UPDATES

ധന്യ അംബിക ലക്ഷ്മി

കാഴ്ചപ്പാട്

ധന്യ അംബിക ലക്ഷ്മി

ന്യൂസ് അപ്ഡേറ്റ്സ്

നമ്മുടെ കുട്ടികള്‍ക്ക് വേണ്ടത് ഈ അധ്യാപകരും ഈ വിദ്യാഭ്യാസവുമാണോ?

സ്മാര്‍ട്ട് ക്ലാസ്സ് റൂമുകള്‍ കേരളത്തിലെ പൊതുവിദ്യഭ്യാസ സ്ഥാപനങ്ങളിലെ പുത്തന്‍ പ്രവണതയാണ് . ഒരു കംമ്പ്യൂട്ടര്‍, ഓഡിയോ സിസ്റ്റം, രണ്ടോ മൂന്നോ ഏറിയാല്‍ പത്തോളം വിദ്യഭ്യാസ സി.ഡികള്‍, ഒരു ടെലിവിഷന്‍ സെറ്റ്. ഇത്രയുമായാല്‍ നമ്മുടെ വിദ്യാലയങ്ങള്‍ സ്മാര്‍ട്ടാകുമെന്നാണ് പൊതുധാരണ. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അത്ര സ്മാര്‍ട്ടാണോ നമ്മുടെ വിദ്യാലയങ്ങള്‍? മുകളിലെ ചോദ്യത്തിന് ഉത്തരം തിരഞ്ഞിറങ്ങുമ്പോള്‍ അതിനെ രണ്ട് രീതികളില്‍ സമീപിക്കണം. ഒന്നു ബോധതലത്തിലും രണ്ട് ബോധനതലത്തിലും; ചികഞ്ഞിറങ്ങിയാല്‍ രീതികള്‍ വളരെ രസകരമാണ്.

 

2006 കാലഘട്ടത്തില്‍ പത്രണ്ടാം ക്ലാസ്സ് മലയാളം പാഠപുസ്തകത്തിന്റെ പിന്‍കവറില്‍ വാന്‍ഗോഗിന്റെ പ്രശസ്തമായ സൂര്യകാന്തിപ്പൂക്കളുടെ ചിത്രമുണ്ടായിരുന്നു. അന്ന് ഒരിടത്തു നടന്ന ക്ലസ്റ്റര്‍ യോഗത്തില്‍ ഒരു മലയാളം അധ്യാപകന്‍ പറഞ്ഞ അഭിപ്രായം ഇങ്ങനെ: പൂക്കളുടെയൊക്കെ ചിത്രങ്ങള്‍ നല്കി സ്ഥലം കളയുന്നതിലും നല്ലത് മഹാകവികളുടെയോ അതല്ലെങ്കില്‍ പ്രശസ്ത നോവലുകളുടെയോ ചിത്രം നല്കുന്നതല്ലേ എന്നാണ്. ഇതാണ് നമ്മുടെ പൊതുവിദ്യാലയങ്ങളിലെ പൊതുവിലുള്ള അവസ്ഥ. പഠിച്ചെടുക്കേണ്ട ആകെ മേഖലകളുടെ ചുരുക്കെഴുത്തുകളോ സൂചനകളോ മാത്രമാണ് സിലബസുകള്‍ എന്നു തിരിച്ചറിയുന്നതിനു പകരം സിലബസുകളുടെ ഫ്രെയമിനുള്ളില്‍ കയറിക്കൂടി സേഫ് സോണില്‍ സുഖിച്ചിരിക്കുകയെന്നത് വിദ്യാഭ്യാസ മേഖലയില്‍ പേരുകേട്ട ഒരു സംസ്ഥാനത്തെ അധ്യാപക സമൂഹത്തിന് ഭൂഷണമാണോ? ആ അധ്യാപകര്‍ക്ക് മുന്‍പില്‍ സംശയം ചോദിക്കുന്ന വിദ്യാര്‍ത്ഥികള്‍ തെമ്മാടിക്കൂട്ടങ്ങളാകുകയും ക്ലാസ് മുറികളില്‍ അനവധി നിരവധി ‘സാള്‍ട്ട് മാംഗോ ട്രീ’കള്‍ മുളച്ചു പൊന്തുകയും ചെയ്യുന്നു.

