UPDATES

വിശകലനം

ആലപ്പുഴ എങ്ങോട്ട്? ജനം പറയുന്നത് ഇതൊക്കെ; സാധ്യതകളും

അഞ്ച് ഡിഗ്രി വരെ ഉയര്‍ന്ന ചൂടില്‍ വാടിത്തളര്‍ന്നവര്‍ പോലും പക്ഷേ, തിരഞ്ഞെടുപ്പ് ചൂടില്‍ ആവേശത്തിലാണ്.

ചൂടില്‍ തിളച്ചുമറിയുകയാണ് ആലപ്പുഴ. അടുത്ത കാലങ്ങളില്‍ ഉണ്ടായിട്ടുള്ളതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന താപനിലയില്‍ ആലപ്പുഴക്കാര്‍ ഉരുകിയൊലിക്കുകയാണ്. അഞ്ച് ഡിഗ്രി വരെ ഉയര്‍ന്ന ചൂടില്‍ വാടിത്തളര്‍ന്നവര്‍ പോലും പക്ഷേ, തിരഞ്ഞെടുപ്പ് ചൂടില്‍ ആവേശത്തിലാണ്. കനത്ത വെയിലിനെ പോലും വകവയ്ക്കാതെ പ്രചരണത്തിനിറങ്ങുന്ന സ്ഥാനാര്‍ഥികളും പാര്‍ട്ടി പ്രവര്‍ത്തകരും. വിധിയെഴുത്തിന് ഇനി ഏഴ് നാള്‍ മാത്രം. വളരെ മുന്നേ സ്ഥാനാര്‍ഥി പ്രഖ്യാപനം കഴിഞ്ഞതിന്റെ മുന്‍തൂക്കം എല്‍ഡിഎഫിന് പ്രചരണത്തില്‍ ലഭിച്ചിട്ടുണ്ട്. പ്രചരണത്തില്‍ ഏറെ മുന്നില്‍ പോയ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ വെല്ലുവിളിച്ചുകൊണ്ട് തിരക്കിട്ട പ്രചരണ പരിപാടികളിലാണ് യുഡിഎഫ് സ്ഥാനാര്‍ഥിയും എന്‍ഡിഎ സ്ഥാനാര്‍ഥിയും. എ എം ആരിഫ്, ഷാനിമോള്‍ ഉസ്മാന്‍, കെ സി രാധാകൃഷ്ണന്‍- മൂന്ന് സ്ഥാനാര്‍ഥികള്‍ അവരുടെ ആദ്യ ലോക്‌സഭാ അങ്കത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. ഇതിനൊപ്പമാണ് ആര് വിജയിക്കും, ആര്‍ക്കാണ് സാധ്യത തുടങ്ങിയ ചര്‍ച്ചകള്‍ ഒരു വശത്ത് കൊഴുക്കുന്നത്.

അല്‍പ്പം ചരിത്രം

ആലപ്പുഴ തിരഞ്ഞെടുപ്പില്‍ ആര്‍ക്കൊപ്പം? വളരെ പെട്ടെന്ന് ഉത്തരം ലഭിക്കാത്ത ചോദ്യമാണിത്. അതിന് കാരണം ആലപ്പുഴയുടെ മനസ്സ് പ്രവചനാതീതമാണെന്നതാണ്. കണ്ണൂര്‍ കഴിഞ്ഞാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഏറ്റവുമധികം വേരോട്ടമുള്ള ജില്ലയായാണ് ആലപ്പുഴയെ കണക്കാക്കുന്നത്. എന്നാല്‍ പാര്‍ട്ടി ഈറ്റില്ലമെന്ന വിശേഷണത്തിന് ജില്ല വഴങ്ങുന്നുമില്ല. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇടതിന് മാത്രമായി വിജയം സമ്മാനിച്ചിട്ടുമില്ല. 1957-ല്‍ നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കൊപ്പം നിന്ന ജില്ലയാണ് ആലപ്പുഴ. അരൂരില്‍ പി എസ് കാര്‍ത്തികേയനും തകഴിയില്‍ തോമസ് ജോണും ഐക്യ ജനാധിപത്യ മുന്നണിയുടേതായി ജയിച്ചതൊഴിച്ചാല്‍ അന്ന് മറ്റ് സീറ്റുകളെല്ലാം സിപിഐയ്ക്കായിരുന്നു. 1960-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇതില്‍ മാറ്റം വന്നു, ജില്ലയില്‍ സിപിഐയോട് കിടപിടിക്കുന്ന വിജയം കോണ്‍ഗ്രസ് നേടി. 1967-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിഭജനത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പല്‍ സിപിഎമ്മും സിപിഐയും ജില്ല തൂത്തുവാരി. എന്നാല്‍ സിപിഐയും സിപിഎമ്മും രണ്ടായി മത്സരത്തെ നേരിട്ട 1977-ലെ തിരഞ്ഞെടുപ്പില്‍ അരൂരിലെ സിപിഐ സ്ഥാനാര്‍ഥി പി എസ് ശ്രീനിവാസനും ആലപ്പുഴയിലെ സിപിഐ സ്ഥാനാര്‍ഥി പി കെ വാസുദേവന്‍ നായരും മാത്രമാണ് വിജയിച്ചത്. സിപിഎം സ്ഥാനാര്‍ഥിയായ കെ ആര്‍ ഗൗരിയമ്മ സിപിഐ സ്ഥാനാര്‍ഥിയായ പി എസ് ശ്രീനിവാസനോട് പരാജയപ്പെട്ട തിരഞ്ഞെടുപ്പു കൂടിയായിരുന്നു അത്. മറ്റ് സീറ്റുകളില്‍ ആര്‍എസ്പിയും കോണ്‍ഗ്രസും വിജയം നേടി. 2011-ലേയും 2016-ലേയും തിരഞ്ഞെടുപ്പുകള്‍ ഒഴിച്ചാല്‍ പിന്നീടങ്ങോട്ടുള്ള തിരഞ്ഞെടുപ്പുകളിലെല്ലാം എല്‍ഡിഎഫും യുഡിഎഫും ജില്ലയില്‍ നേട്ടമുണ്ടാക്കിയിട്ടുണ്ട്. 2011-ല്‍ ഹരിപ്പാടും ചെങ്ങന്നൂരും മാത്രമാണ് കോണ്‍ഗ്രസിനെ തുണച്ചതെങ്കില്‍ 2016-ലെ തിരഞ്ഞെടുപ്പില്‍ അത് ഹരിപ്പാട് മണ്ഡലം മാത്രമായി ഒതുങ്ങി.

