UPDATES

വായന/സംസ്കാരം

എഴുത്തച്ഛനെ ഹിന്ദുകവിയാക്കരുത്; ആ പാരമ്പര്യം എന്റേതുകൂടി-എം എന്‍ കാരശ്ശേരി സംസാരിക്കുന്നു

സച്ചിദാനന്ദനോട് വിയോജിക്കാം; പക്ഷെ, ഭാഷയ്ക്കും സംസ്‌കാരത്തിനും അദ്ദേഹം നല്‍കിയ സംഭാവനക്കുളളതാണ് എഴുത്തച്ഛന്‍ പുരസ്‌കാരം

എഴുത്തച്ഛന്‍ പുരസ്‌കാരം അര്‍ഹിക്കുന്ന കവിയാണ് സച്ചിദാനന്ദന്‍ എന്നാണ് എന്റെ വിശ്വാസം. അദ്ദേഹം ഒരു എഴുത്തുകാരന്‍ എന്ന നിലക്കും എഡിറ്റര്‍ എന്ന നിലക്കും അധ്യാപകന്‍ എന്ന നിലക്കും മലയാള സാഹിത്യത്തിന് വലിയ സംഭാവനകള്‍ അര്‍പ്പിച്ചയാളാണ്. അദ്ദേഹത്തിന് സമ്മാനം കൊടുക്കുമ്പോള്‍ പുരസ്‌കാര നിര്‍ണയ സമിതി പറഞ്ഞത് മലയാള സാഹിത്യത്തിനുള്ള അദ്ദേഹത്തിന്റെ സമഗ്ര സംഭാവന പരിഗണിച്ചാണിത് കൊടുത്തതെന്നാണ്.

മലയാളത്തില്‍ ആധുനികത കൊണ്ടുവന്നതില്‍ വളരെ പ്രധാനപ്പെട്ട ഒരു പങ്ക് അദ്ദേഹത്തിനുണ്ട്. അത് അദ്ദേഹത്തിന്റെ കവിതകളിലൂടെ, കവിതാ പരിഭാഷകളിലൂടെ, സാഹിത്യ പത്രപ്രവര്‍ത്തനത്തിലൂടെ തെളിയിച്ച കാര്യമാണ്. ഉദാഹരണത്തിന് അദ്ദേഹം ‘ജ്വാല’ എന്നൊരു മാസിക നടത്തിയിരുന്നു. ഖസാക്കിന്റെ ഇതിഹാസം വന്നപ്പോള്‍ ആളുകളെല്ലാം അതിന് എതിരായിരുന്നു. ആളുകള്‍ക്ക് അത് മനസ്സിലായില്ല. അന്ന് ‘ജ്വാല’ ഒരു ഖസാക്ക് പതിപ്പിറക്കി. ഖസാക്കിന്റെ യോഗ്യതയെന്താണെന്ന് പറയാനായി മാത്രമായിരുന്നു ആ പതിപ്പ്. ഇത് ഒരു ഉദാഹരണം മാത്രമാണ്.

