UPDATES

ട്രെന്‍ഡിങ്ങ്

14 കേസുകളില്‍ പ്രതിയായ കര്‍ദിനാള്‍ ആലഞ്ചേരിയെ മാറ്റുക; അതിരൂപത ആസ്ഥാനത്തിനകത്ത് ഉപവാസ സമരവുമായി വൈദികര്‍

സിനഡ് പരിഹാരം നിര്‍ദ്ദേശിക്കണം, സിറോ മലബാര്‍ സഭ കൂടുതല്‍ പൊട്ടിത്തെറിയിലേക്ക്

സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേയുള്ള വൈദിക പ്രതിഷേധം പുതിയ തലങ്ങളിലേക്ക്. എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണ ചുമതലകളില്‍ നിന്നും കര്‍ദിനാള്‍ ആലഞ്ചേരിയെ നീക്കണമെന്നാവശ്യപ്പെട്ട് അതിരൂപത ആസ്ഥാനത്ത് അനിശ്ചിതകാല ഉപവാസത്തിനൊരുങ്ങി വൈദികര്‍. അതിരൂപത ഭരണത്തില്‍ നിന്നും കര്‍ദിനാളിനെ മാറ്റുക എന്നതു കൂടാതെ, ആലഞ്ചേരിക്കെതിരേ വ്യാജരേഖ ചമച്ചെന്നാരോപിച്ച് നല്‍കിയിരുന്ന കേസില്‍ വൈദികരെയും വിശ്വാസികളെയും അകാരണമായി കുടുക്കുന്നത് അവസാനിപ്പിക്കുക എന്നതുള്‍പ്പെടെ അഞ്ച് അഞ്ച് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വൈദികര്‍ സമരത്തിനൊരുങ്ങിയിരിക്കുന്നത്. ഇന്നലെ രാവിലെ അതിരൂപതയില്‍ എത്തിയ 200 ഓളം വൈദികര്‍ ഈ ആവശ്യങ്ങളുമായി കര്‍ദിനാളിനെ കണ്ടിരുന്നു. എന്നാല്‍ തങ്ങളുടെ ആവശ്യങ്ങള്‍ കേള്‍ക്കാനോ പരിഹാരം കാണാനോ കര്‍ദിനാള്‍ തയ്യാറായില്ലെന്നാരോപിച്ചാണ് പ്രതിഷേധം ശക്തമാക്കിയിരിക്കുന്നതെന്നാണ് വൈദിക സമിതി വക്താവ് ഫാ. ജോസ് വൈലിക്കോടത്ത് പറഞ്ഞത്.

എറണാകുളം- അങ്കമാലി അതിരൂപതയിലെ വൈദികരെ പോലീസ് അകാരണമായി വേട്ടയാടുന്നുവെന്നാരോപിച്ചാണ് പ്രധാനമായും വൈദികര്‍ അതിരൂപതാ ആസ്ഥാനത്ത് ഒരുമിച്ചുകൂടിയത്. ഇവരില്‍ ഏതാനും മുതിര്‍ന്ന വൈദികരും ഫൊറോനാ വികാരിമാരും കര്‍ദിനാള്‍ ആലഞ്ചേരിയെ നേരില്‍ കണ്ട് വിവരങ്ങള്‍ ധരിപ്പിച്ചിരുന്നു. അതിനെ തുടര്‍ന്ന് കര്‍ദിനാള്‍ അതിരൂപതയില്‍ കൂടിയ വൈദികരുടെ യോഗത്തെ അഭിസംബോധന ചെയ്യുകയുണ്ടായി. എന്നാല്‍ പ്രശ്നപരിഹാരങ്ങളിലേക്ക് കടക്കാതെ തനിക്കൊരു പരിപാടിയില്‍ പങ്കെടുക്കാനുണ്ടെന്നു പറഞ്ഞ് കര്‍ദിനാള്‍ യോഗത്തിന് ഇടയ്ക്കു വച്ച് പോവുകയാണുണ്ടായതെന്നു വൈദികര്‍ പറയുന്നു.

