പുരുഷ വേഷം ധരിക്കുന്ന പെണ്‍കുട്ടിയുടെ ചിന്തയെന്തായിരിക്കും’ എന്നും ‘ധരിക്കുന്ന വസ്ത്രത്തിനനുസരിച്ച് ശരീരവും ചിന്തകളും മാറു’മെന്നും ‘അടക്കവും ഒതുക്കവുമുള്ള തലമുറയെയാണ് ആവശ്യ’മെന്നും രജിത് കുമാര്‍
ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതെന്ന പേരില്‍ സ്ത്രീ-ട്രാന്‍സ് വിരുദ്ധ പരാമര്‍ശങ്ങളുമായി ഡോ. രജിത് കുമാര്‍ വീണ്ടും. ആണ്‍കുട്ടികളെപ്പോലെ ഓടിച്ചാടി നടന്നാല്‍ സ്ത്രീകളുടെ ഗര്‍ഭപാത്രം സ്ഥാനം തെറ്റുമെന്നും, ജീന്‍സ് ധരിക്കുന്ന സ്ത്രീകള്‍ക്കുണ്ടാകുന്ന കുട്ടികള്‍ക്ക് ജനിതക വൈകല്യങ്ങളുണ്ടാകുമെന്നും പൊതു പരിപാടികളിലും പരിശീലന പരിപാടികളിലും പ്രസംഗിച്ച് വലിയ വിമര്‍ശനങ്ങള്‍ക്കിരയായിട്ടുള്ള രജിത് കുമാര്‍ 24 ന്യൂസിന്റെ ജനകീയ കോടതി എന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് വീണ്ടും നിലപാടുകള്‍ ആവര്‍ത്തിച്ചത്. കാലടി ശ്രീശങ്കര കോളേജിലെ ബോട്ടണി അധ്യാപകനായ രജിത് കുമാര്‍, നേരത്തെ നടത്തിയിട്ടുള്ള നിരുത്തരവാദിത്തപരമായ പരാമര്‍ശങ്ങളില്‍ ഉറച്ചു നിന്നു ന്യായീകരിച്ചതിനെതിരെ വലിയ പ്രതിഷേധങ്ങളാണ് ഉയര്‍ന്നു കൊണ്ടിരിക്കുന്നത്.
സ്ത്രീ വിരുദ്ധതയും ട്രാന്‍സ് വിരുദ്ധതയും നിറഞ്ഞ പ്രസംഗങ്ങളുടെ പേരില്‍ നേരത്തേ തന്നെ അറിയപ്പെട്ടിട്ടുള്ള രജിത് കുമാര്‍ ഇത്തവണ ഓട്ടിസം ബാധിച്ച കുഞ്ഞുങ്ങളെയും അവരുടെ മാതാപിതാക്കളെയും അപമാനിക്കുന്ന പ്രസ്താവനകളാണ് നടത്തിയിട്ടുള്ളത്. “നിഷേധികളായ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ജനിക്കാനിരിക്കുന്ന മക്കള്‍ക്ക് സെറിബ്രല്‍ പാള്‍സിയും ഓട്ടിസവുമുണ്ടായിരിക്കും” എന്ന് രജിത് കുമാര്‍ നേരത്തേ നടത്തിയിട്ടുള്ള പ്രസംഗത്തിലെ ഭാഗത്തേക്കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിന്, ഈ അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുന്നതായായിരുന്നു മറുപടി. കാസര്‍കോട്ട് പ്രവാസി കൂട്ടായ്മ സംഘടിപ്പിച്ച പരിപാടിയിലെ പ്രസംഗത്തിലെ ഭാഗമാണിത്. ശാസ്ത്രീയമായ തെളിവുകളുണ്ടെന്ന് വിശ്വസിപ്പിച്ച് രജിത് കുമാര്‍ നടത്തുന്ന ഇത്തരം പരാമര്‍ശങ്ങളെക്കുറിച്ച് അവതാരകന്‍ ചോദിച്ചപ്പോഴാകട്ടെ, “ഈ കുട്ടികളെ സത്യം പറഞ്ഞ് ബോധ്യപ്പെടുത്തണോ അതോ തെറ്റിദ്ധരിപ്പിക്കണോ” എന്നായിരുന്നു രജിത് കുമാറിന്റെ മറു ചോദ്യം.
