UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സസ്പെന്‍സ് ഒളിപ്പിച്ചു വെച്ച് തിരുവനന്തപുരം; കൊല്ലവും ആലപ്പുഴയും ഇടത്തോട്ട്

Avatar

ജെ ബിന്ദുരാജ്, കെ സി അരുണ്‍

തെക്ക് തെക്കുള്ള ദേശത്തെ ഏതാനും സീറ്റുകളാണ് ഈ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ കേരളത്തിന്റെ രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നത്. അങ്ങ് മഞ്ചേശ്വരം കഴിഞ്ഞാല്‍ ത്രികോണ മത്സരത്തിന്റെ യഥാര്‍ത്ഥ ത്രില്ലും ഇവിടെയാണ്. ലോകസഭ, നിയമസഭ തിരഞ്ഞെടുപ്പുകളില്‍ ബിജെപി രണ്ടു മുന്നണികളേയും വെല്ലുവിളിച്ച് മുന്നേറിയതു തന്നെയാണ് തിരുവനന്തപുരം ജില്ലയെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. അതുകൊണ്ട് തന്നെ ഒരു അപ്രവചീനയത ഈ ജില്ല കാത്തുസൂക്ഷിക്കുന്നുണ്ട്. ഒരു സസ്‌പെന്‍സ് ഒളിപ്പിച്ചു വച്ചിട്ടുണ്ടോയെന്ന സംശയത്തിലും പ്രതീക്ഷയിലുമാണ് പലരും. ജാതി രാഷ്ട്രീയത്തിന് അതീതമായി ചിന്തിക്കുമോ വോട്ടര്‍മാര്‍ എന്ന ചോദ്യവും തിരുവനന്തപുരം ജില്ലയുടെ തെക്കന്‍ മേഖലയിലെ മണ്ഡലങ്ങളില്‍ ഉയരുന്നുണ്ട്.

ഭരണസിരാ കേന്ദ്രമായ തിരുവനന്തപുരം ജില്ലയില്‍ മൂന്നു മുന്നണികളും പരസ്പരം നേരിട്ട് ഏറ്റുമുട്ടുന്ന നേമം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, തിരുവനന്തപുരം, കോവളം മണ്ഡലങ്ങള്‍ കണക്കുകൂട്ടലുകള്‍ക്ക് വഴങ്ങാതെ മെയ് 19 വരെ മനസ്സ് തുറക്കില്ലെന്ന നിലപാടിലാണ്. നേമം ഇത്തവണ (എങ്കിലും) ഒ രാജഗോപാലിലൂടെ പിടിക്കാമെന്ന മോഹം ബിജെപി പുലര്‍ത്തുമ്പോള്‍ സിറ്റിങ് എംഎല്‍എ സിപിഐഎമ്മിന്റെ വി ശിവന്‍കുട്ടിയും യുഡിഎഫ് സ്ഥാനാര്‍ത്ഥി വി സുരേന്ദ്രന്‍ പിള്ളയും രാജഗോപാലിന് ഒപ്പത്തിനൊപ്പമുണ്ട്. ഈ മണ്ഡലത്തില്‍ ഫലപ്രഖ്യാപനം ഒരു ഫോട്ടോഫിനിഷ് ആകാനാണ് സാധ്യത.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മത്സരിക്കുന്ന വട്ടിയൂര്‍ക്കാവിലും വി മുരളീധരന്‍ മത്സരിക്കുന്ന കഴക്കൂട്ടത്തും ബിജെപിക്ക് ഒരു മികച്ച പോരാട്ടം കാഴ്ചവയ്ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. എന്നാലത് ഒരു വിജയമായി മാറ്റാന്‍ കഴിയുമോയെന്ന് സംശയമുണ്ട്. വട്ടിയൂര്‍ക്കാവില്‍ കുമ്മനം പിടിക്കുന്ന വോട്ടുകള്‍ സിറ്റിങ് എംഎല്‍എയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ കെ മുരളീധരന് വിനയാകുമെന്നും അതിലൂടെ ടി എന്‍ സീമ വിജയിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്.

