UPDATES

വിദ്യാര്‍ത്ഥികളുടെ എണ്ണം തികയ്ക്കാന്‍ വില പറഞ്ഞ് ആദിവാസിക്കുട്ടികളെ കൊണ്ടുവരുന്നു; ആരോപണം നിഷേധിച്ച് സ്കൂള്‍ അധികൃതര്‍

തൃശ്ശൂര്‍ കുന്നംകുളത്തിനടുത്ത് വെള്ളറക്കാട് പ്രവര്‍ത്തിക്കുന്ന മാനേജ്‌മെന്റ് സ്‌കൂളായ വിവേകസാഗരം യു.പി സ്‌കൂളില്‍ ഇങ്ങനെയൊന്ന് സംഭവിച്ചിരിക്കുന്നു എന്നാണ് കേരള മഹിള സമഖ്യ പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്

ദീഷ്‌ണ സി.

ദീഷ്‌ണ സി.

വിദ്യാര്‍ഥികളുടെ എണ്ണക്കുറവ് മൂലം അധ്യാപകരുടെ ജോലി നഷ്ടപ്പെടുന്നതും നിലവിലെ ഡിവിഷനില്‍ താഴ്ച്ച സംഭവിക്കുന്നതുമെല്ലാം സമീപ കാലങ്ങളില്‍ കേരളത്തില്‍ കൂടുതലായി കണ്ടു വരുന്ന കാര്യമാണ്. ഓരോ മാസവും ‘തലയെണ്ണാന്‍’ വരുന്ന ഉദ്യോഗസ്ഥരുടെ മുന്‍പില്‍ കുട്ടികളുടെ എണ്ണം കാണിച്ചുകൊടുക്കാന്‍ നാട്ടിന്‍ പുറങ്ങളിലെ എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ നെട്ടോട്ടമോടുന്നത്, വിദ്യാര്‍ഥികളുടെ എണ്ണക്കുറവ് തങ്ങളുടെ ജോലിയും നഷ്ടപ്പെടുത്തിയേക്കും എന്ന ഭയം കൊണ്ടുതന്നെ…

എന്നാല്‍ വിദ്യാര്‍ഥികളുടെ എണ്ണം കൂട്ടാന്‍ ആദിവാസി കുട്ടികളെ സൗജന്യ പഠനം വാഗ്ദാനം ചെയ്ത് പട്ടണങ്ങളിലേക്ക് കൊണ്ടുവന്നാല്‍ എങ്ങനെയിരിക്കും?

തൃശ്ശൂര്‍ കുന്നംകുളത്തിനടുത്ത് വെള്ളറക്കാട് പ്രവര്‍ത്തിക്കുന്ന മാനേജ്‌മെന്റ് സ്‌കൂളായ വിവേകസാഗരം യു.പി സ്‌കൂളില്‍ ഇങ്ങനെയൊന്ന് സംഭവിച്ചിരിക്കുന്നു എന്നാണ് കേരള മഹിള സമഖ്യ പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. എന്നാല്‍ എല്ലാ മാസവും ട്രൈബല്‍ ഉദ്യോഗസ്ഥര്‍ സ്‌കൂളില്‍ വന്ന് പരിശോധന നടത്താറുണ്ടെന്നും ഒരു നല്ല കാര്യം ഈ സമൂഹത്തിന് വേണ്ടി ചെയ്തുപോയി എന്നതാണ് താന്‍ ചെയ്ത തെറ്റെന്നും ആരോപിതനായ വ്യക്തി പറയുന്നു.

90 വര്‍ഷം പഴക്കമുള്ള ഒരു വിദ്യാലയം. ഇവിടേക്കാണ് പാലക്കാട്ടെ അട്ടപ്പാടിയില്‍ നിന്നും ആദിവാസിക്കുട്ടികളെ വിദ്യാഭ്യാസം നല്‍കാനെന്നും പറഞ്ഞു കൊണ്ടുവരുന്നത്. ഒരു പറ്റം സാധുജനങ്ങളുടെ അറിവില്ലായ്മയെയാണ് തൃശൂരിലുള്ള ഈ വിദ്യാലയത്തിലെ ഒരു അധികാരി ചൂഷണം ചെയ്തിരിക്കുന്നതെന്ന് മഹിളാ സമഖ്യ പറയുന്നു.

