UPDATES

സെക്രട്ടേറിയറ്റില്‍ നിന്നും വെറും 52 കിലോമീറ്റര്‍ അകലെ ‘ചത്തുപോയ’ കുറച്ചു മനുഷ്യര്‍ ജീവിക്കുന്നുണ്ട്; സര്‍ക്കാര്‍ കാണാത്ത ബോണക്കാട്- പരമ്പര- ഭാഗം 6

ജനാധിപത്യത്തിലെ മിഥ്യകള്‍-പരമ്പര ഭാഗം 6

രാജ്യം അതിന്റെ ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ തെരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോള്‍ അഴിമുഖം കേരളം മുഴുവന്‍ സഞ്ചരിച്ച് അതിന്റെ ഇരുണ്ട ഭാഗങ്ങളിലേക്ക്, മുഖ്യധാരാ രാഷ്ട്രീയവ്യവഹാരങ്ങള്‍ക്ക് അപ്പുറം നില്‍ക്കുന്ന, നമുക്ക് അറിയാത്ത, എന്നാല്‍ അറിയണം എന്നാഗ്രഹിച്ച, വിവേചനങ്ങളുടെ ചെറുതുരുത്തുകളായ, നമ്മുടെ ജനാധിപത്യത്തിന്റെ നടുക്കുന്ന പരാജയങ്ങളായ ഗ്രാമങ്ങളിലേക്കും കോളനികളിലേക്കും ചെന്നെത്തുകയാണ്.

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അസുഖകരമായ കാഴ്ച്ചയാണവ. ഈ പരമ്പര മലയാളി എന്ന നിലയ്ക്ക് നിങ്ങളെ അഭിമാനം കൊള്ളിക്കില്ല. എന്നാല്‍ ഇത് പറഞ്ഞേ തീരൂ. ഞങ്ങള്‍ ഈ തെരഞ്ഞെടുപ്പ് കാലത്ത് തന്നെ ഈ കഥകള്‍ പറയാനും തയ്യാറെടുത്തിരിക്കുകയാണ്. പക്വതയെത്തിയ ഒരു ജനാധിപത്യത്തിലേക്ക് രാജ്യം എത്തിച്ചേരണമെങ്കില്‍ അതിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ആ വ്യവസ്ഥയുടെ ഗുണഫലങ്ങള്‍ ലഭ്യമാക്കേണ്ടതുണ്ട്. വിഭവങ്ങള്‍ തുല്യമായി വീതിക്കപ്പെടേണ്ടതുണ്ട്. അങ്ങനെ സംഭവിക്കുന്നുണ്ടോ എന്നൊരന്വേഷണം കൂടിയാണ് ഈ പരമ്പര.

ഭാഗം 6: സെക്രട്ടേറിയറ്റില്‍ നിന്നും വെറും 52 കിലോമീറ്റര്‍ അകലെ ‘ചത്തുപോയ’ കുറച്ചു മനുഷ്യര്‍ ജീവിക്കുന്നുണ്ട്; സര്‍ക്കാര്‍ കാണാത്ത ബോണക്കാട്

നേരത്തെ പറഞ്ഞത് പോലെ ബോണക്കാട് ഒരുകാലത്ത് സ്വര്‍ഗമായിരുന്നു. തേയിലയ്ക്ക് പുറമേ റബ്ബര്‍, ഏലം, കുരുമുളക് തുടങ്ങിയവയും ഇവിടെ കൃഷി ചെയ്യപ്പെടുകയും കയറ്റുമതി ചെയ്യപ്പെടുകയും ചെയ്തു. മഹാവീര്‍ പ്ലാന്റേഷന്‍ അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമിയാണ് ഇവിടുത്തേതെന്നും നാട്ടുകാര്‍ക്ക് ആരോപണമുണ്ട്. പണ്ട് മാഹാരാജാവിന്റെ കാലത്ത് കണ്ണാടി സര്‍വേയിലൂടെയാണ് എസ്റ്റേറ്റ് ഈ ഭൂമി സ്വന്തമാക്കിയതെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. ഏകദേശം മൂവായിരം ഏക്കര്‍ ഭൂമിയാണ് ഇതിലുള്ളത്. റബ്ബര്‍ മാത്രം 110 ഏക്കര്‍ ഭൂമിയിലാണ് കൃഷി ചെയ്യുന്നത്. ഇത് കൂടാതെ കുരുമുളക്, തെങ്ങ്, കൊക്കോ, ജാതിയ്ക്കാ എന്നീ കൃഷിയും ഉണ്ട്. ഏലം കൃഷി ചെയ്തിരുന്ന കാലത്ത് 82 ഹെക്ടര്‍ ഭൂമിയിലാണ് അത് കൃഷി ചെയ്തിരുന്നത്. അതേസമയം ആയിരം ഏക്കറിന്റെ കരം മാത്രമാണ് മഹാവീര്‍ പ്ലാന്റേഷന്‍ അടയ്ക്കുന്നതെന്ന് എസ്റ്റേറ്റിലെ തൊഴിലാളിയായിരുന്ന രാജേന്ദ്രന്‍ പറയുന്നു.

