UPDATES

ട്രെന്‍ഡിങ്ങ്

കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ട മഞ്ചേശ്വരത്ത് താമര വിരിയിക്കാന്‍ ബിജെപി, അരൂരിനപ്പുറം ഒരു സീറ്റെങ്കിലും പിടിക്കാന്‍ ഇടത്, മണ്ഡലങ്ങളിലെ ചരിത്രവും മുന്നണികളുടെ മോഹങ്ങളും

പല മണ്ഡലങ്ങളിലും ശക്തമായ മൽസരത്തിനുള്ള സാധ്യതായണ് മണ്ഡലങ്ങളുടെ ചരിത്രം പറയുന്നത്.

കേരളത്തില്‍ 2021 ല്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായുള്ള ‘സെമിഫൈനല്‍’ തീയതികള്‍ പ്രഖ്യാപിച്ചതോടെ, കേരള രാഷ്ട്രീയം വീണ്ടും സജീവമായി. മൂന്ന് മുന്നണികള്‍ക്കും തെരഞ്ഞെടുപ്പ് നിര്‍ണായകമായതിനാല്‍ ഇനിയുള്ള ദിവസങ്ങള്‍ പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നിര്‍ണായകമാണ്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ ചര്‍ച്ചകളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ രാഷ്ട്രീയ പാര്‍ട്ടികള്‍ കടന്നു.

മഞ്ചേശ്വരമാണ് കേരള രാഷ്ട്രീയത്തെ സംബന്ധിച്ച് നിര്‍ണായകമാകുക. ബിജെപിയുടെ കേരളത്തിലെ ഏറ്റവും ശക്തികേന്ദ്രങ്ങളിലൊന്നാണെങ്കിലും ഇതുവരെ വിജയിക്കാനാകാത്തതിന്റെ ക്ഷീണം ഇത്തവണ തീര്‍ക്കാമെന്നാണ് സംഘ്പരിവാറിന്റെ പ്രതീക്ഷ. 2016 ലെ തെരഞ്ഞെടുപ്പില്‍ 89 വോട്ടുകള്‍ക്കാണ് മുസ്ലീം ലീഗിലെ പിബി അബ്ദുള്‍ റസാക്ക് ബിജെപിയിലെ കെ സുരേന്ദ്രനെ തോല്‍പ്പിച്ചത്. കെ സുരേന്ദ്ര എന്ന അപര സ്ഥാനാര്‍ത്ഥിക്ക് അന്ന് 467 വോട്ടുകള്‍ ലഭിച്ചിരുന്നു. 2011 ല്‍ 5828 വോട്ടുകള്‍ക്ക് വിജയിച്ച റസാക്കിന്റെ ഭൂരിപക്ഷമാണ് 89 ആയി അഞ്ച് വര്‍ഷത്തിനകം ചുരുങ്ങിയത്. 2006 ലാണ് ഇടതുപക്ഷം ഇവിടെ വിജയിച്ചത്. 4829 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. അന്നും രണ്ടാം സ്ഥാനത്ത് ബിജെപിയ്ക്കായിരുന്നു. 2001 ല്‍ ചേര്‍ക്കളം അബ്ദുള്ളയായിരുന്നു യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി വിജയിച്ചത്. അദ്ദേഹം തോല്‍പ്പിച്ചത് ബിജെപിയിലെ സികെ പത്മാനാഭനെയായിരുന്നു. 13188 വോട്ടിന്റെ ഭൂരിപക്ഷമാണ് ഉണ്ടായിരുന്നത്.

അന്ന് ഇടതുപക്ഷം മൂന്നാം സ്ഥാനത്ത് പോയി. 1996 ലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. അന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന ബാലകൃഷ്ണ ഷെട്ടി 2 292 വോട്ടിനാണ് ചേര്‍ക്കളം അബ്ദുള്ളയോട് തോറ്റത്. ബിജെപിയുടെ പ്രമുഖനായിരുന്ന കെ ജി മാരാര്‍ 1991 ലാണ് ഇവിടെ അവസാനമായി മല്‍സരിച്ചത്. അന്ന് അദ്ദേഹം 1072 വോട്ടുകള്‍ക്കാണ് ചേര്‍ക്കളത്തോട് തോറ്റത്. 1987 ല്‍ 6746 വോട്ടുകള്‍ക്ക് ചേര്‍ക്കളം ബിജെപിയിലെ ശങ്കര റാവുവിനെ തോല്‍പ്പിച്ചത്.
1982 ലാണ് 2006 ന് മുമ്പ് ഇടതുപക്ഷം ഈ മണ്ഡലത്തില്‍ വിജയിച്ചത്. അന്ന് 153 വോട്ടുകള്‍ക്ക് സിപിഐയിലെ എ സുബ്ബറാവു കോണ്‍ഗ്രസിലെ എന്‍ രാമകൃഷ്ണനെ തോല്‍പ്പിക്കുകയായിരുന്നു. ബിജെപി സ്ഥാപിക്കപ്പെട്ടതിന് ശേഷം മഞ്ചേശ്വരത്ത് മൂന്നാം സ്ഥാനത്തേക്ക് പോയ ഏക തെരഞ്ഞെടുപ്പായിരുന്നു ഇത്.

