UPDATES

എം ബി സന്തോഷ്

കാഴ്ചപ്പാട്

റൈറ്റ് ക്‌ളിക്

എം ബി സന്തോഷ്

ട്രെന്‍ഡിങ്ങ്

ഡോക്ടര്‍മാര്‍ മാപ്പ് പറയണം; ആരോഗ്യമന്ത്രിയും

സാമൂഹ്യ പ്രതിബദ്ധതയാണ് ഡോക്ടര്‍മാര്‍ക്ക് ഏറ്റവും അത്യാവശ്യം. മന്ത്രിക്കും അതു കൂടിയേ തീരൂ. കേരള ഗവണ്മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ (കെ.ജി.എം.ഒ.എ) എന്ന സംഘടനയും ആരോഗ്യ മന്ത്രിയും മറന്നുപോയത് അതാണ്.

ഒരു സംഘടനയെ എങ്ങനെ നയിക്കണമെന്നറിയാത്ത ഡോക്ടര്‍മാരും പൊതുജനങ്ങള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നറിയാത്ത ആരോഗ്യമന്ത്രിയും – ഇന്നലെ രാത്രി അവസാനിപ്പിച്ച, സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ സമരം കേരളത്തിന് നല്‍കുന്ന ചിത്രമാണിത്. സാമൂഹ്യ പ്രതിബദ്ധതയാണ് ഡോക്ടര്‍മാര്‍ക്ക് ഏറ്റവും അത്യാവശ്യം. മന്ത്രിക്കും അതു കൂടിയേ തീരൂ. കേരള ഗവണ്മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ (കെ.ജി.എം.ഒ.എ) എന്ന സംഘടനയും ആരോഗ്യ മന്ത്രിയും മറന്നുപോയത് അതാണ്. അതുകൊണ്ടുതന്നെ കഴിഞ്ഞ നാല് ദിവസങ്ങളിലെ ദുരിതത്തിന് ആരാണ് ഉത്തരവാദി എന്ന ചോദ്യം ഉയരേണ്ടതുണ്ട്.

ഡോക്ടര്‍മാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുക തന്നെ വേണം. അവര്‍ക്ക് സമൂഹത്തില്‍ നിന്ന് കിട്ടുന്ന പിന്തുണയുടെ പ്രധാന കാരണം അവര്‍ ഏറ്റെടുത്തിരിക്കുന്ന സമാനതകളില്ലാത്ത ആതുരസേവനത്തിന്റെ ഉദാത്തത മൂലമാണ്. പലപ്പോഴും ആ നിലയ്ക്ക് അവര്‍ ഉയരാത്തത് പലേടത്തും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. രോഗികള്‍ക്ക് കൃത്യമായ വിവരങ്ങള്‍ നല്‍കാതിരിക്കുക, കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കുന്നതില്‍ വീഴ്ച വരുത്തുക തുടങ്ങിയവയാണ് ആശുപത്രികളെ മിക്കപ്പോഴും സംഘര്‍ഷഭൂമിയാക്കുന്നത്. രോഗികളുടെ തള്ളിക്കയറ്റവും എണ്ണപ്പെരുപ്പവും രോഗനിര്‍ണയത്തിനും ചികിത്സയ്ക്കും ഉള്‍പ്പെടെയുള്ള കാര്യങ്ങളിലെ അപര്യാപ്തകളും അസൗകര്യങ്ങളും ഇതിനാധാരമായി ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടാറുള്ളത് 100 ശതമാനം ശരിയുമാണ്.

എന്നാല്‍, മുമ്പ് ഞങ്ങളുടെ പണം കൊണ്ടാണ് നിങ്ങള്‍ പഠിച്ചതെന്ന് സാധാരണ നികുതിദായകന് പറയാമായിരുന്നു. ആ ബോധം പഠിച്ചു ജയിച്ചിറങ്ങുന്ന ഓരോ ഡോക്ടറിലും പ്രബലവുമായിരുന്നു. സ്വാശ്രയ കോളേജുകള്‍ വ്യാപകമായതോടെ ആ സ്ഥിതി മാറി. ഒരു കോടിയോളം രൂപ മുടക്കി എംബിബിഎസ് എടുത്ത ഒരാളിന് നേരത്തേ പറഞ്ഞ അസൗകര്യവും അപര്യാപ്തയും സഹിക്കാന്‍ മനസില്ല. എങ്കില്‍ പിന്നെ അത്തരക്കാര്‍ സര്‍ക്കാര്‍ സര്‍വീസില്‍ വരാതിരുന്നുകൂടേ എന്ന ചോദ്യം ഉയരുന്നുണ്ടെങ്കിലും സര്‍ക്കാര്‍ ഞങ്ങളുടേത്  കൂടിയാണെന്നും കൂടുതല്‍ നികുതി കൊടുക്കുന്നത് ഞങ്ങളാണെന്നും ഇവര്‍ അവകാശപ്പെടുമ്പോള്‍ അതും കാണാതിരിക്കാനാവില്ല.