ഞങ്ങളൊക്കെ ബി.എ., എം.എ. പഠിക്കുന്ന കാലത്താണ് ആധുനികത വരുന്നത്. അന്ന് അക്കൂട്ടത്തില്‍ നിന്ന് കുഞ്ഞുണ്ണിയെ തിരിച്ചറിഞ്ഞയാളാണ് സച്ചിദാനന്ദന്‍. വളരെ നേരത്തെ തന്നെ ബഷീറിനെയും തിരിച്ചറിഞ്ഞു. നെരൂദ തുടങ്ങിയ എത്രയോ കവികളെ അദ്ദേഹം പരിഭാഷയിലൂടെ മലയാളത്തിന് പരിചയപ്പെടുത്തി. അദ്ദേഹത്തിന്റെ ക്ലാസുകള്‍, പ്രഭാഷണങ്ങള്‍ ഒക്കെയടങ്ങുന്ന വലിയ സംഭാവനയുണ്ട് സച്ചിദാനന്ദനില്‍ നിന്ന്. ക്രൈസ്റ്റ് കോളേജില്‍ ഇംഗ്ലീഷ് അധ്യാപകനായിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഇന്ത്യന്‍ ലിറ്ററേച്ചര്‍ എന്ന ജേണലിന്റെ എഡിറ്ററായിരുന്നു. പിന്നീട് കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറിയായി. അങ്ങനെ മലയാളത്തിന്റെ അംബാസിഡര്‍ അഥവാ സ്ഥാനപതിയായിട്ട് അദ്ദേഹം കേരളത്തിനകത്തും പുറത്തും പ്രവര്‍ത്തിച്ചിട്ടുണ്ട്. അയ്യപ്പപ്പണിക്കരും എം.ടി.യും മാത്രമേ ആ സ്ഥാനത്ത് നമുക്ക് പിന്നെയുള്ളൂ. ഒരു കാലത്ത് അയ്യപ്പപ്പണിക്കര്‍ ഒരു കാലത്ത് ചെയ്തുകൊണ്ടിരുന്നത് ഇപ്പോള്‍ ചെയ്യുന്നത് സച്ചിദാനന്ദനാണ്.

നമ്മുടെ കവിതകള്‍ പുറത്തെത്തിക്കാന്‍ അദ്ദേഹം പരിഭാഷയിലൂടെ ഒരു പിടികാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ഇംഗ്ലീഷിലെ കവിതകള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്നത് പോലെ നമ്മുടെ പല കവികളുടേയും കവിതകള്‍ അദ്ദേഹം ഇംഗ്ലീഷിലേക്കും പരിഭാഷപ്പെടുത്തി. ലോകത്തിന്റെ പലഭാഗങ്ങളിലും യാത്ര ചെയ്തിട്ടുണ്ട്. അവിടങ്ങളില്‍ ചെന്ന് നമ്മുടെ സാഹിത്യത്തെയും സംസ്‌കാരത്തെയും കുറിച്ച് സംസാരിച്ചിട്ടുണ്ട്. ശിഹാബ് ഖാലിം എന്ന പേരില്‍ യുഎഇയില്‍ ഒരു കവിയുണ്ട്. അദ്ദേഹത്തിന്റെ പുസ്തകം മലയാളത്തില്‍ ആദ്യം വന്നത് സച്ചിദാനന്ദന്റെ അവതാരികയോടുകൂടിയാണ്.

പലതലമുറകളോടും സംവദിച്ചിട്ടുള്ള സച്ചിദാനന്ദന്‍ സാമൂഹിക രാഷ്ട്രീയ കാര്യങ്ങളില്‍ അഭിപ്രായം പറയുകയും നിലപാടുകളെടുക്കാറുമുണ്ട്്. അങ്ങനെ എന്നും സജീവമായി, സചേതനമായി ഇരിക്കുന്ന ആളാണ് അദ്ദേഹം എന്നതിനാല്‍ അദ്ദേഹത്തിന് എഴുത്തച്ഛന്‍ പുരസ്‌കാരം നല്‍കിയതില്‍ ഒരു തെറ്റുമില്ല. അദ്ദേഹത്തിന്റെ ഒരു പുസ്തകത്തിന്റെ പേര് തന്നെ എഴുത്തച്ഛന്‍ എഴുതുമ്പോള്‍ എന്നാണ്. ആശാന്‍, ഇടശേരി, വൈലോപ്പിള്ളി എന്നീ കവികളെക്കുറിച്ച് അദ്ദേഹമഴുതിയ കൃതികളുണ്ട്. പുതിയ തലമുറയിലെ എഴുത്തുകാര്‍ക്ക് അദ്ദേഹമെഴുതിയ അവതാരികകളുണ്ട്. അങ്ങനെ പല തരത്തില്‍ സാഹിത്യരചനകളും, സാഹിത്യനിരൂപണവും, പ്രവര്‍ത്തനവും, സാഹിത്യ പത്രപ്രവര്‍ത്തനവുമെല്ലാം കാഴ്ചവച്ചയാളാണ്. അത്യധികം കര്‍മ്മവ്യഗ്രതയുള്ളയാളുമാണ്. അങ്ങനെയുള്ള അദ്ദേഹത്തിന് എഴുത്തച്ഛന്‍ പുരസ്‌കാരത്തിന് അര്‍ഹതയില്ലെന്ന് പറയുന്നത് തീര്‍ച്ചയായും തെറ്റാണ്.