ഇങ്ങനെ ബിജെപിയ്ക്ക് ശക്തമായ അടിത്തറ നേരത്തെ മുതലുള്ള മണ്ഡലമാണ് മഞ്ചേശ്വരം. എന്നാല്‍ ഇതുവരെ വിജയിക്കാന്‍ കഴിഞ്ഞില്ല. ബിജെപിയെ തോല്‍പ്പിക്കാന്‍ ഇടതുപക്ഷം യുഡിഎഫിന് വോട്ടുമറിക്കുകയാണെന്ന ആരോപണം നേരിടുന്ന മണ്ഡലം കൂടിയാണ് ഇത്. എന്നാല്‍ കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിലെ രാജ്‌മോഹന്‍ ഉണ്ണിത്താന് 11113 വോട്ടിന്റെ ഭൂരിപക്ഷമുണ്ടെന്നതാണ് യുഡിഎഫിന് ആശ്വാസം തരുന്ന ഘടകം
കഴിഞ്ഞ തവണ കെ സുരേന്ദ്രന്‍ മല്‍സരിച്ച മണ്ഡലത്തില്‍ അദ്ദേഹം വീണ്ടും കളത്തിലിറങ്ങുമോ എന്ന കാര്യം വ്യക്തമല്ല. എന്തായാലും ബിജെപിയെ സംബന്ധിച്ച് ഏറ്റവും നിര്‍ണായക മല്‍സരമാണ് മഞ്ചേശ്വത്തേത്. മഞ്ചേശ്വരം പിടിക്കാൻ ബിജെപിയ്ക്ക് കഴിഞ്ഞാൽ അത് കേരള രാഷ്ട്രീയത്തിൻ്റെ ദിശാമാറ്റത്തിൻ്റെ സൂചനയായി വിലയിരുത്തപ്പെടും. മഞ്ചേശ്വരത്തെ രാഷ്ട്രീയ യാഥാർത്ഥ്യം കേരളത്തിലെ മറ്റ് പ്രദേശങ്ങളിൽ നിന്ന് വ്യത്യസ്തമാണെങ്കിലും അത്തരമൊരു പ്രചാരണം ബിജെപി പിന്നീട് ശക്തമായി നടത്തുമെന്ന കാര്യം ഉറപ്പാണ്.

കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്ത് എത്തിയെന്നതാണ് തിരുവനന്തപുരത്തെ വട്ടിയൂര്‍ക്കാവില്‍ പ്രതീക്ഷ അര്‍പ്പിക്കാന്‍ ബിജെപിയെ പ്രാപ്തമക്കുന്നത്. 7622 വോട്ടുകള്‍ക്കാണ് കെ മുരളീധരനോട് അന്ന് ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരന്‍ തോറ്റത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കുമ്മനത്തിന് 2836 വോട്ടിന്റെ കുറവാണ് ഉണ്ടായിരുന്നത്. തിരുവനന്തപുരം പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റപ്പോഴും വട്ടിയൂര്‍ക്കാവില്‍ നേരിയ ഭൂരിപക്ഷമാണ് വിട്ടുനല്‍കിയതെന്നും ബിജെപിയുടെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നു. ഇത്തവണ ആരായിരിക്കും ബിജെപിയുടെ സ്ഥാനാര്‍ത്ഥിയാകുന്നതെന്നത് നിര്‍ണായകമായിരിക്കും. അതേ സമയം അതിന് മുമ്പ് 2011ല്‍ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ ബിജെപിയ്ക്ക് കേവലം 11.98 ശതമാനം വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. അന്ന് വി വി രാജേഷായിരുന്നു സ്ഥാനാര്‍ത്ഥി. അതുകൊണ്ട് തന്നെ മഞ്ചേശ്വരം പോലെ അടിസ്ഥാനപരമായി ബിജെപി ശക്തമായ ഒരു മണ്ഡലമായി വട്ടിയൂർക്കാവിനെ വിലയിരുത്താൻ കഴിയില്ല.

ഇടതുപക്ഷത്തിന് ഏറ്റവും പ്രതീക്ഷയുള്ള മണ്ഡലം അവരുടെ ശക്തികേന്ദ്രമായ അരൂരാണ്. 38519 വോട്ടുകള്‍ക്കാണ് എ എം ആരിഫ് കോണ്‍ഗ്രസിലെ സി ആര്‍ ജയപ്രകാശിനെ 2016 ല്‍ തോല്‍പ്പിച്ചത്. 2011 ല്‍ യുഡിഎഫ് അധികാരത്തില്‍വന്നപ്പോഴും 16852 വോട്ടുകള്‍ക്ക് ആരീഫ് ജയിച്ച മണ്ഡലമാണിത്. എന്നാല്‍ കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിച്ച ഏക മണ്ഡലമായിട്ടും അലപ്പുഴ മണ്ഡലത്തിലെ അരൂരില്‍ ആരിഫിന്    ഭൂരിപക്ഷം കിട്ടിയില്ല. ചേർത്തലയും കായകുളത്തിൻ്റെയും സഹായത്തോടെയാണ് അദ്ദേഹം ആലപ്പുഴയിൽ വിജയിച്ചത്. ഇതാണ് യുഡിഎഫിന് പ്രതിക്ഷ നല്‍കുന്നത്. എന്നാല്‍ ശബരിമല ഉയര്‍ത്തിവിട്ട സാഹചര്യം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇപ്പോള്‍ നിലനില്‍ക്കുന്നില്ലെന്നും അതുകൊണ്ട് നല്ല ഭൂരിപക്ഷത്തില്‍ സീറ്റ് നിലനിര്‍ത്താനും കഴിയുമെന്ന പ്രതീക്ഷയാണ് എല്‍ഡിഎഫിനുള്ളത്.

