UPDATES

മെഡിക്കല്‍ കോളേജിലെ പോരായ്മകള്‍ പരിഹരിക്കണമെന്നാവശ്യപ്പെടുന്നത് കുറ്റമാണോ? അതിന് ഒരു യുവഡോക്ടര്‍ക്ക് രാജി വയ്ക്കേണ്ടി വന്നു

മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരമില്ലാത്ത കോഴ്‌സ് ചെയ്തവര്‍ അനുഭവിക്കുന്ന കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് ഉണ്ടാവരുതെന്ന ആഗ്രഹത്തിലാണ് കാര്യങ്ങള്‍ തുറന്നു പറയുന്നത്

മെഡിക്കല്‍ കോളേജിന്റെ പോരായ്മകള്‍ ഒരു വിഷയമായി ഉയര്‍ത്തിക്കൊണ്ടുവന്ന ഡോക്ടര്‍ക്ക് ഒടുവില്‍ രാജിവച്ച് പുറത്ത് പോരേണ്ടി വന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ അധ്യാപകനായിരുന്ന ഡോ. ജിനേഷിനാണ് ഈ ദുരവസ്ഥയുണ്ടായത്. കോട്ടയം മെഡിക്കല്‍ കോളേജിലെ 150 എം.ബി.ബി.എസ് സീറ്റുകള്‍ പുതുക്കി നല്‍കേണ്ടതില്ല എന്ന് മെഡിക്കല്‍ കൗണ്‍സില്‍ തീരുമാനിച്ചിരുന്നു. ഇത് സംബന്ധിച്ച വിവരങ്ങളറിയാന്‍ ഒരു വാര്‍ത്താചാനല്‍ ഡോ. ജിനേഷിനെ സമീപിക്കുകയും അദ്ദേഹം തനിക്കറിയാവുന്ന കാര്യങ്ങള്‍ മാധ്യമത്തോട് പങ്കുവക്കുകയും ചെയ്തു. എന്നാല്‍ ഇതിന്റെ പേരില്‍ അദ്ദേഹത്തിന് വലിയ വിലയാണ് കൊടുക്കേണ്ടി വന്നത്. ഒന്നുകില്‍ പുറത്താക്കല്‍ അല്ലെങ്കില്‍ രാജി എന്ന തരത്തില്‍ ആശുപത്രി അധികൃതര്‍ സമ്മര്‍ദ്ദപ്പെടുത്തിയപ്പോള്‍ ഇക്കഴിഞ്ഞ ഒക്ടോബര്‍ അഞ്ചിന് സ്വമേധയാ രാജിവച്ച് അദ്ദേഹം മെഡിക്കല്‍ കോളേജില്‍ നിന്ന് ഇറങ്ങി.

കോട്ടയം മെഡിക്കല്‍ കോളേജിലെ എം.ബി.ബി.എസ്, എം.ഡി കോഴ്‌സുകള്‍ക്ക് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം ലഭിക്കാത്തത് സംബന്ധിച്ച വിഷയങ്ങളാണ് ഡോ. ജിനേഷ് ചാനലിലൂടെ തുറന്നുപറഞ്ഞത്. ഫോറന്‍സിക് ഡിപ്പാര്‍ട്ട്മെന്റ് അധ്യാപകനായി 2014-ലാണ് ഇദ്ദേഹം കരാറടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളേജില്‍ നിയമിതനാവുന്നത്. എം.ബി.ബി.എസും ഫോറന്‍സിക് പി.ജിയും കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് തന്നെ പൂര്‍ത്തിയാക്കിയാണ് അതേ കോളേജില്‍ അധ്യാപകനായെത്തിയത്.

മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ, കോളേജിലെ 150 എം.ബി.ബി.എസ് സീറ്റുകള്‍ പുതുക്കി നല്‍കേണ്ടെന്ന തീരുമാനത്തിലെത്തിയിരുന്നു. അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. അവര്‍ നിര്‍ദ്ദേശിക്കുന്ന കാര്യങ്ങള്‍ നടപ്പിലാക്കിയാല്‍ ഈ സീറ്റുകള്‍ പുതുക്കി നല്‍കുകയും ചെയ്യും. കോളേജിലെ ഒരു സീറ്റിനും അംഗീകാരം നഷ്ടമായിട്ടില്ല. എന്നാല്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ പറഞ്ഞ കാലയളവിനുള്ളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ കോളേജിനും ആരോഗ്യവകുപ്പിനുമായില്ലെങ്കില്‍ അംഗീകാരം നഷ്ടമായേക്കാം. ഒരു ഡോക്ടര്‍ എന്നതിലുപരി ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇടപെടുകയും മാധ്യമങ്ങളുമായി നല്ല ബന്ധം വയ്ക്കുകയും ചെയ്യുന്നയാളാണ് ഞാന്‍. പല മാധ്യമങ്ങളിലും ആര്‍ട്ടിക്കിളുകളും കുറിപ്പുകളും പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. ആ സാഹചര്യത്തില്‍ ഇത്തരമൊരു കാര്യം അറിയാനായി എന്നെ സമീപിച്ച മാധ്യമപ്രവര്‍ത്തകനോട് സത്യസന്ധത പാലിക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. എനിക്ക് ഇക്കാര്യത്തില്‍ അറിവുള്ള കാര്യങ്ങളാണ് ഞാന്‍ പറഞ്ഞതും. അല്ലാതെ കോളേജിനെ മോശമാക്കുന്ന തരത്തില്‍ ഒന്നും ഞാന്‍ പറഞ്ഞിട്ടും ചെയ്തിട്ടുമില്ല. അംഗീകാരം ലഭിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് സംസാരിച്ചത്.

തുടര്‍ന്ന് പ്രിന്‍സിപ്പല്‍ എന്നെ ടെര്‍മിനേറ്റ് ചെയ്യാന്‍ തീരുമാനിച്ചതായി ഫോറന്‍സിക് മേധാവിയാണ് എന്നെ അറിയിക്കുന്നത്. ഇതറിഞ്ഞതിന് ശേഷം ഞാന്‍ പ്രിന്‍സിപ്പലിനെ ഫോണില്‍ വിളിക്കുകയും ചെയ്തു. പുറത്താക്കും എന്ന് ഉറപ്പിച്ച് പറഞ്ഞില്ലെങ്കിലും രാജി വച്ചില്ലെങ്കില്‍ പുറത്താക്കിയേക്കുമെന്ന തരത്തിലായിരുന്നു പ്രിന്‍സിപ്പലിന്റെ സംഭാഷണം. കുറേക്കാലമായി രാജിവച്ച് പുറത്ത് പോവണമെന്ന് എന്റെ മനസ്സിലുള്ളതാണ്. എന്നാല്‍ ഫോറന്‍സിക് വിഭാഗത്തിന് അംഗീകാരം ലഭിക്കുന്നത് വരെയെങ്കിലും അവിടെ തുടരണമെന്ന മറ്റ് അധ്യാപകരുടെ കൂടി ആവശ്യം കണക്കിലെടുത്താണ് അധ്യാപകനായി തുടര്‍ന്നത്. എന്നാല്‍ ഇത്തരത്തില്‍ ഒരു സമ്മര്‍ദ്ദം വന്നതോടെ പുറത്താക്കുന്നതിന് മുമ്പ് രാജി വക്കുക തന്നെയാണ് നല്ലതെന്ന തീരുമാനത്തില്‍ ഞാനെത്തുകയും രാജിവയ്ക്കുകയുമായിരുന്നു.’

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളെ കാത്തിരിക്കുന്നത് സര്‍ക്കാര്‍ സ്കൂളുകളുടെ വിധി

കോളേജിലെ പല കോഴ്‌സുകള്‍ക്കും ഇതേവരെ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ചിട്ടില്ല. 2007-08 അധ്യയന വര്‍ഷത്തിലാണ് കോട്ടയം മെഡിക്കല്‍ കോളേജിലെ എം.ബി.ബി.എസ് സീറ്റുകള്‍ 150 ആക്കി ഉയര്‍ത്തിയത്. ഓരോ അഞ്ച് വര്‍ഷം കൂടുമ്പോള്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നടത്തുന്ന പരിശോധനകള്‍ക്കൊടുവിലാണ് കോഴ്സുകളുടേയും സീറ്റുകളുടേയും അംഗീകാരം പുതുക്കി നല്‍കുന്നത്. ഈ വര്‍ഷമാദ്യം മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ, മെഡിക്കല്‍ കോളേജില്‍ പരിശോധന നടത്തിയിരുന്നു. എന്നാല്‍ തൃപ്തികരമായ സാഹചര്യങ്ങളല്ല കോളേജിലുള്ളതെന്ന് കണ്ടെത്തി സീറ്റുകള്‍ പുതുക്കി നല്‍കിയില്ല. ഒരു മാസത്തിനുള്ളില്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കാന്‍ കോളേജ് അധികൃതര്‍ക്ക് നിര്‍ദ്ദേശവും നല്‍കിയിരുന്നു.

