UPDATES

വിശകലനം

എന്‍ഡിപി അഥവാ ‘നായരെ ദ്രോഹിക്കുന്ന പാര്‍ട്ടി’

അന്നത്തെ ലോനപ്പന്‍ നമ്പാടന്റെ പ്രസംഗം പിന്നീട് വളരെ പ്രസിദ്ധമായി.

മൂന്നു വ്യാഴവട്ടങ്ങള്‍ക്ക് മുന്‍പ് കേരളത്തില്‍ നായര്‍ക്കും ഈഴവര്‍ക്കും വേണ്ടി രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ഇപ്പോഴത്തെ ചെറുപ്പക്കാരില്‍ എത്രപേര്‍ക്ക് അറിയാം? ആ പാര്‍ട്ടികള്‍ പ്രമുഖ മുന്നണികളിലൊന്നില്‍ അംഗമായിരുന്നുവെന്നതും അവര്‍ക്ക് മന്ത്രിമാരുണ്ടായിരുന്നുവെന്നതുമൊക്കെ രാഷ്ട്രീയ ചരിത്രം. നായന്മാരുടെ രാഷ്ട്രീയ പ്രസ്ഥാനമായിരുന്നു നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി അഥവാ എന്‍ഡിപി. ഈഴവരുടെ രാഷ്ട്രീയ പ്രസ്ഥാനമായിരുന്നു സോഷ്യലിസ്റ്റ് റിപ്പബ്ലിക് പാര്‍ട്ടി അഥവാ എസ്ആര്‍പി. എന്‍ഡിപിക്ക് എന്‍എസ്എസ്സിന്റെ ആശിസ്സും എസ്ആര്‍പിക്ക് എസ്എന്‍ഡിപിയുടെ ആശിസ്സും ഉണ്ടായിരുന്നു. വളരെ വൈബ്രന്റായ, വിപുലമായ രാഷ്ട്രീയ പശ്ചാത്തലമുള്ള നേതാക്കളും ഇരു പാര്‍ട്ടികള്‍ക്കും ഉണ്ടായിരുന്നു.

എഴുപതുകളുടെ അവസാനം മുതല്‍ 90-കളുടെ തുടക്കം വരെ ഇവ പലരൂപത്തില്‍ നിലനിന്നിരുന്നുവെങ്കിലും ജാതി രാഷ്ട്രീയം അത്രമേല്‍ പഥ്യമല്ലാതിരുന്ന അന്നത്തെ കേരളത്തില്‍ അത്രയ്ക്കു വേരോട്ടം ഉണ്ടാക്കാന്‍ ഈ സംഘടനകള്‍ക്കായില്ല. കോണ്‍ഗ്രസുമായി സഖ്യത്തില്‍ മത്സരിച്ച് നിയമസഭയില്‍ ഏതാനും സീറ്റ് സ്വന്തമാക്കിയ എന്‍ഡിപിക്ക് 1982-ലെ കെ കരുണാകരന്‍ മന്ത്രിസഭയില്‍ അംഗത്വവുമുണ്ടായിരുന്നു. ആ മന്ത്രിസഭയില്‍ എന്‍ഡിപിക്കും എസ്ആര്‍പിക്കും ഓരോ മന്ത്രിമാര്‍ വീതമാണ് ഉണ്ടായിരുന്നത്. കരുണാകരന്‍ മന്ത്രിസഭയിലെ ആരോഗ്യ വകുപ്പായിരുന്നു എന്‍ഡിപി വഹിച്ചിരുന്നത്. ആദ്യം കെ.ജി. ആര്‍ കര്‍ത്തായും പിന്നീട് ആര്‍. രാമചന്ദ്രന്‍ നായരും വകുപ്പ് മന്ത്രിമാരായായി.

1973 ജൂലൈ 22-നായിരുന്നു നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പിറവി. 1977-ല്‍ കോണ്‍ഗ്രസ്സും സിപിഐയും ഉള്‍പ്പെട്ട മുന്നണിയോടൊപ്പംനിന്ന് തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. അഞ്ചിടത്ത് ജയിച്ചു. എന്‍ഡിപിയുടെ രാഷ്ട്രീയചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ നിയമസഭാംഗങ്ങളുണ്ടായത് ഈ തെരഞ്ഞെടുപ്പിലായിരുന്നു. ആദ്യം എന്‍ഡിപി മന്ത്രിസഭയില്‍ ഉള്‍പ്പെട്ടില്ല. രണ്ട് മുഖ്യമന്ത്രിമാര്‍ മാറി ഒടുവില്‍ സി.എച്ച് മുഹമ്മദ്കോയ കാവല്‍ മുഖ്യമന്ത്രിയായപ്പോള്‍ എന്‍. ഭാസ്‌കരന്‍ നായര്‍ മന്ത്രിസഭയില്‍ എന്‍ഡിപിയുടെ പ്രതിനിധിയായി. മൂന്നുമന്ത്രിമാര്‍ മാത്രമുണ്ടായിരുന്ന ആ മന്ത്രിസഭയില്‍ എട്ടുവകുപ്പുകളാണ് ഭാസ്‌കരന്‍നായര്‍ ഭരിച്ചത്. രണ്ടുമാസം മാത്രമേ അദ്ദേഹം മന്ത്രിയായിരുന്നുള്ളൂ.

