UPDATES

വായുവും വെള്ളവുമില്ലെങ്കില്‍ പിന്നെന്തിനാടീ നമുക്ക് വിറക്? പെരിങ്ങമലയില്‍ മാലിന്യപ്ലാന്റ് ഉണ്ടാക്കുന്നവര്‍ കേള്‍ക്കണം ഈ ചോദ്യം

പരിസ്ഥിതി ലോല പ്രദേശവും ജൈവവൈവിധ്യവും കൊണ്ട് സമ്പുഷ്ടമായ പെരിങ്ങമല തന്നെ പ്ലാന്റിനായി തിരഞ്ഞെടുത്തതില്‍ കടുത്ത അമര്‍ഷമാണ് നാട്ടുകാര്‍ക്കുള്ളത്.

പ്ലാന്റൊക്കെ വന്നാല്‍ ഒരു ചുള്ളി വിറക് പോലും നമുക്ക് ഇവിടുന്ന് എടുക്കാന്‍ പറ്റില്ല”.

“വായുവും വെള്ളവും ഇല്ലേല്‍ പിന്നെ നമുക്കെന്തിനാടീ വിറക്? പിന്നെ വിറകിന്റെ ആവശ്യമില്ലല്ലോ…”

“നമ്മടെ മന്ത്രി ശരിയാക്കി ശരിയാക്കി ഇത്രേം ആക്കി. ഇനി ഇവിടേം കൂടെ ശരിയാക്കണം”…

തൊഴിലുറപ്പിന് വന്ന ഷീലയുടെയും വസന്തയുടെയും സംഭാഷണത്തിനിടയിലാണ് ഞാന്‍ നടന്നു ചെല്ലുന്നത്. പെരിങ്ങമലയിലോട്ടുള്ള എന്റെ വരവിന്റെ ഉദ്ദേശവും അവരുടെ വര്‍ത്തമാനവും ഒന്നായപ്പോള്‍ ഞാനും അവരോടൊപ്പം ചേര്‍ന്നു. ഇവിടെ എത്ര നാളായി പണി തുടങ്ങിയിട്ട് എന്ന എന്റെ ചോദ്യത്തിന് എട്ട് പത്ത് നാളായി എന്ന് പറഞ്ഞ് അവര്‍ ചിരിച്ചു. അപ്പോള്‍ പ്ലാന്റിനുള്ള നിലമൊരുക്കലും നിങ്ങള്‍ ചെയ്യേണ്ടി വരുവോ എന്ന എന്റെ രണ്ടാമത്തെ ചോദ്യത്തില്‍ അവരുടെ ചിരി മാഞ്ഞു. മാലിന്യപ്ലാന്റിനെപ്പറ്റി അറിയാനാണ് വന്നിരിക്കുന്നതെന്ന് മനസിലാക്കിയിട്ടാകണം, അവിടെ വിശ്രമിച്ചുകൊണ്ടിരുന്ന ബാക്കിയുള്ള സ്ത്രീകളും ഞങ്ങളുടെ അടുത്തേക്കെത്തി. “നമ്മള കൊക്കിന് ഉയിരുണ്ടേല്‍ അത് ചെയ്യൂല. പ്ലാന്റ് വേണ്ടേ വേണ്ട എന്ന് പറയുന്ന നമ്മള് അതിന്റെ പണിക്ക് പോകോ?” വസന്ത ചോദിച്ചു.

“പത്രത്തില്‍ നിന്നാണോ?” കൂട്ടത്തില്‍ ക്ലാരയ്ക്ക് വിശ്വാസം വന്നിട്ടില്ലായിരുന്നു. ആണെന്ന് പറഞ്ഞതും എങ്ങനെയെങ്കിലും പ്ലാന്റിന്റെ പണി നിര്‍ത്തലാക്കി തരാന്‍ പറ്റുമോ എന്ന് അവര്‍ നിഷ്‌കളങ്കമായി ചോദിച്ചു. “വിളപ്പില്‍ ശാല പഞ്ചായത്ത് പ്രസിഡന്റ് വന്ന് ഞങ്ങളോട് സംസാരിച്ചിരുന്നു. അവിടെയുണ്ടായ എല്ലാ കാര്യങ്ങളും പറഞ്ഞു തന്നു. അങ്ങനെ ഞങ്ങടെ മണ്ണിനെയും വെള്ളത്തിനെയും ഇല്ലാതാക്കി കിട്ടുന്ന ആ വൈദ്യുതി നമുക്ക് വേണ്ട. പെരിങ്ങമലയിലുള്ളവര്‍ക്ക് ജോലി നല്‍കാമെന്നും അവര്‍ പറയുന്നുണ്ട്. ആ പണിയും ഞങ്ങള്‍ക്ക് വേണ്ട”, ഷീല പറഞ്ഞു തുടങ്ങി. കൂടെ നിന്ന എല്ലാവരും ഷീലയുടെ വാക്കുകള്‍ ശരിവെച്ചു.

