UPDATES

കേരളം

കുളത്തൂപ്പുഴയിലെ ‘ശ്രീലങ്കക്കാര്‍’; സ്വന്തം നാട്ടിലെ അഭയാര്‍ഥികള്‍ – പരമ്പര ഭാഗം -3

ജനാധിപത്യത്തിലെ മിഥ്യകള്‍- പരമ്പര ഭാഗം – 3

രാജ്യം അതിന്റെ ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ തെരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോള്‍ അഴിമുഖം കേരളം മുഴുവന്‍ സഞ്ചരിച്ച് അതിന്റെ ഇരുണ്ട ഭാഗങ്ങളിലേക്ക്, മുഖ്യധാരാ രാഷ്ട്രീയവ്യവഹാരങ്ങള്‍ക്ക് അപ്പുറം നില്‍ക്കുന്ന, നമുക്ക് അറിയാത്ത, എന്നാല്‍ അറിയണം എന്നാഗ്രഹിച്ച, വിവേചനങ്ങളുടെ ചെറുതുരുത്തുകളായ, നമ്മുടെ ജനാധിപത്യത്തിന്റെ നടുക്കുന്ന പരാജയങ്ങളായ ഗ്രാമങ്ങളിലേക്കും കോളനികളിലേക്കും ചെന്നെത്തുകയാണ്.

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അസുഖകരമായ കാഴ്ച്ചയാണവ. ഈ പരമ്പര മലയാളി എന്ന നിലയ്ക്ക് നിങ്ങളെ അഭിമാനം കൊള്ളിക്കില്ല. എന്നാല്‍ ഇത് പറഞ്ഞേ തീരൂ. ഞങ്ങള്‍ ഈ തെരഞ്ഞെടുപ്പ് കാലത്ത് തന്നെ ഈ കഥകള്‍ പറയാനും തയ്യാറെടുത്തിരിക്കുകയാണ്. പക്വതയെത്തിയ ഒരു ജനാധിപത്യത്തിലേക്ക് രാജ്യം എത്തിച്ചേരണമെങ്കില്‍ അതിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ആ വ്യവസ്ഥയുടെ ഗുണഫലങ്ങള്‍ ലഭ്യമാക്കേണ്ടതുണ്ട്. വിഭവങ്ങള്‍ തുല്യമായി വീതിക്കപ്പെടേണ്ടതുണ്ട്. അങ്ങനെ സംഭവിക്കുന്നുണ്ടോ എന്നൊരന്വേഷണം കൂടിയാണ് ഈ പരമ്പര.

ഭാഗം – 3 – കുളത്തൂപ്പുഴയിലെ ‘ശ്രീലങ്കക്കാര്‍’; സ്വന്തം നാട്ടിലെ അഭയാര്‍ഥികള്‍

ഇതൊരു യാത്രയുടെ കഥയാണ്. ജീവിതം പറിച്ചുനടപ്പെട്ട ഒരു കൂട്ടം സാധാരണക്കാരുടെ അനുഭവങ്ങളിലൂടെയുള്ള യാത്ര. ഒരു രാജ്യത്തുനിന്നും മറ്റൊരു രാജ്യത്തേക്ക്, അവിടെ നിന്നും തിരിച്ച് മാതൃ രാജ്യത്തേക്ക്, തലമുറകള്‍ നീണ്ട യാത്ര. തമിഴ്‌നാട്ടിലെ ഗ്രാമങ്ങളില്‍ നിന്നും ബ്രീട്ടീഷ് ഭരണകാലത്ത് ആരംഭിച്ച അത് ആദ്യം ശ്രീലങ്കയിലേക്കും പിന്നീട് അവസാനിക്കുന്നത് കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയിലുമാണ്. കേരളത്തിലൊരു ശ്രീലങ്ക, അതാണ് പത്തനാപുരം താലൂക്കിലെ കുളത്തൂപ്പുഴയിലെ റിഹാബിലിറ്റേഷന്‍ പ്ലാന്റേഷന്‍ ലിമിറ്റഡ്. 2070 ഹെക്ടര്‍ റബര്‍ പ്ലാന്റേഷനിലേക്ക് പറിച്ചു നടപ്പെട്ട ഒരു ജനത.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തിന് ചരിത്രപരമായ നിരവധി പ്രത്യേകതകളും അവകാശപ്പെടാനുണ്ട്. 1964-ല്‍ തുടങ്ങുന്നു ആ ചരിത്രം. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച കാലത്തോളം പഴക്കമുണ്ട് ആ കഥകള്‍ക്ക്. ഇന്ത്യ സ്വതന്ത്രമായതിന് പിറകെ 1948 ഫെബ്രുവരി നാലിനാണ് ശ്രീലങ്ക ബ്രീട്ടീഷ് അധീനതയില്‍ നിന്നും സ്വാതന്ത്ര്യം നേടുന്നത്.