2010-ലാണ് കോളേജില്‍ ഫോറന്‍സിക് വിഭാഗം തുടങ്ങുന്നത്. എന്നാല്‍ ഏഴ് വര്‍ഷമായിട്ടും കോഴ്‌സിന് അംഗീകാരം ലഭിച്ചിട്ടില്ല. ജിനേഷ് ഉള്‍പ്പെടെയുള്ളവര്‍ മെഡിക്കല്‍ കോളേജില്‍ നിന്നാണ് ഫോറന്‍സിക് പി.ജി പഠനം പൂര്‍ത്തീകരിച്ചത്. ആരോഗ്യസര്‍വകലാശാല നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ടെങ്കിലും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയില്‍ അഡീഷണല്‍ ക്വാളിഫിക്കേഷനില്‍ അത് രജിസ്റ്റര്‍ ചെയ്തപ്പെട്ടാല്‍ മാത്രമേ പ്രൊഫഷണല്‍ ക്വാളിഫിക്കേഷനായി ബയോഡാറ്റയിലടക്കം രേഖപ്പെടുത്താന്‍ കഴിയൂ. ഫോറന്‍സിക് വിഭാഗമുള്‍പ്പെടെ അംഗീകാരം ലഭിക്കാത്ത കോഴ്‌സുകള്‍ പഠിച്ചിറങ്ങുന്ന മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസം ചെയ്യുന്നതിനോ പുറം രാജ്യങ്ങളിലും മറ്റും ജോലിക്കപേക്ഷിക്കുന്നതിനോ ഇത് തടസ്സമായി നില്‍ക്കുകയും ചെയ്യുന്നു. വേണ്ടത്ര അധ്യാപകരില്ല, വേണ്ടത്ര യോഗ്യതയുള്ള അധ്യാപകരില്ല, ശരിയായ ലൈബ്രറി സൗകര്യങ്ങളില്ല, പരീക്ഷാഹാളുകളുടെ സൗകര്യക്കുറവ്, റാഗിങ് തടയുന്നതിനുള്ള വെബ്‌സൈറ്റ്, സി.ടി. സ്‌കാനുകളുടേയും എക്‌സ്‌റേകളുടേയും പോരായ്മ തുടങ്ങി വിവിധ വിഷയങ്ങളുന്നയിച്ചാണ് മെഡിക്കല്‍ കൗണ്‍സില്‍ കോഴ്‌സുകള്‍ക്ക് അംഗീകാരം നല്‍കാത്തത്.

(Representational Image)

സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് കോളേജ് അധികൃതര്‍ക്ക് വേണ്ടത്ര സമയമുണ്ട്. ആരോഗ്യവകുപ്പ് സെക്രട്ടറിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. സര്‍ക്കാരിനും കോളേജ് അധികൃതര്‍ക്കും വളരെ പെട്ടെന്ന് നികത്താവുന്ന പോരായ്മകളാണ് എല്ലാം. എന്നാല്‍ അതുണ്ടാവുന്നില്ല. ഫോറന്‍സിക് വിഭാഗത്തിലെ രണ്ട് സീറ്റ്, ജനറല്‍ മെഡിസിന്‍ പി.ജിയുടെ നാല് സീറ്റ്, ജനറല്‍ സര്‍ജറിയുടേയും ഫിസിക്കല്‍ മെഡിസിന്റേയും രണ്ട് സീറ്റുകള്‍ എന്നിവയ്ക്ക് നിലവില്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരമില്ല. ഇതില്‍ ഫിസിക്കല്‍ മെഡിസിന്‍ വിഭാഗത്തില്‍ അധ്യാപകര്‍ പോലുമില്ല. പി.ജി പൂര്‍ത്തിയാക്കിയവര്‍ അധ്യാപകരാവണമെന്ന് മെഡിക്കല്‍ കൗണ്‍സില്‍ പറയുമ്പോള്‍ സര്‍ക്കാര്‍ പലപ്പോഴും എം.ബി.ബി.എസ്. പൂര്‍ത്തിയാക്കിയവരേയും അധ്യാപകരായി നിയമിക്കുകയാണ്. ഫോറന്‍സിക് വിഭാഗത്തില്‍ ഇതേവരെ മൂന്ന് തവണ മെഡിക്കല്‍ കൗണ്‍സില്‍ പരിശോധന നടത്തി. എന്നാല്‍ അംഗീകാരം നിരസിക്കുകയാണുണ്ടായത്. അടിസ്ഥാനസൗകര്യമില്ലായ്മ തന്നെയാണ് കാരണമായി പറയുന്നത്. അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ കോളേജ് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് കാണിച്ച് ഞാനുള്‍പ്പെടെയുള്ളവര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു; 2016 നവംബറില്‍. എല്ലാ പോരായ്മകളും ജനുവരി ഒന്നിന് മുമ്പ് പരിഹരിക്കണമെന്ന് കോടതി കോളേജ് അധികൃതര്‍ക്ക് നിര്‍ദ്ദേശവും നല്‍കി. എന്നാല്‍ അത് ഇതേവരെ പാലിക്കപ്പെട്ടില്ല. അതിനാല്‍ കോടതിയലക്ഷ്യത്തിന് കേസ് എടുക്കണമെന്ന് കാണിച്ച് ഞങ്ങള്‍ വീണ്ടും ഹര്‍ജി നല്‍കിയിരിക്കുകയാണ്’- ഡോ. ജിനേഷ് പറയുന്നു.

