UPDATES

ട്രെന്‍ഡിങ്ങ്

ആള്‍ക്കൂട്ട വിചാരണയും അപമാനിക്കലും കഴിഞ്ഞെങ്കില്‍ ഡോ. ഷെറിന് പറയാനുള്ളത് കൂടി കേള്‍ക്കൂ

വഴിയില്‍ തടഞ്ഞു നിര്‍ത്തി ജനക്കൂട്ടം ആക്രോശിച്ച സംഭവത്തിന് ശേഷമാണ് അവരെ അവഹേളിച്ചു കൊണ്ട് ഫേസ്ബുക്കിൽ പോസ്റ്റ് വരുന്നത്.

ഹസ്ന ഷാഹിത

ഹസ്ന ഷാഹിത

ആറ്റിങ്ങൽ കെസിറ്റിസി ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ബേബി ഷെറിനു നേരെ കടുത്ത ആക്രമണമാണ് കഴിഞ്ഞ ദിവസം മുതൽ സോഷ്യൽ മീഡിയയിൽ നടക്കുന്നത്‌. ചികിത്സയിലിരിക്കെ രോഗി മരിച്ചതിൽ ഷെറിനെ പ്രതിയാക്കി പ്രചരിച്ച ഒരു പോസ്റ്റാണ് ഇവർക്കെതിരെ മലയാളികൾ ധാർമിക രോഷമുയർത്തി വിടാൻ കാരണം.

46,000 രൂപ ബില്ലു വന്ന ഗുരുതരാവസ്ഥയിലുള്ള രോഗിയെ രണ്ടായിരം രൂപയുടെ കുറവ് മൂലം മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ട് പോകാൻ ഷെറിൻ സമ്മതിച്ചില്ലെന്നാണ് ശരത് എസ് നാലുകെട്ട് എന്നയാൾ തൻറെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഇത് മൂലം രോഗി മരിച്ചെന്ന് പറയുന്ന പോസ്റ്റിൽ ഷെറിനെ അത്യന്തം അവഹേളിക്കുകയും അവരുടെ ഫോട്ടോകൾ ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് ഇരുപതിനായിരത്തോളം ലൈക്കും അമ്പതിനായിരത്തിലധികം ഷെയറും ഈ പോസ്റ്റിന് ലഭിച്ചു. അതോടെ പണത്തിന് വേണ്ടി രോഗിയോട് അവഗണന കാണിച്ച ഡോക്ടറോടുള്ള ധാർമിക രോഷം സോഷ്യൽ മീഡിയയിൽ അണപൊട്ടിയൊഴുകി. ആശുപത്രിയിലെ സാമ്പത്തിക കാര്യങ്ങൾ തീരുമാനിക്കുന്നതിൽ ഡോക്ടർക്ക് എന്താണ് പങ്ക് എന്ന യുക്തി പോലുമില്ലാതെ ആയിരക്കണക്കിന് പേരാണ് ഷെറിനെ അധിക്ഷേപിക്കുന്ന കമൻറുകൾ ഇട്ടത്. തുടര്‍ന്ന് പതിമൂന്നാം തിയ്യതി ഷെറിൻ ഫേസ്ബുക്കിൽ ഇട്ട വീഡിയോയിലൂടെയാണ് സംഭവത്തിൻറെ യാഥാർത്ഥ്യം പുറംലോകം അറിയുന്നത്.

രോഗി മരിച്ചതും തന്നെ സോഷ്യൽ മീഡിയ പ്രതിയാക്കിയതുമായി ബന്ധപ്പെട്ട് ഷെറിൻ അഴിമുഖത്തോട് സംസാരിക്കുന്നു: ”അന്ന് മരിച്ചത് ഞാൻ ചികിത്സിച്ചിരുന്ന രോഗിയാണ്. പ്രസവത്തിനായി തിങ്കളാഴ്ച രാവിലെ അവർ ആശുപത്രിയിൽ അഡ്മിറ്റായിരുന്നു. പിന്നീടുണ്ടായ ചില സങ്കീർണ്ണതകൾ കൊണ്ടാണ് മരണം സംഭവിച്ചത്. എമർജൻസി സിസേറിയൻ ആയിരുന്നു. 10.45 ആയപ്പോഴേക്കും സർജറി തീർന്നു. അമ്മയും കുഞ്ഞും സാധാരണ നിലയിലായിരുന്നു. അത് കഴിഞ്ഞ് 24 മണിക്കൂർ നിരീക്ഷണത്തിനായി സർജിക്കൽ ഐ.സി.യുവിലാക്കി. സിസേറിയൻ ചെയ്തവർക്ക് അണുബാധയുണ്ടാകാതിരിക്കാൻ ആൻറിബയോട്ടിക്സ് കൊടുക്കുന്ന പതിവുണ്ട്. ഉച്ചയോടെ അതിൻറെ ടെസ്റ്റ് ഡോസ് കൊടുത്തു. കുഴപ്പമൊന്നും കണ്ടില്ല. രണ്ട് മണിക്കാണ് അടുത്ത ഡോസ് നൽകുന്നത്. അത് കഴിഞ്ഞ് പേഷ്യൻറ് പെട്ടെന്ന് ഷോക്കിൽ പോയി. ബി.പി താഴ്ന്നു. ബോധം പോയി. അവിടെ തന്നെയുണ്ടായ അനസ്തേഷ്യസ്റ്റും ഫിസീഷ്യനും കൂടി ബി.പി സാധാരണ നിലയിലാക്കാൻ ശ്രമിച്ചു. പതുക്കെ ബോധം തിരിച്ചു കിട്ടി.

