UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എക്സിറ്റ് പോളുകളെ എത്രത്തോളം നമ്പാം?

Avatar

അഴിമുഖം പ്രതിനിധി

എക്‌സിറ്റ് പോളുകളെ എത്രകണ്ട് വിശ്വസിക്കാനാകുമെന്ന കാര്യത്തില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. അവയുടെ വിശ്വാസ്യത ഇക്കഴിഞ്ഞ ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ പാടേ തകര്‍ന്ന് അടിഞ്ഞതാണ്. എങ്കിലും കൂട്ടിയും കിഴിച്ചും വിജയം സ്വപ്‌നം കാണുന്ന ഇടതുമുന്നണിക്കും ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സഖ്യത്തിനും ഏറെ ആവേശം പകരുന്നതാണ് അഞ്ച് വ്യത്യസ്ത ഏജന്‍സികള്‍ ഇന്നലെ പുറത്തുവിട്ട എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നാലെണ്ണവും. ഒരു ഫലം യുഡിഎഫിന് പ്രതീക്ഷ നല്‍കുന്നതാണ്.

ഇന്ത്യാടുഡേ-ആക്‌സിസ്-മാതൃഭൂമി, ടൈംസ് നൗ-സിവോട്ടര്‍, ന്യൂസ് എക്‌സ്-ടുഡേയ്‌സ് ചാണക്യ എന്നിവ ഇടതു മുന്നേറ്റം പ്രവചിക്കുമ്പോള്‍ ന്യൂസ് നേഷന്റെ പ്രവചനം യുഡിഎഫിന് അനുകൂലമാണ്.

ഇന്ത്യാടുഡേ-ആക്‌സിസ്-മാതൃഭൂമി എല്‍ഡിഎഫിന് 88 മുതല്‍ 101 സീറ്റും യുഡിഎഫിന് 38 മുതല്‍ 41 സീറ്റും ബിജെപിക്ക് 0-3 സീറ്റും മറ്റുള്ളവര്‍ക്ക് 0-4 സീറ്റുകള്‍ വരെ പ്രവചിക്കുന്നു. ഇന്ത്യാ ടിവി- സീവോട്ടര്‍ എല്‍ഡിഎഫിന് 74 മുതല്‍ 82 ഉം യുഡിഎഫിന് 54 മുതല്‍ 62 ഉം ബിജെപിക്ക് പൂജ്യം മുതല്‍ നാലുവരേയും മറ്റുള്ളവര്‍ക്ക് 0-4 സീറ്റുമാണ് പ്രവചിക്കുന്നത്. ടുഡേയ്‌സ് ചാണക്യയാകട്ടെ എല്‍ഡിഎഫിന് 75 ഉം യുഡിഎപിന് 57 ഉം ബിജെപിക്ക് എട്ടും സീറ്റ് നല്‍കുമ്പോള്‍ ടൈംസ് നൗ എല്‍ഡിഎഫിന് 78, യുഡിഎഫ് 58, ബിജെപി രണ്ട് മറ്റുള്ളവര്‍ രണ്ട് എന്നിങ്ങനെയാണ് പ്രവചിക്കുന്നത്.

ന്യൂസ് നേഷനാകട്ടെ യുഡിഎഫിന് 70ഉം എല്‍ഡിഎഫിന് 69-ഉം ബിജെപിക്ക് ഒരു സീറ്റും നല്‍കി ഒരു തൂക്ക് നിയമസഭ പ്രവചിച്ചിരിക്കുന്നു. ഇന്ത്യാടുഡേ-ആക്‌സിസ് ഫലം മന്ത്രിമാരുടെ കൂട്ടത്തോല്‍വിയും പ്രവചിക്കുന്നുണ്ട്. കെ എം മാണി, കെ ബാബു, ഇബ്രാഹിം കുഞ്ഞ്, അനൂപ് ജേക്കബ്, എംകെ മുനീര്‍, കെപി മോഹനന്‍ എന്നിവരാണ് ഈ മന്ത്രിമാര്‍.