“ഞങ്ങളുടെ മക്കള്‍ക്ക് ഇവിടെ ജീവിക്കണ്ടേ? ഇവിടുന്ന് പെണ്‍കുട്ടികളെ കെട്ടിച്ചുവിടണം. ഞങ്ങടെ ആണ്‍മക്കള്‍ക്ക് പെണ്ണ് കിട്ടണം. ഇവിടെ പ്ലാന്റ് വന്നാല്‍ വിളപ്പില്‍ശാലയിലേത് പോലാകും. ആരും ഇങ്ങോട്ട് വരൂല”, വസന്ത തുടര്‍ന്നു. “ശക്തമായ സമരത്തിന് ഞങ്ങള്‍ തയാറാണ്. ഇനി പിറക്കാന്‍ പോകുന്ന കുട്ടികള്‍ക്ക് ഈ മണ്ണില്‍ ജീവിക്കണ്ടേ… അവര്‍ക്ക് വേണ്ടിയാണ് ഞങ്ങളുടെ സമരം. അല്ലാതെ നമുക്ക് വേണ്ടിയല്ല”.

കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തിരുവനന്തപുരം ഉള്‍പ്പെടെ ഏഴ് ജില്ലകളില്‍ മാലിന്യപ്ലാന്റുകള്‍ സ്ഥാപിക്കാനായി ടെന്‍ഡര്‍ വിളിക്കാന്‍ തീരുമാനമായതില്‍ പിന്നെ പാലോട് പെരിങ്ങമല പഞ്ചായത്തില്‍ നടന്നുവന്ന സമരം കൂടുതല്‍ ചൂട് പിടിക്കുകയാണ്. നേരത്തേ പ്ലാന്റ് നിര്‍മാണത്തിനായി സര്‍ക്കാര്‍ തയാറെടുത്തപ്പോള്‍ വിവിധ സംഘടനകള്‍ ഉള്‍പ്പെട്ട ആക്ഷന്‍ കമ്മിറ്റി ശക്തമായ പ്രതിഷേധസമരവുമായി രംഗത്തെത്തിയിരുന്നു. പദ്ധതി നടപ്പാക്കില്ലെന്ന് സര്‍ക്കാരില്‍ നിന്ന് ഉറപ്പ് കിട്ടിയപ്പോഴാണ് പ്രതിഷേധങ്ങള്‍ക്ക് ശമനമുണ്ടായത്. എങ്കിലും പെരിങ്ങമല അഗ്രിഫാമിന് തൊട്ടതാഴെയായി തുടര്‍ന്ന നാട്ടുകാരുടെ സമരം 150-ആം ദിവസത്തിലേക്ക് കടക്കുകയാണ്. സമരപ്പന്തലില്‍ വളരെ കുറച്ചു പേരാണ് ഉണ്ടായിരുന്നത്. “ഇന്ന് തൃക്കാര്‍ത്തികയായത് കൊണ്ട് എല്ലാവരും അമ്പലത്തില്‍ പോയിരിക്കുവാണ്. കുറച്ച് പേര്‍ തൊഴിലുറപ്പിന് പോയി. ഞങ്ങള്‍ കുറച്ചു പേരെ ഇവിടെ ഇപ്പോളുള്ളൂ”, പെരിങ്ങമല സ്വദേശി മോഹന്‍ പറഞ്ഞു. “നിങ്ങള്‍ക്ക് മുകളില്‍ പോയാല്‍ പ്ലാന്റിനുള്ള സ്ഥലം കാണാം. പിന്നെ കുറച്ച് സമരക്കാര്‍ അവിടെ ജോലി ചെയ്യുന്നുണ്ട്”, സമരത്തില്‍ നിന്നിരുന്ന കൃഷ്ണന്‍കുട്ടി എനിക്ക് വഴികാണിക്കാനായി കൂടെ വന്നു.