അന്ന് രാജ്യത്തുണ്ടായിരുന്നത് രണ്ട് വിഭാഗം ജനങ്ങളായിരുന്നു. തദ്ദേശീയരായ സിംഹളരും ഇന്ത്യക്കാരായ തമിഴ് വംശജരും. ചായ, റബര്‍ തോട്ടങ്ങളില്‍ തൊഴിലാളികളായി ബ്രീട്ടീഷുകാരാണ് ഇന്ത്യയില്‍ നിന്നുള്ള തമിഴ് വംശജരെ ശ്രീലങ്കയിലെത്തിക്കുന്നത്. അവര്‍ അവിടെ ജിവിതം ആരംഭിച്ചു. സ്വാതന്ത്ര്യാനന്തരവും അവര്‍ അവിടെ തുടര്‍ന്നു. എന്നാല്‍ പിന്നീട് സ്ഥിതിഗതികള്‍ മാറിത്തുടങ്ങുകയായിരുന്നു.

1962-ല്‍ ശ്രീലങ്കയിലെ ഇന്ത്യന്‍ വംശജരുടെ എണ്ണം 9,75,000 ആയിരുന്നു. ഇത് തദ്ദേശീയരായ സിംഹള വിഭാഗത്തില്‍ എതിര്‍പ്പുകള്‍ക്ക് വഴിവച്ചു. തമിഴര്‍ തങ്ങളുടെ അവകാശങ്ങള്‍, സൗകര്യങ്ങള്‍ ഹനിക്കുന്നു എന്നായിരുന്നു ആരോപണം. അത് വിദ്വേഷമായി വളര്‍ന്നു, ഇന്ത്യക്കാരെ തിരിച്ചയയ്ക്കണമെന്ന ആവശ്യം വ്യാപകമായി. അപ്പോഴേക്കും പറിച്ച് മാറ്റാനാവാത്ത വിധം വേരോടിക്കഴിഞ്ഞിരുന്നു തമിഴര്‍ അവിടെ. 1964- ഇന്ത്യയില്‍ ലാല്‍ ബഹാദൂര്‍ ശാസ്ത്രി പ്രധാനമന്ത്രിയായി, സിരിമാവോ ബണ്ഡാര നായികെ ശ്രീലങ്കയിലും അധികാരത്തിലെത്തി. ഇതിനിടെ ശ്രീലങ്കയില്‍ ഇന്ത്യക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒരു കരാര്‍ തയ്യാറാക്കി. അത് പിന്നീട് ശാസ്ത്രി – സിരമാവോ കരാര്‍ എന്ന് അറിയപ്പെട്ടു.

