UPDATES

ട്രെന്‍ഡിങ്ങ്

ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് പട്ടിണിക്കിട്ടു കൊന്ന യുവതി മന്ത്രവാദത്തിന്റെയും ആഭിചാരക്രിയകളുടെയും ഇരയെന്നും സംശയം

മാതാപിതാക്കളെയോ ബന്ധുക്കളെയോ കാണാനോ സ്വന്തം വീട്ടിലേക്ക് പോകാനോ തുഷാരയെ ചന്തുലാലും ഗീതലാലും അനുവദിച്ചിരുന്നില്ല

സ്ത്രീധനപീഡനത്തെ തുടര്‍ന്ന് ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് പട്ടിണിക്കിട്ട് കൊന്ന തുഷാര മന്ത്രാവാദത്തിന്റെയും അഭിചാരക്രിയകളുടെയും ഇരയായിരുന്നുവെന്നും സംശയം. തുഷാരയുടെ ഭര്‍ത്താവ് ചന്തുലാലും മാതാവ് ഗീത ലാലും വീട്ടില്‍ മന്ത്രവാദവും അഭിചാര ക്രിയകളും നടത്തിയിരുന്നു. ഇതില്‍ തുഷാരയെ ഉപയോഗിച്ചിരുന്നുവെന്നാണ് സംശയം. പോലീസ് ഇതുമായി ബന്ധപ്പെട്ട് അന്വേഷിക്കുന്നുണ്ട്. നിരവധി പേര്‍ ചന്തുലാലിന്റെ വീട്ടില്‍ മന്ത്രവാദത്തിനും മറ്റുമായി വന്നു പോയിട്ടും തുഷാരയുടെ അവസ്ഥ അവരാരും തന്നെ പുറത്ത് ആരോടും പറഞ്ഞിട്ടില്ല എന്നതാണ് പോലീസില്‍ സംശയം ജനിപ്പിച്ചിരിക്കുന്നത്. കൊടിയ പീഡനങ്ങളും ദിവസങ്ങളോളം പട്ടിണി കിടക്കേണ്ടി വരുന്ന ദുരിതവുമായിരുന്നു തുഷാരയ്ക്ക് ഏല്‍ക്കേണ്ടി വന്നത്. യുവതിയുടെ ഈ ദയനീയാവസ്ഥ ആ വീട്ടില്‍ വരുന്നവര്‍ പോലും അറിഞ്ഞിരുന്നില്ലെന്നാണോ അതോ ആരും പറയാതിരുന്നതാണോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്.

ആഭിചാര ക്രിയകള്‍ നടത്താന്‍ തുഷാരയെ ചന്തുലാലും മാതാവും ഉപയോഗിച്ചിരുന്നതിന്റെ ഭാഗമായാണോ പഞ്ചസാര വെള്ളവും കുതിര്‍ത്ത അരിയും മാത്രം നല്‍കി യുവതിയെ പട്ടിണിക്കിട്ടിരുന്നതെന്ന ചോദ്യവും ഉയരുന്നുണ്ട്. റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്താലോ ഇതിനുള്ള ഉത്തരം കിട്ടുകയുള്ളൂ. ചന്തുലാലിന്റെ ബന്ധുക്കള്‍ക്കും തുഷാരയുടെ മരണത്തില്‍ പങ്കുണ്ടെന്ന സംശയവും പോലീസിനുണ്ട്. ചന്തുലാലിന്റെ സഹോദരി താമസിക്കുന്നത് ഈ വീടിന് അടുത്ത് തന്നെയാണ്. അവര്‍ക്ക് തുഷാരയുടെ അവസ്ഥ അറിയാമായിരുന്നുവെന്നാണ് പറയുന്നത്. പക്ഷേ പുറത്ത് ആരോടും പറഞ്ഞിട്ടില്ല എന്നതാണ് അവര്‍ക്കുമേല്‍ സംശയം ഉറപ്പിക്കാന്‍ കാരണം. ചന്തുലാലിന്റെ സഹോദരിയേയും കുടുംബത്തേയും ചോദ്യം ചെയ്യണമെന്ന ആവശ്യവും പൊലീസിനു മുന്നിലുണ്ട്.

