UPDATES

എം ബി സന്തോഷ്

കാഴ്ചപ്പാട്

എം ബി സന്തോഷ്

ന്യൂസ് അപ്ഡേറ്റ്സ്

പഠിക്കുന്ന കുട്ടികള്‍ക്കെന്തിന് പാഠപുസ്തകം?

ഒരു തോണിക്കാരന്റെ കഥ കേട്ടിട്ടുണ്ട്. തോണിക്കാരന്‍ യാത്രക്കാരുടെ കണങ്കാല്‍ നനയത്തക്കവിധത്തിലെ കടവില്‍ ഇറക്കിവിട്ടിരുന്നുള്ളൂ. തോണിക്കാരന്‍ മരിച്ചപ്പോള്‍ ഇനി കണങ്കാല്‍ നനയാതെ കരക്കിറങ്ങാമല്ലോ എന്നായിരുന്നു യാത്രക്കാര്‍ ആശ്വസിച്ചത്. എന്നാല്‍, അടുത്ത തോണിക്കാരന്‍ യാത്രക്കാരെ ഇറക്കിവിട്ടത് മുട്ടോളം വെള്ളത്തിലാണ്.

ഇതിപ്പോള്‍, ഓര്‍ക്കാന്‍ കാരണം ‘രണ്ടാം മുണ്ടശ്ശേരി’ എന്നൊക്കെ പരിഹസിച്ചുവിളിച്ച എം.എ.ബേബി എന്ന കഴിഞ്ഞ സര്‍ക്കാരിന്റെ വിദ്യാഭ്യാസമന്ത്രി എന്ത് ഭേദമായിരുന്നു എന്ന് തിരിച്ചറിയുന്നതിനാലാണ്. വളച്ചുകെട്ടിയുള്ള പ്രസംഗവും സംസാരവും ശീലമായാലേ ഒരു ‘സാംസ്‌കാരിക തലയെടുപ്പുണ്ടാവൂ’ എന്ന് ആരോ തെറ്റിദ്ധരിപ്പിച്ചതിന്റെ ചില്ലറ അസ്‌കിതകള്‍ ഉണ്ടെന്നതൊഴിച്ചാല്‍ ബേബി ഭരിച്ച കാലം കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന്റെ സുവര്‍ണ്ണകാലമെന്നൊന്നും വിശേഷിപ്പിക്കാനാവില്ലെങ്കിലും ഉറപ്പായി ശരാശരിക്കും മുകളില്‍ മാര്‍ക്ക് കൊടുക്കാവുന്നതാണെന്ന് നിഷ്പക്ഷമതികള്‍ സന്തോഷത്തോടെ സമ്മതിക്കും.

ഇപ്പോഴോ? മുഴുവന്‍ പാഠപുസ്തകങ്ങളും മാറിയ പത്താം ക്ലാസിലേതടക്കം സംസ്ഥാനത്തേക്ക് ഈ വര്‍ഷം ആവശ്യമായത് നാലുകോടിയിലേറെ പാഠപുസ്തകങ്ങളാണ്. അതില്‍ വിദ്യാഭ്യാസ വകുപ്പ് അധികൃതരുടെ കണക്കുപ്രകാരം നാലിലൊന്നേ പുതിയ വിദ്യാഭ്യാസ വര്‍ഷം തുടങ്ങിയ ജൂണ്‍ ഒന്നിന് സ്‌കൂളുകളിലെത്തിയിട്ടുള്ളൂ. കൃത്യമായി പറഞ്ഞാല്‍ 1,02,70,693 മാത്രമാണ് സ്‌കൂള്‍ സഹകരണസംഘങ്ങളുടെ പക്കലുള്ള പുസ്തകങ്ങള്‍. ബാക്കി പുസ്തകങ്ങള്‍ അടുത്തമാസം വിതരണം ചെയ്യുമെന്നാണ് സ്‌കൂള്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബ് പ്രഖ്യാപിച്ചത്.

