UPDATES

എടപ്പാള്‍ തിയേറ്റര്‍ പീഡനം; ആരുമറിയാതെ പോകുമായിരുന്ന ആ ക്രൂരത പുറത്തു കൊണ്ടുവന്നതിന് ധന്യയോടും ശിഹാബിനോടും നന്ദി പറയാം

ധന്യയുടേയും ശിഹാബിന്റെയും ആഴ്ചകളോളമുള്ള നിരന്തരമായ പരിശ്രമങ്ങളുടേയും അപേക്ഷകളുടേയും സമ്മര്‍ദ്ദത്തപ്പെടുത്തലുകളുടേയും ഫലമാണ് പ്രതികളെ നിയമത്തിന്റെ പിടിയില്‍ അകപ്പെടുത്തിയത്‌

മലപ്പുറം എടപ്പാളില്‍ സിനിമാ തിയേറ്ററില്‍ വച്ച് ബാലികയോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതികളെ പോലീസ് പിടികൂടി കോടതിയില്‍ ഹാജരാക്കി. അതിക്രമം നടത്തിയ തൃത്താല സ്വദേശിയും വ്യവസായിയുമായ കണ്‍കുന്നത്ത് മൊയിതീന്‍കുട്ടിയ്ക്കും, ഇയാളുടെ പ്രവൃത്തിക്ക് കൂട്ടുനിന്നു എന്ന് കണക്കാക്കപ്പെടുന്ന പെണ്‍കുട്ടിയുടെ അമ്മയ്ക്കുമെതിരെ പോലീസ് പോക്‌സോ കേസ് പ്രകാരം കേസെടുത്തു. പോസ്‌കോ ആക്ട് ഒമ്പത്, പത്ത്, 16 സെക്ഷന്‍ പ്രകാരവും ജുവനൈല്‍ ജസ്റ്റിസ് ആക്ട് സെക്ഷന്‍ 75 പ്രകാരവുമാണ് കേസെടുത്തിട്ടുള്ളത്. ഇത് ഞായറാഴ്ച ഒറ്റ ദിവസത്തിനുള്ളില്‍ നടന്ന കാര്യം. എന്നാല്‍ പോലീസ് അലംഭാവത്തോടെ കൈകാര്യം ചെയ്ത ഈ കേസ് ഇവിടം വരെ എത്തിച്ചത് രണ്ട് പേരുടെ നിശ്ചയദാര്‍ഢ്യത്തോടെയുള്ള ഇടപെടലുകളാണ്. പോക്‌സോ കേസുകളില്‍ തെളിവുകള്‍ക്കായി പരതുന്ന പോലീസിനേയും അന്വേഷണ സംഘങ്ങളേയുമാണ് സാധാരണ കാണാറ്. എന്നാല്‍ ബാലിക തിയേറ്ററിനുള്ളില്‍ ലൈംഗികാതിക്രമത്തിനിരയാവുന്നതിന്റെ വ്യക്തമായ തെളിവുകളാണ് ഇന്നലെ വാര്‍ത്താചാനല്‍ വഴി പുറത്തുവിട്ടത്. ആ തെളിവുകളാണ് പ്രതിയെ/പ്രതികളെ വീഴ്ത്തിയത്. ആ തെളിവുകള്‍ ശേഖരിക്കുന്നത് മുതല്‍ അത് ചാനലിലൂടെ പുറത്തുവിടുന്നത് വരെയുള്ള കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയ രണ്ട് പേരുണ്ട്. അവരുടെ ആഴ്ചകളോളമുള്ള നിരന്തരമായ പരിശ്രമങ്ങളുടേയും അപേക്ഷകളുടേയും സമ്മര്‍ദ്ദത്തപ്പെടുത്തലുകളുടേയും ഫലമാണ് ഞായറാഴ്ച സംഭവിച്ചത്. സ്‌കൂള്‍ കൗണ്‍സിലറായ ധന്യ ആബിദ്, ചൈല്‍ഡ് ലൈന്‍ ജില്ലാ വൈസ് കോര്‍ഡിനേറ്ററായ ശിഹാബ് ഇവരാണ് ഒരുപക്ഷേ ആരുമറിയാതെ ഒതുക്കിത്തീര്‍ത്തേക്കാമായിരുന്ന, തേഞ്ഞിമാഞ്ഞ് പോയേക്കാമായിരുന്ന ഒരു കേസിനെ നടപടികളിലേക്കെത്തിച്ച ആ രണ്ടുപേര്‍.

