UPDATES

കേരളത്തെ ഞെട്ടിച്ച ഇടമലയാര്‍ ആനവേട്ട കേസ്; ഒടുവില്‍ തങ്കച്ചി പിടിയിലായതിങ്ങനെ

ഓപ്പറേഷന്‍ ശിക്കാര്‍ എന്ന പേരിലായിരുന്നു ആനവേട്ട സംഘത്തെ പിടികൂടാനുള്ള അന്വേഷണം; കേരളത്തിലെ ഏറ്റവും വലിയ ഈ ആനവേട്ട കേസിന്റെ ഭാവി എന്താകുമെന്ന ആകാംക്ഷ ഇപ്പോഴും ബാക്കി നില്‍ക്കുകയാണ്

2015 ല്‍ വടാട്ടുപാറ ചക്കിമേട് സ്വദേശി കെ ഡി കുഞ്ഞുമോന്‍ കരിമ്പാനി ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസറോട് പറഞ്ഞ കാര്യങ്ങള്‍ കേരളത്തെ ഞെട്ടിക്കുന്നതായിരുന്നു. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ആനവേട്ടയെ കുറിച്ചായിരുന്നു കുഞ്ഞുമോന് പറയാനുണ്ടായിരുന്നത്. നിരവധി ആനകളെ കൊന്നൊടുക്കി കൊമ്പുകള്‍ മോഷ്ടിച്ച സംഘത്തെക്കുറിച്ചുള്ള അന്വേഷണം അവിടെ നിന്നാണ് തുടങ്ങുന്നത്. ഏറ്റവുമൊടുവിലായി ആനവേട്ട സംഘത്തില്‍പ്പെട്ട തങ്കച്ചി എന്ന സിന്ധുവിനെ കൂടി പൊലീസ് അറസ്റ്റ് ചെയ്യുമ്പോഴാണ് ഇടമലയാര്‍-തുണ്ടം ആനവേട്ട കേസ് വീണ്ടും വാര്‍ത്തയാകുന്നത്.

ഏറെ നാള്‍ പൊലീസ് അന്വേഷിച്ചു കൊണ്ടിരുന്ന തങ്കച്ചിയെ കൊല്‍ക്കത്തയില്‍ നിന്നാണ് പിടികൂടിയത്. ഇവരുടെ മകന്‍ അജീഷിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭര്‍ത്താവ് സുധീഷ് ചന്ദ്രബാബുവിനെ പിടിയിലായതിനു പിന്നാലെയാണ് തങ്കച്ചിയും കുടുങ്ങുന്നത്.

മലയാറ്റൂര്‍, മൂന്നാര്‍, വാഴച്ചാല്‍ ഫോറസ്റ്റ് ഡിവിഷന്‍ പരിധികളിലായി വന്‍ തോതിലുള്ള ആനവേട്ടയായിരുന്നു സംഘം നടത്തിയിരുന്നത്. കുഞ്ഞുമോന്റെ വെളിപ്പെടുത്തലിനു പിന്നാലെ തുടങ്ങിയ അന്വേഷണത്തില്‍ 53 പേരെയാണ് പ്രതി ചേര്‍ത്തത്. ഇതില്‍ ഏറ്റവും ഒടുവിലായി പിടിയിലായവരാണ് തങ്കച്ചിയും മകന്‍ അജീഷും. ഇനിയും ചിലരെ കിട്ടാനുണ്ട്.

വെടിവച്ചു കൊന്നു വീഴ്ത്തുന്ന ആനകളുടെ കൊമ്പ് ഉപയോഗിച്ച് വന്‍ ബിസിനസായിരുന്നു സംഘം നടത്തിയിരുന്നത്. ഇന്ത്യക്കു പുറത്തും ഇവരുടെ ആനക്കൊമ്പ് വ്യാപാരം പടര്‍ന്നു കിടന്നിരുന്നു. കോടികളായിരുന്നു ഇതുവഴി സമ്പാദിച്ചത്. കേരളത്തില്‍ നിന്നും ആനക്കൊമ്പുകള്‍ ഡല്‍ഹി, മുംബൈ, കൊല്‍ക്കൊത്ത എന്നിവിടങ്ങളില്‍ എത്തിച്ച് ശില്‍പ്പങ്ങളാക്കി നേപ്പാള്‍ വഴി പുറത്തേക്ക് കച്ചവടം ചെയ്യുകയായിരുന്നു സംഘമെന്നാണ് പൊലീസ് പറയുന്നത്.