ശ്രീലങ്കയിലെ ഇന്ത്യക്കാര്‍ക്ക് തിരികെ നാട്ടിലെത്താന്‍ അവസരം ഒരുക്കുന്നതായിരുന്നു കരാര്‍. ഇത് പ്രകാരം 5,25,000 പേര്‍ക്ക് ഇന്ത്യയിലേക്ക് മടങ്ങാന്‍ അവസരം ഒരുക്കും. മൂന്ന് ലക്ഷം പേര്‍ക്ക് ശ്രീലങ്കന്‍ പൗരത്വം അനുവദിക്കും. ബാക്കി വരുന്ന 1,50,000 പേരുടെ കാര്യം പിന്നീട് തീരമാനിക്കും. ഇതായിരുന്നു കരാര്‍. ഇതോടെ ഒരു വലിയ ജനത വീണ്ടും തലമുറകള്‍ക്ക് ശേഷം സ്വന്തം രാജ്യത്തേത്ത് തിരിച്ചെത്താന്‍ ആരംഭിക്കുകയായിരുന്നു. കരാര്‍ പ്രകാരം മടങ്ങിയെത്തുന്ന കുടുംബങ്ങളിലെയും സംരക്ഷിക്കപ്പെടുന്ന കുടുംബങ്ങളിലെയും രണ്ട് പേര്‍ക്ക് ജോലി, താമസ സൗകര്യം, മറ്റ് അടിസ്ഥാന സൗര്യങ്ങള്‍ എന്നിവ സര്‍ക്കാരുകള്‍ ഒരുക്കണം എന്നും വ്യവസ്ഥ ചെയ്തിരുന്നു.

ഇതോടെ, മടങ്ങിയെത്തുന്നവര്‍ക്കായി ദക്ഷിണേന്ത്യയില്‍ സെറ്റില്‍മെന്റുകള്‍ ഒരുങ്ങി. തമിഴ്‌നാട്, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് പുറമെ കേരളത്തിലും ഇത്തരമൊരു സെറ്റില്‍മെന്റ് ഒരുങ്ങുകയായിരുന്നു. 1972-ല്‍ കേരള സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരുമായി ചേര്‍ന്ന് ഒരു പദ്ധതിക്ക് രൂപം നല്‍കുകയും ചെയ്തു. അതിലേക്കായി 2070 ഹെക്ടര്‍ വനഭൂമി വെട്ടിത്തെളിച്ച് റബ്ബര്‍ പ്ലാന്റേഷന്‍ തയ്യാറാക്കി. ഈ റബ്ബര്‍ പ്ലാന്റേഷന്‍ ആയിരനല്ലൂര്‍, കുളത്തൂപ്പുഴ എന്നീവിടങ്ങളിലായി വ്യാപിച്ചു കിടക്കുന്നു. ശ്രീലങ്കയില്‍ നിന്നും മടങ്ങിയെത്തുന്നവരെ നിയമിച്ച് ‘ജോലി നല്‍കല്‍ പദ്ധതി’യിലൂടെ പുനരധിവാസം സാദ്ധ്യമാക്കുക എതായിരുന്നു ലക്ഷ്യം. ഇപ്പോള്‍ കമ്പനിയുടെ കുളത്തൂപ്പുഴ എസ്റ്റേറ്റില്‍ 1256.23 ഹെക്ടറിലും ആയിരനല്ലൂര്‍ എസ്റ്റേറ്റില്‍ 692.65 ഹെക്ടറിലുമാണ് റബ്ബര്‍ പ്ലാന്റേഷന്‍ ഉള്ളത്.

കമ്പനിയിലെ തൊഴിലാളികള്‍ക്ക് പ്ലാന്റേഷന്‍ ലേബര്‍ ആക്ട് അനുസരിച്ചും മറ്റ് തൊഴില്‍ നിയമങ്ങളുനുസരിച്ചുമുള്ള എല്ലാ സൗകര്യങ്ങളും ആനുകൂല്യങ്ങളും നല്‍കി വരുന്നുണ്ട് . കമ്പനിയുടെ രണ്ട് എസ്റ്റേറ്റുകളിലും ഒരോ ആശുപത്രിയും രണ്ട് തമിഴ് മീഡിയം സ്‌കൂളുകളും ഇതിനുപുറമേ എസ്റ്റേറ്റിനു പുറത്ത് പഠിക്കുന്ന കുട്ടികള്‍ക്ക് യാത്രാസൗകര്യത്തിനായി അഞ്ച് ബസ്സുകളും കമ്പനി ഏര്‍പ്പെടുത്തിയിട്ടുണ്ട്. മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങള്‍ ധനസഹായവും നല്‍കുന്നുണ്ടെന്ന് കമ്പനി പറയുന്നു.