ഏപ്രില്‍ 18നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. എടപ്പാളിലെ തിയേറ്ററിലെ ജീവനക്കാരനാണ് സംഭവം ആദ്യം ശ്രദ്ധയില്‍ പെടുന്നത്. അയാള്‍ അത് തിയേറ്റര്‍ അധികൃതരെ അറിയിച്ചു. എന്നാല്‍ അതില്‍ ഏതെങ്കിലും തരത്തില്‍ നടപടികളുമായി മുന്നോട്ട് പോവണോ വേണ്ടയോ എന്ന് തിയേറ്റര്‍ മാനേജ്‌മെന്റ് തീരുമാനത്തിലെത്തിയില്ല. ഈ സാഹചര്യത്തിലാണ് ഒരാള്‍ സുഹൃത്തായ സ്‌കൂള്‍ കൗണ്‍സിലര്‍ ധന്യ ആബിദിനെ ഈ വിഷയം അറിയിക്കുന്നത്. പിന്നീടുള്ള കാര്യങ്ങള്‍ ധന്യ പറയുന്നു ‘ എന്റെ ഒരു സുഹൃത്ത്, അയാളുടെ പേര് പറയാന്‍ നിര്‍വ്വാഹമില്ല, ആണ് ഈ വിവരം വിളിച്ചുപറയുന്നത്. ഏപ്രില്‍ 21ന്. തിയേറ്ററുകാരുടെ കയ്യില്‍ വിഷ്വല്‍ ഉണ്ട്, എന്നാല്‍ അവര്‍ അത് റിപ്പോര്‍ട്ട് ചെയ്യുന്നില്ല എന്നായിരുന്നു എനിക്ക് അയാള്‍ നല്‍കിയ വിവരം. യഥാര്‍ഥത്തില്‍ അത് എന്റെ ഏരിയ അല്ല. മാറഞ്ചേരി പഞ്ചായത്തിന് കീഴിലുള്ള പ്രദേശങ്ങളാണ് എന്റെ പരിധിയില്‍ വരുന്നത്. ഇത് അവിടെ നിന്ന് ഏഴെട്ട് കിലോമീറ്റര്‍ മാറി കുറ്റിപ്പുറം നിയോജക മണ്ഡലത്തിലാണ് സംഭവിക്കുന്നത്. പക്ഷെ ഒരു കുട്ടി ആ അവസ്ഥയില്‍ പെട്ടു എന്ന് കേള്‍ക്കുമ്പോള്‍ ഈ പരിധികളൊന്നും എന്റെ മുന്നില്‍ വിഷയമാവില്ല. പക്ഷെ സ്‌കൂള്‍ കൗണ്‍സിലറായ എനിക്ക് തനിച്ച് ചെന്ന് തിയേറ്ററുകാരോട് ആ വിഷ്വല്‍ ആവശ്യപ്പെടാനോ മറ്റ് വിവരങ്ങള്‍ അന്വേഷിക്കാനോ കഴിയില്ല. അങ്ങനെയാണ് പൊന്നാനിയിലെ ചൈല്‍ഡിലൈന്‍ കോര്‍ഡിനേറ്റര്‍ ശിഹാബിനെ ഞാന്‍ ബന്ധപ്പെടുന്നത്. ഞങ്ങള്‍ ഇരുവരും