ഇനി ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം നോക്കിയാലും മാറ്റങ്ങള്‍ക്കായി തിരയുന്ന ആലപ്പുഴയെ കാണാം. സിഐടിയുവിന്റെ പ്രമുഖ നേതാവായിരുന്ന ഇ ബാലാനന്ദനെ പരാജയപ്പടുത്തിക്കൊണ്ടാണ് കോണ്‍ഗ്രസിന്റെ തൃശൂരില്‍ നിന്നെത്തിയ യുവനേതാവായ വിഎം സുധീരന്‍ 1977-ല്‍ ആലപ്പുഴയില്‍ കാലുറപ്പിച്ചത്. എണ്‍പതില്‍ സുശീല ഗോപാലനിലൂടെ ഇടതുപക്ഷം മണ്ഡലം പിടിച്ചു. ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടതിന് പിന്നാലെ നടന്ന 84-ലെ തിരഞ്ഞെടുപ്പില്‍ സുശീല ഗോപാലനെ തോല്‍പ്പിച്ച് വക്കം പുരുഷോത്തമന്‍ വീണ്ടും ആലപ്പുഴയെ യുഡിഎഫിന്റെ വരുതിയിലാക്കി. ഏഴ് വര്‍ഷത്തിന് ശേഷം നടന്ന അടുത്ത തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ യുവനേതാവായിരുന്ന ടിജെ ആഞ്ചലോസിനെ രംഗത്തിറക്കിക്കൊണ്ട് ഇടതുമുന്നണി അട്ടിമറി വിജയത്തിലൂടെ വീണ്ടും ആലപ്പുഴയില്‍ ചെങ്കൊടി പാറിച്ചു. അന്ന് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവായിരുന്ന വക്കം പുരുഷോത്തമനാണ് ആഞ്ചലോസിനോട് തോറ്റത്. രാജീവ് ഗാന്ധിയുടെ മരണത്തെ തുടര്‍ന്നുണ്ടായ തിരഞ്ഞെടുപ്പായിരുന്നിട്ടുകൂടി വലതുമുന്നണി ഉറപ്പിച്ചിരുന്ന വക്കം പുരുഷോത്തമന്റെ വിജയം തട്ടിത്തെറിപ്പിക്കാന്‍ ആഞ്ചലോസിനായി. തുടര്‍ന്ന് ആലപ്പുഴയില്‍ തട്ടകം ഉറപ്പിച്ച വിഎം സുധീരന്‍ ആഞ്ചലോസിനേയും ഇടതുപക്ഷത്തിന്റെ യുവ വനിതാ സ്ഥാനാര്‍ഥിയായിരുന്ന സി എസ് സുജാതയേയും ചലച്ചിത്ര താരമായിരുന്ന മുരളിയേയും പരാജയപ്പെടുത്തി തുടര്‍ച്ചയായി വിജയം കൊയ്തു. എന്നാല്‍ 2004ലെ തിരഞ്ഞെടുപ്പില്‍ ഡോ. കെ എസ് മനോജ് സുധീരനെ നിലംപറ്റിച്ചു. പിന്നീട് രണ്ട് തവണ തുടര്‍ച്ചയായി കണ്ണൂര്‍ സ്വദേശിയായ കെ സി വേണുഗോപാല്‍ ആലപ്പുഴ എംപിയായി.

2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍, ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തില്‍ (കരുനാഗപ്പള്ളി, കായംകുളം, ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല, അരൂര്‍) എല്‍ഡിഎഫ് 89,446 വോട്ടുകളുടെ ഭൂരിപക്ഷമാണ് നേടിയത്. എന്നാല്‍ പിന്നീട് വന്ന 2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സോളാര്‍ കേസില്‍ ആരോപണ വിധേയനായ കെ സി വേണുഗോപാല്‍ 19,407 വോട്ടുകള്‍ക്ക് സി ബി ചന്ദ്രബാബുവിനെ പരാജയപ്പെടുത്തി. തുടര്‍ന്നുള്ള 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 1,12,984 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലോക്‌സഭാ മണ്ഡലത്തില്‍ എല്‍ഡിഎഫിനുള്ളത്. പ്രമുഖരെ വരെ വീഴ്ത്തിയിട്ടുള്ള ആലപ്പുഴയില്‍ ഇനി വരുന്ന തിരഞ്ഞെടുപ്പില്‍ ആരെ തിരഞ്ഞെടുക്കും എന്നത് കാത്തിരുന്ന് തന്നെ കാണണമെന്ന് ചരിത്രം ഓര്‍മ്മിപ്പിക്കുന്നു.