ഈ പ്രവചനങ്ങള്‍ എത്രക്കണ്ട് ശരിയെന്ന് അറിയാന്‍ വ്യാഴാഴ്ച്ച വരെ കാത്തിരുന്നേ മതിയാകൂ. അതിന് ഇടയില്‍ തൃപ്പൂണിത്തുറയിലും അഴീക്കോടും ഉദുമയിലും എന്‍ഡിഎ യുഡിഎഫിന് അനുകൂലമായി വോട്ടു മറിച്ചുവെന്ന സിപിഐഎം ആരോപണം ശരിയാണെങ്കില്‍ ഈ മണ്ഡലങ്ങളിലെ എക്‌സിറ്റ് പോള്‍ പ്രവചനം പാടേ തെറ്റിയേക്കും. തൃപ്പൂണിത്തുറയില്‍ മന്ത്രി കെ ബാബുവിനും അഴീക്കോട് മുസ്ലിംലീഗിലെ കെഎം ഷാജിക്കും ഉദുമയില്‍ കോണ്‍ഗ്രസിന്റെ കെ സുധാകരനും അനുകൂലമായി ബിജെപി-ആര്‍ എസ് എസുകാര്‍ വോട്ടു ചെയ്തുവെന്നാണ് സിപിഐഎം ആരോപണം.

അല്ലറ ചില്ലറ ഉന്തുംതള്ളും ചിലകള്ള വോട്ടു ശ്രമങ്ങളും ഒഴിച്ചു നിര്‍ത്തിയാല്‍ തികച്ചും സമാധാനപരമായിരുന്നു കേരളത്തിലെ തെരഞ്ഞെടുപ്പ്. പാലക്കാട് ചിറ്റൂരില്‍ രണ്ട് ജനതാദള്‍ സെക്യുലറുകാര്‍ക്ക് വെട്ടേറ്റെങ്കിലും ഈ സംഭവത്തിന് തെരഞ്ഞെടുപ്പുമായി ബന്ധമില്ലെന്നാണ് പൊലീസ് പറയുന്നത്.

ഇടതുതരംഗമെന്നും അതല്ല യുഡിഎഫിന് തുടര്‍ ഭരണം എന്നൊക്കെ എക്‌സിറ്റ് പോള്‍ ഫലങ്ങളും രാഷ്ട്രീയ നേതാക്കളും പ്രവചിക്കുമ്പോഴും ഏറെ പ്രചണ്ഡമായ ഒരു പ്രചാരണത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ പോളിങ് ശതമാനം 2011-ലേതില്‍ നിന്നും അല്‍പം താഴേക്ക് പോയത് മൂന്നു മുന്നണികളിലും ആശങ്ക ജനിപ്പിക്കുന്നുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വോട്ടിങ് ശതമാനം 75.12 ആയിരുന്നുവെങ്കില്‍ ഇത്തവണ അത് 74.12 ആയിരുന്നു. ലീഗിന്റെ തട്ടകമായ മലപ്പുറത്ത് കഴിഞ്ഞ തവണത്തേക്കാള്‍ ഒരു ശതമാനത്തോളം പോളിങ് ഉയര്‍ന്നുവെങ്കിലും പല ലീഗ് കോട്ടകളിലും പോളിങ് ശതമാനം കുറഞ്ഞത് മുസ്ലിംലീഗിനെ ആശങ്കപ്പെടുത്തുന്നുണ്ട്.

കടുത്ത ത്രികോണ മത്സരങ്ങളില്‍ പോളിങ് ശതമാനം ഉയര്‍ന്നത് അവിടങ്ങളിലെ ഫലം പ്രവചനാതീതമാക്കുന്നു. പതിവിന് വിരുദ്ധമായി വയനാട്ടില്‍ ഇത്തവണ അഞ്ചു ശതമാനത്തോളം വോട്ടിങ് വര്‍ദ്ധനവുണ്ടായി. ജാനുവിന്റെ രംഗപ്രവേശനത്തോടെ ശ്രദ്ധേയമായ ബത്തേരി അടങ്ങുന്നതാണ് വയനാട്ടിലെ മൂന്ന് മണ്ഡലങ്ങളും. ഇവിടെ പോളിങ് ശതമാനത്തിലുണ്ടായ വര്‍ദ്ധനവ് ആരെ തുണയ്ക്കുമെന്ന കാര്യത്തിലും തര്‍ക്കം നിലനില്‍ക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