തങ്ങളുടെ ചോദ്യങ്ങള്‍ക്കും ആശങ്കകള്‍ക്കും വ്യക്തമായ ഉത്തരങ്ങളോ പരിഹാരങ്ങളോ ചെയ്യുവാന്‍ അതിരൂപതാധ്യക്ഷന് ഒറ്റക്ക് കഴിയില്ല എന്ന് മനസിലായെന്നും സ്ഥിരം സിനഡിനാണ് അതിരൂപതയുടെ ഇപ്പോഴത്തെ മേല്‍നോട്ട ചുമതല ഉള്ളതെന്നതിനാല്‍ തങ്ങളുടെ ആവശ്യങ്ങള്‍ക്ക് സ്ഥിരം സിനഡ് പരിഹാരം ഉണ്ടാക്കുന്നത് വരെ അതിരൂപതാ മന്ദിരത്തിന് അകത്തു വൈദികര്‍ അനിശ്ചിതകാല ഉപവാസ പ്രാര്‍ത്ഥന ആരംഭിക്കുകയാണ് എന്നും അതിരൂപത സംരക്ഷണ സമിതി കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ തളിയന്‍ പറഞ്ഞു.

മാര്‍പാപ്പയിലും ഓറിയന്റല്‍ കോണ്‍ഗ്രിഗേഷനിലും തങ്ങള്‍ക്ക് വിശ്വാസം ഉണ്ടെന്നും അതിനാല്‍ സിറോ മലബാര്‍ സ്ഥിരം സിനഡ് അംഗങ്ങള്‍ എറണാകുളം – അങ്കമാലി അതിരൂപതയിലെ വൈദികരുടെയും അല്മായരുടെയും അഭിപ്രായങ്ങള്‍ കേട്ട് അവ വത്തിക്കാനിലെ ഓറിയന്റല്‍ കോണ്‍ഗ്രിഗേഷനെയും മാര്‍പാപ്പയെയും അറിയിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യമെന്നും ഫാ. സെബാസ്റ്റ്യന്‍ തളിയന്‍ കൂട്ടിച്ചേര്‍ത്തു.

മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ച് സഹായമെത്രാന്മാരെയും വൈദികരെയും വിശ്വാസികളെയും കള്ളക്കേസില്‍ ഉള്‍പ്പെടുത്തി പീഡിപ്പിക്കുന്നത് അവസാനിപ്പിക്കുക, അതിരൂപത അധ്യക്ഷന്‍ എന്ന നിലയില്‍ അതിരൂപതയിലെ സ്ഥാപനങ്ങളെയും വൈദികരെയും വിശ്വാസികളെയും സംരക്ഷിക്കാന്‍ കഴിയാത്തതിനാലും 14 കേസുകളില്‍ പ്രതി ആയതിനാലും മാര്‍ ജോര്‍ജ് ആലഞ്ചേരിയെ അതിരൂപതയുടെ ഭരണം ചുമതലയില്‍ നിന്നും മാറ്റിനിര്‍ത്തുക, കാരണം വ്യക്തമാക്കാതെ സസ്പെന്‍ഡ് ചെയ്യപ്പെട്ട സഹായമെത്രാന്‍മാരെ ചുമതലകള്‍ നല്‍കി ഉടന്‍ തിരിച്ചെടുക്കുക, കുറ്റാരോപിതനും ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തി വത്തിക്കാനില്‍ നിന്നുള്ള അപ്പസ്തോലിക നിരീക്ഷകന്റെ സാന്നിധ്യത്തില്‍ അതിരൂപത വിഷയങ്ങളില്‍ സിനഡ് യോഗം ചേരുക, സ്വതന്ത്ര ചുമതലയുള്ള, അതിരൂപതയിലെ വൈദികരെ അറിയാവുന്നതും, വൈദികര്‍ക്ക് പൊതുസമ്മതനും, അതിരൂപത അംഗവുമായ ഒരു അഡ്മിനിസ്ട്രേറ്റീവ് ആര്‍ച്ച് ബിഷപ്പിനെ എറണാകുളം അങ്കമാലി അതിരൂപതയക്ക് വേണ്ടി നിയമിക്കുക എന്നീ അഞ്ച് ആവശ്യങ്ങളാണ് വൈദികര്‍ മുന്നോട്ടുവച്ചിരിക്കുന്നത്.