1972 ഒക്ടോബറിലാണ് അദ്യ സംഘം കേരളത്തിലെത്തുന്നത്. ഇപ്പോള്‍ 47 വര്‍ഷം പിന്നിടുന്നു, ഘോര വനമായിരുന്നു അന്ന് കുളത്തൂപ്പുഴ. അവിടെ റിഹാബിലിറ്റേഷന്‍ പ്ലാന്റേഷന്‍ ഒരുക്കിയ സെറ്റില്‍മെന്റുകളില്‍ വീണ്ടും ജീവിതം കരുപ്പിടിപ്പിച്ച അവരുടെ ജീവിതത്തിന് ഇന്നും വലിയ മാറ്റങ്ങളില്ലാതെ തുടരുകയാണ്. അഭയാര്‍ഥികളായിട്ടായിരുന്നില്ല അവര്‍ ഇന്ത്യയിലെത്തിയത്. അതുകൊണ്ട് തന്നെ വലിയ പ്രശ്‌നങ്ങള്‍ അവരെ അലട്ടിയിരുന്നില്ല. മറ്റൊരിടത്തേക്ക് പറിച്ച് നടപ്പെട്ടപ്പോഴും അക്കാലത്ത് മതിയായ സഹായം ലഭിച്ചിരുന്നെന്നാണ് അവർ ഓര്‍ക്കുന്നത്.

കപ്പലിലായിരുന്നു കൊളംബില്‍ (കൊളംബോ) നിന്നും അവര്‍ തമിഴ്‌നാട്ടിലെ രാമേശ്വരത്ത് എത്തിയത്. അവിടെ നിന്നും ദിവസങ്ങള്‍ക്കകം കുളത്തൂപ്പുഴയിലെത്താനായി. ഇതിന് പിറകെ തന്നെ ജോലിയില്‍ കയറാനും കഴിഞ്ഞതായി അദ്യ ബാച്ചില്‍ കുളത്തൂപുഴയിലെത്തിയ മുനിയാണ്ടി ഓര്‍മിക്കുന്നു. ഒരാഴ്ചയക്കകം തിരിച്ചറിയല്‍ രേഖ ലഭിച്ചു. റേഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും. സ്ത്രീള്‍ക്ക് മൂന്നും പുരുഷന്‍മാര്‍ക്ക് നാലുമുതല്‍ അഞ്ച് രൂപ വരെയുമായിരുന്നു അന്നത്തെ കൂലി. കുടുംബത്തിലെ രണ്ട് പേര്‍ക്ക് ജോലി. സമ്പാദിക്കാനായില്ലെങ്കിലും നല്ല ദിവസങ്ങളായിരുന്നു അതെന്നും അവര്‍ പറയുന്നു. ഭാഷ അറിയാത്ത, നാടിനെ കുറിച്ച് അറിയാത്ത ഒരു ജനതയെ പ്രദേശവാസികള്‍ സ്വീകരിച്ചതും അനുഭാവത്തോടെയായിരുന്നു എന്നാണ് അവര്‍ ഓര്‍മിക്കുന്നത്. പിന്നീട് കഠിനാധ്വാനത്തിന്റെ കാലമായിരുന്നു. കാടിനോടും വന്യമൃഗങ്ങളോടും മല്ലിട്ട് ആ പ്ലാന്റേഷനെ സ്വന്തമെന്ന് പോലെ പരിപാലിച്ചു. നല്ലദിനങ്ങളുടെ കാലമായിരുന്നു എന്നാണ് അതിനെ കുറിച്ച് അവര്‍ക്ക് പറയാനുള്ളത്.