അദ്ദേഹത്തിന്റെ പല നിലപാടുകളെപ്പറ്റിയും എനിക്ക് വിമര്‍ശനമുണ്ട്. ഏതെങ്കിലും സമ്മാനം വാങ്ങിയതോ, ഏതെങ്കിലും നിലപാട് വ്യക്തമാക്കിയതോ പിന്തുണ നല്‍കിയതോ, എതിര്‍പ്പ് പറഞ്ഞതോ ഒക്കെ കണക്കിലെടുത്താല്‍ അത് അദ്ദേഹത്തിന്റെ സുദീര്‍ഘവും സമ്പന്നവുമായ ജീവിതത്തിലെ അനേകായിരം കാര്യങ്ങളില്‍ ചിലത് മാത്രമാണ്. അദ്ദേഹത്തോട് എതിരഭിപ്രായമുണ്ടാവാം. അതില്‍ തെറ്റില്ല. എനിക്കും അത്തരം അഭിപ്രായമുണ്ട്. ഉദാഹരണത്തിന് ഒരുകാലത്ത് അദ്ദേഹം നക്‌സലൈറ്റുകള്‍ക്ക് പിന്തുണ കൊടുത്തയാളാണ്. നക്‌സലൈറ്റുകളുടെ ആത്മാര്‍ഥത അംഗീകരിക്കുമ്പോള്‍ തന്നെ അവരുടെ വഴി തെറ്റാണെന്ന് വിചാരിക്കുന്നയാളാണ് ഞാന്‍. പക്ഷേ നക്‌സലൈറ്റുകള്‍ക്ക് പിന്തുണകൊടുത്തയാളാണ് അതുകൊണ്ട് പുരസ്‌കാരം നല്‍കാന്‍ പാടില്ല എന്ന് പറയുന്നത് തെറ്റാണ്. അദ്ദേഹത്തിന്റെ കവിതയ്ക്കാണ് പുരസ്‌കാരം. അല്ലാതെ അദ്ദേഹത്തിന്റെ രാഷ്ട്രീയ അഭിപ്രായങ്ങള്‍ക്കോ രാഷ്ട്രീയത്തിനോ അല്ല പുരസ്‌കാരം.

ചില സമയങ്ങളില്‍ അദ്ദേഹം കമ്മ്യൂണിസ്റ്റ് അനുഭാവിയായി നിന്നിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് വിമര്‍ശനം നടത്തിയിട്ടുണ്ട്. ചില കാര്യങ്ങളില്‍ അദ്ദേഹം വേണ്ടത്ര വിമര്‍ശിക്കുന്നില്ലെന്ന് ഞങ്ങളെല്ലാം വിമര്‍ശിച്ചിട്ടുണ്ട്. അതുകൊണ്ടൊന്നും അദ്ദേഹം ഭാഷയ്‌ക്കോ സംസ്‌കാരത്തിനോ സാഹിത്യത്തിനോ നല്‍കിയ സംഭാവന ഇല്ലാതായിപ്പോവില്ല. സുഗതകുമാരി ടീച്ചറുടെ പല നിലപാടുകളോടും വിമര്‍ശനമുള്ളയാളാണ് ഞാന്‍. അതുകൊണ്ട് സുഗതകുമാരിയുടെ കവിതകളുടെ സംഭാവനകള്‍ ഇല്ലാതായിപ്പോവില്ലല്ലോ. പി.ഭാസ്‌ക്കരന്‍ ഒരു കാലത്ത് കമ്മ്യൂണിസ്റ്റ് ആയിരുന്നു. പിന്നീട് അദ്ദേഹം കമ്മ്യൂണിസ്റ്റ് വിരുദ്ധനായി. പി.കേശവദേവും അങ്ങനെ തന്നെ. എന്നാല്‍ ‘ഓര്‍ക്കുക വല്ലപ്പോഴും’ എഴുതിയ, വയലാര്‍ നിരൂപണമെഴുതിയ ഭാസ്‌ക്കരന്‍, അല്ലെങ്കില്‍ ഓടയില്‍ നിന്നെഴുതിയ കേശവദേവ് ഒന്നും ഇല്ലാതായിപ്പോവുന്നില്ല. തപസ്യയുടെ പ്രസിഡന്റാണ് അക്കിത്തം. അദ്ദേഹം തപസ്യയുടെ പ്രസിഡന്റായിരിക്കുന്നതില്‍ വിമര്‍ശനങ്ങളുണ്ടാവും. അക്കിത്തത്തിന് ഒരു പുരസ്‌കാരം നല്‍കുമ്പോള്‍ പണ്ടത്തെ മേല്‍ശാന്തി എഴുതിയ ആളാണെന്നാണ് ഓര്‍ക്കേണ്ടത്, അല്ലാതെ തപസ്യയുടെ പ്രസിഡന്റാണ് എന്നുള്ളതല്ല.