ആദിവാസി കുടുംബങ്ങളില്‍ നല്ല രീതിയില്‍ പിടിപാടുളള ഏജന്റുമാരെ നിയോഗിക്കുന്നതാണ് ഈ പ്രക്രിയയിലെ ആദ്യ ഘട്ടം. കുട്ടിയൊന്നിന് ആയിരങ്ങള്‍ ആണ് കരാര്‍. ഈ ഏജന്റുമാരെ ആദിവാസി ഊരുകളിലേക്കയച്ച് മാതാപിതാക്കളില്‍ സ്വാധീനം ചെലുത്തി, കുട്ടിയുടെ ഭാവി, സൗജന്യ വിദ്യാഭ്യാസം, നല്ല ഭക്ഷണം, ഹോസ്റ്റല്‍ സൗകര്യം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് പറഞ്ഞു വശത്താക്കുന്നതാണ് അടുത്ത ഘട്ടം. കൂടുതല്‍ വിശ്വാസം വരുത്താന്‍ സ്‌കൂളിലെ അധികൃതര്‍ തന്നെ നേരിട്ട് ആദിവാസി ഊരുകളിലെത്തി എല്ലാ തരത്തിലുള്ള വാഗ്ദാനങ്ങളും സൗജന്യ പഠനവും ഓഫര്‍ ചെയ്ത് മാതാപിതാക്കളെ ചാക്കിലാക്കുന്നതോടെ ഈ പ്രോസസ് അവസാനിക്കുന്നു. പിന്നെ സ്വപ്നങ്ങളും പ്രതീക്ഷകളുമായി വണ്ടി കയറി അടുത്ത ജില്ലയായ തൃശ്ശൂരിലേക്ക് വിദ്യാര്‍ത്ഥിയായി പോകുന്ന ആദിവാസി കുട്ടികളെ കാണാന്‍ കഴിയും.

എന്നാല്‍ പ്രതീക്ഷയുടെയും പ്രത്യാശയുടെയും വഴികള്‍ സ്‌കൂള്‍ പഠനം ആരംഭിച്ച ദിവസം മുതല്‍ അവസാനിച്ചു. കുറച്ചുപേര്‍ ഹോസ്റ്റലില്‍, ബാക്കിയുള്ളവര്‍ സ്‌കൂള്‍ മാനേജറുടെ മകന്റെ വീട്ടുവരാന്തയില്‍. ഇങ്ങനെയാണ് താമസം. ഹോസ്റ്റലിലുള്ളവര്‍ക്ക് എല്ലാ നേരവും ഭക്ഷണം ലഭിക്കുന്നില്ല. ലഭിച്ചാല്‍ തന്നെ കഞ്ഞി മാത്രം. വീട്ടുവരാന്തയില്‍ കിടന്നുറങ്ങുന്നവര്‍ക്ക് ഭക്ഷണം പോയിട്ട് സുരക്ഷിതത്വം പോലും ലഭിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ സംശയം. രാത്രി തണുപ്പും തുള്ളിത്തെറിക്കുന്ന മഴവെള്ളവുമെല്ലാം സഹിച്ച് അവര്‍ അങ്ങനെ ഗൃഹനാഥന് കാവല്‍ കിടക്കുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും കാവല്‍ക്കാരാണ്.

സ്‌കൂളിലെ അധികാരികള്‍ ഊരില്‍ വന്ന് തന്നിട്ടുപോയത് വെറും പാഴ്‌സ്വപ്നങ്ങള്‍ മാത്രമായിരുന്നെന്ന് മനസ്സിലായതുകൊണ്ടാകണം എല്ലാവരും പഠനം നിര്‍ത്തി നാട്ടിലേക്ക് തിരിച്ചുപോയി. നിലവില്‍ അട്ടപ്പാടിയിലെ ഒരു കുട്ടിയും വിവേകസാഗരം യു.പി സ്‌കൂളിലെ വിദ്യാര്‍ഥിയല്ല.

കേരളം കാണാതിരിക്കരുത്; അട്ടപ്പാടിയിലെ ആദിവാസിക്ക് പഠിക്കാനും പഠിപ്പിക്കാനും കഴിവില്ലെന്നാണ് ഈ സര്‍ക്കാര്‍ സ്കൂള്‍ തീരുമാനിച്ചത്

കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ പാലക്കാട് ഡിസ്ട്രിക്റ്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ എസ്. കാര്‍ത്തിക താന്‍ അന്വേഷിച്ചറിഞ്ഞ കാര്യങ്ങള്‍ വിശദീകരിക്കുന്നതിങ്ങനെയാണ്:  “അധ്യാപകര്‍ക്ക് അവരുടെ പൊസിഷന്‍ നിലനിര്‍ത്തണം. ഡിവിഷന്‍ ഫോള്‍ സംഭവിക്കരുത്. അതിനുവേണ്ടിയാണ് ഈ പാവം കുട്ടികളെ ബലിയാടാക്കുന്നത്. തങ്ങള്‍ക്ക് ജോലി നിലനിര്‍ത്താനും സ്‌കൂളിലെ അംഗസംഖ്യ കൂട്ടാനും പ്രത്യേകിച്ച് അഭിപ്രായങ്ങളും എതിര്‍പ്പുകളും പ്രകടിപ്പിക്കാതെ ആദിവാസി കുട്ടികളെ ഉപയോഗപ്പെടുത്തുന്നത് തന്നെയാണ് സ്‌കൂള്‍ അധികൃതര്‍ക്ക് ഏറ്റവും എളുപ്പവഴി. അതിനുവേണ്ടിയാണ് അട്ടപ്പാടിയില്‍ പോയി കുട്ടികളെ ‘പര്‍ച്ചേസ്’ ചെയ്യുന്നത്. നിലവാരമുള്ള വിദ്യാഭ്യാസവും നല്ല ഭക്ഷണവും നല്‍കിയിരുന്നെങ്കില്‍ ഇതില്‍ പരാതിപ്പെടേണ്ട കാര്യമില്ലായിരുന്നു. കുട്ടികള്‍ക്കിത് പ്രയോജനപ്പെടുന്നുണ്ടെന്ന് വെക്കാം. എന്നാല്‍, വിവേകസാഗരം സ്‌കൂളില്‍ നടക്കുന്ന കാര്യങ്ങള്‍ അങ്ങനെയല്ല. കുട്ടികളുടെ മാതാപിതാക്കളോട് അന്വേഷിച്ചപ്പോള്‍ അറിഞ്ഞത്, ആ സ്‌കൂളിലെ ഒരു അധ്യാപകന്‍, പേര് ഹരണ്‍, ആദിവാസി ഗ്രാമങ്ങളിലെത്തി തങ്ങളെ കണ്ട് കാര്യങ്ങള്‍ വിശദീകരികരിക്കുകയായിരുന്നു എന്നാണ്. എല്ലാ കുട്ടികളുടെയും വിദ്യാഭ്യാസം, ഭക്ഷണം, താമസം, യൂണിഫോം തുടങ്ങി എല്ലാവിധ ചിലവുകളും അയാള്‍ നോക്കിക്കൊള്ളാമെന്നും പറഞ്ഞു. സത്യത്തില്‍ പണമില്ലാത്ത മാതാപിതാക്കള്‍ക്ക് അദ്ദേഹത്തിന്റെ വരവ് ഒരുപാട് പ്രതീക്ഷ നല്‍കി. തങ്ങളുടെ അടുത്തുനിന്നും കിട്ടുന്നതിനേക്കാള്‍ നല്ല ഭക്ഷണം, വസ്ത്രം, സുരക്ഷിതത്വം, പിന്നെ തങ്ങള്‍ക്ക് ലഭിക്കാതെ പോയ വിദ്യാഭ്യാസം…

മാസങ്ങള്‍ക്ക് ശേഷം, സ്‌കൂളില്‍ പോയ കുട്ടികളെക്കാണാന്‍ വീട്ടുകാര്‍ തൃശൂര്‍ എത്തിയപ്പോള്‍ കാണാന്‍ സാധിച്ചത്, ഇതേ ഹരണ്‍ എന്നയാളുടെ വീട്ടുവരാന്തയില്‍ കിടന്നുറങ്ങുന്ന സ്വന്തം മക്കളെയാണ്. മഴക്കാലമായതിനാല്‍ മുറ്റത്ത് വീഴുന്ന മഴവെള്ളം തുള്ളി വീണ് ഇറയത്ത് കിടന്നുറങ്ങുന്ന മക്കളുടെ മേല്‍ തെറിക്കുന്നുണ്ടായിരുന്നു. ഒട്ടും വൃത്തിയില്ലാതെ, സുരക്ഷിതമല്ലാതെയാണ് പെണ്‍കുട്ടികളും ആണ്‍കുട്ടികളും അവിടെ കിടന്നിരുന്നത്.
പിന്നെ, ബാക്കിയുള്ള കുറച്ച് പേര്‍ ഹോസ്റ്റലില്‍ ഉണ്ട്. അവരുടെ കാര്യവും ഇതേ പോലെയൊക്കെത്തന്നെ. ഭക്ഷണം ലഭിക്കുന്നത് വല്ലപ്പോഴും മാത്രം. കിട്ടിയാല്‍ തന്നെ കഞ്ഞിയാണ്. മറ്റു കുട്ടികള്‍ക്ക് ലഭിക്കുന്ന പോലെ ചോറും വിഭാവങ്ങളുമൊന്നും ഈ ആദിവാസി കുട്ടികള്‍ക്കില്ല.