ഓപ്പറേഷന്‍ ശിക്കാര്‍ എന്ന പേരിലായിരുന്നു ആനവേട്ട സംഘത്തെ പിടികൂടാനുള്ള അന്വേഷണം. മലയാറ്റൂര്‍ മേഖലയില്‍ നിന്നു മാത്രം ഈ സംഘം ഇരുപതോളം ആനകളെ കൊന്നു തള്ളിയിട്ടുണ്ട്. അതിരപ്പിള്ളി റേഞ്ചിനു സമീപത്തു നിന്നും 11 ആനകളുടെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്.

ഓപ്പറേഷന്‍ ശിക്കാറിന്റ ഭാഗമായാണ്, ഈ സംഘത്തിലെ രാജ്യാന്തര ബന്ധമുള്ള ഉമേഷ് അഗര്‍വാള്‍ പിടിയിലാകുന്നത്. ഡല്‍ഹി ശക്കര്‍പൂറിലെ പ്രിയദര്‍ശിനി നഗറില്‍ നാലുനില വീട്ടില്‍ നിന്നായിരുന്നു ആനക്കൊമ്പ് വ്യാപാരത്തിലെ ഈ പ്രധാനിയെ പിടികൂടിയത്. തുടര്‍ന്ന് സംഘത്തിലെ ഓരോരുത്തരെയായി പിടികൂടി. എന്നാല്‍ ആനവേട്ട നടത്തുന്നതില്‍ മുഖ്യപ്രതിയായിരുന്ന കുട്ടമ്പുഴ ഐക്കരമറ്റം വാസുവിനെ അന്വേഷണ സംഘത്തിന് കിട്ടിയില്ല. ഒളിവിലായിരുന്ന വാസു 2015 ജൂലായില്‍ മഹാരാഷ്ട്ര ദോഡാമാര്‍ഗിലെ ഒരു തോട്ടത്തില്‍ തൂങ്ങിമരിക്കുകയായിരുന്നു. ആനയെ വെടിവിച്ചിടുന്നതില്‍ ഉന്നം പിഴയ്ക്കില്ലായിരുന്ന വാസുവിന്റെ മരണം ആത്മഹത്യ തന്നെയാണോ അതോ കൊലപാതാകമാണോ എന്ന കാര്യത്തില്‍ ഇപ്പോഴും സംശയമുണ്ട്. വാസുവിനു പിന്നാലെ അയാളുടെ സംഘാംഗമായിരുന്ന കുട്ടമ്പുഴ കൂവപ്പാറ സ്വദേശി ജിജോ സെബാസ്റ്റിയന്‍ എന്ന ആണ്ടിക്കൂഞ്ഞും ആത്മഹത്യ ശ്രമം നടത്തി. പക്ഷേ മരിച്ചില്ല. തൂങ്ങിമരിക്കാനുള്ള ശ്രമത്തില്‍ ആണ്ടിക്കൂഞ്ഞ് കയര്‍പൊട്ടി നിലത്തു വീണു. നട്ടെല്ലിനു ഗുരുതരമായി പരിക്കേറ്റ ആണ്ടിക്കുഞ്ഞിന്റെ സംസാരശേഷി പോയി. ചലിക്കാനും പറ്റാത്ത അവസ്ഥയിലേക്കാണ് ആണ്ടിക്കൂഞ്ഞ് എത്തിയത്. പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയുണ്ടായി. ഇയാള്‍ക്ക് തടവ് ശിക്ഷ കിട്ടുകയും ചെയ്തിരുന്നു. മുഖ്യപ്രതിയായ വാസുവിന്റെ മരണം ഓപ്പറേഷന്‍ ശിക്കാറിനെ കുറച്ചു കാലം മന്ദഗതിയിലാക്കിയെങ്കിലും വീണ്ടും ഊര്‍ജ്ജിതമായി നടന്ന അന്വേഷണത്തിലാണ് ബാക്കി പ്രതികളൊക്കെ പിടിയിലാകുന്നത്.

