UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോണ്‍ഗ്രസ് ബാധയില്‍ സിപിഐഎം

അഴിമുഖം പ്രതിനിധി

സീറ്റിനേയും സ്ഥാനാര്‍ത്ഥിയേയും ചൊല്ലിയുള്ള കലാപം കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഒട്ടും പുതുമയുള്ള കാര്യമല്ല. എന്നാല്‍ ഇക്കുറി ഈ രോഗം സിപിഐഎമ്മിലേക്കും പടര്‍ന്നിരിക്കുന്നു. സീറ്റ് നിഷേധത്തിനും സീറ്റ് ദാനത്തിനും എതിരെ അണികളില്‍ നിന്നും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഈ രണ്ട് പ്രശ്‌നങ്ങളും ഉയര്‍ത്തിക്കാണിച്ച് എറണാകുളത്തും കൊല്ലത്തും തൃശൂരിലെ വടക്കാഞ്ചേരിയിലും ഒക്കെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു.

എറണാകുളത്തെ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയും മുന്‍ രാജ്യസഭാ എംപിയുമായ പി രാജീവിനെ പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഏറ്റവും അധികം പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. മന്ത്രി കെ ബാബു ഇത്തവണയും മത്സരത്തിന് ഒരുങ്ങുന്ന മണ്ഡലമാണ് തൃപ്പൂണിത്തുറ. ബാര്‍ കോഴ കേസില്‍ കുടുങ്ങി പ്രതിച്ഛായ നഷ്ടപ്പെട്ട ബാബുവിനെ അട്ടിമറിക്കാന്‍ രാജീവിനെ തന്നെയിറക്കണമെന്നാണ് രാജീവ് അനുകൂലികളുടെ വാദം.രാജീവിനെ അനുകൂലിച്ച് ഇന്ന് രാവിലെ ഇടക്കൊച്ചിയില്‍ ഒരു ഡി വൈ എഫ് ഐ, എസ് എഫ് ഐ പ്രവര്‍ത്തകര്‍ പ്രകടനവും നടത്തി.

സിനിമാ താരം കെപിഎസി ലളിതയെ സിപിഐഎം സ്വതന്ത്രയായി മത്സരിപ്പിക്കാന്‍ ഒരുങ്ങുന്ന വടക്കാഞ്ചേരിയില്‍ രണ്ട് ദിവസം മുമ്പ് തന്നെ പ്രതിഷേധ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. മുകളില്‍ നിന്നും കെട്ടിയിറക്കിയ സിനിമാ താരത്തെ വടക്കാഞ്ചേരിയിലെ ജനങ്ങള്‍ക്ക് ആവശ്യമില്ലെന്നാണ് പോസ്റ്ററുകളില്‍ പറയുന്നത്. എന്നാല്‍ തനിക്ക് എതിരെ പ്രത്യക്ഷപ്പെട്ടുവെന്ന് പറയപ്പെടുന്ന പോസ്റ്ററുകള്‍ താന്‍ കാര്യമായി എടുക്കുന്നില്ലെന്നാണ് ലളിതയുടെ പ്രതികരണം. ലളിത ഇപ്പോള്‍ മുംബൈയിലാണുള്ളത്. രണ്ട് ദിവസത്തിനുള്ളില്‍ താന്‍ നാട്ടില്‍ മടങ്ങിയെത്തി നേതാക്കളെയും പ്രവര്‍ത്തകരേയും കാണുമെന്ന് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ വ്യക്തമാക്കി.