ചെങ്കുളം പറണ്ടോട് ചരുവിളയിലെ, ഏറെ ദുരൂഹതകള്‍ നിറഞ്ഞു നില്‍ക്കുന്ന ചന്തുലാലിന്റെ വീട് അയല്‍ക്കാര്‍ക്ക് തീര്‍ത്തും അപരിചതമായിരുന്നു. രണ്ടാള്‍ പൊക്കത്തില്‍ ഷീറ്റ് കൊണ്ട് മറച്ചായിരുന്നു വീട് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് ആ വീട്ടില്‍ എന്തു നടക്കുന്നുവെന്നോ ആരെല്ലാം പോയി വരുന്നുണ്ടെന്നോ എന്നതിനെ കുറിച്ച് തങ്ങള്‍ക്ക് യാതൊരു ധാരണയും ഇല്ലായിരുന്നുവെന്നാണ് അയല്‍പക്കക്കാര്‍ പറയുന്നത്. തുഷാരയുടെ മരണം തങ്ങള്‍ അറിയുന്നത് തന്നെ പത്രവാര്‍ത്തകളിലൂടെയാണെന്നും ഇവര്‍ പറയുന്നു. ആഭിചാരക്രിയകളും മന്ത്രവാദവും ആ വീട്ടില്‍ നടക്കുന്നുണ്ടെന്നതിനെ കുറിച്ച് സൂചനകള്‍ കിട്ടിയിരുന്നെങ്കിലും തുഷാരയുടെ അവസ്ഥയെക്കുറിച്ച് തങ്ങള്‍ക്ക് ഒന്നും തന്നെ അറിയില്ലെന്നാണ് അയല്‍ക്കാര്‍ പറയുന്നത്. നേരത്തെ ചന്തുലാല്‍ താമസിച്ചിരുന്നത് കാഞ്ഞാവള്ളി എന്ന സ്ഥലത്തായിരുന്നു. അവിടെയും വീട്ടില്‍വച്ച് മന്ത്രവാദവും ആഭിചാരക്രിയകളും നടത്തിയിരുന്നു. എന്നാല്‍ നാട്ടുകാര്‍ ഇതിനെതിരേ എതിര്‍പ്പ് ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് ഇവര്‍ ചെങ്കുളത്തേക്ക് താമസം മാറ്റിയത്. കഴിഞ്ഞ രണ്ടുവര്‍ഷമായി ഇവിടെയാണ് താമസം. ഇക്കാലത്തിനിടയില്‍ വളരെ അപൂര്‍വമായി മാത്രമാണ് തങ്ങള്‍ തുഷാരയെ പുറത്ത് കണ്ടിട്ടുള്ളതെന്നും അയല്‍വാസികള്‍ പറയുന്നുണ്ട്. അതേസമയം ചിലര്‍ പറയുന്നത് ആ വീട്ടില്‍ നിന്നും ഒരു സ്ത്രീയുടെ നിലവിളി കേള്‍ക്കാറുണ്ടായിരുന്നുവെന്നാണ്. കൊല്ലല്ലേ എന്നു ഉച്ചത്തില്‍ അലറി വിളിക്കുന്നത് കേട്ടവരുമുണ്ട്. പക്ഷേ, ആരും തന്നെ കാര്യം തിരക്കാന്‍ പോയില്ല. തങ്ങള്‍ ചെന്നാല്‍ ചന്തുലാലും ഗീത ലാലും തടയുമെന്നും ഭീഷണിപ്പെടുത്തുമെന്നുമാണ് നാട്ടുകാര്‍ പറയുന്ന ന്യായം. അതുകൊണ്ടാണ് പിന്നീട് ആരും അങ്ങോട്ട് പോകാതിരുന്നതെന്നും നാട്ടുകാര്‍ക്ക് ആര്‍ക്കും തന്നെ ആ വീടുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ലെന്നും പറയുന്നു.