ഇത്രയും ചരിത്രം; ഇനി നേര്‍ക്കാഴ്ചകളിലേക്ക് 

എന്നാല്‍, കേരളത്തിലെത്തി അന്‍പത് വര്‍ഷത്തോട് അടുക്കുമ്പോള്‍ അന്നത്തെ 750 കുടുംബങ്ങള്‍ 1200-ലധികമായി മാറിയിരിക്കുന്നു. ജീവിത നിലവാരത്തിലും അടിസ്ഥാനസൗകര്യ വികസനകാര്യങ്ങളിലും കേരളം കൈവരിച്ച നേട്ടത്തിന് ഒപ്പം എത്താന്‍ പ്ലാന്റേഷനിലെ കുടുംബങ്ങള്‍ക്ക് ആയിട്ടില്ല. സാമൂഹിക പിന്നോക്കാവസ്ഥ തന്നെയാണ് ഇവരെ അലട്ടുന്ന പ്രധാന പ്രശ്‌നം. ഇതിന് പുറമെ കുടിയിറക്കല്‍ ഭീഷണിയും. കേരളത്തിലെത്തി 50 വര്‍ഷത്തോട് അടുക്കുമ്പോഴും താമസിക്കുന്ന സ്ഥലത്തിന്റെയോ വീടുകളുടെയോ ഉടമസ്ഥാവകാശം ഇവര്‍ക്കില്ല. ഇപ്പോഴും വനം വകുപ്പാണ് സ്ഥലത്തിന്റെ ഉടമകള്‍.

കാലങ്ങളായി കെട്ടിടത്തിന് നികുതി ഉള്‍പ്പെടെ നല്‍കിവരുന്ന സാഹചര്യത്തില്‍ കൂടിയാണ് ഈ അനിശ്ചിതാവസ്ഥ. ‘വരുമാന വരി’ എന്നപേരില്‍ എല്ലാവര്‍ഷവും കെട്ടിട നികുതി മുതല്‍ വെള്ളം ഉള്‍പ്പെടുയുള്ളവയ്ക്കായി ഒരു തുക തൊഴിലാളികളില്‍ നിന്നും ഈടാക്കൂം. എന്നാല്‍ ഭൂനികുതി ഇതില്‍ ഉള്‍പ്പെടുന്നില്ല. ഇതോടെ ഉടമസ്ഥാവകാശത്തിനായി അധികൃതരെ സമീപിക്കാനുള്ള അവസരവും ഇവര്‍ക്ക് ഇല്ലാതാവുകയാണ്.

റോഡ് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ വിഷയങ്ങള്‍ ഉന്നയിക്കുമ്പോള്‍ പരസ്പരം പഴിചാരി ഒഴിയുകയാണ് പഞ്ചായത്തും പ്ലാന്റേഷനും. റിഹാബിലിറ്റേഷന്‍ പ്ലാന്റേഷനുള്ളില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത് കമ്പനിയാണെന്നാണ് പഞ്ചായത്ത് അധികൃതരുടെ വാദം. മേഖല പഞ്ചായത്തിന്റെ അധീനതയിലല്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നതായി പ്ലാന്റേഷനില്‍ നിന്നുമുള്ള മുന്‍ വാര്‍ഡ് കൗണ്‍സിലര്‍കൂടിയായ തമിള്‍ സെല്‍വന്‍ പറയുന്നു.

