UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

സമരം കൊണ്ട് എന്തു നേടി? ചോദ്യം ഡോക്ടര്‍മാരോടാണ്; സര്‍ക്കാരും ഉത്തരം തരണം

ചര്‍ച്ചയും പരിഹാര മാര്‍ഗങ്ങളും തുടക്കത്തില്‍ തന്നെ നടന്നിരുന്നുവെങ്കില്‍ നാലു ദിവസം സാധാരണക്കാരായ രോഗികള്‍ ഇങ്ങനെ വലയുമായിരുന്നോ?

തങ്ങളുടെ ആവശ്യങ്ങള്‍ സംരക്ഷിക്കാന്‍ എന്നും ആയുധമാക്കുന്ന പൊടുന്നനെയുള്ള സമരം ഇത്തവണ ഡോക്ടര്‍ക്ക് ഉപകാരപ്പെട്ടില്ല. മാത്രമല്ല, എന്തിനെതിരേയാണോ സമരം ചെയ്തത് അതിനോട് സഹകരിക്കുമെന്ന് അംഗീകരിക്കേണ്ടിയും വന്നിരിക്കുന്നു. നാലുദിവസത്തോളം രോഗികളെ വലച്ചുകൊണ്ടു നടന്ന സമരത്തിനു ശേഷം സര്‍ക്കാരിന് മുന്നില്‍ കീഴടങ്ങേണ്ടി വന്നിരിക്കുകയാണ് ഡോക്ടര്‍മാര്‍ക്ക്. ജോലി ഭാരം കൂടുമെന്നും മുന്നൊരുക്കമില്ലാത്ത നീക്കം എന്നുമെല്ലാം ആരോപിച്ചായിരുന്നു സായാഹ്ന ഒ പിയുമായും ആര്‍ദ്രം പദ്ധതിയുമായും സഹകരിക്കില്ലെന്നു വ്യക്തമാക്കി ഡോക്ടര്‍മാര്‍ സമരത്തിനിറങ്ങിയത്. എന്നാല്‍ ഇത്തരമൊരു സമരത്തിന് രോഗികളില്‍ നിന്നും പൊതുസമൂഹത്തില്‍ നിന്നും കടുത്ത വിമര്‍ശനങ്ങളാണ് ഡോക്ടര്‍മാര്‍ക്ക് നേരിടേണ്ടി വന്നത്. ഇതിനൊപ്പം വിട്ടുവീഴ്ചയില്ലാതെ സര്‍ക്കാരും നിന്നപ്പോള്‍ കീഴടങ്ങാതെ വഴിയില്ലെന്നായി ഡോക്ടര്‍മാര്‍ക്ക്. സര്‍ക്കാരിന്റെ ഭാഗത്തെ വീഴ്ചകള്‍ കാണാതെ, പൂര്‍ണമായി ഡോക്ടര്‍മാരെ കുറ്റപ്പെടുത്തുകയല്ല. എങ്കിലും ചോദിക്കുകയാണ്, ഇത്തരം സമരങ്ങള്‍ കൊണ്ട് എന്ത് നേട്ടമാണ് ഉണ്ടായത്? നാലു ദിവസത്തോളം രോഗികള്‍ വലഞ്ഞു എന്നതു മാത്രമാണ് ഇങ്ങനെയൊരു സമരത്തിന്റെ ബാക്കി പത്രം. അതിന്റെ രോഷം സാധാരണക്കാരയവര്‍ക്കുണ്ട്. ഇനിയെങ്കിലും ഇത്തരം സമരങ്ങളുമായി ഇറങ്ങുമ്പോള്‍ ഞങ്ങളെ പോലെ സാധാരണക്കാരായ രോഗികളെക്കുറിച്ചു കൂടി ഓര്‍ക്കുന്നത് നല്ലതായിരിക്കുമെന്ന് ഇവര്‍ പറയുന്നു.