കൊല്ലത്ത് മുന്‍ എക്‌സൈസ് മന്ത്രി പി കെ ഗുരുദാസനെ തഴഞ്ഞത് ഇ പി ജയരാജനെ എക്‌സൈസ് മന്ത്രിയാക്കാന്‍ വേണ്ടിയെന്നാണ് അവിടെ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളില്‍ പറയുന്നത്. ദേശാഭിമാനി പ്രത്യേക ലേഖകന്‍ ആര്‍ എസ് ബാബുവിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിന് എതിരേയും പോസ്റ്ററുകള്‍ വ്യാപകമാണ്. ‘ആര്‍ എസ് ഉണ്ണിയെ കുറിച്ച് കേട്ടിട്ടുണ്ട്. ആരാണീ ആര്‍ എസ് ബാബു’ എന്ന് ചോദിക്കുന്ന പോസ്റ്ററുകള്‍ ചിലതില്‍ കുന്നംകുളത്തുള്ള ഒരു അബ്കാരിയുടെ ബിനാമിയാണ് ബാബുവെന്ന ആക്ഷേപവുമുണ്ട്. പാര്‍ട്ടി അബ്കാരികളെ പിന്നാലെ പോകുകയാണെന്ന ആക്ഷേപവുമുണ്ട് ചില പോസ്റ്ററുകളില്‍.

അമ്പലപ്പുഴയില്‍ മത്സരിക്കാന്‍ ഒരുങ്ങുന്ന മുന്‍ മന്ത്രി ജി സുധാകരനെതിരെയും ഉണ്ട് പോസ്റ്ററുകള്‍. അമ്പലപ്പുഴയില്‍ വിജയം ഉറപ്പിക്കുന്നതിന് വേണ്ടി സുധാകരന്‍ സിപിഐഎമ്മിനെ ബിഡിജെഎസിന്റെ തൊഴുത്തില്‍ കെട്ടാന്‍ ശ്രമിക്കുന്നുവെന്നാണ് ആക്ഷേപം. കായംകുളം മണ്ഡലത്തിലേക്ക് ശുപാര്‍ശ ചെയ്യപ്പെട്ട രജനീ ദേവദാസിന് എതിരെയും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാല്‍ തന്നെ ആരും സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്ന കാര്യം അറിയില്ലെന്നും താന്‍ പാര്‍ട്ടി അംഗം പോലുമല്ലെന്നും രജനി പറയുന്നു.

തര്‍ക്കത്തെ തുടര്‍ന്ന് പല മണ്ഡലങ്ങളിലും ഇനിയും സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാനാകാത്ത അവസ്ഥയിലാണ് സിപിഐഎം നേതൃത്വം. ഇതിന് ഇടയില്‍ കൊട്ടാരക്കര മണ്ഡലത്തില്‍ വീണ്ടും ആയിഷ പോറ്റിയേയും കുണ്ടറയില്‍ മേഴ്‌സിക്കുട്ടിയമ്മയേയും മത്സരിപ്പിക്കാന്‍ സിപിഐഎം സംസ്ഥാന നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.

ആര്‍ ബാലകൃഷ്ണ പിള്ളയുടെ കേരള കോണ്‍ഗ്രസ് ബിക്ക് കൊല്ലം ജില്ലയില്‍ പത്തനാപുരം സീറ്റ് മാത്രമേ നല്‍കൂ. ജില്ലയ്ക്ക് വെളിയില്‍ ആറന്‍മുളയോ ചെങ്ങന്നൂരോ നല്‍കുന്ന കാര്യം പരിഗണിക്കാമെന്നതാണ് സിപിഐഎം നിലപാട്. ഇതില്‍ ആറന്‍മുള സ്വീകരിക്കാന്‍ പിള്ള തയ്യാറാകുമെന്നതാണ് സൂചന.

മന്ത്രി കെ സി ജോസഫിന് എതിരെ ശക്തമായ പ്രതിഷേധം നിലനില്‍ക്കുന്ന ഇരിക്കൂര്‍ മണ്ഡലത്തില്‍ പ്രശസ്ത ചിത്രകാരന്‍ എബി എന്‍ ജോസഫിനെ സിപിഐഎം സ്വതന്ത്രനായി മത്സരിപ്പിക്കുന്നകാര്യം നേതൃത്വത്തിന്റെ സജീവ പരിഗണനയിലാണ്. നേരത്തെ സിപിഐ മത്സരിച്ച ഇരിക്കൂറിന് പകരം അവര്‍ക്ക് കണ്ണൂര്‍ മണ്ഡലം നല്‍കുമെന്ന സൂചനയും ശക്തമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