UPDATES

ട്രെന്‍ഡിങ്ങ്

ഇടുക്കിയിലെ ഇരട്ടവോട്ട്; നടപടിയെടുക്കാന്‍ ഭയന്ന് ഉദ്യോഗസ്ഥര്‍, അറിയില്ലെന്ന് ഇടതുപക്ഷം, ഗുണഭോക്താക്കള്‍ എല്‍ഡിഎഫെന്ന് കോണ്‍ഗ്രസ്‌

വോട്ടര്‍ പട്ടിക പരിശോധിച്ച് ഇരട്ടവോട്ടര്‍മാരെ ഒഴിവാക്കണമെന്ന് ഹൈക്കോടതി ഉത്തരവുണ്ടായിരിക്കെ അക്കാര്യത്തില്‍ നടപടികള്‍ മുന്നോട്ട് പോയിട്ടില്ലെന്ന് ഇടുക്കി ജില്ലയിലെ തിരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നു.

ഇരട്ട വോട്ടും ഇരട്ട ആനുകൂല്യവും; നടപടിയെടുക്കാന്‍ ഭയന്ന് ഉദ്യോഗസ്ഥര്‍. കേരളത്തിലേയും തമിഴ്‌നാട്ടിലേയും വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ ഇടുക്കി ജില്ലയില്‍ അനവധി ഉണ്ടെന്നറിഞ്ഞിട്ടും നടപടിയില്ല. ഉന്നതതലത്തില്‍ നിന്നുള്ള നിര്‍ദ്ദേശം ലഭിക്കാതെ തങ്ങള്‍ക്ക് ഒന്നും ചെയ്യാനാകില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. വോട്ടര്‍ പട്ടിക പരിശോധിച്ച് ഇരട്ടവോട്ടര്‍മാരെ ഒഴിവാക്കണമെന്ന് ഹൈക്കോടതി ഉത്തരവുണ്ടായിരിക്കെ അക്കാര്യത്തില്‍ നടപടികള്‍ മുന്നോട്ട് പോയിട്ടില്ലെന്ന് ഇടുക്കി ജില്ലയിലെ തിരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നു.

ഇരട്ടവോട്ടുള്ളവരെ ഒഴിവാക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ എന്ന് ചോദ്യത്തിന് ‘അതൊന്നും ആയില്ല. ഹൈക്കോടതി ഉത്തരവുണ്ട്. പട്ടിക തയ്യാറാക്കിയിട്ടില്ല. അന്ന് കുറച്ച് ചെയ്തതല്ലാതെ മറ്റ് നടപടികള്‍ മുന്നോട്ട് പോയിട്ടില്ല. സര്‍ക്കാര്‍ തലത്തില്‍ നിന്നോ ഉന്നത തലത്തില്‍ നിന്നോ ഒരു നിര്‍ദ്ദേശം ലഭിച്ചിട്ട് എന്തെങ്കിലും ചെയ്താല്‍ മതിയെന്ന തീരുമാനമാണ്.’ എന്ന മറുപടിയാണ് ഇടുക്കി കളക്ട്രേറ്റിലെ തിരഞ്ഞെടുപ്പ് വിഭാഗത്തില്‍ നിന്ന് ലഭിച്ചത്. എന്നാല്‍ ചില ഉദ്യോഗസ്ഥര്‍ ഇതിലെ രാഷ്ട്രീയ സമ്മര്‍ദ്ദത്തെക്കുറിച്ച് സൂചന നല്‍കി. ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞതിങ്ങനെ, ‘രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മര്‍ദ്ദം ഇക്കാര്യത്തിലുണ്ട്. അതുകൊണ്ട് തന്നെ മുകളില്‍ നിന്ന് കൃത്യമായ നിര്‍ദ്ദേശം വരാതെ ജില്ലാതല ഉദ്യോഗസ്ഥര്‍ക്ക് ചെയ്യാന്‍ പേടിയുണ്ട്. ഇരട്ടവോട്ടര്‍മാരെ വച്ച് ഇവിടുത്തെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ വലിയ തട്ടിപ്പ് നടത്തുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുപ്പ് വിഭാഗത്തിലെ ഉദ്യോഗസ്ഥരെ വരെ ചീത്ത വിളിച്ചുകൊണ്ടാണ് മത്സരിച്ച ഒരു സ്ഥാനാര്‍ഥി, പാര്‍ട്ടിയുടെ പേര് ഞാന്‍ പറയില്ല, നൂറോളം ബസുകള്‍ അതിര്‍ത്തികടത്തി വിട്ടത്. ആര്‍ക്കും തടയാന്‍ കഴിഞ്ഞില്ല. അത്തരം പരിപാടിയൊക്കെ ഇവിടെ നടക്കുമ്പോള്‍ തടയണമെങ്കില്‍ വോട്ടര്‍പട്ടിക സംക്ഷിപ്തമായിരിക്കണം. അതിപ്പോഴും അല്ല. പക്ഷെ ഞങ്ങള്‍ക്ക് ചെയ്യുന്നതിന് പരിമിതികളുണ്ട്.’