ബ്രിട്ടീഷുകാര്‍ വരുമ്പോള്‍ ആനക്കാട് ആയിരുന്നെന്ന് പറഞ്ഞത് എസ്‌റ്റേറ്റിലെ മറ്റൊരു തൊഴിലാളിയായിരുന്ന അലക്‌സാണ്ടര്‍ ആണ്. അതാണ് വിളിച്ചു വിളിച്ച് ബോണക്കാട് ആക്കിയത്. 2010ലാണ് അലക്‌സാണ്ടര്‍ എസ്റ്റേറ്റില്‍ നിന്നും റിട്ടയര്‍ ചെയ്തത്. കമ്പനി പൂട്ടിയതിന് ശേഷം റിട്ടയര്‍ ചെയ്ത മറ്റ് തൊഴിലാളികളെ പോലെ ശമ്പള കുടിശികയും ആനുകൂല്യങ്ങളും ഇദ്ദേഹത്തിനും കിട്ടാനുണ്ട്. പാറശാലയില്‍ നിന്നാണ് അലക്‌സാണ്ടറിന്റെ കുടുംബമെങ്കിലും ഇദ്ദേഹം ജനിച്ചതും വളര്‍ന്നതും ബോണക്കാട്ടിലാണ്. അച്ഛന്‍ എസ്‌റ്റേറ്റിലെ സൂപ്പര്‍വൈസറായിരുന്നു. അന്നും ശമ്പളം കുറവായിരുന്നു. എന്നാല്‍ ജീവിത ചെലവുകള്‍ കുറവായതിനാലും ആവശ്യമുള്ളതെല്ലാം ഇവിടെ ലഭ്യമായിരുന്നതിനാലും ദുരിതങ്ങള്‍ കുറവായിരുന്നു. “ജീവിക്കാന്‍ ആവശ്യമായ എല്ലാം ഞങ്ങള്‍ക്കിവിടെ തന്നെ കിട്ടുമായിരുന്നു. അച്ഛന്റെ ഒരാളുടെ വരുമാനത്തിലാണ് ഞങ്ങള്‍ ഏഴ് മക്കള്‍ വളര്‍ന്ന് വലുതായത്. എന്നാല്‍ ഇന്നാണെങ്കില്‍ അത് പറ്റില്ല. എസ്റ്റേറ്റ് അടച്ചുപൂട്ടിപ്പോയതോടെ കാര്യങ്ങള്‍ മാറിമറിയുകയായിരുന്നു. ചെറുതെങ്കിലും മുമ്പുണ്ടായിരുന്ന കൂലി ലഭിക്കാതെ വരികയും ചെയ്തു”. കൂടാതെ അവശ്യ സാധനങ്ങള്‍ പോലും ഇവിടെ ലഭ്യമല്ലാതെ വരികയും ചെയ്തതാണ് അവരുടെ ജീവിതം ദുരിതത്തിലാക്കിയത്.

Read More: ‘മക്കളെ… ഇഴജന്തുക്കളെ പേടിക്കാതെ കിടന്നുറങ്ങാന്‍ എനിക്കൊരു കട്ടിലെങ്കിലും തരാമോ?’; ബോണക്കാട് എന്ന പ്രേതാലയം-പരമ്പര/ ഭാഗം 5

അലക്‌സാണ്ടറുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഒരു വാഹനം മല കയറി ബോണക്കാട്ടിലേക്കെത്തിയത്. ഓരോ ലയങ്ങളിലും ആശ്വാസമുയര്‍ത്തിയാണ് ആ വാഹനം മുകളിലേക്ക് പോയത്. മാവേലി വന്നുവെന്ന് ആരോ പറയുന്നുണ്ടായിരുന്നു. ഉദ്ദേശിക്കുന്നത് ബോണക്കാട്ടില്‍ എല്ലാ മാസവും പതിനാറാം തിയതി മാത്രം എത്തിച്ചേരുന്ന മാവേലി സ്റ്റോര്‍ വണ്ടിയെയാണ്. “പണ്ട് വലിയൊരു ചന്ത തന്നെയുണ്ടായിരുന്ന ബോണക്കാട്ടില്‍ ഇന്ന് ഞങ്ങള്‍ക്ക് ആശ്രയം ഈ വണ്ടിയും റേഷന്‍കടയുമാണ്”, അലക്‌സാണ്ടറിന്റെ ഭാര്യ സരസ്വതി പറഞ്ഞു. മഹാവീര്‍ എസ്റ്റേറ്റ് അടച്ചുപൂട്ടിയതോടെ തങ്ങള്‍ ഉടുതുണിയ്ക്ക് മറുതുണി പോലുമില്ലാതെ കഷ്ടപ്പെടുകയായിരുന്നെന്ന് സരസ്വതി വ്യക്തമാക്കി. ഇപ്പോള്‍ തൊഴിലുറപ്പ് പണി കിട്ടിത്തുടങ്ങിയതോടെയാണ് കഴിക്കാന്‍ കഞ്ഞിയും ഉടുക്കാന്‍ തുണിയും കിട്ടിത്തുടങ്ങിയത്. രണ്ട് ആണ്‍മക്കളാണ് ഇവര്‍ക്ക്. മൂത്തയാള്‍ വിവാഹം കഴിച്ച് ടൗണിലേക്ക് മാറിത്താമസിച്ചു. ഇളയയാള്‍ ഇവര്‍ക്കൊപ്പം തന്നെ ഈ ലയത്തില്‍ താമസിക്കുന്നുണ്ട്. ഇളയമകന്‍ ടൗണിലും സരസ്വതി തൊഴിലുറപ്പിലും ജോലി ചെയ്താണ് ഇവരുടെ ജീവിതം. ബോണക്കാട്ടിലെ ലയങ്ങളില്‍ താരതമ്യേന ഭേദപ്പെട്ട ജീവിതം ഇവരുടേതാണ്. അതേസമയം അലക്‌സാണ്ടര്‍ ഹൃദ്രോഗിയാണെന്നതാണ് ഇവരുടെ പ്രശ്‌നം. രോഗം മാറിയെങ്കിലും ഇദ്ദേഹത്തിന് ഇപ്പോഴും ജോലിക്കൊന്നും പോകാനാകില്ല. ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള മരുന്നിനുമായി നല്ലൊരു തുകയാണ് ഇവര്‍ മുടക്കിയത്. തൊഴിലുറപ്പ് ജോലിയുള്ളപ്പോള്‍ ഒരു ദിവസം 276 രൂപയാണ് കൂലി ലഭിക്കുന്നത്.

