UPDATES

കെ കെ കൊച്ച്

കാഴ്ചപ്പാട്

ഗസ്റ്റ് കോളം

കെ കെ കൊച്ച്

ട്രെന്‍ഡിങ്ങ്

മുന്നോക്കക്കാര്‍ക്ക് സംവരണം; കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ചോറിങ്ങും കൂറങ്ങുമാണ്- കെകെ കൊച്ച് സംസാരിക്കുന്നു

സംവരണം ലഭിക്കുന്ന ദളിതരും ആദിവാസികളും പിന്നോക്കക്കാരും ആയിട്ടുള്ള ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളോട് നടത്തുന്ന യുദ്ധപ്രഖ്യാപനമാണ് വാസ്തവത്തില്‍ ഈ നടപടി

മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് സാമ്പത്തിക സംവരണം അനുവദിക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇന്ത്യയിലെ പതിനഞ്ച് ശതമാനം വരുന്ന സവര്‍ണരും അവരെ പിന്താങ്ങുന്ന രാഷ്ട്രീയ പാര്‍ട്ടികളും സംവരണം ലഭിക്കുന്ന ദളിതരും ആദിവാസികളും പിന്നോക്കക്കാരും ആയിട്ടുള്ള ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളോട് നടത്തുന്ന യുദ്ധപ്രഖ്യാപനമാണ് വാസ്തവത്തില്‍ ഈ നടപടി. ഇന്ത്യന്‍ ഭരണഘടനയ്ക്ക് മുമ്പ് തന്നെ, സംവരണം രൂപപ്പെടുന്ന കാലഘട്ടത്തിന് മുമ്പ് തന്നെ, സാമ്പത്തികമായ പിന്നോക്കാവസ്ഥ സംവരണത്തിനുള്ള കാരണമെന്ന് ആരും കരുതിയിരുന്നില്ല. മറിച്ച് സംവരണത്തിന്റെ മാനദണ്ഡം സാമൂഹികമായ പിന്നോക്കാവസ്ഥയാണ്. ഈ പിന്നോക്കാവസ്ഥയുടെ അടിസ്ഥാനത്തിലാണ് സംവരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതിന് യാതൊരു സാമ്പത്തിക മാനദണ്ഡങ്ങളും വരാന്‍ പാടില്ല എന്ന് സംവരണം ഉണ്ടായ കാലത്ത് മാത്രമല്ല പിന്നീട് ഭരണഘടനയും അംഗീകരിക്കുന്നുണ്ട്. ദളിത് ആദിവാസി പിന്നോക്ക ജനവിഭാഗങ്ങള്‍ക്ക് നല്‍കുന്ന സംവരണത്തിന്റെ ലക്ഷ്യം സാമ്പത്തികമായ പിന്നോക്കാവസ്ഥ പരിഹരിക്കുക എന്നതല്ല. മറിച്ച് ഭരണപ്രാതിനിധ്യം നല്‍കുക എന്നതാണ്.