കോവളത്ത് എന്‍ഡിഎയുടെ ബിഡിജെഎസ് സ്ഥാനാര്‍ത്ഥി ടി എന്‍ സുരേഷും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. അവിടെ നിലവിലെ എംഎല്‍എ എല്‍ഡിഎഫിന്റെ ജമീല പ്രകാശവും കോണ്‍ഗ്രസിന്റെ എം വിന്‍സെന്റും തമ്മിലാകും മത്സരമെന്ന് തുടക്കത്തില്‍ പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഇരുവര്‍ക്കും തന്ത്രങ്ങള്‍ മാറ്റിയെഴുതേണ്ടി വന്നു.

പാറശാല, വാമനപുരം, ആറ്റിങ്ങല്‍, ചിറയിന്‍കീഴ് മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് വിജയിക്കുമെന്ന് പ്രതീക്ഷിക്കുമ്പോള്‍ നെയ്യാറ്റിന്‍കര, അരുവിക്കര, വര്‍ക്കല മണ്ഡലങ്ങള്‍ നിലനിര്‍ത്താനാകുമെന്ന വിശ്വാസത്തിലാണ് യുഡിഎഫ്. നിലവിലെ നിയമസഭയില്‍ തിരുവനന്തപുരം ജില്ലയില്‍ യുഡിഎഫിന് എട്ടും എല്‍ഡിഎഫിന് ആറും എംഎല്‍എമാരാണുള്ളത്. തിരുവനന്തപുരത്ത് കൂടുതല്‍ സീറ്റ് നേടുന്നവര്‍ കേരളം ഭരിക്കുമെന്ന വിശ്വാസമാണ് രാഷ്ട്രീയക്കാര്‍ പുലര്‍ത്തുന്നത്. എന്നാല്‍ കഴിഞ്ഞ തവണ നിയമസഭ ഫലം വന്നപ്പോള്‍ ഏഴേ ഏഴിന്റെ സമനിലയായിരുന്നു. പിന്നീട് നെയ്യാറ്റിന്‍കരയില്‍ ജയിച്ച സെല്‍വരാജ് യുഡിഎഫ് പാളയത്തിലേക്ക് ചേക്കേറിയതാണ് മുന്നണിയെ മുന്നിലെത്തിച്ചത്. നെയ്യാറ്റിന്‍കര, കാട്ടാക്കട, പാറശാല, അരുവിക്കര, തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം നെടുമങ്ങാട്, വര്‍ക്കല മണ്ഡലങ്ങളാണ് ഇപ്പോള്‍ യുഡിഎഫിന്റെ കൈയിലുള്ളത്. എല്‍ഡിഎഫിനാകട്ടെ ആറ്റിങ്ങലും ചിറയിന്‍കീഴും വാമനപുരവും നേമവും കോവളവും കൈവശമുണ്ട്.

നാലുപതിറ്റാണ്ടായി ഇടതുപക്ഷം പുലര്‍ത്തുന്ന മേധാവിത്വത്തിന് എന്തെങ്കിലും ഇടര്‍ച്ച വരുത്താനാകുമോയെന്നാണ് വാമനപുരത്ത് യുഡിഎഫും ബിജെപിയും നോക്കുന്നത്. ആറ്റിങ്ങലില്‍ ബി സത്യനിലൂടെ മണ്ഡലം നിലനിര്‍ത്താമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. നെടുമങ്ങാട്ട് കോണ്‍ഗ്രസിന്റെ പാലോട് രവിയും കരുനാഗപ്പള്ളിയില്‍ നിന്നും മണ്ഡലം മാറിയെത്തിയ സിപിഐയുടെ സി ദിവാകരനും തമ്മിലാണ് മത്സരം.