എറണാകുളത്ത് അട്ടിമറിക്കുള്ള പ്രതിക്ഷയിലാണ എല്‍ഡിഎഫ് എങ്കിലും മണ്ഡലത്തിന്റെ രാഷട്രീയ ചരിത്രം ഈ പ്രതീക്ഷകള്‍ക്ക് പിന്‍ബലം നല്‍കുന്നില്ല. 21949 വോട്ടുകള്‍ക്കാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഹൈബി ഈഡന്‍ ഇവിടെ വിജയിച്ചത്. 2011 ല്‍ ഹൈബിയുടെ ഭൂരിപക്ഷം 32437 ആയിരുന്നു. അന്ന് സെബാസ്റ്റ്യന്‍ പോളായിരുന്നു സ്ഥാനാര്‍ത്ഥി. 2006ല്‍ കെ വി തോമസിനെതിരെ എംഎം ലോറന്‍സ് വന്നപ്പോഴാണ് ഭൂരിപക്ഷം കുറഞ്ഞത്. അന്ന് 5800 വോട്ടുകള്‍ക്കാണ് യുഡിഎഫ് വിജയിച്ചത്. ഇത്തവണ കെ വി തോമസ് വരികയും പൊതു സ്വീകാര്യതയുള്ള സ്ഥാനാർത്ഥിയെ അവതരിപ്പിക്കാനും കഴിഞ്ഞാൽ സെബാസ്റ്റ്യൻ പോൾ നേരത്തെ സൃഷ്ടിച്ച ചരിത്രം ആവർത്തിക്കാൻ കഴിയുമെന്നാണ് ഇടതുപക്ഷത്തിൻ്റെ പ്രതീക്ഷ.

കോന്നിയുടെയും ചരിത്രം എല്‍ഡിഎഫിന് പ്രതീക്ഷ നല്‍കുന്നതല്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 20748 വോട്ടുകള്‍ക്കാണ് അടൂര്‍ പ്രകാശ് വിജയിച്ചത്. 2011 ല്‍  നേടിയ  7774 വോട്ടുകളുടെ ഭൂരിപക്ഷമാണ് മൂന്നിരട്ടിയോളമാക്കിയത്. എന്നാല്‍ എല്‍ഡിഎഫിന് പ്രതീക്ഷ നല്‍കുന്നത് കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പാണ്. കോന്നി മണ്ഡലത്തില്‍ ആന്റോ ആന്റണിയ്ക്ക് ലഭിച്ച ഭൂരിപക്ഷം യുഡിഎഫ് തരംഗത്തിനിടയിലും 2721 വോട്ടുകള്‍ മാത്രമായിരുന്നു. 1991 ല്‍ സിപിഎമ്മിലെ പത്മകുമാര്‍ 916 വോട്ടുകള്‍ക്ക് ജയിച്ചതാണ് ഇടതുപക്ഷം ഇവിടെ കൈവരിച്ച അവസാന ജയം. 1996 ല്‍ 806 വോട്ടുകള്‍ക്ക് മണ്ഡലം തിരികെ യുഡിഎഫിന് വേണ്ടി പിടിക്കുകയായിരുന്നു.

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിലെ തരംഗം നിലനിര്‍ത്തി എന്ന് യുഡിഎഫിന് അവകാശപ്പെടണമെങ്കില്‍ നാല് സീറ്റുകളിലെയും ഭൂരിപക്ഷം വര്‍ധിപ്പിക്കേണ്ടതുണ്ട്. അരുര്‍ മണ്ഡലത്തില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കൈവരിച്ച നേട്ടം വര്‍ധിപ്പിച്ച് പിടിക്കാനായിരിക്കും യുഡിഎഫ് ശ്രമം. എന്നാല്‍ ശബരിമല, രാഹുല്‍ പ്രഭാവം എന്നിവ  മാറി നില്‍ക്കുന്ന സാഹചര്യത്തിൽ എല്‍ഡിഎഫിന്റെ സ്ഥിരം വോട്ടര്‍മാര്‍ ഇത്തവണ തിരിച്ചെത്തുമെന്നും പാര്‍ട്ടിക്കും മുന്നണിക്കും തിരിച്ചുവരവിന് അവസരമുണ്ടാക്കുമെന്ന് സിപിഎമ്മും പ്രതീക്ഷിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