അതേസമയം, പ്ലാന്റേഷനില്‍ തൊഴില്‍ മേഖലയില്‍ ഉള്‍പ്പെടെ വിവേചനം നേരിടുന്നതായും തമിള്‍ സെല്‍വന്‍ പറയുന്നു. തോട്ടം മേഖയില്‍ കൂലി കുറവാണ്. ആ കുറഞ്ഞ വേതനത്തില്‍ ഒരുകുടുംബത്തിന് ജീവിക്കാന്‍ തന്നെ ബുദ്ധിമുട്ടാണ്. അടിസ്ഥാനമായി വര്‍ക്കര്‍ തസ്തികയിലാണ് ഈ കുടുംബങ്ങളില്‍ നിന്നുള്ളവര്‍ക്ക് നിയമനം ലഭിക്കുക. പ്രമോഷന്‍ ലഭിച്ച് സൂപ്പര്‍വൈസര്‍ തസ്തിക വരെ ആകാറുണ്ട്. എന്നാല്‍ ശ്രീലങ്കയില്‍ നിന്നും എത്തിയവര്‍ അതിന് മുകളിലുള്ള ഓഫീസര്‍ തസ്തികയില്‍ എത്താറില്ലെന്നും അദ്ദേഹം പറയുന്നു. ബിരുദം വരെയുള്ള വിദ്യാഭ്യാസ യോഗ്യത ഉള്ളവരുണ്ട്. എന്നാല്‍ ആരും ഇതുവരെ പരിഗണിക്കപ്പെട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഉദ്യോഗസ്ഥ തലത്തിലെ ഇടപെടലാണ് ഇത്തരം വിവേനങ്ങള്‍ക്ക് കാരണമായതെന്നും തമിള്‍ സെല്‍വന്‍ ചൂണ്ടിക്കാട്ടുന്നു.

ഇതിന് പുറമെയായിരുന്നു ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് നേരിട്ട പ്രശ്‌നങ്ങള്‍. വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിനും ജോലിക്കും ജാതി തെളിയിക്കേണ്ടി വന്നതോടെയായിരുന്നു ഇതിന്റെ ആവശ്യകതയെ അവര്‍ തിരിച്ചറിഞ്ഞത്. ഇതിനുള്ള നടപടികള്‍ നീണ്ടു നിന്നത് 40 വര്‍ഷത്തോളം. പറയ, ചക്ലിയ, പല്ലര്‍ വിഭാഗങ്ങളാണ് സെറ്റില്‍മെന്റിലുള്ളത്. ഇവരില്‍ പല്ലര്‍ വിഭാഗങ്ങളായിരുന്നു ഇതിന്റെ ബുദ്ധിമുട്ട് കൂടുതല്‍ നേരിട്ടത്. എന്നാല്‍ അതിന് ഇപ്പോള്‍ പരിഹാരമായിരിക്കുന്നു. കേരളത്തിലെ പുതിയ സര്‍ക്കാര്‍, റിഹാബിലിറ്റേഷന്‍ പ്ലാന്റേഷനിലുള്ള പല്ലര്‍ വിഭാഗത്തെ ഗസറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്.

എന്നാല്‍ വൈകിക്കിട്ടിയ നീതി, നീതിനിഷേധത്തിന് തുല്യമാണെന്ന തത്വം ഇവിടെയും ബാധകമാണ്. ജാതി സര്‍ട്ടിഫിക്കറ്റില്ലാതെ പോലീസ് ഉള്‍പ്പെടെയുള്ള മേഖലകളില്‍ ജോലി നഷ്ടപ്പെട്ടവര്‍, പ്രമേഷന്‍ നഷ്ടപ്പെട്ടവര്‍, പഠനാവസരം മുടങ്ങിയവര്‍ എന്നിവരുടെ നീണ്ട നിരയാണ് പ്ലാന്റേഷനുകളില്‍ ഉള്ളത്.