ക്രിക്കറ്റ് താരം ശ്രീശാന്തിനെ ബിജെപി കളത്തിലിറക്കിയിരിക്കുന്ന തിരുവനന്തപുരവും ശ്രദ്ധേയമായ മണ്ഡലമാണ്. ഇവിടെ ആരോഗ്യ മന്ത്രി വി എസ് ശിവകുമാറും എല്‍ഡിഎഫിന്റെ ആന്റണി രാജുവുമാണ് ശ്രീശാന്തിന്റെ എതിര്‍ സ്ഥാനാര്‍ത്ഥികള്‍. ശിവകുമാറിന്റെ നില പരുങ്ങലിലാണെന്നാണ് ജനസംസാരം. ശ്രീശാന്ത് പിടിക്കുന്ന വോട്ടുകളാകും ശിവകുമാറിന്റേയും ആന്റണി രാജുവിന്റേയും വിധി നിര്‍ണയിക്കുക.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ രാഷ്ട്രീയ മലക്കം മറിച്ചിലുകള്‍ക്ക് സാക്ഷിയായി ജില്ലയാണ് കൊല്ലം. ഇരു മുന്നണികള്‍ക്കും കടം തിരിച്ചു കൊടുക്കാനും കണക്കുകള്‍ തീര്‍ക്കാനും ഏറെയുണ്ട് ജില്ലയില്‍. ആര്‍ എസ് പി ഇടതു നിന്നും യുഡിഎഫിലേക്ക് മാറിയപ്പോള്‍ കേരള കോണ്‍ഗ്രസ് ബി യുഡിഎഫില്‍ നിന്ന് ഇറങ്ങി എല്‍ഡിഎഫിന്റെ വരാന്തയില്‍ പാര്‍ക്കുന്നു. എന്നാല്‍ ആര്‍ എസ് പിയില്‍ നിന്ന് കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ സ്ഥാനം രാജിവച്ച് തിരികെ എല്‍ഡിഎഫിലേക്ക് വരികയും ചെയ്തു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആര്‍ എസ് പിയുടെ മുന്നണി മാറ്റം എല്‍ഡിഎഫിന് വിനയായിയെങ്കിലും പിന്നാലെ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മുന്നണി ശക്തമായി തിരിച്ചുവന്നിരുന്നു. ജില്ലയിലെ പതിനൊന്ന് എംഎല്‍എമാരില്‍ ഒമ്പത് പേര്‍ എല്‍ഡിഎഫും രണ്ടു പേര്‍ യുഡിഎഫുമാണ്. സിപിഐഎമ്മിനാകട്ടെ ആര്‍ എസ് പിയോടുള്ള കണക്ക് തീര്‍ക്കാനുള്ളപ്പോള്‍ ആര്‍ എസ് പിക്ക് കൊല്ലത്തെ തങ്ങളുടെ ഇല്ലം തകര്‍ക്കാനാകില്ലെന്ന് തെളിയിക്കേണ്ടതുമുണ്ട്.

കൊല്ലത്ത് ചവറ, ഇരവിപുരം, കുണ്ടറ, കരുനാഗപ്പള്ളി എന്നീ മണ്ഡലങ്ങളില്‍ കടുത്ത മത്സരം നടക്കുന്നുണ്ടെങ്കിലും പൊതുവില്‍ ഇടതു മുന്നേറ്റ സാധ്യത തന്നെയാണ് ജില്ലയിലുള്ളത്. ആര്‍ എസ് പി നേതാവും മന്ത്രിയുമായ ഷിബു ബേബി ജോണ്‍ സിഎംപിയുടെ എന്‍ വിജയന്‍ പിള്ളയില്‍ നിന്നും ചവറയില്‍ ശക്തമായ മത്സരമാണ് നേരിടുന്നത്. ഇരവിപുരത്താകട്ടെ ആര്‍ എസ് പിയുടെ സംസ്ഥാന സെക്രട്ടറിയും എംഎല്‍എയുമായ എ എ അസീസും സിപിഐഎമ്മിന്റെ എം നൗഷാദും തമ്മില്‍ വാശിയേറിയ മത്സരം നടക്കുന്നുണ്ട്. കുണ്ടറയില്‍ കോണ്‍ഗ്രസ് നേതാവ് രാജ് മോഹന്‍ ഉണ്ണിത്താനും സിപിഐഎമ്മിന്റെ ജെ മേഴ്‌സി കുട്ടി അമ്മയും തമ്മിലാണ് മത്സരം. താരമണ്ഡലമായ പത്തനാപുരത്ത് കേരള കോണ്‍ഗ്രസ് ബിയുടെ കെ ബി ഗണേശ് കുമാറിനാണ് വിജയ സാധ്യത. ഇവിടെ കോണ്‍ഗ്രസിനുവേണ്ടി ജഗദീഷ് കുമാറും ബിജെപിക്കുവേണ്ടി ഭീമന്‍ രഘുവെന്ന രഘു ദാമോദരനുമാണ് ഗണേശ് കുമാറുമായി ഏറ്റുമുട്ടുന്നത്.