കയ്യിലെ പഴുപ്പ് വര്‍ധിച്ചതിനുള്ള ചികിത്സയ്ക്കായാണ് ആശുപത്രിയില്‍ ചെന്നത്. എന്നാല്‍, ഡോക്ടര്‍മാര്‍ സമരത്തിലായതിനാല്‍ എനിക്ക് ചികിത്സ കിട്ടാതെ വരുന്ന അവസ്ഥയായി. പഴുപ്പ് നീക്കം ചെയ്യണമെങ്കില്‍ തൃശൂരില്‍ പോയി ചികിത്സ തേടണമെന്നായിരുന്നു ഇവിടെ നിന്നും പറഞ്ഞത്. സാമ്പത്തികമായും മറ്റും അതൊരുപാട് ബുദ്ധിമുട്ടുകള്‍ക്ക് കാരണമാകും. ഇനി എന്താണ് ചെയ്യേണ്ടതെന്നും സഹായത്തിന് ആരുണ്ടാകുമെന്നും എനിക്കറിയില്ല.’; പാലക്കാട് ജില്ല ആശുപത്രിയില്‍ ഇന്നലെ ചികിത്സയ്‌ക്കെത്തിയ ജ്യോതിയുടെ പരാതിയാണിത്. ജ്യോതിയെ പോലെ, ഡോക്ടരുടെ അനിശ്ചിതകാലസമരം കാര്യമായ രീതിയില്‍ തങ്ങളെ കഷ്ടപ്പെടുത്തിയെന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സയ്‌ക്കെത്തുന്ന നിരവധി രോഗികളാണ് പരാതി പറഞ്ഞത്.

പാലക്കാട് ജില്ല ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ മറ്റൊരു രോഗി സുബ്രഹ്മണ്യന്റെ പ്രതികരണമിങ്ങനെയായിരുന്നു;

ആശുപത്രിയില്‍ നിന്നും എട്ട് കിലോമീറ്റര്‍ അപ്പുറമാണ് എന്റെ വീട്. ഒപി ടിക്കറ്റ് ലഭിക്കാന്‍ നേരത്തെ എത്തണമെന്നതിനാല്‍ കാലത്ത് ആറു മണിക്കാണ് ഞാന്‍ ജില്ലാ ആശുപത്രിയില്‍ ചെന്നത്. അപ്പോഴാണ് ഡോക്ടര്‍മാരെല്ലാം സമരത്തിലാണെന്ന് അറിഞ്ഞത്. വയറുവേദനയായിട്ടായിരുന്നു ഞാന്‍ ആശുത്രിയില്‍ പോയത്. സ്വകാര്യ ആശുപത്രികളില്‍ പോകാനും മറ്റും പണവുമില്ല. ഞങ്ങളെപ്പോലുള്ള പാവങ്ങള്‍ എന്താണ് ചെയ്യുക? ചികിത്സയ്ക്കായി എങ്ങോട്ടാണ് പോകേണ്ടത്?’

എറണാകുളം ജില്ല ആശുപത്രിയില്‍ നിന്നും സമാനമായ പരാതികള്‍ പല രോഗികളും അഴിമുഖത്തോട് പങ്കുവച്ചിരുന്നു. ഞങ്ങളെ പോലുള്ള പാവങ്ങള്‍ക്ക് രോഗം വന്നാല്‍ കുറഞ്ഞ ചിലവില്‍ ചികിത്സ കിട്ടണമെങ്കില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ വരണം. ഇവിടെയുള്ള ഡോക്ടര്‍മാര്‍ ഈ തരത്തില്‍ സമരവുമായി ഞങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. ഡോക്ടര്‍മാര്‍ ഈ തരത്തില്‍ തുടങ്ങിയാല്‍ രോഗികളായ ഞങ്ങളും സമരത്തിനിറങ്ങണമെന്നാണോ പറയുന്നത്. ഡോക്ടര്‍മാരുടെ സമരവും സര്‍ക്കാരിന്റെ കടുംപിടുത്തവും ബാധിക്കുന്നത് ഞങ്ങളെ പോലുള്ള പാവം രോഗികളെയാണ്; ചേരാനെല്ലൂര്‍ സ്വദേശിയായ വിനയന്റെ വാക്കുകളായിരുന്നു ഇത്. വയറു വേദനയെ തുടര്‍ന്നാണ് ഇന്നലെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ വിനയന്‍ ചികിത്സ തേടിയെത്തിയത്.

