UPDATES

മണ്ഡലങ്ങളിലൂടെ

കണ്ണൂരില്‍ കളം നിറഞ്ഞ് പികെ ശ്രീമതിയും കെ സുധാകരനും; എന്തായിരിക്കും ആര്‍എസ്എസ് നിലപാട്?

2014 ലെ ലോക്സഭ തിരെഞ്ഞെടുപ്പിൽ വിജയിച്ച ശ്രീമതി ടീച്ചർക്ക് ലഭിച്ച ഭൂരിപക്ഷം 6,566 വോട്ടുകള്‍ മാത്രമായിരുന്നു

കെ എ ആന്റണി

കെ എ ആന്റണി

കടുത്ത വേനൽച്ചൂടിനെ വെല്ലുന്ന ചൂടുണ്ട് കണ്ണൂരിലെ പ്രചാരണത്തിന്. മണ്ഡലം നിലനിറുത്താൻ സിപിഎമ്മിന്റെ പി.കെ ശ്രീമതി ടീച്ചറും തിരിച്ചുപിടിക്കാൻ കോൺഗ്രസ് നേതാവും പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റുമാരില്‍ ഒരാളുമായ കെ. സുധാകരനും കാടിളക്കിയുള്ള പ്രചാരണം തന്നെ നടത്തുന്നു. ശ്രീമതിക്കു പിന്നിൽ പാർട്ടി മെഷിനറി എണ്ണയിട്ട യന്ത്രംപോലെ പ്രവർത്തിക്കുന്നു. സുധാകരണാവട്ടെ പതിവ് ശൈലിയിൽ വിശ്വസ്തരായ നേതാക്കളെയും അണികളെയും വെച്ചുള്ള വോട്ടുപിടിത്തത്തിലാണ് ഏർപ്പെട്ടിരിക്കുന്നത്. സ്ഥാനാർഥി പ്രഖ്യാപനത്തിലുണ്ടായ കാലവിളംബം തന്റെ പ്രചാരണത്തെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് സുധാകരൻ അവകാശപ്പെടുമ്പോഴും ടീച്ചർ ഇതിനകം നാലാം ഘട്ട പ്രചാരണം പൂർത്തിയാക്കിക്കഴിഞ്ഞിരിക്കുന്നു എന്നത് ഒരു വസ്തുതയാണ്. എന്നാൽ ഇനിയുള്ള ദിവസ്സങ്ങൾ കൊണ്ട് എല്ലാം നേരെയാക്കാൻ കഴിയുമെന്ന ആത്‌മവിശ്വാസമാണ് യുഡിഎഫ് ക്യാംപിലുള്ളത്.
സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടും ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യ ജനറൽ സെക്രട്ടറി മറിയം ധാവളെയുമൊക്കെ നേതൃത്വം നൽകിയ വനിതാ പാർലമെന്റായിരുന്നു ശ്രീമതി ടീച്ചറുടെ തിരെഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഹൈലൈറ്റുകളിൽ ഒന്ന്. തൊട്ടു പിന്നാലെ ആഷിക് അബു, റിമ കല്ലിൽ, ഹരിശ്രീ അശോകൻ തുടങ്ങിയ സിനിമാ പ്രവർത്തകരും ടീച്ചർക്കുവേണ്ടി പ്രചാരണം കൊഴുപ്പിക്കാനെത്തി. എൽഡിഎഫ് – യുഡിഎഫ് സ്ഥാനാർത്ഥികൾക്കുവേണ്ടി ബൈക്ക് റാലികളും, സൈക്കിൾ റാലികളുമൊക്കെ മണ്ഡലത്തിൽ സജീവമാണ്.