ഓട്ടിസം പോലുള്ള അവസ്ഥകള്‍ കുട്ടികള്‍ക്കുണ്ടാകുന്നത് മാതാപിതാക്കള്‍ ‘നിഷേധി’കളാകുന്നതിനാലാണെന്ന വാദത്തെ സാധൂകരിക്കാനായി വിവിധ വെബ്‌സൈറ്റുകളില്‍ നിന്നും ശേഖരിച്ച വാര്‍ത്തകളുടെയും പഠനങ്ങളുടെയും ഒട്ടും ആധികാരികമല്ലാത്ത പകര്‍പ്പുകളാണ് ചര്‍ച്ചയിലുടനീളം ഉയര്‍ത്തിക്കാട്ടിക്കൊണ്ടിരുന്നത്. ഇത്തരം മാതാപിതാക്കളെക്കുറിച്ചും ഓട്ടിസ്റ്റിക്കായ കുട്ടികളെക്കുറിച്ചും കേരളത്തില്‍ പഠനങ്ങള്‍ നടത്തിയിട്ടുണ്ടോയെന്നും അതിനെക്കുറിച്ചുള്ള വിവരങ്ങള്‍ കൈവശമുണ്ടോയെന്നുമുള്ള ചോദ്യങ്ങള്‍ക്കാകട്ടെ, ശാസ്ത്രീയമായ അടിത്തറയില്‍ നടത്തുന്ന നിഗമനങ്ങളാണെന്നും വരാനിരിക്കുന്ന തലമുറയെക്കുറിച്ച് ഇപ്പോള്‍ എങ്ങനെ പഠിക്കാനാകുമെന്നുമുള്ള പരസ്പരബന്ധമില്ലാത്ത വിശദീകരണങ്ങളാണ് രജിത് കുമാറിന് നല്‍കാനുണ്ടായിരുന്നത്. ശാസ്ത്രമെന്ന പേരില്‍ ശാസ്ത്രവിരുദ്ധത ഉദ്ധരിച്ച്, ജീന്‍സ് ധരിക്കുന്ന പെണ്‍കുട്ടികളുടെ ചിന്തയില്‍ കുഴപ്പങ്ങളുണ്ടാകുമെന്നും രജിത് കുമാര്‍ വാദിക്കുന്നുണ്ട്.
Also Read: ‘തലച്ചോറിലുള്ള അമേദ്യം വിളമ്പുന്ന’ ഇയാള്‍ ഇനി സര്‍ക്കാര്‍ ചിലവില്‍ ഉദ്ബോധിപ്പിക്കാന്‍ വരില്ല
‘പുരുഷ വേഷം ധരിക്കുന്ന പെണ്‍കുട്ടിയുടെ ചിന്തയെന്തായിരിക്കും’ എന്നും ‘ധരിക്കുന്ന വസ്ത്രത്തിനനുസരിച്ച് ശരീരവും ചിന്തകളും മാറു’മെന്നും ‘അടക്കവും ഒതുക്കവുമുള്ള തലമുറയെയാണ് ആവശ്യ’മെന്നും രജിത് കുമാര്‍ ആവര്‍ത്തിക്കുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥിനി ദയ ഗായത്രിയും സാമൂഹികപ്രവര്‍ത്തകയായ രഹ്ന ഫാത്തിമയും പങ്കെടുത്ത ചര്‍ച്ചയില്‍, മിക്കപ്പോഴും ദയ ഗായത്രിയടക്കമുള്ള ട്രാന്‍സ് വിഭാഗത്തെ അവഹേളിക്കുന്ന തരത്തിലുള്ള പ്രസ്താവനകളാണ് രജിത് കുമാറിന്റെ ഭാഗത്തുനിന്നും ഉണ്ടായിരുന്നത്. മനുഷ്യന്റെ ക്രോമോസോമുകളുടെ എണ്ണത്തിലുണ്ടാകുന്ന വ്യതിയാനത്താലാണ് ട്രാന്‍സ്‌ജെന്‍ഡറുകള്‍ ഉണ്ടാകുന്നതെന്ന തീര്‍ത്തും ശാസ്ത്രവിരുദ്ധമായ പരാമര്‍ശമായിരുന്നു ഇക്കൂട്ടത്തിലൊന്ന്. കുഞ്ഞ് ജനിക്കുമ്പോള്‍ ‘അബ്‌നോര്‍മാലിറ്റി’യുണ്ടെങ്കില്‍ അത് മാതാപിതാക്കളുടെ കുഴപ്പമാണെന്നും രജിത് പറയുന്നു.
