UPDATES

മണ്ഡലങ്ങളിലൂടെ

ആരിഫിന്റെ അടുത്ത സുഹൃത്ത്, മുന്‍ ഇടത് എം.പി; എങ്കിലും ഡോ. കെ.എസ് മനോജ്‌ വോട്ടുതേടുന്നത് ഷാനിമോള്‍ക്കായാണ്; അതിന് കാരണവുമുണ്ട്

“അന്ന് കെ.സി വേണുഗോപാലിനോട് പരാജയപ്പെട്ടു. രണ്ട് മൂന്ന് മാസം ഞാന്‍ മണ്ഡലത്തില്‍ തന്നെയുണ്ടായിരുന്നു. ഇനി എന്താണ് ഞാന്‍ ചെയ്യേണ്ടത്? എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടത് എന്ന് ഞാന്‍ പാര്‍ട്ടിയോട് ചോദിച്ചു”

ആരിഫ് എന്റെ വളരെ അടുത്ത സുഹൃത്താണ്. അതിനാല്‍ അദ്ദേഹത്തിനെതിരെ ഒരഭിപ്രായവും പറഞ്ഞ് ഞാന്‍ വോട്ട് ചോദിക്കില്ല. ഷാനിമോള്‍ക്ക് വേണ്ടി വോട്ട് ചോദിക്കും. ഈ തിരഞ്ഞെടുപ്പില്‍ സംസാരിക്കുക രാഷ്ട്രീയമാണ്. ഇത് നിര്‍ണായകമായ തിരഞ്ഞെടുപ്പാണ്”,  വിദേശത്തെ ജോലിയില്‍ നിന്ന് അവധിയെടുത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയിരിക്കുകയാണ് ആലപ്പുഴയുടെ മുന്‍ എംപി ഡോ. കെ.എസ് മനോജ്. മത്സരിച്ചതെല്ലാം എല്‍ഡിഎഫിന് വേണ്ടിയാണെങ്കിലും മണ്ഡലത്തിലെ യുഡിഎഫ് പ്രചാരണ വേദികളിലാണ് മനോജ് ഇപ്പോള്‍ സജീവമാവുന്നത്. കുടുംബയോഗങ്ങളിലെ പ്രാസംഗികനാണ് മുന്‍ എംപി. ഷാനിമോള്‍ക്കായി പ്രസംഗിച്ച് വോട്ട് ചോദിച്ച് മണ്ഡലങ്ങളിലൂടെ സഞ്ചരിക്കുന്ന കെ.എസ് മനോജ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ.എം ആരിഫിന്റെ ഉറ്റ സുഹൃത്തുമാണ്. മുമ്പ് മനോജ് മത്സരത്തിനിറങ്ങിയപ്പോള്‍ അദ്ദേഹത്തിനായുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ നിന്നയാളുമാണ് ആരിഫ്. അതിനാല്‍ തന്നെ വ്യക്തിപരമായി വിമര്‍ശിച്ചുള്ള വോട്ട് പിടിത്തം താന്‍ ആഗ്രഹിക്കുന്നില്ല എന്നാണ് മനോജിന്റെ നിലപാട്.

2004ല്‍ എല്‍ഡിഎഫിന്റെ അപ്രതീക്ഷിത സ്ഥാനാര്‍ഥിയായിരുന്നു ഡോ കെ.എസ് മനോജ്. പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയത കൊടികുത്തി വാണിരുന്ന കാലമായതിനാല്‍ വിഎസ് പക്ഷക്കാരനായി കണക്കാക്കപ്പെട്ടിരുന്ന മനോജിന്റെ വിജയസാധ്യത സംബന്ധിച്ച് ഇടത് പ്രവര്‍ത്തകരില്‍ തന്നെ സംശയങ്ങളുണര്‍ന്നിരുന്നു. എന്നാല്‍ അടിയൊഴുക്കുകള്‍ ശക്തമാണെന്നും മനോജ് ജയിക്കുമെന്നും അന്ന് പാര്‍ട്ടി പ്രവര്‍ത്തകരോട് ഉറപ്പിച്ച് പറഞ്ഞ നേതാവാണ് എ.എം ആരിഫ്. ആരിഫിന്റെ കണക്കുകൂട്ടലുകള്‍ പിഴച്ചില്ല. മണ്ഡലത്തില്‍ തുടര്‍ച്ചയായി വിജയങ്ങള്‍ നേടിയ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് വി.എം സുധീരനെ പരാജയപ്പെടുത്തി ഡോ. കെ.എസ് മനോജ് ആലപ്പുഴ എംപിയായി. 2009ല്‍ വീണ്ടും അദ്ദേഹം മത്സരത്തിനിറങ്ങി. എന്നാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ കെ.സി വേണുഗോപാലിനോട് ഏറ്റുമുട്ടിയപ്പോള്‍ പരാജയപ്പെട്ടു.