“അഗസ്ത്യവനത്തിന്റെ അടിവാരത്തിലാണ് ഞങ്ങള്‍ കഴിയുന്നത്. ഔഷധച്ചെടികളുടെ മൂട്ടില്‍ നിന്ന് ഒലിച്ചു വരുന്ന ചിറ്റാര്‍ നദിയില്‍ നിന്നാണ് ഞങ്ങള് വെള്ളം കോരി കുടിക്കുന്നത്. ഇവിടുത്തെ നല്ല വായു ശ്വസിച്ച് ഇവിടെ കിടക്കുന്നത് കൊണ്ടാണ് യാതൊരു അശിരും ഇല്ലാതെ കഴിയുന്നത്. ഞങ്ങളുടെ പ്രകൃതിയെ നശിപ്പിക്കാന്‍ ഞങ്ങള്‍ സമ്മതിക്കില്ല”, പ്ലാന്റ് വരുന്നതിനെ കുറിച്ച് സംസാരിക്കുമ്പോഴൊക്കെ ആദിവാസി വിഭാഗക്കാരനും ഒരുപറകരിക്കകം സെറ്റില്‍മെന്റ് കോളനി നിവാസിയുമായ കൃഷ്ണന്‍കുട്ടിയുടെ കണ്ണുകള്‍ നിറഞ്ഞു.

Also Read: കൊടുംകാടിനുള്ളില്‍ മാലിന്യപ്ലാന്റ്, വൈദ്യുതി ഉത്പാദനം; ഇങ്ങനെയൊക്കെത്തന്നെ വേണം പുതിയ കേരളം നിര്‍മിക്കാന്‍; പെരിങ്ങമല പറയുന്നത്

നിര്‍ദ്ദിഷ്ട പ്ലാന്റിനായി കണ്ടെത്തിയിരിക്കുന്ന ഏഴാം ബ്ലോക്കിലേക്കും അതിനരികിലായി ഒഴുകുന്ന ചിറ്റാറിലേക്കും കൃഷ്ണന്‍കുട്ടി തന്നെയാണ് വഴികാട്ടിയായെത്തിയത്. കലങ്ങിയൊഴുകുന്ന ചിറ്റാറിനെ നോക്കി കൃഷ്ണന്‍കുട്ടി തുടര്‍ന്നു: “റോഡ് പണി നടക്കുന്നത് കൊണ്ടാണ് വെള്ളം കലങ്ങി വരുന്നത്. പാലോട് മുതല്‍ ബ്രൈമൂര്‍ വരെ റോഡ് വീതി കൂട്ടുന്നു. അല്ലേല്‍ കണ്ണീര് പോലെയുള്ള വെള്ളമാണ് ഇവിടെ”. ജനിച്ച നാള്‍ മുതല്‍ ചിറ്റാറിനെ ആശ്രയിച്ച് കഴിയുന്ന കൃഷ്ണന്‍കുട്ടിയെ പോലെയുള്ള എല്ലാവര്‍ക്കും ഈ നദിയോടും സ്ഥലത്തോടും വൈകാരികമായ അടുപ്പമാണുള്ളതെന്ന് വാക്കുകളിലൂടെ വ്യക്തമാണ്.