അന്വേഷണം മുറികിയതോടെ ഒളിവില്‍ പോയവരാണ് തങ്കച്ചിയും ഭര്‍ത്താവ് സുധീഷ് ചന്ദ്രബാബുവും മകന്‍ അജീഷും. ആനക്കൊമ്പ് കൊണ്ട് ഉണ്ടാക്കുന്ന ശില്‍പ്പങ്ങളുടെയും മറ്റും വ്യാപാരം കൊല്‍ക്കൊത്ത കേന്ദ്രീകരിച്ച് നടത്തുന്നവരായിരുന്നു തങ്കച്ചിയും സുധീഷ് ചന്ദ്രബാബുവും. ഡല്‍ഹിയില്‍ ഈ ബിസിനസിന്റെ ചുമതലക്കാരന്‍ ഉമേഷ് അഗര്‍വാളായിരുന്നു. 415 കിലോ ആനക്കൊമ്പുകളും ശില്‍പ്പങ്ങളുമാണ് ഉമേഷിന്റെ ഡല്‍ഹിയിലെ വീട്ടില്‍ നിന്നും കണ്ടെത്തിയത്. അതേസമയം തങ്കച്ചിയും ഭര്‍ത്താവും കൊല്‍ക്കത്തയ്‌ക്കൊപ്പം കേരളത്തിലും ബിസിനസ് നടത്തിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി തിരുവനന്തപുരത്തു നിന്നും 60 കിലോ ആനക്കൊമ്പുകള്‍ കണ്ടെത്തിയിരുന്നു. ആനക്കൊമ്പ് വില്‍പ്പനക്കാരായിരുന്ന ബാലരാമപുരം സ്വദേശി അജി ബ്രൈറ്റ്, അനില്‍കുമാര്‍ എന്നിവരെ പിടികൂടിയപ്പോഴാണ് തങ്കച്ചിയേയും സുധീഷ് ചന്ദ്രബാബുവിനെയും കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കിട്ടുന്നത്.

കൊല്‍ക്കത്തയില്‍ നിന്നായിരുന്നു സുധീഷ് ചന്ദ്രബാബുവിനെ ഡിആര്‍ഐ പിടികൂടുന്നത്. ഇയാള്‍ക്കൊപ്പം മകള്‍ അമിതയേയും കസ്റ്റഡിയില്‍ എടുത്തിരുന്നു. എന്നാല്‍ മകള്‍ക്ക് കേസുമായി ബന്ധമില്ലെന്നാണ് പറയുന്നത്. കൊല്‍ക്കത്ത റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വച്ച് സുധീഷ് സഞ്ചരിച്ചു വന്നിരുന്ന വോക്‌സ് വാഗണ്‍ വെന്‍ഡേ കാര്‍ തടഞ്ഞു നിര്‍ത്തിയാണ് ഡി ആര്‍ ഐ സംഘം ഇയാളെ അറസ്റ്റ് ചെയ്യുന്നത്. സുധീഷ് ചന്ദ്രബാബുവിനെ പിടികൂടുമ്പോള്‍ അന്വേഷണ സംഘത്തിന് കിട്ടിയത് ഒരു കോടി വിലവരുന്ന ആനക്കൊമ്പുകളും ആനക്കൊമ്പില്‍ തീര്‍ത്ത ശില്‍പ്പങ്ങളുമായിരുന്നു. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയിലും ആനക്കൊമ്പുകളും ശില്‍പ്പങ്ങളും കണ്ടെത്തുകയുണ്ടായെന്നും പറയുന്നു.