തിയേറ്ററിലെത്തി. എന്നാല്‍ അവര്‍ വിഷ്വല്‍ തരാന്‍ ആദ്യം തയ്യാറായില്ല. കേസും നടപടികളുമായി പോയാല്‍ ബിസിനസിനെ ഏതെങ്കിലും തരത്തില്‍ അത് ബാധിക്കുമോ എന്നുള്ളതായിരുന്നു അവരുടെ ചിന്ത. കുടുംബങ്ങള്‍ വരുന്ന തിയേറ്ററാണ്, കേസ് ആയാല്‍ അവരുടെ ഇമേജിന് പ്രശ്‌നമുണ്ടാക്കുമോ എന്നൊക്കെയായിരുന്നു ആകുലതകള്‍. അതില്‍ തെറ്റ് പറയാനും പറ്റില്ല. ആ വിഷ്വല്‍ അവര്‍ ഞങ്ങള്‍ക്ക് കാട്ടിത്തന്നു. സത്യത്തില്‍ ആ കുട്ടിയെ ഉപദ്രവിക്കുന്നയാളെ തലക്കടിച്ച് കൊല്ലാനാണ് ആദ്യം തോന്നിയത്. കാരണം അത്രയും മോശമായ, ഒരു കുഞ്ഞിനോട് ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തതാണ് അയാള്‍ ചെയ്തത്. അത് കണ്ടപ്പോള്‍ അടുത്തിരുന്ന സ്ത്രീ അയാളുടെ രണ്ടാം ഭാര്യയായിരിക്കുമെന്നാണ് ആദ്യത്തെ ചിന്ത പോയത്. അങ്ങനെയാണെങ്കില്‍ ആ കുട്ടി നിരന്തരമായി അതിക്രമത്തിനിരയാവുമല്ലോ എന്ന തോന്നലുമുണ്ടായി. എങ്ങനേയും ആ കുട്ടിയെ കണ്ടെത്തി രക്ഷിക്കുക എന്ന ഉദ്ദേശം മാത്രമേയുണ്ടായിരുന്നുള്ളൂ. അയാളുടെ രണ്ടാം ഭാര്യയുടെ മകളാണെങ്കില്‍ അയാളെ കണ്ടെത്തിയാല്‍ കുട്ടിയെ കണ്ടെത്താമെന്നായിരുന്നു ചിന്ത. തിയേറ്റര്‍ അധികൃതര്‍ വിഷ്വല്‍ തരാന്‍ വിസമ്മതിച്ചപ്പോഴും ഇയാളുമായി ബന്ധപ്പെട്ട മറ്റ് ഡീറ്റെയില്‍സ് അവരില്‍ നിന്ന് കിട്ടുമോ എന്നതായി അടുത്ത ശ്രമം. അതില്‍ അവര്‍ പൂര്‍ണമായും സഹകരിച്ചു. അയാളുടെ കാറിന്റെ നമ്പര്‍ കൃത്യമായി തിയേറ്ററില്‍ നിന്ന് ലഭിച്ചു. ആ നമ്പര്‍ കേന്ദ്രീകരിച്ച് ഞങ്ങള്‍ പലവഴി അന്വേഷണം നടത്തി.

