UPDATES

സിനിമ

‘ആനക്കൊമ്പില്‍’ കുടുങ്ങാതെ മോഹന്‍ലാല്‍ രക്ഷപ്പെട്ടത് സര്‍ക്കാരിന്റെ കൈ സഹായത്താലോ?

മോഹന്‍ലാലിന് വേണ്ടി വനംവകുപ്പ് ചട്ടലംഘനം നടത്തിയെന്നാണ് സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശം

വീട്ടില്‍ അനധികൃതമായി ആനക്കൊമ്പ് സൂക്ഷിച്ച കുറ്റത്തില്‍ നിന്നും നടന്‍ മോഹന്‍ലാലിന് സര്‍ക്കാര്‍ തലത്തില്‍ വഴിവിട്ട സഹായം കിട്ടിയെന്ന ആക്ഷേപം ശരിയാകുന്നു. വ്യാഴാഴ്ച്ച കേരള നിയമസഭയുടെ മേശപ്പുറത്ത് വച്ച സാമ്പത്തിക മേഖലയെ സംബന്ധിച്ച സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളാണ് ഇത് ശരിവയ്ക്കുന്നത്. മോഹന്‍ലാലിന് വേണ്ടി വനംവകുപ്പ് ചട്ടലംഘനം നടത്തിയെന്നാണ് സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ വ്യക്തമാക്കുന്നതെന്നാണ് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

മോഹന്‍ലാല്‍ എന്ന പേര് പറയാതെ ഒരു പ്രമുഖ നടന്‍ എന്ന പരാമര്‍ശത്തോടെയാണ് സിഎജി റിപ്പോര്‍ട്ടില്‍ ആനക്കൊമ്പ് കേസിനെക്കുറിച്ചുള്ള കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്. ആനക്കൊമ്പുകളുടെ ഉടമസ്ഥത വെളിപ്പെടുത്താന്‍ മോഹന്‍ലാലിനു വേണ്ടി മാത്രം പ്രത്യേക അവസരം കൊടുക്കുകയാണ് വനംവകുപ്പ് ചെയ്‌തെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. വ്യക്തികളുടെ പക്കലുള്ള മൃഗശേഷിപ്പുകള്‍ വെളിപ്പെടുത്താന്‍ 2003 ല്‍ സര്‍ക്കാര്‍ അവസരം നല്‍കിയിരുന്നതാണ്. എന്നാല്‍ വീട്ടില്‍ നിന്നും ആനക്കൊമ്പുകള്‍ കണ്ടെത്തിയപ്പോഴാണ് മൃഗശേഷിപ്പ് വെളിപ്പെടുത്താന്‍ നടന് അവസരം നല്‍കിയത്. വെളിപ്പെടുത്താനുള്ള അവസരം ഗസറ്റില്‍ വിജ്ഞാപനം ചെയ്യുന്നതിനു പകരം നടന് മാത്രമായി പ്രത്യേക ഉത്തരവ് ഇറക്കി. ഇത് ചട്ടലംഘനമാണ്. സമാനകുറ്റം ചെയ്തവര്‍ക്ക് ഉത്തരവ് ബാധകമാക്കിയില്ലെന്നും സിഎജി റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ടെന്നു മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആനക്കൊമ്പുകള്‍ വീട്ടില്‍ സൂക്ഷിക്കാന്‍ തനിക്ക് അനുവാദം നല്‍കിയിട്ടുണ്ടെന്ന നടന്റെ വാദത്തെ തളളുന്നതാണ് സിഎജി റിപ്പോര്‍ട്ട്. സര്‍ക്കാര്‍ തലത്തില്‍ നിന്നും അനുമതി കിട്ടിയിട്ടുണ്ടെങ്കില്‍ തന്നെ അത് നിയമത്തില്‍ കൃത്രിമത്വം ഉണ്ടാക്കിയുള്ള അനുമതിയാണെന്നാണ് സിഎജി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. നിലവില്‍ ഈ സംഭവത്തല്‍ കേസ് ഒന്നും നിലനില്‍ക്കുന്നില്ലെങ്കിലും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഇതിനു പിന്നില്‍ നടന്നുവെന്ന ആക്ഷേപങ്ങള്‍ തെറ്റായിരുന്നില്ലെന്ന് സ്ഥാപിക്കപ്പെടുന്നു.