സമുദായത്തെ മാറ്റി നിര്‍ത്തി തിരഞ്ഞെടുപ്പില്ല

70 ശതമാനം ഹിന്ദുമത വിശ്വാസികളും 17 ശതമാനം ക്രിസ്ത്യന്‍, 13 ശതമാനം മുസ്ലീം മതവിശ്വാസികളുമാണ് ആലപ്പുഴ മണ്ഡലത്തില്‍ ഉള്ളതെന്ന് കണക്കുകള്‍ പറയുന്നു. ഏറെക്കുറെ പ്രവചന സാധ്യതയുള്ള വോട്ടുകളാണ് ഹിന്ദു വോട്ടുകള്‍. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലത്തെ അട്ടിമറിക്കാന്‍ വരെ ശേഷിയുള്ള ന്യൂനപക്ഷ സമുദായങ്ങള്‍ ആര്‍ക്കൊപ്പം നില്‍ക്കും എന്നതാണ് സ്ഥാനാര്‍ഥികളുടെ വിജയത്തില്‍ പ്രതിഫലിക്കുക. ലത്തീന്‍ കത്തോലിക്കാ വിഭാഗവും മുസ്ലീം സമുദായ വോട്ടുകളും വമ്പന്‍മാരെ വരെ വീഴ്ത്തിയ ചരിത്രമുള്ള മണ്ഡലവുമാണ് ആലപ്പുഴ. മൂന്ന് വട്ടം വിജയിച്ച വി എം സുധീരനെ അടിയറവ് പറയിച്ച ഡോ. കെ എസ് മനോജിന്റെ (മനോജ് കുരിശിങ്കല്‍) വിജയം അതിന് ഉദാഹരണമാണ്. മണ്ഡലത്തില്‍ തീര്‍ത്തും അപരിചിതനായിരുന്ന ലത്തീന്‍ കത്തോലിക്കാ സമുദായത്തില്‍ നിന്നെത്തിയ ഡോ. കെ എസ് മനോജിന് തുടക്കത്തില്‍ വിജയ സാധ്യത കുറവാണ് കണക്കാക്കപ്പെട്ടിരുന്നത്. എന്നാല്‍ 91-ല്‍ ആഞ്ചലോസിന് വിജയം സമ്മാനിച്ചതിന് സമാനമായ സമുദായ ധ്രുവീകരണമാണ് മനോജിനെ വിജയത്തിലേക്കെത്തിച്ചതില്‍ പ്രധാനമായത്.

ഒന്നര ലക്ഷത്തിലധികം വരുന്ന മുസ്ലീം വോട്ടുകളും മണ്ഡലത്തില്‍ നിര്‍ണായകമാണ്. ആലപ്പുഴ എംപി ആയ കെ.സി വേണുഗോപാലിനെയും ഇപ്പോള്‍ ലോക്‌സഭാ സ്ഥാനാര്‍ഥിയായ അരൂര്‍ എംഎല്‍എ എ.എം ആരിഫിനേയും ഒരു പോലെ തുണച്ചിരുന്ന മുസ്ലീം വോട്ടുകള്‍ ഇത്തവണ ആരുടെ കൂടെ എന്നത് കൂടിയാവും വിജയം തീരുമാനിക്കുക. 29 ശതമാനം ഈഴവ വോട്ടുകളും അതിലേറെ ദളിത് വോട്ടുകളും 20 ശതമാനം വരുന്ന നായര്‍ വോട്ടുകളും എട്ട് ശതമാനം വരുന്ന ധീവര വോട്ടുകളുമെല്ലാം മത്സരഗതി നിയന്ത്രിക്കുന്നവയാണ്. ജാതി സമവാക്യങ്ങളും, ന്യൂനപക്ഷ സമുദായ വോട്ടുകളും, തീരദേശ ജനങ്ങളുമെല്ലാം ആലപ്പുഴയുടെ തിരഞ്ഞെടുപ്പില്‍ പ്രധാന പങ്ക് വഹിക്കുമ്പോള്‍ ഇവര്‍ ആര്‍ക്കൊപ്പം നില്‍ക്കും എന്നത് തന്നെയാണ് മണ്ഡലത്തിലെ വിജയം തീരുമാനിക്കുക. സമുദായ-ജാതി സമവാക്യങ്ങളെ തള്ളിക്കളഞ്ഞ് തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരു മുന്നണിയും തയ്യാറാവുന്നില്ല എന്നതും സ്ഥാനാര്‍ഥി പ്രഖ്യാപനത്തിലടക്കം ഇത്തരം സമവാക്യങ്ങള്‍ ഒത്തുനോക്കിയാണെന്ന കാര്യവും ആലപ്പുഴ മണ്ഡലത്തെ സംബന്ധിച്ച് ഭൂതവും വര്‍ത്തമാനവുമാണ്.

സ്ഥാനാര്‍ത്ഥികള്‍

മൂന്ന് വട്ടം അരൂര്‍ മണ്ഡലത്തില്‍ നിന്ന് എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ട എ.എം ആരിഫ് എംഎല്‍എയെ എല്‍ഡിഎഫ് ഇറക്കിയത് ചില ലക്ഷ്യങ്ങളോടെയായിരുന്നു. കഴിഞ്ഞ രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലും നഷ്ടപ്പെട്ട സീറ്റ് തിരികെ പിടിക്കുക എന്നതായിരുന്നു അത്. കെ സി വേണുഗോപാലാവും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എന്ന് പ്രചരണം തിരഞ്ഞെടുപ്പ് അടുക്കുന്നതിന് മുമ്പ് മണ്ഡലത്തില്‍ പരന്നിരുന്നു. കെ സി വോണുഗോപാലിന് ശക്തനായ എതിരാളി എന്ന നിലയ്ക്കാണ് അരൂര്‍ എംഎല്‍എയായ എ എം ആരിഫിനെ സിപിഎം സ്ഥാനാര്‍ഥിയായി തിരഞ്ഞെടുക്കുന്നത്. ന്യൂനപക്ഷ സമുദായ വോട്ടുകള്‍ കൈപ്പിടിയിലാക്കി പാര്‍ട്ടി വോട്ടുകളോടൊപ്പം ചേര്‍ത്ത് വിജയം നേടാനാവും എന്നതായിരുന്നു ആരിഫിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നിലെ ആലോചന. ആരിഫിനായി പ്രവര്‍ത്തകര്‍ പ്രചരണം തുടങ്ങി പിന്നേയും നാളുകള്‍ കഴിഞ്ഞാണ് യുഡിഎഫ് സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നത്. മത്സരത്തിനില്ലെന്ന് കെ സി വേണുഗോപാല്‍ പലവട്ടം ഉറപ്പിച്ച് പറഞ്ഞതോടെ ആലപ്പുഴയില്‍ ആര് എന്നത് കോണ്‍ഗ്രസിലെ പ്രതിസന്ധിയായി. ഒടുവില്‍ സിപിഎം കണക്കുകൂട്ടലുകള്‍ക്ക് മറുപടി കൂടിയായി ന്യൂനപക്ഷ സമുദായാംഗം തന്നെയായ ഷാനിമോള്‍ ഉസ്മാനെ ആലപ്പുഴയില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. എന്‍ഡിഎയും ശക്തനായ സ്ഥാനാര്‍ഥിയെ തന്നെ ആലപ്പുഴയ്ക്കായി തിരഞ്ഞെടുത്തു. കോണ്‍ഗ്രസ് പാളയത്തില്‍ നിന്ന് ബിജെപിയിലെത്തിയ ഡോ. കെ എസ് രാധാകൃഷ്ണന് ബിജെപി ആലപ്പുഴയിലെ സ്ഥാനാര്‍ഥിത്വം വച്ച് നീട്ടി. ഇതോടെ ആലപ്പുഴയിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും ചര്‍ച്ചകളും ചൂടുപിടിച്ചു.