പ്ലാന്റിനായി തിരഞ്ഞെടുത്തിരിക്കുന്ന ഭാഗത്തെ മരങ്ങളൊക്കെ മുറിച്ചു കളഞ്ഞുവെന്ന് കൃഷ്ണന്‍കുട്ടി പരാതിപ്പെട്ടു. ഞാന്‍ ചെല്ലുമ്പോള്‍ അവിടെ അഗ്രിഫാമിലെ ജോലിക്കാരും പ്രദേശവാസികളുമായവര്‍ ചെടികള്‍ നടുകയാണ്. ഇവിടെ പ്ലാന്റിന്റെ പണി തുടങ്ങിയാല്‍ പിന്നെ ഇവിടെ ചെടി നടുന്നത് വെറുതെയാകില്ലേ എന്ന് എന്റെ ചോദ്യത്തിന് അപ്പോള്‍ അവര്‍ക്കെല്ലാം എളുപ്പമാകുമല്ലോ എന്ന് പണി ചെയ്തിരുന്ന ബാബു പറഞ്ഞു. “ഒരു സര്‍ക്കാരും ശരിയല്ല. എല്ലാവരും ഞങ്ങളെ പറ്റിക്കുവാണ്. അത് ആരും മനസിലാക്കുന്നില്ല”, ജോലിക്കിടയില്‍ ബാബു പരാതിപ്പെടുന്നുണ്ടായിരുന്നു. “ഇനി ഞങ്ങള്‍ക്ക് ചൊറി കൂടി വരണമായിരിക്കും. അതിനാണ് അവര്‍ മാലിന്യം ഇവിടെ കൊണ്ടുവന്ന് തട്ടാന്‍ പോകുന്നത്”, ബാബു പറഞ്ഞു.

തിരുവനന്തപുരം കോര്‍പ്പറേഷനിലെയും മറ്റ് മുന്‍സിപ്പാലിറ്റികളിലേയും മാലിന്യം എത്തിച്ച് സംസ്‌കരിച്ച് അതില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാണ് പ്ലാന്റിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ജില്ലാ കൃഷിത്തോട്ടത്തിനുള്ളിലെ 15 ഏക്കര്‍ ഭൂമിയാണ് പ്ലാന്റിനായി കണ്ടെത്തിയിരിക്കുന്നത്. പരിസ്ഥിതി ലോല പ്രദേശവും ജൈവവൈവിധ്യവും കൊണ്ട് സമ്പുഷ്ടമായ പെരിങ്ങമല തന്നെ പ്ലാന്റിനായി തിരഞ്ഞെടുത്തതില്‍ കടുത്ത അമര്‍ഷമാണ് നാട്ടുകാര്‍ക്കുള്ളത്.

Also Read: പെരിങ്ങമ്മല കേരളത്തിന്റെ ശത്രുരാജ്യമാണോ? അല്ലെങ്കില്‍ ബോധമുള്ള ആരെങ്കിലും ഇവിടെ മാലിന്യപ്ലാന്റ് സ്ഥാപിക്കാന്‍ പദ്ധതിയിടുമോ?

പ്ലാന്റ് വരാന്‍ പോകുന്നതിന് തൊട്ടുമുകളിലായാണ് ഒരുപറക്കരികം സെറ്റില്‍മെന്റ്. “ഒരുപറക്കരികം സെറ്റില്‍മെന്റാണ് ഇത്. അക്കരെ, ദോ ആ കാണുന്നിടത്താണ് മാലിന്യം കൊണ്ടിടാന്‍ പോകുന്നത്”, പ്ലാന്റിനായി വെട്ടിവെടിപ്പാക്കിയ സ്ഥലത്തേക്ക് വിരല്‍ ചൂണ്ടിക്കൊണ്ട് വസന്ത പറഞ്ഞു തുടങ്ങി. “അവര്‍ പറയുന്നത് ഇവിടെയൊന്നും ആറ് കിലോമീറ്റര്‍ വരെ ആള്‍ത്താമസമില്ലെന്നാണ്. അവര് വന്ന് നോക്കിയപ്പോള്‍ സിറ്റിയിലെ പോലുള്ള മതിലും വലിയ വീടും ഒന്നും കണ്ടില്ല. ഈ കുടിയൊക്കെ കണ്ടാല്‍ അവര്‍ക്ക് വീടാണെന്ന് തോന്നുവോ… അതുകൊണ്ട് മനുഷ്യവാസമുള്ളതായി അവര്‍ക്ക് തോന്നിക്കാണില്ല. അങ്ങോട്ടും ആറേഴ് കുടികളുണ്ട്. ആദിവാസികളെ കഷ്ടപ്പെടുത്തുന്ന ഏര്‍പ്പാടല്ലേ ഇത്. ഞങ്ങളുടെ വര്‍ഗത്തിനെ തന്നെ ഉന്മൂലനം ചെയ്യാനുള്ള നടപടിയല്ലേ ഇത്”, വസന്ത ചോദിച്ചു.