അന്ന് തിരഞ്ഞെടുപ്പില്‍ കെ.സി വേണുഗോപാലിനോട് പരാജയപ്പെട്ടു. രണ്ട് മൂന്ന് മാസം ഞാന്‍ മണ്ഡലത്തില്‍ തന്നെയുണ്ടായിരുന്നു. ഇനി എന്താണ് ഞാന്‍ ചെയ്യേണ്ടത്? എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടത് എന്ന് ഞാന്‍ പാര്‍ട്ടിയോട് ചോദിച്ചു. വ്യക്തമായ ഒരുത്തരം പാര്‍ട്ടിയില്‍ നിന്ന് ലഭിച്ചില്ല. പാര്‍ട്ടിയില്‍ വിഭാഗീയത മൂര്‍ധന്യാവസ്ഥയില്‍ നിന്ന സമയവും കൂടിയായിരുന്നു അത്. വി എസ് പക്ഷക്കാരന്‍ എന്ന് മുദ്രകുത്തപ്പെട്ടിരുന്നയാളാണ് ഞാന്‍. വിഎസ് പക്ഷക്കാരെ നിഗ്രഹിക്കുക എന്ന അന്നത്തെ തന്ത്രവും കൂടിയായിരിക്കണം എനിക്ക് അനുഭവിക്കേണ്ടി വന്നതെന്ന് തോന്നുന്നു. പാര്‍ട്ടിയില്‍ നിന്ന് വ്യക്തമായ ഒരുത്തരം കിട്ടാതെ വന്നതോടെ ഡല്‍ഹിയില്‍ എന്റെ കുടുംബത്തിന്റെയടുത്തേക്ക് പോയി. അവിടെ നിന്ന് വിദേശത്തേക്കും”, ഡോ. മനോജ്‌ ഓര്‍ക്കുന്നു.