ആര്‍ക്കൊപ്പം?- പ്രതികരണങ്ങള്‍

താഴെത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നാണ് ആദ്യം അഭിപ്രായം തേടിയത്. സിപിഎം പാര്‍ട്ടി പ്രവര്‍ത്തകനായ സ്‌നേഹജന്‍, “ഇത്തവണ മണ്ഡലം പിടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ആരോട് വേണമെങ്കിലും ചോദിച്ചോ. ആരിഫിന്റെ പേര് മാത്രമേ പറഞ്ഞ് കേള്‍ക്കുന്നുള്ളൂ. വിജയ സാധ്യത 99 ശതമാനവും ആരിഫിനാണ്. പാര്‍ട്ടി പ്രവര്‍ത്തകരെല്ലാം മണ്ഡലത്തില്‍ ഇറങ്ങി പ്രവര്‍ത്തിക്കുന്നുണ്ട്. ഷാനിമോള്‍ വന്നതോടെ മണ്ഡലത്തില്‍ മത്സരം വളരെ ശക്തമാണ്. പക്ഷെ ജയസാധ്യത നോക്കണമെങ്കില്‍ ആരിഫിന്റെ അരൂരിലെ ഭൂരിപക്ഷം നോക്കിയാല്‍ മതി. 38,519 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കഴിഞ്ഞ തവണ ജയിച്ചത്. ഇതിനേക്കാള്‍ മികച്ച വിജയം അരൂരിലുണ്ടാവും. മറ്റ് മണ്ഡലങ്ങളിലും അദ്ദേഹത്തിന് തന്നെയാണ് മേല്‍ക്കൈ. ഇത്തവണ ന്യൂനപക്ഷങ്ങളും എല്‍ഡിഎഫിനേ വോട്ട് ചെയ്യൂ. അത് ആരിഫ് ഉള്ളതുകൊണ്ട് മാത്രമല്ല. വര്‍ഗീയ ശക്തികള്‍ക്കെതിരെയുള്ള വോട്ട് എല്‍ഡിഎഫിന് തന്നെയായിരിക്കും. ഒന്നുറപ്പിച്ച് പറയാം, കേരളത്തില്‍ എല്‍ഡിഎഫിന് വിജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ ഏറ്റവും മുകളിലാണ് ആലപ്പുഴ മണ്ഡലം. എംഎല്‍എ ആയി കഴിവ് തെളിയിച്ച ആരിഫിനെ ജനങ്ങള്‍ എംപിയാക്കും എന്ന് തന്നെയാണ് ഞങ്ങളുടെ പ്രതീക്ഷ.”

കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകനായ ദിലീപന്‍, “ആരിഫ്, ആരിഫ്, എന്ന വാദത്തെ ഞങ്ങള്‍ അംഗീകരിക്കുമായിരുന്നു, ഒരു മാസം മുമ്പ്. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷവും യുഡിഎഫ് പ്രവര്‍ത്തകരില്‍ പോലും കാര്യമായ ഇളക്കം ഒന്നും ഉണ്ടായിരുന്നില്ല എന്നതും സത്യമാണ്. ഞങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചപ്പോഴും പൊതുവെ തണുത്ത പ്രതികരണമാണ് പലയിടങ്ങളിലും ലഭിച്ചിരുന്നത്. പക്ഷെ ഇപ്പോള്‍ അതല്ല. കാര്യങ്ങള്‍ മാറി. ഇപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് ഒപ്പമോ അതിന് മുകളിലോ ആണ് ഞങ്ങളുടെ വിജയ സാധ്യത. പതിയെ പതിയെ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ഗ്രാഫ് ഉയര്‍ന്ന് മുകളിലേക്ക് എത്തി. ഇപ്പോള്‍ മത്സരം ടൈറ്റ് ആണ്. ഷാനിമോള്‍ക്ക് വലിയ വിജയ സാധ്യതയുണ്ടെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. കാരണം പ്രചരണ പ്രവര്‍ത്തനങ്ങളും ജനങ്ങള്‍ക്കിടയില്‍ ലഭിക്കുന്ന സ്വീകാര്യതയും അതാണ് വെളിവാക്കുന്നത്. മറ്റൊരു സത്യം പറയാം. സാധാരണ മണ്ഡലം കണ്‍വന്‍ഷനുകള്‍ നടത്തിയാല്‍ ആളുകള്‍ വളരെ കുറവായിരിക്കും. ഇത്തവണ ഞങ്ങള്‍ അത് കണക്കാക്കി അരൂരില്‍ നടന്ന മണ്ഡലം കണ്‍വന്‍ഷനില്‍ നൂറ് കസേര മാത്രമേ ഒരുക്കിയിരുന്നുള്ളൂ. പക്ഷെ കണ്‍വന്‍ഷന്‍ നടക്കുമ്പോള്‍ എവിടെ നിന്നെല്ലാം ജനം വന്നു എന്ന് പറയാന്‍ കഴിയില്ല. 100 കസേരയിട്ടിടത്ത് അഞ്ഞൂറും അറുന്നൂറും പ്രവര്‍ത്തകര്‍ തടിച്ച് കൂടി. അത് വളരെ പോസിറ്റീവ് ആയ സൈന്‍ ആണ്. അതുകൊണ്ട് മുമ്പായിരുന്നെങ്കില്‍ ആരിഫ് ജയിക്കും എന്ന് പറഞ്ഞാല്‍ ഞങ്ങള്‍ മിണ്ടാതിരുന്നേനെ. പക്ഷെ ഇനി അത് അത്ര പെട്ടെന്ന് നടക്കുന്ന കാര്യമല്ല.”

