UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേരളം വികസിച്ചെന്ന് ഉമ്മന്‍ ചാണ്ടി ഫേസ്ബുക്കില്‍; അതേ പോസ്റ്റില്‍ മറുപടി പറഞ്ഞ് പിണറായി

അഴിമുഖം പ്രതിനിധി

കേരളത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയ വന്‍കിട വികസന പദ്ധതികള്‍ അക്കമിട്ട് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് അതേ പോസ്റ്റില്‍ തന്നെ സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്റെ മറുപടി. ഉമ്മന്‍ ചാണ്ടി തന്റെ പോസ്റ്റില്‍ ഇങ്ങനെ പറയുന്നു: “മൂന്നു പതിറ്റാണ്ടിനിടെ കേരളം കണ്ടിട്ടില്ലാത്ത തരത്തിലുള്ള വികസനമാണ് കഴിഞ്ഞ അഞ്ചു വര്‍ഷംകൊണ്ട് യു.ഡി.എഫ്. സര്‍ക്കാര്‍ നടത്തിയത്. ഈ തെരഞ്ഞെടുപ്പില്‍ വികസനം എല്‍.ഡി.എഫ്. ഒരു പ്രചാരണ വിഷയമാക്കാത്തത് ഇതുകൊണ്ടാണ്. യു.ഡി.എഫ്. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം നടത്തിയ വികസന പ്രവര്‍ത്തനങ്ങളും ആരംഭിച്ചതും പൂര്‍ത്തിയാക്കിയതുമായ വന്‍കിട വികസന പദ്ധതികളും ആര്‍ക്കാണ് കണ്ടില്ലെന്നു നടിക്കാനാകുക.” (പോസ്റ്റിന്റെ പൂര്‍ണരൂപം: https://www.facebook.com/oommenchandy.official/posts/10153571035796404:0 )

ഇതില്‍ വായനക്കാര്‍ക്കായി നല്കിയിട്ടുള്ള കമന്‍റ് ബോക്സിലാണ് പിണറായി നേരിട്ടു തന്നെ ഉമ്മന്‍ ചാണ്ടിയെ ഖണ്ഡിച്ചിരിക്കുന്നത്: പിണറായിയുടെ മറുപടി ഇങ്ങനെ:

 

പ്രിയപ്പെട്ട ശ്രീ ഉമ്മൻചാണ്ടി 
കാസർകോട്ടു നിന്നുള്ള യാത്രയ്ക്കിടയിലാണ് ഞാൻ താങ്കളുടെ ഈ പോസ്റ്റ് കാണുന്നത്. ഇടതു പക്ഷ ജനാധിപത്യ മുന്നണിയിലെ ഐക്യവും യോജിച്ച മുന്നേറ്റവും തകർക്കാനുള്ള താങ്കളുടെ കൌശലം തിരുത്തുകയോ അവസാനിപ്പിക്കുകയോ വേണമെന്ന് ആദ്യമായി അഭ്യർഥിക്കട്ടെ. ഞങ്ങൾ ആരെയും മുഖ്യമന്ത്രി സ്ഥാനാർഥിയായി അവതരിപ്പിക്കുന്നില്ല എന്നത് പലവട്ടം പരസ്യമായി പറഞ്ഞ വസ്തുതയായിരിക്കെ, ഏതെങ്കിലും ഒരു വ്യക്തിയെ ഇടതു പക്ഷ ജനാധിപത്യ മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി എന്ന് അഭിസംബോധന ചെയ്യാൻ താങ്കൾക്കു ഒരവകാശവുമില്ല. അത് ഔചിത്യവും അല്ല.

താങ്കളെയും താങ്കളുടെ ഉപജാപ രാഷ്ട്രീയത്തെയും കേരളം ഏറെക്കാലമായി കാണുന്നുണ്ട്. സ്വന്തം പാർട്ടിയിൽ അത്തരം .ഇടപെടലുകൾ താങ്കൾ നടത്തിയതിന്റെ ചരിത്രവും മറക്കാവുന്നതല്ല. ഏറ്റവും ഒടുവിൽ പാമോലിൻ കേസിൽ സുപ്രിം കോടതിയിൽ നിന്ന് വന്ന പരാമർശവും അതിന്റെ പശ്ചാത്തലവും താങ്കൾ മറച്ചു വെച്ചാലും ജനങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്. 

ഇവിടെ താങ്കൾ ഉന്നയിച്ച വിഷയങ്ങളെക്കുറിച്ച് : നാലാമത് കേരള പഠന കോണ്ഗ്രസ്സിലൂടെയും തുടർന്ന് നടത്തിയ നവ കേരള മാര്ചിലൂടെയും പ്രകടന പത്രികയിലൂടെയും ഞങ്ങൾ മുന്നോട്ടു വെക്കുന്നത് കേരളത്തിന്റെ പുരോഗതിയിലേക്ക് നയിക്കുന്ന വികസനത്തിന്റെ വഴികളെക്കുറിച്ചുള്ള കാഴ്ചപ്പാടാണ്. ഭരണം എന്നാൽ അഴിമതി എന്ന് മനസ്സിലാക്കുന്ന താങ്കളുടെ ശ്രദ്ധയിൽ അത് പെട്ടിട്ടുണ്ടാകണം എന്നില്ല. ഭൂമി പതിച്ചു കൊടുക്കലിന്റെയും കേസുകൾ ഒതുക്കുന്നതിന്റെയും തിരക്കിനിടയിൽ അത്തരം കാര്യങ്ങൾ ശ്രദ്ധിക്കാൻ സമയം കിട്ടില്ല എന്ന് മനസ്സിലാക്കാവുന്നതേ ഉള്ളൂ. 

സോഷ്യൽ മീഡിയയിൽ നിന്ന് വിവരശേഖരണം സാധ്യമാകുമെങ്കിൽ, സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം എന്ന നിലയിൽ, നവ കേരള മാർച്ച് നയിച്ച് ഒരു മാസം ഞാൻ ദിനംപ്രതി നടത്തിയ പത്ര സമ്മേളനങ്ങളുടെ ക്ലിപ്പിങ്ങുകൾ അങ്ങേയ്ക്ക് കാണാനാവുന്നതേ ഉള്ളൂ. ഞങ്ങൾ പറയുന്നത് താങ്കൾക്ക് പരിചയമുള്ള കാര്യങ്ങൾ ആകണം എന്നില്ല-അത് നാടിനെയും ജനങ്ങളെയും നാളെയിലേക്ക് നയിക്കാനുള്ള വികസനത്തെ കുറിച്ചാണ്. അഴിമതിയുടെയും തട്ടിപ്പിന്റെയും വികസനത്തെ കുറിച്ചല്ല. എന്തായാലും താങ്കൾ ക്ഷണിച്ച സ്ഥിതിക്ക്, ഉന്നയിച്ച എല്ലാ വിഷയങ്ങൾക്കും മറുപടി നല്കാൻ ഞാൻ ആഗ്രഹിക്കുകയാണ് -എന്റെ ഫേസ് ബുക്ക് പേജിലൂടെ. Best Wishes

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