തമിഴ്നാട്ടിലും കേരളത്തിലും തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡുള്ളവര്‍ അമ്പതിനായിരത്തിലധികമെന്നാണ് സ്ഥീരീകരിക്കാത്ത കണക്ക്. ഇരു സംസ്ഥാനങ്ങളിലേയും വോട്ടര്‍ പട്ടികയില്‍ ഇടം നേടുകയും ആനുകൂല്യങ്ങള്‍ കൈപ്പറ്റുകയും ചെയ്യുന്നവരെ കണ്ടെത്തി പട്ടിക ക്രമീകരിക്കണമെന്നുള്ള ആവശ്യം വര്‍ഷങ്ങളായുള്ളതാണ്. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന പ്രശ്നം പരിഹരിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിട്ട് മൂന്ന് വര്‍ഷമാവുന്നു. എന്നാല്‍ തമിഴ്നാട്ടില്‍ നിന്ന് താല്‍ക്കാലികമായി ജോലിക്കെത്തിയ തോട്ടം തൊഴിലാളികള്‍ ഇത്തവണ പുതുക്കിയ വോട്ടര്‍ പട്ടികയിലും ഇടംപിടിച്ചു. തൊഴിലിനായി എത്തിയവരും വിരമിച്ച് തിരികെ തമിഴ്‌നാട്ടിലേക്ക് പോയവരും ഇതില്‍ പെടുന്നു. തമിഴ്നാട്ടിലേയും കേരളത്തിലേയും വോട്ടര്‍പട്ടികയില്‍ ഇടം നേടിയ ഇവരെ രാഷ്ട്രീയക്കാര്‍ തങ്ങളുടെ ആവശ്യപ്രകാരം ഉപയോഗിക്കുകയാണെന്ന ആരോപണം ശക്തമാണ്.

ഇടുക്കിയിലെ ഇരട്ടവോട്ട് സംബന്ധിച്ചു അഴിമുഖം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് –ഇടുക്കിയില്‍ നടക്കുന്നത് തിരഞ്ഞെടുപ്പ് അട്ടിമറിയോ? കേരളത്തിലും തമിഴ്‌നാട്ടിലും വോട്ടുള്ള അമ്പതിനായിരത്തിലധികം പേര്‍ വോട്ടര്‍ പട്ടികയില്‍

