UPDATES

വാര്‍ത്തകള്‍

ജനാധിപത്യത്തിലെ മിഥ്യകള്‍; സ്വതന്ത്ര കേരളത്തിലെ നിശബ്ദ ജീവിതങ്ങള്‍ – പരമ്പര ആരംഭിക്കുന്നു

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അസുഖകരമായ കാഴ്ച്ചകള്‍

1947 ഓഗസ്റ്റ് 15, ഒരു രാജ്യത്തിന്റെ സാക്ഷാത്കാരത്തെ മാത്രമല്ല, അവിസ്മരണീയ മനുഷ്യ പരീക്ഷണത്തെ കൂടി അടയാളപ്പെടുത്തുന്നുണ്ട് ആ ദിവസം. എഴുപതിനായിരം വര്‍ഷങ്ങള്‍ മുമ്പ് ആഫ്രിക്കയ്ക്ക് പുറത്തേക്ക് കുടിയേറാന്‍ തുടങ്ങിയ മനുഷ്യ ചരിത്രം പോലെ സമാനതയില്ലാത്ത ഒന്നായി അത്. മിക്ക പാശ്ചാത്യ നിരീക്ഷകരും ആ പരീക്ഷണം പരാജയപ്പെടാന്‍ പോകുന്നുവെന്ന അപായ സൂചന നല്‍കി. രാജ്യത്തിനകത്തുള്ള പലരും അതിനെ അമര്‍ച്ച ചെയ്യാന്‍ ഉത്സാഹത്തോടെ ഗൂഢാലോചന നടത്തി. സാധാരണ ജനങ്ങള്‍ ആകട്ടെ, ജനാധിപത്യമെന്നു കേട്ടിട്ടുപോലുമില്ലായിരുന്നു. ആയിരക്കണക്കിനു പേരെ കൂട്ടക്കൊല ചെയ്തും ദശലക്ഷക്കണക്കിനു പേരെ നിരാശ്രയരാക്കിയുമാണ് ആ യാത്ര തുടങ്ങുന്നത്. അതൊരു പേടിപ്പെടുത്തുന്ന ശ്രമം തന്നെയായിരുന്നു; ഭയപ്പെടുത്തുന്ന രാഷ്ട്രീയ സ്വപ്‌നവും.

പക്ഷേ, അയല്‍പ്പക്ക രാജ്യങ്ങള്‍ പട്ടാള അട്ടിമറിയിലും വര്‍ഗീയ ലഹളകളിലും കലുഷിതമായി പോയപ്പോഴും, ഇന്ത്യ അതിന്റെ ജനാധിപത്യത്തെ മുറുകെ പിടിച്ചു. 1950-ല്‍ ലോകത്തിലെ ശക്തമായൊരു ഭരണഘടനയുള്ള ഒരു സ്വതന്ത്ര ജനാധിപത്യ റിപ്പബ്ലിക്കായി ഇന്ത്യ മാറി. 1952-ല്‍ പത്തുകോടി രൂപ മാത്രം ചെലവഴിച്ച് മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് ഈ രാജ്യം നടത്തി. അന്നു തൊട്ട് തെരഞ്ഞെടുപ്പുകള്‍ നമ്മുടെ ജനാധിപത്യത്തിന്റെ വിജയത്തെ സൂചിപ്പിച്ചുകൊണ്ട് കൃത്യമായി നടന്നുകൊണ്ടിരിക്കുന്നു. ഇതിനിടയ്ക്ക് എല്ലാ പൌരസ്വാതന്ത്ര്യങ്ങളെയും റദ്ദ് ചെയ്തുകൊണ്ടുള്ള അടിയന്തരാവസ്ഥയ്ക്കും ഇന്ത്യ സാക്ഷ്യം വഹിച്ചു. പക്ഷേ, ജനാധിപത്യമൂല്യങ്ങള്‍ അപ്പോഴേക്കും അടിയുറച്ചു തുടങ്ങിയിരുന്ന ഈ മഹത്തായ രാജ്യം അവിടെയും തകര്‍ന്നില്ല. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഭരണാധികാരിയെ തെരഞ്ഞെടുപ്പിലൂടെ തന്നെ പുറത്താക്കിക്കൊണ്ട് ഈ രാജ്യത്തെ കോടിക്കണക്കിനു വരുന്ന സാധാരണ മനുഷ്യര്‍ ജനാധിപത്യത്തെ മുറുകെ പിടിച്ചു. തുല്യാവകാശങ്ങളുടെയും പ്രായപൂര്‍ത്തിയായവരുടെ വോട്ടവകാശത്തിന്റെയും അസാധാരണമായ ആ ആഘോഷം കണ്ട് ലോകം അത്ഭുതപരവശരായി.