പബ്ലിക് സര്‍വീസുകളിലും നിയമനിര്‍മ്മാണ സഭകളിലും ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അത് നല്‍കിയിരിക്കുന്നത്. സാമ്പത്തിക സംവരണം നടപ്പാക്കുക എന്ന് പറഞ്ഞാല്‍, ഈ രണ്ട് മേഖലകളില്‍ നിന്നും ഈ ജനവിഭാഗങ്ങളെ പുറന്തള്ളുക എന്ന ലക്ഷ്യമാണുള്ളത്. അതായത് അധികാരം എന്ന് പറയുന്നത് സവര്‍ണരുടെ കുത്തകയാക്കി വക്കുക. ഇതാണ് ലക്ഷ്യം. ഈ ആവശ്യം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. 1934 മുതല്‍ ഹിന്ദു മഹാസഭയും ഹിന്ദുത്വ വാദികളുമെല്ലാം ആവശ്യപ്പെടുന്ന കാര്യമാണ് സാമ്പത്തിക സംവരണം നടപ്പാക്കണമെന്നത്. സംവരണത്തിന്റെ മാനദണ്ഡം സാമ്പത്തികമായിരിക്കണമെന്ന വാദം മുന്നോട്ട് വച്ചത് ഇവിടുത്തെ ഹിന്ദുത്വ വാദികളാണ്. ഈ വാദത്തില്‍ 1956ല്‍ നെഹ്‌റു മുഖ്യമന്ത്രിമാര്‍ക്ക് അയച്ച കത്തിലൂടെയാണ് സാമുദായിക സംവരണത്തിന് പകരം സാമ്പത്തിക സംവരണം നടപ്പാക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ട് വക്കുന്നത്. പിന്നീട് 1957ല്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ മുഖ്യമന്ത്രി ഇഎംഎസ് ചെയര്‍മാനായ ഭരണപരിഷ്‌ക്കാര കമ്മറ്റി ഉണ്ടാക്കി. ആ കമ്മറ്റിയാണ് പിന്നോക്കക്കാര്‍ക്ക് സാമ്പത്തിക സംവരണം നടപ്പാക്കണമെന്നാവശ്യപ്പെട്ട് റിപ്പോര്‍ട്ട് കൊടുത്തത്. ഈ റിപ്പോര്‍ട്ടിനെതിരെ അന്ന് എസ്എന്‍ഡിപിയും കേരള കൗമുദി പത്രാധിപരും ശക്തമായ എതിര്‍പ്പുണ്ടാക്കിയതിന് ശേഷം അത് പിന്‍വലിക്കേണ്ടി വന്നു.

1980കളില്‍ സംവരണത്തിനെതിരായ സമരങ്ങള്‍ ഗുജറാത്തിലും മറ്റും ആരംഭിക്കുന്നുണ്ട്. അത് പലരുടേയും മരണത്തിനിടയാക്കിയ കലാപങ്ങളായി പിന്നീട് ഇന്ത്യയുടെ പലഭാഗത്തും നടന്നു. അതിന്റെയൊക്കെ ലക്ഷ്യം എന്ന് പറയുന്നത് സംവരണം ഇല്ലാതാക്കുക എന്നതാണ്. അല്ലാതെ സാമ്പത്തിക സംവരണം പോലുമല്ല അവര്‍ ആഗ്രഹിച്ചത്. സംവരണം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തിന്റെ തുടക്കം മാത്രമാണ് സാമ്പത്തിക സംവരണം. അല്ലാതെ അങ്ങനെ ഒരു മാനദണ്ഡം കൊണ്ടുവരാന്‍ കഴിയില്ല.

മുന്നോക്ക സംവരണം എന്ന തെരഞ്ഞെടുപ്പ് അജണ്ട ഭരണഘടനയെ ചോദ്യം ചെയ്യുമ്പോള്‍

ഇവിടുത്തെ സാമുദായിക സ്ഥിതി സാമ്പത്തിക സംവരണം അനുവദിക്കാന്‍ കഴിയുന്ന തരത്തിലുള്ള ഒന്നല്ല. സാമ്പത്തികമായ പിന്നോക്കാവസ്ഥയിലല്ല ജാതി നിലനില്‍ക്കുന്നത്. സാമൂഹികമായ പിന്നോക്കാവസ്ഥയാണ് ജാതിക്കടിസ്ഥാനം. ഇവിടുത്തെ ദളിതരായ എംപിമാരും എംഎല്‍എമാരും എങ്ങനെയാണ് ആ സ്ഥാനങ്ങളില്‍ വന്നിരിക്കുന്നത്? അവരൊക്കെ സംവരണ സീറ്റുകളില്‍ നിന്ന് മത്സരിച്ചവരാണ്. അല്ലാതെ ഒരിക്കലും അവര്‍ വന്നിട്ടില്ല. വളരെ അപൂര്‍വം ആളുകള്‍ മാത്രമേ പൊതുവായ സീറ്റുകളില്‍ നിന്ന് മത്സരിച്ച് വന്നിട്ടുള്ളൂ. അതുകൊണ്ട് തന്നെ സംവരണത്തെ സംരക്ഷിക്കാന്‍ സംവരണ സീറ്റില്‍ നിന്ന് മത്സരിച്ച് മന്ത്രിയും എംഎല്‍എയും എംപിയുമായവര്‍ക്ക് ബാധ്യതയുണ്ട്. അവരെല്ലാം സമരത്തിന് നേതൃത്വം നല്‍കണമെന്നാണ് എനിക്ക് പറയാനുള്ളത്. എന്നാലേ ഭാവിയില്‍ അവര്‍ക്ക് നിലനില്‍ക്കാന്‍ കഴിയൂ.