തുഷാര മരിക്കുകയും ചന്തുലാലും മാതാവും റിമാന്‍ഡില്‍ ആവുകയും ചെയ്തതോടെ അനാഥരായ തുഷാരയുടെ നാലും ഒന്നരയും വയസുള്ള രണ്ടുകുട്ടികളുടെ സംരക്ഷണം ശിശുക്ഷേമ സമിതി ഏറ്റെടുത്തു. കഴിഞ്ഞ ദിവസങ്ങളില്‍ ചന്തുലാലിന്റെ സഹോദരി ജാന്‍സിയുടെ കൂടെയായിരുന്നു കുട്ടികള്‍. ശനിയാഴ്ച്ച ഉച്ചയോടെ ശിശുക്ഷേമ സമിതി അംഗങ്ങള്‍ എത്തിയാണ് കുട്ടികളെ ഏറ്റെടുത്തത്. കുട്ടികളെ ജില്ല ശിശുപരിചരണ കേന്ദ്രത്തിലേക്ക് മാറ്റും.

അതേസമയം തുഷാരയെ കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഭര്‍ത്താവ് ചന്തുലാലിനെയും ഭര്‍തൃമാതാവ് ഗീതലാലിനെയും ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വാങ്ങാന്‍ തയ്യാറെടുക്കുകയാണ് പോലീസ്. പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്ത ഇവരെ കോടതി റിമാന്‍ഡില്‍ അയക്കുകയായിരുന്നു. പുനലൂര്‍ ഡിവൈഎസ്പി ദിനരാജനാണ് കേസ് അന്വേഷിക്കുന്നത്.

Also Read: കുട്ടികളെ പൊള്ളിച്ചും നിലത്തടിച്ചും കൊല്ലുന്ന ‘ശിശു സൌഹൃദ’ കേരളം; എവിടെയാണ് നമുക്ക് പിഴയ്ക്കുന്നത്?

രണ്ടുലക്ഷം രൂപ സ്ത്രീധന തുക കൊടുക്കാന്‍ കഴിയാത്തതിന്റെ പേരിലാണ് ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് തുഷാരയെ പട്ടിണിക്കിട്ട് കൊന്നത്. ഭര്‍ത്താവ് ചന്തുലാലും ഇയാളുടെ മാതാവ് ഗീതലാലും വളരെ ക്രൂരമായിട്ടായിരുന്നു തുഷാരയോട് പെരുമാറിയിരുന്നത്. ദിവസങ്ങളോളം ഭക്ഷണം കിട്ടാതെ ആരോഗ്യംക്ഷയിച്ച് ന്യുമോണിയ ബാധിക്കുകയായിരുന്നു തുഷാരയ്ക്ക്. മാര്‍ച്ച് 21-ന് രാത്രിയോടെ അസുഖം മൂര്‍ച്ഛിച്ച് അവശ നിലയിലായപ്പോഴാണ് തുഷാരയെ കൊല്ലം ജില്ല ആശുപത്രിയില്‍ കൊണ്ടുപോകുന്നത്. എന്നാല്‍ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും രണ്ടു കുട്ടികളുടെ അമ്മയായ ആ 27-കാരി മരിച്ചിരുന്നു.

തുഷാരയുടെ ശരീരത്തില്‍ മര്‍ദ്ദനത്തിന്റെ പാടുകള്‍ കണ്ടു സംശയം തോന്നിയ ആശുപത്രിയധികൃതരാണ് കൊല്ലം ഈസ്റ്റ് പോലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് തുഷാരയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. സംഭവത്തില്‍ ദുരൂഹത തോന്നിയതിനെ തുടര്‍ന്ന് അസ്വഭാവിക മരണത്തിന് പോലീസ് കേസ് എടുത്തിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയതിനു പിന്നാലെ ഭര്‍ത്താവ് ചന്തുലാലിനെയും മാതാവ് ഗീതലാലിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. സ്ത്രീധന പീഡന മരണത്തിനെതിരേയുള്ള 304 ബി വകുപ്പും കൊല്ലണമെന്ന ഉദ്ദേശത്തോടെ ശാരീരികവും മാനസികവുമായി പീഡിപ്പിക്കുക, പട്ടിണിക്കിടുക തുടങ്ങിയ കുറ്റങ്ങള്‍ക്കും വെവ്വേറെ വകുപ്പുകള്‍ പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്.