അലക്‌സാണ്ടര്‍

അലക്‌സാണ്ടറിന്റെ ലയത്തിന്റെ മുന്നില്‍ നിന്നും നോക്കിയാല്‍ കുരിശുമല തീര്‍ത്ഥാടനം നടക്കുന്ന മല കാണാം. എന്നാല്‍ ഇപ്പോള്‍ അവിടേക്കുള്ള തീര്‍ത്ഥാടനം നിര്‍ത്തിവച്ചിരിക്കുകയാണ്. വനനശീകരണത്തിന്റെ പേരിലാണ് തീര്‍ത്ഥാടനം നിരോധിച്ചത്. ബോണക്കാട് വാസികളുടെ പ്രധാന വിശ്വാസ കേന്ദ്രങ്ങളിലൊന്നാണ് ഈ മല. “എന്റെ മാപ്പിളയ്ക്ക് അവിടെ പോയാണ് രോഗം തീര്‍ന്നത്”, സരസ്വതി പറയുന്നു. മലയിലെ തീര്‍ത്ഥ വെള്ളം കോരി കുടിച്ചാല്‍ ഏത് രോഗവും ശമിക്കുമെന്ന് ഇവര്‍ വിശ്വസിക്കുന്നു. കേന്ദ്രസര്‍ക്കാരിനെയാണ് ഇവര്‍ അതിന് കുറ്റം പറയുന്നത്. “ആ പുണ്യസ്ഥലത്തേക്ക് പോലും പോകാന്‍ ഞങ്ങള്‍ക്ക് പറ്റാതായിരിക്കുന്നു”. തൊട്ടടുത്ത മരുതാമലയില്‍ അടുത്തിടെ സ്ഥാപിച്ച ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യൂക്കേഷന്‍ ആന്‍ഡ് റിസേര്‍ച്ച്(ഐസര്‍) ആണ് ഇതിന് കാരണമെന്നാണ് ഇവര്‍ വിശ്വസിക്കുന്നത്. “കുന്നിന് മുകളിലെ കുരിശെല്ലാം ആ സാമദ്രോഹികള്‍ തല്ലിപ്പൊട്ടിച്ച് കളഞ്ഞില്ലേ… ഞങ്ങളെ ഒരു രീതിയിലും ജീവിക്കാന്‍ അനുവദിക്കുന്നില്ല ഇവര്‍. മോദിയുടെ സര്‍ക്കാര്‍ ഞങ്ങളുടെ വിശ്വാസത്തിലും കേറി പിടിച്ചിരിക്കുകയാണ്” ഇവര്‍ പറയുന്നു. ദാരിദ്ര്യത്തിനിടയിലും വിശ്വാസമായിരുന്നു ഇവരുടെ ജീവിത പ്രതീക്ഷ.

Read More: സര്‍ക്കാരിന്റെ കണക്കില്‍ ഈ മനുഷ്യരില്ല; കരടിപ്പാറയിലെ അടിമജീവിതങ്ങള്‍; പരമ്പര ഭാഗം-1