കഴിഞ്ഞ വര്‍ഷവും അബ്ദുറബ്ബ് സാഹിബ് ഇങ്ങനെ തന്നെയായിരുന്നു. പ്രവേശനോത്സവ ഉദ്ഘാടന ചടങ്ങില്‍ ഒരു മാസത്തിനുള്ളില്‍ പാഠപുസ്തകങ്ങളുടെ വിതരണം പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ചു. ഫെബ്രുവരിവരെയും പാഠപുസ്തകവിതരണം പൂര്‍ത്തിയായില്ല. 

‘കടിക്കുന്ന പട്ടിക്കെന്തിനാ തല’ എന്ന് ഇടക്കിടെ ചോദിക്കുന്ന അസംബന്ധനാടകം മുമ്പ് കാണാനിടവന്നിട്ടുണ്ട്. അതുപോലെ ‘പഠിക്കുന്ന കുട്ടികള്‍ക്കെന്തിനാ പുസ്തകം’ എന്ന് ചോദിക്കേണ്ടി വന്നിരിക്കുകയാണ്. പാഠപുസ്തകമില്ലാതെ പഠിച്ചിട്ടുതന്നെ കുട്ടികള്‍ നൂറിനോടടുത്ത ശതമാനത്തിലാണ് പത്താം ക്ലാസ് ജയിക്കുന്നത്. അപ്പോള്‍ പാഠപുസ്തകം കൂടി ഉണ്ടായാലോ? വിജയശതമാനം നൂറ്റമ്പതോ ഇരുന്നൂറോ അക്കേണ്ടിവരും. എന്നുവച്ചാല്‍, ഉപ്പുമാവുണ്ടാക്കാന്‍ വരുന്നവരെയും കക്കൂസുള്ളിടങ്ങളില്‍ അത് കഴുകാനെത്തുന്നവരെയും ആ വഴി ആക്രി പെറുക്കാനെത്തുന്നവരെയും ജയിപ്പിച്ചാലും മതിയാവില്ല. അങ്ങനെ വരുമ്പോള്‍ എട്ടിലെയും ഒമ്പതിലേയും കുട്ടികളെയും പത്താം ക്ലാസില്‍ വിജയിപ്പിക്കേണ്ടിവരും!

ഈ സര്‍ക്കാര്‍ അധികാരമേറ്റ് നാലുവര്‍ഷം കഴിഞ്ഞിട്ടും പാഠപുസ്തകവിതരണം കൃത്യമായി നടത്താനാവുന്നില്ല എന്നു പറഞ്ഞാല്‍ അത് ആരുടെ പിഴവാണ്? ആദ്യവര്‍ഷം, മുന്‍സര്‍ക്കാരിന്റെ വീഴ്ച എന്നു പറഞ്ഞാല്‍ കുറേപ്പേര്‍ വിശ്വസിക്കും. പിന്നീടുള്ള മൂന്നുവര്‍ഷവും പാഠപുസ്തകവിതരണം കൃത്യമായി നടന്നില്ലെങ്കില്‍ അതിനുത്തരവാദി ആരായിരിക്കും? അബ്ദുറബ്ബ് സാഹിബിന്റെ മകന് പത്താം കഌസില്‍ പഠിക്കുമ്പോള്‍ പുസ്തകം കൃത്യമായി കിട്ടിയില്ലെങ്കില്‍ സന്തോഷത്തോടെ നിലകൊള്ളുമായിരുന്നോ? മക്കളെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ കാശുകൊടുത്ത് പി.ജി ബിരുദമെടുപ്പിക്കാന്‍ നെട്ടോട്ടമോടിയ ഈ മന്ത്രിക്ക് അണ്‍എയ്ഡഡ് സ്‌കൂളില്‍ അവരെ കേന്ദ്രസിലബസില്‍ പഠിപ്പിച്ചതിനാല്‍ പാവപ്പെട്ടവരുടെ വിഷമമവും വേവലാതിയും മനസ്സിലാവില്ല.