 

2009-ല്‍ കേരളത്തിലെ സര്‍വ്വകലാശാലകളില്‍ ക്രഡിറ്റ് – സെമസ്റ്റര്‍ സമ്പ്രദായം തിടുക്കത്തില്‍ നടപ്പിലാക്കിയപ്പോള്‍ സംഭവിച്ച പാളിച്ചകള്‍ അന്നേ ചര്‍ച്ചയായതാണല്ലോ. ഹയര്‍സെക്കണ്ടറി പോയിട്ട് ഹൈസ്‌കൂള്‍ കുട്ടികള്‍ക്ക് എഴുതാവുന്നതിനേക്കാള്‍ നിലവാരത്തകര്‍ച്ച മുഖമുദ്രയാക്കിയ ചോദ്യപേപ്പറുകളും അക്കാലത്ത് കണ്ടു. ഇന്നും അതില്‍ വലിയ മാറ്റമൊന്നുമില്ല തന്നെ. മലയാളസാഹിത്യ ചരിത്രം പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥി ഉണ്ണിയച്ചി ചരിതത്തിന്റെ ചരിത്ര പ്രാധാന്യം പഠിക്കുന്നതില്‍ തെറ്റുണ്ടെന്ന് കരുതുന്നില്ല. പക്ഷേ നമ്മുടെ വിദ്യാര്‍ത്ഥികള്‍ എന്തിനാണ് ഉണ്ണിയച്ചി ചരിതം വിശദമായി പഠിക്കേണ്ടത്? സിലബസുകള്‍ ഡ്രാഫ്റ്റ് ചെയ്യുന്ന എക്‌സ്‌പേര്‍ട്ട് കമ്മറ്റികള്‍ എത്രത്തോളം അപ്‌ഡേറ്റഡാണെന്ന് ഇത്തരം വിരോധാഭാസങ്ങള്‍ മറുപടി പറയും.

 

 

വിദ്യാര്‍ത്ഥികളുടെ മാനസിക വ്യാപാരം കൃത്യമായി വിലയിരുത്താന്‍ നമ്മുടെ എത്ര സ്‌കൂളുകളില്‍ കൃത്യമായ കൗണ്‍സിലിംഗ് നടത്തുന്നുണ്ടെന്ന് അന്വേഷിച്ചാല്‍ അറിയാം നടുക്കുന്ന സത്യങ്ങള്‍. കേരളത്തിലെ സ്‌കൂളുകളില്‍ ലൈംഗിക അതിക്രമത്തിന് ഇരയാകുന്ന നിരവധി പെണ്‍കുട്ടികളും ആണ്‍കുട്ടികളുമുണ്ട്. പല കേസുകളും പുറത്തിറയുമ്പോഴേക്കും അവര്‍ മാസങ്ങളോളം പീഡനത്തിന് ഇരയാവുകയും ഒടുവില്‍ വിഷാദ രോഗത്തിന്റെ പിടിയിലെത്തുകയും ചെയ്തിരിക്കും. അതിനു ശേഷം മാത്രമാണ് അധ്യാപകരിലേക്കും തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരിലേക്കും വിവരങ്ങള്‍ എത്തുന്നുളളൂ. എയ്ഡ്‌സ് കണ്‍ട്രാള്‍ സൊസൈറ്റിയുടെ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന കൗണ്‍സിലിംഗ് ഒഴികെ മറ്റൊന്നും നമ്മുടെ ക്ലാസ് മുറികളില്‍ കടന്നു ചെല്ലാറില്ല. പിന്നെ അവരെ തേടിയെത്തുന്നത് അധ്യാപകരുടെ, പ്രത്യേകിച്ചും സ്ത്രീകളായ അധ്യാപകരുടെ സദാചാരപ്രസംഗങ്ങളും തിയറികളും മാത്രമാണ്. അത്രയ്ക്ക് ഉപരിപ്ലവമാണ് നമ്മുടെ വിദ്യഭാസ രീതികള്‍.

കരകൗശല വിദ്യകള്‍ പഠിപ്പിക്കാനും ചിത്രരചന പഠിപ്പിക്കാനും വരെ നമ്മുടെ സ്‌കൂളുകളില്‍ അധ്യാപകരുണ്ട്. പക്ഷേ അവരുടെ ബോധന രീതികള്‍ കൊണ്ടും കൃത്യമായ നിരീക്ഷണം കൊണ്ടും ഇന്നുവരെ കേരളത്തില്‍ ചിത്രകാരന്മാര്‍ ഉണ്ടായിട്ടില്ല (ആക്ഷേപമായി കരുതരുത് ). കേരളത്തിലെ വിദ്യാലയങ്ങള്‍ ശിക്ഷണ രീതികളുടെ കാര്യത്തില്‍ കുപ്രസിദ്ധമാണ്. ഡി.പി.ഇ.പി കാലം മുതല്‍ അധ്യാപകരുടെ പരീശീലന പരിപാടികളില്‍ ആവര്‍ത്തിക്കുന്ന കാര്യങ്ങളില്‍ പ്രധാനമാണ് ഇമ്പോസിഷന്‍ ഒഴിവാക്കലും പ്രാകൃതമായ ശിക്ഷാരീതികള്‍ ഒഴിവാക്കലും ബഞ്ചിന് മുകളില്‍ നിര്‍ത്തുക, ചൂരല്‍ വടി കൊണ്ട് അടിക്കുക, ക്ലാസിന് വെളിയില്‍ നിര്‍ത്തുക, ദേഹോപദ്രവം ഏല്‍പ്പിക്കുക എല്ലാം അതില്‍ ഉള്‍പ്പെടും. പക്ഷേ, ഇന്നും നമ്മുടെ വിദ്യാലയങ്ങള്‍ ഇത്തരം ശിക്ഷണ രീതികളില്‍ നിന്നും മുക്തമായിട്ടില്ലെന്ന് മാത്രമല്ല അതില്‍ ലവലേശം പോലും കുറവും വന്നിട്ടില്ല.