ഇത് സംബന്ധിച്ച് ജില്ലയിലെ സിപിഎം, കോണ്‍ഗ്രസ് നേതാക്കളോട് അഭിപ്രായം തേടിയപ്പോള്‍ ലഭിച്ചത് വ്യത്യസ്ത അഭിപ്രായങ്ങള്‍. ഇരട്ടവോട്ടര്‍മാര്‍ കൂടുതലും കാണപ്പെടുന്ന സ്ഥലങ്ങളിലൊന്നാണ് പീരുമേട്. പീരുമേട് എംഎല്‍എയു സിപിഐ വനിതാ നേതാവുമായ ഇ എസ് ബിജിമോള്‍ തനിക്ക് ഇക്കാര്യം സംബന്ധിച്ച് അറിവില്ലെന്ന് പ്രതികരിച്ചു. ‘തമിഴ്‌നാട്ടിലും കേരളത്തിലും വോട്ടുള്ളവര്‍ ഇവിടെയുണ്ടോ? അങ്ങനെയുള്ളതായി എന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. എനിക്കിക്കാര്യം അറിയുകയുമില്ല, പഠിച്ചതിന് ശേഷം പറയാം.’ എന്ന് ബിജിമോള്‍ പറഞ്ഞു. അത്തരം ആരോപണങ്ങളെല്ലാം വസ്തുതാപരമായി ശരിയല്ലാത്തതാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍ പറഞ്ഞു, ‘ഇരട്ട വോട്ടര്‍ പട്ടിക, ഇരട്ട വോട്ടര്‍മാര്‍ എന്നെല്ലാം പറയുന്നത് കാലങ്ങള്‍ക്ക് മുമ്പോ മറ്റോ ഉണ്ടായിരുന്ന കാര്യമാണ്. നേരത്തെ അതുണ്ടായിരുന്നു. ശരിയാണ്. പക്ഷേ ഇപ്പോള്‍ അങ്ങനെയൊന്ന് നിലനില്‍ക്കുന്നില്ല. 60 മുതല്‍ 70ശതമാനം വരെ മാത്രമേ ഇടുക്കിയില്‍ പോളിങ് നടക്കാറുള്ളൂ. തമിഴ്‌നാട് സ്വദേശികളാരും വോട്ട് ചെയ്യാന്‍ എത്താറുമില്ല. ഇവിടെ വോട്ടര്‍ പട്ടികയില്‍ പേരുണ്ടെങ്കില്‍ തന്നെ ഉണ്ടാവുക മുമ്പ് അതില്‍ കയറിപ്പോയവരുടെയായിരിക്കും. മാറ്റാന്‍ എഴുതിക്കൊടുത്തിട്ടുള്ളതാണ്. പക്ഷെ അത് ഇനി പ്രസക്തമല്ല. കാരണം ഇവിടെ നിന്ന് പോയവരാരും വോട്ട് ചെയ്യാന്‍ വരാറില്ല.’ എന്നാല്‍ ഇടുക്കി ജില്ലയിലെ പലസ്ഥലങ്ങളിലും ഇരട്ട വോട്ടര്‍മാര്‍ ഉണ്ടെന്നും അതിര്‍ത്തി പങ്കിടുന്ന താലൂക്കുകളില്‍ അത് കൂടുതലാണെന്നും കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ പ്രതികരിച്ചു. ‘ഇപ്പോഴും ധാരാളം പേര്‍ അത്തരത്തില്‍ ഉണ്ടെന്നതില്‍ ഒരു സംശയവുമില്ലാത്ത കാര്യമാണ്. രാഷ്ട്രീ പാര്‍ട്ടി എന്ന നിലയില്‍ ഇതിലെ ആശയക്കുഴപ്പം പരിഹരിക്കാനും കേരളത്തിലേയോ തമിഴ്‌നാട്ടിലേയോ ഏതെങ്കിലും ഒരു വോട്ടര്‍പട്ടികയില്‍ ഇത്തരക്കാര്‍്ക്ക് ഇടം നല്‍കി മാറ്റണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ അത് ഇതേവരെ ഒന്നും നടപടിയായിട്ടില്ല. സിപിഎമ്മുകാര്‍ അതിന് സമ്മതിക്കാനിടയില്ല. ഇക്കാര്യം അറിവില്ല എന്ന് പറയുന്നത് തന്നെ അവരുടെ രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണ്. ഇത്തരത്തില്‍ ഇരട്ടവോട്ടിന്റെ ഗുണഭോക്താക്കള്‍ യഥാര്‍ഥത്തില്‍ ഇടതുപക്ഷം തന്നെയാണ്. അതുകൊണ്ട് അവര്‍ക്ക് അങ്ങനെയേ പറയാന്‍ പറ്റൂ. ഇരട്ട വോട്ട് മാത്രമല്ല, ഇരട്ട ആനുകൂല്യങ്ങളും നേടുന്നവരാണ് ഇ്തരത്തില്‍ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ‘