ഏറ്റവും പരിതാപകരമായ കാര്യം ഭക്ഷണം കഴിക്കാതെ, ഇപ്പോള്‍ അവര്‍ക്ക് ഒരു നേരം വയര്‍ നിറച്ച് ഭക്ഷണം കഴിച്ചാല്‍ അത് അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു. ദഹിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു. ആറാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു പയ്യന് നാട്ടില്‍ നിന്നും നല്ല ഭക്ഷണം കൊടുത്തപ്പോള്‍, അടുത്ത നിമിഷം അവന്‍ ഛര്‍ദിക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്…

സ്വന്തം നാട്ടില്‍ അലഞ്ഞുതിരിഞ്ഞു നടക്കുകയാണെങ്കില്‍ കൂടി, ഒന്നുമറിയാത്ത കുട്ടികളെ വിദ്യാഭ്യാസമെന്ന പേരും പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി ഒന്നുമല്ലാത്ത അവസ്ഥയിലേക്ക് ആക്കിത്തീര്‍ക്കുന്നു. ആരോഗ്യം നശിച്ച്, പ്രതിരോധമില്ലാത്ത കുറച്ച് ശരീരങ്ങളാണ് തിരിച്ച് നാട്ടിലെത്തിയത്. ഭൂരിഭാഗം കുട്ടികളും പഠനം നിര്‍ത്തി കഴിഞ്ഞു.

എന്തുകൊണ്ട് എല്ലാവരും ഒരേപോലെ പഠനമവസാനിപ്പിച്ചു വീടുകളിലേക്ക് തിരിച്ചുവരുന്നു എന്ന അന്വേഷണത്തിലാണ് വിവേകസാഗരം സ്‌കൂളില്‍ നടക്കുന്ന ചൂഷണങ്ങള്‍ തിരിച്ചറിയാന്‍ സാധിച്ചത്.

വിദ്യാര്‍ഥികളുടെ എണ്ണം കുറയുന്നത് അധ്യാപകര്‍ക്ക് നിലവിലെ ഡിവിഷനില്‍ താഴ്ച്ചയുണ്ടാക്കും. ചിലപ്പോള്‍ ജോലി പോലും നഷ്ടമായേക്കാം.അതൊഴിവാക്കാന്‍ വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിപ്പിക്കണം.അതിനുവേണ്ടിയാണ് എല്ലാ രീതിയിലുമുള്ള വാഗ്ദാനങ്ങള്‍ നല്‍കി ട്രൈബല്‍ ഏരിയയിലെ കുട്ടികളെ കൊണ്ടുവരുന്നത്. ഭക്ഷണം നല്‍കും,വസ്ത്രം നല്‍കും, പഠിപ്പിച്ച് യോഗ്യരാക്കി മാറ്റും എന്നൊക്കെ കേള്‍ക്കുമ്പോള്‍ മാതാപിതാക്കള്‍ കണ്ണടച്ച് വിശ്വസിക്കുകയും ചെയ്യും.

മറ്റൊരു കാര്യം ,ഹരണ്‍ എന്ന അധ്യാപകന്റെ ഭാര്യ ഇതേ സ്‌കൂളിലെ ഉറുദു അധ്യാപികയാണ്. ഓപ്ഷണല്‍ സബ്‌ജെക്റ്റ് ആയതുകൊണ്ടുതന്നെ ആ സ്‌കൂളില്‍ ഉറുദു പഠിക്കാന്‍ വിദ്യാര്‍ഥികള്‍ ആരുമില്ല. നിലവില്‍ അവിടുത്തെ ഉറുദു വിദ്യാര്‍ഥികള്‍ എന്നുപറയുന്നത് അട്ടപ്പാടിയില്‍ നിന്നും കൊണ്ടുപോയ ഈ കുട്ടികളാണ്. മലയാളത്തിന് പകരം ഉറുദു ആണ് അവരെ പഠിപ്പിച്ചത്. എന്നാല്‍ നല്ല പഠനം നടന്നതുമില്ല. ഇപ്പോഴും ഏതുഭാഷയാണ് പഠിക്കുന്നതെന്ന് ചോദിച്ചാല്‍, ഉറുദു എന്ന് പറയാന്‍ പോലും ആ കുട്ടികള്‍ക്കറിയില്ല. തന്റെ ഭാര്യയുടെ ജോലി നഷ്ടപ്പെടാതിരിക്കാന്‍ ഒരു കാര്യവുമില്ലാതെ കുറെ കുട്ടികളെ മലയാളത്തിനുപകരം ഉറുദു പഠിപ്പിച്ചു. അത്ര മാത്രം.