ഫലത്തില്‍ കേരള പൊതുസമൂഹം നേരിടാന്‍ പോകുന്ന ആരോഗ്യ മേഖലയിലെ പല വെല്ലുവിളികളില്‍ പ്രധാനം സര്‍ക്കാര്‍ മെഡിക്കല്‍  കോളേജുകളിലും സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലും പഠിച്ചിറങ്ങുന്നവരുടെ മനോഭാവങ്ങളിലെ മാറ്റമാണ്. വര്‍ഷം 25,000 രൂപ കൊടുത്ത് പഠിക്കുന്നവര്‍ക്കും 25 ലക്ഷം രൂപ കൊടുത്ത് പഠിക്കുന്നവര്‍ക്കും പഠനാവസാനം കിട്ടുന്ന സര്‍ട്ടിഫിക്കറ്റിന് ഒരേ വിലയാണ്. സമൂഹത്തില്‍ പണം ഉണ്ടാക്കുന്ന സ്വാധീനം വളരെ പ്രബലമായതിനാല്‍  സ്വാശ്രയ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് പലേടത്തെയും നിയമന പ്രക്രിയകളില്‍ മുന്‍ഗണന കിട്ടുന്നു. അത്തരക്കാര്‍ പച്ചമലയാളത്തില്‍ പറഞ്ഞാല്‍ ‘കഷ്ടപ്പെടാന്‍’ തയ്യാറല്ല. അവര്‍ കൃത്യസമയത്ത് വരുന്നു, പോകുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ അത് പലപ്പോഴും പ്രായോഗികമല്ലെങ്കിലും ഇക്കൂട്ടര്‍ വഴങ്ങാറില്ല. ഈ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വേണം ഡോക്ടര്‍മാരുടെ സമരത്തെ വിലയിരുത്താന്‍.

എന്തുകൊണ്ടാണ് കുറഞ്ഞ ശമ്പളത്തിലും അടിസ്ഥാന സൗകര്യമില്ലായ്മയിലും സര്‍ക്കാര്‍ ആശുപത്രികളില്‍ ജോലി ചെയ്യാന്‍ ‘സ്വാശ്രയക്കുട്ടികള്‍’ താല്‍പര്യം കാട്ടുന്നത്? സ്വകാര്യ ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ക്ക് മികച്ച ശമ്പളം നല്‍കുന്നുണ്ട്. പക്ഷെ, അവിടെ എല്ലുമുറിയെ പണിയെടുപ്പിക്കും. വളരെ സീനിയര്‍ ആയവര്‍ക്കല്ലാതെ സ്വകാര്യ പ്രാക്ടീസ് അനുവദിക്കുകയുമില്ല. സര്‍ക്കാര്‍ ആശുപത്രികളില്‍ ഒന്നോ രണ്ടോ വര്‍ഷം ജോലി ചെയ്താല്‍ ഏതുസാഹചര്യവും നേരിടാനുള്ള ചങ്കുറപ്പുകിട്ടും. പിന്നീട് സ്വകാര്യ പ്രാക്ടീസിനുള്ള അവസരവും ലഭിക്കും. പ്രത്യേകിച്ചും ഏതാനും ജില്ലാ കേന്ദ്രങ്ങളിലേത് ഒഴികെയുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളിലുള്‍പ്പെടെയുള്ള ആശുപത്രികളിലേക്ക് നിയമനം കിട്ടുന്ന ഇത്തരക്കാര്‍ സ്വകാര്യ പ്രാക്ടിസിന് ഊന്നല്‍ നല്‍കും. അവരുടെ മുന്നിലുള്ളത് എം.ബി.ബി.എസ്സിന് ചെലവായ ഒരു കോടി തിരിച്ചുപിടിക്കുക എന്നതായിരിക്കും. പിജിയും സ്വാശ്രയം വഴിയാണെങ്കില്‍ മുടക്കിയ കോടികളുടെ എണ്ണത്തിലെ വര്‍ദ്ധനയ്ക്കനുസരിച്ച് വരവുണ്ടാക്കാന്‍ അവര്‍ ശ്രമിക്കും.അതുകൊണ്ടുതന്നെ സര്‍ക്കാര്‍ നിയന്ത്രണങ്ങളുമായി ഇണങ്ങിപ്പോവാന്‍ ഇക്കൂട്ടര്‍ തയ്യാറാവണമെന്നില്ല.