 

ഒരു നുണ പലയാവര്‍ത്തി ഉച്ചരിച്ചാല്‍ സത്യമാകുമെന്ന ചൊല്ലു പോലെയാണ് തലയില്‍ കയറിയിട്ടില്ലാത്ത ഒരു സമവാക്യമോ (equation) നിര്‍വചനമോ (definition) നൂറ് ആവര്‍ത്തിയോ ആയിരം ആവര്‍ത്തിയോ എഴുതി പഠിക്കുന്നത്, അധ്യാപകന് കാര്യങ്ങള്‍ എളുപ്പമാകുമെന്നല്ലാതെ അതുകൊണ്ട് വിദ്യാര്‍ത്ഥിക്കോ സമൂഹത്തിനോ എന്തെങ്കിലും നേട്ടമുള്ളതായി തോന്നുന്നുമില്ല, ആവശ്യമില്ലാത്ത ഒരു വസ്തു ശരീരത്തിനുള്ളില്‍ പ്രവേശിച്ചാല്‍ ഒരു നേരമായാല്‍ ഛര്‍ദ്ദിച്ച് ശരീരം അതുണ്ടാക്കിയ അസ്വസ്ഥതയില്‍ നിന്നും രക്ഷപ്പെടും. അതുപോലെ, വഴിപാടുപോലെ എത്തിപ്പെടുന്ന പരീക്ഷക്കടലാസില്‍ ഛര്‍ദ്ദിച്ചു കളഞ്ഞ് ഓരോ വിദ്യാര്‍ത്ഥിയും തന്റെ അസ്വസ്ഥമായ ബോധന ഭൂതകാലത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടുന്നു. പക്ഷേ, അതുകാരണം ഒരു വ്യക്തിയെന്ന നിലയില്‍ വിദ്യാര്‍ത്ഥിക്കോ അവര്‍ കൂടി ഉള്‍പ്പെട്ട സമൂഹത്തിനോ മുതല്‍ക്കൂട്ടായതായി തെളിവുകളില്ല, അതൊരിക്കലും സാധ്യമല്ല താനും. വിദ്യാര്‍ത്ഥികളെ അടക്കി നിര്‍ത്തുവാന്‍ ഇതൊക്കെ വേണമെന്നുള്ള ന്യായീകരണത്തിലേക്കാണ് ഒടുവില്‍ ഇത് അധ്യാപകരെ കൊണ്ടെത്തിക്കുക.

 

 

വിദ്യാര്‍ത്ഥികളെ അടിമകളായും സ്വയം ഉടമയായും കല്പിച്ചു വച്ചിരിക്കുന്ന ‘പ്രിവിലേജ്ഡ്’ സമൂഹമായി അധ്യാപക സമൂഹം മാറിയതിന്നതിന്റെ പരിണിത ഫലമാണ് ഇത്തരം ശിക്ഷണ, പ്രാകൃത ബോധന രീതികള്‍. ചുറ്റുപാടുകള്‍ എത്ര വളര്‍ന്നാലും പക്ഷേ ഇത്തരം രീതികളില്‍ നിന്നുമവര്‍ പുറത്തു കടക്കുകയേയില്ല. ജന്മിത്വം മണ്ണടിഞ്ഞിട്ടും ഒട്ടുമിക്ക സവര്‍ണ്ണരുടെയുമുള്ളില്‍ നിലനില്‍ക്കുന്ന സവര്‍ണ്ണത പോലെയാണ് ഇത്തരം സമീപനങ്ങളും.

ഐസ് കട്ടകളില്‍ പെയിന്റടിച്ച് രക്ഷപ്പെടാറുള്ള പതിവ് രീതികളില്‍ നിന്നും കുതറി മാറി പുതിയ വിദ്യഭ്യാസ നയവും രീതികളും നടപ്പിലാക്കാന്‍ ഇനിയെങ്കിലും നമ്മുടെ വിദ്യഭ്യാസ വിദഗ്ദ്ധര്‍ക്കും സര്‍ക്കാറുകള്‍ക്കും കഴിയുന്നില്ലെങ്കില്‍ നമ്മള്‍ പുറകോട്ടുള്ള ഈ നടത്തം തുടരുക തന്നെ ചെയ്യേണ്ടി വരും.

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

 

ധന്യ അംബിക ലക്ഷ്മി

ധന്യ അംബിക ലക്ഷ്മി

സ്വതന്ത്ര മാധ്യമ പ്രവര്‍ത്തക, വിദ്യാഭ്യാസ മേഖലയുമായും ട്രാന്‍സ്ജെന്‍ഡര്‍ വിഷയങ്ങളുമായും ബന്ധപ്പെട്ട കാര്യങ്ങളില്‍ പഠനം നടത്തുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