ദയ ഗായത്രിയോട് ‘നിങ്ങള്‍ പ്രസവിക്കുന്ന കുഞ്ഞിനെ എനിക്ക് കാണണ’മെന്നതടക്കമുള്ള നിരുത്തരവാദിത്തപരമായ പരാമര്‍ശങ്ങള്‍ നടത്തിയ രജിത് കുമാര്‍, ട്രാന്‍സ് സ്ത്രീകള്‍ക്ക് ഗര്‍ഭപാത്രമില്ലെന്നും, പ്രസവിക്കാനാകില്ലെന്നും, ഹോര്‍മോണ്‍ ട്രീറ്റ്‌മെന്റുകള്‍ വഴി കൃത്രിമമായി സ്ത്രീയുടേതായ ശാരീരികാവസ്ഥയിലെത്തിയവരാണ് അവരെന്നും ആവര്‍ത്തിച്ചിരുന്നു. ചൂണ്ടിക്കാട്ടുന്ന കാര്യങ്ങളുടെ ശാസ്ത്രീയ അടിത്തറയില്ലായ്മയെക്കുറിച്ച് ഓര്‍മിപ്പിക്കുമ്പോഴൊക്കെയും ശാസ്ത്രലോകം ആദ്യ ഘട്ടത്തില്‍ ആര്‍ക്കിമിഡീസിനെ തള്ളിക്കളഞ്ഞ ഉപമയാണ് രജിത് കുമാറിന് പറയാനുള്ളത്.
തിരുവനന്തപുരം വിമന്‍സ് കോളേജില്‍ 2011ല്‍ നടത്തിയ പ്രസംഗത്തിനിടെ, ഓടുകയും ചാടുകയും ചെയ്യുന്ന സ്ത്രീകളുടെ ഗര്‍ഭപാത്രം ഇളകിപ്പോകുമെന്നതടക്കമുള്ള പരാമര്‍ശങ്ങള്‍ ഉന്നയിച്ചതിന് ആര്യ എന്ന വിദ്യാര്‍ത്ഥിനി എഴുന്നേറ്റു നിന്നു കൂകിയ സംഭവത്തോടെയാണ് രജിത് കുമാറിന്റെ ശാസ്ത്ര വിരുദ്ധതയും സ്ത്രീ വിരുദ്ധതയും ചര്‍ച്ചയാകുന്നത്. സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റുകളടക്കമുള്ള വിദ്യാര്‍ത്ഥി സമൂഹത്തിന് പരിശീലന പരിപാടികള്‍ നടത്തുന്നതിനിടെ പല തവണയായി ഇത്തരം അടിസ്ഥാനരഹിതവും പ്രകോപനപരവുമായ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുള്ള രജിത് കുമാര്‍ ഏറ്റവുമവസാനം വിമര്‍ശിക്കപ്പെടുന്നത് കാസര്‍കോട്ട് നടത്തിയ പ്രസംഗത്തെത്തുടര്‍ന്നാണ്. ഈ പ്രസംഗത്തിലെ പരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കാണ് നിലപാടുകള്‍ ആവര്‍ത്തിച്ചും, കൂടുതല്‍ അസംബന്ധമായ വാദങ്ങള്‍ നിരത്തിയും അധ്യാപകന്‍ കൂടിയായ രജിത് കുമാര്‍ രംഗത്തെത്തിയിരിക്കുന്നത്. നേരത്തേ ഇദ്ദേഹത്തിന്റെ പരാമര്‍ശങ്ങളുടെ പേരില്‍ മനുഷ്യാവകാശ കമ്മീഷനടക്കം കേസുകള്‍ എടുത്തിട്ടുമുണ്ട്.