UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാര്‍ഷിക വായ്പകള്‍ക്ക് മൊറട്ടോറിയം; ഉത്തരവ് നടപ്പിലാക്കാനുള്ള ശുപാര്‍ശ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മടക്കി

കമ്മീഷന്‍ ഉന്നയിക്കുന്നത്, ഒക്ടോബര്‍ 30 വരെ മൊറട്ടോറിയം നിലനില്‍ക്കെ ഒരുമാസത്തേക്ക് കാലാവധി നീട്ടേണ്ടതിന്റെ ആവശ്യമെന്തെന്നാണ്?

Avatar

അഴിമുഖം

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കെ, കാര്‍ഷിക വായ്പകള്‍ക്ക് മൊറട്ടോറിയം കാലാവധിനീട്ടുന്നതിനുള്ള അപേക്ഷ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിരിച്ചയച്ചു. സര്‍ക്കാരിന്റെ അപേക്ഷ പരിഗണിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസര്‍ നല്‍കിയ ശുപാര്‍ശയാണ് കമ്മീഷന്‍ മടക്കി അയച്ചത്. കൂടുതല്‍ വിശദീകരണം ആവശ്യപ്പെട്ട് ഫയല്‍ മടക്കിയതോടെ അടിയന്തിരമായി കാര്‍ഷിക വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തിന് തിരിച്ചടിയായിരിക്കുകയാണ്.

കമ്മീഷന്‍ ഉന്നയിക്കുന്നത്, ഒക്ടോബര്‍ 30 വരെ മൊറട്ടോറിയം നിലനില്‍ക്കെ ഒരുമാസത്തേക്ക് കാലാവധി നീട്ടേണ്ടതിന്റെ ആവശ്യമെന്തെന്നാണ്. എന്നാല്‍ സര്‍ക്കാര്‍ പറയുന്നത്, ഒക്ടോബര്‍ വരെയുള്ളത് കാര്‍ഷിക വായ്പകള്‍ക്കുള്ള മൊറട്ടോറിയമാണ്, കര്‍ഷക ആത്മഹത്യയെത്തുടര്‍ന്ന് അവരുടെ എല്ലാവായ്പകള്‍ക്കും ഡിസംബര്‍ 31 വരെ മൊറട്ടോറിയം അനുവദിക്കാനാണ് തീരുമാനിച്ചത് എന്നാണ്.

കമ്മീഷന്‍ തിരിച്ചയച്ച ഫയലുകളില്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായുള്ള സ്‌ക്രീനിങ് കമ്മിറ്റിചേര്‍ന്ന് കൂടുതല്‍ വിശദീകരണത്തോടെ വീണ്ടും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നല്‍കണം. ഫയലുകള്‍ തിങ്കളാഴ്ച ചീഫ് സെക്രട്ടറിക്ക് കൈമാറുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു. സ്‌ക്രീനിങ് കമ്മിറ്റി ശുപാര്‍ശ കിട്ടിയാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന് അയച്ചുകൊടുക്കും.

കമ്മീഷന്റെ അനുമതി വൈകിയതുകൊണ്ട് പ്രതിസന്ധിയില്ലെന്നും അശങ്ക വേണ്ടെന്നും കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍ കുമാര്‍ പ്രതികരിച്ചിരുന്നു. കര്‍ഷകരുടെ വായ്പാപ്രശ്‌നം റിസര്‍വ ്ബാങ്കുമായി ബന്ധപ്പെട്ട് പരിഹരിച്ചിട്ടുണ്ട്. സ്‌ക്രീനിങ് കമ്മിറ്റി തിരഞ്ഞെടുപ്പ് കമ്മിഷന് വിശദീകരണം നല്‍കിയേക്കുമെന്നും മന്ത്രി പറഞ്ഞു.

മൊറട്ടോറിയം ഉള്‍പ്പടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷനോട് സര്‍ക്കാര്‍ അനുമതിതേടിയത് പത്ത് കാര്യങ്ങള്‍ക്കായിരുന്നു. എന്നാല്‍ കര്‍ഷക വായ്പകള്‍ക്കുള്ള മൊറട്ടോറിയമടക്കം പ്രധാനപ്പെട്ട നാലെണ്ണത്തിലുമുള്ള സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസറുടെ ശുപാര്‍ശ കമ്മിഷന്‍ തിരിച്ചയ്ക്കുകയായിരുന്നു.

കേരളാ മെഡിക്കല്‍ എഡ്യുക്കേഷല്‍ ആക്ടിലെ ഭേദഗതി, ആയുഷ്മാന്‍ ഭാരത് പദ്ധതിയിലെ ആനുകൂല്യങ്ങള്‍ വിപുലമാക്കല്‍, സെക്രട്ടേറിയേറ്റ് കെട്ടിടം നവീകരണം എന്നിവയുടെ ശുപാര്‍ശകളും തിരിച്ചയച്ചവയില്‍പ്പെടും. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി നിയമനം, പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കുള്ള ആനൂകൂല്യം തുടങ്ങിയ അപേക്ഷകളാണ് പരിഗണിച്ചിരിക്കുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ പെരുമാറ്റചട്ടം കാരണമാണ് സര്‍ക്കാരിന് മൊറട്ടോറിയം ഉത്തരവ് നടപ്പിലാക്കാന്‍ കഴിയാതെയായിരിക്കുന്നത്. സംസ്ഥാനത്ത് കര്‍ഷകര്‍ക്കെതിരെ ബാങ്കുകള്‍ നടപടി ആരംഭിക്കുകയും കര്‍ഷക ആത്മഹത്യകള്‍ വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തലാണ് കാര്‍ഷിക വായപ്കള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കാന്‍ മാര്‍ച്ച് അഞ്ചിന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചത്.

എന്നാല്‍ മൊറട്ടോറിയം പ്രഖ്യാപിച്ച മന്ത്രിസഭാ തീരുമാനം സര്‍ക്കാര്‍ ഉത്തരവായി ഇറങ്ങും മുമ്പ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പെരുമാറ്റചട്ടം നിലവില്‍ വരുകയും ഉത്തരവ് നടപ്പാക്കാന്‍ സാധിക്കാതെയാവുകയും ചെയ്തു. തുടര്‍ന്ന് കഴിഞ്ഞ മന്ത്രിസഭായോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചീഫ് സെക്രട്ടറി ടോം ജോസിനെ ഉത്തരവ് ഇറക്കാന്‍ വൈകിയതിന് വിമര്‍ശിക്കുകയും ശകാരിക്കുകയും ചെയ്തിരുന്നു. റവന്യു മന്ത്രിയും കൃഷി വകുപ്പ് മന്ത്രിയും ചീഫ് സെക്രട്ടറിയുടെ അലംഭാവത്തിന് വിമര്‍ശനം ഉന്നയിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