എന്നാല്‍ മുറ തെറ്റാതെയുള്ള തെരഞ്ഞെടുപ്പുകളിലൂടെയുള്ള ജനാധിപത്യത്തിന്റെ ഈ ആഘോഷങ്ങള്‍ക്ക് അപ്പുറം ആശങ്കപ്പെടേണ്ട പല പ്രവണതകളും ഉണ്ട്. നമ്മുടെ ജനാധിപത്യത്തിന്റെ ആരോഗ്യം നശിക്കുകയാണെന്നതിന്റെ, ഭരണകൂടവും അതിന്റെ ആയുധങ്ങളും സാധാരണക്കാരെ പരാജയപ്പെടുത്തുന്നതിന്റെ, രാഷ്ട്രീയം സമ്പന്നരുടെ കൈപ്പിടിയിലാകുന്നതിന്റെ മുന്നറിയിപ്പുകളായിരുന്നു ആ പ്രവണതകള്‍. ചങ്ങാത്ത മുതലാളിത്തത്തിലധിഷ്ഠിതമായൊരു ഭരണകൂടം ഇവിടെ രൂപപ്പെട്ടു കഴിഞ്ഞു. ഭൂരിപക്ഷം ഇന്ത്യക്കാരെയും സംബന്ധിച്ച് ഈ പുതിയ, ഒരുവിഭാഗത്തിന്റെ മാത്രമായ ഭരണകൂടം വളരെ ക്രൂരമാണ്, അതിന്റെ പോലീസ് അഴിമതിക്കാരാണ്, അതിന്റെ ഉദ്യോഗസ്ഥവൃന്ദം കാര്യക്ഷമതയില്ലാത്തവരും പുറംതിരിഞ്ഞുനില്‍ക്കുന്നവരുമാണ്. അതിന്റെ രാഷ്ട്രീയ നേതാക്കളാകട്ടെ സ്വയം സേവകരായ ഏകാധിപതികളും.

രാജ്യം അതിന്റെ ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ തെരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോള്‍ അഴിമുഖം കേരളം മുഴുവന്‍ സഞ്ചരിച്ച് അതിന്റെ ഇരുണ്ട ഭാഗങ്ങളിലേക്ക്, മുഖ്യധാരാ രാഷ്ട്രീയവ്യവഹാരങ്ങള്‍ക്ക് അപ്പുറം നില്‍ക്കുന്ന, നമുക്ക് അറിയാത്ത, എന്നാല്‍ അറിയണം എന്നാഗ്രഹിച്ച, വിവേച്ചനങ്ങളുടെ ചെറുതുരുത്തുകളായ, നമ്മുടെ ജനാധിപത്യത്തിന്റെ നടുക്കുന്ന പരാജയങ്ങളായ ഗ്രാമങ്ങളിലേക്കും കോളനികളിലേക്കും ചെന്നെത്തുകയാണ്.

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അസുഖകരമായ കാഴ്ച്ചയാണവ. ഈ പരമ്പര മലയാളി എന്ന നിലയ്ക്ക് നിങ്ങളെ അഭിമാനം കൊള്ളിക്കില്ല. എന്നാല്‍ ഇത് പറഞ്ഞേ തീരൂ. ഞങ്ങള്‍ ഈ തെരഞ്ഞെടുപ്പ് കാലത്ത് തന്നെ ഈ കഥകള്‍ പറയാനും തയ്യാറെടുത്തിരിക്കുകയാണ്. പക്വതയെത്തിയ ഒരു ജനാധിപത്യത്തിലേക്ക് രാജ്യം എത്തിച്ചേരണമെങ്കില്‍ അതിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ആ വ്യവസ്ഥയുടെ ഗുണഫലങ്ങള്‍ ലഭ്യമാക്കേണ്ടതുണ്ട്. വിഭവങ്ങള്‍ തുല്യമായി വീതിക്കപ്പെടേണ്ടതുണ്ട്. അങ്ങനെ സംഭവിക്കുന്നുണ്ടോ എന്നൊരന്വേഷണം കൂടിയാണ് ഈ പരമ്പര.

ഞങ്ങള്‍ ആദ്യം പോകുന്നത് കേരളത്തിന്റെ അതിര്‍ത്തി ജില്ലകളിലൊന്നായ പാലക്കാട്ടേക്കാണ്.  പാലക്കാട് കൊടും ചൂടില്‍ തിളച്ച് നില്‍ക്കുകയാണ്. ഇന്നോളം അനുഭവിച്ചിട്ടില്ലാത്ത ചൂടിനെ നേരിടാനാവാതെ ഭൂരിഭാഗം പേരും വീടുകള്‍ക്കുള്ളിലേക്ക് വലിയുന്നു. കിലോമീറ്ററുകള്‍ കടന്നാല്‍ മാത്രം നിരത്തുകളില്‍ ഒറ്റയ്ക്കും തറ്റയ്ക്കും ചിലരെ കാണാം. തണല്‍ എന്ന് പറയാന്‍ റോഡുകള്‍ക്കിരുവശവും ഇടക്കിടെ പ്രത്യക്ഷപ്പെടുന്ന തെങ്ങിന്‍ തോപ്പുകളും തലയുയര്‍ത്തി നില്‍ക്കുന്ന പനകളുടെ നിഴലുകളും മാത്രം. ഉച്ചച്ചൂടിലാണ് മീനാക്ഷിപുരത്തെത്തുന്നത്. പാലക്കാടന്‍ ഗ്രാമജീവിതത്തിന്റെ അകവും പുറവും അന്വേഷിച്ചിറങ്ങിയ ഞങ്ങള്‍ക്കിടയിലേക്ക് കാളീശ്വരി എത്തുന്നത് അവിടെ വച്ചായിരുന്നു.

അഴിമുഖം ബ്യൂറോ ചീഫ് കെ.ആര്‍ ധന്യ തയാറാക്കിയ – ‘ജനാധിപത്യത്തിലെ മിഥ്യകള്‍’ – പരമ്പരയുടെ ആദ്യഭാഗം നാളെ: വോട്ടവകാശമില്ല, ജീവിക്കുന്നതിന് തെളിവുമില്ല; കരടിപ്പാറയിലെ അടിമജീവിതങ്ങള്‍ ©

കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