ഇടുക്കി ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട പീരുമേട്, ദേവികുളം ഉടുമ്പന്‍ ചോല എന്നീ താലൂക്കുകളിലാണ് ഇത്തരത്തില്‍ ഇരട്ട വോട്ടര്‍മാര്‍ കൂടുതലായുള്ളത്. തമിഴ്നാട്ടിലെ കമ്പം, തേനി തുടങ്ങിയ അസംബ്ലി മണ്ഡലങ്ങളോടും തേനി ലോക്സഭാ മണ്ഡലത്തോടും അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളാണ് ഇവ. തമിഴ്നാട്ടില്‍ സ്ഥിരതാമസക്കാരായവരും ജോലിക്കായി മാത്രം ഇടുക്കിയിലെത്തിയവരുമാണ് ഭൂരിഭാഗം തൊഴിലാളികളും. എന്നാല്‍ ഇവര്‍ക്കെല്ലാം കേരളത്തിലെ റേഷന്‍ കാര്‍ഡും താല്‍ക്കാലിക മേല്‍വിലാസത്തില്‍ തിരിച്ചറിയല്‍ രേഖയും ഉണ്ടെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. തമിഴ്നാട്ടിലും കേരളത്തിലും വോട്ടേഴ്സ് ഐഡന്റിറ്റി കാര്‍ഡുള്ള ഇവര്‍ ഇരട്ട വോട്ട് ചെയ്യുന്നതായും കാലാകാലങ്ങളായുള്ള പരാതിയാണ്. എന്നാല്‍ ഇതില്ലാതാക്കാന്‍ വേണ്ട നടപടികള്‍ ഇതുവരെയായും അധികൃതരോ സര്‍ക്കാരോ രാഷ്ട്രീയ പാര്‍ട്ടികളോ ചെയ്തിട്ടില്ല. തോട്ടം തൊഴിലാളികളില്‍ ഒട്ടുമിക്കവരും ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയുടെ പിന്‍ബലത്തിലുള്ള തൊഴിലാളി യൂണിയനുകളില്‍ അംഗങ്ങളായിരിക്കും. ഇതേ രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെയാണ് തമിഴ്നാട്ടില്‍ സ്ഥിരം മേല്‍വിലാസവും വോട്ടേഴ്സ് ഐഡിയും ഉണ്ടായിരിക്കെ കേരളത്തിലെ താല്‍ക്കാലിക മേല്‍വിലാസത്തില്‍ റേഷന്‍കാര്‍ഡും വോട്ടേഴ്സ് ഐഡിയും നേടിക്കൊടുക്കുന്നതെന്നാണ് ആരോപണം. ഇത് ഉപയോഗിച്ച് ഇവര്‍ തമിഴ്നാട്ടിലും കേരളത്തിലും തിരഞ്ഞെടുപ്പുകളില്‍ വോട്ടും ചെയ്യുന്നു. തോട്ടം തൊഴിലാളികളുടെ വോട്ട് ഇടുക്കിയില്‍ തിരഞ്ഞെടുപ്പിന്റെ ഗതി തീരുമാനിക്കാന്‍ മാത്രം ശക്തമാണെന്നിരിക്കെ രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെയാണ് നിയമവിരുദ്ധമായി രണ്ട് വോട്ടേഴ്സ് ഐഡികള്‍ നേടാന്‍ ഇവര്‍ക്ക് അവസരമൊരുക്കുന്നതെന്നും വ്യാപകമായ പരാതിയുണ്ട്.