ബിജെപി പ്രവര്‍ത്തകനായ സോമശേഖരന്‍, “കെ എസ് ആറിനെപ്പോലെ മികച്ച സ്ഥാനാര്‍ഥിയെ നിര്‍ത്തിയപ്പോള്‍ തന്നെ ബിജെപിക്ക് മണ്ഡലത്തില്‍ വലിയ മൈലേജ് വന്നിട്ടുണ്ട്. രണ്ട് മുസ്ലിം സ്ഥാനാര്‍ഥികള്‍ക്കിടയിലെ ഏക ഹിന്ദു സ്ഥാനാര്‍ഥിയാണ് കെ എസ് രാധാകൃഷ്ണന്‍. ശബരിമല വിഷയം പ്രചരണായുധമാക്കുന്നില്ലെങ്കിലും വിശ്വാസികളില്‍ ഉണ്ടായ മുറിവ് അത്ര പെട്ടെന്നൊന്നും ഉണങ്ങുന്നതല്ല. അതുകൊണ്ട് വോട്ടര്‍മാര്‍ മികച്ച തീരുമാനങ്ങളെടുക്കും എന്ന് തന്നെയാണ് ഞങ്ങളുടെ പ്രതീക്ഷ.”

വോട്ടര്‍മാരുടെ പ്രതികരണങ്ങള്‍, – ബാങ്ക് ഉദ്യോഗസ്ഥന്‍ മുരളീകൃഷ്ണന്‍: “എന്റെ വോട്ട് വ്യക്തികളെ നോക്കിയാണ്. ആരിഫ് യുവാവാണ്. കാര്യപ്രാപ്തിയുള്ള ഭരണാധികാരിയുമാണ്. ഷാനിമോള്‍ വളരെ കഴിവുള്ള സ്ത്രീയാണ്. എന്നാല്‍ മൂന്ന് തവണ എംഎല്‍എയായ ആരിഫിനാണ് സാധ്യത കൂടുതലെന്ന് എനിക്ക് തോന്നുന്നു. കഴിവില്ലാത്ത ആളായിരുന്നെങ്കില്‍ മൂന്നാമതും ആളുകള്‍ ജയിപ്പിക്കില്ലല്ലോ”

ഫോട്ടോഗ്രാഫറായ ടിന്റോ സേവ്യര്‍: “പക്ഷെ ഇത്തവണ സിപിഎം വിചാരിക്കുന്ന പോലെ കാര്യങ്ങള്‍ നടക്കത്തൊന്നുമില്ല. കഴിഞ്ഞ തവണ അത്രയും ജനസമ്മതിയുള്ള കെ സി മത്സരിച്ചപ്പോള്‍ പോലും ചന്ദ്രബാബുവിന് ഭൂരിപക്ഷം കിട്ടിയ ഏക നിയമസഭാ മണ്ഡലമായിരുന്നു കായംകുളം. പക്ഷെ ഇവിടെ ഓര്‍ത്തഡോക്‌സ് സഭാ വിശ്വാസികള്‍ ഇത്തവണ ഒരു കാരണവശാലും സിപിഎമ്മിന് വോട്ട് കൊടുക്കത്തില്ല. അത് കട്ടായം. കായംകുളത്ത് ഓര്‍ത്തഡോക്‌സുകാര്‍ ധാരാളമുള്ള സ്ഥലമാണ്. പിന്നെ ഈ ശബരിമല വിഷയത്തില്‍ അവര്‍ക്കേ പണികിട്ടത്തൊള്ളൂ. എന്റെ അഭിപ്രായത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ജയിക്കും.”

ബേക്കറി ഉടമയായ സാലിം: “ആര് ജയിക്കും എന്നൊന്നും അറിയത്തില്ല. പക്ഷെ മുമ്പ് ആരിഫിന്റെ പേര് മാത്രേ കേള്‍ക്കാനുണ്ടായിരുന്നുള്ളൂ. ഇപ്പോ അതൊക്കെ മാറി. ഷാനിമോളെയും ജനങ്ങള്‍ ഏറ്റെടുത്തു. അവരും ഇപ്പോ സ്‌ട്രോങ് ആണ്. എനിക്ക് തോന്നുന്നത് യുഡിഎഫ് ജയിക്കും എന്നാണ്. മൊത്തം ട്രെന്‍ഡ് ആ വഴിക്കാണ്.”