സച്ചിദാനന്ദനെ വിമര്‍ശിക്കാന്‍ പാടില്ല എന്നല്ല. ആര്‍ക്കും അദ്ദേഹത്തെ വിമര്‍ശിക്കാം. പക്ഷെ കേരള സര്‍ക്കാരിന്റെ ഏറ്റവും പരമോന്നതമായ ഒരു പുരസ്‌കാരം നേടിയ സമയത്ത് ആ പുരസ്‌കാരത്തിന് അദ്ദേഹം അര്‍ഹനല്ല എന്ന് പറയരുത്. അത് രണ്ടും രണ്ട് കാര്യങ്ങളാണ്. നിങ്ങള്‍ അയാളുടെ നിലപാടുകളേയോ രാഷ്ട്രീയ പ്രസ്താവനകളേയോ എതിര്‍ക്കുന്നു എന്നു പറയുന്നതും അദ്ദേഹം ഭാഷയ്ക്കും സാഹിത്യത്തിനും സംസ്‌കാരത്തിനും നല്‍കിയിട്ടുള്ള സംഭാവനകളെ ഇല്ല എന്നു പറയുന്നതും രണ്ടാണ്.

എഴുത്തച്ഛനെ ഹിന്ദുകവിയായി ചുരുക്കിപ്പറയുന്നതാണ് അന്യായം. ഒരു മതവും അനുഷ്ഠിക്കുന്നില്ലെങ്കിലും ഞാനൊരു മുസ്ലിം കുടുംബത്തില്‍ പിറന്നയാളാണ്. എഴുത്തച്ഛന്റെ പാരമ്പര്യം എന്റേത് കൂടിയാണെന്ന് വിചാരിക്കുന്നയാളാണ് ഞാന്‍. എല്ലാ മലയാളികളുടേതുമാണ് എഴുത്തച്ഛന്‍. ബഷീര്‍ എല്ലാ മലയാളികളുടേതുമാണ്. ഈ സന്ദര്‍ഭം ഉപയോഗിച്ച് കുഞ്ചന്‍ നമ്പ്യാരേയോ എഴുത്തച്ഛനേയോ എം.ടി.വാസുദേവന്‍ നായരേയോ സുഗതകുമാരിയേയോ ഒക്കെ ഏതെങ്കിലും ജാതിയുടേയും മതത്തിന്റേയോ പ്രദേശത്തിന്റേയോ പ്രതിരൂപം മാത്രമാണ് എന്ന്, മറ്റുള്ളവയില്‍ നിന്ന് അവരെ അകറ്റി നിര്‍ത്തി അഭിപ്രായം പറയുന്നത് സംസ്കാര വിരുദ്ധമായ, കലാവിരുദ്ധമായ പ്രവൃത്തിയാണ്. അത് സാഹിത്യ വിമര്‍ശനമല്ല. എഴുത്തച്ഛന്‍ ഹിന്ദു കവിയാണ്. അതുകൊണ്ട് മുസ്ലിങ്ങളെ പിന്തുണച്ച സച്ചിദാനന്ദന് അദ്ദേഹത്തിന്റെ പേരില്‍ അവാര്‍ഡ് കൊടുക്കാന്‍ പാടില്ല എന്ന് പറയുമ്പോള്‍ സാമുദായിക വിഭജനമുണ്ടാക്കുകയാണ്. എഴുത്തച്ഛന്‍ എന്റേതല്ല എന്ന് എന്നോട് പറയുകയാണ്. ഇവിടുത്തെ ഹിന്ദു കുടുംബത്തില്‍ പിറക്കാത്തവരോ, ഹിന്ദുമത ഭക്തിയില്ലാത്തവരോ, നിരീശ്വരവാദികളോ ആയ നിരവധിപ്പേരുടേയും കൂടി പാരമ്പര്യമാണ് എഴുത്തച്ഛന്‍. ഭാഷാ പിതാവ് എന്നു പറയുമ്പോള്‍, ഭാഷ ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന്റേതാണോ? മലയാള ഭാഷയും എഴുത്തച്ഛനും കുഞ്ചന്‍ നമ്പ്യാരുമെല്ലാം എല്ലാവരുടേതുമാണ്. സംഗീതവും കലയും എല്ലാവരുടേതുമാണ്. അത്തരത്തില്‍ എല്ലാം ഉള്‍ക്കൊള്ളുന്ന തരത്തിലാണ് സംസ്‌കാരത്തെക്കുറിച്ച് സംസാരിക്കേണ്ടത്. അല്ലാതെ ഏതെങ്കിലുമൊരു കൂട്ടരെ മാറ്റിനിര്‍ത്തിക്കൊണ്ടല്ല. രാമഭക്തനാണ് എഴുത്തച്ഛന്‍. അതുകൊണ്ടെന്താണ്? മോയിന്‍കുട്ടി ഒരു പ്രത്യേക വിഭാഗത്തിന്റെയാളാണെന്ന് വിചാരിക്കാന്‍ പറ്റുമോ? അദ്ദേഹം മുഹമ്മദ് നബിയെക്കുറിച്ചാണ് എഴുതിയത്. കബീര്‍ദാസ് ആരുടെ പാരമ്പര്യമാണ്? അദ്ദേഹം എല്ലാ ഇന്ത്യക്കാരന്റേയും പാരമ്പര്യമാണ്. ഹിന്ദിയില്‍ കവിതയെഴുതിയിരുന്നതെങ്കിലും അദ്ദേഹം ഹിന്ദിക്കാരന്റെ മാത്രം കവിയല്ല. വിഷ്ണുഭക്തിയെക്കുറിച്ചാണ് എഴുതിയിരുന്നതെന്നതിനാല്‍ അദ്ദേഹം വൈഷ്ണവനാണെന്ന് പറയുന്നവരുണ്ട്. അതങ്ങനെയല്ല. അത് നമ്മുടെ പൊതുപാരമ്പര്യമാണ്.

സച്ചിദാനന്ദന്‍ പാക്കിസ്ഥാനെ ഏഷ്യയുടെ സാംസ്കാരിക തലസ്ഥാനമാക്കിയ ആളെന്ന് സംഘപരിവാര്‍; കവിക്കെതിരെ ആക്ഷേപവര്‍ഷം

(അഴിമുഖം പ്രതിനിധി കെ ആര്‍ ധന്യ ഫോണില്‍ വിളിച്ച് സംസാരിച്ച് തയ്യാറാക്കിയത്)

എം എന്‍ കാരശ്ശേരി

എം എന്‍ കാരശ്ശേരി

സാഹിത്യ വിമര്‍ശകന്‍, സാമൂഹ്യ ചിന്തകന്‍, എഴുത്തുകാരന്‍, അദ്ധ്യാപകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