Also Read: സര്‍ക്കാരിന്റെ കണക്കില്‍ ഈ മനുഷ്യരില്ല; കരടിപ്പാറയിലെ അടിമജീവിതങ്ങള്‍; പരമ്പര ഭാഗം-1

അവഗണനയുടെ കഥയാണ് സെല്ലക്കുട്ടി മുനിയാണ്ടി എന്ന വയോധികന് പറയാനുള്ളത്. 1970-ല്‍ കേരളത്തിലെത്തിയതാണ് അദ്ദേഹവും ഭാര്യയും. അന്ന് മുനിയാണ്ടിക്ക് 26 വയസ്, ഭാര്യക്ക് 19. പിന്നീട് കഠിനാധ്വാനത്തിന്റെ നാളുകളായിരുന്നു. കമ്പനി ഒരുകാലത്ത് വന്‍ ലാഭം നേടിയപ്പോള്‍ അത് തങ്ങളുടെ അധ്വാനത്തിന്റെ ഫലം കൂടിയായിരുന്നു. അത്രയും അത്മാര്‍ത്ഥതയോടെ ആയിരുന്ന പ്രവര്‍ത്തിച്ചത്. അദ്യകാലത്ത് 4 രൂപയായിരുന്നു കൂലി. ഇന്നത് 480 രൂപയാണ്. പക്ഷേ വലിയ കുടുംബങ്ങള്‍ക്ക് നിത്യജീവിതത്തിന് തികയുന്നില്ല. വിദ്യാര്‍ഥികളുടെ പഠനം മുതല്‍ വീട്ടു ചിലവ് വരെ തീരുമ്പോഴേക്കും മിച്ചം വയ്ക്കാന്‍ ഒന്നും കാണില്ല. ജീവിതം കരയ്ക്കടുപ്പിക്കാന്‍ ബുദ്ധിമുട്ടാണ്.

ജോലിയില്‍ നിന്നും വിരമിച്ച് വര്‍ഷങ്ങളായി. 910 രൂപയാണ് ലഭിക്കുന്ന പെന്‍ഷന്‍. തന്റെ ജോലി മകന് ലഭിച്ചെങ്കിലും വലിയ കുടുംബത്തിന്റെ ചിലവ് ഇതില്‍ നിന്നും താങ്ങാനാവില്ലെന്നാണ് മുനിയാണ്ടി എന്ന എഴുപതുകാരന്‍ സാക്ഷ്യപ്പെടുത്തുന്നത്. കേരളത്തിലെ പുതിയ സര്‍ക്കാറാണ് ആദ്യമായി തങ്ങള്‍ക്ക് പെന്‍ഷന്‍ തുകയും കൂലിയും കൂട്ടിയതെന്നും അദ്ദേഹം പറയുന്നു.

വിദ്യാഭ്യാസ രംഗമാണ് പ്രതിസന്ധി നേരിടുന്ന മറ്റൊരു മേഖല. പ്ലാന്റേഷനിലെ വിദ്യാര്‍ഥികള്‍ക്കായി സര്‍ക്കാര്‍ സ്‌കൂള്‍ പ്ലാന്റേഷനകത്തുണ്ട്. പത്താംക്ലാസ് വരെയുള്ള സ്‌കൂള്‍ തമിഴ് മീഡിയമാണ്. അടച്ചുപൂട്ടലിന്റ വക്കിലാണ് ഇതിപ്പോള്‍. നിലവില്‍ കൊല്ലം ജില്ലയില്‍ ഏറ്റവും കുറവ് കുട്ടികള്‍ പഠിക്കുന്ന സ്‌കൂളാണ് കൂവക്കാട് ഗവ. തമിഴ് മീഡിയം സ്‌കൂള്‍. എന്നാല്‍ കേരളത്തിലെ സാഹചര്യത്തില്‍ തമിഴ് പഠിച്ചിട്ട് കാര്യമില്ലെന്നുള്ള ഇവരുടെ നിലപാട് മാറ്റമാണ് ഇതിന് പിന്നിലെന്നാണ് പ്രധാന അധ്യാപകന്‍ ഗോപാലകൃഷ്ണന്‍ നായരുടെ പ്രതികരണം. ഇത്തവണ 10 വിദ്യാര്‍ഥികളാണ് സ്‌കൂളില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്. ഒമ്പതാം ക്ലാസില്‍ 7-ഉം മറ്റ് ക്ലാസുകളില്‍ ഒന്ന് മുതല്‍ 10 വരെ കുട്ടികളുമാണ് പഠിക്കുന്നത്.

