UPDATES

സുരങ്കങ്ങളും, പള്ളങ്ങളും വറ്റിത്തുടങ്ങി; ഏറ്റവും കൂടുതല്‍ നദികളുള്ള കാസറഗോഡ് വരള്‍ച്ച നേരത്തേയെത്തി

ഓരോ വര്‍ഷവും 17000 ത്തിലധികം ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ചാക്കുകളാണ് താത്കാലിക തടയണ നിര്‍മാണത്തിനായി പുഴയില്‍ കൊണ്ടിടുന്നത്. രാസവളങ്ങള്‍ അടക്കമുള്ളവ ഉപയോഗിച്ചോഴിവാക്കിയ ചാക്കുകളാണിത്.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ പുഴകളൊഴുകുന്ന ജില്ലയാണ് കാസറഗോഡ്. സംസ്ഥാനത്തെ 44 നദികളില്‍ 12 എണ്ണവും കാസറഗോഡ് ജില്ലയിലാണ്. എന്നാല്‍ ഈ പുഴകളെല്ലാം വേനല്‍ കടുക്കുന്നതിനും മുന്നേ തന്നെ വറ്റി വരണ്ട് മണല്‍പ്പാടങ്ങളായി പരിണമിക്കും. തടയണകളാണ് ഈ പ്രശ്നത്തിന് ഒരു പരിധിവരെയും പരിഹാരമാകുന്നത്. എന്നാല്‍ തടയണകള്‍ കെട്ടിയുള്ള കുടിവെള്ള വിതരണത്തിലും ജില്ല ഭരണകൂടം പരാജയമായി. സ്ഥിരം തടയണ എന്ന ആവശ്യം സാക്ഷാത്കരിക്കാനായി ജില്ലയില്‍ തുടങ്ങിയ ബാവിക്കര തടയണ പദ്ധതിക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. കോണ്‍ട്രാക്ടര്‍മാരുടെ ധൂര്‍ത്തും, സര്‍ക്കാര്‍ അധികൃതരുടെ അനാസ്ഥയും കാരണം ജില്ലയ്ക്ക് ഇന്നും സ്ഥിരം തടയണ എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞിട്ടില്ല. ഓരോ വേനലിലും ജില്ലയുടെ ഹൃദയ ഭാഗത്ത് താമസിക്കുന്ന ജനങ്ങള്‍ ഉപ്പുവെള്ളം കുടിക്കാന്‍ നിര്‍ബന്ധിതരാകുന്നതും അതുകൊണ്ടാണ്.

കാസര്‍കോട് മുന്‍സിപ്പാലിറ്റിയിലും സമീപ പ്രദേശത്തെ നാല് പഞ്ചായത്തുകളിലെയും ജനങ്ങളുടെ വേനല്‍ക്കാലത്തെ ദുരന്തം അവസാനിപ്പിക്കാനായി 1990ല്‍ 2 കോടി രൂപ ചിലവില്‍ പയസ്വിനിപ്പുഴയില്‍ സ്ഥിരം തടയണ പദ്ധതിക്ക് സര്‍ക്കാര്‍ നേതത്വം നല്‍കി. തടയണ നിര്‍മ്മാണം പലതവണ ഉപേക്ഷിക്കപ്പെട്ടതോടെ ഇന്ന് വരെ തടയണ നിര്‍മ്മാണത്തിനായി മുടക്കിയ തുക 27 കോടിയില്‍ അധികമായി.

“കേരളത്തിലെ ഒരു പ്രദേശത്തും ജനങ്ങള്‍ക്ക് ഇങ്ങനെയൊരു ദുരവസ്ഥ, ഉപ്പുവെള്ളം കുടിക്കേണ്ടിവരുന്ന സ്ഥിതി ഇല്ല എന്നത് എല്ലാവര്‍ക്കും അറിയാം. അതിന് ഒരു ശാശ്വതച പരിഹാരം കണ്ടേ തീരൂ. അതിന് ബാവിക്കരയില്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജ് യാധാര്‍ത്ഥ്യമാകണം. രണ്ടുവര്‍ഷം കൊണ്ട് ഇതിനൊരു പരിഹാരം ഉണ്ടാകും,” കാസറഗോഡ് എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന് പറയുന്നു.

ഓരോവര്‍ഷവും മണല്‍ ചാക്ക് നിറച്ച് പുഴയില്‍ താല്‍ക്കാലിക തടയണ നിര്‍മ്മിക്കാറുണ്ടെങ്കിലും ഇത് ഫലം കാണാറില്ല. ഇപ്പോള്‍ തന്നെ ഉപ്പുവെള്ളം കയറി തുടങ്ങിയെന്ന് പരിസരവാസികള്‍ പറയുന്നു. തടയണ കെട്ടി നിര്‍ത്തിയ വെള്ളം ലീക്കായി സമീപത്തെ പറമ്പുകളിലൂടെ ഒഴുകിത്തുടങ്ങിയിട്ട് മാസങ്ങളായെന്നും, അധികൃതര്‍ ഇതൊന്നും ശ്രദ്ധിച്ച മട്ടില്ലെന്നും അവര്‍ പറഞ്ഞു.