പിന്നീട് കെ. കരുണാകരന്‍ മന്ത്രിസഭയിലാണ് എന്‍ഡിപിക്ക് ദീര്‍ഘകാലം മന്ത്രി പ്രാതിനിധ്യം ലഭിച്ചത്. ആരോഗ്യമായിരുന്നു വകുപ്പ്. കെ.ജി.ആര്‍ കര്‍ത്ത ആദ്യം വകുപ്പ് മന്ത്രിയായി. അക്കാലത്ത് നിയമസഭയില്‍ ആരോഗ്യവകുപ്പിനെ കുറിച്ച് നടന്ന ചര്‍ച്ചയ്ക്കിയിലാണ് എന്‍ഡിപി നായരെ ദ്രോഹിക്കുന്ന പാര്‍ട്ടിയാണെന്ന വിമര്‍ശനം കേള്‍ക്കാന്‍ ഇടയാക്കിയത്. ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടേയും നിയമനത്തിന് വകുപ്പ് മന്ത്രിയും പാര്‍ട്ടിയും വന്‍ തുക കോഴ വാങ്ങുന്നതായുള്ള ആരോപണം പൊതു സമൂഹത്തില്‍ ശക്തമായിരുന്നു. എന്‍എസ്എസ്സിനും നായര്‍ സമുദായത്തിനും വലിയ നാണക്കേട് ഉണ്ടാക്കിയതായിരുന്നു ഈ ആരോപണം,

കോഴ പ്രശ്‌നം സഭയുടെ ശ്രദ്ധയില്‍ പെടുത്തി പ്രസംഗിച്ച ലോനപ്പന്‍ നമ്പാടനാണ് എന്‍ഡിപി എന്ന മൂന്നക്ഷരത്തിന്റെ വിപുലീകരണം ‘നായരെ ദ്രോഹിക്കുന്ന പാര്‍ട്ടി’ എന്നായി തീര്‍ന്നിരിക്കുന്നതായി കളിയാക്കിയത്. ലോനപ്പന്‍ നമ്പാടന് അന്ന് സഭയില്‍ പ്രസംഗിക്കാനായി ലഭിച്ചത് ഒരു മിനിട്ട് സമയം മാത്രമായിരുന്നു. ദീര്‍ഘമായി പ്രസംഗിക്കാന്‍ ആവില്ല. ചുരുക്കം വാക്കുകളില്‍ ഒതുക്കണം. അന്നത്തെ ലോനപ്പന്‍ നമ്പാടന്റെ പ്രസംഗം പിന്നീട് വളരെ പ്രസിദ്ധമായി.

”എന്‍ഡിപി എന്നാല്‍ നായരെ ദ്രോഹിക്കുന്ന പാര്‍ട്ടി എന്നണര്‍ഥം. അവരുടെ വകുപ്പ് മെഡിക്കലല്ല, മേടിക്കലാണ്. അവരുടെ ലക്ഷ്യം സാമ്പത്തിക സംവരണല്ല. സാമ്പത്തിക സംഭരണമാണ്…” ഈ ചുരുക്കം വാക്കുകളില്‍ നമ്പാടന്‍ പ്രസംഗം ഒതുക്കി. പക്ഷെ തൊട്ടടുത്ത ദിവസം മാധ്യമങ്ങള്‍ വലിയ പ്രാധാന്യം നല്‍കി പെട്ടിയിലും മറ്റുമാക്കി അലങ്കരിച്ചാണ് പ്രസംഗം റിപ്പോര്‍ട്ട് ചെയ്തത്.
പിന്നീട് സ്വന്തം പാര്‍ട്ടിക്കകത്ത് രൂപപ്പെട്ട പ്രതിസന്ധിയെ തുടര്‍ന്ന് എന്‍ഡിപി ഐക്യ മുന്നണി വിട്ടു. എന്‍എസ്എസ്സിനു തന്നെ എന്‍ഡിപി പലഘട്ടങ്ങളിലും ബാധ്യതയായി. സ്വന്തം പാര്‍ട്ടിക്കത്തെ പടയും കുശാഗ്രബുദ്ധിയായ കെ. കരുണാകരന്റെ തന്ത്രപരമായ നീക്കങ്ങളുമാണ് ഏറെ പ്രതീക്ഷകളുമായി കെട്ടിപ്പൊക്കിയ എന്‍ഡിപി എന്ന രാഷ്ട്രീയ സൗധം തകര്‍ന്നു വീഴാന്‍ വഴിയൊരുക്കിയത്. എസ്ആര്‍പിക്കും സമാനമായ ശൈഥില്യം തന്നെ ഉണ്ടായി.

എസ് ബിനീഷ് പണിക്കര്‍

എസ് ബിനീഷ് പണിക്കര്‍

മാധ്യമ പ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, കൊച്ചിയില്‍ താമസം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