സ്ത്രീ വോട്ടർമാർ കൂടുതൽ

തളിപ്പറമ്പ്, ഇരിക്കൂർ, അഴീക്കോട്, കണ്ണൂർ, ധർമടം, മട്ടന്നൂർ, പേരാവൂർ എന്നീ ഏഴ് അസംബ്ലി മണ്ഡലങ്ങൾ ഉൾപ്പെടുന്ന കണ്ണൂർ ലോക്സഭ മണ്ഡലത്തിൽ ആകെയുള്ള 12 ,62,144 വോട്ടർമാരിൽ മേൽക്കൈ സ്ത്രീ വോട്ടർമാർക്കാണ്. മൊത്തം 6,63,830 സ്ത്രീ വോട്ടർമാർ. നിലവിലുള്ള ഏഴ് എംഎൽഎമാരിൽ നാലും ഇടതുപക്ഷത്തുനിന്നും ഉള്ളവർ. ഇതിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിജയിച്ച ധർമ്മടത്തും വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ വിജയിച്ച മട്ടന്നൂരിലും ജെയിംസ് മാത്യു വിജയിച്ച തളിപ്പറമ്പിലും മൃഗീയ ഭൂരിപക്ഷം തന്നെയുണ്ട്. എംപി എന്ന നിലയിൽ കഴിഞ്ഞ അഞ്ചു വർഷത്തെ വികസന നേട്ടങ്ങൾക്കൊപ്പം ശ്രീമതി ടീച്ചർ പ്രതീക്ഷ വെക്കുന്നത് വനിതാ വോട്ടർമാരുടെ എണ്ണത്തിലുള്ള പെരുപ്പവും ധർമടം, മട്ടന്നൂർ, തളിപ്പറമ്പ് മണ്ഡലങ്ങളിലെ എൽഡിഎഫ് എംഎൽഎമാർക്ക് ലഭിച്ച വന്‍ ഭൂരിപക്ഷവുമാണ്. ഇതോടൊപ്പം ക്യാംപസുകളിൽ തനിക്കു ലഭിച്ച ഊഷ്മള വരവേൽപ്പും യുവത തനിക്കൊപ്പം തന്നെയെന്ന് വിശ്വസിക്കാൻ പോന്നതായി ടീച്ചർ കരുതുന്നു.

എന്നാൽ ഇതൊന്നും തന്റെ വിജയ പ്രതീക്ഷക്ക് മങ്ങലേൽപ്പിക്കുന്നില്ലെന്നും ഫലം വരുമ്പോൾ വലിയ ഭൂരിപക്ഷത്തിൽ തന്നെ വിജയിക്കുമെന്നും സുധാകരൻ അവകാശപ്പെടുന്നു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സാന്നിധ്യവും ശബരിമല വിഷയത്തിൽ താൻ സ്വീകരിച്ച ഉറച്ച നിലപാടും അനുകൂല ഘടകങ്ങളായി സുധാകരൻ കാണുന്നു.

സുധാകരനും ശ്രീമതി ടീച്ചറുമടക്കം കണ്ണൂർ മണ്ഡലത്തിൽ ആകെ പതിമൂന്നു സ്ഥാനാര്‍ഥികളാണ് ഉള്ളത്. എൻഡിഎക്കുവേണ്ടി ബിജെപി ദേശീയ നിർവാഹക സമിതി അംഗം സി.കെ പദ്മനാഭൻ മത്സരിക്കുമ്പോൾ എസ്ഡിപിഐക്ക് വേണ്ടി കഴിഞ്ഞ തവണയും മത്സരിച്ച കെ.കെ അബ്ദുൽ ജബ്ബാറും എസ് യു സി ഐക്കുവേണ്ടി ആർ. അപർണ്ണയും മത്സരരംഗത്തുണ്ട്. കീഴാറ്റൂർ സമര നേതാവ് സുരേഷ് കീഴാറ്റൂർ മത്സരിക്കാൻ ആലോചിച്ചിരുന്നുവെങ്കിലും സംഘടനയിൽ നിന്ന് തന്നെ ഉയർന്ന എതിർപ്പിനെ തുടർന്ന് പിൻവാങ്ങുകയായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആറായിരത്തിൽപ്പരം വോട്ടു നേടിയ ആം ആദ്മി പാർട്ടിയും ഇത്തവണ മത്സര രംഗത്തില്ല.

2014 ലെ ലോക്സഭ തിരെഞ്ഞെടുപ്പിൽ വിജയിച്ച ശ്രീമതി ടീച്ചർക്ക് ലഭിച്ച ഭൂരിപക്ഷം 6,566 വോട്ടുകള്‍ മാത്രമായിരുന്നു. ടീച്ചർക്ക് മൊത്തം 4,27,622 വോട്ടു ലഭിച്ചപ്പോൾ സുധാകരന് 4,21,056 വോട്ടു കിട്ടി. ബിജെപിയുടെ പി.സി മോഹനൻ മാസ്റ്റർക്ക് 51 ,636 വോട്ടും എസ് ഡി പി ഐയുടെ അബ്ദുൽ ജബ്ബാറിന് 19,190 വോട്ടും ലഭിച്ചു.