ആര്‍ എസ് പിയില്‍ നിന്നും കഴുക്കോലൂരി ആര്‍ എസ് പി എല്‍ രൂപീകരിച്ച കോവൂര്‍ കുഞ്ഞുമോന് കുന്നത്തൂരില്‍ അഭിമാനപ്പോരാട്ടമാണിത്. കൊല്ലം മണ്ഡലത്തിലാകട്ടെ സിപിഐഎം സംസ്ഥാന നേതൃത്വം ജില്ലാ കമ്മിറ്റിയുടേയും സെക്രട്ടറിയേറ്റിന്റേയും എതിര്‍പ്പുകളെ മറികടന്ന് സിനിമ താരം മുകേഷിനെ മത്സരിപ്പിച്ചത് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉള്‍ക്കൊള്ളുമോയെന്ന് മെയ് 19-ന് അറിയാം. ഇവിടെ പികെ ഗുരുദാസനെ ഒഴിവാക്കിയാണ് മുകേഷിനെ സിപിഐഎം രംഗത്ത് ഇറക്കിയത്. സിപിഐയുടെ സിറ്റിങ് മണ്ഡലമായ കരുനാഗപ്പള്ളിയില്‍ പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറി ആര്‍ രാമചന്ദ്രന്‍ കോണ്‍ഗ്രസിന്റെ സി ആര്‍ മഹേഷിനെ നേരിടുന്നു.

ചാത്തന്നൂര്‍, പുനലൂര്‍, ചടയമംഗലം, കൊട്ടരക്കര മണ്ഡലങ്ങളില്‍ നിലവിലെ എംഎല്‍എമാര്‍ തന്നെ വീണ്ടും നിയമസഭയിലെത്തിയേക്കും. എങ്കിലും ചാത്തന്നൂരില്‍ എന്‍ഡിഎയുടെ ബി ബി ഗോപകുമാര്‍ നാലാള് കേട്ടാല്‍ അയ്യേയെന്ന് പറയാത്ത വോട്ടു പിടിക്കുമെന്നാണ് ബിജെപി പ്രതീക്ഷ. കൂടാതെ പുറ്റിങ്ങല്‍ ക്ഷേത്ര ദുരന്ത സമയത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ സ്ഥലത്ത് എത്തിയത് പരവൂര്‍, ചാത്തന്നൂര്‍ തുടങ്ങിയ മേഖലകളില്‍ വോട്ടായി മാറുമെന്നാണ് ബിജെപി കരുതുന്നത്. ജില്ലയില്‍ വിജയപ്രതീക്ഷകളൊന്നും ബിജെപിക്ക് ആരും കല്‍പിച്ചു നല്‍കുന്നില്ലെങ്കിലും അവര്‍ പിടിക്കുന്ന കൂടുതല്‍ വോട്ടുകളും വോട്ട് മറിക്കലുകളും കൊല്ലം നിര്‍ണായകമാകും. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ജില്ലയിലുണ്ടായിരുന്ന അപ്രമാദിത്യം ഇത്തവണയും തുടരാനാകുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. അതേസമയം യുഡിഎഫിനാകട്ടെ കൈയിലുള്ള രണ്ട് സീറ്റും കൈവിട്ടു പോകാതെ നോക്കുകയും കൂടുതല്‍ പിടിക്കുകയും വേണം.