കുട്ടികളുടെ രക്ഷിതാക്കളില്‍ സ്വാധീനം ചെലുത്താനും പറഞ്ഞ് വശത്താക്കാനും ഈ അധ്യാപകന് അട്ടപ്പാടിയില്‍ തന്നെ ഏജന്റുമാരുണ്ട്. ആളുകള്‍ക്കിടയില്‍ നല്ല രീതിയില്‍ സ്വാധീനം ചെലുത്താന്‍ കഴിവുള്ള ഏജന്റുമാരെയാണ് അദ്ദേഹം ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഏജന്റുമാര്‍ക്ക് ഇതുവഴി നല്ല പണം സമ്പാദിക്കാനും സാധിക്കും. കുട്ടി ഒന്നിന് പതിനായിരം രൂപയോളമാണ് അവര്‍ക്ക് ലഭിക്കുന്നത്. അതുകൊണ്ടുതന്നെ പരമാവധി കുട്ടികളെ സ്‌കൂളിലെത്തിക്കാന്‍ ഏജന്റുമാര്‍ പ്രായത്‌നിക്കും. മാത്രവുമല്ല, ഇത്തരം ഏജന്റുമാര്‍ മുന്നേ പല കാര്യങ്ങളിലും ഗ്രാമത്തിലുള്ളവര്‍ക്ക് സഹായം ചെയ്തവരോ മറ്റോ ആയിരിക്കും. അത്തരക്കാര്‍ പറയുമ്പോള്‍ കുട്ടികളുടെ മാതാപിതാക്കള്‍ക്ക് തട്ടിക്കളയാനുമാവില്ല. അത്രയും വലിയ രീതിയില്‍ സ്വാധീനമുള്ള വ്യക്തികളെ തങ്ങളുടെ ആവശ്യങ്ങള്‍ക്ക് സ്‌കൂള്‍ അധികൃതര്‍ കണ്ടെത്തുന്നു.അതുതന്നെയാണ് അവരുടെ വിജയവും.

എപ്പോഴാണ് ആദിവാസി മേഖലയിലെ വിദ്യാഭ്യാസപ്രശ്‌നങ്ങള്‍ ഉയര്‍ത്തി ഒരു സമരം നടന്നിട്ടുള്ളത്? ആര്‍ക്കാണ് അതില്‍ ആവലാതിയുള്ളത്?

നിരവധി ചൂഷണങ്ങള്‍ വിവേകസാഗരം സ്‌കൂളില്‍ ട്രൈബല്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടക്കുന്നു. തങ്ങളുടെ ലാഭങ്ങള്‍ക്ക് വേണ്ടിയാണ് മറുത്തൊന്നും പറയാത്ത ഈ കുട്ടികളെയും അവരുടെ മാതാപിതാക്കളെയും അധ്യാപകര്‍ മുതലെടുത്തിരിക്കുന്നത്. അസുഖ ബാധിതര്‍ ആയാണ് ഓരോ കുട്ടിയും നാട്ടില്‍ തിരിച്ചെത്തുന്നത്. പഠനം നിര്‍ത്തുന്നത് വഴി ഈ കുട്ടികളുടെ ടി.സി, ബര്‍ത്ത് സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് തുടങ്ങിയ എല്ലാ രേഖകളും സ്‌കൂളില്‍ തന്നെയായിപ്പോവും. എത്ര ആവശ്യപ്പെട്ടാലും അവര്‍ അത് തിരിച്ചുതരില്ല. വളരെ ബുദ്ധിമുട്ടിയാണ് പഠനം നിര്‍ത്തി നാട്ടിലെത്തുന്ന കുട്ടികളെ അധ്യായന വര്‍ഷത്തിന്റെ ഓരോ ഘട്ടങ്ങളില്‍ മറ്റു സര്‍ക്കാര്‍ സ്‌കൂളുകളില്‍ ചേര്‍ക്കുന്നത്. ചേര്‍ത്താല്‍ തന്നെ, ട്രൈബല്‍ ഏരിയയില്‍ ഉള്ള ഇവര്‍ക്ക് ലഭിക്കേണ്ട സ്‌റ്റൈപ്പന്റും മറ്റ് ആനുകൂല്യങ്ങളുമെല്ലാം ലഭിക്കാതെ പോകുന്നു. ടി.സി അടക്കമുള്ള രേഖകള്‍ ഉണ്ടെങ്കില്‍ മാത്രമേ അതെല്ലാം ലഭിക്കുകയുള്ളൂ. അത് ചോദിച്ച് വാങ്ങാനോ അപേക്ഷ നല്‍കാനോ ഒന്നും ഇവിടുത്തെ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അറിയില്ല. സത്യത്തില്‍ ഇവരുടെ അറിവില്ലായ്മയെയാണ് ഹരണ്‍ ചൂഷണം ചെയ്തത്.

