കന്യാസ്ത്രീകളുടെ പേരിലല്ല ഇവിടെ കുറ്റകൃത്യങ്ങള്‍ നടക്കുന്നത്. ഓരോരോ കുറ്റവും ഉയരുന്നത് സഭയുടെ ഔദ്യോഗികസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്കെതിരെയാണ്
സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധമറിയിച്ച് മിഷണറീസ് ഓഫ് ജീസസ് കോണ്‍ഗ്രിഗേഷന്‍ അംഗങ്ങളായ കന്യാസ്ത്രീകള്‍. സഭയ്ക്കുള്ളിലെ ഇരട്ടനീതിയുടെ തെളിവാണ് സി.ലൂസിക്കെതിരേയുള്ള നീക്കം വ്യക്തമാക്കുന്നതെന്നാണ് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ ചൂണ്ടിക്കാണിക്കുന്നത്. അനുമതി വാങ്ങാതെ കവിത സമാഹാരം പ്രസിദ്ധീകരിച്ചു, ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുകയും സ്വന്തമായി കാര്‍ വാങ്ങുകയും ചെയ്തു, അനുമതി തേടാതെ പത്രമാധ്യമങ്ങളില്‍ എഴുതുകയും ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുകയും ചെയ്തു, സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നു തുടങ്ങി കുറ്റങ്ങള്‍ നിരത്തിയാണ് ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍(എഫ്‌സിസി) അംഗമായ സി.ലൂസി കളപ്പുരയ്ക്ക് സൂപ്പീരിയര്‍ ജനറല്‍ മുന്നറിയിപ്പ് നോട്ടീസ് നല്‍കിയിരിക്കുന്നത്. തൃപ്തികരമല്ലാത്ത മറുപടി നല്‍കാത്ത പക്ഷം പുറത്താക്കുമെന്നാണ് ഭീഷണി. സി. ലൂസിക്കെതിരേ ഉയര്‍ത്തിയിരിക്കുന്ന കുറ്റങ്ങളില്‍ ഏറ്റവും വലിയതായി പറയുന്നത്, എറണാകുളത്ത് നടത്തിയ കന്യാസ്ത്രീ സമരത്തില്‍ പങ്കെടുത്തൂ എന്നതാണ്. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇരയുടെ ഒപ്പമുള്ള കുറവിലങ്ങാട് മഠത്തിലെ അഞ്ചു കന്യാസ്ത്രീകള്‍ എറണാകുളത്ത് ഹൈ്‌ക്കോടതി ജംഗ്ഷനിലുള്ള വഞ്ചി സ്‌ക്വയറില്‍ നടത്തിയ സമരത്തില്‍ സി.ലൂസി പങ്കെടുത്തിരുന്നു. ഈ വിഷയത്തില്‍ മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും ശക്തമായ പ്രതിഷേധങ്ങളും സി.ലൂസി നടത്തിയിരുന്നു. ഇതെല്ലാം അച്ചടക്കലംഘനവും അനുസരണക്കേടും ആണെന്നാണ് സിസ്റ്റര്‍ക്കെതിരേ നടപടിയെടുക്കാനുള്ള കാരണമായി പറയുന്നത്.
എന്നാല്‍ സി.ലൂസിക്കെതിരേ ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ച് പുറത്തുന്നതുള്‍പ്പെടെയുള്ള നീക്കങ്ങള്‍ നടത്തുന്നത് സഭയുടെ വിശ്വാസ്യതയ്ക്ക് ചേര്‍ന്ന പ്രവര്‍ത്തിയാകില്ലെന്നാണ് കുറവിലങ്ങാട് മഠത്തിലെ സി. അനുപമ പറയുന്നത്. സിസ്റ്ററിന്റെ പേരില്‍ നടപടി എടുക്കുകയാണെങ്കില്‍, ഫ്രാങ്കോയെ കാണാന്‍ ജയിലില്‍ പോയവരുടെ പേരിലാണ് ആദ്യം നടപടികള്‍ എടുക്കേണ്ടത്. അധികാരദുര്‍വിനിയോഗവും മേല്‍ക്കോയ്മയും എന്നു നില്‍ക്കുന്നുവോ അന്നേ ഈ സഭ രക്ഷപ്പെടുകയുള്ളൂ. കന്യാസ്ത്രീകളുടെ പേരിലല്ല ഇവിടെ കുറ്റകൃത്യങ്ങള്‍ നടക്കുന്നത്. ഓരോരോ കുറ്റവും ഉയരുന്നത് സഭയുടെ ഔദ്യോഗികസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്കെതിരെയാണ്. എന്നിരിക്കെപോലും ഈ സഭയില്‍ നിന്നും ഒരു കന്യാസ്ത്രീക്ക് എന്ത് നീതിയാണ് കിട്ടുന്നത്? അതുകൊണ്ട് കന്യാസ്ത്രീകളുടെ സമരത്തില്‍ പിന്തുണ കൊടുത്തൂ എന്നതിന് സിസ്റ്റര്‍ ലൂസിക്കെതിരേ നടപടി എടുക്കുകയാണെങ്കില്‍, അതിനു മുമ്പ് ബലാത്സംഗക്കേസിലെ പ്രതിയായ ഫ്രാങ്കോയെ ജയിലില്‍ കാണാന്‍ പോയവര്‍ക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കണം.
