UPDATES

ഇടുക്കിയില്‍ നടക്കുന്നത് തിരഞ്ഞെടുപ്പ് അട്ടിമറിയോ? കേരളത്തിലും തമിഴ്‌നാട്ടിലും വോട്ടുള്ള അമ്പതിനായിരത്തിലധികം പേര്‍ വോട്ടര്‍ പട്ടികയില്‍

ഇത്തവണ പുതുക്കിയ വോട്ടര്‍ പട്ടികയിലും ഇടംപിടിച്ചിട്ടുള്ളത് തമിഴ്‌നാട്ടില്‍ നിന്ന് താല്‍ക്കാലികമായി ജോലിക്കെത്തിയ തോട്ടം തൊഴിലാളികള്‍

ഇടുക്കി ലോക്‌സഭാ മണ്ഡലത്തില്‍ ഇരട്ട വോട്ടര്‍മാര്‍. പുതുക്കിയ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചപ്പോഴും ഇരട്ട വോട്ടര്‍മാരെ ഒഴിവാക്കാതെ അധികൃതര്‍. തമിഴ്‌നാട്ടിലും കേരളത്തിലും തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡുള്ളവര്‍ അമ്പതിനായിരത്തിലധികം. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന പ്രശ്‌നം പരിഹരിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിട്ട് മൂന്ന് വര്‍ഷം. എന്നാല്‍ ഇത്തവണ പുതുക്കിയ വോട്ടര്‍ പട്ടികയിലും ഇടംപിടിച്ചിട്ടുള്ളത് തമിഴ്‌നാട്ടില്‍ നിന്ന് താല്‍ക്കാലികമായി ജോലിക്കെത്തിയ തോട്ടം തൊഴിലാളികള്‍. ഇത് സംബന്ധിച്ച രേഖകള്‍ അഴിമുഖത്തിന് ലഭിച്ചു.തമിഴ്‌നാട്ടിലേയും കേരളത്തിലേയും വോട്ടര്‍പട്ടികയില്‍ ഇടം നേടിയ ഇവരെ രാഷ്ട്രീയക്കാര്‍ തങ്ങളുടെ ആവശ്യപ്രകാരം ഉപയോഗിക്കുകയാണെന്ന ആരോപണം ശക്തമാണ്.

ഇടുക്കി ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട പീരുമേട്, ദേവികുളം ഉടുമ്പന്‍ ചോല എന്നീ താലൂക്കുകളിലാണ് ഇത്തരത്തില്‍ ഇരട്ട വോട്ടര്‍മാര്‍ കൂടുതലായുള്ളത്. തമിഴ്‌നാട്ടിലെ കമ്പം, തേനി തുടങ്ങിയ അസംബ്ലി മണ്ഡലങ്ങളോടും തേനി ലോക്‌സഭാ മണ്ഡലത്തോടും അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളാണ് ഇവ. തമിഴ്‌നാട്ടില്‍ സ്ഥിരതാമസക്കാരായവരും ജോലിക്കായി മാത്രം ഇടുക്കിയിലെത്തിയവരുമാണ് ഭൂരിഭാഗം തൊഴിലാളികളും. എന്നാല്‍ ഇവര്‍ക്കെല്ലാം കേരളത്തിലെ റേഷന്‍ കാര്‍ഡും താല്‍ക്കാലിക മേല്‍വിലാസത്തില്‍ തിരിച്ചറിയല്‍ രേഖയും ഉണ്ടെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. തമിഴ്‌നാട്ടിലും കേരളത്തിലും വോട്ടേഴ്‌സ് ഐഡന്റിറ്റി കാര്‍ഡുള്ള ഇവര്‍ ഇരട്ട വോട്ട് ചെയ്യുന്നതായും കാലാകാലങ്ങളായുള്ള പരാതിയാണ്. എന്നാല്‍ ഇതില്ലാതാക്കാന്‍ വേണ്ട നടപടികള്‍ ഇതുവരെയായും അധികൃതരോ സര്‍ക്കാരോ രാഷ്ട്രീയ പാര്‍ട്ടികളോ ശ്രമിച്ചിട്ടില്ല. തോട്ടം തൊഴിലാളികളില്‍ ഒട്ടുമിക്കവരും ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയുടെ പിന്‍ബലത്തിലുള്ള തൊഴിലാളി യൂണിയനുകളില്‍ അംഗങ്ങളായിരിക്കും. ഇതേ രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെയാണ് തമിഴ്‌നാട്ടില്‍ സ്ഥിരം മേല്‍വിലാസവും വോട്ടേഴ്‌സ് ഐഡിയും ഉണ്ടായിരിക്കെ കേരളത്തിലെ താല്‍ക്കാലിക മേല്‍വിലാസത്തില്‍ റേഷന്‍കാര്‍ഡും വോട്ടേഴ്‌സ് ഐഡിയും നേടിക്കൊടുക്കുന്നതെന്നാണ് ആരോപണം. ഇത് ഉപയോഗിച്ച് ഇവര്‍ തമിഴ്‌നാട്ടിലും കേരളത്തിലും തിരഞ്ഞെടുപ്പുകളില്‍ വോട്ടും ചെയ്യുന്നു. തോട്ടം തൊഴിലാളികളുടെ വോട്ട് ഇടുക്കിയില്‍ തിരഞ്ഞെടുപ്പിന്റെ ഗതി തീരുമാനിക്കാന്‍ മാത്രം ശക്തമാണെന്നിരിക്കെ രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെയാണ് നിയമവിരുദ്ധമായി രണ്ട് വോട്ടേഴ്‌സ് ഐഡികള്‍ നേടാന്‍ ഇവര്‍ക്ക് അവസരമൊരുക്കുന്നതെന്നും വ്യാപകമായ പരാതിയുണ്ട്.

