UPDATES

ട്രെന്‍ഡിങ്ങ്

യുഎപിഎ ചുമത്തിയത് കഴിഞ്ഞ സര്‍ക്കാര്‍, പ്രതിയാക്കിയത് ഇടതു സര്‍ക്കാര്‍, യുഎപിഎ നിലനില്‍ക്കുമെന്നും ഡിജിപി; നദി ഇനിയെന്ത് ചെയ്യും?

ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ചുമത്തിയ 26 കേസുകളില്‍ 25 എണ്ണത്തിലും യുഎപിഎ നിലനില്‍ക്കില്ല

ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ചുമത്തിയ 26 യുഎപിഎ കേസുകളില്‍ 25 എണ്ണവും ഒഴിവാക്കാന്‍ തീരുമാനിച്ചെങ്കിലും മാവോയിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന നോട്ടീസ് വിതരണം ചെയ്‌തെന്ന കേസില്‍ യുഎപിഎ ചുമത്തപ്പെട്ട സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകന്‍ നദിയുടെ കാര്യത്തില്‍ അനിശ്ചിതാവസ്ഥ. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് ഈ കേസ് രജിസ്റ്റര്‍ ചെയ്തതും യുഎപിഎ ചുമത്തിയതും. എന്നാല്‍ നദിയെ കേസില്‍ പ്രതി ചേര്‍ക്കുന്നത് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷമാണ്. ഈ കേസില്‍ യുഎപിഎ ഒഴിവാക്കേണ്ടെന്ന തീരുമാനമാണ് യുഎപിഎ കേസുകള്‍ പുന:പരിശോധിക്കാന്‍ ചേര്‍ന്ന സമിതി എടുത്തത്.

2016 മാര്‍ച്ച് മൂന്നിന് ആറളം ഫാമില്‍ തോക്കുചൂണ്ടി മാവോയിസ്റ്റ് ലഘുലേഖ വിതരണം ചെയ്ത ആറംഗ സംഘത്തില്‍ നദി എന്നറിയപ്പെടുന്ന നദീറുമുണ്ടായിരുന്നു എന്ന് ആരോപിച്ചാണ് കഴിഞ്ഞ ഡിസംബറില്‍ പോലീസ് നദിയെ കസ്റ്റഡിയിലെടുക്കുന്നത്. തുടര്‍ന്ന് കേസില്‍ നാലാം പ്രതിയുമാക്കി. ഈ കേസില്‍ യുഎപിഎ ചുമത്തപ്പെട്ടിരുന്നതിനാല്‍ നദിക്കെതിരെയും ഈ വകുപ്പ് നിലനില്‍ക്കും. ഫേസ്ബുക്കില്‍ ദേശീയഗാനത്തെ അവഹേളിച്ചെന്ന കുറ്റം ചുമത്തി എഴുത്തുകാരന്‍ കമല്‍ സി ചാവറയെ ദേശദ്രോഹ കുറ്റത്തിന് അറസ്റ്റ് ചെയ്യുകയും കമലിനെ ആശുപത്രിയില്‍ സന്ദര്‍ശിക്കാനെത്തിയ നദിയെ അവിടെ വച്ച് കസ്റ്റഡിയിലെടുക്കുകയും ചെയ്തത് ഏറെ വിവാദമായിരുന്നു. വി.എസ് അച്യുതാനന്ദന്‍, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ പോലീസ് നടപടിക്കെതിരെ രംഗത്തു വരികയും സോഷ്യല്‍ മീഡിയയില്‍ അടക്കം വന്‍ പ്രതിഷേധം ഉയരുകയും ചെയ്തതോടെയാണ് നദിയെ വിട്ടയയ്ക്കാന്‍ പോലീസ് തയാറാകുന്നത്. നദിക്കെതിരെ തെളിവുകള്‍ ലഭിച്ചിട്ടില്ല എന്നായിരുന്നു ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ അന്നു പറഞ്ഞത്. എന്നാല്‍ ഇന്നലെ അദ്ദേഹം പറഞ്ഞത് നദി ഉള്‍പ്പെട്ട കേസില്‍ യുഎപിഎ നിലനില്‍ക്കുമെന്നാണ്. എന്നാല്‍ ഈ കേസുകളില്‍ യുഎപിഎ നിലനില്‍ക്കുമോ എന്നന്വേഷിക്കുമെന്നും ഇല്ലെന്നു കണ്ടാല്‍ യുഎപിഎ ഒഴിവാക്കാന്‍ കോടതിയില്‍ അപേക്ഷ നല്‍കുമെന്നും ബെഹ്‌റ വ്യക്തമാക്കിയിട്ടുണ്ട്. കമല്‍ സി ചാവറയ്‌ക്കെതിരായ ദേശദ്രോഹ കുറ്റം നിലനില്‍ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ കമലിനെ കേസില്‍ പ്രതി ചേര്‍ത്ത സംഭവത്തില്‍ ഇനിയെന്ത് എന്ന അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. താന്‍ സംഭവത്തില്‍ ഉള്‍പ്പട്ടിട്ടില്ലെന്നും മാവോയിസത്തെ എതിര്‍ക്കുന്ന നിലപാടാണ് തനിക്കുള്ളതെന്നും നദി തന്നെ വ്യക്തമാക്കിയിരുന്നു. ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം സര്‍ക്കാരിനെതിരെ നിലപാടെടുക്കുന്നവരേയും മനുഷ്യാവകാശ പ്രവര്‍ത്തകരേയും തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ പോസ്റ്റര്‍ ഒട്ടിച്ചവരെയുമൊക്കെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യുന്ന നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് യുഎപിഎ കേസുകള്‍ പുന:പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കിയത്.