കാര്‍ രജിസ്‌ട്രേഷന്‍ തൃത്താല സ്വദേശി മൊയ്തീന്‍കുട്ടിയുടെ പേരിലായിരുന്നു. അവിടെ നിന്നാണ് അന്വേഷണം ആരംഭിച്ചത്. ആ പേരില്‍ ഫേസ്ബുക്കില്‍ തിരഞ്ഞപ്പോള്‍ മറ്റ് ചില വിവരങ്ങളും ലഭിച്ചു. അതില്‍ നിന്ന് ആ കുട്ടി ഇയാളുടെ സ്വന്തത്തിലോ ബന്ധത്തിലോ പെട്ടതല്ല എന്ന് തിരിച്ചറിഞ്ഞു. അതോടെ ആധി ഇരട്ടിച്ചു. കാരണം അയാളെ കണ്ടെത്തിയാലും ആ കുട്ടിയെ കണ്ടെത്താന്‍ കഴിയുമോ എന്നതായിരുന്നു സംശയം. എന്നാലും തൃത്താലയിലെ സ്‌കൂള്‍ കൗണ്‍സിലര്‍മാരും അങ്കനവാടി വര്‍ക്കര്‍മാരും വഴി മൊയ്തീന്‍കുട്ടിയെക്കുറിട്ട് അന്വേഷിച്ചു. തൃത്താലയിലെ പെട്രോള്‍ പമ്പിന് സമീപത്തായാണ് അയാളുടെ വീട് എന്നത് വരെയുള്ള വിവരങ്ങള്‍ ലഭിച്ചു. അതോടെ വിഷ്വല്‍ ലഭിക്കാനായി വീണ്ടും തിയേറ്റര്‍ മാനേജ്‌മെന്റിനെ സമീപിച്ചു. കുട്ടിയെ രക്ഷിക്കേണ്ടത് ആവശ്യമാണെന്നുള്ള കാര്യം അവരെ ശ്രമപ്പെട്ടാണെങ്കിലും ബോധ്യപ്പെടുത്താനായി. തിയേറ്ററില്‍ നിന്ന് വിഷ്വല്‍ കോപ്പി ചെയ്ത് ഞങ്ങള്‍ പോരുകയും ചെയ്തു. അങ്ങനെ ആദ്യഘട്ടം വിജയിച്ചു. വിഷ്വല്‍ ഞങ്ങളുടെ കയ്യില്‍ കിട്ടുന്നത് 25നാണ്. 26ന് നേരെ പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി. സ്‌കൂള്‍ കൗണ്‍സിലര്‍ എന്ന നിലയില്‍ എനിക്ക് നിയമപരമായി പരാതി നല്‍കാനാവില്ല. കാരണം ഞങ്ങള്‍ക്ക് കിട്ടുന്ന വിവരങ്ങള്‍ കോണ്‍ഫിഡന്‍ഷ്യല്‍ ആയിരിക്കണമെന്നാണ്. എന്നാല്‍ ചൈല്‍ഡിലൈനിന് പരാതി നല്‍കാം. ശിഹാബാണ് പരാതി നല്‍കിയത്. പോസ്‌കോ കേസ് കൊടുക്കുന്ന ഒരു ഫോമുണ്ട്. അതില്‍ ഇരയുടെ പേരോ, വിവരങ്ങളോ എഴുതണം. പക്ഷെ ഞങ്ങള്‍ക്ക് കുട്ടിയെ അറിയില്ല. അറിഞ്ഞിരുന്നെങ്കില്‍ ആ കുട്ടിയെ രക്ഷപെടുത്തി, അവളുടെ വിവരങ്ങളും ചേര്‍ത്തേ പരാതി നല്‍കാന്‍ ചെല്ലുമായിരുന്നുള്ളൂ. അവസാനം ഇരയുടെ പേര് എഴുതേണ്ട ഭാഗത്ത് പ്രതിയുടെ പേരെഴുതി, മൊയ്തീന്‍കുട്ടി. അയാളെക്കുറിച്ച് ഞങ്ങള്‍ക്ക് ലഭ്യമായ വിവരങ്ങളും പോലീസിന് കൈമാറി. കൂട്ടത്തില്‍ തിയേറ്ററില്‍ നിന്ന് ലഭിച്ച വിവരങ്ങളും. 24 മണിക്കൂര്‍ ഞങ്ങള്‍ കാത്തു. പക്ഷെ കേസെടുത്തില്ല. ഓരോ തവണയും ഓരോ കാരണങ്ങള്‍ പറഞ്ഞ് പോലീസ് വഴുതി മാറി. അധിക കാലം ആ വിഷ്വല്‍ ഞങ്ങളുടെ കയ്യില്‍ മാത്രമിരിക്കുന്നത് ശരിയല്ല എന്നറിഞ്ഞുകൊണ്ട് ചൈല്‍ഡ് ലൈന്‍ ജില്ലാ ഓഫീസിലേക്ക് അത് കൈമാറി.’