അതിരൂപത ആസ്ഥാനത്ത് വൈദികര്‍ സത്യത്തിനും നീതിക്കും വേണ്ടി നടത്തുന്ന ഈ ഉപവാസ പ്രാര്‍ത്ഥന പരസ്യപ്രതിഷേധ സമരത്തിന്റെ ശൈലി സ്വീകരിക്കുന്നതല്ലെന്നും ഫാ. സെബാസ്റ്റ്യന്‍ തളിയന്‍ വ്യക്തമാക്കുന്നുണ്ട്. ഇപ്പോള്‍ വൈദികരില്‍ ഒരാളാണ് അനിശ്ചിതകാല ഉപവാസ പ്രാര്‍ത്ഥന ആരംഭിച്ചിരിക്കുന്നതെന്നും മറ്റു വൈദികര്‍ മാറി മാറി അദ്ദേഹത്തോടൊപ്പം ഉപവാസത്തിലും പ്രാര്‍ത്ഥനയിലും പങ്ക് ചേരുമെന്നും ഫാ. തളിയന്‍ പറയുന്നു. അതേസമയംതന്നെ ഇടവകകളിലെ വിശാസികളുടെ ആത്മീയ ആവശ്യങ്ങള്‍ നടത്തി കൊടുക്കുന്നതിനു കോട്ടംതട്ടാതെ പരമാവധി ബദല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ഇവിടെ എത്തിച്ചേരാന്‍ കഴിയാത്തവര്‍ അവരവരുടെ ഇടവകകളില്‍ നിന്നുകൊണ്ട് ഈ അതിരൂപത സംരക്ഷണ യജ്ഞത്തില്‍ പങ്കുചേരുന്നതാണെന്നും അദ്ദേഹം പറയുന്നു.

ഇന്നലെ രാവിലെ 11 മണിയോടെയാണ് കര്‍ദിനാളും വൈദികരും തമ്മില്‍ ചര്‍ച്ചയാരംഭിച്ചത്. രണ്ടു മണിവരെ ചര്‍ച്ച നീണ്ടിരുന്നു. അതു കഴിഞ്ഞാണ് കര്‍ദിനാള്‍ യോഗത്തില്‍ നിന്നും പോയത്. യോഗം നടക്കുന്ന സമയത്ത് കര്‍ദിനാളിനെ പിന്തുണയ്ക്കുന്നവരും വൈദികരെ പിന്തുണയ്ക്കുന്നവരുമായ വിശ്വാസികളുടെ കൂട്ടവും അതിരൂപത ആസ്ഥാനത്ത് ഉണ്ടായിരുന്നു. തങ്ങള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ കര്‍ദിനാള്‍ തയ്യാറായില്ലെന്നതാണ് വൈദികരുടെ പ്രധാന പരാതി. മുന്നോട്ടു വച്ച നിലപാടുകളില്‍ നിന്നും കര്‍ദിനാള്‍ പിന്‍വലിയുന്ന സാഹചര്യത്തിലാണ് ഉപവാസ സമരം പോലുള്ള പ്രതിഷേധങ്ങളിലേക്ക് പോകാന്‍ തങ്ങള്‍ നിര്‍ബന്ധിതരായതെന്നും വൈദികര്‍ പറയുന്നുണ്ട്.

