UPDATES

ട്രെന്‍ഡിങ്ങ്

മോദിയുടെ ആറായിരം രൂപയ്ക്കുള്ള അപേക്ഷ എട്ട് ലക്ഷം കവിഞ്ഞു: ഇത്രയും കര്‍ഷകര്‍ കേരളത്തിലുണ്ടെങ്കില്‍ എന്തിനാണ് തമിഴ്‌നാട്ടില്‍ നിന്നും പച്ചക്കറി വാങ്ങുന്നതെന്ന് സോഷ്യല്‍ മീഡിയ

റേഷന്‍ കാര്‍ഡില്‍ തൊഴിലിന്റെ സ്ഥാനത്ത് കൃഷി അല്ലെങ്കില്‍ കൂലി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെങ്കില്‍ അപേക്ഷിക്കാമെന്നാണ് നിര്‍ദ്ദേശം

പ്രധാനമന്ത്രി കര്‍ഷകര്‍ക്ക് പ്രഖ്യാപിച്ച കിസാന്‍ സമ്മാന്‍ നിധി പദ്ധതി പ്രകാരമുള്ള ആറായിരം രൂപയ്ക്ക് വേണ്ടി കേരളത്തില്‍ അപേക്ഷ നല്‍കിയത് എട്ട് ലക്ഷത്തിലേറെ കര്‍ഷകര്‍. സംസ്ഥാനത്തെ വിവിധ കൃഷിഭവനുകളിലായാണ് അപേക്ഷകള്‍ നല്‍കിയിരിക്കുന്നത്. ഇതില്‍ 1.27 ലക്ഷം കര്‍ഷകരുടെ വിവരങ്ങള്‍ pmkisan.nic.in എന്ന കേന്ദ്രസര്‍ക്കാര്‍ വെബ്‌സൈറ്റില്‍ ചേര്‍ത്തു.

ഇതുവരെ 19,520 അപേക്ഷകര്‍ ആനുകൂല്യത്തിന് അര്‍ഹരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 2,101 അപേക്ഷകരുടെ പേര്, ആധാര്‍ കാര്‍ഡ്, ബാങ്ക് വിവരങ്ങള്‍ എന്നിവ തിരസ്‌കരിക്കപ്പെട്ടു. മാര്‍ച്ച് 31 വരെയാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്. വില്ലേജ് ഓഫീസുകളുടെയും സപ്ലൈ ഓഫീസുകളുടെയും കൃഷി ഭവനുകളുടെയും മുന്നില്‍ നീണ്ട ക്യൂവാണ് കഴിഞ്ഞ അഞ്ച് ദിവസമായി കാണുന്നത്. നോട്ട് നിരോധന കാലത്ത് ബാങ്കുകള്‍ക്ക് മുന്നില്‍ രൂപപ്പെട്ട ക്യൂവിനെ അനുസ്മരിപ്പിക്കുന്ന ക്യൂവാണ് ഇപ്പോള്‍ രൂപപ്പെട്ടിരിക്കുന്നത്. റേഷന്‍കാര്‍ഡ് ഇതേവരെ ലഭിച്ചിട്ടില്ലാത്തവര്‍ അതിനായി സപ്ലൈ ഓഫീസില്‍ ക്യൂ നില്‍ക്കുന്നു. കരമടക്കാനായി വില്ലേജ് ഓഫീസില്‍ വേറെയൊരു നീണ്ട നിര. കൃഷിഭവനുകളില്‍ ജനങ്ങളുടെ തള്ളിക്കയറ്റം ഇതാണ് ഇപ്പോള്‍ കേരളത്തിലെ അവസ്ഥ. ഇന്നലെ വൈകിട്ട് വരെ അപ്ലോഡ് ചെയ്തവര്‍ക്ക് ആദ്യഘട്ടത്തില്‍ 2000 രൂപ ഉടനെ കിട്ടും. മാര്‍ച്ച് 31 വരെ അപേക്ഷ സ്വീകരിക്കാം എന്നാണ് ഇപ്പോള്‍ പറയുന്നത്. അവര്‍ക്ക് പിന്നീട് പണം നല്‍കുമെന്നാണ് അറിയിപ്പ്. അതെപ്പോള്‍ എങ്ങനെയാവും എന്ന് അറിയില്ല.

