടീസ് കൊടുത്തു. ഒഴിപ്പിക്കാനായി ക്യാമ്പില്‍ നിന്നും 50 പൊലീസുകാരുമായി എത്തുകയും ചെയ്തതാണ്. പക്ഷേ അദ്ദേഹത്തിനു സ്റ്റേ കിട്ടി. അന്യായ ഭൂമിയിലെ കെട്ടിടങ്ങള്‍ പൊളിക്കരുതെന്നു കാണിച്ചാണു സ്റ്റേ കിട്ടിയിരിക്കുന്നത്.

രാ: മൂന്നാറില്‍ ഉദ്യോഗസ്ഥര്‍ അവരവരുടെ ചുമതലകള്‍ അതാതു സമയത്തു ചെയ്യുന്നില്ലെന്നു തന്നെയല്ലേ ഇതിന്റെയെല്ലാം അര്‍ത്ഥം?

ശ്രീറാം:  എല്ലാവരും അവരവരുടെ ജോലി കൃത്യമായി ചെയ്താല്‍ എല്ലാ ഭാരവും കൂടി ഒരാളില്‍ വരില്ല.

രാ: ശ്രീറാമിന്റെ പ്രവര്‍ത്തികളില്‍ സര്‍ക്കാരിന്റെ അഭിപ്രായം എന്താണ്?

ശ്രീറാം: മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും പൂര്‍ണ പിന്തുണയുണ്ട്. എന്നെ ഇതുവരെ ആരും ഒരുകാര്യത്തിലും തടസപ്പെടുത്തിയിട്ടില്ല. ആരും ഭീഷണിപ്പെടുത്തിയിട്ടുമില്ല.

രാ: എന്തുകൊണ്ടാണ് ഫോറസ്റ്റ് ഭൂമിയിലോ, ടാറ്റയുടെ ഭൂമിയിലോ കൈയേറ്റങ്ങള്‍ നടക്കാതിരിക്കുന്നത്? റവന്യു ഭൂമി മാത്രം കൈയേറി പോകുന്നതും?

ശ്രീറാം: ഈ വിമര്‍ശനം ഉന്നയിക്കുന്നവരും മറച്ചുവയ്ക്കുന്നതോ അല്ലെങ്കില്‍ അറിയാതെ പോകുന്നതോ ആയ ഒരു വസ്തുതയുണ്ട്. റവന്യു ഭൂമി കയ്യേറിയാല്‍ മാത്രമെ പട്ടയം കിട്ടൂ. ഫോറസ്റ്റ് ഭൂമിയോ മറ്റേത് വകുപ്പിന്റെ ഭൂമിയോ കയ്യേറിയാലും പട്ടയം കിട്ടില്ല. ടാറ്റയുടെ ഭൂമിയുടെ കാര്യവും അങ്ങനെ തന്നെ. റവന്യു ഭൂമി കയ്യേറിയാല്‍ പിന്നീട് എങ്ങനെയെങ്കിലും നിയമവകാശം നേടിയെടുക്കാന്‍ കഴിയും. മറ്റു ഭൂമികളുടെ കൈയ്യേറ്റം നിയമവിരുദ്ധമായ പ്രവര്‍ത്തിയായി തന്നെ തുടരും. ഈ കാര്യം പക്ഷേ പലരും ചൂണ്ടിക്കാണിക്കുന്നില്ല. ഏറ്റവും കൂടുതല്‍ കയ്യേറപ്പെടുന്നത് റവന്യു ഭൂമിയാകുന്നതും ഈയൊരു കാരണം കൊണ്ടാണ്. അതിന് ഉദ്യോസ്ഥന്മാരെ മാത്രം കുറ്റപ്പെടുത്തുന്നതിലും കാര്യമില്ല. എല്ലാ ഭൂമിയുടെയും അതോറിറ്റി റവന്യു വകുപ്പാണ്. മറ്റു വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി അവര്‍ക്ക് ഭൂമി വിട്ടുകൊടുത്തിരിക്കുകയാണ്. ഒരിക്കല്‍ കൊടുത്ത ഭൂമി പിന്നീടു വില്‍ക്കാന്‍ പറ്റില്ലല്ലോ. ഇതൊന്നും ആരും തുറന്നു പറയുന്നില്ലെന്നു മാത്രം.

രാ: മൂന്നാറിലെ പ്രധാന പ്രശ്‌നം ഭൂമി കൈമാറ്റമാണ്. പ്രലോഭിപ്പിച്ചും വഞ്ചിച്ചുമെല്ലാം ഭൂമി കൈമാറ്റം ചെയ്യുകയാണ്. ഇത് എങ്ങനെ തടയാന്‍ കഴിയും?

ശ്രീറാം: ഭൂമി കൈമാറ്റം വ്യാപകമായി നടക്കുന്നുണ്ട്. എസ് സി, എസ് ടി ഭൂമിയൊന്നും കൈമാറാന്‍ പാടില്ലെന്നാണ്. വനാവകാശരേഖ വരെ വ്യാപകമായി കൈമാറുന്നുണ്ട്. ഇതിലെ കുഴപ്പം, ഞാനത് എഴുതി കൊടുത്തതുകൊണ്ട് ഒന്നും നിര്‍ത്താന്‍ പറ്റില്ല. ഞാനിപ്പോള്‍ സര്‍ക്കാര്‍ വക ഭൂമി കയ്യേറി വച്ചിരിക്കുകയാണെന്നു കരുതുക, ആ ഭൂമി മറ്റൊരാളുടേതാണെന്നു പറഞ്ഞു പരാതി വരുമ്പോള്‍ മാത്രമെ അവിടെ നിയമപരമായ നടപടികള്‍ എടുക്കാന്‍ സാധിക്കുന്നുള്ളൂ. അപ്പോള്‍ മാത്രമാണല്ലോ കൈമാറ്റം നടന്ന കാര്യം നമ്മള്‍ അറിയുന്നുള്ളൂ. റവന്യു വകുപ്പിന് ഫീല്‍ഡില്‍ എത്രപേരുണ്ട്? ഒരു വില്ലേജില്‍ തന്നെ എത്ര ജീവനക്കാരുണ്ടെന്നു നോക്കുക. വളരെ കുറവല്ലേ. എല്ലാ കൈമാറ്റങ്ങളും കയ്യേറ്റങ്ങളും കണ്ടെത്താന്‍ നിലവിലുള്ള ആള്‍ബലം വച്ച് പ്രയാസമാണ്. ഇത്രയും ഭൂമി സംരക്ഷിക്കാനുള്ള ഉദ്യോഗസ്ഥരുടെ എണ്ണം കണക്കെടുത്താല്‍ നിലവിലെ അവസ്ഥ മനസിലാകും. ലാന്‍ഡ് പ്രൊട്ടക്ഷന്‍ മാത്രമല്ലല്ലോ വില്ലേജ് ഓഫിസര്‍മാരുടെ ജോലിയും. എത്രയോ കാര്യങ്ങള്‍ അവര്‍ ചെയ്തു തീര്‍ക്കണം. പ്രായോഗിക പരിമിതികള്‍ നമുക്ക് ഏറെയുണ്ട്. പക്ഷേ കര്‍ത്തവ്യബോധത്തോടെ പ്രയത്‌നിച്ചാല്‍ ഒരു പരിധിവരെ വിജയിക്കാം.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