കേരളത്തില്‍ നിന്നും ശേഖരിക്കുന്ന ആനക്കൊമ്പുകള്‍ ശില്‍പ്പങ്ങളാക്കി മാറ്റി പുറം രാജ്യങ്ങളില്‍ കച്ചവടം നടത്തി കോടികള്‍ സ്വന്തമാക്കി വരികയായിരുന്നു തങ്കച്ചിയും സുധീഷ് ചന്ദ്രബാബുവും. കേരളത്തില്‍ നിന്നും കൊണ്ടുവരുന്ന ആനക്കൊമ്പുകള്‍ സിലിഗുരി വഴി നേപ്പാളില്‍ എത്തിച്ച് മറ്റ് സംഘങ്ങള്‍ക്ക് കൈമാറാറുണ്ടെന്നും സുധീഷ് അന്വേഷണ സംഘത്തോട് പറയുന്നുണ്ട്. നേപ്പാള്‍ ആയിരുന്നു ഇവരുടെ പ്രധാന താവളം. വിദേശ മാര്‍ക്കറ്റുകളിലേക്ക് ആനക്കൊമ്പുകളും ശില്‍പ്പങ്ങളും ആഭരണങ്ങളുമൊക്കെ പോകുന്നത് നേപ്പാളില്‍ നിന്നായിരുന്നു. ഇതിന്റെ ഏജന്റുകളായി പ്രവര്‍ത്തിച്ചിരുന്നവരാണ് തങ്കച്ചിയും സുധീഷും.

കേരളത്തില്‍ നിന്നും ഇവര്‍ ശില്‍പ്പങ്ങള്‍ ഉണ്ടാക്കി കൊണ്ടുപോയിരുന്നു. ആനക്കൊമ്പില്‍ തീര്‍ത്ത കേരള മോഡല്‍ ശില്‍പ്പങ്ങളായിരുന്നു ഇവിടെ ഉണ്ടാക്കിയിരുന്നത്. ഡല്‍ഹിയില്‍ വച്ച് ഉണ്ടാക്കിയിരുന്നത് മുഗള്‍ മാതൃകയിലുള്ള ശില്‍പ്പങ്ങളാണ്. ഇതിനായുള്ള ആനക്കൊമ്പുകള്‍ ട്രെയിന്‍ മാര്‍ഗമായിരുന്നു കേരളത്തില്‍ നിന്നും കൊണ്ടു പോയിക്കൊണ്ടിരുന്നതെന്നും പറയുന്നു.

തങ്കച്ചിയേയും സുധീഷ് ചന്ദ്രബാബുവിനെയും കുറിച്ച് വിവരങ്ങള്‍ കിട്ടിയിട്ടും ഇവരെ പിടികൂടാനും താമസ്ഥലങ്ങള്‍ കണ്ടെത്താനും അന്വേഷണ സംഘം ഏറെ ബുദ്ധിമുട്ടിയിരുന്നു. തങ്കച്ചി കൊല്‍ക്കൊത്ത കേന്ദ്രമാക്കിയാണ് ബിസിനസ് നടത്തുന്നതെന്ന വിവരത്തില്‍ അവിടെ വ്യാപകമായി അന്വേഷണം നടത്തിയിട്ടും അവരെ കണ്ടെത്താനായില്ല. കൂടെ ജോലി ചെയ്യുന്നവരെ പിടികൂടാനായിട്ടും അവരില്‍ നിന്നും തങ്കച്ചിയിലേക്ക് എത്താനുള്ള വിവരങ്ങള്‍ കൂടുതലായൊന്നും അന്വേഷണ സംഘത്തിന് ലഭിച്ചില്ല. ജോലിക്കാരില്‍ നിന്നും തങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ തങ്കച്ചിയും കുടുംബവും മറച്ചു വച്ചിരുന്നു. തിരുവനന്തപുരം സ്വദേശിയാണെന്നും സിന്ധുവെന്ന പേരും ഇവര്‍ക്കുണ്ടെന്നും പ്രായം നാല്‍പ്പതിനും നാല്‍പ്പത്തിയഞ്ചിനും ഇടയിലാണെന്നുമൊക്കെയുള്ള വിവരങ്ങള്‍ മാത്രമാണ് കിട്ടിയത്.