പിന്നീട് വിദേശത്തേക്ക് പോയ ഡോ. മനോജിനെ മണ്ഡലത്തില്‍ കാണുന്നത് യുഡിഎഫിന്റെ പ്രചാരണ വേദികളിലാണ്. കെ.സി വേണുഗോപാല്‍ രണ്ടാമത് ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാനിറങ്ങുമ്പോള്‍ ഡോ. മനോജുമുണ്ടായിരുന്നു അദ്ദേഹത്തിനായി വോട്ട് അഭ്യര്‍ത്ഥിക്കാന്‍. തുടര്‍ന്ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും മണ്ഡലങ്ങളില്‍ യുഡിഎഫിനായി വോട്ട് ചോദിച്ച് അദ്ദേഹമെത്തി. മസ്‌കറ്റില്‍ അനസ്തറ്റിസ്റ്റായി ജോലി ചെയ്യുന്ന മനോജ് തിരഞ്ഞെടുപ്പായാല്‍ നാട്ടിലേക്ക് പറന്നെത്തും. പിന്നെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമാവും. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ വീണ്ടും വിദേശത്തേക്ക്. “പാര്‍ട്ടി വിടുകയാണെന്ന് പ്രകാശ് കാരാട്ടിന് തുറന്ന കത്തെഴുതിയറിച്ച ശേഷമാണ് പാര്‍ട്ടി പ്രവര്‍ത്തനം അവസാനിപ്പിച്ചത്. അതിലേക്ക് എന്നെ നയിച്ചത് സിപിഎമ്മിന്റെ തെറ്റുതിരുത്തല്‍ രേഖയായിരുന്നു. പാര്‍ട്ടി ഭാരവാഹികളും ജനപ്രതിനിധികളും മതപരമായ, വിശ്വാസപരമായ ചടങ്ങുകളില്‍ പങ്കെടുക്കുകയോ അവ സംഘടിപ്പിക്കുകയോ ചെയ്യരുതെന്നായിരുന്നു പാര്‍ട്ടി പറഞ്ഞത്. ലോക്കല്‍ കമ്മിറ്റി അംഗമായിരുന്നു ഞാന്‍. താഴേത്തട്ടിലേക്ക് അതിന്റെ ഡിസ്‌കഷന്‍ വന്നപ്പോള്‍ എനിക്ക് അതിനോട് യോജിക്കാനായില്ല. മൂകാംബികയില്‍ പോയതിന് എം.എം മോനായി എംഎല്‍എയോട് വിശദീകരണം ചോദിച്ചിരുന്നു പാര്‍ട്ടി. അത്തരത്തില്‍ പല പ്രവര്‍ത്തകരോടും പാര്‍ട്ടി വിശദീകരണമാവശ്യപ്പെട്ടിട്ടുണ്ട്. എന്റെ അന്നത്തെ നിലപാട് ശരിയായിരുന്നു എന്ന് ഇപ്പോഴത്തെ ശബരിമല വിഷയത്തോടെ ഞാന്‍ വീണ്ടും മനസ്സിലാക്കുന്നു. കോടതി വിധിയുടെ പകര്‍പ്പ് കിട്ടും മുന്നെ വിധി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച് കാണിച്ച് കൂട്ടിയ ബഹളങ്ങള്‍ പാര്‍ട്ടിയുടെ ഹിപ്പോക്രാറ്റിക് നിലപാട് വെളിവാക്കുന്നതാണ്. എല്ലാ കാര്യത്തിലും ഹിപ്പോക്രാറ്റിക് നിലപാടാണ് അവര്‍ സ്വീകരിക്കുന്നത്. വര്‍ഗ സഹകരണം പോയിട്ട് ഇപ്പോള്‍ സഹകരണം മാത്രമേയുള്ളൂ. പ്രകൃതിയെ സംരക്ഷിക്കുമെന്ന് ഒരുപുറത്ത് പറയും, മറുപുറത്ത് പി.വി അന്‍വറിനെപ്പോലെ പരിസ്ഥിതിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ അവര്‍ സ്ഥാനാര്‍ഥിയാക്കും. കൊലപാതക രാഷ്ട്രീയത്തിനെതിരെ സംസാരിക്കും, എന്നിട്ട് കൊലപാതകങ്ങള്‍ നടപ്പാക്കുന്നവരെ സ്ഥാനാര്‍ഥിയാക്കും. സ്ത്രീസമത്വം പറയും, സ്ത്രീകളെ അധിക്ഷേപിച്ച് സംസാരിക്കും. വിജയരാഘവന്‍, വെറുമൊരു ലോക്കല്‍ കമ്മറ്റി അംഗം പോലുമല്ല എന്നോര്‍ക്കണം. എല്‍ഡിഎഫ് കണ്‍വീനറാണ് ഒരു വനിതാ സ്ഥാനാര്‍ഥിയെ അധിക്ഷേപിച്ച് സംസാരിച്ചത്. പാര്‍ട്ടി വിട്ടതിന് ശേഷം കോണ്‍ഗ്രസിനായാണ് എന്റെ പ്രവര്‍ത്തനങ്ങള്‍. എല്ലാ തിരഞ്ഞെടുപ്പിലും ഇവിടെ എത്തും. പ്രവാസി കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് ഞാന്‍.”

ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ തന്നെപ്പോലുള്ള നിരവധി പ്രവാസികള്‍ നാട്ടിലെത്തി പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുന്നുണ്ടെന്ന് മനോജ് പറയുന്നു. രാജ്യത്തിന്റെ ജനാധിപത്യവും ബഹുസ്വരതയും നിലനിര്‍ത്തുന്നതിന് നിര്‍ണായകമാണ് ഈ തിരഞ്ഞെടുപ്പെന്നും അദ്ദേഹം പറയുന്നു. “പ്രവാസികളായ ഞങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ പോലും അുഭവിക്കാത്ത കാര്യങ്ങളാണ് ഇവിടെ നടക്കുന്നത്. ഇതുവരെ നമ്മള്‍ അനുഭവിക്കാത്ത വലിയൊരാപത്ത് ഇന്ത്യക്ക് സംഭവിക്കാന്‍ പോവുകയാണ്. ഇവിടുത്തെ ജനാധിപത്യ സംവിധാനവും ബഹുസ്വരതയും ഇല്ലാതായി വര്‍ഗീയത വളര്‍ന്നുകൊണ്ടിരിക്കുകയാണ്. അതിന് ഒരു അന്ത്യം കുറിക്കാന്‍ ഈ തിരഞ്ഞെടുപ്പ് വളരെയേറെ നിര്‍ണായകമാണ്. മതന്യൂനപക്ഷങ്ങളും പിന്നോക്കക്കാരുമെല്ലാം വലിയ പ്രതിസന്ധിയിലാണ്. ഈ പ്രതിസന്ധി നമുക്ക് തരണം ചെയ്യണം. ആ രാഷ്ട്രീയ പ്രതിസന്ധി തരണം ചെയ്യാന്‍ പ്രവര്‍ത്തിക്കേണ്ടതാണ് ആരിഫുമായുള്ള എന്റെ സൗഹൃദത്തേക്കാള്‍ വലുത്. വ്യക്തിപരമായി ഞാന്‍ ആര്‍ക്കെതിരെയും സംസാരിക്കാറില്ല. മുമ്പ് കെ.സി വേണുഗോപാലിനെതിരെ മത്സരിച്ചപ്പോഴും പരസ്പരം വ്യക്തിപരമായി അറ്റാക്ക് ചെയ്യില്ല എന്ന് ഞങ്ങള്‍ ഒരു ധാരണയിലെത്തിയിരുന്നു. ജനാധിപത്യ, ജനവിരുദ്ധ സര്‍ക്കാരിനെതിരെ പരാജയപ്പെടുത്തുക എന്ന രാഷ്ട്രീയം മാത്രമാണ് ഈ തിരഞ്ഞെടുപ്പിലെ ലക്ഷ്യം. കേന്ദ്രത്തില്‍ വര്‍ഗീയ ഫാസിസമാണെങ്കില്‍ സംസ്ഥാനത്ത് അക്രമ ഫാസിസമാണ്. രണ്ടിനേയും രാഷ്ട്രീയമായി എതിര്‍ക്കും. പ്രചരണം തുടങ്ങിയ സമയത്തുണ്ടായ മുന്‍തൂക്കം ആരിഫിന് ഇപ്പോഴില്ല.വലിയ ഭൂരിപക്ഷത്തില്‍ ഷാനിമോള്‍ ജയിക്കും എന്ന് തന്നെയാണ് എന്റെ പ്രതീക്ഷ. വനിതാ വോട്ടര്‍മാര്‍ കൂടുതലുള്ള മണ്ഡലത്തില്‍ സ്ത്രീ എന്ന ആനുകൂല്യം ഉണ്ട്. ആരിഫ് ഇപ്പോള്‍ തന്നെ എംഎല്‍എ ആയതുകൊണ്ട് എംപിയായി ഷാനിമോള്‍ വരട്ടെ എന്ന വികാരം പൊതുവെയുണ്ട്. കെ.സിയ്ക്ക് പോലും കിട്ടിയിട്ടില്ലാത്ത ആനുകൂല്യം ഷാനിമോള്‍ക്കുണ്ട്.”

താന്‍ വിദേശത്ത് നിന്ന് ഉടനെ തന്നെ നാട്ടില്‍ തിരിച്ചെത്തുമെന്നും പൊതുപ്രവര്‍ത്തനത്തില്‍ സജീവമാവുമെന്നും മനോജ് പറയുന്നു. “മകന്‍ വിദേശ സര്‍വകലാശാലയില്‍ പഠിക്കുകയായിരുന്നു. വിദ്യാഭ്യാസത്തിനായി ചിലവുകളുണ്ടായിരുന്നതിനാലാണ് വിദേശത്ത് പോയി ജോലി നോക്കിയത്. ഇപ്പോള്‍ മകന് ജോലിയായി. എന്റെ ജോലിയുടെ കോണ്‍ട്രാക്ട് മാര്‍ച്ചില്‍ അവസാനിക്കും. അതുകഴിഞ്ഞാല്‍ നാട്ടിലേക്ക് തിരികെ വരും. രാഷ്ട്രീയപ്രവര്‍ത്തനമാണ് പൊതുജന സേവനത്തിനുള്ള ഏറ്റവും നല്ല മാര്‍ഗമെന്ന് ഞാന്‍ കരുതുന്നു. അതിനാല്‍ നാട്ടില്‍ വന്ന് പൊതുപ്രവര്‍ത്തന രംഗത്ത് സജീവമാവും.”

കുടുംബയോഗത്തില്‍ നിന്ന് മറ്റൊരു കുടുംബയോഗത്തിലേക്കുള്ള തിരക്കിട്ട ഓട്ടത്തിനിടയില്‍ വീണുകിട്ടിയ സമയത്തിനുള്ളില്‍ തനിക്ക് പറയാനുള്ളത് പറഞ്ഞ് മുന്‍ എംപി ഡോ. കെ.എസ് മനോജ് സംസാരം അവസാനിപ്പിച്ചു.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