ലീലയുടെ വീടിന് മുന്നില്‍ നിന്നും മുകളിലേക്ക് നടന്നു കയറുമ്പോള്‍ ബോണക്കാടിന്റെ പ്രതാപങ്ങളുടെയെല്ലാം പ്രേതാലയം പോലെ തേയില ഫാക്ടറി കാണാം. തകര്‍ന്ന ചില്ലുകളും പ്രവര്‍ത്തിപ്പിക്കാതെ തുരുമ്പെടുത്ത യന്ത്രങ്ങളുമാണ് ഇന്ന് ഈ ഫാക്ടറി. പൂട്ടിയിട്ടിരിക്കുന്ന ഫാക്ടറിയുടെ തകര്‍ന്ന ഒരു ജനലിനുള്ളിലൂടെ അകത്തേക്ക് നോക്കുമ്പോള്‍ പേടിയാകും. “അതിനുള്ളിലേക്കൊന്നും തലയിടണ്ട. കാട്ടുകടന്നലിന്റെ കൂടും ഇഴജന്തുക്കളും കാണും”, കൂടെ വന്ന സുധ മുന്നറിയിപ്പ് നല്‍കി. കെട്ടിടത്തിനുള്ളില്‍ വരെ മരങ്ങള്‍ വളര്‍ന്നിട്ടുണ്ട്. ചിലത് വളഞ്ഞ് ജനലുകള്‍ക്ക് പുറത്തുകൂടി സൂര്യപ്രകാശത്തിനായി വളര്‍ന്ന് പുറത്തേക്ക് വന്നിട്ടുണ്ട്. ഫാക്ടറിയുടെ തറ കാണാനാകാത്ത വിധത്തില്‍ പൊടിയും അടര്‍ന്ന് വീണ മേല്‍ക്കൂരയുടെ ഭാഗങ്ങളും കിടക്കുന്നു. പുറത്ത് ചുവരില്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങലിലെ സ്ഥാനാര്‍ത്ഥിയായ എ സമ്പത്തിന്റെ പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. ബോണക്കാട്ടിലെ തൊഴിലാളികള്‍ പരമ്പരാഗതമായി സിപിഎം അനുഭാവികളാണെന്ന് സുധ പറഞ്ഞു. പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ ഇത് വ്യക്തമായി കാണാം. ഇപ്പോഴത്തെ പഞ്ചായത്ത് മെമ്പര്‍ സതീഷ് കുമാര്‍ ഉള്‍പ്പെടെ സിപിഎം അംഗങ്ങളാണ്. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പില്‍ ബോണക്കാട്ടിലെ വോട്ട് നിര്‍ണായകമാകാറില്ല. ബോണക്കാട് ഉള്‍പ്പെടുന്ന അരുവിക്കര മണ്ഡലത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായ ജി കാര്‍ത്തികേയനും അദ്ദേഹത്തിന്റെ മരണ ശേഷം മകന്‍ കെ എസ് ശബരീനാഥുമാണ് നിയമസഭയില്‍ പ്രതിനിധീകരിച്ചത്. ബോണക്കാട്ടില്‍ വൈദ്യുതി എത്തിച്ചത് കാര്‍ത്തികേയനാണെങ്കിലും ഇവിടുത്തെ ലയങ്ങളിലെല്ലാം സൗജന്യമായി വൈദ്യുതീകരണം നടത്തിക്കൊടുത്തത് തിരുവനന്തപുരം എന്‍ജിനിയറിംഗ് കോളേജിലെ നാഷണല്‍ സര്‍വീസ് സ്‌കീം അംഗങ്ങളാണ്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ശബരീനാഥിന് വേണ്ടി എഴുതിയ ചുവരെഴുത്ത് കമ്പനിയുടെ മതിലില്‍ നിന്നും ഇന്നും മാഞ്ഞ് പോയിട്ടില്ല. അതേസമയം ശബരിയെ ബോണക്കാട്ടില്‍ കാണാന്‍ പോലും കിട്ടാറില്ലെന്ന് ഇവിടുത്തുകാര്‍ പറയുന്നു. ഏറ്റവുമൊടുവില്‍ ഓഖി ചുഴലിക്കാറ്റ് നാശം വിതച്ചപ്പോഴാണ് ശബരി ഇവിടെയെത്തിയതെന്നാണ് ഇവര്‍ പറയുന്നത്. അന്ന് പേപ്പാറ റിസര്‍വ് വനം തുടങ്ങുന്നിടം മുതല്‍ ഇവിടെ വരെയും മരങ്ങള്‍ കടപുഴകി വീണിരുന്നു. റോഡ് ഗതാഗതം പൂര്‍ണമായും നിശ്ചലമായി. എല്ലാ അര്‍ത്ഥത്തിലും ബോണക്കാട്ടില്‍ തടവിലാക്കപ്പെട്ട അവസ്ഥയിലായി ഇവര്‍. പുറത്തു നിന്നും ആര്‍ക്കും വരാനും സാധിക്കാത്ത അവസ്ഥയാണ് ഉണ്ടായത്. ബോണക്കാട്ടില്‍ നിന്നും പുറത്തുപോയി താമസിക്കുകയും ഇവിടേക്ക് തൊഴിലുറപ്പിന് വരികയും ചെയ്യുന്നവര്‍ എത്തിയാണ് മരങ്ങള്‍ മുറിച്ച് നീക്കം ചെയ്തത്. അന്ന് ശബരീനാഥ് സ്ഥലത്തെത്തുകയും മടങ്ങിപ്പോകുകയും ചെയ്തു. സംസ്ഥാന സര്‍ക്കാരിന് മുന്നില്‍ എംഎല്‍എ തങ്ങളുടെ വിഷയം കൂടുതല്‍ ശക്തമായി ഉന്നയിച്ചിരുന്നെങ്കില്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാമായിരുന്നുവെന്നാണ് ഇവര്‍ കരുതുന്നത്. അതേസമയം യുഡിഎഫ് കാലത്തായാലും എല്‍ഡിഎഫ് കാലത്തായാലും ഇതിന് പരിഹാരമുണ്ടാകാത്തത് എസ്റ്റേറ്റ് മാനേജ്‌മെന്റും മാറിമാറി വന്ന സര്‍ക്കാരുകളും തമ്മിലുള്ള ഒത്തുകളിയാണെന്നും ഇവര്‍ കരുതുന്നുണ്ട്.

Read More: “എച്ചിലെടുക്കാന്‍ പോയിട്ടാണ് ഞങ്ങളുടെ ജീവിതം കഴിയുന്നത്”; കേരളം 10 വര്‍ഷം മുന്നോട്ടോടുമ്പോള്‍ 50 വര്‍ഷം പിന്നോട്ടോടുന്ന കിഴക്കന്‍ പാലക്കാട്

കുട്ടികളുടെ സ്‌കൂള്‍ സൗകര്യം നോക്കി മാത്രമാണ് തങ്ങള്‍ പുറത്തുപോയി വാടകകൊടുത്ത് താമസിക്കുന്നതെന്ന് സുധ പറയുന്നു. ആറ്, ഏഴ് കുട്ടികള്‍ മാത്രമാണ് ബോണക്കാട്ടില്‍ നിന്നും പുറത്തുപോയി പഠിക്കുന്നത്. രാവിലെ 7.45ന്റെ ബസിന് പോയിട്ട് വൈകിട്ട് 5.30ന് എത്തുന്ന ബസിന് തിരിച്ചെത്തും. എന്‍ജിനിയറിംഗിന് പഠിക്കുന്ന ഒരു കുട്ടി രാത്രി ഒമ്പത് മണിക്കെത്തുന്ന ബസിനാണ് വരുന്നത്. 5.30ന്റെ ബസില്‍ എത്താന്‍ സാധിക്കാത്തവരും ഈ ബസിനാണ് എത്തുന്നത്. മുമ്പ് ആറരയ്ക്ക് ഒരു ബസ് എത്തുമായിരുന്നു. അത് 6.45ന് തിരികെ പോകുകയും ചെയ്യും. ആ ബസുണ്ടായിരുന്നപ്പോള്‍ അതിനെങ്കിലും പലര്‍ക്കും വരാമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് സര്‍വീസ് നിര്‍ത്തി വച്ചിരിക്കുകയാണ്. അതും ഇവരുടെ ദുരിതങ്ങള്‍ക്ക് മേലുള്ള ഇരുട്ടടിയായി.