കരുനാഗപ്പള്ളി അയണിവേലികുളങ്ങര തെക്ക് തുളസീധരന്റെയും വിജയലക്ഷ്മിയുടെയും മകളാണ് മരിച്ച തുഷാര. 2013-ലായിരുന്നു ഓയൂര്‍ ചെങ്കുളം കുരിശിന്‍മൂട് പറണ്ടോട് ചരുവിളയില്‍ ചന്തുലാലുമായി തുഷാരയുടെ വിവാഹം. വിവാഹം കഴിഞ്ഞു മൂന്നു മാസം കഴിഞ്ഞപ്പോള്‍ രണ്ടുലക്ഷം രൂപ സ്ത്രീധന തുകയായി വേണമെന്ന് ചന്തുലാലും മാതാവും തുഷാരയുടെ വീട്ടുകാരോട് ആവശ്യപ്പെട്ടു. ഈ തുക കിട്ടാതായതോടെയാണ് ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് തുഷാരയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കാന്‍ തുടങ്ങിയത്. ക്രൂരമായ മര്‍ദ്ദനം കൂടാതെ ഭക്ഷണം കൊടുക്കാതെ ദിവസങ്ങളോളം തുഷാരയെ പട്ടിണിക്കിടുമായിരുന്നു. പഞ്ചസാര വെള്ളവും അരി കുതിര്‍ത്തതുമായിരുന്നു കൊടുത്തിരുന്നത്. ആശുപത്രിയില്‍ കൊണ്ടുവന്ന തുഷാര അസ്ഥികൂടം പോലെയായിരുന്നുവെന്നും വെറും 20 കിലോ മാത്രമായിരുന്നു ആ യുവതിയുടെ ശരീരഭാരമെന്നും പോലീസ് പറയുന്നു.

Also Read: ഗുണ്ടകള്‍ക്കിടയിലെ കോബ്ര; ഏഴുവയസുകാരനെ മൃതപ്രായനാക്കിയ അരുണ്‍ കൊടുംകുറ്റവാളി

മാതാപിതാക്കളെയോ ബന്ധുക്കളെയോ കാണാനോ സ്വന്തം വീട്ടിലേക്ക് പോകാനോ തുഷാരയെ ചന്തുലാലും ഗീതലാലും അനുവദിച്ചിരുന്നില്ല. തുഷാരയുടെ മാതാപിതാക്കള്‍ക്കും മകളെ കാണാന്‍ നിര്‍വാഹമില്ലായിരുന്നു. ഫോണ്‍ ഉപയോഗിക്കാന്‍ പോലും തുഷാരയെ സമ്മതിച്ചിരുന്നില്ല. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ ആകെ രണ്ടു തവണമാത്രമാണ് മകളെ ബന്ധപ്പെടാന്‍ തങ്ങള്‍ക്ക് കഴിഞ്ഞതെന്നാണ് തുഷാരയുടെ അമ്മ വിജയലക്ഷ്മി പറയുന്നത്. കഴിഞ്ഞ ഒരുവര്‍ഷമായിട്ട് മകളെ കണ്ടിട്ടില്ലെന്നും മകളുമായി ബന്ധമൊന്നും ഇല്ലായിരുന്നുവെന്നും പക്ഷേ, മകള്‍ക്ക് എന്തെങ്കിലും സംഭവിക്കുമെന്ന പേടികൊണ്ടാണ് പരാതിയൊന്നും നല്‍കാതിരുന്നതെന്നുമാണ് അമ്മ ഇപ്പോള്‍ പറയുന്നത്.

മാതാപിതാക്കളോ ബന്ധുക്കളോ തുഷാരയുടെ വിവരം തിരക്കി വന്നാല്‍ ചന്തുലാലും മാതാവും ചേര്‍ന്ന്, കാണാന്‍ അനുവദിക്കാതെ മടക്കി അയയ്ക്കുകയും ഇവര്‍ വന്നതിന്റെ പേരില്‍ തുഷാരയെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. തുഷാരയുടെ രണ്ടു കുട്ടികളെ പോലും കാണാന്‍ ബന്ധുക്കളെ അനുവദിച്ചിരുന്നില്ല. രണ്ടാമത്തെ കുട്ടിയെ പ്രസവിച്ച സമയത്ത് ബന്ധുക്കള്‍ കാണാനെത്തിയപ്പോഴും തടഞ്ഞിരുന്നു. ഇതിനെ കുറിച്ച് കൊല്ലം ഈസ്റ്റ് പോലീസില്‍ പരാതിയും നല്‍കിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