പാഠപുസ്തകം പെട്ടെന്ന് പൊട്ടിമുളക്കുന്ന കാര്യമല്ല. എല്ലാ വര്‍ഷവും മാര്‍ച്ച് അവസാനം സ്‌കൂള്‍ അടക്കുകയും ജൂണ്‍ ആദ്യം തുറക്കുകയും ചെയ്യും. ഒന്നാം ക്ലാസിലെ മൂന്നു ലക്ഷം ഉള്‍പ്പെടെ മുപ്പത്താറരലക്ഷം വിദ്യാര്‍ത്ഥികളാണ് പാഠപുസ്തകത്തിനായി കാക്കുന്നത്. ഇവര്‍ക്ക് ജൂണില്‍ പാഠപുസ്തകം എത്തിക്കാന്‍ നാലുവര്‍ഷമായിട്ടും കഴിയാത്ത ഒരു സര്‍ക്കാരിനെതിരെ ഒന്നും ചെയ്യാത്ത പ്രതിപക്ഷം കേരളീയ പൊതുസമൂഹത്തോട് ചെയ്യുന്നത് ക്രിമിനല്‍ കുറ്റമാണ്. 

പാഠപുസ്തക അച്ചടിപോലും അഴിമതിക്കുള്ള വകുപ്പാക്കി മാറ്റുകയാണിവിടെ. അത് അച്ചടിക്കാന്‍മാത്രം ഏറ്റവും അത്യാധുനിക യന്ത്രസംവിധാനങ്ങളുള്ള പ്രസ് പൊതുമേഖലയില്‍ ഉണ്ടായിട്ടും അത് പ്രയോജനപ്പെടുത്തുന്നില്ല. അവര്‍ക്ക് സമയത്തിന് അച്ചടിക്കരാര്‍ കൊടുക്കാത്തതെന്താണ്? അവര്‍ക്ക് പേപ്പര്‍ വാങ്ങി നല്‍കല്‍ എന്തുകൊണ്ട് സമയത്തിന് നടക്കുന്നില്ല? പേപ്പര്‍ വാങ്ങല്‍ അഴിമതിയുടെ ചാകരയാക്കിയവര്‍ വിദ്യാഭ്യാസ-സ്റ്റേഷനറി വകുപ്പുകളില്‍ കുറവല്ല. ഇത്തവണ അതിന്റെ വിഹിതം ധനവകുപ്പിന് കിട്ടിയില്ല. അതുകൊണ്ട് അവര്‍ ഉടക്കിട്ടു. സമയത്തിന് പാഠപുസ്തകം വിതരണം ചെയ്യാതിരിക്കാന്‍ ഒത്തുകളിച്ച വിദ്യാഭ്യാസ-ധന-സ്റ്റേഷനറി വകുപ്പധികൃതര്‍ ഇനി സ്വകാര്യമേഖലക്ക് മറിച്ചു കൊടുത്ത് പുസ്തകം അച്ചടിപ്പിക്കാന്‍ രംഗത്തിറങ്ങും. ഓര്‍ഡര്‍ കൊടുക്കുന്നതിന്റെ നാലിലൊന്നോ എട്ടിലെന്നോ അടിച്ചാല്‍ മതിയാവും. പരീക്ഷ തുടങ്ങുന്ന മാര്‍ച്ചില്‍ വിതരണം ചെയ്യുന്ന പാഠപുസ്തകത്തിന് എത്ര ആവശ്യക്കാരുണ്ടാവും? ആ ലാഭം എത്തേണ്ടിടത്തെത്തുമ്പോള്‍ അടുത്തവര്‍ഷവും സമയത്തിന് പുസ്തകം വിതരണം ചെയ്യാതിരിക്കാനുള്ള അജണ്ട അംഗീകരിക്കപ്പെടും!