തോട്ടം മേഖലയില്‍ നിന്ന് വിരമിച്ച് തിരികെ തമിഴ്‌നാട്ടിലേക്ക് പോവുന്നവര്‍ക്കും ഇത്തരത്തില്‍ കേരളത്തിലെ റേഷന്‍കാര്‍ഡും വോട്ടേഴ്‌സ് ഐഡി കാര്‍ഡും ഉള്ളതായും തിരഞ്ഞെടുപ്പ് കമ്മീഷന്റെ അന്വേഷണത്തില്‍ മുമ്പ് തെളിഞ്ഞിട്ടുണ്ട്. ഇത്തരത്തില്‍ പിരിഞ്ഞ് പോയി തമിഴ്‌നാട്ടില്‍ സ്ഥിരതാമസമാക്കിയവരേയും ഇടുക്കിയിലെത്തിച്ച് വോട്ട് ചെയ്യിപ്പിക്കാന്‍ രാഷ്ട്രീയപാര്‍ട്ടിക്കാര്‍ പ്രത്യേക താത്പര്യം എടുക്കാറുണ്ടെന്നും ആക്ഷേപമുണ്ട്. ഇത്തരം ഇരട്ട വോട്ടര്‍മാരെ വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് പൊതുപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിട്ടും കാര്യമായ നടപടികളുണ്ടായിട്ടില്ല. 11,76,099 വോട്ടര്‍മാരുള്ള ഇടുക്കി ലോക്‌സഭാ മണ്ഡലത്തിലെ ഏതാണ്ട് അറുപതിനായിരത്തോളം വരുന്ന വോട്ടര്‍മാര്‍ ഇത്തരത്തില്‍ രണ്ടിടത്തും വോട്ടര്‍പട്ടികയില്‍ പേരുള്ളവരാണെന്നാണ് കണക്കാക്കപ്പെടുന്നത്. ദേവികുളം, ഉടുമ്പന്‍ചോല, പീരുമേട് എന്നിവിടങ്ങളിലെ മാത്രം കണക്കാണിത്.

ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി 2016ല്‍ മുന്‍ സിപിഎം പാര്‍ട്ടി അംഗവും നിലവില്‍ ബിഎസ്പി ജില്ലാ നേതാവുമായ ബാബുജോര്‍ജ് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ കൃത്യമായ കണക്കുകള്‍ ശേഖരിച്ച് നിയമപ്രകാരമുള്ള പരിഹാരം ഇതിന് കാണാന്‍ ഹൈക്കോടതി ഉത്തരവിട്ടു. തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കുമളിയില്‍ സിറ്റിങ് സംഘടിപ്പിച്ചു. അന്ന് 130 വോട്ടര്‍മാര്‍ വ്യാജരേഖകളിലൂടെയാണ് രണ്ട് വോട്ടര്‍പട്ടികയിലും ഇടം നേടിയതെന്ന് തെളിയുകയും ഇവരുടെ പേര് ഒരു സംസ്ഥാനത്തെ വോട്ടര്‍ പട്ടികയിലേക്ക് മാത്രം ചുരുക്കുകയും ചെയ്തു. ഉടുമ്പംചോലയില്‍ നിന്ന് മാത്രം 81 പേര്‍ അനധികൃതമായാണ് വോട്ടര്‍പട്ടികയില്‍ ഇടം നേടിയിരിക്കുന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാക്കിയ പട്ടിക വ്യക്തമാക്കുന്നു. തമിഴ്‌നാട്ടിലെ മണ്ഡലങ്ങളില്‍ നിന്ന് 49 വോട്ടര്‍മാരുടെ പേരുകളും വെട്ടി. എന്നാല്‍ പരാതിക്കാരനും സംഘവും സമര്‍പ്പിച്ച ലിസ്റ്റിലുള്ളവരുടെ മാത്രം ഹിയറിങ്ങാണ് വിളച്ചതെന്നതിനാല്‍ 130 പേരില്‍ മാത്രം പരിശോധന ഒതുങ്ങി. കൂടുതല്‍ താലൂക്കുകളിലും മണ്ഡലങ്ങളിലും അന്വേഷണം വ്യാപിപ്പിക്കാതെ ഇത് അവസാനിപ്പിക്കുകയും ചെയ്തു. ഇത്തവണ തയ്യാറാക്കിയ ലിസ്റ്റിലും നിരവധി തമിഴ്‌നാട് സ്വദേശികളായ തൊഴിലാളികളെ തിരുകിക്കയറ്റിയെന്ന പരാതിയാണ് ഉയരുന്നത്.