ഈ സാഹചര്യത്തില്‍, ഉള്ള ഡോക്ടര്‍മാരെ പരമാവധി പ്രയോജനപ്പെടുത്തിയും കൂടുതല്‍ ഡോക്ടര്‍മാരെ നിയമിച്ചുമാണ് സര്‍ക്കാര്‍ പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കേണ്ടത്. സംസ്ഥാന സര്‍ക്കാരിന്റെ തന്നെ കണക്കനുസരിച്ച് ആരോഗ്യവകുപ്പ് ഡയറക്ടറുടെ നിയന്ത്രണത്തിലുള്ള ഡോക്ടര്‍മാരുടെ എണ്ണം 4976 ആണ്. ഇതില്‍ 391 പേരെ അഡ്മിനിസ്‌ട്രേറ്റീവ് കേഡര്‍ എന്ന വിഭാഗമായി തിരിച്ച് പൂര്‍ണമായും രോഗനിര്‍ണയത്തില്‍ നിന്നും ചികിത്സയില്‍ നിന്നും മാറ്റി നിര്‍ത്തിയിരിക്കുന്നു. എന്നുവച്ചാല്‍ ഡോക്ടര്‍ എന്ന നിലയിലുള്ള ഇവരുടെ വൈദഗ്ദ്യവും അറിവും സംസ്ഥാനത്തെ രോഗികള്‍ക്ക് ലഭിക്കുന്നില്ല. കഴിഞ്ഞ വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് പി.കെ.ശ്രീമതി ആരോഗ്യമന്ത്രി ആയിരിക്കേയാണ് സര്‍ക്കാര്‍ ഡോക്ടര്‍മാരെ സ്‌പെഷ്യാലിറ്റി കേഡര്‍, അഡ്മിനിസ്‌ട്രേറ്റീവ് കേഡര്‍, ജനറല്‍ കേഡര്‍ എന്നിങ്ങനെ തിരിച്ചത്. മൂന്നുവര്‍ഷം കഴിഞ്ഞ് അത് പുനപരിശോധിക്കുമെന്ന് അന്ന് പ്രഖ്യാപിച്ചിരുന്നു. അതിനിരട്ടി വര്‍ഷം കഴിഞ്ഞിട്ടും ഒരു പരിശോധനയും നടന്നില്ല. ഫലമോ? 391 ഡോക്ടര്‍മാരുടെ സേവനം ചികിത്സാ രോഗനിര്‍ണയ മേഖലകളില്‍ കിട്ടുന്നില്ല.