ഡോക്ടര്‍മാര്‍ മാപ്പ് പറയണം; ആരോഗ്യമന്ത്രിയും

തങ്ങള്‍ക്കെതിരേ പൊതുജനത്തിന്റെ ഭാഗത്തു നിന്നും ഇത്തരത്തില്‍ പരാതികള്‍ ഉയരുമ്പോഴും സമരം ചെയ്തതില്‍ ന്യായമുണ്ടെന്നായിരുന്നു ഡോക്ടര്‍മാരുടെ അഭിപ്രായം. തങ്ങളെ സമരത്തിന് ഇറക്കിയത് സര്‍ക്കാര്‍ ആണെന്നാണ് ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ പറയുന്നത്. സമരം ചെയ്തപ്പോള്‍ പോലും രോഗികളുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്തിരുന്നില്ലെന്നും ഇവര്‍ അവകാശപ്പെടുന്നു.

സമരത്തെക്കുറിച്ച് കെജിഎംഒഎ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.സാബു സുഗതന്‍ അഴിമുഖത്തോട് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു;

‘ഒരു സമരത്തിലേക്ക് ഞങ്ങളെ വലിച്ചിഴച്ചത് സര്‍ക്കാരാണ്. കൃത്യമായ പഠനങ്ങളും ദീര്‍ഘ വീക്ഷണവുമില്ലാതെയാണ് ഫാമിലി ഹെല്‍ത്ത് സെന്ററുകള്‍ എന്ന ആശയം സര്‍ക്കാര്‍ നടപ്പാക്കിയത്. സംസ്ഥാനത്തെ ഭൂരിഭാഗം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഒന്നോ രണ്ടോ ഡോക്ടര്‍മാര്‍ മാത്രമാണ് ഒപി വിഭാഗത്തില്‍ ഉണ്ടാവുക. ഡ്യൂട്ടി സമയം ഒന്‍പത് മുതല്‍ ആറുവരെ എന്ന രീതിയില്‍ ക്രമീകരിക്കുന്നത് വഴി ഒരേ ഡോക്ടര്‍ തന്നെ മുഴുവന്‍ സമയവും ഡ്യൂട്ടിയിലിരിക്കേണ്ട സാഹചര്യമുണ്ടാകുന്നു. ഡോക്ടര്‍മാരുടെ എണ്ണക്കുറവ് മൂലം ഡ്യൂട്ടി ഷിഫ്റ്റിന് സാധ്യമല്ല എന്നുമാത്രമല്ല, ഒരു രോഗിക്കായി കുറഞ്ഞത് ഒരു മിനിറ്റ് സമയം പോലും ചിലവിടാന്‍ ഡോക്ടര്‍മാര്‍ക്ക് സാധിക്കുന്നുമില്ല. രോഗിയെ മുഴുവനായി കേള്‍ക്കുക എന്നതാണ് വൈദ്യശാസ്ത്രത്തിലെ അടിസ്ഥാന നിയമം. സര്‍ക്കാരിന്റെ നടപടിയിലെ അപാകതകള്‍ രോഗികള്‍ക്ക് നിലവാരമുള്ള ചികിത്സ നിഷേധിക്കപ്പെടാന്‍ വഴിയൊരുക്കും. മാത്രമല്ല, ഫാര്‍മസിസ്റ്റുകളുടെ ജോലി സമയം നിലവില്‍ ഒന്‍പതു മുതല്‍ നാലു വരെയാണ്. ആയതിനാല്‍ നാലുമുതല്‍ ആറു വരെയുള്ള സമയങ്ങളില്‍ ചികിത്സയ്‌ക്കെത്തുന്ന രോഗികള്‍ മരുന്നിനായി പിറ്റേദിവസം വീണ്ടും വരേണ്ട അവസ്ഥയുമുണ്ട്. അനുബന്ധ മേഖലകളിലെല്ലാം കൃത്യമായ മാറ്റം വരുത്തി നടപ്പില്‍ വരുത്തേണ്ട ഒരു ആശയത്തെ ധ്രുതഗതിയില്‍ മുന്നൊരുക്കങ്ങളില്ലാതെ സര്‍ക്കാര്‍ നടപ്പിലാക്കുകയായിരുന്നു. സമരത്തെ സര്‍ക്കാര്‍ ഗൗനിച്ചില്ല എന്നതാണ് മറ്റൊരു യാഥാര്‍ഥ്യം. മുഖ്യമന്ത്രി, ആരോഗ്യമന്ത്രി തുടങ്ങിയവര്‍ക്കെല്ലാം ഞങ്ങള്‍ പരാതികള്‍ നല്‍കിയിരുന്നതാണെങ്കിലും സര്‍ക്കാര്‍ ഗൗനിച്ചില്ല. സമരം അവവസാനിപ്പിച്ച ശേഷം മാത്രമേ ഒത്തുതീര്‍പ്പ് സാധ്യമാകൂ എന്ന രീതിയിലുള്ള കര്‍ക്കശ നിലപാടുകളായിരുന്നു സര്‍ക്കാരിന്. എപ്പോള്‍ വേണമെങ്കിലും ചര്‍ച്ചയ്ക്ക് ഞങ്ങള്‍ തയ്യാറായിരുന്നതാണ്. എന്നാല്‍ സംഘടനയുടെ പ്രസിഡന്റിനെയും സെക്രട്ടറിയേയും സ്ഥലം മാറ്റി സമരത്തെ അടിച്ചമര്‍ത്താനുള്ള തീരുമാനങ്ങളാണ് മറുഭാഗത്ത് നിന്നും ഉണ്ടായത്.’