പ്രാചരണ രംഗത്തെ ആളും ആരവവും മാത്രമല്ല പൊതു സ്വീകാര്യതയും നിലവിൽ ശ്രീമതി ടീച്ചർക്ക് മേൽക്കൈ നൽകുന്നുണ്ട്. അതേ സമയം കഴിഞ്ഞ തിരെഞ്ഞെടുപ്പിൽ സുധാകരന് പാരയായി വർത്തിച്ച അബ്ദുള്ളകുട്ടി ഫാക്ടർ ഇത്തവണ ഇല്ലെന്നതും മുസ്ലിം വോട്ടർമാർക്കിടയിൽ സ്വീകാര്യത അല്പം വർധിച്ചിട്ടുണ്ടെന്നതും സുധാകരന് അനുകൂലമായ ഘടകങ്ങൾ തന്നെ. തിരഞ്ഞെടുപ്പിന് ഇനിയും രണ്ടാഴച ബാക്കിയുണ്ടെന്നതിനാൽ അവസാന ലാപ്പിൽ ആര് മുന്നിലെത്തും എന്നത് പ്രവചനാതീതം.

സംശയം ജനിപ്പിക്കുന്ന ആർഎസ്എസ് ഫാക്ടർ

കോൺഗ്രസ് മുക്ത ഭാരതം എന്നൊക്കെ പറയുമ്പോഴും കേരളത്തിൽ, പ്രത്യേകിച്ചും മലബാറിൽ സിപിഎം തന്നെയാണ് സംഘപരിവാറിന്റെ മുഖ്യ ശത്രു. അത് കണ്ണൂരിൽ ഒരു കുടിപ്പകയെന്നോണം അവർ ഇപ്പോഴും കൊണ്ടു നടക്കുന്നുമുണ്ട്. കോൺഗ്രസ് പാർട്ടിയോട് പൊതുവെ എതിർപ്പുണ്ടെങ്കിലും കണ്ണൂരിലെ കോൺഗ്രസ് നേതാവായ കെ. സുധാകരനോട് എക്കാലത്തും വല്ലാത്തൊരു അടുപ്പം ആർഎസ്എസ് പുലർത്തിപോന്നിട്ടുണ്ട്. കണ്ണൂർ ജില്ലയിൽ സിപിഎമ്മിനോട് മല്ലടിക്കാൻ പോന്ന നേതാവായി സുധാകരനെ അവർ കാണുന്നതുകൊണ്ടു കൂടിയാവണം അത്. ഷുഹൈബ് വധത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു സുധാകരൻ നിരാഹാരം അനുഷ്ഠിച്ചപ്പോൾ ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരി സമര പന്തൽ സന്ദർശിച്ചത് വലിയ വാർത്തയായിരുന്നു.

ഈ തിരഞ്ഞെടുപ്പിൽ ആർഎസ്എസ് സുധാകരന് അനുകൂലമായി വോട്ടുമറിക്കുമെന്ന ഒരു പ്രചാരണം ശക്തമാണ്. ബിജെപി സ്ഥാനാർഥി സി.കെ പദ്മനാഭന്റെ പ്രചരണത്തിലെ മന്ദിപ്പ് ഇതിനു തെളിവായി ചൂണ്ടിക്കാട്ടപ്പെടുന്നു. എന്നാൽ കഴിഞ്ഞ തവണ ബിജെപി സ്ഥാനാർഥി പി സി മോഹനൻ മാസ്റ്റർ പിടിച്ച 51,636 വോട്ടിൽ നിന്നും ഇത്തവണ കുറവ് സംഭവിച്ചാൽ സംസ്ഥാന തലത്തിൽ മാത്രമല്ല, അത് ദേശീയ തലത്തിൽ തന്നെ വലിയ ചർച്ചയാകും എന്നതിനാൽ അത്തരം ഒരു സാഹസത്തിനു ആർഎസ്എസ് മുതിരുമോയെന്നത് കണ്ടറിയുക തന്നെ വേണം.

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