കന്യാസ്ത്രീ സമരത്തിന്റെ സമ്മര്‍ദ്ദഫലമായി അറസ്റ്റ് ചെയ്യപ്പെട്ട ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ റിമാന്‍ഡ് കാലയളവില്‍ പാല സബ് ജയിലില്‍ കിടന്നപ്പോള്‍ പാല രൂപത മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉള്‍പ്പെടെയുള്ള മെത്രാന്മാരും വൈദികരുമാണ് സന്ദര്‍ശകരായി എത്തിയിരുന്നത്. ജയിലില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ വന്‍ സ്വീകരണവും ഫ്രാങ്കോ മുളയ്ക്കലിനു വേണ്ടി ഒരുക്കിയിരുന്നു. കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ ചേര്‍ന്ന് ജലന്ധറിലും ഫ്രാങ്കോയ്ക്ക് സ്വീകരണങ്ങള്‍ ഒരുക്കിയിരുന്നു.
സി. ലൂസിക്കെതിരേ ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുന്ന പരാതികള്‍ കന്യാസ്ത്രീകള്‍ക്ക് നിര്‍ബന്ധമാക്കിയിരിക്കുന്ന അനുസരണത്തിന്റെ ലംഘനങ്ങളായാണ്. വണ്ടി ഓടിക്കാന്‍ പഠിക്കുന്നതിനും ലൈസന്‍സ് എടുക്കുന്നതിനും കവിത പ്രസിദ്ധീകരിക്കുന്നതിനും മാധ്യമങ്ങളില്‍ എഴുതുന്നതിനും പറയുന്നതിനുമെല്ലാം കന്യാസ്ത്രീകള്‍ ബന്ധപ്പെട്ട അധികാരികളില്‍ നിന്നും അനുമതി തേടേണ്ടതാണ്. അതുപോലെ സ്വന്തമായി കാര്‍ വാങ്ങുന്നതും സ്വന്തം ചെലവില്‍ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനും അനുമതി ആവശ്യമാണ്. ഇത്തരത്തില്‍ അനുമതി തേടാതിരിക്കുന്നത് അനുസരണ പ്രതിജ്ഞയുടെയും ദാരിദ്ര പ്രതിജ്ഞയുടെയും ലംഘനമായാണ് കാണുന്നത്. സിസ്റ്റര്‍ ലീസിയുടെ പ്രവര്‍ത്തികളെയും ഇത്തരത്തിലാണ് കുറ്റകരമാക്കിയിരിക്കുന്നത്. കാനോന്‍ നിയമങ്ങള്‍ അനുസരിച്ച് സി.ലൂസിയുടേത് കുറ്റകരമായ പ്രവര്‍ത്തികളാണെങ്കില്‍, ഇതേ കാര്യങ്ങള്‍ ഒരു മൈത്രാനോ വൈദികനോ ചെയ്യുമ്പോള്‍ പരാതികളും വിചാരണകളും ഉണ്ടാവാത്തത് എന്തുകൊണ്ടെന്നാണ് കന്യാസ്ത്രീകളുടെ ചോദ്യം. ലക്ഷങ്ങളും കോടികളും വിലയുള്ള കാറിലാണ് മെത്രാന്മാരും അച്ചന്മാരും നടക്കുന്നത്. അവിടെയാണ് നാലു ലക്ഷം വിലയുള്ള ഒരു കാര്‍ ലോണ്‍ എടുത്ത് വാങ്ങിയത് വലിയ അപരാധമായി മാറുന്നത്. വൈദികര്‍ക്ക് അനുമതിയുടെ ആവശ്യമില്ല. ഒന്നിനും ആരോടും ചോദിക്കണ്ട. സിസ്റ്റര്‍മാര്‍ക്ക് എന്തു ചെയ്യുന്നതിനും അനുമതി വാങ്ങണം. ഇല്ലെങ്കില്‍ അനുസരണക്കേടിന്റെ പേരില്‍ നടപടിയെടുക്കും; കന്യാസ്ത്രീകള്‍ ചൂണ്ടിക്കാണിക്കുന്നു.
വിശ്വാസത്തിന്റെയും ചട്ടങ്ങളുടെയും പേരില്‍ അച്ചടക്കനടപടി സ്വീകരിക്കുന്നത് തങ്ങള്‍ക്ക് എതിര് നില്‍ക്കുന്നരെ നിശബ്ദരാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാക്കിയിരിക്കുകയാണ് സഭ അധികാരികളെന്നും സി. ലൂസിയുടെ വിഷയത്തില്‍ പ്രതികരിക്കുന്നവര്‍ പറയുന്നു. തങ്ങള്‍ക്ക് അപ്രിയരായവരെ ഒതുക്കുകയാണ്, അതിന്റെ തെളിവുകളാണ്, കുറവിലങ്ങാട് മഠത്തിലെ സിസ്റ്റര്‍മാരും ഫാ. അഗസ്റ്റിന്‍ വട്ടോളിയും ഇപ്പോള്‍ സി. ലൂസിയുമെല്ലാം നേരിടുന്ന അനുഭവങ്ങള്‍ എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ജനുവരി ഒമ്പതിനാണ് സി.ലൂസി വിശദീകരണം കൊടുക്കേണ്ട അവസാന തീയതി. എന്നാല്‍ തനിക്കെതിരേയുള്ള പരാതികളെ തള്ളിക്കളയുകയാണ് സിസ്റ്റര്‍ ചെയ്തിരിക്കുന്നത്.