കഴിഞ്ഞ 36 വര്‍ഷങ്ങളിലായി ഏഴുലക്ഷത്തിധികം പ്ലാസ്റ്റിക് ചാക്കുകളാണ് പയസ്വിനി പുഴയില്‍ തള്ളിയിരിക്കുന്നത്. ഓരോ വര്‍ഷവും 17000 ത്തിലധികം ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ചാക്കുകളാണ് താത്കാലിക തടയണ നിര്‍മാണത്തിനായി പുഴയില്‍ കൊണ്ടിടുന്നത്. രാസവളങ്ങള്‍ അടക്കമുള്ളവ ഉപയോഗിച്ചോഴിവാക്കിയ ചാക്കുകളാണിത്. കാസര്‍കോട് മുന്‍സിപാലിറ്റിയിലേക്കും, സമീപ പ്രദേശങ്ങളിലെ 4 പഞ്ചായത്തുകളും കുടിവെള്ളത്തിന് ആശ്രയിക്കുന്ന പദ്ധതിയാണിത്. ഒരുപക്ഷേ എന്‍ഡോസള്‍ഫാന് ശേഷം ജില്ല കാണാനിരിക്കുന്ന മറ്റൊരു വിഷ ദുരന്തത്തിന് ഈ പ്രവര്‍ത്തികള്‍ കാരണമായേക്കാം.

മലമ്പുഴ ഡാമിൽ കുടിക്കാനുള്ള വെള്ളം മാത്രം, ജില്ല വരണ്ടുണങ്ങുന്നു; എന്നിട്ടും കിൻഫ്രയാണ് അധികൃതര്‍ക്ക് പ്രധാനം

ജില്ലയുടെ വടക്കന്‍ മേഖലയിലെ പഞ്ചായത്തുകളായ കുമ്പളെ, മങ്കല്‍പാടി, പുത്തിഗെ, പൈവളിഗെ പഞ്ചായത്തുകളുടെ കാര്‍ഷിക കുടിവെള്ള ശ്രോതസാണ് ഷിറിയ പുഴയിലെ ബംബ്രാണ അണക്കെട്ട്. 53 വര്‍ഷം മുന്‍പ് പണിത അണക്കെട്ടിന് ഇന്നുവരെയും കാര്യമായ അറ്റകുറ്റപ്പണികളൊന്നും തന്നെ ചെയ്തിട്ടില്ല. കാലപ്പഴക്കത്താല്‍ ഇവിടെ വെള്ളം നില്‍ക്കുന്നില്ല. മരപ്പലകകളും, മണ്ണും ഉപയോഗിച്ച് വെള്ളം തടഞ്ഞു നിര്‍ത്താന്‍ നടത്തിയ ശ്രമവും ഫലം കണ്ടില്ല. വേനല്‍ കടുക്കുന്നതിന് മുന്നേതന്നെ അണക്കെട്ടിലെ വെള്ളം പകുതിയായി കതുറഞ്ഞതോടെയാണ് ചോര്‍ച്ച സ്ഥിരീകരിച്ചത്. അധികൃതര്‍ വിഷയത്തില്‍ കാര്യമായ ശ്രദ്ധയൊന്നും ചെലുത്തുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. വേലിയേറ്റ സമയത്ത് ഉപ്പുവെള്ളം കയറുന്നതും ഇവിടുത്തെ പ്രശ്നമാണ്.

ജില്ലയുടെ തെക്കന്‍ പ്രദേശങ്ങളില്‍ സര്‍ക്കാരിന്റെ ജലനിധി പദ്ധതി മിക്കയിടത്തും ഫലം കണ്ടില്ല. വേനല്‍ കടുക്കുന്ന ഈ സാഹചര്യത്തിലും വേണ്ടത്ര ജാഗ്രത പുലര്‍ത്താതെ ഇപ്പോഴും പദ്ധതി വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയാണ് അധികൃതര്‍. ജില്ലയിലെ കിനാനൂര്‍, കരിന്തളം, ബളാല്‍, വെസ്റ്റ് എളേരി, കോടോം ബേളൂര്‍ തുടങ്ങിയ പഞ്ചായത്തുകളില്‍ കുടിവെള്ള വിതരണ പദ്ധതിയുടെ കോടികള്‍ വിലവരുന്ന മോട്ടോര്‍ പമ്പുകള്‍ ഉള്‍പ്പെടെയുള്ള യന്ത്രസാമഗ്രികള്‍ തുരുമ്പെടുത്ത് നശിക്കുകയാണ്.