സൗജന്യ വിദ്യാഭ്യാസം നേടാമെന്നും വയര്‍നിറച്ച് ഭക്ഷണം കഴിക്കാമെന്നുമുള്ള പ്രതീക്ഷയില്‍ തൃശൂരിലേക്ക് വണ്ടി കയറിയ കുട്ടികളും, അവരെ സന്തോഷത്തോടെ പറഞ്ഞയച്ച മാതാപിതാക്കളുമാണ് ഇപ്പോള്‍ ഒന്നും നേടാന്‍ കഴിയാത്ത ഒരവസ്ഥയില്‍ എത്തി നില്‍ക്കുന്നത്. മൊത്തത്തില്‍, പഠിക്കാന്‍ പോയ 30 കുട്ടികളില്‍ 19 പേരെ കണ്ടെത്തി മറ്റു സ്‌കൂളുകളില്‍ ചേര്‍ക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. ഇനിയുമുണ്ട് അറിയാതെ പോകുന്ന നിരവധി കുട്ടികള്‍. സ്‌കൂളിലേക്ക് തിരിച്ചുപോകാന്‍ ഭയപ്പെടുന്ന 12 വയസ്സിനു താഴെ മാത്രം പ്രായമുള്ള ഇവരെ സംരക്ഷിക്കാന്‍ ഉന്നതാധികാരികള്‍ മുന്നോട്ട് വരേണ്ടതുണ്ട്. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെങ്കിലും ആരും ഗൗരവത്തോടെ ഈ വിഷയം എടുക്കുന്നില്ല.

ആദിവാസിക്കുട്ടികളല്ലേ, അവര്‍ക്ക് അത്രയൊക്കെ മതി, അവര്‍ ഏതു രീതിയിലും ജീവിച്ചുകൊള്ളും. ഈ മനോഭാവം ഇന്നും നിലനില്‍ക്കുന്ന ഈ സമൂഹത്തില്‍ നിന്നും എങ്ങനെയാണ് ആ കുട്ടികള്‍ക്ക് നീതി ലഭിക്കുക?” കാര്‍ത്തിക ചോദിക്കുന്നു.

എന്നാല്‍ താന്‍ ചെയ്ത നല്ല പ്രവര്‍ത്തികള്‍ക്ക് സമൂഹം നല്‍കിയ പ്രതിഫലമാണ് ഈ പരാതിയെന്ന് ആരോപണവിധേയനായ ഹരണ്‍ പറയുന്നു. ആദിവാസി കുട്ടികളെ പഠിപ്പിക്കാന്‍ തീരുമാനിച്ചത് തനിക്ക് ലാഭമുണ്ടാക്കാനല്ല, മറിച്ച് ഒരു സാമൂഹ്യ സേവനം എന്ന നിലയിലായിരുന്നു എന്നദ്ദേഹം പറയുന്നു.