Also Read: “എച്ചിലെടുക്കാന്‍ പോയിട്ടാണ് ഞങ്ങളുടെ ജീവിതം കഴിയുന്നത്”; കേരളം 10 വര്‍ഷം മുന്നോട്ടോടുമ്പോള്‍ 50 വര്‍ഷം പിന്നോട്ടോടുന്ന കിഴക്കന്‍ പാലക്കാട്- പരമ്പര ഭാഗം-2

നിലവില്‍ കേരളത്തിലെ സാഹചര്യങ്ങളോട് ഇഴുകിചേര്‍ന്ന പുതുതലമുറ തമിഴ് മീഡിയത്തില്‍ തുടരുന്നതിന്റെ ഔചിത്യമില്ലായ്മയാണ് ഇവിടെ പ്ലാന്റേഷന്‍ നിവാസികള്‍ ചൂണ്ടിക്കാട്ടുന്നത്. കൂവക്കാട് ഗവ. തമിഴ് മീഡിയം സ്‌കൂളിലെ പഠനത്തിന് ശേഷം പ്ലസ്ടു ഉള്‍പ്പെടെയുള്ള കോഴ്‌സുകള്‍ക്ക് തമിഴ് മീഡിയം കേരളത്തില്‍ വിരളമാണ്. ഈ സാഹചര്യത്തില്‍ ഉന്നത പഠനത്തിനായി തമിഴ് നാട്ടില്‍ പോവേണ്ട അവസ്ഥയും ഉണ്ടാവുന്നു. ഇതോടെയാണ് വിദ്യാര്‍ത്ഥികള്‍ പ്ലാന്റേഷന് പുറത്തെ സ്‌കൂളുകള്‍ തിരഞ്ഞെടുത്തത്. എന്നാല്‍ കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഉള്ള ചിലവ് താങ്ങാന്‍ കുടുംബങ്ങള്‍ക്ക് കഴിയുന്നില്ലെന്നത് മറ്റൊരു വസ്തുതയാണ്. കുട്ടികളുടെ ഭാവിക്കായി തങ്ങളുടെ വരുമാനം മുഴുവന്‍ ചിലവഴിക്കേണ്ട അവസ്ഥയാണ് നിലവില്‍ ഉള്ളതെന്നും ഇവര്‍ പറയുന്നു.

പ്ലാറ്റേഷനിലെ കുടുംബങ്ങള്‍ നേരിടുന്ന മറ്റൊരു പ്രതിസന്ധിയാണ് പുതിയ തലമുറകള്‍ക്കുള്ള ജോലി വ്യവസ്ഥകള്‍. ശാസ്ത്രി- സിരിമാവോ കരാര്‍ പ്രകാരം ശ്രീലങ്കയില്‍ ജനിച്ചവര്‍ക്കാണ് സ്ഥിര വരുമാനത്തിനുള്ള അവകാശമുള്ളത്. നാല്‍പത്തി ഏഴ് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ഇപ്പോള്‍ പ്ലാന്റേഷനിലുള്ള ഭൂരിഭാഗവും കേരളത്തില്‍ ജനിച്ചവരാണ്. ഇവര്‍ക്ക് സ്ഥിര ജോലി ലഭിക്കില്ല. എന്നാല്‍ മാതാപിതാക്കള്‍ വിരമിക്കുമ്പോള്‍ അവരുടെ ജോലിയില്‍ കയറാം. മാസം 20 ദിവസം മാത്രം ജോലി; അതും 480 രൂപ വേതനത്തില്‍.

[നാളെ: ശ്രീലങ്കയില്‍ ജനിക്കാത്തവര്‍ക്ക് സ്ഥിര ജോലി നല്‍കില്ല, ദുരിതം തീരില്ലെങ്കില്‍ മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍]

എന്‍ പി അനൂപ്

സബ് എഡിറ്റര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