UPDATES

ഗവര്‍ണ്ണര്‍ പി സദാശിവം തുടങ്ങിവെച്ചു; മുഖ്യമന്ത്രിയുടെ ‘സാലറി ചാലഞ്ചിന്’ മികച്ച പ്രതികരണം

വിവിധവ്യക്തികള്‍, സംഘടനകള്‍ തുടങ്ങി സാധാരണക്കാര്‍ വരെ സംഭാവന ചെയ്ത മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ എത്തിയ തുക ഇതിനോടകം 678. 47 കോടിയായി.

പ്രളയത്തില്‍ നിന്നും കരകയറുന്നതിനായി ലോകമെമ്പാടുമുള്ള മലയാളികള്‍ ഒരുമാസത്തെ ശമ്പളം നീക്കിവയ്ച്ചാല്‍ മതിയാവുമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം കേരളം ഏറ്റെടുക്കുന്നു. ജനങ്ങള്‍ക്ക് മുന്‍പേ അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്ന നിരവധി പേരാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ ഇരുകയ്യും നീട്ടി സ്വീകരിച്ചിട്ടുള്ളത്.

തന്റെ മാസ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നീക്കിവച്ച കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം തന്നെയാണ് ഇതില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിത്വം. പ്രഖ്യാപനത്തിന് പിറകെ തുക ചീഫ് സെക്രട്ടറിക്ക് കൈമാറാനും അദ്ദേഹം തയ്യാറായി. 2.5 ലക്ഷം രൂപയുടെ ചെക്കാണ് ചീഫ് സെക്രട്ടറി ടോം ജോസിന് കൈമാറിയത്. മുന്‍പ് ഓഗസ്റ്റ് 14 ന് ഗവര്‍ണര്‍ ഒരു ലക്ഷം രൂപ നല്‍കിയിരുന്നു. ബാക്കി തുകയാണ് ഇന്ന് കൈമാറിയത്. കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിനായി എല്ലാ ബഹുജനങ്ങളും തങ്ങളുടെ ഒരു മാസത്തെ ശമ്പളത്തിനു തുല്യമായ തുക സംഭാവന ചെയ്യണമെന്നും ഗവര്‍ണര്‍ അഭ്യര്‍ത്ഥിച്ചു. ഇതിന് പിറകെയാണ് ഉന്നത ഉദ്യോഗസ്ഥാരായ നിരവധി പേര്‍ സന്നദ്ധത അറിയിച്ച് രംഗത്തെത്തിയത്. മുഖ്യമന്ത്രിയുടെ ആഹ്വാനം അനുസരിച്ച് ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നല്‍കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ, എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാന്‍ എന്നിവര്‍ അറിയിച്ചു.

അഞ്ചു മാസങ്ങള്‍ക്കുള്ളില്‍ ഒരുമാസത്തെ ശമ്പളം നല്‍കുന്ന രീതിയില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (കെഎംആര്‍എല്‍) എംഡി മുഹമ്മദ് ഹനീഷും ഇന്ന് വ്യക്തമാക്കി. കെഎംആര്‍എല്ലിലെ മറ്റ് ജീവനക്കാരും ഇത്തരത്തില്‍ തങ്ങളുടെ ഒരുമാസത്തെ ശമ്പളം തവണകളായി ദുരിതാശ്വാസ നിധിയിലേക്ക് നീക്കിവയ്ക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. എംജി യുനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ബാബു സെബാസ്റ്റ്യനും വേതനം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. സംസ്ഥാനത്തെ യുഡിഎഫ് എംഎല്‍എമാര്‍ നേരത്തെ തന്നെ തുക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. മുന്‍ എംഎല്‍എ വിജെ പൗലോസ് ഒരുമാസത്തെ പെന്‍ഷനും നീക്കിവച്ചു. കേരള പോലീസില്‍ സേവനം അനുഷ്ടിക്കുന്ന മറ്റ് ഐപിഎസ് ഉദ്യോഗസ്ഥരും ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നീക്കിവയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും ഡിജിപി ലോക് നാഥ് ബെഹ്‌റ പറയുന്നു.

സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള വിവിധ വകുപ്പുകളും മുഖ്യമന്ത്രിയുടെ പുതിയ ആഹ്വാനത്തിന്റെ പ്രാധാന്യ തിരിച്ചറിഞ്ഞ് സംഭാവനയുമായി രംഗത്തെത്തിയിട്ടുണ്ട്. മുഖ്യമന്ത്രി ഉള്‍പ്പെടെ അഞ്ച് മന്ത്രിമാരുടെ ഓഫീസ് ജീവനക്കാരാണ് തങ്ങളുടെ ശമ്പളം നീക്കിവച്ചിട്ടുള്ളത്്. തൊഴില്‍ – എക്‌സൈസ് വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍, ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജയുടെ ഓഫീസ് ജീവനക്കാര്‍, സെക്രട്ടറിയേറ്റ് എംപ്ലോയീസ് ഫെഡറേഷന്‍ അംഗങ്ങള്‍ എന്നിവരാണ് ഈ വിവരം പുറത്തുവിട്ടിട്ടുള്ള മറ്റുള്ളവര്‍. മുഖ്യമന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ അഭ്യര്‍ത്ഥന മാനിച്ച് ഓഫീസില്‍ കൂടിയ ജീവനക്കാരുടെ യോഗത്തിലാണ് ഐകകണ്‌ഠേന തീരുമാനമെടുത്തതെന്ന് ആരോഗ്യമന്ത്രി ഫേസ്ബുക്ക് പേജിലൂടെയാണ് അറിയിച്ചത്.

സര്‍വകലാശാല ജീവനക്കാരുടെ സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് യൂനിവേഴ്‌സിറ്റി എംപ്ലോയീസ് ഓര്‍ഗനൈസേഷന്റെ ഭാഗമായ എല്ലാ ജീവനക്കാരും മുഖ്യമന്ത്രിയുടെ ആഹ്വാനം അനുസരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സംയുക്ത സംഘടന പിന്തുണ അറിയിച്ചതോടെ സംസ്ഥാനത്തെ എല്ലാ യൂനിവേഴ്‌സിറ്റി ജീവനക്കാരും ഇതിന്റെ യജ്ഞത്തിന്റെ ഭാഗമാവുമെന്നാണ് കണക്കാക്കുന്നത്.

അതേസമയം വിവിധവ്യക്തികള്‍, സംഘടനകള്‍ തുടങ്ങി സാധാരണക്കാര്‍ വരെ സംഭാവന ചെയ്ത മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ എത്തിയ തുക ഇതിനോടകം 678.47 കോടിയായി. വിവിധ ഇലക്ട്രോണിക് പെയ്‌മെന്റ് സംവിധാനങ്ങള്‍ വഴി 131.03 കോടി രൂപയും യുപിഎ/ ക്യൂആര്‍/ വിപിഎ എന്നിവഴി 43.21 കോടിയും ദുരിതാശ്വാസ നിധിയിലെത്തിയപ്പോള്‍ പണം, ചെക്ക് ആര്‍ടിജി എസ് തുടങ്ങിയവ വഴി 504.23 കോടയുമാണ് ഇതുവരെ അക്കൗണ്ടിലെത്തിയത്. വിവിധ ബാങ്കുകള്‍ വഴി ഇന്ന് മാത്രം 4.42 കോടി രൂപയാണ് ദുരിതാശ്വാസ നിധിയിലെത്തിയിട്ടുള്ളത്.

ഇതിന് പുറമെ തമിഴ്നാട് സര്‍ക്കാര്‍ ജീവനക്കാര്‍ തങ്ങളുടെ ഒരു ദിവസത്തെ ശമ്പളം പ്രളയ ദുരിതം നേരിടുന്ന കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന ചെയ്യും എന്നു പ്രഖ്യാപിച്ചിട്ടുണ്ട്. മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരും ഒരു ദിവസത്തെ വേതനം കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവനയായി നല്‍കുമെന്ന് തമിഴ്നാട് ഗവണ്‍മെന്റ് എംപ്ലോയീസ് അസോസിയേഷന്‍ (ടിഎന്‍ജിഇഎ) സംസ്ഥാന സെക്രട്ടറി സിആര്‍ രാജ്കുമാറാണ് അറിയിച്ചത്. 200 കോടി രൂപയ്ക്കടുത്ത് വരുന്ന തുക ഇതുവഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെത്തും. ഇതിന് തമിഴ്‌നാട് സര്‍ക്കാര്‍ അനുമതി നല്‍കിയതായും റിപോര്‍ട്ടുകള്‍ പറയുന്നു.

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം ഗംഭീരം; പക്ഷേ, ‘ആറ്റിൽ കളഞ്ഞാലും അളന്നേ കളയാവൂ’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