2012 ജൂണ്‍ മാസത്തില്‍ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് നാല് ആനക്കൊമ്പുകള്‍ തേവരയിലുള്ള നടന്റെ വീട്ടില്‍ നിന്നും പിടിച്ചെടുത്തത്. രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്. മോഹന്‍ലാല്‍ അനധികൃതമായാണ് ആനക്കൊമ്പുകള്‍ വീട്ടില്‍വച്ചതെന്ന് അന്വേഷണസംഘം കണ്ടെത്തി. ആനക്കൊമ്പുകള്‍ സൂക്ഷിക്കാനുള്ള ലൈസന്‍സ് നടന് ഇല്ലായിരുന്നുവെന്നും മറ്റ് രണ്ട് പേരുടെ ലൈസന്‍സിലാണ് മോഹന്‍ലാല്‍ ആനക്കൊമ്പുകള്‍ വീട്ടില്‍ വച്ചിരുന്നതെന്നും സംഘം കണ്ടെത്തി. എന്നാല്‍ നടന്റെ ഭാഗത്ത് നിന്നുണ്ടായ വിശദീകരണം അനുസരിച്ച് ആനക്കൊമ്പുകള്‍ കെ. കൃഷ്ണകുമാര്‍ എന്ന വ്യക്തിയില്‍ നിന്നും 65,000 രൂപ കൊടുത്ത് വാങ്ങിയതാണെന്നായിരുന്നു.

റെയ്ഡില്‍ ആനക്കൊമ്പ് കണ്ടെടുത്തതിനെ തുടര്‍ന്ന് കോടനാട് ഫോറസ്റ്റ് അധികൃതര്‍ മോഹന്‍ലാലിനെതിരേ കേസ് എടുത്തുവെങ്കിലും പിന്നീടത് റദ്ദ് ചെയ്തു. കേസ് റദ്ദ് ചെയ്തതിനു പിന്നില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായെന്ന ആക്ഷേപവും അതോടൊപ്പം ശക്തമായിരുന്നു. ഇത് ശരിവയ്ക്കുന്ന തരത്തിലായിരുന്നു അന്നത്തെ യുഡിഎഫ് സര്‍ക്കാരിന്റെ നടപടി. കേസ് റദ്ദ് ചെയ്തതിനു പിന്നാലെ ആനക്കൊമ്പുകള്‍ കൈവശം സൂക്ഷിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നിര്‍ദേശപ്രകാരമായിരുന്നു അനുമതി നല്‍കിയത്. നിലവിലെ നിയമം പരിഷ്‌കരിച്ചായിരുന്നു മോഹന്‍ലാലിനെ സര്‍ക്കാര്‍ സഹായിച്ചത്. മലയാറ്റൂര്‍ ഡിഎഫ്ഒ നടത്തിയ അന്വേഷണത്തില്‍ യഥാര്‍ത്ഥ ആനക്കൊമ്പുകളാണ് നടന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയതെന്നും വ്യക്തമായിരുന്നു.

കേസ് റദ്ദ് ചെയ്യുകയും മോഹന്‍ലാലിന് ആനക്കൊമ്പ് സൂക്ഷിക്കാന്‍ സര്‍ക്കാര്‍ അനുവാദം കൊടുക്കുകയും ചെയ്തതോടെ ഏലൂര്‍ സ്വദേശി എ എ പൗലോസ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കി. ആനക്കൊമ്പ് കണ്ടെടുത്ത കേസില്‍ തുടര്‍നടപടി സ്വീകരിച്ചില്ലെന്ന കുറ്റത്തിന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ഒന്നാം പ്രതിയായും മോഹന്‍ലാലിനെ ഏഴാം പ്രതിയുമായി ചേര്‍ത്ത് പത്ത് പേര്‍ക്കെതിരെ അഴിമതി നിരോധന നിയമ പ്രകാരം കേസെടുക്കണം എന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. മുന്‍ വനംവകുപ്പ് സെക്രട്ടറി മാരപാണ്ഡ്യന്‍, മലയാറ്റൂര്‍ ഡിഎഫ്ഒ, കോടനാട് റെയ്ഞ്ച് ഓഫീസര്‍ ഐ.പി.സനല്‍, സിറ്റി പോലീസ് കമ്മീഷണറായിരുന്ന കെ.പത്മകുമാര്‍, തൃക്കാക്കര അസി.പോലീസ് കമ്മീഷണര്‍ ബിജോ അലക്‌സാണ്ടര്‍, തൃശൂര്‍ സ്വദേശി പി.എന്‍.കൃഷ്ണകുമാര്‍, തൃപ്പൂണിത്തുറ സ്വദേശി കെ.കൃഷ്ണകുമാര്‍, കൊച്ചി രാജകുടുംബാംഗം ചെന്നൈ സ്വദേശിനി നളിനി രാമകൃഷ്ണന്‍ എന്നിവരായിരുന്നു മറ്റുള്ളവര്‍.