മുസ്ലിം സമുദായ സംഘടനാ അംഗമായ ശുക്കൂര്‍ കാരിപ്പറമ്പ്: “എല്ലാവരും സമുദായം സമുദായം എന്ന് പറയുന്നു. എന്നാ അങ്ങനെ തന്നെ ചിന്തിച്ച് ഒരു അഭിപ്രായം പറഞ്ഞാല്‍ ഒരു എംപിയും ഒരു എംഎല്‍എയും ഉണ്ടാവുന്നതല്ലേ സമുദായത്തിന് നല്ലത്. നാട്ടില്‍ ന്യൂനപക്ഷങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ട്. ഇവിടെ അത്രയില്ലെങ്കിലും പേപ്പറിലും ചാനലിലും കാണുന്നതെല്ലാം അതൊക്കെയല്ലേ. അതെല്ലാം കണക്ക് കൂട്ടിയിട്ടേ ആളുകള്‍ വോട്ട് ചെയ്യൂ. അത് കേരളത്തിലെ ഇലക്ഷനുമായി താരതമ്യം ചെയ്യണ്ട. ഇത് രാജ്യത്തിന്റെ കാര്യത്തിനുള്ള കളിയല്ലേ. ഒരു വോട്ട് പോലും വളരെ പ്രധാനമാണ്.”

ഓട്ടോ ഡ്രൈവറായ സുരേഷ് കീഴേതില്‍: “അത് ആരിഫ് തന്നെയാണ്. കുറേ വികസനങ്ങളൊക്കെ നടപ്പാക്കീട്ടുണ്ടല്ലോ. അതൊക്കെ നമുക്ക് കാണാവുന്നതല്ലേ. അത് ആലപ്പുഴ മുഴുവന്‍ വന്നാല്‍ നല്ലതാവും. ആരിഫിന് നല്ല ഇമേജാണ്. ആരോടും ദേഷ്യപ്പെട്ട് പോലും സംസാരിക്കുന്നത് കണ്ടിട്ടില്ല. ഷാനിമോള്‍ അത്രയൊന്നും എത്തില്ല. ബിജെപിയുടെ പേര് കേള്‍ക്കാനുണ്ട്. പക്ഷെ അതിനൊന്നും ആരും വോട്ട് കുത്തിയേല.”

ഓട്ടോ ഡ്രൈവര്‍ തന്നെയായ റെജി: “ശബരിമല വിഷയത്തില്‍ സര്‍ക്കാരിനോട് യോജിപ്പില്ല. പക്ഷെ വോട്ട് സിപിഎമ്മിന് തന്നെയാണ്. പ്രത്യേകിച്ചും നമ്മടെ ആരിഫ് നില്‍ക്കുമ്പോള്‍. എന്തിനും ഏതിനും എപ്പോഴും കൂടെയുണ്ടാവുന്ന ആളാണ് ആരിഫ്. മരണത്തിനും കല്യാണത്തിനും എല്ലാം എത്തും. എന്തേലും ആവശ്യം നമുക്ക് വന്നാല്‍ അറിഞ്ഞ് സഹായിക്കും. പറ്റുന്ന കാര്യങ്ങളെല്ലാം ചെയ്യും. അങ്ങനെയുള്ള ആളുകള്‍ ജയിച്ചിട്ടല്ലേ കാര്യമുള്ളൂ.”

തൊഴിലുറപ്പ് തൊഴിലാളിയായ വിനീത: “ഞങ്ങള്‍ ഒന്നരയാഴ്ച സ്‌കൂളില്‍ കിടന്നു. പ്രളയത്തില്‍ വെള്ളം പൊങ്ങിയപ്പോ. പക്ഷെ ആരും തിരിഞ്ഞ് നോക്കിയില്ല. പതിനായിരം രൂപ പോലും ഇത് വരെ അവര് തന്നിട്ടില്ല. ഞാന്‍ സിപിഎം കുടുംബത്തിലെ അംഗമാണ്. രാഷ്ട്രീയം അത് തന്നെ. പക്ഷെ എങ്ങനെ വോട്ട് ചെയ്യും. ദേ, വീട് മുഴുവന്‍ പൊളിഞ്ഞ് കിടക്കുവാണ്. മഴയില് പോയതാണ്. ഒരു സഹായോം കിട്ടീട്ടില്ല. അങ്ങനെയുള്ളവര്‍ക്ക് വോട്ട് ചെയ്തിട്ടെന്തിനാ? ഞാന്‍ ചെയ്യാന്‍ പോവേല. പോയാല്‍ കോണ്‍ഗ്രസിന് കുത്തും.”

കക്ക വാരല്‍ തൊഴിലാളിയായ മേരി: “ഒള്ളത് പറഞ്ഞാ ആര് ജയിച്ചാലും ഒന്നും കിട്ടാനില്ല. പ്രളയം വന്ന് മുങ്ങിക്കിടന്നിട്ട് ഒരു നയാ പൈസ കയ്യിലോട്ട് തന്നിട്ടില്ല ഇത് വരെ. അവനവന്‍ നയിച്ചാ ഒണ്ട്. അല്ലേല്‍ പട്ടിണി കിടന്നോണം. ഒരു ചായയുടെ സഹായം പോലും കിട്ടിയിട്ടില്ല സ്‌കൂളില്‍ പോയി കിടന്നിട്ടും. കുറച്ച് അരീം വേറെ കുറച്ച് കൂട്ടം സാധനോം തന്ന് വിട്ടു. അതോടെ കഴിഞ്ഞല്ലോ. കൊറേ പൈസ ഏതാണ്ടൊക്കം പിരിച്ചിട്ടുണ്ടെന്ന് പറയുന്നത് കേട്ടു. ഒന്നും ഇങ്ങോട്ട് കിട്ടിയിട്ടില്ല. വോട്ടും ചോദിച്ചോണ്ട് വന്നവരോടെല്ലാം ഓടിക്കോളാന്‍ പറഞ്ഞു. ഇല്ലേല്‍ കെട്ടുചൂലെടുക്കുവെന്ന് പറഞ്ഞപ്പോ പേടിച്ച് എല്ലാം പോയി. ആര്‍ക്കും വോട്ട് കൊടുക്കുകില്ല.”