പിന്നീട് ആഴ്ചകളോളം ശിഹാബും ധന്യയും പോലീസ് നടപടിക്കായി കാത്തുനിന്നു. എന്നാല്‍ ഒരനക്കവുമുണ്ടായില്ല. പ്രതിയെ സംബന്ധിച്ച് മുഴുവന്‍ വിവരങ്ങളും ലഭ്യമാക്കിയിട്ടും പോലീസ് കേസെടുക്കാന്‍ പോലും തയ്യാറായില്ല. കേസ് നല്‍കിയിട്ട് ഒരു മാസത്തോടടുക്കുമ്പോള്‍ ഇനിയും പോലീസില്‍ നിന്ന് നീതിക്കായി കാത്തിരിക്കുന്നതില്‍ അര്‍ഥമില്ലെന്ന് ഇരുവര്‍ക്കും ബോധ്യപ്പെട്ടു. വൈകുന്ന ഓരോ നിമിഷവും ആ പെണ്‍കുട്ടിയുടെ ജീവിതം അപകടത്തില്‍ നിന്ന് അപകടത്തിലേക്ക് അടുക്കുകയാണെന്ന് തോന്നല്‍ വന്നതോടെ വിഷ്വല്‍ പുറത്തുവിടാന്‍ ചൈല്‍ഡ്‌ലൈന്‍ അധികൃതരെ നിര്‍ബന്ധിക്കുക എന്ന മാര്‍ഗമാണ് ധന്യയും ശിഹാബും തിരഞ്ഞെടുത്തത്. ചൈല്‍ഡ്‌ലൈന്‍ വൈസ് കോര്‍ഡിനേറ്റര്‍ ശിഹാബ് പറയുന്നു ‘ ഒരു പെണ്‍കുട്ടിയെ അതിക്രമിക്കുന്നതിന്റെ തെളിവ് കയ്യിലുണ്ട്. ആ പെണ്‍കുട്ടി പ്രതിയായ ആളുടെ ആരുമല്ലെന്നും മനസ്സിലായി. എല്ലാ തെളിവുകളും ഞങ്ങള്‍ പോലീസിന് നല്‍കുകയും ചെയ്തു. അയാളെ കണ്ടെത്തി അറസ്റ്റ് ചെയ്യുക എന്ന ജോലി മാത്രമേ പോലീസിനുള്ളൂ. പക്ഷെ അതിന് അവര്‍ തയ്യാറായില്ല. ഞങ്ങള്‍ ആഴ്ചകളോളം കാത്തിരുന്നിട്ടും പ്രതികരണമുണ്ടാവാതിരുന്നതോടെ വിഷ്വല്‍ പുറത്തുവിടാന്‍ തീരുമാനിക്കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ ജില്ലാ അധികൃതരെ അക്കാര്യം ബോധ്യപ്പെടുത്തി. അവര്‍ തന്നെ ആ വിഷ്വല്‍ ചാനലിന് നല്‍കി. അങ്ങനെയാണ് സംഭവം പുറത്താവുന്നത്. എല്ലാ കേസുകളോടും പോലീസിന്റെ അപ്രോച്ച് ഇങ്ങനെയാണെന്ന് ഇതിലൂടെ പറയാനും പറ്റില്ല. ഇതിലും ക്രൂരമായ പീഡനങ്ങള്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. ചിലപ്പോള്‍ പോലീസ് വളരെ കാര്യക്ഷമമായി ഇടപെടും. ചിലപ്പോള്‍ വളരെ മോശം സമീപനമായിരിക്കും. പക്ഷെ ഈ കേസില്‍ ആ പെണ്‍കുട്ടിയെ രക്ഷിക്കുക എന്നതില്‍ കവിഞ്ഞ് ഞങ്ങളുടെ മുന്നില്‍ ഒരു ലക്ഷ്യവുമില്ലായിരുന്നു. അത് സാധിച്ചു.’