ഒന്നാം ക്ലാസിലെ കുട്ടികള്‍ക്ക് ബാഗ്, കുട, പുസ്തകം എന്നിവയൊക്കെ സൗജന്യമാണ്. അതിനു പുറമേ എയ്ഡഡ് സ്‌കൂളിലെ മുഴുവന്‍ പെണ്‍കുട്ടികള്‍ക്കും ബി.പി.എല്‍, പട്ടിക വിഭാഗങ്ങളിലെ ആണ്‍കുട്ടികള്‍ക്കും സൗജന്യ യൂണിഫോം നല്‍കാനും തീരുമാനമുണ്ട്. രണ്ടുവര്‍ഷം മുമ്പ് സൗജന്യ യൂണിഫോം വിതരണം ചെയ്യാന്‍ തീരുമാനിച്ചത് കഴിഞ്ഞ വര്‍ഷംപോലും വിതരണം ചെയ്ത് തീര്‍ന്നില്ല! അന്ന് അതിന്റെ പേരിലുയര്‍ന്ന അഴിമതി ആരോപണങ്ങള്‍ക്ക് കണക്കില്ല. കോടികളുടെ ഈ ഇടപാടില്‍ തടിച്ചുകൊടുക്കുന്നവര്‍ വിദ്യാഭ്യാസവകുപ്പില്‍ കുറവല്ല. യഥാര്‍ത്ഥത്തില്‍ ഇതിന്റെ ആവശ്യമുണ്ടോ? യൂണിഫോമും ബാഗും കുടയും വാങ്ങാന്‍ നിവൃത്തിയില്ലാത്തവര്‍ക്ക് നല്‍കിയാല്‍ പോരേ? അത്്് നല്‍കിയേ തീരൂ എന്നാണെങ്കില്‍ മൊത്തം തുക വീതിച്ച് ഓരോ കുട്ടിക്കുമായി നല്‍കിയാലും മതിയാവുമല്ലോ. വിദ്യാഭ്യാസവകുപ്പിലെ വേതാളങ്ങള്‍ക്ക് അഴിമതി നടത്താനും ആ തുകയില്‍ കുറേ കീശയിലാക്കാനും കഴിയില്ല എന്നൊരു പോരായ്മ അതിനുണ്ട്.

ഇനി മറ്റൊരു കാര്യം-പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഗോപാലകൃഷ്ണഭട്ട് അവധിയിലാണ്. കാരണം, മന്ത്രിയുമായുള്ള അഭിപ്രായഭിന്നത. കഴിഞ്ഞ വര്‍ഷവും ഇതുപോലെ അദ്ദേഹം അവധിയെടുത്തു. മാറ്റാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതിനാല്‍ തുടരേണ്ടിവന്നു. ഡി.പി.ഐ കഴിഞ്ഞാല്‍ അഡീഷണല്‍ ഡി.പി.ഐ മുതല്‍ താഴോട്ടുള്ള അഞ്ചോളം സീനിയര്‍ ഉദ്യോഗസ്ഥര്‍ മേയ് 30, ഏപ്രില്‍ 31 തീയതികളില്‍ വിരമിച്ചു കഴിഞ്ഞു. ഇവരൊക്കെ ഈ തീയതികളില്‍ വിരമിക്കുമെന്ന് ഇവര്‍ ജോലിക്കു കയറിയപ്പോള്‍തന്നെ സര്‍ക്കാരിന് അറിയാവുന്നതാണ്. എന്നിട്ടും സ്‌കൂള്‍ വിദ്യാഭ്യാസവര്‍ഷം തുടങ്ങുന്ന ജൂണ്‍ ഒന്നിന് പ്രധാന ഉദ്യോഗസ്ഥ തസ്തികകളിലൊന്നും ആളില്ല. വിദ്യാഭ്യാസമേഖലയെ ആന കയറിയ കരിമ്പിന്‍ തോട്ടമെന്നു പറയുന്നതിനു പകരം ഇനി ‘ അബ്ദുറബ്ബ് ഭരിച്ച വിദ്യാഭ്യാസവകുപ്പ്’ എന്ന് മാറ്റിപ്പറയാം!

ഈയിടെ ഹൈക്കോടതി സുപ്രധാനമായൊരു വിധി പുറപ്പെടുവിച്ചു. എട്ടാം ക്ലാസുവരെ വിദ്യാര്‍ത്ഥികളെ തോല്‍പ്പിക്കരുത്. വിദ്യാര്‍ത്ഥി തോല്‍ക്കുകയാണെങ്കില്‍ അതുവരെ പഠിപ്പിച്ച സ്‌കൂളിന്റെ ഭാഗത്താണ് വീഴ്ച. ഒരു സ്വകാര്യ സ്‌കൂളിനെതിരാണ് വിധിയെങ്കിലും അത് കാമ്പുള്ള കാര്യമാണ്. ഇവിടെ, അദ്ധ്യാപകര്‍ എവിടെയെങ്കിലും വിലയിരുത്തപ്പെടുന്നുണ്ടോ?