കേരള മോഡല്‍ ആരോഗ്യ നയം; തിരിച്ചു പിടിക്കേണ്ട ചില യാഥാര്‍ഥ്യങ്ങള്‍

2011ലാണ് ഡോ. ജിനേഷ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ഫോറന്‍സിക് വിഭാഗത്തില്‍ പി.ജി ചെയ്തത്. താനുള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ അനുഭവിച്ചത് ഇനിയുള്ള വിദ്യാര്‍ഥികളെങ്കിലും അനുഭവിക്കേണ്ടി വരരുതെന്ന ഉദ്ദേശത്തോടെയാണ് ഇതെല്ലാം ചെയ്തതെന്ന് ജിനേഷ് പറയുന്നു. ‘സര്‍ക്കാര്‍ ആശുപത്രിയില്‍ തന്നെ ജോലി ചെയ്യണമെന്ന ആഗ്രഹം കൊണ്ടാണ് ഇത്രയും കാലം ഇവിടെ തന്നെ നിന്നത്. മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരമില്ലാത്ത കോഴ്‌സ് ചെയ്ത ഞാനുള്‍പ്പെടെയുള്ളവര്‍ അനുഭവിക്കുന്ന കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് ഉണ്ടാവരുതെന്ന ആഗ്രഹത്തിലാണ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി അംഗീകാരം ലഭിക്കുന്ന സാഹചര്യമുണ്ടാക്കാന്‍ കോളേജ് അധികൃതരോട് ആവശ്യപ്പെടുന്നത്. ഇതേ സദുദ്ദേശത്തോടെയാണ് മാധ്യമങ്ങളോട് ഇക്കാര്യത്തില്‍ പ്രതികരിച്ചതും. മെഡിക്കല്‍ കൗണ്‍സില്‍ പറയുന്ന സൗകര്യങ്ങള്‍ ഒരുക്കിയാല്‍ വിദ്യാര്‍ഥികള്‍ക്കും, കോളേജിനും, പൊതുസമൂഹത്തിനുമാണ് അതുകൊണ്ട് ഗുണമുണ്ടാകുന്നത്.’

സാമൂഹ്യപ്രസക്തിയുള്ള വിഷയങ്ങളില്‍ ഇടപെടല്‍ നടത്തുകയും അശാസ്ത്രീയമായ ചികിത്സാ രീതികളേയും ചികിത്സാ രീതിയിലുള്ള അന്ധവിശ്വാസങ്ങളേയും പൊളിച്ചെഴുതുന്ന നിലപാടുകളുമായി സമൂഹത്തില്‍ ഇടപെടല്‍ നടത്തുകയും ചെയ്യുന്ന ഇന്‍ഫോ ക്ലിനിക് കൂട്ടായ്മ തുടങ്ങുന്നതിന് നേതൃത്വം നല്‍കിയ ഡോക്ടര്‍മാരിലൊരാള്‍ കൂടിയാണ് ഡോ.ജിനേഷ്.

‘ഹിജാമ: രക്തം ഊറ്റുന്ന അജ്ഞത’; ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത ലേഖനം വായിക്കാം

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