രണ്ട് ഹെക്ടറില്‍(അഞ്ച് ഏക്കര്‍) താഴെ കൃഷി ഭൂമിയുള്ള കര്‍ഷക കുടുംബങ്ങള്‍ക്ക് അനൂകൂല്യം നല്‍കുന്നതാണ് പദ്ധതി. അതത് പ്രദേശത്തെ കര്‍ഷകരെ സംബന്ധിച്ച വിവരങ്ങള്‍ കൃഷിഭവനുകളില്‍ ഉണ്ട്. കാര്‍ഷിക പെന്‍ഷന്‍ വാങ്ങുന്നവരുടെ വിവരങ്ങളും സര്‍ക്കാരിന്റെ കൈവശമുണ്ട്. അതുനുസരിച്ച് ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനോ അപേക്ഷ സമര്‍പ്പിക്കുന്നതിനോ വേറെ തടസ്സങ്ങള്‍ ഇല്ലാതിരിക്കെ ആ മാര്‍ഗം സ്വീകരിക്കാത്തത് കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക നിര്‍ദ്ദേശം മൂലമാണ്. ചുരുങ്ങിയ കൃഷിഭൂമി എത്ര വേണമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നില്ല. അഞ്ച് ഏക്കറില്‍ കുറവ് ഭൂമിയുള്ള ആര്‍ക്കും അപേക്ഷ നല്‍കാമെന്നിരിക്കെ ഇത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള നടപടിയായാണ് വിലയിരുത്തപ്പെടുന്നത്. റേഷന്‍ കാര്‍ഡിന്റെ കോപ്പി അപേക്ഷ നല്‍കുന്ന സമയം സമര്‍പ്പിക്കണമെങ്കിലും റേഷന്‍കാര്‍ഡില്‍ തൊഴില്‍ കൃഷി എന്ന് രേഖപ്പെടുത്തണം എന്ന് നിര്‍ബന്ധമില്ല എന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതിനാല്‍ സ്വന്തമായി ഭൂമിയുള്ള ആര്‍ക്കും കിസാന്‍ സമ്മാന്‍ നിധി ആനുകൂല്യത്തിന് അപേക്ഷ നല്‍കാം. ആദ്യ ദിവസങ്ങളില്‍ അപേക്ഷിച്ചവരില്‍ യഥാര്‍ഥ കര്‍ഷകര്‍ എത്ര പേരുണ്ടെന്ന കാര്യത്തില്‍ കൃഷിവകുപ്പ് ഉദ്യോഗസ്ഥരും സംശയം പ്രകടിപ്പിക്കുന്നു.

read more:രണ്ട് ജാതിത്തൈ ഉള്ളവരും, വീട്ടില്‍ പുല്ലുപോലുമില്ലാത്തവരും; മോദിയുടെ 6000 രൂപ സമ്മാനത്തിന് ക്യൂ നില്‍ക്കുന്ന കേരളത്തിലെ ‘കര്‍ഷകര്‍’

ബാങ്ക് പാസ് ബുക്ക്, 2018-19 വര്‍ഷത്തെ കരമടച്ച രസീത്, റേഷന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുമായി ആര്‍ക്ക് വേണമെങ്കിലും അപേക്ഷ നല്‍കാം. കേന്ദ്രസംസ്ഥാന സര്‍ക്കാര്‍, സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരും പെന്‍ഷന്‍കാരും, അവസാന അസസ്മെന്റ് വര്‍ഷം ഇന്‍കംടാക്സ് അടച്ചവര്‍, ഭരണഘടനാ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരോ വിരമിച്ചവരോ ആയവര്‍ക്ക് മാത്രം ആനുകൂല്യത്തിന് അപേക്ഷിക്കാനാവില്ല. കര്‍ഷകരാണെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം സമര്‍പ്പിച്ചാല്‍ മതിയെന്നതും ഇത് ദുരുപയോഗം ചെയ്യാനുള്ള സാധ്യതയേറ്റുന്നു. മറ്റ് ക്ഷേമപെന്‍ഷനുകള്‍ വാങ്ങുന്നവര്‍ക്കും ഈ ആനുകൂല്യത്തിനായി അപേക്ഷിക്കാന്‍ തടസ്സമില്ല. ആറായിരം രൂപയെന്ന അപ്പക്കഷണം കാണിച്ച് തെരഞ്ഞെടുപ്പില്‍ കര്‍ഷക വികാരം തങ്ങള്‍ക്കനുകൂലമാക്കാനുള്ള ബിജെപിയുടെ തന്ത്രമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

അതേസമയം യഥാര്‍ത്ഥ കര്‍ഷകരില്‍ പലരും ഈ പദ്ധതിയെക്കുറിച്ച് അറിഞ്ഞിട്ട് പോലുമില്ല. ചിലര്‍ അപേക്ഷിക്കാനായി എത്തിയെങ്കിലും ഓഫീസുകളിലെ നീണ്ട ക്യൂവിനെ തുടര്‍ന്ന് പിന്‍വാങ്ങുകയും ചെയ്തു. നാമമാത്ര കര്‍ഷകര്‍ക്കും അപേക്ഷിക്കാമെന്നതിനാലാണ് ഇത്രയേറെ ആളുകള്‍ ഇതിനായി അപേക്ഷ നല്‍കുന്നത്. റേഷന്‍ കാര്‍ഡില്‍ തൊഴിലിന്റെ സ്ഥാനത്ത് കൃഷി അല്ലെങ്കില്‍ കൂലി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെങ്കില്‍ അപേക്ഷിക്കാമെന്നാണ് നിര്‍ദ്ദേശം. തെരഞ്ഞെടുപ്പ് വരെ ഈ തുക നല്‍കുന്നത് തടഞ്ഞുവയ്ക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ ശ്രമമെന്ന് നേരത്തെ മനോരമ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കും ഈ പദ്ധതി ഗുണം ചെയ്യുമെന്ന ധാരണയിലായിരുന്നു ഇത്. ഇതിനിടെയിലാണ് അപേക്ഷകരുടെ നീണ്ട ക്യൂ കേരളത്തിന്റെ റോഡുകളില്‍ നിറയുന്നത്. അതേസമയം ഇത്രയേറെ കര്‍ഷകര്‍ കേരളത്തിലുണ്ടായിട്ടാണോ പച്ചക്കറി തമിഴ്‌നാട്ടില്‍ നിന്നും വാങ്ങേണ്ടി വരുന്നതെന്ന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയരുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