“ഈ മുതലാളിയെക്കൊണ്ട് ഒന്നും നടക്കില്ല. സര്‍ക്കാര്‍ ഈ എസ്‌റ്റേറ്റ് എങ്ങനെയെങ്കിലും ഏറ്റെടുത്ത് ഞങ്ങള്‍ക്കെല്ലാം കാശ് തന്ന് പിരിച്ചുവിടുന്നതാണ് നല്ലത്”, പറയുന്നത് എസ്റ്റേറ്റില്‍ നിന്നും കിട്ടാനുള്ള കുടിശികയും പ്രതീക്ഷിച്ച് ഇവിടെ തന്നെ കഴിയുന്ന കനിയാണ്. റേഷന്‍കടയില്‍ പോയി മടങ്ങിവരികയായിരുന്നു ഇയാളും ഭാര്യയും. എല്ലാ മാസവും തങ്ങള്‍ക്ക് ലഭിക്കുന്നത് അര ലിറ്റര്‍ മണ്ണെണ്ണ മാത്രമാണ് റേഷന്‍ കടയില്‍ നിന്നും ലഭിക്കുന്നതെന്നും കനി വെളിപ്പെടുത്തി. അതേസമയം ഇന്ന് ഇലക്ഷനായത് കൊണ്ടായിരിക്കും മൂന്ന് ലിറ്റര്‍ മണ്ണെണ്ണ കിട്ടി. അതില്‍ രണ്ട് ലിറ്റര്‍ മണ്ണെണ്ണയ്ക്ക് വില കൂടുതലും. ഒരു ലിറ്റര്‍ മണ്ണെണ്ണയ്ക്ക് 33 രൂപയാണ വില. മറ്റേ രണ്ട് ലിറ്ററിന് നാല്‍പ്പത് രൂപ വീതവും. എന്തുകൊണ്ടാണ് ഈ വ്യത്യാസമെന്ന് കനിക്ക് അറിയില്ല. നേതാക്കന്മാരെ പറഞ്ഞിട്ട് കാര്യമില്ലെന്നാണ് കനിയുടെ നിരീക്ഷണം. മുതലാളി തങ്ങളെ ദ്രോഹിക്കാന്‍ വേണ്ടി തന്നെ നടത്തുന്ന ശ്രമമാണ് ഇതെന്നും ഇദ്ദേഹം പറയുന്നു. “അവന്‍ സ്റ്റേ വാങ്ങിച്ച് സ്റ്റേ വാങ്ങിച്ച് മൊത്തം ഞങ്ങളെ കുഴിയില് തള്ളുകയാണ്” കനി വ്യക്തമാക്കി. ബോണക്കാടിന് പുറത്തുപോയി ജോലി ചെയ്യുന്നവര്‍ വെളുപ്പിന് ഇവിടെ നിന്നും പോയി രാത്രിയാകുമ്പോള്‍ തിരിച്ചെത്തുന്നവരാണ്.

Read More: കുളത്തൂപ്പുഴയിലെ ‘ശ്രീലങ്കക്കാര്‍’; സ്വന്തം നാട്ടിലെ അഭയാര്‍ഥികള്‍

എസ്‌റ്റേറ്റില്‍ ഇപ്പോഴുമുള്ള കൃഷിയുടെ ഒരു ഭാഗം തൊഴിലാളികള്‍ക്ക് കിട്ടാനുണ്ട്. ഇത്തവണ കുരുമുളകാണ് ഇത്തരത്തില്‍ പറച്ചുവിറ്റത്. കുരുമുളക് വിറ്റ വകയില്‍ ഏഴ് ലക്ഷത്തോളം രൂപ കര്‍ഷകര്‍ക്ക് കിട്ടാനുണ്ട്. ഉടന്‍ എത്തിക്കാമെന്ന് പറഞ്ഞാണ് യൂണിയന്‍ നേതാക്കള്‍ അത് കൊണ്ടുപോയത്. ഇതുവരെയും ഒന്നുമായിട്ടില്ല. നേരത്തെ തെങ്ങില്‍ നിന്നുള്ള വരുമാനവും ലഭിക്കുന്നുണ്ടായിരുന്നു. എന്നാല്‍ തെങ്ങെല്ലാം കാട്ടാനയുടെ ആക്രമണത്തില്‍ നശിച്ചുപോയി. “മുതലാളിയുടെ കയ്യില്‍ നിന്നും സര്‍ക്കാര്‍ എസ്‌റ്റേറ്റ് എടുത്തിട്ട് ഞങ്ങള്‍ക്ക് തരാനുള്ള കാശ് തന്നാല്‍ ഞങ്ങള്‍ ഇവിടെ നിന്നും ഇറങ്ങിപ്പോകാന്‍ തയ്യാറാണ്. അതിന് ശേഷം ഇവിടെ ഒരു മുതലാളിയും വരില്ല, തൊഴിലാളിയും വരില്ല”, എന്നും കനി പറയുന്നു. മാത്രമല്ല, ഇവിടെ ഇനി എസ്റ്റേറ്റ് തുടങ്ങിയാല്‍ ജോലി ചെയ്യാന്‍ തൊഴിലാളികളൊന്നും തന്നെയില്ല. ഭൂരിഭാഗത്തിനും അതിനുള്ള ആരോഗ്യം നശിച്ചിരിക്കുന്നു. കനിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ‘എല്ലാം ചത്തവരാണ്’ ഇവിടെയുള്ളത്.