ഇപ്പോള്‍ തന്നെ ജോലി ഭാരം കൂടുതലാണ്. സര്‍ക്കാരിന്റെ ആര്‍ദ്രം പദ്ധതിയില്‍ പറയുന്ന സായാഹ്ന ഒപി ഡോക്ടര്‍മാരുടെ അപര്യാപ്തമായ അംഗബലം കൊണ്ട് ഫലവത്തായി നടപ്പാക്കാന്‍ സാധിക്കില്ല എന്നതാണ് യാഥാര്‍ഥ്യം; കെജിഎംഒഎ എറണാകുളം ജില്ലാ പ്രസിഡന്റ് ഡോ. കെ.എച്ച് ദീപ ചൂണ്ടിക്കാണിച്ച കാര്യമാണിത്. നിലവില്‍ ആര്‍ദ്രം പദ്ധതിയുടെ ഭഗമായി ഡോക്ടര്‍മാര്‍ക്ക് റൊട്ടേഷന്‍ ജോലിയാണ് പറയുന്നത്. രാവിലെ ഒമ്പതു മുതല്‍ 1.30 വരെ ഒപിയില്‍ ഒരു ഡോക്ടറുടെ സേവനവും മറ്റൊരു ഡോക്ടര്‍ ഫീല്‍ഡില്‍ പോകണമെന്നുമാണ്. ഉച്ചകഴിഞ്ഞ് ഒപിയില്‍ ഒരു ഡോക്ടറുടെ സേവനവും ഉറപ്പാക്കണമെന്നതുമാണ് നിര്‍ദ്ദേശം. എന്നാല്‍ നിലവില്‍ സര്‍ക്കാര്‍ സര്‍വീസില്‍ ഡോക്ടര്‍മാര്‍ക്ക് അനുവദിച്ചിരിക്കുന്ന ഓഫ്, ലീവ് എന്നിവ കഴിഞ്ഞാല്‍ 20 ദിവസമാണ് ഒരു ഡോക്ടറുടെ ഒരു മാസത്തെ സേവനം. ഒരേ സമയം ആരോഗ്യ കേന്ദ്രങ്ങളില്‍ ഒരു ഡോക്ടര്‍ മതിയെന്ന സര്‍ക്കാര്‍ തീരുമാനം ഞങ്ങള്‍ക്ക് ജോലി ഭാരം കൂട്ടുന്നതും നിയമപ്രകാരം ലഭിക്കേണ്ട അവധി ദിവസങ്ങള്‍ നഷ്ടപ്പെടുന്നതിനും കാരണമാകും. കൂടാത റൊട്ടെഷന്‍ അടിസ്ഥാനത്തില്‍ ഒരു സമയം ഒരു ഡോക്ടര്‍ എന്ന തീരുമാനം ഡോക്ടററെ കാണുന്നതിന് അധിക നേരം രോഗികള്‍ കാത്തിരിക്കേണ്ട സാഹചര്യമുണ്ടാക്കും. രാവിലെ ഒപിയില്‍ രണ്ട് ഡോക്ടറുടെ സേവനം ഉറപ്പാക്കിയാല്‍ ഇത് രോഗികള്‍ക്കും ഡോക്ടര്‍മാര്‍ക്കും ഒരേ പോലെ പ്രയോജനം ചെയ്യും. അതുകൊണ്ട് ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ അല്ലെങ്കില്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ചുരുങ്ങിയത് അഞ്ച് ഡോക്ടര്‍മാരുടെ തസ്തിക ഉറപ്പാക്കണമെന്നുമാണ് തങ്ങള്‍ ആവശ്യപ്പെട്ടത്; ഡോ. കെ.എച്ച് ദീപ പറയുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം പദ്ധതിയോട് തങ്ങള്‍ക്കെതിര്‍പ്പില്ല. ആശുപത്രികളില്‍ അഞ്ച് ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കുന്നതിലൂടെ െ്രെപവറ്റ് കണ്‍സള്‍ട്ടിംഗ് കുറയുമെന്നും പദ്ധതി കൂടുതല്‍ കാര്യക്ഷമതയോടെ നടപ്പാക്കുന്നതിന് വേണ്ടിയാണ് സമരം ചെയ്യുന്നതെന്നു കൂടി ഡോ. ദീപ കൂട്ടിച്ചേര്‍ത്തിരുന്നു.