മറ്റൊരു പ്രധാന കാര്യം, ഇത് തൊഴിലിന്റെ പ്രശ്‌നമല്ല. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കമ്മീഷന്‍ പറയുന്നുണ്ട്, പബ്ലിക് സര്‍വീസിലോ നിയമനിര്‍മ്മാണ സഭകളിലോ ഒരാള്‍ തിരഞ്ഞെടുക്കപ്പെട്ട് എത്തുമ്പോള്‍ ആ സമുദായത്തെ പ്രതിനിധീകരിച്ചാണ് അവര്‍ അവിടെ ചെല്ലുന്നത്. സമുദായത്തിന് കിട്ടുന്ന അവാര്‍ഡാണത്. അല്ലാതെ വ്യക്തികള്‍ക്ക് കിട്ടുന്നതല്ല. 1932ല്‍ അംബേദ്കര്‍ കമ്മ്യൂണല്‍ അവാര്‍ഡ് എന്ന ഒരു മാനദണ്ഡം കൊണ്ടുവന്നു. ഇന്ത്യയിലെ വിവിധ വര്‍ഗങ്ങള്‍, ജാതികള്‍, സമുദായങ്ങള്‍ക്കെല്ലാം തന്നെ അര്‍ഹമായ പ്രാതിനിധ്യം നല്‍കുന്ന ജനാധിപത്യ സംവിധാനം വേണമെന്ന അഭിപ്രായമാണ് കമ്മ്യൂണല്‍ അവാര്‍ഡിലൂടെ മുന്നോട്ട് വച്ചത്. എന്നാല്‍ അത് ഗാന്ധി അംഗീകരിച്ചിരുന്നില്ല. ഹിന്ദു സ്വരാജില്‍ ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും സിഖുകാര്‍ക്കും പ്രാതിനിധ്യമുള്ള സര്‍ക്കാര്‍ വേണമെന്നായിരുന്നു ഗാന്ധിയുടെ വാദം. ഹിന്ദുക്കള്‍ എന്ന തരത്തില്‍ പ്രാതിനിധ്യം നല്‍കിയാല്‍ അത് സവര്‍ണ ഹിന്ദുക്കള്‍ക്കായിരിക്കും ലഭിക്കുന്നതെന്നും പട്ടികജാതിക്കാര്‍ക്ക് ലഭിക്കില്ലെന്നുമുള്ള മറുപടിയാണ് അംബേദ്കര്‍ അന്ന് നല്‍കിയത്. പട്ടികജാതിക്കാര്‍ക്ക് പ്രാതിനിധ്യം ലഭിക്കണമെങ്കില്‍ ഹിന്ദുവിന് വിഭജനം വേണമെന്നതിന്റെ അടിസ്ഥാനത്തിലാണ് സംവരണം ഏര്‍പ്പെടുത്തുന്നത്. അല്ലാതെ ഇതൊരു തൊഴില്‍ പ്രശ്‌നമല്ല എന്നതാണ് നമ്മള്‍ ആദ്യം മനസ്സിലാക്കേണ്ടത്.

മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ സംവരണത്തിലൂടെയല്ല പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത്. സാമ്പത്തികമായി പരിഹരിക്കേണ്ട പ്രശ്‌നങ്ങള്‍ സാമ്പത്തികമായാണ് പരിഹരിക്കേണ്ടത്. അല്ലാതെ സംവരണം എന്ന പ്രാതിനിധ്യത്തിലൂടെ പരിഹരിക്കേണ്ടതല്ല അത്. ഏറ്റവും വഞ്ചനാപരമായ നിലപാട് സ്വീകരിക്കുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. അവരുടെ ബഹുഭൂരിപക്ഷം അംഗങ്ങളും ദളിത് പിന്നോക്ക ജനവിഭാഗങ്ങളാണ്. ഇവിടെ ദേവസ്വം ബോര്‍ഡില്‍ സാമ്പത്തിക സംവരണം നടപ്പാക്കുന്നു. ദേവസ്വം ബോര്‍ഡില്‍ 36,000 ജോലിയുണ്ട്. നായര്‍ സമുദായവും അതിന് മുകളിലുമുള്ളവരാണ് ഈ ജോലികളിലുള്ളത്. നാല് ശതമാനം മാത്രമാണ് മറ്റുള്ളവര്‍. ദേവസ്വം ബോര്‍ഡിന്റെ കോളേജുകളില്‍ 149 അധ്യാപകരുണ്ട്. അതില്‍ ഒരു അധ്യാപകന്‍ മാത്രമേ ദളിതനായുള്ളൂ. സ്വകാര്യ സ്ഥാപനങ്ങളില്‍ ഒന്നരലക്ഷം ജീവനക്കാരുണ്ട്. അതില്‍ ഇരുന്നൂറില്‍ തഴെ മാത്രമേ പട്ടികവിഭാഗക്കാരുള്ളൂ. അങ്ങനെ വലിയൊരു വിവേചനം നിലനില്‍ക്കുമ്പോള്‍ ആകെ ഒരു രക്ഷ സംവരണം മാത്രമാണ്. ആ സംവരണം കൂടി ഇല്ലാതാക്കുക എന്ന് പറഞ്ഞാല്‍ പൂര്‍ണമായും ഈ വിഭാഗത്തെ ഭരണ സംവിധാനങ്ങളില്‍ നിന്ന് പുറത്താക്കി അധികാരം സവര്‍ണരുടെ കയ്യില്‍ വക്കുക എന്നതാണ്. അത് സവര്‍ണരുടെ താത്പര്യമാണ്. സവര്‍ക്കര്‍ പറഞ്ഞിരുന്നത് പട്ടികവിഭാഗക്കാര്‍ അടിമപ്പണി ചെയ്യേണ്ടവരാണ്, അടിമപ്പണിയാണ് അവര്‍ക്ക് വിധിച്ചിട്ടുള്ളത് എന്നാണ്.ആ അഭിപ്രായമാണ് ഇവര്‍ക്കെല്ലാമുള്ളത്. അടിമപ്പണി ചെയ്യേണ്ടവരാണ് ദളിതരും ആദിവാസികളുമെന്നതാണ് ഇവരുടെ ചിന്ത. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മതിലൊക്കെ കെട്ടി ദളിതരുടേയും പിന്നോക്കക്കാരുടേയും പിന്തുണയൊക്കെ നേടിയിട്ടുണ്ടല്ലോ. എന്നിട്ട് ഇപ്പോള്‍ എന്‍എസ്എസിന് വേണ്ടി സാമ്പത്തിക സംവരണത്തിന് പിന്തുണ നല്‍കിയിരിക്കുന്നു. എന്‍എസ്എസും സവര്‍ണ ഹിന്ദുക്കളും അത് അമ്പത് വര്‍ഷത്തിലധികമായി ആവശ്യപ്പെടുന്നതാണ്. അതിന് സര്‍ക്കാര്‍ സമ്മതം മൂളിയിരിക്കുന്നു. അപ്പോള്‍ ചോറിങ്ങും കൂറങ്ങുമാണ്.

ഇത് ഭരണഘടനാപരമായി അംഗീകരിക്കാന്‍ കഴിയുമോ എന്നത് മറ്റൊരു പ്രശ്‌നം. എന്നാല്‍ ഈ ആശയത്തെ എതിര്‍ത്ത് തോല്‍പ്പിക്കേണ്ടതുണ്ട്. ബിഎസ്പിയോ മറ്റേത് രാഷ്ട്രീയ പാര്‍ട്ടിയോ ഈ ആശയത്തോട് അംഗീകരിച്ചാല്‍ പോലും അതിന് എതിര്‍ത്ത് തോല്‍പ്പിക്കാന്‍ ദേശീയതലത്തില്‍ വലിയ പ്രക്ഷോഭങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

(അഴിമുഖം പ്രതിനിധി കെ ആര്‍ ധന്യയുമായി സംസാരിച്ചത്)

മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് സാമ്പത്തിക സംവരണം: കേന്ദ്ര തീരുമാനത്തെ പിന്തുണച്ച് പിണറായി വിജയൻ

കെ കെ കൊച്ച്

കെ കെ കൊച്ച്

ദളിത് സാമൂഹ്യ പ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