അതേസമയം എല്ലാവരുടെയും അഭിപ്രായം ഇതല്ല. നേരത്തെ അലക്‌സാണ്ടറിന്റെ ഭാര്യ സരസ്വതി പറഞ്ഞത് ഇവിടെയിപ്പോള്‍ ഉള്ളത് ജോലിയില്ലാത്തവരും പോകാന്‍ മറ്റൊരു ഇടമില്ലാത്തവരുമാണ് എന്നാണ്. പുറത്ത് ജോലിയുള്ളവര്‍ മാസം മൂവായിരവും നാലായിരവും കൊടുത്ത് വാടകയ്ക്ക് പോയിരിക്കുകയാണ്. രണ്ട് സെന്റ് സ്ഥലമെങ്കിലും സര്‍ക്കാര്‍ ഇടപെട്ട് ഞങ്ങള്‍ക്ക് തരണമെന്നും. “‘വീടും സ്ഥലവും തരാമെന്ന് ഇടയ്ക്ക് പറയും. എന്നിട്ട് എവിടെ കിട്ടുന്നു. ഞങ്ങള്‍ക്ക് ബോണക്കാട് മതി… മരിച്ചാല്‍ കൊണ്ട് അടക്കാന്‍ പോലും സ്ഥലമില്ലാതെ കാട്ടില്‍ കൊണ്ടുപോയി തള്ളും”, സരസ്വതി പറയുന്നു. കാട്ടിനുള്ളിലേക്ക് ഒരുപാട് ചെല്ലുമ്പോഴുള്ള ഒരു ചുടുകാട്ടിലാണ് ഇവരെ കൊണ്ടുപോയി സംസ്‌കരിച്ചിരുന്നത്. പക്ഷെ ചുടുകാട് ഇപ്പോള്‍ ആന നശിപ്പിച്ച് ഉപയോഗിക്കാനാകാത്ത അവസ്ഥയിലാണ്. ഇവിടുത്തെ ആര്‍സി പള്ളിക്ക് മാത്രമാണ് ശ്മശാനമുള്ളത്. ബാക്കി ഏത് സമുദായത്തില്‍ നിന്നുള്ള  വിഭാഗക്കാരായാലും മരിച്ചാല്‍ ഈ കാട്ടില്‍ കൊണ്ടുപോയി തള്ളേണ്ടി വരും. സംസ്‌കരിക്കുന്ന മൃതദേഹങ്ങള്‍ കാട്ടുമൃഗങ്ങള്‍ എടുത്തുകൊണ്ട് പോയാല്‍ പോലും ആരും അറിയില്ല.

ലയങ്ങളെല്ലാം അറുപതിലേറെ വര്‍ഷങ്ങള്‍ പഴക്കമുള്ളവയാണ്. ലയങ്ങള്‍ നന്നാക്കാന്‍ സര്‍ക്കാര്‍ ഏതാനും പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ എണ്‍പത് ശതമാനവും ജോലിയില്‍ നിന്നും വിരമിച്ചവരായതിനാല്‍ അതുവേണ്ടെന്ന നിലപാടാണ് പിന്നീട് സ്വീകരിച്ചത്. പ്രായമായവര്‍ കെട്ടിടം ഇടിഞ്ഞ് വീണ് ചത്തോട്ടെയെന്നാണ് അധികൃതര്‍ കരുതുന്നെന്നാണ് സരസ്വതിയും കനിയും പറഞ്ഞത്. ഒരു കാറ്റ് വന്നാല്‍ രണ്ട് മൂന്ന് ദിവസത്തേക്ക് കറന്റുണ്ടാകില്ല.

നഴ്‌സിംഗ് പഠിച്ച മകള്‍ തമിഴ്‌നാട്ടില്‍ ബിഡി തെറുപ്പ് ജോലി ചെയ്ത് ജീവിക്കുന്ന കഥയാണ് പൊന്നമ്മയ്ക്ക് പറയാനുള്ളത്. 39 കൊല്ലമാണ് ഇവര്‍ എസ്‌റ്റേറ്റില്‍ ജോലി ചെയ്തത്. അച്ഛനും അമ്മയും ഇവിടെ തന്നെയാണ് ജോലി ചെയ്തത്. വിധവാ പെന്‍ഷനും തൊഴിലുറപ്പില്‍ നിന്നും ലഭിക്കുന്ന കൂലിയുമാണ് വരുമാനം. നാല് മക്കളുണ്ട്. തകര്‍ന്നുകിടക്കുന്ന ലയത്തില്‍ തന്നെയാണ് ഇവരുടെയും താമസം. “ഏത് സമയത്ത് മഴ പെയ്താലും അത് ഇടിഞ്ഞ് വീഴും, നമ്മള്‍ അതിനടിയില്‍പ്പെട്ട് ചാവും. എല്ലാവരും കൂടെ എവിടെങ്കിലും കുഴിച്ചിടും” പൊന്നമ്മ പറയുന്നത് തന്റെ മാത്രം ഭാവിയെക്കുറിച്ചല്ല. ബോണക്കാട്ടിലെ ഓരോരുത്തരുടെയും അവസ്ഥയാണ്.