ചികിത്സ കിട്ടാതെ ആദിവാസി സ്ത്രീ മരിച്ചിട്ടും തുടരുന്ന ഡോക്ടര്‍മാരുടെ ധാര്‍ഷ്ട്യ സമരം

ആര്‍ദ്രം പദ്ധതി പ്രകാരം ഉച്ചയ്ക്ക് ശേഷം 1.30 മുതല്‍ ആറ് വരെ ഒപി അനുവദിച്ചാല്‍ രോഗികള്‍ക്കുള്ള മരുന്നു ആര് കൊടുക്കും. ആരോഗ്യ കേന്ദ്രങ്ങളില്‍ നിലവില്‍ വൈകിട്ട് നാലു വരെ മാത്രമേ ഫാര്‍മസിസ്റ്റുകളുടെ സേവനം ലഭ്യമാകൂ. ജോലി സമയം കഴിഞ്ഞ് ഫാര്‍മസിസ്റ്റ് പോയി കഴിഞ്ഞാല്‍ ഡ്യൂട്ടിയിലുള്ള നഴ്‌സിനെ കൊണ്ട് മരുന്നു കൊടുപ്പിക്കണമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ മരുന്ന് ഫാര്‍മസിസ്റ്റിന് മാത്രമെ നല്‍കാന്‍ പാടുള്ളു എന്ന കോടതി ഉത്തരവ് നിലനില്‍ക്കുമ്പോള്‍ നിയമം ലംഘിച്ച് നഴ്‌സ് മരുന്നു കൊടുത്താല്‍ എങ്ങനെ ശരിയാകുമെന്ന ചോദ്യവും ഡോക്ടര്‍മാര്‍ ഉയര്‍ത്തിയിരുന്നു.

ആരോഗ്യ രംഗത്ത് ഗുണപരമായ മാറ്റങ്ങള്‍ കൊണ്ടു വരുന്നമെന്നു പ്രതീക്ഷിക്കുന്ന ഒന്നാണ് സര്‍ക്കാരിന്റെ ആര്‍ദ്രം പദ്ധതി. ലാബ് ടെക്‌നീഷന്‍, ഫാര്‍മസിസസ്റ്റ് എന്നിവയുടെ ഓരോ തസ്തികയും സ്റ്റാഫ് നഴസിന്റെ നാല് തസ്തികകളും മൂന്നു ഡോക്ടര്‍മാരുടെ സേവനവും ഉറപ്പാക്കുന്നതേടൊപ്പം ആരോഗ്യ കേന്ദ്രങ്ങളിലെ ആധുനിക സൗകര്യങ്ങള്‍ പദ്ധതിയുടെ ഭാഗമായി വര്‍ധിപ്പിക്കുമെന്ന് അറിയുന്നു. ഒപി സമയം വൈകുന്നേരം ആറു വരെ കൂട്ടും, കൂടാതെ. ഡിപ്രഷന്‍ ക്ലിനിക്, റെസ്പറേറ്ററി ക്ലിനിക്, ഫീല്‍ഡ് വര്‍ക്കുകള്‍ എന്നിവയും ആര്‍ദ്രം പദ്ധതിയുടെ ഗുണങ്ങളാണ്. ഇതൊക്കെ തങ്ങളും അംഗീകരിക്കുന്നുവെന്നും ഈ പദ്ധതിയെ സ്വാഗതം ചെയ്യുന്നുവെന്നും ഡോക്ടര്‍മാര്‍ പറയുന്നു. പദ്ധതി കാര്യക്ഷമമാക്കി നടത്തണമെങ്കില്‍ ഡോക്ടര്‍മാരുടെ തസ്തിക മൂന്നില്‍ നിന്ന് അഞ്ചാക്കി ഉയര്‍ത്തണമെന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങളായിരുന്നു തങ്ങള്‍ സമരത്തിലൂടെ മുന്നോട്ടുവച്ചിരുന്നതെന്നുമാണ് ഡോക്ടര്‍മാരുടെ ന്യായീകരണം.