വന്‍കിടക്കാരുമായി ഉണ്ടാക്കിയിരുന്ന ബന്ധം തങ്കച്ചിക്ക് രക്ഷയായിരുന്നു. കൊല്‍ക്കത്ത തങ്കച്ചി എന്ന പേരിലായിരുന്നു ഇവര്‍ ബിസിനസ് ലോകത്ത് അറിയപ്പെട്ടിരുന്നതെന്നും പറയുന്നു. വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കും ആനക്കൊമ്പുകള്‍ എത്തിച്ചു കൊടുക്കുന്നതില്‍ തങ്കച്ചി ഇടനിലക്കാരിയായി നിന്നിരുന്നു. ഇതുവഴിയാണ് പല വമ്പന്മാരുമായി ബന്ധം സ്ഥാപിക്കുന്നതും. കൊല്‍ക്കത്തയിലായിരുന്നു വര്‍ഷങ്ങളായി ഇവര്‍ കേന്ദ്രീകരിച്ചിരുന്നത്. ഉമേഷ് അഗര്‍വാള്‍ ഇവരുടെ പ്രധാന വ്യാപര സുഹൃത്തായിരുന്നു. വിദേശ മാര്‍ക്കറ്റുകളിലേക്ക് അനക്കൊമ്പുകളും ശില്‍പ്പങ്ങളും കയറ്റിയയ്ക്കുന്നതില്‍ ഇവര്‍ ഒരുമിച്ചുണ്ടായിരുന്നുവെന്നും പറയുന്നു.

തങ്കച്ചി, സുധീഷ് ചന്ദ്രബാബു എന്നിവരുടെ അറസ്റ്റ് ആനവേട്ടയുമായും ആനക്കൊമ്പ് വ്യാപരവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ കിട്ടുന്നതിനു സഹായകമാകുമെന്ന വിശ്വാസത്തിലാണ് അന്വേഷണ സംഘം. ഇതിനിടയില്‍ ഈ കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ തന്നെ നടന്നിരുന്നതായും ആരോപണമുണ്ട്. ചില ഉന്നതന്മാര്‍ ഈ കേസില്‍ ഉള്‍പ്പെടുമെന്ന ഭയമാണ് കേസ് അട്ടിമറിക്കാന്‍ കാരണമെന്നു പറയുന്നു. ആനവേട്ടയിലെ മുഖ്യപ്രതി വാസുവിന്റെ ദുരൂഹ മരണവും ഇതിനോട് ചേര്‍ത്തു വായിക്കാമെന്നും പറയുന്നുണ്ട്. ഇത്രയധികം ആനകള്‍ കൊലപ്പെട്ടിട്ടും സുഗമമായി ആനവേട്ടക്കാര്‍ കാട്ടിലൂടെ വിലസിയിട്ടും വനപാലകര്‍ അറിഞ്ഞതേയില്ലെന്നതും പല സംശയങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ഉദ്യോഗസ്ഥരുടെ മൂക്കിനു താഴെ എന്ന നിലയിലാണ് ആനകള്‍ വെടിയേറ്റ് കൊല്ലപ്പെട്ടുകൊണ്ടിരുന്നത്.

പ്രധാനപ്രതികള്‍ പിടിയിലായിട്ടും കേസിന്റെ വിചാരണ എന്നു തുടങ്ങുമെന്ന കാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല. മൂവായിരത്തിലധികം പേജുകളുള്ള കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. തങ്കച്ചി അടക്കമുള്ളവര്‍ പിടിയിലായ സാഹചര്യത്തില്‍ കുറ്റപത്രത്തില്‍ മാറ്റം വരുത്തുമോ പുതിയ കുറ്റപത്രം സമര്‍പ്പിക്കുമോ എന്നുള്ള കാര്യങ്ങളിലൊന്നും വ്യക്തതയും വന്നിട്ടില്ല. കേരളത്തിലെ ഏറ്റവും വലിയ ഈ ആനവേട്ട കേസിന്റെ ഭാവി എന്താകുമെന്ന ആകാംക്ഷ ഇപ്പോഴും ബാക്കി നില്‍ക്കുകയാണ്. ഒപ്പം ആരൊക്കെ ഈ കച്ചവടത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന പുതിയ വിവരങ്ങള്‍ അറിയാനും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