പരാതിക്കാരനായ ബിഎസ്പി ജില്ലാ നേതാവ് ബാബുജോര്‍ജ് പറയുന്നു, ‘എന്റെ പ്രദേശം ഉടുമ്പഞ്ചോലയാണ്. തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശം. ലയങ്ങളിലും ക്വാര്‍ട്ടേഴ്‌സുകളിലും താമസിക്കുന്ന തൊഴിലാളികളില്‍ ഭൂരിഭാഗവും ജോലിക്കായി തമിഴ്‌നാട്ടില്‍ നിന്നെത്തിയവരാണ്. അവര്‍ക്ക് തമിഴ്‌നാട്ടില്‍ റേഷന്‍കാര്‍ഡും വോട്ടേഴ്‌സ് ഐഡി കാര്‍ഡും ഉണ്ടാവും. അവിടുത്തെ വോട്ടര്‍ പട്ടികയില്‍ പേരുമുണ്ടാവും. പക്ഷെ ഇവിടെ വ്യാജ വാടകച്ചീട്ടും മറ്റും സംഘടിപ്പിച്ച് റേഷന്‍കാര്‍ഡും വോട്ടേഴ്‌സ് ഐഡി കാര്‍ഡും ഉണ്ടാക്കിക്കൊടുക്കാന്‍ രാഷ്ട്രീയപാര്‍ട്ടികളും ഉദ്യോഗസ്ഥരും ഒന്നിച്ചാണ് പ്രവര്‍ത്തിക്കുന്നത്. തൊഴിലാളികളെ സംബന്ധിച്ച് ലോട്ടറിയാണ്. റേഷന്‍ ആനുകൂല്യങ്ങള്‍ രണ്ട് സംസ്ഥാനത്തേയും ലഭിക്കും. രണ്ടിടത്തേയും ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. ഇതുവഴി രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നേ ലക്ഷ്യമിടുന്നുള്ളൂ. ചെറിയ ഭൂരിപക്ഷത്തിനൊക്കെയാവും മിക്കപ്പോഴും നിയമസഭാ തിരഞ്ഞെടുപ്പിനും ലോക്‌സഭാ തിരഞ്ഞെടുപ്പിലും സ്ഥാനാര്‍ഥികള്‍ ജയിക്കുക. അമ്പതിനായിരത്തിലധികം വരുന്ന തമിഴ്‌നാട്ടുകാരായ വോട്ടര്‍മാരെ വോട്ടര്‍ പട്ടികയില്‍ തിരുകി കയറ്റി അവര്‍ അത് വോട്ടാക്കി മാറ്റുന്നു. 85-90 കാലഘട്ടം മുതലാണ് കൂടുതലായും ഈ പ്രവണത കണ്ടുതുടങ്ങിയത്. സ്ഥാനാര്‍ഥികളുടെ ജയസാധ്യത കുറഞ്ഞുവന്നപ്പോള്‍ അതിര്‍ത്തി കടത്തിയും ഇവിടെയെത്തിച്ച് വോട്ട് ചെയ്യിപ്പിക്കുന്ന പരിപാടിയാണ് അവര്‍ ചെയ്യുന്നത്. ഒരു ബൂത്തിലെ അറുന്നൂറ് പേരില്‍ ഇരുന്നൂറും മുന്നൂറും വരെ പേര്‍ തമിഴ്‌നാട്ടിലും വോട്ടര്‍പട്ടികയില്‍ പേരുള്ളവരായിരിക്കും. അങ്ങനെ അവരുടെ വോട്ട് നേടി സ്ഥാനാര്‍ഥിക്ക് ജയിക്കാം. യഥാര്‍ഥത്തില്‍ സര്‍ക്കാരിന് അമിത സാമ്പത്തിക ബാധ്യതയും ഇതുണ്ടാക്കുന്നുണ്ട്. ഇത്രയും പേരുടെ റേഷന്‍, ഹെല്‍ത്ത് തുടങ്ങി എല്ലാ കാര്യങ്ങള്‍ക്കുമായി കോടികളാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നത്. 2016ലെ തിരഞ്ഞെടുപ്പില്‍ ജയിച്ചയാള്‍ അന്ന് വോട്ട് ചെയ്യിക്കാന്‍ തമിഴ്‌നാട്ടില്‍ നിന്നും വോട്ടര്‍പട്ടികയില്‍ ഇടം നേടിയവരെ എത്തിച്ചത് സംബന്ധിച്ച് പത്രങ്ങളില്‍ വാര്‍ത്തയും ചിത്രവും ഉണ്ടായിരുന്നു. ഓരോ വര്‍ഷത്തിലും തോട്ടംമേഖലയില്‍ നിന്ന് പിരിഞ്ഞുപോവുന്നവര്‍ ഭൂരിഭാഗവും തിരികെ തമിഴ്‌നാട്ടിലേക്ക് തന്നെയാണ് പോവാറ്. എന്നാല്‍ അവര്‍ പിരിഞ്ഞ് പോവുമ്പോഴും വോട്ടര്‍ പട്ടികയില്‍ പേര് ഉണ്ടാവുമെന്നതിനാല്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ എന്ത് വിലകൊടുത്തും അവരെ കേരളത്തിലെത്തിക്കും. ചിലപ്പോള്‍ വരുന്നവര്‍ക്ക് പണവും യാത്രപ്പടിയും നല്‍കും. ഹൈക്കോടതിയില്‍ കേസ് പോയപ്പോള്‍ അനുകൂല വിധിയാണുണ്ടായത്. എന്നാല്‍ ഞങ്ങള്‍ എടുത്തു നല്‍കിയ ലിസ്റ്റ് മാത്രമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഗണിച്ചത്. ഉടുമ്പുഞ്ചോലയിലെ കണക്ക് മാത്രമാണ് ഞങ്ങള്‍ എടുത്തത്. മറ്റിടങ്ങളിലെ കണക്കുകള്‍ കൂടി എടുത്ത് നല്‍കല്‍ ഞങ്ങള്‍ക്ക് അസാധ്യമാണ്. അത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ജോലിയാണ്. ഇത്തരമൊരു പരാതിയയുയരുകയും കമ്മീഷന്‍ സിറ്റിങ്ങില്‍ 130 പേരെ രണ്ട് വോട്ടര്‍ പട്ടികയിലും പേരുള്ളതായി കണ്ടെത്തിയിട്ടും പിന്നീട് ഇക്കാര്യം പരിശോധിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോ സര്‍ക്കാരോ തയ്യാറായിട്ടില്ല.’

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് അതിനായി ഒരുക്കിയ വോട്ടേഴ്‌സ് ലിസ്റ്റില്‍ ഇത്തരത്തില്‍ നിയമവിധേയമല്ലാതെ കടന്നുകൂടിയിട്ടുള്ളവരെയെല്ലാം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വീണ്ടും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ബാബുജോര്‍ജ്. വോട്ടേഴ്‌സ് ലിസ്റ്റില്‍ തിരുകിക്കയറ്റിയിട്ടുള്ള ഇതരസംസ്ഥാനക്കാരുടെ പേരുകള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്കും മുഖ്യമന്ത്രിക്കും തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി അയച്ചെങ്കിലും മറുപടിയോ നടപടിയോ ഇല്ലാത്തതിനെ തുടര്‍ന്നാണ് ഈ തീരുമാനം. മറ്റിടങ്ങളിലെ വോട്ടേഴ്‌സ് ലിസ്റ്റ് പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉചിതമായ തീരുമാനം സ്വീകരിക്കണമെന്നതാണ് ഇദ്ദേഹത്തിന്റെ ആവശ്യം.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