ആലപ്പുഴ സി പി എമ്മിന്റെ ശക്തികേന്ദ്രങ്ങളിലൊന്നാണ്. മൊത്തം ഒമ്പത് സീറ്റുള്ള ആലപ്പുഴ ജില്ലയിൽ ഏഴെണ്ണവും ഇന്ന് ഇടതുമുന്നണിയുടെ കൈയിലാണ്. കഴിഞ്ഞ പഞ്ചായത്തു തെരഞ്ഞെടുപ്പിലും എൽ ഡി എഫിനു തന്നെയായിരുന്നു ആലപ്പുഴയിൽ മുന്‍തൂക്കം. നിയോജക മണ്ഡലങ്ങളിൽ ഹരിപ്പാടും ചെങ്ങന്നൂരും മാത്രമേ യു ഡി എഫിന്റെ കൈയിൽ നിലവിലുള്ളു. കഴിഞ്ഞ തവണ ഹരിപ്പാടു നിന്നും രമേശ് ചെന്നിത്തല കഷ്ടിയാണ് ഇവിടെ കടന്നുകൂടിയത്. സി പി ഐയുടെ പി പ്രസാദിൽ നിന്നും ഇത്തവണ കടുത്ത വെല്ലുവിളിയാണ് ചെന്നിത്തല നേരിടുന്നത്. ചെങ്ങന്നൂരിൽ പി സി വിഷ്ണുനാഥും എൽ ഡി എഫിന്റെ കെ കെ രാമചന്ദ്രൻ നായരിൽ നിന്നും കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. പ്രത്യേകിട്ടും വിമത സ്ഥാനാർത്ഥിയായി ശോഭനാ ജോർജ് ഇവിടെ വിഷ്ണുനാഥിനെതിരെ നിലകൊള്ളുന്നതിനാൽ പോരാട്ടം കടുക്കും. ബി ജെ പി സ്ഥാനാർത്ഥിയായ പി എസ് ശ്രീധരൻ പിള്ളയും വോട്ട് ധാരാളമായി പിടിച്ചാൽ വിഷ്ണുനാഥിന് അടിതെറ്റുമെന്ന കാര്യത്തിൽ സംശയം വേണ്ട. അരൂരിലും അമ്പലപ്പുഴയിലും കുട്ടനാട്ടിലും  മാവേലിക്കരയിലും ആലപ്പുഴയിലും ഇടതുമുന്നണി വിജയം ആവർത്തിക്കുമെന്നുറപ്പാണ്. എന്നാൽ കായംകുളത്ത് യു ഡി എഫിന്റെ എം ലിജുവിൽ നിന്നു ഇടതിന്റെ പ്രതിഭാ ഹരി കനത്ത വെല്ലുവിളി നേരിടുന്നുണ്ടെന്നതും ചേർത്തലയിൽ ഇടതിന്റെ പി തിലോത്തമൻ യു ഡി എഫിന്റെ എസ് ശരത്തിൽ നിന്നും കടുത്ത മത്സരം പ്രതീക്ഷിക്കുന്നുണ്ടെന്നതും യാഥാർത്ഥ്യമാണ്. ആലപ്പുഴയിൽ എൻ ഡി എഫിന്റെ ഡോക്ടർ തോമസ് ഐസക്കും ലാലി വിൻസന്റും തമ്മിലാണ് പോരാട്ടം. ആലപ്പുഴയിൽ ബി ഡി ജെ എസ് പല വിജയങ്ങളിലും നിർണായകശക്തിയാകാനാണ് സാധ്യത. കുട്ടനാട്ടിൽ ബി ഡി ജെ എസിന്‍റെ സുഭാഷ് വാസുവിനെ എന്തുവിലകൊടുത്തും വിജയിപ്പിക്കാനുള്ള ശ്രമങ്ങളാണ് വെള്ളാപ്പള്ളിയും കൂട്ടരും നടത്തുന്നത്. ജേക്കബ് എബ്രഹാമാണ് ഇവിടത്തെ യു ഡി എഫ് സ്ഥാനാർത്ഥി. എന്നിരുന്നാലും ഭരണവിരുദ്ധതരംഗത്തിൽ ജില്ല പൂർണമായി തന്നെ ഇടതിന്റെ കൈയിലെത്തിച്ചേരുമെന്നാണ് ഇടതിന്റെ വിശ്വാസം.

വികസനവും അഴിമതിയും വര്‍ഗീയതും അക്രമ രാഷ്ട്രീയവും ഒക്കെ ചര്‍ച്ചാ വിഷയമായ ഈ തെരഞ്ഞെടുപ്പില്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളോടും അപ്രീതിയുള്ളവര്‍ നമ്മുടെ നാട്ടില്‍ ധാരാളമുണ്ട്. അവര്‍ക്കൊക്കെ അത് രേഖപ്പെടുത്താനുള്ള അവസരവും വോട്ടീങ് മെഷീനിലുണ്ട്. നോട്ട. യൂത്തന്‍മാര്‍ പലരും നോട്ടയോടുള്ള താല്‍പര്യം തുറന്നു പറയുന്നുമുണ്ട്. അതിനാല്‍ സ്ഥാനാര്‍ത്ഥികള്‍ ജാഗ്രതൈ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