കമ്പനി പൂട്ടിയതോടെ അനാഥ മന്ദിരത്തില്‍ നിര്‍ത്തിയാണ് പൊന്നമ്മ നാല് മക്കളെയും വളര്‍ത്തിയത്. മൂന്ന് പെണ്‍മക്കളെയും തമിഴ്‌നാട്ടിലേക്ക് കെട്ടിച്ചുവിട്ടു. മകനും തമിഴ്‌നാട്ടില്‍ മുക്കാല്‍ സെന്റ് സ്ഥലത്ത് നിര്‍മ്മിച്ച സൗകര്യം കുറഞ്ഞ വീട്ടിലാണ് അയാള്‍ താമസിക്കുന്നത്. അവിടേക്ക് താന്‍ കൂടി എങ്ങനെ പോകുമെന്നാണ് ഇവര്‍ക്ക് ചോദിക്കാനുള്ളത്. ഇതില്‍ ഒരു മകളാണ് ബീഡി തെറുക്കാന്‍ പോകുന്നത്. ഗ്രാറ്റുവിറ്റി കിട്ടിയാലും ആ പണം കൊണ്ട് ബോണക്കാടില്‍ നിന്നും എവിടെ പോയി ഭൂമി വാങ്ങുമെന്നാണ് ഇവര്‍ ചോദിക്കുന്നത്. തരാനുള്ള ഗ്രാറ്റുവിറ്റി കാശ് അന്ന് തന്നെ തന്നിരുന്നെങ്കിലും എവിടെങ്കിലും പോയി അഞ്ച് സെന്റ് സ്ഥലമെങ്കിലും വാങ്ങാമായിരുന്നു. ഇന്ന് ആ കാശിന് ഭൂമി ലഭിക്കില്ല. റിട്ടയര്‍ ആയ കാലത്തെ ശമ്പളം കണക്കാക്കി മാത്രമേ ഇനി നഷ്ടപരിഹാരം കിട്ടിയാല്‍ തന്നെ ലഭിക്കൂ. ആ കാശിന് ഇന്ന് ഒന്നും നടക്കാത്ത അവസ്ഥയാണ് ഉള്ളത്. ഇപ്പോള്‍ ഭൂമിയുടെ വില ഓരോ ദിവസവും കൂടി വരികയല്ലേ? പക്ഷെ ജനിച്ചുവളര്‍ന്ന ഈ മണ്ണ് വിട്ടുപോകാന്‍ ഇത്തിരി ബുദ്ധിമുട്ടാണെന്നും പൊന്നമ്മയും സമ്മതിക്കുന്നു.

Also Read: ശ്രീലങ്കയില്‍ ജനിക്കാത്തവര്‍ക്ക് സ്ഥിരജോലിയില്ല; ദുരിതം തീരില്ലെങ്കില്‍ കേരളം വിട്ട് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍- പരമ്പര- ഭാഗം 4 

1995-ന് ശേഷം തങ്ങള്‍ക്ക് ശമ്പളം കിട്ടാതെ വന്ന കഥ പറഞ്ഞത് അമ്പിളിയാണ്. തേയില നുള്ളിക്കൊണ്ട് വന്ന് എല്ലാ പ്രക്രിയകളും പൂര്‍ത്തിയാക്കി വച്ച തേയില മഹാവീരന്‍ മുതലാളിയുടെ മക്കളില്‍ ആരെങ്കലും ഒരാള്‍ ലോഡ് നിറച്ച് വയ്ക്കും. തൊട്ടുപുറകെ അടുത്തയാള്‍ വന്ന് ഇത് കൊണ്ടുപോകും. ശമ്പളം ചോദിക്കുമ്പോള്‍ മറ്റേയാളല്ലേ ലോഡ് കൊണ്ടുപോയത്, അതുകൊണ്ട് ശമ്പളം തരാനാകില്ലെന്ന് പറയും. അങ്ങനെയാണ് ശമ്പളം കിട്ടാതായത്. ഓപ്പറ എന്ന സ്ഥലത്ത് ലോണെടുത്ത് റബ്ബര്‍ തൈ വച്ചിരുന്നു. അതിലാണ് മുതലാളി മുങ്ങിപ്പോയതെന്നും ഇവര്‍ പറഞ്ഞു. റബ്ബര്‍ അപ്രതീക്ഷിതമായി നഷ്ടത്തിലായതോടെയാണ് കമ്പനിയും നഷ്ടത്തിലായത്. അതുവരെയും ഏഴാം തിയതി വൈകുന്നേരം രണ്ട് മണിയാകുമ്പോഴേക്കും തൊഴിലാളികള്‍ക്ക് ശമ്പളം ലഭിക്കാന്‍ തുടങ്ങും. കമ്പനി പൂട്ടിയ ആദ്യ വര്‍ഷങ്ങളില്‍ കുരുമുളക്, ഏലയ്ക്ക എന്നിവ ലേലം വിളിക്കുമ്പോള്‍ അതില്‍ നിന്നും കിട്ടുന്നത് തൊഴിലാളികളുടെ ശമ്പളവും റിട്ടയര്‍ ആയവരുടെ ആനുകൂല്യങ്ങളും കുടിശികയും നല്‍കാനുള്ള കരാര്‍ ഉണ്ടാക്കിയിരുന്നു. ആദ്യം റിട്ടയര്‍ ചെയ്തവര്‍ ആദ്യം എന്ന നിലയിലാണ് നാല് യൂണിയന്‍ നേതാക്കള്‍ വന്ന് അത്തരമൊരു കരാര്‍ രൂപീകരിച്ചത്. ആദ്യമൊക്കെ ചെറിയ കൂലിയേ ഉണ്ടായിരുന്നുള്ളുവെന്നതിനാല്‍ അഞ്ചോ ആറോ ലക്ഷം രൂപയ്ക്ക് ഇത് നടക്കുമായിരുന്നു. എന്നാല്‍ കൃഷികളെല്ലാം നശിക്കുകയും കാര്യമായ തുക കിട്ടാതെ വരികയും ചെയ്തതോടെ അതും നിന്നു. ഇക്കൊല്ലം ലേലം ചെയ്തിട്ട് കുരുമുളകിന് ലഭിച്ചത് ഏഴ് ലക്ഷം രൂപ മാത്രമാണ്. തേങ്ങയും ഏലവും ഗ്രാമ്പുവും കൂടെ വെറും മുപ്പതിനായിരം രൂപയ്ക്കാണ് ലേലത്തില്‍ പോയത്. അടുത്തകൊല്ലം അതുപോലും ഉണ്ടാകില്ല. പരിചരണം ലഭിക്കാത്തതിനാല്‍ നിലവാരം കുറഞ്ഞ കുരുമുളകാണ് ലഭിക്കുന്നത് എന്നതാണ് കാരണം.