പൊതുമേഖലാ, എയ്ഡഡ് സ്‌കൂളുകള്‍ എന്തുകൊണ്ട് പിന്തള്ളപ്പെടുന്നു? അവിടത്തെ പഠന നിലവാരം പിന്നിലാകുന്നതിന് കാരണമെന്താണ്? കനത്ത ശമ്പളം പറ്റുന്ന അദ്ധ്യാപകര്‍ അതിനനുസരിച്ച് ജോലി ചെയ്യുന്നില്ല എന്നതാണ് മുഖ്യകാരണം. സര്‍ക്കാര്‍ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും മക്കള്‍ സര്‍ക്കാര്‍- എയ്ഡഡ് സ്‌കൂളില്‍ മാത്രമേ പഠിക്കാവൂ എന്ന നിബന്ധന വന്നാല്‍ ഇവിടങ്ങളിലെ പഠന നിലവാരം കുതിച്ചുയരും. ഒരു സര്‍ക്കാര്‍ സ്‌കൂളിനെപ്പറ്റി ഉയര്‍ന്ന പരാതി ഇതാണ്-തൊട്ടടുത്തുള്ള അണ്‍ എയ്ഡഡ് ഇംഗഌഷ് മീഡിയം സ്‌കൂളില്‍ രക്ഷാകര്‍ത്താക്കളുടെ യോഗം വിളിച്ചാല്‍ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിപ്പിക്കാന്‍ ആളുണ്ടാവില്ല! മക്കളെ സ്വന്തം സ്‌കൂളില്‍ പഠിപ്പിക്കാന്‍ ആത്മവിശ്വാസമില്ലാത്ത ഈ അദ്ധ്യാപകര്‍ക്കാണ് നാം നികുതിപ്പണം മുടക്കി ഇല്ലാത്ത തസ്തികകളില്‍ സംരക്ഷണം നല്‍കുന്നത്. അദ്ധ്യാപകരുടെ മക്കളെ സര്‍ക്കാര്‍,എയ്ഡഡ് സ്‌കൂളുകളില്‍ പഠിപ്പിക്കണമെന്ന് എന്തുകൊണ്ടാണ് അദ്ധ്യാപക സംഘടനകള്‍ തീരുമാനമെടുക്കാത്തത്? ചോദ്യപേപ്പര്‍ അച്ചടിച്ചുകൊടുത്ത് പണമുണ്ടാക്കുകയും പിരിവുനടത്തുകയുമാണോ കേരളീയ വിദ്യാഭ്യാസമേഖലയിലെ അടിയന്തരാവശ്യം? അദ്ധ്യാപക സംഘടനകള്‍ ആത്മപരിശോധന നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അവര്‍ അതൊക്കെ ചെയ്തിട്ടുവരുമ്പോള്‍ റബ്ബ് പൊതുവിദ്യാഭ്യാസ മേഖലയെത്തന്നെ ‘റബ്’ ചെയ്ത് ഇല്ലാതാക്കുമോ എന്ന് കണ്ടറിയാം.

സ്വന്തം ജീവിതം വിദ്യാര്‍ത്ഥികള്‍ക്കായി സമര്‍പ്പിക്കുന്ന അദ്ധ്യാപകരുടെ തലമുറ ഇപ്പോഴും അന്യം നിന്നിട്ടില്ല. അവരില്‍ പ്രതീക്ഷ അര്‍പ്പിച്ച് ഈ കുറിപ്പ് അവര്‍ക്കായി സമര്‍പ്പിക്കുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

എം ബി സന്തോഷ്

എം ബി സന്തോഷ്

മാധ്യമ പ്രവര്‍ത്തകന്‍

More Posts

Follow Author:
TwitterFacebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