അഞ്ച് മണിയൊക്കെ ആയി മരുന്നുകളുടെ ഡോസ് കുറക്കാൻ നോക്കുമ്പോൾ ബി.പിയിൽ വീണ്ടും മാറ്റം വരാൻ തുടങ്ങി. അങ്ങനെയാണ് കാർഡിയോളജിസ്റ്റിനെ കാണിക്കുന്നത്. ഹാർട്ടിൻറെ ഫക്ഷനിങ്ങിന് ചെറിയ പ്രശ്നം തോന്നി. അതുകൊണ്ട് മറ്റിടത്തേക്ക് റെഫർ ചെയ്തു. അങ്ങനെ മാറ്റാൻ ആവശ്യമായ സൗകര്യങ്ങളൊക്ക ചെയ്ത് ആംബുലൻസും റെഡിയാക്കാൻ മുപ്പത് മിനിറ്റ് എടുത്ത് കാണും.’

പിറ്റേ ദിവസമാണ് രോഗി മരിച്ച വിവരം ഷെറിൻ അറിയുന്നത്. രാവിലെ എട്ട് മണിയോടെ മറ്റൊരു പ്രസവക്കേസിനായി ആശുപത്രിയിലേക്ക് വരികയായിരുന്നു അവര്‍. വഴിയിൽ വെച്ച് നൂറോളം വരുന്ന ആളുകളുടെ സംഘം ഷെറിൻറെ കാറ് തടഞ്ഞ് ചീത്ത വിളിക്കാനും ഫോട്ടോ എടുക്കാനുമൊക്കെ തുടങ്ങി.

”അന്ന് ഹോസ്പിറ്റലിന് മുന്നിൽ വച്ച് എന്റെ വണ്ടി വളഞ്ഞപ്പോൾ എടുത്ത ഫോട്ടോകളാണ് ഫേസ്ബുക്കിൽ പ്രചരിച്ചത്‌. കൈക്കൂലി തരാത്തതിനാൽ മൂന്ന് മണിക്കൂറോളം ഞാൻ രോഗിയെ തടഞ്ഞ് വെച്ചു എന്നൊക്കെ പറഞ്ഞായിരുന്നു ബഹളം. വലിയൊരു മോബ് ആയത് കൊണ്ടാകും അവിടെ നിന്നിരുന്ന പോലീസുകാരൊന്നും ഇടപെട്ടില്ല. മുപ്പത് മിനിറ്റോളം തടഞ്ഞു വെച്ചു. ഒന്നാമത് ആശുപത്രിയിലെ കാഷ് മാനേജ്മെൻറുമായി എനിക്ക് യാതൊരു ബന്ധവുമില്ല. നമ്മൾ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോക്ടർ മാത്രമാണ്‌. ആശുപത്രി അധികൃതർ പറഞ്ഞത് പ്രകാരം, മരിച്ച രോഗിയുടെ ബന്ധുക്കൾ കാർഡിലാണ് ബിൽ പേ ചെയ്തത്. 45,000 രൂപയേ കാർഡിൽ ഉണ്ടായിരുന്നുള്ളൂ. ബാക്കിയുണ്ടായ രണ്ടായിരം അവരപ്പോൾ തന്നെ സെറ്റിൽ ചെയ്തു. അതിന് കാലതാമസം വരികയോ ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും വാക്ക് തർക്കങ്ങൾ ഉണ്ടാകുകയോ ചെയ്തിരുന്നില്ലെന്നാണ് അധികൃതർ പറഞ്ഞത്. ഞാനുമായി ബന്ധമുള്ള ഒരു കാര്യമല്ലാത്തത് കൊണ്ട് തന്നെ വിശദാംശങ്ങൾ അന്വേഷിക്കാൻ പോയിട്ടില്ല.

വഴിയില്‍ തടഞ്ഞു നിര്‍ത്തി ജനക്കൂട്ടം ആക്രോശിച്ച സംഭവത്തിന് ശേഷമാണ് അവരെ അവഹേളിച്ചു കൊണ്ട് ഫേസ്ബുക്കിൽ പോസ്റ്റ് വരുന്നത്. ഫോട്ടോ ഉപയോഗിച്ച് ഈ പ്രചാരണങ്ങൾ നടത്തിയതിന് സൈബർ സെല്ലിലും പോലീസിലും ഷെറിൻ പരാതി നൽകിയിട്ടുണ്ട്. ഇന്ത്യൻ മെഡിക്കൽ അസോസ്സിയേഷൻ ഈ വിഷയത്തിൽ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുമെന്ന് അറിയിച്ചതായും ഷെറിൻ പറഞ്ഞു.