സത്യത്തിനും നീതിക്കും വേണ്ടിയാണ് വൈദികര്‍ ധാര്‍മിക നിരാഹാരസമരം നടത്തുന്നതെന്നു വൈദികര്‍ക്ക് പിന്തുണയര്‍പ്പിച്ചുകൊണ്ട് സഭ സുതാര്യ സമിതി(എഎംടി) പറഞ്ഞു. എറണാകുളം -അങ്കമാലി അതിരൂപതയില്‍ ചരിത്രത്തില്‍ ഇതുവരെ കാണാത്ത രീതിയില്‍ ഈ വൈദികപ്രതിഷേധം കണ്ടില്ലെന്നു കര്‍ദിനാള്‍ ആലഞ്ചേരിക്കോ സിനഡിനോ കഴിയില്ലെന്നും എഎംടി പറഞ്ഞു. വൈദികര്‍ ഉന്നയിച്ച കാര്യങ്ങള്‍ തീരുമാനം ആകുന്നത് വരെ എഎംടിയും നിരാഹാരസമരത്തില്‍ പങ്കുചേരുമെന്ന് ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്.

കര്‍ദ്ദിനാള്‍ ആലഞ്ചേരി എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണചുമതലയോടെ തിരിച്ചുവന്നതോടെ ആരംഭിച്ച വൈദിക പ്രതിഷേധമാണ് ഇപ്പോള്‍ സിറോ മലബാര്‍ സഭയെ തന്നെ പ്രതിസന്ധിയിലാക്കുന്ന തരത്തില്‍ ഗുരുതരമാകുന്നത്. അതിരൂപതയിലെ രണ്ടു സഹായമെത്രാന്‍മാരെ പുറത്താക്കിയത് ആലഞ്ചേരിയുടെ പ്രതികാര നടപടിയായിട്ടാണ് വൈദികര്‍ കരുതുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം 200-ഓളം വൈദികര്‍ കൊച്ചിയില്‍ യോഗം ചേര്‍ന്നിരുന്നു. സഭയില്‍ മുമ്പെങ്ങും ഇല്ലാത്ത ഒരു സാഹചര്യമാണ് ഇതു സൃഷ്ടിച്ചത്. അതിരൂപതയ്ക്ക് കീഴിലെ 280 ഇടവകകളില്‍ കര്‍ദ്ദിനാളിനെതിരായ പ്രമേയം അവതരിപ്പിച്ച് പാസ്സാക്കാനും വൈദികര്‍ തീരുമാനിച്ചിരുന്നു. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടുന്നില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് കടക്കുമെന്നും വൈദികര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. ഇതിന്‍റെ ഭാഗം തന്നെയായിരുന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കൂടിയായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സര്‍ക്കലര്‍ എറണാകുളം-അങ്കമാലി അതിരൂപതയിലെ ബഹുഭൂരിപക്ഷം പള്ളികളും ബഹിഷ്‌കരിച്ചത്. അതിരൂപതയിലെ എല്ലാ പള്ളികളിലും സ്ഥാപനങ്ങളിലും കുര്‍ബാനയ്ക്കിടയില്‍ വായിക്കണം എന്ന നിര്‍ദേശത്തോടെയായിരുന്നു സര്‍ക്കുലര്‍ നല്‍കിയിരുന്നത്. എന്നാല്‍ അതിരൂപതയിലെ 345 പള്ളികളില്‍ ഏകദേശം 28 പള്ളികളില്‍ മാത്രമാണ് സര്‍ക്കുലര്‍ വായിച്ചത്. അതില്‍ തന്നെ 15 ഓളം പള്ളികളില്‍ സര്‍ക്കുലറിലെ കാര്യങ്ങള്‍ ചുരുക്കി പറയുക മാത്രമാണ് ചെയ്തതും. പള്ളികളില്‍ വായിക്കുന്നതിനു മുന്നേ തന്നെ കര്‍ദിനാളിന്റെ സര്‍ക്കുലര്‍ സീറോ മലബാര്‍ സഭ പരസ്യപ്പെടുത്തിയിരുന്നു. തനിക്കെതിരേ ഉയരുന്ന ആരോപണങ്ങളെല്ലാം തള്ളിക്കളഞ്ഞുകൊണ്ട് കര്‍ദിനാള്‍ നടത്തുന്ന വിശദീകരണമെന്ന നിലയിലായിരുന്നു സര്‍ക്കുലര്‍ തയ്യാറാക്കിയിരുന്നത്. ഈ സര്‍ക്കുലര്‍ പുറത്ത് വന്നപ്പോള്‍ തന്നെ ഇത് ബഹിഷ്‌കരിക്കുമെന്ന് ആലഞ്ചേരിയെ എതിര്‍ക്കുന്ന വൈദിക സംഘം മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. തങ്ങള്‍ ഒരുതരത്തിലും കര്‍ദിനാളുമായി യോജിച്ച് പോകാന്‍ തയ്യാറല്ല എന്നു പ്രഖ്യാപിക്കുന്ന തരത്തില്‍ അവര്‍ സര്‍ക്കുലര്‍ ബഹിഷ്‌കരിക്കുകയുമാണ് ചെയ്തത്.