കെട്ടിടനിര്‍മ്മാണ തൊഴിലാളി സുധാകരന്‍: “നമ്മക്ക് പ്രത്യേകിച്ച് രാഷ്ട്രീയമൊന്നുമില്ല കേട്ടോ. പക്ഷെ ഷാനിമോള് ജയിക്കാനാണ് സാധ്യത. ലിപ്സ്റ്റിക്കിട്ട ആണും ലിപ്സ്റ്റിക്കിടാത്ത പെണ്ണും എന്നാണ് ഇവിടെ എല്ലാവരും പറഞ്ഞ് കേള്‍ക്കുന്നത്. ലിപ്സ്റ്റിക്കോ എന്ത് വേണമെങ്കിലും ഇട്ടോട്ടെ, പക്ഷെ ഇതൊക്കെ ജനങ്ങളുടെ കാശാണെന്നോര്‍ക്കുമ്പഴാണ്. ആറായിരം രൂപ മീറ്ററിന് വിലയുള്ള തുണിയുടെ ഷര്‍ട്ട് ഇട്ട് ഫോട്ടോ എടുത്ത് ഇവിടെ മുഴക്കോം ഒട്ടിച്ചിട്ടുണ്ട്. അത് കണ്ടാ പാവങ്ങളെങ്ങനെ വോട്ട് കൊടുക്കും. മറ്റേത് അറുന്നൂറ് രൂപയുടെ കോട്ടണ്‍ സാരിയെന്ന് പറയുന്നത് അത്ര വിശ്വാസമൊന്നും ഇല്ലെങ്കിലും മനുഷ്യപ്പെറ്റൊണ്ട്. അവരൊരു പാവം സ്ത്രീയാണെന്ന് തോന്നുന്നു.”

മത്സ്യത്തൊഴിലാളിയായ സാം: “അരൂരില്‍ എന്ത് വികസനം നടപ്പാക്കിയെന്നാണ്. എംഎല്‍എയുടെ കാറിന്റെ പെയിന്റ്റ് അടിച്ച് കൊടുത്തത് ഒരു ചെമ്മീന്‍ കമ്പനി മൊതലാളിയാണ്. എനിക്ക് നേരിട്ടറിയാവുന്ന കേസാണ്. മേക്കപ്പൊക്കെയിട്ട് സുന്ദരനായത് കൊണ്ടും ആളുകളെ കണ്ടാല്‍ പഞ്ചാരവര്‍ത്തമാനം പറഞ്ഞ് ചിരിക്കുന്നത് കൊണ്ടും നല്ല എംഎല്‍എ ആകുവെന്നാണോ? ഷാനിമോള്‍ക്ക് ഒന്നുവില്ലേലും ഒരു നെഗറ്റീവ് ഇമേജും ഇല്ല. പക്ഷെ അവര്‍ക്കത് ഉപയോഗിക്കാന്‍ അറിയത്തില്ല. ആള്‍ക്കാരോട് ആരിഫിനെപ്പോലെ സ്‌നേഹം കാണിക്കാന്‍ അറിയില്ല. അത് അവരുടെ സത്യസന്ധത കൊണ്ടാണെന്നാണ് എനിക്ക് തോന്നുന്നത്. എന്റെ ഒത്ത ഉദ്ദേശത്തില്‍ ഇത്തവണ ആലപ്പുഴയില്‍ ഷാനിമോള്‍ എംപി ആവും. ഒരു സ്ത്രീയല്ലേ. അവര്‍ കോണ്‍ഗ്രസിന് വേണ്ടി എത്രകാലം പ്രവര്‍ത്തിക്കുന്നു. അവര്‍ക്ക് ഒരു ചാന്‍സ് കിട്ടട്ടേന്നേ.”

പത്രപ്രവര്‍ത്തകനായ എസ് ഡി വേണുകുമാര്‍: “ആലപ്പുഴയില്‍ വളരെ ശക്തമായ മത്സരമാണ് നടക്കുന്നത്. എസ്എന്‍ഡിപിയുടെ ഭൂരിപക്ഷം വോട്ടുകള്‍ മുമ്പും എല്‍ഡിഎഫ് അനുകൂലമായിരുന്നു. പക്ഷെ നായര്‍, ധീവര, ക്രിസ്ത്യന്‍ വോട്ടുകള്‍ യുഡിഎഫിന് ലഭിക്കാനുള്ള സാധ്യതയാണ് കാണുന്നത്. രാഹുല്‍ ഗാന്ധിയുടെ വരവോടെ ലത്തീന്‍ കത്തോലിക്കരില്‍ വലിയൊരു വിഭാഗവും യുഡിഎഫിന് അനുകൂലമാണ്. ആരിഫിന് ലത്തീന്‍ കത്തോലിക്ക സമുദായവുമായി വ്യക്തിപരമായ ബന്ധങ്ങളുണ്ട്. പക്ഷെ അത് വടക്കന്‍ മണ്ഡലങ്ങളില്‍ മാത്രം ഒതുങ്ങുന്നതാണ്. അതിനെയും മറിച്ച് വയ്ക്കുന്ന യുഡിഎഫ് തരംഗം ഉണ്ട്. മുസ്ലീം സമുദായ വോട്ടുകളായിരുന്നു എല്‍ഡിഎഫ് പ്രതീക്ഷ. പക്ഷെ ഷാനിമോള്‍ വന്നതോടെ അതില്‍ വലിയ തിരിച്ചടിയുണ്ടായി. സമുദായ വോട്ടുകള്‍ സ്പ്ലിറ്റ് ആവും. ചിലപ്പോള്‍ യുഡിഎഫിന് നേട്ടമാവുന്ന തരത്തിലേക്കും അത് തിരിയാം. ധീവര സമുദായാംഗമാണ് ബിജെപി സ്ഥാനാര്‍ഥിയെങ്കിലും ഭൂരിഭാഗം ധീവര വോട്ടുകളും യുഡിഎഫിനെയാണ് പിന്തുണച്ചിട്ടുള്ളതെന്നതുകൊണ്ട് ഇത്തവണയും വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കണ്ട. പക്ഷെ ഷാനിമോള്‍ക്ക് പാര്‍ട്ടിക്കാരുടെ ഇടയില്‍ അത്ര സ്വാധീനമില്ല. അതുകൊണ്ട് ആരിഫിന് അങ്ങനെ കുറച്ച് വോട്ട് വീഴാനുള്ള സാധ്യതയുണ്ട്. കരുനാഗപ്പള്ളിയില്‍ പക്ഷെ ആരിഫിനെയൊന്നും അറിവ് പോലുമില്ല. ‘ലിപ്സ്റ്റിക് ഇട്ട പുരുഷനും ലിപ്‌സിറ്റിക് ഇടാത്ത സ്ത്രീയും തമ്മിലുള്ള മത്സരം’ എന്ന കോണ്‍ഗ്രസുകാരുടെ പ്രചരണം ഒരു പരിധിവരെ ഏറ്റിട്ടുമുണ്ട്.”