18 ജനറല്‍ ആശുപത്രികളും അത്ര തന്നെ ജില്ലാ ആശുപത്രികളും 81 താലൂക്ക് ആശുപത്രികളും 848 പ്രാഥമികാരോഗ്യകേന്ദ്രങ്ങളും (ഇതി 168 എണ്ണം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നവയാണ്) 232 കുടുംബാരോഗ്യ കേന്ദ്രങ്ങളും ഉള്‍പ്പെടെ 1280 ആശുപത്രികളിലേക്കാണ് 4976 ഡോക്ടര്‍മാരുള്ളത്. ഇതിനോട് കൂട്ടിച്ചേര്‍ക്കേണ്ട 391 പേരെ ഭരണപരമായ ചുമതലകള്‍ക്കായി മാറ്റി നിര്‍ത്തിയിരിക്കുന്നു! മുമ്പ് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ അമ്പതില്‍ താഴെ ഡോക്ടര്‍മാരാണ് (ജില്ലാ മെഡിക്ക ഓഫീസര്‍മാര്‍ ഉള്‍പ്പെടെ) ഭരണച്ചുമതലയില്‍ മാത്രം കേന്ദ്രീകരിച്ചിരുന്നത്. മറ്റ് ആശുപത്രികളിലൊക്കെ ഡോക്ടര്‍മാര്‍ ചികിത്സയും രോഗനിര്‍ണയവും നടത്തുന്നതിനൊപ്പം തന്നെ അധികസമയം കണ്ടെത്തി സൂപ്രണ്ട്, ഡെപ്യുട്ടി സൂപ്രണ്ട്, ആര്‍.എം.ഒ എന്നീ തസ്തികകളില്‍ പ്രവര്‍ത്തിച്ചുപോന്നിരുന്നു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള മെഡിക്കല്‍ കോളേജ് ആശുപത്രികള്‍ ഉള്‍പ്പെടെയുള്ളവ ആ സ്ഥിതിയില്‍ ഇപ്പോഴും മികച്ച രീതിയില്‍ മുന്നോട്ട് പോവുന്നുണ്ട്. ജനറല്‍ – ജില്ലാ – താലൂക്ക് ആശുപത്രികളിലൊന്നും അഡ്മിനിസ്‌ട്രേറ്റീവ് കേഡര്‍ എന്നുപറഞ്ഞ് ഡോക്ടര്‍മാരെ മാറ്റിയതുകൊണ്ട് പ്രത്യേകിച്ചെന്തെങ്കിലും മെച്ചമുണ്ടായതായി പ്രത്യക്ഷത്തില്‍ കാണാനാവുന്നുമില്ല. മിനിസ്റ്റീരിയല്‍ ജോലി ചെയ്യാനാണോ ഇത്രയും ഡോക്ടര്‍മാരെ സര്‍ക്കാര്‍ പഠിപ്പിച്ച് നിയമനം നല്‍കിയ കനത്ത ശമ്പളം കൊടുത്ത് പോറ്റുന്നത്? അടിയന്തരമായി ഇക്കാര്യത്തില്‍ ഒരു പഠനം നടത്തി സര്‍ക്കാര്‍ തീരുമാനമെടുക്കണം.

സര്‍ക്കാര്‍ ആരോഗ്യ മേഖലയിലേക്ക് വന്‍തോതില്‍ കരാര്‍ ഡോക്ടര്‍മാരെ കൊണ്ടുവരുന്ന സംവിധാനമാണ് എന്‍.എച്ച്.എം (നാഷണല്‍ ഹെല്‍ത്ത് മിഷന്‍) കേന്ദ്രസര്‍ക്കാര്‍ പദ്ധതി.’ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം’ എന്ന പേരില്‍ തുടങ്ങിയ ഈ പദ്ധതിയില്‍ നിന്ന് ഇപ്പോള്‍ ‘ഗ്രാമീണം’ ഉപേക്ഷിച്ചിരിക്കുന്നു. ഇതിന്റെ പ്രധാന പ്രശ്‌നം ഗ്രാമീണ മേഖലകളില്‍ ഈ പദ്ധതിപ്രകാരം ഇപ്പോഴും ആവശ്യത്തിന് ഡോക്ടര്‍മാരില്ല. പലേടത്തും നിയമനം കിട്ടുന്ന ഡോക്ടര്‍മാര്‍ ഒന്നോ രണ്ടോ മാസം കഴിഞ്ഞ് വിട്ടുപോവുന്നു. ഒരു ആശുപത്രിയില്‍ 24 മണിക്കൂര്‍ ചികിത്സയോ വൈകുന്നേരത്തെ ഒപിയോ ഒക്കെ ഉദ്ഘാടനം നടത്തിക്കഴിഞ്ഞാല്‍ പിന്നെ അതവിടത്തെ ഡോക്ടര്‍മാരുടെ ഉത്തരവാദിത്തമായി മാറുന്നു. ഒന്നും ഒന്നര മുറിയും ഡോക്ടര്‍മാരുള്ളിടത്ത് അവര്‍ക്ക് നേരെ ചൊവ്വേ വിശ്രമിക്കാന്‍ പോലും കഴിയാത്ത അവസ്ഥയുള്ളിടങ്ങളുണ്ട്. എന്‍.എച്ച്.എം ഡോക്ടര്‍മാര്‍ പാതിവഴിയില്‍ പോയിക്കഴിഞ്ഞാല്‍ പകരം ആളുകളെ കിട്ടാനുള്ള ബുദ്ധിമുട്ട് സ്ഥിരം ഡോക്ടര്‍മാരിലേക്ക് പകരുന്ന സമ്മര്‍ദ്ദം കണ്ടില്ലെന്ന് നടിക്കാതിരിക്കാനാവില്ല. ഇത്തരം അനാരോഗ്യകാര്യങ്ങളില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ ആദ്യം ‘ചികിത്സ’ തേടിയേ മതിയാവൂ.