തോട്ടം മേഖലയില്‍ നിന്ന് വിരമിച്ച് തിരികെ തമിഴ്നാട്ടിലേക്ക് പോവുന്നവര്‍ക്കും ഇത്തരത്തില്‍ കേരളത്തിലെ റേഷന്‍കാര്‍ഡും വോട്ടേഴ്സ് ഐഡി കാര്‍ഡും ഉള്ളതായും തിരഞ്ഞെടുപ്പ് കമ്മീഷന്റെ അന്വേഷണത്തില്‍ മുമ്പ് തെളിഞ്ഞിട്ടുണ്ട്. ഇത്തരത്തില്‍ പിരിഞ്ഞ് പോയി തമിഴ്നാട്ടില്‍ സ്ഥിരതാമസമാക്കിയവരേയും ഇടുക്കിയിലെത്തിച്ച് വോട്ട് ചെയ്യിപ്പിക്കാന്‍ രാഷ്ട്രീയപാര്‍ട്ടിക്കാര്‍ പ്രത്യേക താത്പര്യം എടുക്കാറുണ്ടെന്നും ആക്ഷേപമുണ്ട്. ഇത്തരം ഇരട്ട വോട്ടര്‍മാരെ വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് പൊതുപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിട്ടും കാര്യമായ നടപടികളുണ്ടായിട്ടില്ല. 11,76,099 വോട്ടര്‍മാരുള്ള ഇടുക്കി ലോക്സഭാ മണ്ഡലത്തിലെ ഏതാണ്ട് അറുപതിനായിരത്തോളം വരുന്ന വോട്ടര്‍മാര്‍ ഇത്തരത്തില്‍ രണ്ടിടത്തും വോട്ടര്‍പട്ടികയില്‍ പേരുള്ളവരാണെന്നാണ് കണക്കാക്കപ്പെടുന്നത്. ദേവികുളം, ഉടുമ്പന്‍ചോല, പീരുമേട് എന്നിവിടങ്ങളിലെ മാത്രം കണക്കാണിത്.

ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി 2016ല്‍ മുന്‍ സിപിഎം പാര്‍ട്ടി അംഗവും നിലവില്‍ ബിഎസ്പി ജില്ലാ നേതാവുമായ ബാബുജോര്‍ജ് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ കൃത്യമായ കണക്കുകള്‍ ശേഖരിച്ച് നിയമപ്രകാരമുള്ള പരിഹാരം ഇതിന് കാണാന്‍ ഹൈക്കോടതി ഉത്തരവിട്ടു. തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കുമളിയില്‍ സിറ്റിങ് സംഘടിപ്പിച്ചു. അന്ന് 130 വോട്ടര്‍മാര്‍ വ്യാജരേഖകളിലൂടെയാണ് രണ്ട് വോട്ടര്‍പട്ടികയിലും ഇടം നേടിയതെന്ന് തെളിയുകയും ഇവരുടെ പേര് ഒരു സംസ്ഥാനത്തെ വോട്ടര്‍ പട്ടികയിലേക്ക് മാത്രം ചുരുക്കുകയും ചെയ്തു. ഉടുമ്പംചോലയില്‍ നിന്ന് മാത്രം 81 പേര്‍ അനധികൃതമായാണ് വോട്ടര്‍പട്ടികയില്‍ ഇടം നേടിയിരിക്കുന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാക്കിയ പട്ടിക വ്യക്തമാക്കുന്നു. തമിഴ്നാട്ടിലെ മണ്ഡലങ്ങളില്‍ നിന്ന് 49 വോട്ടര്‍മാരുടെ പേരുകളും വെട്ടി. എന്നാല്‍ പരാതിക്കാരനും സംഘവും സമര്‍പ്പിച്ച ലിസ്റ്റിലുള്ളവരുടെ മാത്രം ഹിയറിങ്ങാണ് വിളച്ചതെന്നതിനാല്‍ 130 പേരില്‍ മാത്രം പരിശോധന ഒതുങ്ങി. കൂടുതല്‍ താലൂക്കുകളിലും മണ്ഡലങ്ങളിലും അന്വേഷണം വ്യാപിപ്പിക്കാതെ ഇത് അവസാനിപ്പിക്കുകയും ചെയ്തു. ഇത്തവണ തയ്യാറാക്കിയ ലിസ്റ്റിലും നിരവധി തമിഴ്നാട് സ്വദേശികളായ തൊഴിലാളികളെ തിരുകിക്കയറ്റിയെന്ന പരാതിയാണ് ഉയരുന്നത്.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