വ്യവസായ പാര്‍ക്കിന് വെള്ളം വേണം, കൃഷി നിര്‍ത്തിക്കോളാന്‍ സര്‍ക്കാര്‍; കുടിവെള്ളമെങ്കിലും തന്നിട്ടു പോരെയെന്ന് ജനം

ബളാല്‍ ഗ്രാമ പഞ്ചായത്തില്‍ മാത്രം കുടിവെള്ള വിതരണത്തിനായി മണ്ണിനടിയിലൂടെ ചെറുതും വലുതുമായ ഒന്നിലേറെ പൈപ്പുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇതും റോഡ് വെട്ടിപ്പൊളിച്ചും, നാടാകെ അലങ്കോലമാക്കിയുമാണ് സ്ഥാപിച്ചിട്ടുള്ളതെന്ന് നാട്ടുകാര്‍ പറയുന്നു. ചില പഞ്ചായത്തുകളില്‍ പട്ടികജാതി ഡിപ്പാര്‍ട്ട്മെന്റ് നടപ്പാക്കിയ കുടിവെള്ള പദ്ധതി കൂടുതല്‍ പേര്‍ക്ക് വെള്ളം എത്തിക്കാനായി ജലനിധി ഏറ്റെടുക്കുകയായിരുന്നു.

അറുപത് കുടുംബങ്ങള്‍ക്കെങ്കിലും കുടിവെള്ളം എന്ന ലക്ഷ്യത്തോടെ 2014ലാണ് പദ്ധതി ആരംഭിച്ചത്. ഇതിന്റെ ഗുണഭോക്താക്കള്‍ക്ക് പദ്ധതികൊണ്ട് കാര്യമായ ഗുണമൊന്നും ലഭിച്ചിട്ടില്ല. ചിലയിടങ്ങളില്‍ കുഴല്‍ കിണര്‍ കുത്തിയും, പുഴവക്കില്‍ കുളം കുത്തിയുമാണ് പദ്ധതിക്ക് ആവശ്യമായ വെള്ളം കണ്ടെത്തിയത്. എന്നാല്‍ ഈ വെള്ളം മതിയാകാതെ വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. പദ്ധതി നടക്കില്ലെന്നറിഞ്ഞിട്ടും ഈ ഇനത്തില്‍ ലക്ഷങ്ങള്‍ പൊടിക്കുകയാണ് സര്‍ക്കാര്‍.

അണക്കെട്ടുകളില്‍ നിന്ന് വെള്ളം വിട്ടു നല്‍കില്ല; പാലക്കാടന്‍ നെല്‍ കര്‍ഷകര്‍ ദുരിതത്തിലേക്ക്?

തുളുനാടിന്റെ തനതായ ജലസ്രോതസുകളായ സുരങ്കങ്ങളും, പള്ളങ്ങളുമെല്ലാം വറ്റിത്തുടങ്ങി. ഒരു വേനലിലും വറ്റില്ലെന്ന് ഖ്യാതികേട്ട സുരങ്കങ്ങളും വേനലിനം അതിജീവിക്കില്ലെന്നാണ് അറിയുന്നത്. ജില്ലയില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ കുത്തിയ കുഴല്‍കിണറുകള്‍ തന്നെയാണ് സുരങ്കങ്ങളിലെ വെള്ളവും ഊറ്റിക്കളഞ്ഞത്.

ജില്ല കൊടിയ വരള്‍ച്ചയെ മുഖാമുഖം കാണ്ടുകൊണ്ടിരിക്കുകയാണ്. പലയിടത്തും ഉപ്പുവെള്ള ഭീഷണിയും തുടങ്ങിക്കഴിഞ്ഞു. കോളനികളിലെ സ്ഥിതിയും വളരെ ദയനീയമാണ്. പണിയ, കൊറഗ, മലവേട്ടുവ കോളനികളില്‍ പലതും ഫെബ്രുവരി അവസാന ആഴ്ചയോടെ തന്നെ കുടിവെള്ള ഭീഷണിയിലാണ്. കുണ്ടിലും, കുളത്തിലും, വെള്ളം തേടി കോളനിവാസികള്‍ കിലോമീറ്ററുകള്‍ സഞ്ചരിക്കുകയാണ്. മഴക്കാലത്ത് സമൃദ്ധമായൊഴുകുന്ന പുഴകളെ കൃത്യമായി ഉപയോഗിച്ചിരുന്നുവെങ്കില്‍ ജില്ലയ്ക്ക് ഈ ഗതി വരില്ലെന്ന് മുന്‍ വര്‍ഷങ്ങളിലെന്നപോലെ ആവര്‍ത്തിക്കേണ്ടുന്ന ഗതികേടിലാണ് ഈ ജനത.

കുടിവെളളം മുട്ടിച്ച് മെഗാഫുഡ് പാര്‍ക്ക് വേണ്ടെന്ന് ജനം; ഉപേക്ഷിക്കില്ലെന്ന് സര്‍ക്കാര്‍

ദില്‍ന വികസ്വര

ദില്‍ന വികസ്വര

മാധ്യമ പ്രവര്‍ത്തക. കണ്ണൂര്‍ സ്വദേശി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