തൊഴിലുറപ്പ് തൊഴിലാളിയായ വസന്ത ജോലിക്ക് ശേഷം വീടെത്തിയതേ ഉണ്ടായിരുന്നുള്ളൂ. “ഇന്ന് തൊഴിലുറപ്പ് ഉണ്ടായിരുന്നു. വൈകുന്നേരം നാല് മണിക്ക് യോഗമുണ്ട് സ്‌കൂളില്. അതുകൊണ്ട് നേരത്തേ ഇങ്ങ് പോന്ന്”, സാരിത്തലപ്പ് കൊണ്ട് മുഖം തുടച്ചു കൊണ്ട് വസന്ത പറഞ്ഞു. വസന്തയുടെ വീടിനടുത്ത് തന്നെ മൂന്ന് വീടുകള്‍ ഉണ്ടായിരുന്നു. മുന്നോട്ട് നീളുന്ന വഴിയില്‍ നിന്ന് നോക്കിയാല്‍ പിന്നെയും വീടുകള്‍ കാണാമായിരുന്നു. സ്ത്രീകളെല്ലാം യോഗത്തിനായി പോകാനുള്ള തിരക്കിലാണ്. വാര്‍ഡ് മെമ്പര്‍ പങ്കെടുക്കുമെന്ന് അറിഞ്ഞു കൊണ്ട് ഞാനും സെന്റ് മേരീസ് സ്‌കൂളിലേക്ക് പോയി.

“പെരിങ്ങമല കൊച്ചുവിള വാര്‍ഡില്‍ അഗ്രിഫാം ഏഴാം ബ്ലോക്കില്‍ മാലിന്യപ്ലാന്റ് കൊണ്ടുവരുമെന്നാണ് സര്‍ക്കാരിന്റെ തീരുമാനം. ഇതറിഞ്ഞ സമയം പഞ്ചായത്ത് പ്രസിഡന്റിനോട് പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഭരണപക്ഷ മെമ്പറന്മാരാരും ഇതുവരെ സഹകരിച്ചിട്ടില്ല. ഇതുവരെയും പ്രമേയം പാസാക്കിയിട്ടുമില്ല. സമരം തുടങ്ങിയിട്ട് 150-തോളം ദിവസമായി. പഞ്ചായത്ത് ഭാരവാഹികളോ ജില്ലാ ഭാരവാഹികളോ പങ്കെടുത്തിട്ടില്ല. പ്ലാന്റ് വന്നാല്‍ നാട് മൊത്തത്തില്‍ നശിക്കും. 250-തോളം സെറ്റില്‍മെന്റ് കോളനികളാണ് പ്ലാന്റിന് ചുറ്റും താമസിക്കുന്നത്. അവര്‍ ആശ്രയിക്കുന്നത് തന്നെ ചിറ്റാറിനെയാണ്. ഈ പഞ്ചായത്തിനോ വാര്‍ഡിനോ വേണ്ടിയല്ല ഈ സമരം. അഞ്ചുതെങ്ങ് വരെയുള്ള ജനങ്ങള്‍ക്ക് വേണ്ടിയാണ് ഈ സമരം. പക്ഷേ അവരുടെ റിപ്പോര്‍ട്ടില്‍ രണ്ട് സെറ്റില്‍മെന്റുകളെക്കുറിച്ച് മാത്രമേ പറഞ്ഞിട്ടുള്ളൂ”, കൊച്ചുവിള വാര്‍ഡ് മെമ്പര്‍ സജീന യാഹിയ പറഞ്ഞു.

2018 ജൂണ്‍ മാസത്തിലാണ് ഇങ്ങനെയൊരു പ്ലാന്റ് വരുന്നതായി അറിയുന്നത്. അങ്ങനെയാണ് ജൂലൈ ഒന്നാം തീയതി സമരം ആരംഭിക്കുന്നത്. പത്മശ്രീ ലക്ഷ്മിക്കുട്ടിയമ്മയാണ് സമരം ഉദ്ഘാടനം ചെയ്തത്. ജൂലൈ 21-ന് പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് പെരിങ്ങമല പഞ്ചായത്ത് ഓഫീസിലേക്ക് ആക്ഷന്‍ കമ്മിറ്റി സങ്കടജാഥ നടത്തിയിരുന്നു.