മോഹന്‍ലാലിനെ രക്ഷിക്കാന്‍ വേണ്ടിയുള്ള കളികളാണ് സര്‍ക്കാര്‍ തലത്തില്‍ നടന്നുവരുന്നതെന്നായിരുന്നു ഹര്‍ജിക്കാരന്റെയടക്കം പ്രധാന ആരോപണം. മോഹന്‍ലാലിനെതിരെ എടുത്ത കേസ് പിന്‍വലിക്കുന്നതില്‍ ഉന്നതരായ ഉദ്യോഗസ്ഥരടക്കം ഇടപെട്ടെന്നുള്ള വിവരങ്ങള്‍ പുറത്തു വരികയും ചെയ്തു. നടനെതിരേയുള്ള കേസ് പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട ഫയലില്‍ വനം വകുപ്പ് സെക്രട്ടറിയായിരുന്ന പി മാരപാണ്ഡ്യന്‍ ഒപ്പുവെച്ചെന്ന വാര്‍ത്തകളും പുറത്തുവന്നു. ആനക്കൊമ്പ് കൈവശമുള്ളവര്‍ അത് വെളിപ്പെടുത്തിയാല്‍ കേസ് എടുക്കേണ്ടതില്ലെന്ന് നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നുണ്ടെന്നായിരുന്നു മോഹന്‍ലാലിന് അനുകൂലമായി ഉയര്‍ത്തിയ ന്യായം. ഇതു മുന്‍നിര്‍ത്തിയാണ് എടുത്ത കേസ് പിന്നീട് റദ്ദ് ചെയ്തത്. ഉദ്യോഗസ്ഥ ഇടപെടലിന് കാരണം മന്ത്രിസഭയില്‍ നിന്നുള്ള സമ്മര്‍ദ്ദമാണെന്നും പരാതി വന്നിരുന്നു.

വിജലന്‍സ് കോടതി ഈ ഹര്‍ജി പരിഗണിച്ച് കഴിഞ്ഞ ഒക്ടോബറില്‍ ത്വരിതാന്വേഷണത്തിന് ഉത്തരവ് ഇട്ടെങ്കിലും ഹൈക്കോടതി പിന്നീട് ഇത് റദ്ദ് ചെയ്യുകയാണുണ്ടായത്. വിജിലന്‍സ് കോടതി ഉത്തരവിനെതിരേ മോഹന്‍ലാല്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു ഹൈക്കോടതി ഇടപെടല്‍. അഴിമതി നിരോധന നിയമം നിലനില്‍ക്കാത്തതിനാല്‍ വിജിലന്‍സ് അന്വേഷണത്തിന് സാധ്യതയില്ലെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. തനിക്ക് ആനക്കൊമ്പുകള്‍ സൂക്ഷിക്കാന്‍ വനംവകുപ്പ് അനുമതി നല്‍കിയിട്ടുണ്ടെന്നായിരുന്നു മോഹന്‍ലാല്‍ ഹൈക്കോടതിയില്‍ വാദിച്ചത്. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ തനിക്ക് അനുമതി നല്‍കിയതെന്നും നടന്‍ അവകാശപ്പെട്ടിരുന്നു.

ആനക്കൊമ്പുകള്‍ വീട്ടില്‍ സൂക്ഷിച്ചതില്‍ താന്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും എല്ലാം നിയമപരമായിരുന്നുവെന്നുമുള്ള മോഹന്‍ലാലിന്റെ അവകാശവാദത്തെ ചോദ്യം ചെയ്യുന്നതും സര്‍ക്കാര്‍ തലത്തില്‍ നടന് സഹായം കിട്ടിയെന്ന ആരോപണത്തെ ശരിവയ്ക്കുന്നതുമായ കാര്യങ്ങളാണ് സിഎജി റിപ്പോര്‍ട്ടില്‍ ഉള്ളതെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