ഡോ. ഷെറിന്‍ ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ഫേസ്ബുക്ക് പോസ്റ്റ്‌

പ്രിയമുള്ളവരെ, 

ഞാൻ Dr. ബേബി ഷെറിൻ. കഴിഞ്ഞ 48 മണിക്കൂർ സോഷ്യൽ മീഡിയയിൽ അനവധി പേരാൽ അധിക്ഷേപിക്കപ്പെട്ട, അപമാനിക്കപ്പെട്ട, അസഭ്യവും ആഭാസ പരവുമായ വാക്കുകളാൽ വേദനയനുഭവിച്ച ഒരു സ്ത്രീ. എന്നെ കല്ലെറിഞ്ഞവരോടും വാക്കുകൾ കൊണ്ട് വ്രണപ്പെടുത്തിയവരോടും എനിക്ക് പരിഭവമില്ല, പകരം സഹതാപം മാത്രം. കാരണം ഒരു ശതമാനം തെറ്റ് പോലും ഈ സംഭവത്തിൽ എന്റെ ഭാഗത്തില്ല എന്ന് എനിക്കുറപ്പുള്ളതിനാലും എന്നെ അറിയുന്നവർക്കും സർവ്വ ശക്തനായ ഈശ്വരനും ഞാനീ സംഭവത്തിൽ നിരപരാധിയാണ് എന്ന് അറിയുന്നത് കൊണ്ടും. ഒരു പ്രൈമറി സ്കൂൾ അധ്യാപികന്റെ മകളായ ഞാൻ പൊതു വിദ്യാലയത്തിൽ പഠിച്ച് സർക്കാർ മെഡിക്കൽ കോളേജിൽ നിന്ന് വൈദ്യശാസ്ത്രത്തിൽ ബിരുദവും സർക്കാർ മെരിറ്റിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയാണ് ആതുര ശുശ്രൂഷ രംഗത്ത് കടന്ന് വന്നത്. സാധാരണക്കാരിൽ സാധാരണക്കാരിയായ ഞാൻ ജീവിതത്തിന്റെ ബുദ്ധിമുട്ടുകൾ അറിഞ്ഞ് വളർന്നതിനാൽ ഒരു ഡോക്ടർ എന്ന നിലയിൽ ഒരിക്കലും എന്റെ മുന്നിലെത്തുന്ന രോഗികൾക്ക് അഹിതമായിട്ടൊന്നും ചെയ്തിട്ടില്ല, ഇനിയൊട്ട് ചെയ്യില്ല താനും. സോഷ്യൽ മീഡിയയിലെ മുഖ്യ ആരോപണം ഞാൻ 2000 രൂപയ്ക്ക് വേണ്ടി രോഗിയെ ഡിസ്ചാർജ് ചെയ്യാൻ വൈകിച്ചു എന്നതാണ്. ആശുപത്രിയിലെ അക്കൗണ്ട് സുമായോ അഡ്മിനിസ്ട്രേഷനുമായോ യാതൊരു ബന്ധവുമില്ലാത്ത എനിക്കെതിരെ ഇങ്ങനെയൊരാരോപണത്തിന്റെ അടിസ്ഥാനം എന്താണെന്ന് അറിയില്ല. എന്റെ ചികിത്സയിലായിരുന്ന ഒരു രോഗിയുടെ ജീവൻ രക്ഷിക്കുന്നതിന് എല്ലാ ഡോക്ടർമാരെപ്പോലെ ഞാനും നിസ്സഹയായി പോകുന്ന ഒരു സാഹചര്യമുണ്ടായി എന്നത് സത്യമാണ്. അതിന്റെ പേരിൽ തെറ്റ് ചെയ്യാത്ത എന്നെ കല്ലെറിയുന്നതിൽ വിഷമമില്ല. എന്നെ അറിഞ്ഞിട്ടുള്ള, ഞാൻ പരിചരിച്ചിട്ടുള്ള ആയിരക്കണക്കിന് രോഗികളുടെ പ്രാർത്ഥനയും സംതൃപതിയും മതി ഈ പ്രതിസന്ധിയിൽ തളരാതെ മുന്നോട്ട് പോകാൻ.

ആള്‍ക്കൂട്ട നീതിക്കാലത്തെ ഇന്ത്യന്‍ ജീവിതം

 

 

 

അത്ര നിഷ്‌കളങ്കമല്ല ഈ ആള്‍ക്കൂട്ടം; ഭരണഘടനയെപ്പോലും വെല്ലുവിളിക്കുന്നു ഈ മോബോക്രസി

 

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