Also Read: ഭരണകൂടത്തിന്റെ കുപ്പത്തൊട്ടിയല്ല പെരിങ്ങമലയും ഇടിഞ്ഞാര്‍ ട്രൈബല്‍ സ്കൂളും

“പഞ്ചായത്തീരാജ് ആക്ട് അനുസരിച്ച് ഗ്രാമപഞ്ചായത്തിനാണ് പരിസ്ഥിതി സംരക്ഷണത്തിന്റെ ചുമതല. പക്ഷേ അവര്‍ ആ നിയമസാധുത ഉപയോഗിക്കുന്നില്ല. 38 പഞ്ചായത്തുകളുടെ കുടിവെള്ള പദ്ധതിയെ ബാധിക്കുന്ന പ്രശ്‌നമാണിത്. നവകേരള സൃഷ്ടിക്കായുള്ള പരിശ്രമങ്ങളില്‍ പശ്ചിമഘട്ടത്തെ സംരക്ഷിച്ചു കൊണ്ടേ മുന്നോട്ട് പോകാന്‍ പറ്റൂ. യുഎന്‍ 2013ല്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ജൈവവൈവിധ്യമുള്ള പ്രദേശമായി കണ്ടെത്തിയത് പെരിങ്ങമലയായിരുന്നു. പ്ലാന്റിന്റെ മോഡലിനെ പറ്റിയോ ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനെപ്പറ്റിയോ ഒരു ചര്‍ച്ചകളും ഉണ്ടായിട്ടില്ല. കൃത്യമായ ശാസ്ത്രീയ പഠനം ഇവിടെ നടത്തിയിട്ടില്ല. എക്കോളജിക്കലി സെന്‍സിറ്റീവ് സോണ്‍ വണ്ണില്‍ വരുന്ന ഭാഗമാണ് ഇത്. അവിടെ നിര്‍മാണപ്രവര്‍ത്തനങ്ങളോ മനുഷ്യന്റെ ഇടപെടലുകളോ പാടില്ലെന്നുള്ള സ്ഥലത്താണ് പ്ലാന്റ് കൊണ്ടുവരുന്നത്. പാരിസ്ഥിതിക ആഘാതപഠനം നടത്തേണ്ടിയിരിക്കുന്നു. പശ്ചിമഘട്ട പര്‍വ്വത നിരകളില്‍ ഒരേ സ്വഭാവമുള്ള മാഞ്ചിയം, യൂക്കാലിപ്റ്റസ്, അക്വേഷിയ പോലുള്ള മരങ്ങള്‍ വെച്ചുപിടിപ്പിച്ചത് സ്വാഭാവിക വനം വെട്ടിനശിപ്പിച്ചിട്ടാണ്. അത് വെച്ചു പിടിപ്പിക്കാന്‍ കാര്യമായ പഠനം നടത്തിയിരുന്നില്ല. ഇപ്പോഴത്തെ അവസ്ഥയില്‍ വന്യജീവികളും മനുഷ്യരും തമ്മില്‍ നിരന്തരം സംഘര്‍ഷത്തിലാണ്. ഇവിടെ സെമിത്തേരിയിലൊക്കെ ആനയിറങ്ങി ശല്യം ചെയ്യുന്നു. അവരുടെ ആവാസവ്യവസ്ഥ ഇല്ലാതാക്കിയത് കൊണ്ടാണ് വന്യജീവികള്‍ മനുഷ്യവാസമുള്ള ഇടങ്ങളിലേക്ക് ഇറങ്ങുന്നത്. അത് നമ്മളുടെ തന്നെ തെറ്റാണ്. അത് വീണ്ടും ആവര്‍ത്തിക്കുകയാണ്. പ്ലാന്റ് സ്ഥാപിച്ചാല്‍ എത്ര ഊഷ്മാവില്‍ ഇത് പ്രവര്‍ത്തിക്കുമെന്നതിന് യാതൊരു വിശദീകരണവും ലഭിച്ചിട്ടില്ല. കെഎസ്ഇഡിസി പോലും മറുപടി തന്നിട്ടില്ല. പെരിങ്ങമല അഗ്രിഫാം ഏഴാം ബ്ലോക്കില്‍ 6.2 ഹെക്ടര്‍ ഏരിയയിലാണ് നിര്‍ദ്ദിഷ്ട സ്ഥലം എന്ന കാര്യം