“ആദ്യമേ തന്നെ പറഞ്ഞുകൊള്ളട്ടെ, ഞാന്‍ വിവേകസാഗരം യു.പി സ്‌കൂളിലെ അധ്യാപകനല്ല. എന്റെ അച്ഛന്റെ മാനേജ്‌മെന്റില്‍ ഉള്ള സ്‌കൂള്‍ ആണത്. ഇപ്പോള്‍ കാര്യങ്ങളെല്ലാം നോക്കി നടത്തുന്നത് ഞാനാണ്. ഒപ്പം പ്യൂണായും വര്‍ക്ക് ചെയ്യുന്നു. തൊണ്ണൂറു വര്‍ഷത്തോളമായി സ്‌കൂള്‍ പ്രവര്‍ത്തിച്ചുവരുന്നു. ‘പള്ളിയത്ത് പ്രഭാകരന്‍ മെമ്മോറിയല്‍ ട്രസ്റ്റ് ‘ ഇതാണ് വിവേകസാഗരം യു.പി സ്‌കൂളിന്റെ യഥാര്‍ത്ഥ നാമം. ഒരുപാട് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ഞങ്ങള്‍ നടത്തുന്നു. സാധാരണ എയ്ഡഡ് മാനേജ്‌മെന്റ് സ്‌കൂളില്‍ നിന്നും വ്യത്യസ്തമായി അധ്യാപക നിയമനത്തിന് ലക്ഷക്കണക്കിന് രൂപ ഞങ്ങള്‍ പ്രതിഫലമായി വാങ്ങാറില്ല. കൊള്ളലാഭം എന്നൊരു ലക്ഷ്യമൊന്നും ഈയൊരു സ്ഥാപനം കൊണ്ട് ഞങ്ങള്‍ ഉദ്ദേശിക്കുന്നുമില്ല.

ഒരു സാമൂഹ്യ സേവനമെന്ന നിലയില്‍ മൂന്നു വര്‍ഷം മുന്‍പാണ് അട്ടപ്പാടിയില്‍ നിന്നും കുട്ടികളെ കൊണ്ടുവന്ന് ഞങ്ങളുടെ സ്‌കൂളില്‍ പഠിപ്പിക്കാന്‍ തീരുമാനിച്ചത്. സൗജന്യ വിദ്യാഭ്യാസം, ഭക്ഷണം,താമസ സൗകര്യം, യൂണിഫോം തുടങ്ങി എല്ലാവരുടെയും ചിലവുകള്‍ ഞാന്‍ തന്നെയാണ് ഏറ്റെടുത്തത്. രക്ഷിതാക്കളുടെ പൂര്‍ണ്ണ സമ്മതത്തോടെയാണ് ഞാന്‍ ഇത് ചെയ്തത്. അല്ലാതെ അന്‍പതോളം വരുന്ന കുട്ടികളെ തട്ടിക്കൊണ്ടു വരാന്‍ ഒന്നും എനിക്ക് കഴിയില്ലല്ലോ.

ഇപ്പോള്‍ എനിക്കെതിരെ വന്നിരിക്കുന്ന ആരോപണങ്ങള്‍ എല്ലാം തീര്‍ത്തും വ്യാജമാണ്. ഡിവിഷന്‍ ഫോള്‍ സംഭവിക്കുമെന്ന ഭീഷണിയൊന്നും നിലവിലെ സാഹചര്യത്തില്‍ വിവേക സാഗരം യു. പി സ്‌കൂളിനില്ല. പിന്നെ എന്റെ ഭാര്യ അവിടുത്തെ ഒരു സ്ഥിരം അധ്യാപികയുമല്ല. അവള്‍ക്ക് ഡിവിഷനില്‍ താഴ്ച്ചയുണ്ടാകണമെങ്കില്‍ ആദ്യം സ്ഥിര നിയമനം ലഭിക്കേണ്ട?

മറ്റൊന്ന്, എന്റെ വീടിന്റെ വരാന്തയില്‍ കുട്ടികളെ പാര്‍പ്പിച്ചു എന്നതില്‍ വാസ്തവമില്ല. ഇടയ്ക്ക് ഒന്നോ രണ്ടോ ദിവസം രാത്രി വൈകി ഹോസ്റ്റലിലേക്ക് പോകാന്‍ കഴിയാത്തവരെ എന്റെ മക്കളോടൊപ്പം ഭക്ഷണം കൊടുത്തും മറ്റും എന്റെ വീട്ടില്‍ താമസിപ്പിച്ചിരുന്നു. 3500 സ്‌ക്വയര്‍ ഫീറ്റ് ചുറ്റളവുള്ള ഒരു വലിയ വീടാണ് എന്റേത്. അവിടെ മഴ കൊണ്ട്, സുരക്ഷിതരല്ലാതെ കുട്ടികള്‍ക്ക് കിടക്കേണ്ടി വന്നു എന്നുപറയുന്നതില്‍ എന്ത് യുക്തിയാണുള്ളത്.?