എസ്എന്‍ഡിപി ശാഖായോഗം അംഗമായ പ്രസന്നന്‍: “നിലവിലെ സാഹചര്യത്തില്‍ ഒന്നും പറയാന്‍ കഴിയാത്ത സ്ഥിതിയുണ്ട്. എല്‍ഡിഎഫിനെ സഹായിക്കണമെന്നുള്ള പൊതു നിര്‍ദ്ദേശം സമുദായത്തിനുള്ളിലുണ്ട്. പക്ഷെ ഈ ശബരിമല വിഷയമൊക്കെ നില്‍ക്കുന്നകൊണ്ട് സ്ത്രീകളൊക്കെ എങ്ങനെ വോട്ട് ചെയ്യുമെന്ന് ഒരു പിടിയുമില്ല. ഞങ്ങളെല്ലാം പരമ്പരാഗത സിപിഎം വോട്ടര്‍മാരാണ്. സത്യത്തില്‍ ബിഡിജെഎസിലെ പോലും പലരും ആരിഫിന് വോട്ട് ചെയ്യും എന്ന് പറഞ്ഞിരിക്കുന്നുണ്ട്. പക്ഷെ ശബരിമല വിഷയത്തിലുള്ള എതിര്‍പ്പില്‍ വോട്ട് ബിജെപിക്ക് പോവാന്‍ സാധ്യതയില്ല. അതുംകൂടി യുഡിഎഫിനാണ് കിട്ടാന്‍ സാധ്യത. എന്നാലും ഇപ്പോഴും എന്റെ ഉറച്ച വിശ്വാസം ആരിഫ് ജയിക്കും എന്ന് തന്നെയാണ്. അങ്ങനെ കുറ്റം പറയത്തക്ക ഒന്നുമില്ലാത്ത സ്ഥാനാര്‍ഥിയാണ്. മാത്രമല്ല ജനകീയനുമാണ്.”

എന്‍എസ്എസ് വനിതാ സമാജം പ്രവര്‍ത്തക ലത സുരേഷ്: “ചങ്ങനാശേരിയില്‍ നിന്ന് സമദൂരം എന്ന് പറഞ്ഞാല്‍ ഞങ്ങള്‍ക്ക് സമദൂരം ആവാന്‍ പറ്റുമോ? വെയിലും മഴയും കൊണ്ട് റോഡിലും തെരുവിലും ഇരുന്നും നടന്നും സമരം ചെയ്തത് സെക്രട്ടറിയല്ല. ഞങ്ങള്‍ പെണ്ണുങ്ങളാണ്. ഞങ്ങക്കറിയാം എന്ത് ചെയ്യണമെന്ന്. ഈ സര്‍ക്കാരിനെ ഒരു പാഠം പഠിപ്പിക്കുന്ന തരത്തിലായിരിക്കും ഞങ്ങള്‍ പെണ്ണുങ്ങളുടെ വോട്ട്. അത് ഞങ്ങള്‍ പരസ്പരം ചര്‍ച്ച ചെയ്ത് ഉറപ്പിച്ചിരിക്കുന്നതാണ്. പക്ഷെ എന്നുപറഞ്ഞ് ഒരു സ്ത്രീയാണെന്ന് കരുതി ഉടനെ പോയി ഷാനിമോള്‍ക്ക് കുത്തത്തുമില്ല. അവര്‍ രണ്ടും ഒരു സമുദായമാണ്. അതല്ലാത്ത ഒരു സ്ഥാനാര്‍ഥിയേ ഇവിടെയുള്ളൂ. ഇനി അങ്ങനെയൊക്കെയേ ഞങ്ങള്‍ ചിന്തിക്കൂ. അവരുടെ സമുദായക്കാര്‍ അവര്‍ക്ക് വോട്ട് ചെയ്യുമ്പോള്‍ ഹിന്ദുവായി ഞങ്ങള്‍ക്ക് കിട്ടിയ സ്ഥാനാര്‍ഥിക്ക് ഞങ്ങള്‍ വോട്ട് ചെയ്യും.”

കെപിഎംഎസ് യൂണിറ്റ് അംഗമായ ധര്‍മ്മപാലന്‍: “സമുദായത്തിലെ കുറേയേറെ പേര്‍ ഇടത് സഖ്യത്തിന് വോട്ട് ചെയ്യുന്നവരാണ്. വളരെ കൃത്യമായ രാഷ്ട്രീയ ധാരണകളുള്ളവരുമാണ്. പിന്നെ ശബരിമല വിഷയത്തിലാണെങ്കില്‍ പോലും സര്‍ക്കാരിനൊപ്പം നിന്നവരാണ് ഞങ്ങള്‍. അതുകൊണ്ട് സര്‍ക്കാര്‍ അനുകൂല വോട്ടുകളായിരിക്കും ഞങ്ങളുടേത്”.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