എന്തായാലും കേരള ഗവ. മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളുമായി ചര്‍ച്ച നടത്താന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ തയ്യാറായതോടെ രക്ഷപ്പെട്ടത് സാധാരണക്കാരായ രോഗികളാണ്. സമരം പിന്‍വലിക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായതില്‍ സര്‍ക്കാരിനെയും ഡോക്ടര്‍മാരെയും അഭിനന്ദിക്കാം. മാത്രമല്ല, കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ വൈകുന്നേരം വരെയുള്ള ഒപിയുമായി സഹകരിക്കാനും ഡോക്ടര്‍മാര്‍ തയ്യാറായതും ജനങ്ങളുടെ വിജയമാണ്. അതേസമയം ഡോക്ടര്‍ ഉയര്‍ത്തിയ ആവശ്യങ്ങളില്‍ ന്യായമായവ പരിഹരിക്കാമെന്നു സര്‍ക്കാരും ഉറപ്പ് നല്‍കിയിട്ടുണ്ട്. കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ കുറഞ്ഞത് മൂന്നു ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കാമെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. അതിനൊപ്പം തന്നെ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട പ്രായോഗിക വിഷമതകള്‍ പരിഹരിക്കാന്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്റെ നേതൃത്വത്തില്‍ കമ്മറ്റിയേയും നിയോഗിച്ചുകൊണ്ട് കെജിഎംഒ പ്രതിനിധികള്‍ അടക്കമുള്ളവരുമായി ചര്‍ച്ച നടത്താനും തീരുമാനിച്ചിട്ടുണ്ട്. മന്ത്രിതലത്തിലും ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തും.

കാര്യങ്ങള്‍ ഈ രീതിയില്‍ അവസാനിക്കുമ്പോഴും ഒരു ചോദ്യം ബാക്കി. ഇത്തരമൊരു ചര്‍ച്ചയും പരിഹാര മാര്‍ഗങ്ങളും തുടക്കത്തില്‍ തന്നെ നടന്നിരുന്നുവെങ്കില്‍ നാലു ദിവസം സാധാരണക്കാരായ രോഗികള്‍ ഇങ്ങനെ വലയുമായിരുന്നോ? ഈ നാലു ദിവസത്തിനുള്ളില്‍ ഒരു ജീവന്‍ ഇതുമൂലം നഷ്ടപ്പെട്ടിരുന്നെങ്കിലോ? ആരാണ് അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുക? സര്‍ക്കാരോ അതോ ഡോക്ടര്‍മാരോ? പൊതുജനത്തിന്റെ ജീവന്‍ ഇത്തരത്തില്‍ നിസ്സാരമായി കണ്ടു സമരവും പിടിവാശിയും ആരു നടത്തിയാലും ജനാധിപത്യരാജ്യത്ത് അത് ഭൂഷണമല്ല…

രോഗികളേക്കാള്‍ പരിചരണം കിട്ടുന്ന ഡോക്ടർമാരും ആശുപത്രി മുതലാളിമാരും: ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പാസാക്കിയ ഒരു ബില്‍

Avatar

ദീഷ്ണ/അമല്‍ ജോയ്‌

മാധ്യമപ്രവര്‍ത്തകര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