ബസ് സര്‍വീസുകള്‍, അത് സ്വകാര്യമായാലും കെ.എസ്.ആര്‍.ടി.സി ആയാലും നടത്തുന്നതിനിടെ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ചിലപ്പോള്‍ മര്‍ദ്ദനമേല്‍ക്കാറുണ്ട്, ഉടന്‍ മിന്നല്‍ പണിമുടക്ക് പ്രഖ്യാപിക്കപ്പെടും. ജനങ്ങള്‍ കഷ്ടപ്പെടും. സര്‍ക്കാര്‍ ഓഫീസുകളിലും സമാന സ്ഥിതിയുണ്ട്. അവിടെയും മിന്നല്‍ പണിമുടക്കുണ്ട്. എന്തും സഹിക്കാന്‍ വിധിക്കപ്പെടുന്ന ജനങ്ങള്‍ കൂടുതല്‍ ദുരിതം സഹിക്കേണ്ടിവരും. അതുപോലല്ല, ഡോക്ടര്‍മാരുടെ സമരമെന്ന് കുറഞ്ഞപക്ഷം കെ.ജി.എം.ഒ.എ എന്ന സംഘടനയുടെ നേതാക്കളുടെ കസേരയിലിരിക്കുന്നവരെങ്കിലും ഓര്‍ക്കണം.

പാലക്കാട് കുമരംപുത്തൂരില്‍ സായാഹ്ന ഒപിക്ക് വിസമ്മതിച്ച ഡോക്ടറെ ഡി.എം.ഒ സസ്‌പെന്‍ഡ് ചെയ്‌താല്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍, ആരോഗ്യവകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി, ആരോഗ്യമന്ത്രി മുതല്‍ മുഖ്യമന്ത്രി വരെ ഇടപെടുത്തി പ്രശ്‌നം പരിഹരിക്കുകയാണ് ഒരു സംഘടനയുടെ ഉത്തരവാദിത്തം. ഒരു നോട്ടീസ് പോലും കൊടുക്കാതെ എടുത്തുചാടി അനിശ്ചിതകാല സമരം പ്രഖ്യാപിച്ച കെ.ജി.എം.ഒ.എ നേതാക്കള്‍ ചെയ്തത് ക്രിമിനല്‍ കുറ്റമാണ്. മറ്റ് മിന്നല്‍ പണിമുടക്കുകള്‍ ആരുടെയും ജീവനെ ബാധിക്കില്ല. നിങ്ങള്‍, ഡോക്ടര്‍മാര്‍ ബന്ദികളാക്കിയത് പാവപ്പെട്ട രോഗികളെയാണ്. ചികിത്സ കിട്ടാതെ ആദിവാസി വീട്ടമ്മയ്ക്ക് ജീവന്‍ നഷ്ടപ്പെട്ടു. സമരം ഒത്തുതീര്‍ന്നതിനെത്തുടര്‍ന്ന്, ആ ജീവന്‍ വീണ്ടെടുത്ത് നല്‍കാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിയുമോ? വിവേകശൂന്യമായ ഇത്തരമൊരു തീരുമാനമെടുത്ത ഡോക്ടര്‍മാരുടെ ഈ സംഘടന പരസ്യമായി ജനങ്ങളോട് മാപ്പ് ചോദിക്കണം.