മൊയ്തീന്‍കുട്ടിമാരെ രക്ഷിക്കാന്‍ ശ്രമിക്കുന്ന പഞ്ചായത്ത് പ്രസിഡന്റുമാരും പോലീസും; റാന്നി പീഡനത്തിന്റെ ഞെട്ടിക്കുന്ന വാര്‍ത്ത

വീഡിയോ ദൃശ്യങ്ങളില്‍ കണ്ട സ്ത്രീ കുട്ടിയുടെ അമ്മയാണെന്ന് പോലീസ് പിടിയിലായ മൊയ്തീന്‍കുട്ടിയാണ് പോലീസിനോട് പറയുന്നത്. പിന്നീട് കുട്ടിയുടെ അമ്മയുടെ അറിവോടെയാണ് സംഭവം നടന്നിരിക്കുന്നതെന്ന് തിരിച്ചറിഞ്ഞ് അവര്‍ക്കെതിരെയും പോക്‌സോ ചുമത്തിയതായി പോലീസ് പറയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ശിഹാബിനും ധന്യക്കും രണ്ട് അഭിപ്രായമാണുള്ളത്. ആ വീഡിയോ ദൃശ്യങ്ങള്‍ കാണുമ്പോള്‍ മൊയ്തീന്‍കുട്ടി പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നത് അമ്മ കണ്ടിട്ടും ശ്രദ്ധയില്‍ പെടാത്തതായി ഇരിക്കുകയാണെന്ന് വ്യക്തമാവുമെന്നാണ്് ശിഹാബിന്റെ അഭിപ്രായം. അത്തരത്തില്‍ അമ്മയുടെ അറിവോടെ പീഡനം നടത്തുന്ന സാഹചര്യത്തില്‍ പെണ്‍കുട്ടി ഒരിക്കലും സുരക്ഷിതയല്ലെന്നും ശിഹാബ് പറയുന്നു. മൊയ്തീന്‍കുട്ടിയുമായി തനിക്ക് ബന്ധമുണ്ടായിരുന്നെങ്കിലും മകളെ അയാള്‍ ഉപദ്രവിക്കുന്ന കാര്യം അറിഞ്ഞിരുന്നില്ലെന്നാണ് കുട്ടിയുടെ അമ്മ പോലീസിന് മൊഴി നല്‍കിയത്. ഇത് സത്യമാവാനേ തരമുള്ളൂ എന്നാണ് ധന്യയുടെ അഭിപ്രായം ‘ ആ വിഷ്വല്‍ കണ്ടപ്പോള്‍ എനിക്ക് തോന്നിയതും ആ സ്ത്രീ ഇയാള്‍ മകളോട് കാണിക്കുന്നത് അറിഞ്ഞിരുന്നില്ല എന്ന് തന്നെയാണ്. കാരണം പേഴ്‌സണലായ മൊമെന്റ്‌സ് ആസ്വദിക്കുന്ന ആ സ്ത്രീ തന്നെ അയാള്‍ ചെയ്യുന്നത് കുട്ടി കാണണ്ട എന്ന ഉദ്ദേശത്തോടെയാണ് അയാള്‍ക്കപ്പുറത്തെ സീറ്റിലേക്ക് അവളെ ഇരുത്തിയതെന്നാണ് ഞാന്‍ കരുതുന്നത്. തിയേറ്ററില്‍ കടുത്ത ഇരുട്ടായിരിക്കും. ഫ്രണ്ട് സീറ്റിലോ ബാക്ക് സീറ്റിലോ ഇരിക്കുന്നവര്‍ക്ക് ഇതൊന്നും കാണാന്‍ പറ്റില്ല. അവര്‍ ഇരുന്ന സീറ്റിന് തൊട്ട് മുകളിലായി സിസിടിവി സ്ഥാപിച്ചിരുന്നത് കൊണ്ടാണ് നമുക്ക് വിഷ്വല്‍ അത്ര ക്ലാരിറ്റിയോടെ കാണാന്‍ സാധിക്കുന്നത്. ഒരുപക്ഷേ അടുത്തിരിക്കുന്നയാള്‍ക്ക് പോലും അത് കാണാന്‍ സാധിച്ചുകൊള്ളണമെന്നില്ല. ഇന്നലെ ആ വിഷ്വല്‍ ചാനലിലൂടെ പുറത്തുവരുന്ന സമയത്താണ് ആ സ്ത്രീ പോലും അത് കണ്ടിരിക്കുക, അറിഞ്ഞിരിക്കുക എന്നാണ് എന്റെ വിശ്വാസം. ആ സ്ത്രീ വല്ലാത്ത പ്ലഷര്‍ മൊമന്റിലായിരുന്നു. അതിനിടയില്‍ അവര്‍ കുട്ടിയെ ശ്രദ്ധിച്ചിരിക്കില്ല. അതിനിടെ ഇന്റര്‍വല്‍ സമയത്ത് അയാള്‍ കുട്ടിയുമായി പുറത്ത് വന്ന് അവള്‍ക്ക് സ്‌നാക്‌സ് വാങ്ങി നല്‍കുന്നുണ്ട്. തിരികെ വന്ന് അതിന് മുമ്പത്തെ പ്രവര്‍ത്തികള്‍ അയാള്‍ തുടരുന്നുമുണ്ട്. കുട്ടിയുടെ മുഖഭാവത്തില്‍ നിന്ന് എന്തോ കളിയായി ചെയ്യുന്നതാണന്നേ ബോധ്യമാവൂ. ഇയാള്‍ ഇടക്ക് തലചരിച്ച് അവളുടെ അടുത്തേക്ക് ചെല്ലുമ്പോള്‍ കുട്ടി ചിരിക്കുന്നുമുണ്ട്. അത്രയുമേ ആ സ്ത്രീയും കരുതിക്കാണൂ. അല്ലാതെ കുട്ടിയെ ഉപദ്രവിക്കുകയാണെന്ന തോന്നല്‍ അവര്‍ക്കില്ലായിരുന്നു. മനപ്പൂര്‍വ്വം കുട്ടിയെ ഇയാള്‍ക്ക് കൊണ്ടക്കൊടുത്തതാണെന്ന് ആ വിഷ്വല്‍ കണ്ട ഒരു സ്ത്രീയെന്ന നിലയില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. പക്ഷെ അവര്‍ തെറ്റുകാരിയാണ്. അവര്‍ക്ക് വേറെയും മക്കളുണ്ടെന്ന് പോലീസ് പറയുന്നു. ഇയാളുടെ കൂടെ സിനിമ കാണാന്‍ വരണമെങ്കില്‍ ആ കുട്ടിയെയും അതിനിടയിലേക്ക് കൊണ്ടുവരേണ്ടതില്ലായിരുന്നു. മറ്റ് മക്കളുടെ കൂടെ നിര്‍ത്തിയിട്ട് വന്നാല്‍ മതി. കൊണ്ടുവന്നെങ്കില്‍ അതിനനുസരിച്ച് ശ്രദ്ധിക്കാനും കഴിയണമായിരുന്നു.’

തന്റെ കയ്യിലെത്തുന്ന ഒരു കേസും വെറുതെ വിടാറില്ലെന്ന് ധന്യ പറയുന്നു. എത്ര കേസുകള്‍ വന്നാലും ഓരോ കുട്ടിയും സുരക്ഷിതരായി ജീവിക്കുന്നു എന്ന് ഉറപ്പു വുത്താതെ താന്‍ വിശ്രമിക്കാറുമില്ല. എല്ലാ കേസുകളും ഫോളോഅപ് ചെയ്യാറുമുണ്ട്. അതുകൊണ്ട് തന്നെ വിഷ്വല്‍ പുറത്തുവിട്ടില്ലെങ്കില്‍ താന്‍ നിയമപരമായി മുന്നോട്ട് പോകുമെന്ന് ഉറപ്പായതോടെയാണ് ചൈല്‍ഡ്‌ലൈന്‍ അധികൃതരും സഹകരിച്ചതെന്നും ധന്യ പറയുന്നു.

അഡ്വ. രഹനാസ് ഇപ്പോള്‍ അതിജീവനത്തിന്റെ മറ്റൊരു പേരാണ്

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