പൊന്നമ്മ

ബോണക്കാടിലെ ലളിത അഞ്ച് വര്‍ഷമായി ക്യാന്‍സര്‍ രോഗിയാണ്. ആര്‍സിസിയിലാണ് ഇവരുടെ ചികിത്സ നടക്കുന്നത്. അതിന്റെ ചെലവ് എങ്ങനെയാണ് നടക്കുന്നതെന്ന് ചോദിക്കുമ്പോള്‍ അവര്‍ കരയുകയായിരുന്നു. ചികിത്സയെല്ലാം കഴിഞ്ഞെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ മറ്റുള്ളവര്‍ പറഞ്ഞത് രോഗം മാറാതെയാണ് ചികിത്സ അവസാനിപ്പിച്ചതെന്നാണ്.

തിരികെ നടക്കുമ്പോള്‍ മാവേലി സ്‌റ്റോര്‍ വണ്ടിക്ക് മുന്നില്‍ വലിയ ആള്‍ക്കൂട്ടം കണ്ടു. എല്ലാ മാസവും 16ാം തിയതി എത്തുന്ന മാവേലി സ്റ്റോര്‍ ആണ് ഇവരുടെ ആശ്രയം. ഇതിവിടെ എത്തുന്നത് കൊണ്ട് ആര്‍ക്കും അത്യാവശ്യ സാധനങ്ങള്‍ വാങ്ങാന്‍ വിതുരയില്‍ പോകണ്ടതില്ല. എല്ലാ സാധനങ്ങളും ഇവിടെ വരുമെന്നാണ് സുധ പറഞ്ഞത്. അടുത്തമാസം വരെയുള്ള സാധനങ്ങള്‍ ഇതില്‍ നിന്നും വാങ്ങാനാകും. അല്ലാതെ വയസായ ആളുകള്‍ വിതുര വരെ എങ്ങനെ പോയി സാധനങ്ങള്‍ വാങ്ങുമെന്ന് സുധ ചോദിക്കുന്നു. മിക്ക വീടുകളിലും ഒരാളോ രണ്ടാളോ മറ്റോ ഉണ്ടാകുകയുള്ളൂവെന്നതിനാല്‍ അവര്‍ക്ക് ഒരുപാട് സാധനങ്ങള്‍ വാങ്ങേണ്ടിയും വരുന്നില്ല.

തിരികെ ബസ് സ്റ്റോപ്പിലെത്തിയപ്പോള്‍ അവിടുത്തെ ചായക്കട വൈകുന്നേരമായിട്ടും ആളൊഴിഞ്ഞ് കിടക്കുന്നു. കട നടത്തുന്ന ചേട്ടന്‍ അത് തുറന്നിട്ട് തന്നെ മാവേലി സ്‌റ്റോറിലേക്ക് ഓടി. ആ കടയിലുള്ള വെട്ടുകേക്കും ചായയും എടുത്തുകൊണ്ട് പോകാന്‍ ആരും വരില്ലെന്ന് ചേട്ടനറിയാം. മാറിമാറി വരുന്ന സര്‍ക്കാരുകള്‍ എല്ലാം ഞങ്ങള്‍ ശരിയാക്കും എന്നാണ് പറയുന്നത്. സെക്രട്ടേറിയറ്റില്‍ നിന്നും ബോണക്കാട്ടിലേക്കുള്ള ദൂരം 52 കിലോമീറ്റര്‍ മാത്രമാണ്. ഈ ദൂരത്തിനുള്ളവരുടെ പ്രശ്‌നങ്ങള്‍ കാണാനോ പരിഹരിക്കാനോ അവര്‍ക്ക് സാധിക്കാത്തതല്ല. വോട്ടിന്റെ എണ്ണം കുറവുള്ള, അതും പ്രായമായവര്‍ മാത്രം അനുഭവിക്കുന്ന ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടില്ലെങ്കിലും ആരും ഒന്നും പറയില്ലെന്ന് ഭരണകര്‍ത്താക്കള്‍ക്ക് അറിയാം. ഇവിടെയാണ് ഇവര്‍ക്ക് ജനാധിപത്യം നിഷേധിക്കപ്പെടുന്നതും.

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