ആരോഗ്യമന്ത്രിക്കും ഭര്‍ത്താവിനും കുടുംബാംഗങ്ങള്‍ക്കും രോഗം വന്നാല്‍ ചികിത്സയ്ക്ക് മുന്തിയ സ്വകാര്യ ആശുപത്രികളുണ്ട്. പഞ്ചനക്ഷത്രസൗകര്യമുള്ള മുറികളില്‍ സിനിമയോ ടെലിവിഷനോ കണ്ട് വിശ്രമിക്കാം. അതിന്റെയൊക്കെ പണം സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് എഴുതിയെടുക്കുകയും ചെയ്യാം. പക്ഷെ, പാലക്കാട് എടവക പഞ്ചായത്തിലെ രണ്ടേനാട് വെണ്ണമറ്റകുന്ന് പണിയക്കോളനിയിലെ വേരന്റെ ഭാര്യ ചപ്പയുടെ കുടുംബവരുമാനം സ്വകാര്യ ആശുപത്രിയില്‍ ആരോഗ്യമന്ത്രിയുടെ കുടുംബം ഒരു നേരം കഞ്ഞി കുടിക്കാന്‍ ചെലവാക്കിയ തുകയുടെ അത്രയും വരില്ല. അതുകൊണ്ട് അവര്‍ക്ക് ആശ്രയം സര്‍ക്കാര്‍ ആശുപത്രിയാണെന്ന വസ്തുത മറ്റാര് മറന്നാലും നാട് ഭരിക്കുന്നവര്‍ മറക്കാന്‍ പാടില്ല. അത്തരക്കാരെ പെരുവഴിയിലാക്കുന്ന സമരം വന്നാല്‍ എത്രയും വേഗം അത് അവസാനിപ്പിക്കാന്‍ എന്തുചെയ്യണമെന്നാണ് ഉത്തരവാദപ്പെട്ട ജനകീയമന്ത്രിമാര്‍ ആലോചിക്കേണ്ടത്. സമരപ്പന്തലില്‍ നേരിട്ടെത്തി ചര്‍ച്ച നടത്തി ഒരിക്കലും തീരില്ലെന്ന് പ്രതീക്ഷിച്ച സമരം തീര്‍ത്ത മന്ത്രിമാരുടെ മാതൃക ഈ നാട്ടിലുണ്ട്. അതുകൊണ്ട് അവരുടെ ‘വീര്യം’ കുറഞ്ഞതായി ഒരാള്‍പോലും പരിഹസിച്ചിട്ടുമില്ല.

മുമ്പ്, മാടമ്പിത്തരം കാട്ടിയവര്‍ക്കെതിരെ സമരം ചെയ്ത പ്രസ്ഥാനത്തിന്റെ മന്ത്രിയും അതേ മനോഭാവം പിന്തുടരുമ്പോള്‍ അധികാരത്തിന്റെ ഗര്‍വ് ഏത് വിപ്‌ളവകാരിയെയും മാറ്റിമറിക്കും എന്നതിന് കേരളീയര്‍ ഇതാദ്യമായല്ല സാക്ഷ്യം വഹിക്കുന്നത് എന്നേ ജനങ്ങള്‍ക്ക് പറയാനാവൂ. ഡോക്ടര്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജന്‍റെ കൂടി ഇടപെടലിനെ തുടര്‍ന്ന് കെ.ജി.എം.ഒ.എ ഭാരവാഹികള്‍ മുന്നോട്ടുവരുമ്പോള്‍ എത്രയുംപെട്ടെന്ന് സമരം തീര്‍ത്ത് ആശുപത്രികളെ പ്രവര്‍ത്തന സജ്ജമാക്കാനല്ലേ ആരോഗ്യമന്ത്രി ശ്രമിക്കേണ്ടത്? അതിനുപകരം ഒത്തുതീര്‍പ്പുശ്രമം പൊളിക്കുന്ന വിധത്തി ചര്‍ച്ചയി നിന്ന് പിന്‍മാറുകയും നിവൃത്തിയില്ലാതെ സമരം തുടരാന്‍ കെ.ജി.എം.ഒ.എ തീരുമാനിക്കുകയും ചെയ്തത് ആരോഗ്യമന്ത്രിക്ക് ഭൂഷണമാണോ? മുഖ്യമന്ത്രിയുടെ ഓഫീസ് വീണ്ടും ഇടപെട്ടില്ലായിരുന്നെങ്കിലോ? നഴ്‌സറി ക്‌ളാസിലെ കുട്ടികളുടെ ദുശ്ശാഠ്യമല്ല കേരളം ആരോഗ്യമന്ത്രിയില്‍ നിന്ന് പ്രതീക്ഷിക്കുന്നത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

എം ബി സന്തോഷ്

എം ബി സന്തോഷ്

മാധ്യമ പ്രവര്‍ത്തകന്‍

More Posts

Follow Author:
TwitterFacebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