തുടര്‍ന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ, സര്‍ക്കാര്‍ പ്ലീഡര്‍ സുമന്‍ ചക്രവര്‍ത്തി, പോലീസിന്റെ നിയമോപദേശകന്‍ എന്നിവരുള്‍പ്പെട്ട സമിതി 2012 മുതല്‍ യുഎപിഎ ചുമത്തപ്പെട്ട കേസുകള്‍ പുന:പരിശോധിക്കുകയായിരുന്നു. ഇങ്ങനെ ചുമത്തപ്പെട്ട 162 കേസുകളില്‍ 120 എണ്ണത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു കഴിഞ്ഞു. ബാക്കിയുള്ള 42 എണ്ണത്തില്‍ യുഎപിഎ നിലനില്‍ക്കില്ല എന്നാണ് ഡി.ജി.പി ഇന്നലെ വ്യക്തമാക്കിയത്. ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 26 കേസുകളിലാണ് യുഎപിഎ ചുമത്തിയത്. ഇതില്‍ ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേരാന്‍ അഫ്ഗാനിസ്ഥാനിലേക്ക് പോയ കാസര്‍കോട് സ്വദേശികള്‍ക്കെതിരെ കാസര്‍കോഡ് ചന്ദേര പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് ഒഴികെ ബാക്കിയുള്ള 25 കേസിലും യുഎപിഎ നിലനില്‍ക്കില്ല.

അന്വേഷണ ഉദ്യോഗസ്ഥര്‍ വേണ്ടത്ര ജാഗ്രത കാണിക്കാതെ അനാവശ്യമായാണ് പല കേസുകളിലും യുഎപിഎ ചുമത്തിയത് എന്നാണ് ഡി.ജി.പി ഇന്നലെ പറഞ്ഞത്. ജില്ലാ പോലീസ് മേധാവിയുടെ മുന്‍കൂര്‍ അനുമതി വാങ്ങാതെ സ്‌റ്റേഷന്‍ തലത്തില്‍ യുഎപിഎ ചുമത്തരുതെന്ന നിര്‍ദേശം മുഖ്യമന്ത്രി നല്‍കിയിരുന്നു. ഇത്തരം കേസുകളില്‍ ലാഘവ ബുദ്ധിയോടെ കേസെടുക്കരുതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ഡിസംബറിനു ശേഷം സംസ്ഥാനത്ത് യുഎപിഎ, രാജ്യദ്രോഹ കറ്റം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