കുട്ടികള്‍ ആരും എനിക്കെതിരെ ഇതുവരെ പരാതി പറഞ്ഞിട്ടില്ല. എല്ലാവരെയും നല്ല രീതിയില്‍, സ്വന്തം പണം ചിലവാക്കിയാണ് ഞാന്‍ പഠിപ്പിച്ചത്. അതിനു പിന്നില്‍ മറ്റു താത്പര്യങ്ങള്‍ ഒന്നും തന്നെയില്ല. പക്ഷെ, പഠിക്കുന്ന കാര്യത്തില്‍ ഒട്ടും താല്‍പര്യമില്ലാത്ത പ്രകൃതമാണ്ട ട്രൈബല്‍ ഏരിയയില്‍ നിന്നും വരുന്ന ആ കുട്ടികള്‍ക്ക്. നാട്ടിലേക്ക് പോയാല്‍ തന്നെ തിരിച്ചു വരില്ല. എല്ലാവരും പഠിക്കാന്‍ ഉഴപ്പരാണ്. പഠനം പാതിവഴിയില്‍ നിര്‍ത്തി വീട്ടിലേക്ക് പോവുകയാണ്. ഓരോരുത്തരെയും വീണ്ടും തിരികെ കൊണ്ടുവരാന്‍ ഞാന്‍ അട്ടപ്പാടിയില്‍ പോകണം. അവര്‍ക്ക് താത്പര്യമില്ലെന്നറിഞ്ഞതിനാല്‍ ഞാനും ഈ ദൗത്യം നിര്‍ത്തുകയാണ്. ദീപാവലി അവധിക്ക് നാട്ടില്‍ പോയ ഒരു കുട്ടിയും തീരിച്ചുവന്നിട്ടില്ല. നിലവില്‍ സ്‌കൂളില്‍, അട്ടപ്പാടിയിലെ ഒരു കുട്ടിയും വിദ്യാര്‍ഥിയായി ഇല്ല. അവര്‍ക്കു വേണ്ടെന്ന് മനസ്സിലായതിനാല്‍ തന്നെ ടി.സി കൊടുത്ത് ഞങ്ങള്‍ അവരെ തിരിച്ചയയ്ക്കുന്നു. അന്‍പത് കുട്ടികളില്‍ ഇനി എട്ടു പേര്‍ക്ക് കൂടിയേ ടി.സി കൊടുക്കാന്‍ ബാക്കിയുള്ളൂ. അപേക്ഷ ലഭിക്കുന്ന പക്ഷം ശേഷിക്കുന്ന കുട്ടികള്‍ക്കും ടി.സി നല്‍കും.

കളക്ടര്‍, ഡി. വൈ.എസ്.പി തുടങ്ങിയ ഉദ്യോഗസ്ഥരുടെ അനുമതി പ്രകാരമാണ് ഞാന്‍ അട്ടപ്പാടിയില്‍ നിന്നും പഠിപ്പിക്കാനായി കുട്ടികളെ ഇങ്ങോട്ട് കൊണ്ടുവന്നത്. അവര്‍ എല്ലാം പരിശോധിച്ച്, പിഴവുകള്‍ ഇല്ലെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് എനിക്ക് അനുമതി തന്നത്. മാത്രമല്ല, എല്ലാ മാസവും ട്രൈബല്‍ ഉദ്യോഗസ്ഥര്‍ സ്‌കൂളില്‍ വന്ന് പരിശോധന നടത്താറുമുണ്ട്. ആരോപിക്കപ്പെടുന്ന പ്രകാരം ഒരു ചൂഷണം ആ കുട്ടികള്‍ക്ക് നേരെയുണ്ടായിരുന്നെങ്കില്‍ ഈ സമയം കൊണ്ട് ഞാന്‍ പിടിക്കപ്പെടുമായിരുന്നു. സമൂഹ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പുറത്തുകൊണ്ടുവരുന്ന ഈ കാലത്ത് അതിനാണോ പ്രയാസം?

ഇത്തരം ആരോപണങ്ങള്‍ക്ക് പിന്നിലെ താത്പര്യമെന്തെന്നറിയില്ല. എല്ലാം തീര്‍ത്തും വ്യാജമാണെന്ന് എനിക്കും എന്റെ സ്‌കൂളിനുമറിയാം. ഒരു നല്ല കാര്യം ഈ സമൂഹത്തിന് വേണ്ടി ചെയ്തുപോയി എന്നതാണ് ഞാന്‍ ചെയ്ത തെറ്റ്.” ഹരണ്‍ പറയുന്നു

ദീഷ്‌ണ സി.

ദീഷ്‌ണ സി.

മാധ്യമ വിദ്യാര്‍ത്ഥി

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