അതിരൂപതയില്‍ വൈദികരുടെയും ചില വിശ്വാസി സംഘടനകളുടെയും നേതതൃത്വത്തില്‍ തനിക്കെതിരേ ഗൂഢാലോചന നടക്കുകയാണെന്നും അത്തരക്കാരോട് യോജിക്കരുതെന്നും അഭ്യര്‍ത്ഥിക്കുന്നതായിരുന്നു കര്‍ദിനാളിന്റെ സര്‍ക്കുലര്‍. അതിരൂപതയില്‍ നടന്ന ഭൂമിക്കച്ചവടത്തില്‍ തനിക്കെതിരേ ഉയര്‍ത്തുന്ന ആരോപണങ്ങളില്‍ കഴമ്പില്ലെന്നും അതിരൂപതയുടെ ഭരണാധികാരം തനിക്ക് തിരികെ കിട്ടിയതിലും സഹായമെത്രാന്മാരായിരുന്ന സെബാസറ്റിയന്‍ എടയന്ത്രത്തിനെയും ജോസ് പുത്തന്‍വീട്ടിലിനെയും പുറത്താക്കിയതിലും തനിക്ക് പങ്കില്ലെന്നും സര്‍ക്കൂലറിലൂടെ കര്‍ദിനാള്‍ വാദിക്കുന്നുണ്ടായിരുന്നു. ഇത്തരമൊരു സര്‍ക്കുലറിലൂടെ വിശ്വാസികളുടെ പിന്തുണ നേടിയെടുക്കാനായിരുന്നു കര്‍ദിനാള്‍ ശ്രമിച്ചത്. ഇക്കാര്യത്തില്‍ കര്‍ദിനാള്‍ പരാജയപ്പെട്ടിരിക്കുകയാണെന്നാണ് എതിര്‍വിഭാഗം അവകാശപ്പെടുന്നത്. ഇപ്പോഴത്തെ ഉപവാസ സമരത്തോടെ കര്‍ദിനാള്‍ ആലഞ്ചേരിയെ യാതൊരു കാരണവശാലും തങ്ങള്‍ അംഗീകരിക്കില്ലെന്ന നിലപാട് ഉറപ്പിച്ചു പറഞ്ഞിരിക്കുകയാണ് എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികര്‍. വിശ്വാസികളില്‍ വലിയൊരു വിഭാഗത്തിന്റെ പിന്തുണ ഇവര്‍ക്കുണ്ടെന്നതും കര്‍ദിനാള്‍ പക്ഷത്തിന് തിരിച്ചടിയാകുമെന്നാണ് കരുതുന്നത്.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