മാത്രമേ അവര്‍ വ്യക്തമാക്കിയിട്ടുള്ളൂ. വൈദ്യുതിയാണ് ലക്ഷ്യമെങ്കില്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് പോലെ സൗരോര്‍ജം നിര്‍മിക്കാമല്ലോ. അത് ലോകമാതൃകയാണ്. കോര്‍പറേഷനില്‍ വികേന്ദ്രീകരണ മാലിന്യനിര്‍മാര്‍ജനം വിജയകരമായി നടക്കുന്നുണ്ട്. 2012ല്‍ വിളപ്പില്‍ശാല പൂട്ടിയതിന് ശേഷം കൊണ്ട് വന്ന പദ്ധതികള്‍ വിജയകരമായിരുന്നു” പള്ളിവിള ഗ്രാമപഞ്ചായത്ത് മെമ്പര്‍ സലിം അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ദിവസത്തെ മന്ത്രിസഭാ യോഗത്തില്‍ മാലിന്യപ്ലാന്റ് അജണ്ടയിലുണ്ടെന്ന വാര്‍ത്ത വഴിയാണ് 7 പ്ലാന്റുകളുമുണ്ടെന്ന് അറിയാന്‍ സാധിച്ചത്. തിരുവനന്തപുരം ഒഴിവാക്കുമെന്നാണ് മന്ത്രിയും എംഎല്‍എയുമൊക്കെ പറഞ്ഞിരുന്നതും. ഇപ്പോള്‍ പശ്ചിമഘട്ട മേഖലയാണെന്ന പരിഗണനയൊന്നും കൂടാതെ പെരിങ്ങമലയെയും ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ഒരു മാലിന്യപ്ലാന്റ് വിരുദ്ധസമരം മാത്രമല്ല ഇത്. ഈ പ്രദേശം ഇതിന് അനുയോജ്യമല്ല എന്നതാണ് ഞങ്ങളുടെ പ്രധാനപ്പെട്ട വാദം. പശ്ചിമഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് അഗസ്ത്യമല. അഗസ്ത്യമല ബയോസ്‌ഫെയര്‍ കോര്‍ റിസര്‍വിലെ ഹോട്ട്‌സ്‌പോട്ടാണ് പെരിങ്ങമല പഞ്ചായത്ത്. ഇവിടെ ഓറഞ്ച് റെഡ് കാറ്റഗറി വിഭാഗത്തിലുള്ള വ്യവസായങ്ങള്‍ നിര്‍മിക്കാന്‍ പാടില്ല. ഇരുപതിനായിരം സ്‌ക്വയര്‍ ഫീറ്റിന് മുകളിലുള്ള കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ പാടില്ല. അത് മറികടക്കാന്‍ സര്‍ക്കാര്‍ എന്തൊക്കെയോ കുറുക്കുവഴികള്‍ തേടുന്നുണ്ടാകണം. മുമ്പ് കേരളത്തിലെ 33 വില്ലേജുകള്‍ പരിസ്ഥിതിലോല പ്രദേശ പട്ടികയില്‍ നിന്ന് മാറ്റാന്‍ കേന്ദ്രത്തിന് കേരളാ സര്‍ക്കാര്‍ അപേക്ഷ നല്‍കിയിരുന്നു. പക്ഷേ കേന്ദ്രം വിജ്ഞാപനമൊന്നും ഇറക്കിയില്ല. അതുകൊണ്ട് പഴയത് പോലെ 128 വില്ലേജുകളും പരിസ്ഥിതി ലോല പ്രദേശമായി തുടരുന്നു”, പരിസ്ഥിതി പ്രവര്‍ത്തകനും ആക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായ സുല്‍ഫി അഭിപ്രായപ്പെട്ടു.

അഗ്രിഫാമിനായി നല്‍കിയിരിക്കുന്ന 50 ഏക്കറില്‍ 15 ഏക്കറിലാണ് പ്ലാന്റ് വരുന്നത്. അതിന് തൊട്ടരുകിലായാണ് ചിറ്റാര്‍ ഒഴുകുന്നത്. വാമനപുരം നദിയുടെ ഏറ്റവും പ്രധാനപ്പെട്ട കൈവഴി കൂടിയാണിത്. ഇതില്‍ മലിനീകരണമാകുമ്പോള്‍ ജവഹര്‍ലാല്‍ നെഹ്‌റു ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (ജെഎന്‍ടിബിജെആര്‍ഐ) ഉള്‍പ്പെടെയുള്ള അഗ്രിഫാം ശാസ്ത്രഗവേഷണ സ്ഥാപനങ്ങളെയും അഞ്ചുതെങ്ങ് വരെയുള്ള കുടിവെള്ള പദ്ധതികളെയും അത് ബാധിക്കും.

“പ്ലാന്റ് എത്ര അതിനൂതന സാങ്കേതിക വിദ്യയുപയോഗിച്ചു കൊണ്ടുള്ളതാണെന്ന് പറഞ്ഞാലും മലിനീകരണം ഉണ്ടാകുമെന്നതില്‍ സംശയമില്ല. തിരുവനന്തപുരം നഗരത്തില്‍ നിന്ന് ഏകദേശം 80 കിലോമീറ്റര്‍ ദൂരമുണ്ട് പെരിങ്ങമലയിലെത്താന്‍. നഗരത്തില്‍ നിന്നുള്ള മാലിന്യം കൊണ്ടു വരുമ്പോള്‍ വഴിയിലുള്ള ജനങ്ങളുടെ ജീവിതവും ദു:സഹമാകും. പിന്നെ അത്ര മികച്ച സാങ്കേതികവിദ്യയാണെന്ന് സര്‍ക്കാരിന് ഉറപ്പുണ്ടെങ്കില്‍ തിരുവനന്തപുരം നഗരത്തില്‍ തന്നെ പ്ലാന്റ് സ്ഥാപിക്കുന്നതല്ലേ നല്ലത്” സുല്‍ഫി ചോദിക്കുന്നു.

കാടറിവുകളുടെ അമ്മ, കല്ലാറിലെ ലക്ഷ്മിക്കുട്ടിയമ്മ ഇനി പത്മശ്രീ

കൊടുംകാടിനുള്ളില്‍ മാലിന്യപ്ലാന്റ്, വൈദ്യുതി ഉത്പാദനം; ഇങ്ങനെയൊക്കെത്തന്നെ വേണം പുതിയ കേരളം നിര്‍മിക്കാന്‍; പെരിങ്ങമല പറയുന്നത്

പെരിങ്ങമ്മല കേരളത്തിന്റെ ശത്രുരാജ്യമാണോ? അല്ലെങ്കില്‍ ബോധമുള്ള ആരെങ്കിലും ഇവിടെ മാലിന്യപ്ലാന്റ് സ്ഥാപിക്കാന്‍ പദ്ധതിയിടുമോ?

ഭരണകൂടത്തിന്റെ കുപ്പത്തൊട്ടിയല്ല പെരിങ്ങമലയും ഇടിഞ്ഞാര്‍ ട്രൈബല്‍ സ്കൂളും

നിങ്ങള്‍ ആശുപത്രി മാലിന്യങ്ങള്‍ തള്ളാനൊരുങ്ങുന്ന സ്ഥലമാണിത്; കണ്ണു തുറന്നു കാണുക

ഐ എം എ പ്ലാന്‍റ്: മാലിന്യം ചുമക്കേണ്ടത് ഗ്രാമവും കാടുമല്ല; ഓടുചുട്ടപടുക്കയിലെ ജനങ്ങള്‍ സമരം തുടങ്ങി

യുനെസ്കൊ പൈതൃക സ്വത്തായി അംഗീകരിച്ച വനമേഖലയില്‍ ബയോമെഡിക്കല്‍ മാലിന്യ പ്ലാന്‍റ്; തടയുമെന്ന് ജനങ്ങള്‍

ആരതി എം ആര്‍

ആരതി എം ആര്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