ഇരട്ടക്കൊലപാതകത്തിനു ശേഷം സംഘര്‍ഷമൊഴിയാത്ത പെരിയയില്‍ വീണ്ടും വീടുകള്‍ക്കു നേരേ ആക്രമണം
കല്ല്യോട്ടെ ഇരട്ടക്കൊലപാതകത്തിനു ശേഷം സംഘര്‍ഷമൊഴിയാത്ത പെരിയയില്‍ വീണ്ടും വീടുകള്‍ക്കു നേരേ ആക്രമണം. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി രാജന്റെ വീടിനാണ് ഇന്നലെ രാത്രിയെത്തിയ അക്രമിസംഘം തീയിട്ടത്. പെട്രോള്‍ നിറച്ച കുപ്പികളും മറ്റുമുപയോഗിച്ചുള്ള ആക്രമണത്തില്‍ വീടിന്റെ മുന്‍വശവും വാഹനവും ഭാഗികമായി കത്തി നശിച്ചിട്ടുണ്ട്. ജനല്‍ച്ചില്ലുകള്‍, ഫര്‍ണിച്ചറുകള്‍, വാഹനത്തിന്റെ ചില്ലുകള്‍ എന്നിവയും കല്ലെറിഞ്ഞ് തകര്‍ത്തിട്ടുണ്ട്. പെരിയ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട പ്രതിഷേധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന രാജന്റെ വീട്ടില്‍, ആക്രമണം നടക്കുമ്പോള്‍ ഭാര്യയും കുഞ്ഞും മാത്രമാണ് ഉണ്ടായിരുന്നത്. ബേക്കല്‍ പൊലീസ് സ്ഥലത്തെത്തി പരിശോധിക്കുകയും കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിലായി കല്ല്യോട്ടും പെരിയയിലും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും മൃതദേഹങ്ങള്‍ വഹിച്ചുള്ള വിലാപയാത്ര കല്ല്യോട്ട് എത്തിയതു മുതല്‍ കൊലപാതകവുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന സിപിഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമമഴിച്ചു വിട്ടിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍, സിപിഎം പ്രവര്‍ത്തകരുടെ വീടുകളും കൃഷിയിടങ്ങളും വ്യാപകമായി നശിപ്പിക്കപ്പെടുന്നതായും കൊള്ളയടിക്കപ്പെടുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സിപിഎംകോണ്‍ഗ്രസ് സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിക്കാനെത്തിയ എം.പി പി.കരുണാകരനടക്കമുള്ള സിപിഎം നേതാക്കള്‍ക്കെതിരെ പ്രതിഷേധവും നടന്നിരുന്നു.
ഇത്തരം സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് വീണ്ടും പെരിയയില്‍ വീടുകള്‍ക്കു നേരെ അക്രമമുണ്ടായിരിക്കുന്നതെന്നാണ് വിലയിരുത്തല്‍. ആക്രമണത്തിനു പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആരോപണം. ‘ഇന്നലെ സിപിഎം നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ എത്തി അക്രമികളുടെ വീടുകളും സ്ഥാപനങ്ങളും സന്ദര്‍ശിച്ചിരുന്നു. അതിനു ശേഷമാണ് ബ്ലോക്ക് പ്രസിഡന്റിനു നേരെയുള്ള അക്രമമുണ്ടാകുന്നത്. സിപിഎമ്മുകാരുടെ സ്ഥാപനങ്ങളും വീടുകളും ആക്രമിക്കപ്പെട്ട സ്ഥിതിക്ക് തങ്ങള്‍ തിരിച്ചടിക്കുമെന്ന് പ്രദേശത്തെ പല ഗ്രൂപ്പുകളിലും സന്ദേശങ്ങളും പ്രചരിക്കുന്നുണ്ടായിരുന്നെന്നാണ് അറിഞ്ഞത്.’
നേരത്തേ, കേസില്‍ കൃത്യമായ അന്വേഷണം നടക്കുന്നില്ലെന്ന ആരോപണവുമായി കൃപേഷിന്റെയും ശരത്‌ലാലിന്റെയും കുടുംബങ്ങള്‍ മുന്നോട്ടു വന്നിരുന്നു. മുഖ്യപ്രതിയായ പീതാംബരനില്‍ കേസ് ഒതുക്കിത്തീര്‍ക്കാനും, സിപിഎമ്മിന്റെ മറ്റു ജില്ലാ നേതാക്കളുടെ പങ്ക് അന്വേഷിക്കാതിരിക്കാനുമാണ് ലോക്കല്‍ പൊലീസ് ശ്രമിക്കുന്നതെന്നായിരുന്നു കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന്റെ ആരോപണം. കായിക മത്സരങ്ങളിലും മറ്റും മികവു തെളിയിച്ചിരുന്ന കൃപേഷിനെ, പീതാംബരന്‍ മൊഴി നല്‍കിയിരിക്കുന്നതനുസരിച്ച് പിറകില്‍ നിന്നും ഓടിച്ചിട്ടു വെട്ടി കൊലപ്പെടുത്താന്‍ സാധിക്കില്ലെന്നും, ഇക്കാര്യത്തില്‍ പീതാംബരന്റെ മൊഴി മുഖവിലയ്‌ക്കെടുത്തിരിക്കുന്നതില്‍ ക്രമക്കേടുണ്ടെന്നുമാണ് സുഹൃത്തുക്കളുടെ പക്ഷം. അതേസമയം, തങ്ങള്‍ക്ക് പല കാര്യങ്ങളും വെളിപ്പെടുത്താനുണ്ടെന്ന് കൃഷ്ണന്‍ അറിയിച്ചിട്ടു പോലും കൃപേഷിന്റെയോ ശരത്‌ലാലിന്റേയോ വീടുകളില്‍ പൊലീസ് എത്തിയിട്ടില്ലെന്നും ആരോപണമുണ്ട്. സംഭവം നടന്ന ദിവസം കൃപേഷും ശരത്‌ലാലും കല്ല്യോട്ടു നിന്നും വീട്ടിലേക്കു തിരിച്ചിട്ടുണ്ടെന്ന് അക്രമി സംഘത്തിന് ഫോണില്‍ വിളിച്ച് വിവരം കൈമാറിയയാളെക്കുറിച്ചും സൂചനകളൊന്നും കിട്ടാത്തതും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു.
തനിക്കെതിരെ വധഭീഷണിയുണ്ടെന്നു കാണിച്ച് ബേക്കല്‍ പൊലീസില്‍ കൃപേഷ് പരാതി നല്‍കിയിട്ടും വേണ്ട നടപടികള്‍ കൈക്കൊണ്ടിരുന്നില്ലെന്ന ആക്ഷേപം നേരത്തേ തന്നെ നിലനില്‍ക്കുന്നുണ്ട്. ഇക്കാരണങ്ങളെല്ലാം ചൂണ്ടിക്കാണിച്ച്, ലോക്കല്‍ പൊലീസിലോ െ്രെകംബ്രാഞ്ചിലോ തങ്ങള്‍ക്ക് വിശ്വാസമില്ലെന്ന് ഇരുവരുടെയും കുടുംബങ്ങള്‍ പറഞ്ഞിരുന്നു. കേസ് സി.ബി.ഐക്ക് കൈമാറണമെന്ന ആവശ്യമാണ് നിലവില്‍ ഇവര്‍ മുന്നോട്ടു വയ്ക്കുന്നത്. സി.പി.ഐ.എം പ്രവര്‍ത്തകരുടെ സ്ഥാപനങ്ങള്‍ക്കു നേരെയുള്ള ആക്രമണ പരമ്പരകള്‍ക്കു ശേഷം കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളും ആക്രമിക്കപ്പെടുന്നതോടെ, സമാധാനത്തിലേക്ക നീങ്ങിയിരുന്ന പെരിയയിലെ അന്തരീക്ഷം വീണ്ടും കലുഷിതമാവുകയാണ്.
വർഗീയത വമിക്കുന്ന കാര്‍ട്ടൂണ്‍; മാതൃഭൂമി മാപ്പ് പറയണമെന്ന് സോഷ്യൽ മീഡിയ